Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Friday, November 2, 2018

നന്ദി...

HS Malayalam ബ്ലോഗിന്റെ രണ്ടാം വാര്‍ഷികമാണിന്ന്. രണ്ടു വര്‍ഷം കൊണ്ട്  ഏഴു ലക്ഷത്തോളം ഹിറ്റുകള്‍ ഒരു വിഷയാധിഷ്ഠിത വിദ്യാഭ്യാസ ബ്ലോഗിനെ സംബന്ധിച്ചിടത്തോളം വളരെയധികം അഭിമാനകരവും സന്തോഷപ്രദവുമാണ്.ഈ കുഞ്ഞു സംരംഭത്തെ ഒരു മഹാവിജയമാക്കിത്തീര്‍ത്ത കേരളത്തിലെ ഭാഷാധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണിയറ ശില്‍പ്പികളുടെ അകൈതവമായ നന്ദി....എന്നാല്‍ ഖേദകരമായ ഒരു വസ്തുത ഇത്രയധികം സന്ദര്‍ശനങ്ങള്‍ക്കു ശേഷവും നമ്മുടെ ബ്ലോഗില്‍ നൂറില്‍ താഴെ കമന്റുകള്‍ മാത്രമേയുള്ളൂ എന്നതാണ്. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളുമാണ് ഈ ബ്ലോഗിനെ മുന്നോട്ട് നയിക്കുക.അവ ഞങ്ങള്‍ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുന്നു.താഴെയുള്ള കമന്റ് ബോക്‌സ് ഉപയോഗപ്പെടുത്തുമല്ലോ....
 

കാനം ഡോക്യുമെന്ററി

പ്രകൃതിയുടെ അതീവസുന്ദരമായ ഭാവങ്ങള്‍ അനന്യ ചാരുതയോടെ അവതരിപ്പിക്കുന്ന ഡോക്യുമെന്ററി.ധാരാളം അവാര്‍ഡുകള്‍ സ്വന്തമാക്കിയ ബാബു കാമ്പ്രത്തിന്റെ കാനം എന്ന ഡോക്യുമെന്ററി രണ്ടു മത്സ്യങ്ങള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിക്കാം.

Wednesday, September 12, 2018

വൈലോപ്പിള്ളി ശ്രീധരമേനോൻ

ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ (1911 മെയ്‌ 11 - 1985 ഡിസംബർ 22 ). എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിഅമ്മയെ വിവാഹം ചെയ്തു, രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌.മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട്‌ സ്പർശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു.മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം,ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു.1985 ഡിസംബർ മാസം 22-ന്‌ അന്തരിച്ചു.
* രചനാശൈലി*
"ശ്രീ" എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങിയ കവിയുടെ കവിതകൾ പലതും കേരളത്തിൽ ഒരു ഭാവുകപരിവർത്തനം സൃഷ്ടിച്ചു. കേരളത്തിൽ ജന്മിത്തത്തിന്റെ അവസാന പിടിമുറുക്കൽ, സാമൂഹികവും സാമുദായികവുമായ മൂല്യങ്ങളുടെ പരിണാമഘട്ടം, ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനങ്ങൾ തികഞ്ഞലക്ഷ്യത്തോടെ മുന്നോട്ട്‌ കുതിക്കുന്നു. രണ്ട്‌ ലോകമഹായുദ്ധങ്ങൾ കണ്ട ഭൂമി, അതിന്റെ ഫലമായുണ്ടായ പട്ടിണിയും ദാരിദ്ര്യവും, എന്നിങ്ങനെ തികച്ചും അശാന്തമായ ഒരു കാലഘട്ടത്തിലാണ്‌ കവി തന്റെ യൌവനം കഴിച്ചു കൂട്ടിയത്‌. കാലവും ലോകവും മാറുന്നു എന്നതാണ്‌ വൈലോപ്പിള്ളി കവിതയുടെ ആധാരശില.വൈലോപ്പിള്ളിയുടെ സമപ്രായക്കാരനും, അടുത്തടുത്ത ഗ്രാമങ്ങളിൽ ജനിച്ചവരുമായിരുന്ന ചങ്ങമ്പുഴയുടേയും, ഇടപ്പള്ളി രാഘവൻപിള്ളയുടെയും കാൽപ്പനിക പ്രസ്ഥാനങ്ങൾ മലയാള കവിതാ രംഗത്തിൽ വെന്നിക്കൊടി പാറിച്ച്‌ നിൽക്കുന്ന അവസരത്തിൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായി യാഥാർഥ്യത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചെടുത്തവരിൽ ഒരാളായിരുന്നു വൈലോപ്പിള്ളി. ഇടശ്ശേരി ഗോവിന്ദൻ നായർ, എൻ.വി. കൃഷ്ണവാര്യർ മുതലായവരായിരുന്നു അദ്ദേഹത്തിന്റെ സമപ്രായക്കാരും സമശൈലീയരും ആയിരുന്ന ചിലർ.
*ജീവിത യാഥാർഥ്യബോധം*
തികച്ചും വ്യത്യസ്തമായ ഒരു ജീവിത ബോധം ആണ്‌ കവിയുടെ കവിതകളിൽ വായിച്ചെടുക്കാവുന്നത്. ജീവിതം പരാജയത്തെ അഭിമുഖീകരിക്കുന്നതും ആ കവിതകളിൽ കാണാം, പക്ഷേ ഒരു പിന്തിരിയലോ കീഴടങ്ങലോ കവിതകളിൽ കാണാൻ കഴിയില്ല. യാഥാർഥ്യബോധത്തിൽ അടിയുറച്ചിരുന്നതുകൊണ്ട്‌ അക്കവിതകളിൽ അസാമാന്യ ദൃഢത ഉണ്ടായി, "എല്ലുറപ്പുള്ള കവിത" എന്നാണ്‌ കടൽ കാക്കകൾ എന്ന സമാഹാരത്തിന്റെ അവതാരികയിൽ പി. എ. വാര്യർ എഴുതിയത്‌. അനാവശ്യമായി ഒരൊറ്റ വാക്കു പോലും ഉപയോഗിക്കാതിരിക്കുക എന്നതാണ്‌ വൈലോപ്പിള്ളിയുടെ രീതി "എന്തോ വ്യത്യാസമുണ്ടാ കൃതികൾക്ക്‌, വെറും പാലുപോലുള്ള കവിതകളല്ല, കാച്ചിക്കുറുക്കിയ കവിത" എന്ന് എം.എൻ. വിജയൻ ആ ശൈലിയെ വിശേഷിപ്പിച്ചതും മറ്റൊന്നും കൊണ്ടല്ല
ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക്‌ പകർന്നു കൊണ്ടു പോകുന്ന ഒരു നിരന്തരതയാണ്‌ കവിക്ക്‌ ജീവിതം. ഇന്നു വിതക്കുന്ന വിത്ത്‌ ലോകത്ത്‌ ആദ്യം നട്ട വിത്തിന്റെ നൈരന്തര്യം ആണ്‌. ഇവിടുത്തെ നാളത്തെ പാട്ട്‌ ഇന്നിന്റെ പാട്ടിന്റെ തുടർച്ച തന്നെ ആണ്‌.
“"കന്നിനാളിലെക്കൊയ്ത്തിനു വേണ്ടി
മന്നിലാദിയിൽ നട്ട വിത്തെല്ലാം
പൊന്നലയലച്ചെത്തുന്നു നോക്കൂ,
പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽ
ഹാ, വിജിഗീഷു മൃത്യുവിന്നാമോ,
ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?"
(കന്നിക്കൊയ്ത്ത്‌)”

Sunday, September 9, 2018

ഗാന്ധി സിനിമ


ഒക്ടോബർ 2 ഗാന്ധിജയന്തി."എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന് ലോകത്തെ പഠിപ്പിച്ച ആ മഹാന്റെ ജീവിതത്തെ ആധാരമാക്കി റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ക്ലാസിക് സിനിമ ' ഗാന്ധി ' . ഗാന്ധി ജയന്തി ദിനത്തിലും ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾക്ക് അനുബന്ധമായും പ്രദർശിപ്പിക്കാൻ മലയാളം സബ്ടൈറ്റിലോടുകൂടി ആ ലോക ക്ലാസിക് ഇതാ.



മലയാളം സബ്ടൈറ്റില്‍ പരിഭാഷ -ഔവര്‍ കരോളിന്‍

 




Friday, August 31, 2018

നൈറ്റ് & ഫോഗ് -യുദ്ധവിരുദ്ധ സിനിമ

Night and Fog (1955) നൈറ്റ് ആന്‍ഡ്‌ ഫോഗ് (1955) 

യുദ്ധത്തിന്റെ പരിണാമം എന്ന പാഠഭാഗത്തിന് പൂരകമായി പ്രദര്‍ശിപ്പിക്കാന്‍ മലയാളം സബ്ടൈറ്റിലുകളോടെ

 

ഹിറ്റ്‌ലറുടെ നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ യാഥാര്‍ത്ഥ്യം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടിയ ഈ ഡോക്യുമെന്‍ററി അതിന്റെ സത്യസന്ധത കൊണ്ടും ആധികാരികത കൊണ്ടും 'പ്രബന്ധ ചിത്രം'( essay film ) എന്ന് വിളിക്കപ്പെടുന്നു. 'കാവ്യാത്മകമായ മുഖപ്രസംഗം' എന്നും ഈ ചിത്രത്തെ വിളിച്ചവരുണ്ട്. വ്യക്തിയുടെയും സമൂഹത്തിന്റെയും മൂടിക്കൊണ്ടിരിക്കുന്ന ഓര്‍മ്മകളെയാണ് ഇതിലെ ഇരുണ്ട ചിത്രങ്ങള്‍ കൊണ്ട് അലന്‍ റെനെ ഇളക്കി മറിക്കുന്നത്‌. ചലച്ചിത്ര ഭാഷയ്ക്ക് അന്ന് അപരിചിതമായിരുന്ന കളര്‍ ഫൂട്ടെജുകളുടെയും ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ദൃശ്യങ്ങളുടെയും ചേരുവയാണ് വര്‍ത്തമാനത്തെയും ഭൂതത്തെയും വിളക്കിചേര്‍ക്കാന്‍ റെനെ പ്രയോജനപ്പെടുത്തിയത്. 

 

മലയാളം സബ്ടൈറ്റില്‍ പരിഭാഷ - കെ. രാമചന്ദ്രന്‍, പി. പ്രേമചന്ദ്രന്‍, ആര്‍. നന്ദലാല്‍

കൂടുതല്‍ വായനക്ക്  വിവര്‍ത്തകന്‍ എഴുതിയ ഈ ബ്ലോഗ്‌ പോസ്റ്റ്‌ കാണുക.

രാത്രിയും മൂടല്‍മഞ്ഞും



 DOWNLOAD LINK (300 MB Video File)

 

Wednesday, August 15, 2018

രാമായണത്തിന്റെ ഭിന്ന ഭാവങ്ങൾ –എം എൻ കാരശ്ശേരി

കേരള സാഹിത്യ അക്കാദമി തൃശ്ശൂരിൽ  സംഘടിപ്പിച്ച രാമായണ പ്രഭാഷണപരമ്പരയിലെ പ്രഭാഷണത്തിന്റെ ലിഖിതരൂപം. ഏകോപനം വി എന്‍ ഹരിദാസ്

രാമായണത്തെപ്പറ്റി ഉള്ള ഒരു പ്രധാനപ്പെട്ട ചോദ്യം ആരുടേതാണ് രാമായണം എന്നതാണ്. എന്തു വകയിലാണ് നിങ്ങൾ ഇതു വായിക്കുന്നത്? എന്തു വകയിലാണ് നിങ്ങൾ ഇത് ആസ്വദിക്കുന്നത്? എന്തു വകയിലാണ് നിങ്ങൾ ഇതു വിലയിരുത്തുന്നത്? സത്യം പറഞ്ഞാൽ ഇത് ഒരു പുതിയ ചോദ്യമാണ്. നൂറ്റാണ്ടുകളായി നമ്മൾ ചോദിക്കാത്ത, ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യമാണ്.  കാരണം രാമായണം വലിയ അളവിൽ ഭക്തിഗ്രന്ഥം ആയിരിക്കുന്ന പോലെ,  വേറെ അളവിൽ രാഷ്ടീയഗ്രന്ഥം ആയിരിക്കുന്ന പോലെ, സാഹിത്യഗ്രന്ഥം കൂടിയാണ്. അടിസ്ഥാനപരമായി അതൊരു സാഹിത്യകൃതിയാണ്. വാല്മീകി മഹർഷിയുടെ ഭാവനയിൽ നിന്ന് ഉത്ഭൂതമായ ഒന്നാണ്. എന്നു വച്ചാൽ അതിന് വേറെ കണക്കുകൾ ആവശ്യമില്ല.
എനിക്ക് ഓർമ്മ വരുന്നത് ആൻഡമാൻ ദ്വീപിന്റെ  തലസ്ഥാനമായ പോർട്ട് ബ്ലെയറിലെ  ദിലാനിപ്പൂർ എന്നൊരുചെറിയ സ്ഥലത്തെ കഥയാണ്. അവിടത്തെ ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠ വാല്മീകിയാണ്. ഒരു പ്രതിഷ്ഠയുടെ മുമ്പിലും ഞാൻ ജീവിതത്തിൽ തൊഴുതിട്ടില്ല. പക്ഷേ അവിടെ ഞാൻ തൊഴുതു; എന്റെ ഗവേഷണത്തിന്റെ ഭാഗമായി ആൻഡമാനിൽ  പോയതാണ്. എനിക്ക് വലിയ അഭിമാനം തോന്നി,  അവിടുത്തെ ആളുകളെപ്പറ്റി. കാരണം അവതാരപുരുഷൻമാരെന്നു പറഞ്ഞ് ദൈവപുത്രൻമാർ എന്നു പറഞ്ഞു പ്രതിഷ്ഠകളും അമ്പലങ്ങളും ഉണ്ടാക്കുന്ന ഒരു നാട്ടിൽ ഒരു കവിയെ പ്രതിഷ്ഠിച്ച് ഒരു അമ്പലം ഉണ്ടാക്കി.യിരിക്കുന്നു. അത് ചെറിയ കാര്യമല്ല.

Wednesday, August 8, 2018

യുദ്ധത്തിന്റെ പരിണാമം Introduction Video

യുദ്ധത്തിന്റെ പരിണാമം എന്ന പാഠഭാഗത്തിന്റെ ആമുഖമായി പ്രദര്‍ശിപ്പിക്കാവുന്ന, യുദ്ധവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ 


Credits : RK Panayal
               Jawahar Navodya Vidyalaya
               Wayanadu

Monday, August 6, 2018

കടൽത്തീരത്ത് - ഇരമ്പുന്ന സങ്കടക്കടൽ

കടൽത്തീരത്ത് എന്ന കഥയുടെ പഠനം - ശ്രീല കെ ആര്‍

                    DOWNLOAD

ഒ വി വിജയന്‍

ഒ വി വിജയനെ പരിചയപ്പെടുത്താനുതകുന്ന ഒരു കുറിപ്പ്



                                           DOWNLOAD

Sunday, August 5, 2018

കടല്‍തീരത്ത് ടെലിഫിലിം

കടല്‍തീരത്ത് ടെലിഫിലിം - സംവിധാനം ഷെറി

നല്ല ക്വാളിറ്റിയുള്ള 202 MB വീഡിയോ ഫയല്‍ Google Drive ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ഇതാ.

                        DOWNLOAD

.dat ഫോര്‍മാറ്റിലാണ്. Ubuntu വില്‍ തുറക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ Open with VLC Media Player കൊടുത്താല്‍ മതി.

Wednesday, August 1, 2018

വീണ്ടും കടല്‍ത്തീരത്ത്

ഒ വി വിജയന്റെ കടല്‍ത്തീരത്ത് എന്ന കഥയ്ക്ക് ഒരനുബന്ധം

വീണ്ടും കടല്‍ത്തീരത്ത്  കഥ

Download

Monday, July 23, 2018

ശ്രീ നാരായണ ഗുരു Video


പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ ശ്രീ നാരായണ ഗുരു എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം  

ചിത്രകലയും കാവ്യകലയും Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ ചിത്രകലയും കാവ്യകലയും എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം  
 

Thursday, May 24, 2018

മീനുവും ബ്രെയിലും

പ്രൊഫ.ജി.ബാലകൃഷ്ണന്‍ നായര്‍


ഏറ്റവും മഹത്തായ നൂറു കണ്ടുപിടുത്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു ബ്രെയില്‍ (Braille) 
1809ല്‍ ജനിച്ച ലൂയിബ്രെയില്‍ 42 വര്‍ഷം മാത്രമേ ജീവിച്ചിരുന്നുള്ളൂ. അദ്ദേഹം ബാലനായിരുന്നപ്പോള്‍ തന്നെ രൂപപ്പെടുത്തിയ ലിപി അംഗീകരിക്കപ്പെട്ടതും ലോകത്തിലെ ഏതാണ്ടെല്ലാ ഭാഷകളിലും നടപ്പായതും അദ്ദേഹത്തിന്റെ കാലശേഷമാണ്.

സ്‌കൂളീന്ന് വന്നപ്പോള്‍ അതാ അടുക്കളയില്‍ നിന്ന് അച്ഛന്‍ ചായയുണ്ടാക്കുന്നു.
''ഇതു ഞങ്ങള്‍ക്കുള്ളതാണ് മീനു. നിനക്കുള്ള പാല്‍ മേശപ്പുറത്തുണ്ട്.'' അച്ഛന്‍ പറഞ്ഞു.
പിന്നെ അച്ഛനും അമ്മയും ഊണുമേശക്കരികിലേക്ക് ചായക്കപ്പുമായി എത്തി. ടീച്ചറിന്റെ കയ്യീന്നിന്ന് ഒരു പുതിയ കാര്യം കിട്ടീട്ടുണ്ട്. രണ്ടുപേര്‍ക്കും അറിയാത്ത കാര്യം! എന്റെ അറിവ് പുറത്ത് വിട്ട് ഒന്ന് ഞെളിയാം!
ഒരു ക്വിസ് മാസ്റ്ററായി നടിച്ച് ഞാന്‍ ചോദിച്ചു ''ബ്രെയില്‍ എന്താന്നറിയാമോ കുട്ടികളേ?''
ചായ കുടിക്കുന്നതിനിടയില്‍ രണ്ടുപേരും മുഖത്തോടുമുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. അറിയില്ലെന്ന് സമ്മതിക്കട്ടെ; എന്നിട്ട് പറഞ്ഞുകൊടുക്കാം!
''ആലോചിച്ച് നോക്ക്. ഉത്തരം പറയുന്ന ആള്‍ക്ക് ക്വിസ്മാസ്റ്ററുടെ വക കെട്ടിപ്പിടിച്ചൊരു ഉമ്മ!''
അച്ഛന്‍ പറഞ്ഞു. ''ഞങ്ങള്‍ രണ്ടുപേരും ഒരു ടീമാ. ഒന്ന് കൂടി ആലോചിച്ചോട്ടെ.'' 
''പത്തു സെക്കന്റ് തരാം. പക്ഷേ, സമ്മാനം പങ്കുവയ്‌ക്കേണ്ടി വരും.''
ഞാന്‍ കേള്‍ക്കാതെ രണ്ടുപേരും എന്തോ കുശുകുശുത്തു. രാധമ്മയാണ് ആദ്യം പറഞ്ഞത്.
''അതൊരു ഫ്രഞ്ചുകാരന്‍ സായിപ്പിന്റെ പേരാണ്.  ഇപ്പോ ജീവിച്ചിരിപ്പില്ല.''
''അയ്യേ, തെറ്റി. ബ്രെയില്‍ കാഴ്ചയില്ലാത്തവര്‍ക്ക് വിരല്‍തൊട്ട് വായിക്കാവുന്ന എഴുത്താണ്. രണ്ടുപേര്‍ക്കും സമ്മാനമില്ല.'' 
''അതെയോ; എവിടുന്നാ ഇന്നീ പുതിയ കാര്യം കിട്ടിയത് മീനൂ?''
''ഇന്നേ കാഴ്ചദിനമാ. കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കണം, ഇനി ആരുടേയും കാഴ്ച നഷ്ടപ്പെടരുത്, അതിന് നമ്മുടെ കണ്ണുകളെ സൂക്ഷിക്കണം എന്നെല്ലാം ഹെഡ്മാസ്റ്റര്‍ പ്രസംഗിച്ചു.''
''ബ്രെയില്‍ പഠിപ്പിച്ചതൊക്കെ ഗൗരിട്ടീച്ചറാണ്. അമ്മക്കറിയില്ലെ ഗൗരിട്ടീച്ചറിനെ?''
''പുസ്തകം കണ്ണിനടുത്ത് പിടിച്ച് വായിക്കുന്ന ടീച്ചറല്ലേ?''
''അതു തന്നെ. ടീച്ചറിന് കാഴ്ച കുറവാണ്. പക്ഷേ, എത്ര നല്ല ടീച്ചറാണെന്നറിയാമോ. ഞങ്ങളോടെല്ലാം വല്യ സ്‌നേഹമാ. ഇന്ന് ബ്രെയില്‍ എഴുതിക്കാണിച്ചുതന്നു. എങ്ങനെഴുതണമെന്ന് പഠിപ്പിച്ച് തര്വേം ചെയ്തു.''
''ഇതാ ഈ കട്ടിക്കടലാസ് കണ്ടോ? വായിച്ച് നോക്കൂ. ഓരോ ബ്രെയിലിന്റേയും മലയാളം അക്ഷരം ഞാന്‍ അതില്‍ എഴുതിയിട്ടുണ്ട്.''
''ഇതെങ്ങനാ മീനൂ വരിതെറ്റാതെ ഇങ്ങനെ എഴുതുന്നത്? ഓരോ അക്ഷരത്തിന്റെ സ്ഥാനവും കൃത്യമായിട്ടുണ്ടല്ലോ?'' രാധമ്മയുടെ സംശയം വന്നു.
''അതമ്മേ, ബ്രെയില്‍ സ്ലേറ്റിനു രണ്ടു പാളികള്‍ ഉണ്ട്. രണ്ടിനും നടുക്കാണ് പേപ്പര്‍ വെക്കുന്നത്. മുകളിലത്തെ പാളിയില്‍ വരിവരിയായി ചെറിയ കളങ്ങള്‍. ഓരോ കളത്തിലും ആറ് ചെറിയ ദ്വാരങ്ങള്‍. അതൊരക്ഷരത്തിനുള്ളതാണ്. എഴുതുക എന്ന് പറഞ്ഞാല്‍ പേപ്പറിന് കൃത്യമായി ദ്വാരമിടല്‍ തന്നെ. അതിന് ഒരു സ്റ്റൈലഡ് ഉണ്ട്. നമ്മുടെ ബാള്‍പെന്നിന്റെ അറ്റം പോലെ തന്നെ ഇരിക്കും സ്റ്റൈലസ് കണ്ടാല്‍. മുനകൊണ്ട് ആറു ദ്വാരങ്ങളില്‍ ചിലതിലൊക്കെ കുത്തിയാണ് ബ്രെയില്‍ അക്ഷരം എഴുതുന്നത്. സ്ലേറ്റിന്റെ പേപ്പറിനടിയിലെ പാളിയില്‍ ചെറിയ ചെറിയ കുഴികളുണ്ട് ഓരോ ദ്വാരത്തിനു നേരെയും. സ്റ്റൈലസിന്റെ അറ്റം പേപ്പര്‍ തുളച്ച് ഈ കുഴിയിലേക്കിറങ്ങുമ്പോഴാണ് ബ്രെയിലിന്റെ കുത്ത് പേപ്പറിന്റെ മറുപുറത്ത് ഉയര്‍ന്ന് നില്‍ക്കുന്നത്. ഇതെല്ലാം ടീച്ചര്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു. പേപ്പര്‍വെക്കാനും കുത്തിടാനും എല്ലാം സഹായിച്ചും തന്നു.'' അച്ഛന്‍ എനിക്കൊരു ഷേക്ഹാന്‍ഡ് തന്നു.
''ഉം?'' ഞാന്‍ ചോദ്യരൂപത്തില്‍ നോക്കി.
''ഇതെല്ലാം പഠിച്ചെടുത്തതിനും ഞങ്ങള്‍ക്ക് പറഞ്ഞു തന്നതിനും.''
''അതേയ്, ഇന്നു മുഴുവന്‍ ഞങ്ങള്‍ക്ക് ബ്രെയില്‍ പഠിത്തം ആയിരുന്നു പണി. ഗൗരിട്ടീച്ചര്‍ നേതാവ്. മറ്റു ടീച്ചര്‍മാരും കൂടെക്കൂടി.''
''പിന്നെയച്ഛാ എല്ലാഭാഷയ്ക്കും ഇതേ സ്ലേറ്റും സ്റ്റൈലസും മതി. ടീച്ചര്‍ പറഞ്ഞത് 'അ'യും 'മ'യും എഴുതാന്‍ ഒരേ കുത്ത് മതീന്നാ. 'ക'യുടെ പോലെ തന്നെ സ. ഗൗരിട്ടീച്ചര്‍ എത്ര വേഗത്തിലാ എഴുതുന്നതും, തൊട്ട് തൊട്ട് വായിക്കുന്നതും. ഒന്ന് കാണണം എന്നാലേ വിശ്വസിക്കൂ.'' ഞാന്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു. ടീച്ചര്‍ ഹെലന്‍കെല്ലറുടെ കഥ പറഞ്ഞത്, കാഴ്ചയും കേള്‍വിയും ഇല്ലാതിരുന്നിട്ടും അവരെന്തെല്ലാം നേടി. ''അവരെ ഓര്‍ക്കുമ്പോ നമ്മളെല്ലാം വെറും ബുദ്ദൂസാന്നാ ടീച്ചര്‍ പറഞ്ഞത്. 
''എന്നാലെ ഹെലന്‍കെല്ലറെപ്പോലെ വേറൊരാളുടെ കഥ പറയട്ടെ?'' രാധമ്മ പറഞ്ഞു.
''പറയൂ.'' ഞാന്‍ ചെവികൂര്‍പ്പിച്ചിരുന്നു.
''ഒരിരുനൂറ് കൊല്ലം മുന്‍പ് - അന്നൊരിക്കല്‍ ഫ്രാന്‍സില്‍ ഒരു മൂന്ന് വയസുകാരന് വലിയൊരപകടം പറ്റി. കൂര്‍ത്ത കമ്പികൊണ്ട് അവന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടു. ചികിത്സിച്ചിട്ടും പഴുപ്പ് പടര്‍ന്ന് കയറി മറ്റേ കണ്ണിന്റെ കാഴ്ചയും പോയി.''
കേട്ടിട്ട് തന്നെ എനിക്ക് കരച്ചില്‍ വന്നു.
''ആ കുട്ടി പക്ഷേ, അതിസമര്‍ഥനും കഷ്ടപ്പെട്ട് പഠിക്കുന്നവനും ആയിരുന്നു. കണ്ണുകാണാത്തവര്‍ക്കായി പാരീസിലുള്ള സ്‌കൂളില്‍ അവന്‍ പഠിച്ചു. പതിനഞ്ചു വയസ്സായപ്പോള്‍, കട്ടിപ്പേപ്പറില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കുത്തുകളുണ്ടാക്കി അക്ഷരങ്ങളെ സൂചിപ്പിക്കുന്ന വിദ്യ അവന്‍ ഏതാണ്ട് ശരിയാക്കി എടുത്തു. ഈ ഉപായത്തെപ്പറ്റി ആദ്യം ചിന്തിച്ചതാ കുട്ടിയല്ല. എങ്കിലും അവന്റെ രീതിയായിരുന്നു ഏറ്റവും മെച്ചപ്പെട്ടത്.''
''ആ കുട്ടിയുടെ പേര് അമ്മ പറഞ്ഞില്ല.''
''അവന്റെ പേരാണ് ബ്രെയില്‍. മുഴുവന്‍ പേര് ലൂയി ബ്രെയില്‍.''  
''കണ്ടുപിടിച്ച ആളിന്റെ പേരുതന്നെ, ആ എഴുത്ത് രീതിക്കും കൊടുത്തു അല്ലേ? അപ്പോ ക്വിസ്മാസ്റ്റര്‍ മണ്ടിയായല്ലോ?!'' ഞാന്‍ തലകുനിച്ചു. ഒപ്പം പുതിയൊരു കാര്യം അറിഞ്ഞതിന്റെ സന്തോഷവും തോന്നി.
''ക്വിസ്മാസ്റ്റര്‍ക്ക് ഒരു ചോദ്യത്തിന് രണ്ട് ഉത്തരം കിട്ടിയില്ലേ? അതുകൊണ്ട് ഒട്ടും മണ്ടിയായില്ല. സമ്മാനം പകുതിയാക്കണ്ട. ഓരോന്ന് പോരട്ടെ!'' അച്ഛന്‍ സന്തോഷത്തോടെ പറഞ്ഞു. 
അച്ഛനും അമ്മയും മുന്നില്‍ വന്ന് കുനിഞ്ഞുനിന്നു. ഞാന്‍ ഓരോ കൈ രണ്ടുപേരുടേയും കഴുത്തില്‍ ചുറ്റി. രണ്ടു കവിളിലും എനിക്ക് സമ്മാനവും കിട്ടി!

അന്ധര്‍ക്കും കാഴ്ചവൈകല്യങ്ങളുള്ളവര്‍ക്കും എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയിലി ലിപിയുടെ ഉപജ്ഞാതാവാണ് ലൂയിസ് ബ്രെയില്‍. ബാല്യത്തിലുണ്ടായ ഒരപകടത്തെ തുടര്‍ന്ന് പൂര്‍ണമായ അന്ധത ബാധിച്ചെങ്കിലും വിദ്യാര്‍ഥിയായിരിക്കെ തന്നെ ആ വൈകല്യത്തെ മറികടക്കാനുള്ള വിദ്യയ്ക്ക് രൂപം നല്‍കി. ഒന്നര നൂറ്റാണ്ട് പിന്നിട്ട ബ്രെയിലി ലിപി ഇന്ന് മലയാളം ഉള്‍പ്പെടെ അനേകം ഭാഷകളില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.


Sunday, May 20, 2018

സഞ്ചാരി ശൂലാപ്പ് കാവില്‍

അംബികാസുതന്‍ മാങ്ങാടിന്റെ പ്രശസ്ത കഥ രണ്ടു മത്സ്യങ്ങളുടെ ഭൂമിക തേടിയുള്ള ഒരു യാത്ര

തേന്‍ കനി നാടകം


അവതരണം : രംഗപ്രഭാത് ചില്‍ഡ്രന്‍സ് തിയേറ്റര്‍

           

Wednesday, May 2, 2018

വിന്‍സെന്റ് വാന്‍ഗോഗിന്റെ ചിത്രങ്ങള്‍

                                         
                                                  ഉരുളക്കിഴങ്ങു തിന്നുന്നവര്‍

                                                 സ്റ്റാറി നൈറ്റ്

കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ...

സങ്കടക്കടലായ് അമ്മമ്മ

മധു തൃപ്പെരുന്തുറ
വാര്‍ധക്യം ഒരു രണ്ടാം ബാല്യമാണെന്നാണ് പൊതുവെ പറയാറ്. ജീവിതത്തിന്റെ ഭാരങ്ങളൊക്കെ ഇറക്കിവെച്ച് മക്കളോടും കൊച്ചുമക്കളോടുമൊപ്പം സന്തോഷത്തോടെ വിശ്രമജീവിതം നയിക്കേണ്ടുന്ന കാലം. വാര്‍ധക്യത്തിലും പൊറുതി കിട്ടാതെ നട്ടം തിരിയുന്ന ചിലരുണ്ട്. അങ്ങനെ ഒരാളാണ് അമ്മമ്മ. പി. സുരേന്ദ്രന്റെ അമ്മമ്മ എന്ന ചെറിയ വലിയ കഥ ലാളിത്യമുള്ള വാക്കുകളിലൂടെ ഒരു വികാര പ്രപഞ്ചമാണ് സൃഷ്ടിക്കുന്നത്. കഥ വായിച്ചു കഴിയുമ്പോള്‍ നമ്മില്‍ പലരുടെയും കണ്ണുകള്‍ നനയും. അമ്മമ്മ മനസ്സിലേക്ക് ഒരു തേങ്ങലോടെ ഇടം പിടിക്കും.
തേവിത്തേവി വറ്റിപ്പോയ കിണര്‍
       അമ്മമ്മയാണ് കഥയിലെ കേന്ദ്രകഥാപാത്രം. അമ്മ നഷ്ടപ്പെട്ട മൂന്നു കുട്ടികളുടെ സംരക്ഷണ ചുമതല അവര്‍ക്കാണ്. തേവിത്തേവി വറ്റിപ്പോയ കിണര്‍ എന്നാണ് കഥാകാരന്‍ അമ്മമ്മയെ വിശേഷി പ്പിക്കുന്നത്. എന്നാലും പൊടിയുന്നുണ്ട് തെളിനീര്. വിധവയായ അവര്‍ മൂന്നു പേരക്കുട്ടികളേയും പോറ്റി വളര്‍ത്താന്‍ കഠിനമായി അധ്വാനിക്കുന്നു. തികഞ്ഞ മദ്യപാനിയായിരുന്നു അമ്മമ്മയുടെ മകളുടെ ഭര്‍ത്താവ്, 'അമ്മ വിളക്ക് ഊതിക്കെടുത്തി പറക്കമുറ്റാത്ത മൂന്നു മക്കളെ ഇരുട്ടിലേക്ക് തള്ളി, അവരുടെ കരച്ചിലുകള്‍ക്ക് കാതുകൊടുക്കാതെ അവന്‍ എങ്ങോട്ടോ ഓടിപ്പോയി ' എന്ന് കഥാകൃത്ത് പറയുമ്പോള്‍ വരികള്‍ക്കിടയില്‍ ചിലതെല്ലാം ഒളിപ്പിച്ചുവെക്കുന്നു. അമ്മ വിളക്ക് ഊതിക്കെടുത്തി എന്ന സവിശേഷ പ്രയോഗത്തിലൂടെ കുട്ടികളുടെ അമ്മയെ അയാള്‍ ഇല്ലാതാക്കിയെന്നും അവരുടെ ജീവിതം അന്ധകാരത്തിലേക്ക് തള്ളിയിട്ടു എന്നും സൂചന കിട്ടുന്നു.
അമ്മമ്മയുടെ രേഖാചിത്രം
      rമൂന്നു കുട്ടികളുടെയും സംരക്ഷണ ചുമതല കഴിയാതെ വന്നപ്പോള്‍ അമ്മമ്മ അവരെ സൗജന്യ ഹോസ്റ്റല്‍ സംവിധാനമുള്ള സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നു. കുട്ടികളെ വേദനയോടെ പറിച്ചെടുത്തു മാറ്റുകയാണ് അവര്‍. അമ്മമ്മയുടെ രേഖാചിത്രം ഏതാനും വാക്കുകളിലൂടെ വരച്ചുവെക്കുന്നുണ്ട് കഥാകൃത്ത്. നഗ്‌നമായ കാതുകള്‍, സൂര്യകിരണങ്ങള്‍ നിറങ്ങളൊക്കെ കവര്‍ന്നുകൊണ്ടുപോയ ഒരേ ഒരു സാരി, ചെരിപ്പില്ലാതെ വിണ്ടുപൊട്ടിയ അമ്മമ്മയുടെ പാദങ്ങള്‍ ഭൂമിയുടെ മഹാസങ്കടങ്ങള്‍ അറിയുന്നു. ഇടയ്ക്കിടക്ക് അമ്മമ്മ സ്‌കൂളിലെത്തി മൂന്നു പേരക്കുട്ടികളേയും കൂട്ടി അങ്ങാടിയിലേക്കിറങ്ങും. ചായക്കടയില്‍ അവരെ കൊണ്ടുപോയി പൊറോട്ടയും പഴംപൊരിയും മേടിച്ചു കൊടുക്കും. ഈ കുട്ടികള്‍ വളര്‍ന്നാല്‍ വര്‍ണ്ണത്തിളപ്പിന്റെ ലോകത്ത് അവര്‍ അമ്മമ്മയെ വെറുക്കില്ലേ എന്ന് കഥാകൃത്ത് ആശങ്കപ്പെടുന്നിടത്ത് കഥ അവസാനിക്കുന്നു.
പരിചിതമായ മുഖം
     ഒതുക്കി പറഞ്ഞിരിക്കുന്ന കഥയാണ് അമ്മമ്മ. സഹനത്തിന്റെ പ്രതിരൂപമായ ഒരു സ്ത്രീയുടെ നേര്‍ചിത്രമാണ് ഇവിടെ കോറിയിട്ടിരിക്കുന്നത്. അവര്‍
സ്‌നേഹസമ്പന്നയാണ്, ത്യാഗമൂര്‍ത്തിയാണ്, എടുക്കാന്‍ കഴിയാത്ത ചുമടുമായി ഏകയായ അവര്‍ പക്ഷേ, ദൃഢചിത്തയാണ്. നമ്മുടെയൊക്കെ അയല്‍പക്കത്ത് നമുക്കേറ്റവും പരിചിതമായ അല്ലെങ്കില്‍ ജീവിതത്തില്‍ ഏതൊക്കെയോ ഇരുണ്ട വഴിത്താരകളില്‍ കണ്ടുമുട്ടിയ മുഖമാണ് അമ്മമ്മയുടേത്. അതുകൊണ്ടു കൂടിയാണ് അമ്മമ്മ എന്ന കഥയും കഥാപാത്രവും ഒരു പോലെ പ്രിയപ്പെട്ടതാകുന്നത്.
അവരിപ്പോഴും ജീവിച്ചിരിക്കുന്നു!
കഥാപശ്ചാത്തലത്തെപ്പറ്റി കഥാകൃത്ത് പി.സുരേന്ദ്രന്‍ സംസാരിക്കുന്നു.
  അമ്മമ്മ എന്ന കഥയുടെ രചനാപശ്ചാത്തലം ഒന്നു വ്യക്തമാക്കാമോ? ഏതെങ്കിലും നേരനുഭവത്തില്‍ നിന്നാണോ കഥ പിറവിയെടുത്തത്?
  ഇലഞ്ഞിപ്പൂമണമുള്ള  നാട്ടുവഴികള്‍ എന്ന ഓര്‍മപുസ്തകത്തിലെ ഒരു കുറിപ്പാണ് അമ്മമ്മ. അത് കഥയല്ല. കഥയുടെ ആഖ്യാനതന്ത്രം ഉപയോഗിച്ച് എഴുതിയതാണ്. നോണ്‍ഫിക്ഷന്‍ നരേറ്റീവ് എന്നു പറയും. എനിക്കങ്ങനെ ഒരു സ്ത്രീയെ അറിയാം. അവരിപ്പോഴും ജീവിച്ചിരിക്കുന്നു. ഞാനവരെ ഒത്തിരിസഹായിച്ചിട്ടുണ്ട്. ഒട്ടും ഭാവന ചേര്‍ക്കാതെ ആവിഷ്‌കരിച്ചതാണിത്.
  ''അമ്മമ്മയുടെ കണ്ണീര് തിളങ്ങുന്ന ഒരു സൂചിയായി മാറിയതും എന്റെ കണ്ണില്‍ കൊണ്ടതും എനിക്ക് കണ്ണീര്‍പൊടിഞ്ഞതും'' ഇതുപോലെ ഒട്ടേറെ സവിശേഷ പ്രയോഗങ്ങളുണ്ട് കഥയില്‍. കഥയ്ക്ക് ഭാവ തീവ്രത നല്‍കുന്ന ഇത്തരം പ്രയോഗങ്ങള്‍ ബോധപൂര്‍വമായ ഒരു ശ്രമത്തിന്റെ ഫലമായിരുന്നോ?
അല്ല, അടിസ്ഥാനപരമായി ഞാനൊരു കഥാകാരനായതു കൊണ്ട് അത്തരം പ്രയോഗങ്ങള്‍ വന്നു ചേര്‍ന്നതാണ്. കേവലഭാഷയിലെഴുതിയാല്‍ തീവ്രത കിട്ടില്ല. ഏത് വിഷയത്തെക്കുറിച്ച് എഴുതുമ്പോഴും ആഖ്യാനതന്ത്രങ്ങള്‍ പ്രധാനമാണ്.
  അമ്മമ്മയുടെ ജീവിതം പിന്തുടര്‍ന്ന് എഴുതിയ ഓര്‍മക്കുറിപ്പ് ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നോ?
ആ സ്ത്രീയുടെ ജീവിതം ഞാന്‍ പിന്‍തുടര്‍ന്നു പോയിട്ടില്ല. അപ്രധാനമായ ഒരു മാസികയിലാണ് ആ കുറിപ്പ് വന്നത്. അത് പാഠപുസ്തകത്തില്‍ വരുമെന്ന് ഞാന്‍ കരുതിയിട്ടില്ല.
  ഇത്തരം അമ്മമ്മമാരെ സ്യഷ്ടിക്കുന്നതില്‍ വ്യക്തിക്കും സമൂഹത്തിനും ഒരു പോലെ പങ്കില്ലേ? വര്‍ണ്ണത്തിളപ്പിന്റെ ലോകത്ത് കുട്ടികള്‍ എത്തിക്കഴിഞ്ഞാല്‍ അമ്മമ്മയെ അവര്‍ വെറുപ്പോടെ നോക്കും എന്നു പറയുമ്പോള്‍ അതില്‍ ഒരു മുന്‍വിധി കലരുന്നില്ലേ?
അനാഥത്വം വലിയശാപമാണ്. ദാരിദ്ര്യവും. എന്നെ വേദനിപ്പിച്ച മറ്റൊരു കാര്യമുണ്ട്. ആ കുറിപ്പില്‍ പറയുന്ന മൂന്നാമത്തെ കുട്ടി നല്ലവനായല്ല വളരുന്നത്. തിന്മകളേയും പാര്‍ശ്വവത്കരണത്തെയും അഭിമുഖീകരിക്കുന്ന കുട്ടികള്‍ നന്മയിലേക്ക് ഉയരണമെന്നില്ല. തിന്മയില്‍ തന്നെ വീണുപോകാം.
 താങ്കളുടെ കുടുംബത്തെപ്പറ്റി-
അമ്മ മരിച്ചു. അച്ഛന്‍ ജീവിച്ചിരിക്കുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും. മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് താമസിക്കുന്നു.
ഒരധ്യാപകനായ താങ്കള്‍ക്ക് ഈ കഥയെ മുന്‍നിര്‍ത്തി എന്തുപദേശമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ളത്? എന്ത് സന്ദേശമാണ് കഥ നല്‍കുന്നത്?
പുറമേയ്ക്ക് കാണുന്നതുപോലെയല്ല ജീവിതം. മനുഷ്യര്‍ ഒരുപാട് അവഗണനകളേയും പാര്‍ശ്വവത്കരണത്തേയും നേരിടുന്നു. നീതി ഉറപ്പാക്കപ്പെടുന്നില്ല. പാവപ്പെട്ടവരെ പരിഗണിക്കാന്‍ കുഞ്ഞുങ്ങള്‍ക്കാവണം. പഠിച്ചു വളരുമ്പോള്‍ അമ്മമാരെയും അമ്മൂമ്മമാരെയും മറക്കരുത്. ആരെയെങ്കിലും സഹായിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കരുത്.
                                                 PDF DOWNLOAD

Saturday, April 28, 2018

അക്കര്‍മാശി video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ അക്കര്‍മാശി എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം           

ഹരിതമോഹനം Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ ഹരിതമോഹനം എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം
        

തേന്‍ വരിക്ക Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ തേന്‍ വരിക്ക എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം  
 
     

ആത്മാവിന്റെ വെളിപാടുകള്‍ video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ ആത്മാവിന്റെ വെളിപാടുകള്‍ എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം
  
        

Sunday, March 18, 2018

റഫീഖ് അഹമ്മദിന്റെ കവിതകള്‍ അവലോകനം

റഫീഖ് അഹമ്മദിന്റെ കവിതകളെക്കുറിച്ചുള്ള ഒരു  അവലോകനം
Credits : Samagra




                    PDF DOWNLOAD


തകഴിയുടെ ജീവചരിത്രം

പ്ലാവിലക്കഞ്ഞിയുടെ കഥാകാരനെ പരിചയപ്പെടുത്താന്‍ ഉതകുന്ന ജീവചരിത്രക്കുറിപ്പ്     
Credits : Samagra




 PDF DOWNLOAD

Tuesday, March 13, 2018

മര്‍ഫി - സി എം വിനയചന്ദ്രന്‍

പണയം എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്താവുന്ന ഒരു കവിത

പറമ്പ് കിളക്കുമ്പോള്‍
പഴയൊരു മര്‍ഫിപ്പൊട്ട് !
കൈയിലെടുത്തപ്പോള്‍
ഭൂതകാലത്തുടിപ്പ്.
ആറേകാലിന് പ്രാദേശികവാര്‍ത്തയ്‌ക്ക്
അച്ഛന്‍ ചെവികൂര്‍പ്പിച്ചിരുന്നത്‌
തുടര്‍ന്നുള്ള ഭക്തിഗാനത്തിന്‌
വിളക്ക് കൊളുത്തിയിരുന്നത്‌...
വയലും വീടുമാകുമ്പോഴേക്കും
അമ്മ കുളിച്ചെത്തിയിരുന്നത്‌...
കമ്പോളനിലവാരം തീരുമ്പോള്‍
അച്ഛന്‌ വേണ്ടി വീണ്ടും ഡെല്‍ഹി വാര്‍ത്ത.
ഇന്നാരായിരിക്കും വാര്‍ത്ത
വായിക്കുകയെന്ന്
ഞങ്ങള്‍ കുട്ടികള്‍
പ്രവചനമത്സരം നടത്തിയിരുന്നത്...
യുവവാണിയും മഹിളാലയവും
മൂത്തവള്‍ വലിച്ചു കുടിച്ചിരുന്നത്‌....
ചലച്ചിത്രഗാനങ്ങളില്‍
രണ്ടാമള്‍ ലയിച്ചിരുന്നത്‌...
കണ്ടതും കേട്ടതും കേട്ട്
എല്ലാവരും തലതല്ലിച്ചിരിച്ചത്‌...
സാഹിത്യരംഗം തുടങ്ങുമ്പോള്‍
ഇളയവള്‍ക്ക് പൈക്കുന്നത്‌...
ഹിന്ദി ഇംഗ്ലീഷ്‌ വാര്‍ത്താവേളയില്‍
ഒരുമിച്ചത്താഴം കഴിച്ചിരുന്നത്‌
തുടര്‍നാടകങ്ങള്‍ക്ക് കാതോര്‍ത്ത്
പത്തരക്കുള്ള രഞ്ജിനിയും കേട്ടുകൊണ്ട്‌
ഒരുമിച്ചുറങ്ങിയിരുന്നത്‌...
എത്ര പെട്ടെന്നാണ്‌
ജീവിതം
സീരിയലൈസ്‌ ചെയ്യപ്പെട്ടുപോയത്‌...!


                PDF DOWNLOAD

Wednesday, March 7, 2018

മലയാളം II പരീക്ഷാ പരിശീലനം മാതൃഭൂമി വിദ്യ





            DOWNLOAD FULL PAGE PDF


മലയാളം II പരീക്ഷാ പരിശീലനം ദീപിക പരീക്ഷാ സഹായി





                          DOWNLOAD FULL PAGE PDF

https://drive.google.com/open?id=1FvF1jjR6TZDqep5AkJ-8RImioKNEEfAS

മലയാളം II പരീക്ഷാ പരിശീലനം കേരള കൗമുദി പാഠശേഖരം

അവസാന വ‌ട്ട തയ്യാറെടുപ്പിനായി ഇതാ വിവിധ പത്രങ്ങളില്‍ വന്ന ചില പരീക്ഷാ പരിശീലനങ്ങള്‍ കൂ‌ടി...

കേരള കൗമുദി പത്രത്തില്‍ വന്ന SSLC പാഠശേഖരം പരീക്ഷാ പരിശീലനം മലയാളം II 

                          DOWNLOAD PDF

https://drive.google.com/open?id=1oOAdDVT60PgP_Z6N4nPqoSiW1HzHrfJs
 

കേരള കൗമുദി പത്രത്തില്‍ വന്ന SSLC പാഠശേഖരം പരീക്ഷാ പരിശീലനം മലയാളം I 
                         
                          DOWNLOAD PDF
                       
https://drive.google.com/open?id=1YIQY-H7o_2LDYS69NYw2NY5adxuuuh-b

Tuesday, March 6, 2018

വിജയാശംസകള്‍

പ്രിയപ്പെട്ട കുട്ടികളേ,
     ഇന്ന് SSLC പരീക്ഷ ആരംഭിക്കുന്നു. മലയാളം I ആണ് ഇന്നത്തെ വിഷയം.
.............................................
പരീക്ഷയെ ഭയക്കേണ്ട. അനാവശ്യമായി ടെന്‍ഷനടിക്കണ്ടാ....
ചിട്ടയായ ആസൂത്രണമുണ്ടെങ്കില്‍, കാര്യങ്ങള്‍ എളുപ്പമാകും.
.............................................
പഠിച്ച കാര്യങ്ങള്‍ ഒന്നുകൂടി മറിച്ചു നോക്കി ഉറപ്പു വരുത്തണം. രാത്രി അധിക സമയം ഉറക്കമിളച്ച് ഇരിക്കേണ്ട. രാവിലെ പറ്റുന്നത്ര നേരത്തേ എഴുന്നേറ്റ് വായിക്കണം.
.............................................
ഉച്ചയ്ക്ക് 1.30 ന് പരീക്ഷാ ഹാളില്‍ കയറണം. 1 മണിക്കെങ്കിലും സ്കൂളില്‍ എത്തണം.
............................................
ഉച്ചഭക്ഷണം കഴിച്ചിട്ടു വരണം. ധാരാളം വെള്ളം കുടിക്കണം. ഉച്ചവെയില്‍ കൊള്ളാതെ ശ്രദ്ധിക്കണം.
ഹാള്‍ ടിക്കറ്റ്, രണ്ടോ മൂന്നോ പേന(ഒരേ മഷിയുള്ളത്), റൈറ്റിംഗ് ബോര്‍ഡ്, പെന്‍സില്‍, സ്കെയില്‍, കുപ്പിവെള്ളം, വാച്ച്  എന്നിവ എടുക്കാന്‍ മറക്കരുത്.
.............................................
വിഷയം, തീയതി, രജിസ്റ്റര്‍ നമ്പര്‍ എന്നിവ തെറ്റാതെ പൂരിപ്പിക്കണം. ആദ്യത്തെ 15 മിനിട്ട് കൂള്‍ ഓഫ് ടൈമാണ് .ചോദ്യങ്ങള്‍ ശ്രദ്ധിച്ച് സമാധാനമായി വായിക്കണം. ഉത്തരങ്ങള്‍ മനസ്സിൽ അടുക്കി വയ്ക്കണം.
..........................................
ഉത്തരം ക്രമനമ്പറിട്ട് ,വൃത്തിയായി, ഖണ്ഡിക തിരിച്ച്, എഴുതണം. മാര്‍ക്കും സമയവും പരിഗണിക്കണം. എല്ലാ ഉത്തരവും എഴുതണം. നന്നായി അറിയുന്നത് ആദ്യം.
എഴുതിക്കഴിഞ്ഞ് സമയമുണ്ടെങ്കില്‍ ഒന്നു കൂടി പരിശോധിക്കണം.
പേപ്പര്‍ കെട്ടിവെച്ച ശേഷം അധികമായി വാങ്ങിയ ഷീറ്റുകളുടെ എണ്ണം മെയിന്‍ ഷീറ്റിന്റെ നിര്‍ദ്ദിഷ്ട കോളത്തില്‍ എഴുതണം.
ഉത്തരങ്ങളെല്ലാം അവസാനിപ്പിച്ച ശേഷം ബാക്കി വരുന്ന സ്ഥലം വെട്ടിക്കളയണം.
.............................................
ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതണം.
എല്ലാവര്‍ക്കും വിജയാശംസകള്‍...

Thursday, March 1, 2018

പൊലിമ പത്താം ക്ലാസ്സ് പരിശീലന പരിപാടി

വയനാട് ഡയറ്റ് 2017 ല്‍ തയ്യാറാക്കിയ പൊലിമ പത്താം ക്ലാസ്സ് പരിശീലന പരിപാടി യുടെ PDF പോസ്റ്റ് ചെയ്യുന്നു.

                     DOWNLOAD PDF
https://drive.google.com/open?id=1K_vf9Xe4CaRBJIvRWntzLuGUbYpPD-QG

പാഠമുദ്ര പരീക്ഷാ പരിശീലനം

ചന്ദ്രിക ദിനപത്രത്തില്‍ വന്ന പാഠമുദ്ര പരീക്ഷാ പരിശീലന പരിപാടിയിലെ മലയാളം കേരള പാഠാവലി,അടിസ്ഥാന പാഠാവലി എന്നിവയുമായി ബന്ധപ്പെട്ട ഭാഗം പോസ്റ്റ് ചെയ്യുന്നു.ചന്ദ്രിക ദിനപത്രത്തിനും ഷേണി ബ്ലോഗിനും നന്ദി.

                   DOWNLOAD PDF 

https://drive.google.com/open?id=1-kJuCJAtNzECGaFCfDNMA7AVB-9Ba8Ro

ഭാഷാ വ്യവഹാര രൂപങ്ങള്‍ വിശകലനം

SSLC പരീക്ഷയ്ക്കു് ചോദിക്കുന്ന വിവിധ ഭാഷാ വ്യവഹാര രൂപങ്ങള്‍ വിശകലനം ചെയ്യുകയാണ് കാസര്‍ഗോഡ് ജി.വി.എച്ച.എസ്.എസ് ഫോര്‍ ഗേള്‍സ് ലെ മലയാള അധ്യാപകന്‍ ശ്രീ രമേശന്‍ പുന്നത്തിരിയന്‍.
                                  
                               DOWNLOAD PDF 
https://drive.google.com/open?id=15PhzPeRdVNT7PD_9DJUDraLmSLJP1gOX


Wednesday, February 28, 2018

SSLC പരീക്ഷാ പരിശീലനം - ഡോ എം ബാലന്‍

മലയാളം രണ്ടാം പേപ്പര്‍ 

വര്‍ഷാന്ത പരീക്ഷ 2018 ചോദ്യപേപ്പറുകള്‍

ഈ വര്‍ഷത്തെ 8,9 ക്ലാസ്സുകളിലെ മലയാളം വാര്‍ഷിക പരീക്ഷ ഇന്നു നടന്നു.അവയുടെ ചോദ്യപേപ്പറുകള്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു.

STD 9

 മലയാളം ഒന്നാം പേപ്പര്‍

 മലയാളം രണ്ടാം പേപ്പര്‍

STD 8 

മലയാളം ഒന്നാം പേപ്പര്‍
മലയാളം രണ്ടാം പേപ്പര്‍

കോഴിയും കിഴവിയും - ഡോ. പി കെ തിലക്

കാരൂരിന്റെ കോഴിയും കിഴവിയും എന്ന കഥയെക്കുറിച്ച് ഡോ. പി കെ തിലകിന്റെ ലേഖനം 
                                        
                                        PDF DOWNLOAD
https://drive.google.com/open?id=1PmAWbYrgUkXP15Aeo4iuP9Zjth0q8NXu

അഴകനും പൂവാലിയും കാരൂര്‍ക്കഥ

കാരൂര്‍ നീലകണ്ഠപിള്ളയുടെ പ്രശസ്തമായ അഴകനും പൂവാലിയും എന്ന കഥയില്‍ നിന്നാണ് ശ്രീ അംബികാസുതന്‍ മാങ്ങാട് രണ്ടു മത്സ്യങ്ങള്‍ എന്ന കഥയിലെ കഥാപാത്രങ്ങളുടെ പേരുകള്‍ സ്വീകരിച്ചിരിക്കുന്നത്.മനുഷ്യനും മൃഗവും തമ്മിലുള്ള അഗാധമായ ആത്മബന്ധത്തിന്റെ ചിത്രം വരച്ചു കാണിക്കുന്ന ആ കഥ വായിക്കൂ....

                        Download PDF
https://drive.google.com/open?id=1hZQsFOiwrpmVoe7xjxlE5LPScJJrmwqF

Friday, February 16, 2018

നിന്റെ ഓര്‍മ്മയ്ക്ക്‌ - എം.ടി. വാസുദേവന്‍ നായര്‍

കുപ്പായം എന്ന എം ടി വാസുദേവന്‍ നായരുടെ അനുഭവക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന നിന്റെ ഓര്‍മ്മയ്ക്ക്‌ എന്ന കഥ പോസ്റ്റ് ചെയ്യുന്നു.കുട്ടികളെ പരിചയപ്പെടുത്തേണ്ട ഹൃദയസ്പൃക്കായ കഥയാണ് നിന്റെ ഓര്‍മ്മയ്ക്ക്‌.



നിന്റെ ഓര്‍മ്മയ്ക്ക്‌ - എം.ടി. വാസുദേവന്‍ നായര്‍


ഒരു പന്തിരാണ്ടിനുശേഷം ലീലയെപ്പറ്റി ഞാനിന്ന്‌ ഓര്‍ത്തുപോയി
ലീലയെന്ന്‌ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പെട്ടെന്ന്‌ വിചാരിച്ചേക്കാം. തെറ്റിദ്ധരിക്കാതിരിക്കാന്‍ നേരത്തെ പറഞ്ഞുകൊള്ളട്ടെ. അവള്‍ എന്റെ സഹോദരിയാണ്‌!
ഈ വസ്‌തുത അറിയുന്ന വ്യക്തികള്‍ ലോകത്തില്‍ വളരെ കുറച്ചേ ഉള്ളൂ.
ലീലയെക്കുറിച്ച്‌ ഓര്‍ക്കാന്‍ കാരണം പെട്ടിക്കടിയില്‍ നിന്ന്‌ കണ്ടുകിട്ടിയ റബ്ബര്‍ മൂങ്ങയാണ്‌. റദ്ദുചെയ്‌ത ഷര്‍ട്ടും മുണ്ടും പഴയ കടലാസുകളും ഇട്ട പെട്ടിക്കകത്ത്‌ ഇന്നൊരു പരിശോധന നടത്തി. നോക്കുമ്പോഴുണ്ട്‌ ആ പഴയ റബ്ബര്‍ മൂങ്ങ കിടക്കുന്നു. അതിന്റെ നിറം മങ്ങി ആകര്‍ഷകത്വമില്ലാതായിട്ടുണ്ട്‌. സ്‌ഫടികം കൊണ്ടുണ്ടാക്കിയ കണ്ണുകള്‍ മാത്രം മങ്ങിയിട്ടില്ല.
ഒരു കാലത്ത്‌ അതെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. അതിന്റെ ഉടമസ്ഥനായതില്‍ അഭിമാനിച്ചിരുന്നു. വളരെ വളരെ കൊതിച്ചുകിട്ടിയതാണ്‌. അതു സഞ്ചിയില്‍ വച്ചുകൊണ്ട്‌ സ്‌കൂളില്‍ ചെന്നു കയറിയപ്പോള്‍ ഞാന്‍ സ്വയം ഒന്നുയര്‍ന്നപോലെ തോന്നി. കാരണം എന്റെ സഞ്ചിക്കകത്ത്‌ വിലപിടിപ്പുള്ള ഒരു മുതലുണ്ട്‌. അപ്പുക്കുട്ടന്റെ പളുങ്കുഡപ്പിയേക്കാളും എമ്പ്രാന്‍കുട്ടിയുടെ മൌത്ത്‌ ഓര്‍ഗനേക്കാളും മുന്തിയതാണ്‌ എന്റെ മൂങ്ങ. അതേയ്‌, കൊളമ്പില്‍നിന്നു കൊണ്ടുവന്നതാണ്‌!
റബ്ബര്‍ മൂങ്ങയ്‌ക്ക്‌ രണ്ടു വിശേഷതകളുണ്ട്‌. അടിഭാഗത്തെ കുറ്റി അമര്‍ത്തിയാല്‍ അതിന്റെ വയര്‍ തുറക്കും. വയറിന്നകത്ത്‌ പതുപതുപ്പുള്ള ഒരു കൊച്ചു കുഷ്യന്റെ മുകളില്‍ കടും നീലനിറത്തിലുള്ള, ഒരു ചെറിയ കുപ്പി. അതില്‍ സെന്റായിരുന്നു! അടപ്പു തുറന്നാല്‍ അരിമുല്ലപ്പൂക്കളുടെ മണം ക്ലാസ്സുമുഴുവന്‍ വ്യാപിക്കും. പെണ്‍കുട്ടികളിരിക്കുന്ന ബഞ്ചില്‍നിന്ന്‌ പിറുപിറുപ്പുകള്‍ കേള്‍ക്കാം.
``
ആ കുട്ടീടെ കയ്യിലാ...!''
`
ആ കുട്ടി' ഞാനായതില്‍ എനിക്കഭിമാനമുണ്ടായിരുന്നു.
എന്നിട്ടും അത്‌ `മാപ്ലസെന്റാ'ണെന്ന്‌ പുച്ഛിച്ച ശങ്കുണ്ണിയുമായി ഇടിപ്പയറ്റു നടത്തിയതില്‍ എനിക്കിന്നും പശ്ചാത്താപമില്ല.
രണ്ടാമത്തെ പ്രത്യേകത: പിന്‍വശത്തെ കമ്പികളിളക്കിയാല്‍ മൂങ്ങ കണ്ണുരുട്ടും.
ഉച്ചസമയത്ത്‌ കുട്ടികളുടെ മുന്നില്‍ മൂങ്ങയെ പ്രദര്‍ശിപ്പിക്കുമ്പോള്‍ മായക്കുതിരയുടെ ഉടമസ്ഥനായ രാജകുമാരന്റെ കഥ മുത്തശ്ശി പറഞ്ഞത്‌ എന്റെ മനസ്സിലുണ്ടാകും. ആ മൂങ്ങ എന്റെ ജീവനായിരുന്നു. മറ്റൊരാളെ ഏല്‌പിക്കാന്‍ മനസ്സു വരില്ല. അതിന്റെ `മെക്കാനിസം' അറിയുന്നത്‌ എനിക്കു മാത്രമല്ലേ?
ഞാന്‍ ആരംഭിച്ചത്‌....... , ലീലയെപ്പറ്റിയായിരുന്നു. ഒന്നു പറയാന്‍ വിട്ടുപോയി, റബ്ബര്‍ മൂങ്ങ എനിക്കു സമ്മാനിച്ചത്‌ ലീലയായിരുന്നു.
ജീവിതത്തില്‍നിന്ന്‌ ചീന്തിയെടുക്കുന്ന ഒരു പഴയ താളാണിത്‌.
കുടുക്കുകള്‍ വേറിട്ട ഒരു മുഷിഞ്ഞ കാലുറ അരയില്‍ കുടുക്കി നിര്‍ത്തി നടക്കുന്ന കാലം. പത്തോ പതിനൊന്നോ വയസ്സ്‌ പ്രായം കാണും. അമ്മയുടെയും ജ്യേഷ്‌ഠന്മാരുടെയും അടി മുറയ്‌ക്ക്‌ വാങ്ങും. `അമ്മാളുഅമ്മയുടെ മകന്‍ വാസു വല്ലാത്ത വികൃതിയാണെന്നായിരുന്നു പൊതുജനാഭിപ്രായം. അതിനു പ്രചരണം നല്‍കിയത്‌ അയല്‍വക്കത്തെ പാറുവമ്മയാണ്‌. ഉച്ചയ്‌ക്ക്‌ അവര്‍ പതുക്കെ ഞങ്ങളുടെ നടപ്പുരയിലെത്തും. അമ്മയുടെ തലയില്‍ നിന്ന്‌ പേനെടുത്തുകൊണ്ട്‌ പാറുവമ്മ നാല്‌ ഞായം പറയും. അതു കേള്‍ക്കാന്‍ എനിക്കിഷ്‌ടമാണ്‌. ഇല്ലത്തെ മാളാത്തേലിനേപ്പറ്റിയോ തെരണ്ടിരിക്കുന്ന കുട്ടിയെപ്പറ്റിയോ ആയിരിക്കും പറയുന്നത്‌. എന്നാലും കേട്ടിരിക്കാന്‍ രസമുണ്ട്‌. അതിനിടയ്‌ക്ക്‌ പാറുവമ്മ പറയും:
``
ന്റെ മോന്‍ ആ ചെല്ലൊന്ന്‌ എട്‌ത്ത്വൊണ്ടരൂ...''
അതാണ്‌ കുഴപ്പം. അതിന്‌ ഞാന്‍ കൂട്ടാക്കാത്തപ്പോള്‍ അമ്മ കല്‍പ്പിക്കും. അതനുസരിക്കില്ല. പിന്നെയും ശാസിച്ചു നോക്കും. ഞാനെന്തെങ്കിലും വികടം പറഞ്ഞെന്ന്‌ വരും. അപ്പോള്‍ വീഴും പുറത്തൊന്ന്‌.
ഒരു സാധാരണ രംഗമാണത്‌.
അയല്‍വക്കത്തെ സ്‌ത്രീകള്‍ക്കിടയില്‍ അമ്മ ബഹുമാനത്തിനു പാത്രമായിരുന്നു. കാരണം അമ്മയുടെ കൈയില്‍നിന്നു പണമോ അരിയോ വായ്‌പ കിട്ടും. സദ്യയ്‌ക്ക്‌ പോകാനുള്ള പണ്ടം കടം വാങ്ങാനും അമ്മയുടെ സേവ വേണം.
``
മാസം മാസം അമ്മയ്‌ക്ക്‌ എത്ര പണാ വര്‌ണ്‌?''
``
അയാള്‍ക്കേയ്‌, കൊളമ്പില്‌ എന്ത്‌ വാരലാത്രെ!''
അങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍.......