Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Thursday, March 9, 2017

SSLC 2017 മലയാളം II ചോദ്യപേപ്പർ

SSLC മലയാളം I ചോദ്യവിശകലനം

പത്താം ക്ലാസ് പരീക്ഷയില്‍ പ്രതീക്ഷ നിലനിര്‍ത്തി മലയാളം
മാറിയ പാഠ്യപദ്ധതി അനുസരിച്ചുള്ള ആദ്യ എസ്.എസ്.എല്‍.സി പരീക്ഷ എന്ന സവിശേഷതയോടെയാണ് മലയാളം ഒന്നാം പേപ്പര്‍ ആരംഭിച്ചത്. അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് വിഭിന്ന നിലവാരക്കാരെ പരിഗണിക്കുന്നതും നിലവാരം പുലര്‍ത്തുന്നതുമായിരുന്നു ചോദ്യങ്ങള്‍. ഉള്ളടക്കത്തിനും അവധാരണത്തിനും ഭാഷാനൈപുണിക്കും ആസ്വാദനാംശങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ ചോദ്യകര്‍ത്താവ് ശ്രദ്ധിച്ചിട്ടുണ്ട്.
മോഡല്‍ പരീക്ഷയുടെ മാതൃകയില്‍ തന്നെ ഒരു മാര്‍ക്ക് വീതമുള്ള ആദ്യത്തെ നാല് ചോദ്യങ്ങളില്‍ മൂന്നെണ്ണത്തിന് തന്നിരിക്കുന്ന ഉത്തരങ്ങളില്‍ നിന്ന് ശരി എടുത്തെഴുതാനുള്ളതായിരുന്നു. എന്നാല്‍ മോഡല്‍ പരീക്ഷയില്‍ നിന്നും വിഭിന്നമായി ഉത്തരം തെരഞ്ഞെടുക്കാന്‍ സംശയലേശമെന്യേ കഴിയുന്ന ചോദ്യങ്ങളായിരുന്നു എന്നത് കുട്ടികള്‍ക്ക് ആശ്വാസമേകി.
'ഭാരതീയര്‍ക്കുണ്ടായിരുന്ന ഉജ്ജ്വലാദര്‍ശങ്ങള്‍ ഈ കാവ്യത്തില്‍ ഉടനീളം പ്രകാശിച്ചു നില്‍ക്കുന്നു' എന്നതില്‍ ഉജ്ജ്വലാദര്‍ശങ്ങള്‍ എന്ന പദത്തിന്റെ വിഗ്രഹരൂപം തെരഞ്ഞെടുക്കാനുള്ള ഒന്നാമത്തെ ചോദ്യത്തിന് ഉജ്ജ്വലമായ ആദര്‍ശങ്ങള്‍ എന്ന ഉത്തരത്തില്‍ അനായാസം എത്തിച്ചേരാം.
'ശ്ലോകത്തില്‍ കഴിക്കുക' എന്ന കഥകളി ശൈലിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കഥകളി സെമിനാര്‍ ഉള്‍പ്പെടുന്ന ക്ലാസ്സ്റൂം പ്രവര്‍ത്തനങ്ങളിലൂടെ കടന്നുവന്നതിനാല്‍ ചുരുക്കിപ്പറയുക എന്ന ഉത്തരത്തില്‍ എത്താന്‍ പ്രയാസമില്ല. 'മൈക്കലാഞ്ജലോ മാപ്പ്' എന്ന കവിതയിലെ മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദന ആവിഷ്ക്കരിക്കാന്‍ കവി ഉപയോഗിക്കുന്ന പ്രതീകം ഏത് എന്ന മൂന്നാമത്തെ ചോദ്യത്തിന് പാഴ്ചിപ്പി എന്ന് ഉത്തരം എഴുതാം.
അര്‍ത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കി എഴുതാനുള്ള നാലാം ചോദ്യം 'അമ്മ എന്നെ പ്രസവിച്ച്‌ മുലപ്പാലും മറ്റും തന്ന് വളര്‍ത്തി ഒരാളാക്കി തീര്‍ത്തു' എന്നോ 'പ്രസവിച്ച്‌ മുലപ്പാലും മറ്റും തന്ന് വളര്‍ത്തി അമ്മ എന്നെ ഒരാളാക്കി തീര്‍ത്തു' എന്നോ ആശയം നഷ്ടപ്പെടാതെ എഴുതാം.
തുടര്‍ന്ന് വരുന്ന രണ്ട് മാര്‍ക്കിന്റെ രണ്ട് ചോദ്യങ്ങളും പാഠസന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. 'ഉരുളക്കിഴങ്ങ് തിന്നുന്നവര്‍' എന്ന കഥയിലെ ജൂലിയാനയുടെ അവസ്ഥയും 'ഭാരതപര്യടന'ത്തിലെ മരണക്കിടക്കയില്‍ പോലും സഹോദരിയേയും അച്ഛനമ്മമാരേയും ആദ്യം ഓര്‍ക്കുന്ന ദുര്യോധനന്റെ അവസ്ഥയും പാഠം നന്നായി വായിച്ച കുട്ടികള്‍ മറക്കില്ല.
നാല് മാര്‍ക്കിന്റെ ആറ് ചോദ്യങ്ങള്‍ നല്‍കി അഞ്ചെണ്ണത്തിന് മാത്രം ഉത്തരം എഴുതേണ്ടവയില്‍ ഒന്നാമത്തേത് എഴുത്തച്ഛന്റെ 'ലക്ഷ്മണ സാന്ത്വന'ത്തിലെ ജീവിത വീക്ഷണമാണ്. 'നളിനി'യിലെ കാവ്യഭാഗത്തിന്റെ സവിശേഷതകള്‍ കുറിക്കാനുള്ള എട്ടാം ചോദ്യവും നളചരിതത്തിലെ പുഷ്കരന്റെ സ്വഭാവ സവിശേഷതകള്‍ വിലയിരുത്താനുള്ള ഒന്‍പതാം ചോദ്യവും പാദവാര്‍ഷികപരീക്ഷയില്‍ ആവര്‍ത്തിച്ച തിനാല്‍ താരതമ്യേന എളുപ്പമായി.
'നീ എന്റെ ഹൃദയത്തിനകത്താണോ നില്‍ക്കുന്നത്്?' എന്ന ദസ്തയേവ്സ്കിയുടെ ചോദ്യത്തില്‍ നിന്നും അന്നയുടെയും ദസ്തയേവ്സ്കിയുടെയും ഹൃദയൈക്യത്തിന്റെ തീവ്രത വിശകലനം ചെയ്യുന്ന ചോദ്യം മോഡല്‍ പരീക്ഷയ്ക്ക് വന്ന ചോദ്യത്തിന്റെ വിപുലനമാണ്. ശരണ്‍കുമാര്‍ ലിംബാളെ യുടെ 'അക്കര്‍മാശി'യിലെ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന സന്ദേശം എഴുതാനുള്ള പന്ത്രണ്ടാം ചോദ്യവും മോഡല്‍ പരീക്ഷയില്‍ നിരീക്ഷണ കുറിപ്പായി എഴുതാന്‍ ചോദിച്ചിരുന്നതിനാല്‍ സമയബന്ധിതമായി ഉത്തരം എഴുതാന്‍ കഴിയുന്നതായിരുന്നു.
തുടര്‍ന്ന് വരുന്ന ആറ് മാര്‍ക്കിന്റെ മൂന്ന് ചോദ്യങ്ങളില്‍ നിന്നും ഏതെങ്കിലും രണ്ടെണ്ണം തെരഞ്ഞെടുക്കാം. ലഘൂപന്യാസവും നിരൂപണക്കുറിപ്പും ആസ്വാദനവും ഉള്‍പ്പെട്ട ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ 'അമ്മ' എന്ന കഥയിലെയും ഒ.വി വിജയന്റെ 'കടത്തീരത്ത്' എന്ന കഥയിലെയും ഭാഗങ്ങളില്‍ നിന്നും മാതാപിതാക്കള്‍ക്ക് മക്കളോടുള്ള സ്നേഹവാല്‍സല്യങ്ങളുടെ ആഴം ആവിഷ്ക്കരിക്കുന്നതെങ്ങനെ എന്ന ചോദ്യം എല്ലാ വിഭാഗക്കാരെയും പരിഗണിച്ചുകൊണ്ടുള്ളതാണ്.
'ചിത്രകലയും കാവ്യകലയും' എന്ന പാഠഭാഗത്തെ എം.പി പോളിന്റെ വാക്കുകളെ അടിസ്ഥാനമാക്കി 'ഉരുളക്കിഴങ്ങു തിന്നുന്നവര്‍', 'മൈക്കലാഞ്ജലോ മാപ്പ്' തുടങ്ങിയ രചനകളിലെ നന്മയും സൗന്ദര്യവും കണ്ടെത്തുന്ന ചോദ്യം ഉയര്‍ന്ന നിലവാരക്കാരെ തൃപ്തിപ്പെടുത്തുന്നതാണ്. ഉള്ളടക്കത്തോടൊപ്പം ആസ്വാദനാംശങ്ങള്‍ക്കുകൂടി പ്രാധാന്യം കൊടുത്തുകൊണ്ട് ഉത്തരം മെച്ചപ്പെടുത്താം.
ആസ്വാദനക്കുറിപ്പ് തയ്യാറാക്കാനുള്ള അവസാന ചോദ്യം ഒളപ്പമണ്ണയുടെ 'ചന്ദനം' എന്ന കവിതയിലെതാണ്. പലപ്പോഴും ആവര്‍ത്തിക്കുന്നതിനാല്‍ ഈ ചോദ്യത്തിന് പുതുമ നിലനിര്‍ത്താനായില്ല. ആദര്‍ശവ ക്കരിക്കപ്പെട്ട സ്ത്രീ സങ്കല്‍പം പ്രകടമാകുന്ന കവിതയായതിനാല്‍ സമകാലിക സമത്വദര്‍ശനത്തെ ഉള്‍ക്കൊള്ളാന്‍ ഈ ചോദ്യത്തിന് സാധിച്ചില്ല.
എന്നാല്‍ 'അമ്മ', 'ഞാന്‍ കഥാകാരനായ കഥ', 'വിശ്വരൂപം' തുടങ്ങിയ പാഠഭാഗങ്ങളുമായി ചേര്‍ത്തു വച്ചുകൊണ്ട് ഉത്തരം എഴുതാനുള്ള സാദ്ധ്യത കൂടി ഈ ചോദ്യത്തിലുണ്ട്. 'വിശ്വരൂപം', 'ഞാന്‍ കഥാകാരനായ കഥ' എന്നിവയെ നേരിട്ട് പരാമര്‍ശിച്ചുകൊണ്ട് ഒരു ചോദ്യം പോലും ഉണ്ടായിരുന്നില്ല. 'അമ്മ' 'പ്രലോഭനം' തുടങ്ങിയ പാഠങ്ങളില്‍ നിന്നും ഒന്നിലധികം ചോദ്യങ്ങള്‍ ഉണ്ടായിരുന്നുതാനും.
ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്നവണ്ണം ആസ്വാദനം, വിശകലനം, നിരീക്ഷണം, നിരൂപണം, ഉപന്യാസം തുടങ്ങി വിവിധ വ്യവഹാരരൂപങ്ങളിലൂടെ കടന്നു പോകാന്‍ ചോദ്യകര്‍ത്താവിന് സാധിച്ചിട്ടുണ്ട്. പാഠപുസ്തങ്ങളിലെ യൂണിറ്റുകള്‍ക്ക് മുന്നോടിയായി ലളിതവും കാവ്യാത്മകവും തീവ്രവുമായ പ്രവേശകങ്ങള്‍ നല്‍കുകയും അവ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തെങ്കിലും ചോദ്യങ്ങളില്‍ അവയ്ക്ക് സ്ഥാനമുണ്ടായില്ല.
മലയാള സാഹിത്യത്തിന്റെ വൈവിദ്ധ്യവും വൈചിത്ര്യവും ഉള്‍പ്പെടുന്ന ചോദ്യങ്ങള്‍ക്കൊപ്പം ഭാരതീയ സാഹിത്യത്തിന്റെയും ലോകസാഹിത്യത്തിന്റെയും ആഴവും പ്രസക്തിയും അളക്കാനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. തുടര്‍ന്നുള്ള പരീക്ഷകളെ ഭയാശങ്കകളില്ലാതെ നേരിടാനും ആത്മവിശ്വാസം പകരാനും ഉതകുന്നതായി കേരളപാഠാവലി അഥവാ മലയാളം ഒന്നാം പേപ്പർ .
( മാതൃഭൂമി )

Wednesday, March 8, 2017

മലയാളം 2 പരീക്ഷാ പരിശീലനം

വിജയവാണി - എങ്ങനെ പരീക്ഷ എഴുതണം

Audio Download

MALAYALAM II (ദീപിക പത്രം പരിശീലന പരിപാടി pdf)

SSLC പരീക്ഷ 2017 മലയാളം I ചോദ്യപേപ്പര്‍

ഈ വര്‍ഷത്തെ SSLC പരീക്ഷ  ആരംഭിച്ചു. ഒന്നാം ദിവസമായ ഇന്ന് നടന്ന മലയാളം ഒന്നാം പേപ്പര്‍ പൊതുവെ എളുപ്പമായിരുന്നു എന്നാണ് വിലയിരുത്തല്‍

ചോദ്യപേപ്പര്‍

Annual Examination 2017 Question Papers