Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......
Showing posts with label പാവങ്ങൾ. Show all posts
Showing posts with label പാവങ്ങൾ. Show all posts

Friday, July 30, 2021

പാവങ്ങൾ സിനിമ പത്താം ക്ലാസ്സിലെ പാഠഭാഗം

 വിക്ടർ ഹ്യൂഗോയുടെ പ്രശസ്ത നോവൽ പാവങ്ങളുടെ  സിനിമാരൂപത്തിന്റെ  ഒരു ഭാഗം. പത്താം ക്ലാസ്സിലെ പാഠഭാഗം




Monday, August 5, 2019

പാവങ്ങൾ സിനിമ 2012

പാവങ്ങൾ 2012 സിനിമ പത്താം ക്ലാസ്സിലെ പാഠഭാഗം മലയാളം സബ്ടൈറ്റിലോടു കൂടി



Saturday, July 13, 2019

ഋഷികവി

നാലപ്പാട്ട് നാരായണ മേനോനെപ്പറ്റിയുള്ള ഡോക്യുമെന്ററി



പാവങ്ങളെപ്പറ്റി ഡോ.സുവർണ നാലപ്പാട്ട് സംസാരിക്കുന്നു.


ആസ്വാദനക്കുറിപ്പ് ബോദ്‌ലെയര്‍


പാവങ്ങള്‍ക്ക് വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ ചാള്‍സ് ബോദ്‌ലെയര്‍ എഴുതിയ ആസ്വാദനക്കുറിപ്പ്


ഫ്രാന്‍സിലെ ഏറ്റവും പ്രമുഖനും ജനപ്രിയനുമായ മഹാകവിയെക്കുറിച്ച് ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഞാന്‍ എഴുതാനിടയായി. കണ്‍ടെംപ്ലേഷന്‍സ്, ദ് ലെജെന്‍ഡ് ഓഫ് ദ് സെഞ്ചുറീസ് എന്നീ കൃതികള്‍ക്കാണ് ആ വരികള്‍ കൂടുതല്‍ യോജിക്കുകയെന്നു ചുരുങ്ങിയ കാലംകൊണ്ടു തെളിഞ്ഞിരിക്കുന്നു.
വിക്‌തോര്‍ യൂഗോയുടെ കവിതകളെ പുൽകുന്ന സാന്മാര്‍ഗികപശ്ചാത്തലം പഠനവിധേയമാക്കിയാല്‍, അത് അദ്ദേഹത്തിന്റെ വികാരനിലയെ ഗണ്യമായി സ്വാധീനിച്ചിരുന്നതായി കാണാം. അതിശക്തമായതിനോടും അതിദുര്‍ബലമായതിനോടും ഒരേ അളവിലുള്ള പരിഗണനയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രകടമായ സവിശേഷത. ഈ രണ്ടു വൈരുധ്യങ്ങളോടും കവിക്കു തോന്നുന്ന ആകര്‍ഷണത്തിന്റെ സ്രോതസ്സ് ഒന്നുതന്നെയാണ് - കേവലമായ ഊര്‍ജസ്വലത. ഈ ഗുണത്താല്‍ അദ്ദേഹം അനുഗൃഹീതനാണ്. അപാരമായ ശക്തി അദ്ദേഹത്തെ വശീകരിക്കുകയും മത്തുപിടിപ്പിക്കുകയും ചെയ്യുന്നു. അമ്മയുടെ അടുത്തേക്കെന്നപോലെ ശക്തിസ്വരൂപങ്ങള്‍ക്കു ചാരേ അദ്ദേഹം ഓടിയണയുന്നു. അനന്തതയുടെ എല്ലാ പ്രതീകങ്ങളിലേക്കും ഈ ആകര്‍ഷണം തടയാനാകാത്തവിധം വ്യാപിക്കുന്നുണ്ട് - കടല്‍, ആകാശം, ശക്തിയുടെ പൗരാണിക പ്രതീകങ്ങള്‍, ഹോമറിന്റെ ഇതിഹാസങ്ങളിലും ബൈബിളിലും പ്രത്യക്ഷപ്പെടുന്ന അതിമാനുഷര്‍, പടയാളികള്‍, ഭീമസ്വരൂപികളായ വന്യജീവികള്‍... ദുര്‍ബലമായ വിരലുകളെ ഭയപ്പെടുത്തുന്നവയെ അദ്ദേഹം അരുമയോടെ തലോടുന്നു. അപാരവിസ്തൃതികളില്‍ ബോധരഹിതനാകാതെ വിഹരിക്കുന്നു. അതേസമയംതന്നെ, ദുര്‍ബലനും ഏകനും ദുഃഖിതനുമായ സഹജീവിയോട് അനാഥനോടെന്നപോലെ വാത്സല്യവും കവിക്കുണ്ട്.
ശക്തിസ്രോതസ്സുകളോട് സാഹോദര്യഭാവവും സുരക്ഷിതത്വവും ആശ്വാസവചനങ്ങളും ആവശ്യമുള്ളവരോടു മക്കളോടെന്നപോലെ കാരുണ്യവും. ഈ ശക്തിയില്‍നിന്നാണ്, ശക്തിസ്രോതസ്സായ ഒരാള്‍ക്കുള്ള ആത്മവിശ്വാസത്തില്‍നിന്നാണ് നീതിയും കാരുണ്യവും പിറവിയെടുക്കുന്നത്. അധഃപതിച്ച സ്ത്രീകളോടും സമൂഹത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍പ്പെട്ടു ഞെരുങ്ങുന്ന പാവങ്ങളോടും നമ്മുടെ അത്യാഗ്രഹത്തിന്റെയും അധീശത്വത്തിന്റെയും രക്തസാക്ഷികളായ മിണ്ടാപ്രാണികളോടുമുള്ള സ്‌നേഹം വിക്‌തോര്‍ യൂഗോയുടെ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നത് അതുകൊണ്ടാണ്. ശക്തിയെന്ന ഗുണത്തോടൊപ്പം നന്മ കൂടിച്ചേരുമ്പോഴുള്ള സൗന്ദര്യം ഈ കവിയുടെ രചനകളില്‍ സമൃദ്ധമാണെന്നത് അത്രയേറെ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഭീമാകാരസത്വത്തിന്റെ മുഖത്തു വിരിയുന്ന പുഞ്ചിരിയും കണ്ണുകളില്‍നിന്നുതിരുന്ന നീര്‍ക്കണങ്ങളും മൗലികതയെ ദൈവികമാക്കുന്നു. മാംസനിബദ്ധമായ പ്രണയത്തെക്കുറിച്ചുള്ള ഈ ഹ്രസ്വകവിതകളില്‍പ്പോലും മാദകവും ഭാവസാന്ദ്രവുമായ ദുഃഖം, ഒരു ഓര്‍ക്കെസ്ട്രയിലെന്നപോലെ ജീവകാരുണ്യത്തിന്റെ ഗാഢധ്വനിയായി മുഴങ്ങുന്നു. കാമുകനെന്ന നിലയില്‍ സംരക്ഷകന്റെ ഭാവം.

പാവങ്ങളെപ്പറ്റിത്തന്നെ മറ്റൊരു കുറിപ്പ്


പാവങ്ങൾ - നോവലുകളുടെ അമ്മ


   നിങ്ങളൊരിക്കലും കുഞ്ഞുങ്ങൾക്ക് നല്ല കഥകൾ പറഞ്ഞുകൊടുക്കാതിരിക്കരുത്,അതിലെ നന്മതിന്മകളുടെ പോരാട്ടവും അവസാനം നന്മയുടെ വിജയവും കുട്ടികളിൽ ഒരു നല്ല ഭാവനയുണ്ടാക്കുകയും, ജീവിതത്തിൽ നന്മയുടെ ഭാഗം നിൽക്കാനുള്ള പ്രേരണ നൽകുകയും ചെയ്യും,തീർച്ച. മുത്തശ്ശിക്കഥകളുടെ മൂല്ല്യം അതായിരുന്നു.
കുട്ടിക്കാലത്ത് പാഠപുസ്തകത്തിൽ വായിച്ച ഒരുകഥ ജീവിതകാലം മുഴുവൻ മനസ്സിനെ സ്വാധീനിക്കുകയും പിന്നിടുള്ള സ്വഭാവരൂപീകരണത്തിനു കാരണമായിത്തീരുകയും മറ്റുള്ള മനുഷ്യരിൽ ദീനാനുകമ്പയുണ്ടാവാനും നിമിത്തമായി എന്നു പറഞ്ഞാൽ ചിലപ്പോളിന്നത്തെ തലമുറക്ക് അൽഭുതമായിത്തോന്നിയേക്കാം..പക്ഷെ അങ്ങിനെ ഒരു കഥയുണ്ട് എന്റെ ജീവിതത്തെ കുട്ടിക്കാലംതൊട്ടേ വിടാതെ പിന്തുടർന്ന ഒരു കഥ.ഇന്ന് എന്നിൽ എന്തെങ്കിലും നന്മയും,സത്യവും അവശേഷിക്കുന്നെങ്കിൽഅതിൽ ഒരുവലിയ പങ്ക് ജീൻ വാൽ ജീനിന്റെ കഥക്കുണ്ട്. ആ കഥാപാത്രത്തിന്റെ യഥാർത്ഥ നാമം ഴാൽ വാൽ ഴാങ്ങ് എന്നായിരുന്നു.കുട്ടിക്കാലത്ത് ഈ കഥവാ യിക്കുമ്പോൾ വിക്ടർ യൂഗോ എന്ന മഹാനായ എഴുത്തുകാരനെയോ പാവങ്ങൾ എന്ന മഹത്തായ കൃതിയെക്കുറിച്ചോ അറിയില്ലായിരുന്നു.എല്ലാ നോവലുകളുടെയും അമ്മയാണ് പാവങ്ങൾ.വളരെ വർഷങ്ങൾക്കുശേഷമാണു പാവങ്ങൾ എന്ന നോവൽ പൂർണ്ണമായി വായിക്കുന്നത്
"പാവങ്ങളെ നമ്മുടെ ഇടയിലേക്ക് തിരിച്ചുകൊണ്ടുവരും. കൊണ്ടു വരണം. കാരണം,ഭൂമിയിൽ അജ്ഞതയും കഷ്ടപ്പാടും ഉള്ളിടത്തോളം കാലം പാവങ്ങൾ പോലുള്ള ഒരുനോവലിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല.' വിക്തോർ യൂഗോവിന്റെ സ്വന്തം വാക്കുകളാണിവ."
സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പുസ്തകമാണിത്. നിരാർദ്രമായ സമകാലീന മലയാളിസമൂഹം ഇത് വായിക്കണം. അതവരെ ആർദ്രമനസ്‌കരാക്കാതിരിക്കില്ല. മറക്കുവാനും മാപ്പുകൊടുക്കുവാനും അത് നമ്മെ സഹായിക്കും.

പാവങ്ങളിൽ നിന്ന് ഒരു ഭാഗം

ഴാങ് വാൽഴാങ് അർദ്ധരാത്രിയോടുകൂടി ഉണർന്നു.ഴാങ് വാൽഴാങ് ബ്രീയിലെ ഒരു സാധുകൃഷിക്കാരന്റെ കുടുംബത്തിലാണ് ജനിച്ചത്. അയാൾ കുട്ടിക്കാലത്തു വായിക്കാൻ പഠിച്ചിട്ടില്ല. പ്രായം തികഞ്ഞതോടുകൂടി ഫെവറോളെയിൽ ഒരു മരംവെട്ടുകാരനായി. അമ്മയുടെ പേർ ഴെന്ന് മാത്തിയോ എന്നാണ്; അച്ഛനെ വാൽഴാങ് എന്നോ വഌഴാങ് എന്നോ പറഞ്ഞുവന്നിരുന്നു- ഈ ഒടുവിൽ പറഞ്ഞതു വ്വാല ഴാങ് (Voila Jean='ഇതാ ഴാങ്') എന്നുള്ളതിന്റെ ഒരു ചുരുക്കമായ പരിഹാസപ്പേരാണെന്നും വരാം.

പാവങ്ങളെപ്പറ്റി എം. മുകുന്ദൻ


പാവങ്ങളെപ്പറ്റി എം. മുകുന്ദൻ


അരനൂറ്റാണ്ടിനുശേഷം ഇപ്പോൾ തുലാവർഷം നനവു ചാർത്തിയ രാത്രിയിൽ വിക്തോർ യൂഗോയുടെ പാവങ്ങൾ ഞാൻ കൈയിലെടുത്ത് ഇരിക്കുകയാണ്. ഗൃഹാതുരത്വത്തോടെയാണ് ഞാനതിന്റെ താളുകൾ മറിച്ചുനോക്കുന്നത്. എല്ലാ നോവലുകളുടെയും അമ്മയാണ് പാവങ്ങൾ.ആ ദ്യമായി ഈ നോവൽ വായിച്ച നാളുകളിലേക്ക് ഓർമകൾ കണ്ണുതുറക്കുന്നു...
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വായിച്ചിട്ടുള്ള നോവലല്ലേ ഇത്? ഇത്രയധികം ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുള്ള മറ്റൊരു നോവൽ ഇല്ലല്ലോ. ഇപ്പോഴും പാവങ്ങൾക്ക് പുതിയ മൊഴിമാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.  ഇന്നും വ്യത്യസ്തമായ രാജ്യങ്ങളിലെ വ്യത്യസ്തമായ സാംസ്‌കാരിക പരിസരങ്ങളിൽ ജീവിക്കുന്ന ആളുകൾ പാവങ്ങൾ വായിക്കുന്നുണ്ട്. ലോകത്തിൽ രണ്ടുതരം പൗരന്മാരുണ്ടെന്ന് പറയുന്നു. പാവങ്ങൾ വായിച്ചിട്ടുള്ളവരും വായിക്കാത്തവരും. പാവങ്ങൾ വായിച്ചിട്ടില്ലാത്തവർ നിരക്ഷരരെപ്പോലെയാണ്. അവരുടെ ആത്മാവിൽ ദാരിദ്ര്യമുണ്ടാകും. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ചതുകൊണ്ടുമാത്രം ആരും അക്ഷരാഭ്യാസമുള്ളവരായി മാറുന്നില്ലല്ലോ. പാവങ്ങൾ വായിക്കുകകൂടി ചെയ്യണം. കാരണം ഒന്നര നൂറ്റാണ്ടിലേറെയായി ആത്മോന്നമനത്തിന് അവശ്യം വായിക്കേണ്ട പാഠപുസ്തകങ്ങളിൽ ഒന്നാണ് പാവങ്ങൾ.
പാവങ്ങൾ വായിച്ച നാളുകൾ ഇപ്പോഴും എനിക്കോർമയുണ്ട്. അന്നെനിക്ക് പതിനാലോ പതിനഞ്ചോ വയസ്സായിക്കാണും. അക്കാലം എന്റെ വീട്ടിനരികിൽ നല്ലൊരു ഗ്രന്ഥശാലയുണ്ടായിരുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ പറയുന്ന വിജ്ഞാനപോഷിണി വായനശാലയാണത്. പ്രധാനപ്പെട്ട പുസ്തകങ്ങൾ പുറത്തിറങ്ങിയാൽ ഉടനെ അതൊക്കെ ഞങ്ങളുടെ ഈ വായനശാലയിൽ എത്തുമായിരുന്നു. അങ്ങനെയാണ് വിക്തോർ യൂഗോയുടെ പാവങ്ങളുടെ ഒരു കോപ്പി അവിടെ വന്നത്. നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത് മാതൃഭൂമി പ്രസിദ്ധീകരിച്ചതായിരുന്നു അത്. പ്രസിദ്ധീകരിച്ച് വൈകാതെതന്നെ അതിന് 1959-ൽ പുതിയ പതിപ്പ് ഉണ്ടാകുകയും ചെയ്തു.
കുറേക്കാലത്തിനുശേഷം ഇപ്പോൾ മാതൃഭൂമി പാവങ്ങൾ പുനഃപ്രസിദ്ധീകരിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ ഞാൻ അതു വായിച്ച നാളുകളിലേക്ക് മനസ്സുകൊണ്ട് ഒരു മടക്കയാത്ര നടത്തുകയായിരുന്നു. ഞാൻ ആദ്യം ചെയ്തത് ഞങ്ങളുടെ പഴയ വായനശാലയിൽ ചെന്ന് ഈ നോവൽ ഇപ്പോഴും അവിടെയുണ്ടോ എന്നന്വേഷിക്കുകയായിരുന്നു...
 ഉണ്ട്. ഇപ്പോഴും അതവിടെയുണ്ട്.
പൊടിപിടിച്ച ചില്ലലമാരയിൽനിന്നു രണ്ടു വോള്യങ്ങളിലുള്ള നോവൽ പുറത്തെടുത്തപ്പോൾ ആദ്യം അറിഞ്ഞത് പഴയ കടലാസിന്റെ മണമാണ്. മയ്യഴിയിലെ എന്റെ തലമുറ ആവർത്തിച്ച് ആർത്തിയോടെ വായിച്ച പുസ്തകമാണത്. അരനൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും കടലാസിന്റെ നിറം മങ്ങിയെങ്കിലും അതിനു കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ചില താളുകളിൽ നനവുണങ്ങിയതുപോലെ കാണപ്പെട്ടു. വായനക്കാരുടെ കണ്ണീർ വീണുണങ്ങിയതാവാം ആ അടയാളങ്ങൾ. അരനൂറ്റാണ്ടുകാലം ഉറകുത്താതെ ഈ പുസ്തകത്തെ സംരക്ഷിച്ചത് വായനക്കാരുടെ കണ്ണീരായിരിക്കുമോ?

പാവങ്ങൾ ഒരു വിശകലനം


വിക്തോർ യൂഗോയുടെ പാവങ്ങൾ- LES MISERABLES


           കരുണയുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും  സന്ദേശം ലോകത്തിൽ വിളിച്ചറിയിക്കുന്ന ഉജ്ജ്വലമായ  ഒരു   കലാസൃഷ്ടി,പേര് പോലെ പാവപ്പെട്ടവന്റെ കഥ പറയുന്ന യൂഗോ. ലോകത്തിലെ  സാമ്പത്തിക അസമത്വം എത്രത്തോളം നിലനിൽക്കുമോ,അത്രത്തോളം ഇത്തരത്തിലുള്ള എഴുത്തുകൾക്ക് പ്രസക്തിയും ഉണ്ടായിരിക്കും. മെറിൻ എന്ന ബിഷപ്പിലൂടെ ആരംഭിക്കുന്ന കഥ ഒരു  ബിഷപ്പ് എങ്ങനെ ആയിരിക്കണം എന്ന് സ്വന്തജീവിതത്തിലൂടെ കാണിച്ചു തരുന്നു. രോഗികൾക്കായി സ്വന്ത ഭവനം വിട്ടുകൊടുക്കുന്ന മെറിൻ ലളിതമായ ജീവിതം എന്തെന്ന് കാണിച്ചുതരുന്നു.
           തുടക്കത്തിൽ ചില അതിഭാവുകത്വം തോന്നിക്കുമെങ്കിലും മുന്നോട്ടുള്ള വായനക്ക് അത് അനിവാര്യമായിരുന്നു എന്ന് മനസ്സിലാകും. വിശപ്പിന്റെയും അവഗണനയുടെയും കയത്തിൽ നിന്നു വരുന്ന ജീൻവാൽജീൻ ആണ് ഇതിലെ മുഖ്യ കഥാപാത്രം. സഹോദരിയുടെ വിശന്നു പൊരിയുന്ന മക്കൾക്ക് കൊടുക്കാൻ ഒരു റൊട്ടി മോഷ്ട്ടിക്കുന്ന ജീനെ അഞ്ച് വർഷത്തെ തടവിനു വിധിക്കുന്നു നിയമ കോടതി. പല വട്ടം ജയിൽ ചാടാൻ ശ്രമിച്ചു എന്ന പേരിൽ പത്തൊമ്പത് വർഷമാക്കുന്നു ശിക്ഷ. ഒരു കുറ്റവാളിക്ക് ശിക്ഷയാണോ ശിക്ഷണമാണോ വേണ്ടത് എന്ന് ലോകത്തെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന നല്ല എഴുത്തുകൾ ഇവിടെ കാണാം.  ശിക്ഷയുടെ കാലാവധി കഴിഞ്ഞു പുറത്തു വരുന്ന ജീൻവാൽജീൻ അന്തിയുറങ്ങാൻ ഒരിടത്തിനായി ഒരു നേരത്തെ ഭക്ഷണത്തിനായി അലയുന്ന സാഹചര്യം, കിടക്കാനായി ഒരുങ്ങുമ്പോൾ താൻ കണ്ടെത്തിയ സ്ഥലം പട്ടിക്കൂടാണെന്ന് പട്ടിയുടെ ആക്രമണത്തിലൂടെ മനസിലാക്കിയ ജീൻ, പണം കൊടുത്തിട്ടും ഭക്ഷണം കൊടുക്കാത്ത ഹോട്ടലുടമ, ജയിൽ ശിക്ഷ അനുഭവിച്ചതിന്റെ പേരിൽ സമൂഹത്തിൽ ഒറ്റപ്പെടുന്ന വ്യക്തി---ഒരാളോട് സമൂഹം കാണിക്കുന്ന ക്രൂരതയുടെ കാണാപ്പുറങ്ങൾ എല്ലാം തുറന്നു കാട്ടുന്നു.വർത്തമാന കാലത്തിലും പ്രസക്തമായ ചില ചോദ്യങ്ങൾ, ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന വ്യക്തിയോട് സമൂഹത്തിനുള്ള  പ്രതിബദ്ധത, ശിക്ഷ കൊണ്ട് എന്ത് നേടി  -?.  അവസാനത്തെ ആശ്രയമായി കടന്നു ചെല്ലുന്ന ബിഷപ്പ് മെർവിന്റെ ആശ്രമം. രണ്ട് കയ്യും നീട്ടിയുള്ള ബിഷപ്പിന്റെ സ്വീകരണം ജീനിന്റെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു. കഴിക്കാൻ ഭക്ഷണവും കിടക്കാൻ ഇടവും കൊടുത്ത  ബിഷപ്പിന്റെ ഭവനത്തിൽ നിന്ന് രാത്രിയോട് കൂടി വെള്ളി കരണ്ടിയും പാത്രങ്ങളും മോഷ്ടിച്ച് രക്ഷപ്പെടുന്ന ജീൻ പോലീസിന്റെ പിടിയിലാകുന്നതും തൊണ്ടിമുതലുമായി ബിഷപ്പിന്റെ ഭവനത്തിൽ  ജീനുമായി എത്തുന്ന പോലീസിനോട് പാത്രങ്ങൾ മാത്രമല്ല വിളക്കുകാലുകളും ഞാൻ ജീനിന് കൊടുത്തതാണെന്നും എന്തേ അതുകൂടി എടുത്തില്ല എന്ന ബിഷപ്പിന്റെ മറുപടി പത്തൊമ്പത് വർഷത്തെ ജയിൽ ശിക്ഷയിലൂടെ മാറാത്ത ജീനിനെ ഒരു പശ്ചാത്താപത്തിലേക്ക് നയിക്കുന്നു.അങ്ങനെ കഥയിലെ പ്രധാന ബിന്ദു ഇവിടെ തുടങ്ങുന്നു. അതോടൊപ്പം   നിയമം നടപ്പാക്കപ്പെടേണ്ടതാണ് ,അതിൽ മനുഷ്യത്വത്തിന്  വിലയില്ല എന്ന് ചിന്തിക്കുന്ന പോലീസ് ഓഫീസർ ളവേർ---ഒരു വേട്ടപ്പട്ടിയെ പോലെ കഥയുടെ അവസാനം വരെ  ജീൻ വാൽജീനെ പിൻതുടരുന്നു.

തൊട്ടത്‌ പൊന്നാക്കിയ നാലപ്പാടന്‍


തൊട്ടത്‌ പൊന്നാക്കിയ നാലപ്പാടന്‍


മലയാളിയുടെ ഭാവുകത്വത്തിന്‌ വികാസം പകര്‍ന്ന എഴുത്തുകാരനായിരുന്നു നാലപ്പാട്ട്‌ നാരായണ മേനോന്‍. വളരെ കുറച്ചേ എഴുതിയിട്ടുള്ളൂ ; പക്ഷെ മലയാള സാഹിത്യത്തില്‍ അദ്ദേഹത്തിന്‌ വളരെ വലിയൊരു സ്ഥാനമാണുള്ളത്‌. ഒക്ടോബര്‍ ഏഴ്‌ അദ്ദേഹത്തിന്റെ ജന്‍‌മദിവസമാണ്‌.

വിവര്‍ത്തനം വലിയ ഒരു സാംസ്കാരികദൗത്യമായി മാറ്റുക. കവിതാ രചനയില്‍ പുതിയ അനുവാചകലോകത്തെ സൃഷ്ടിക്കുക. ആര്‍ഷജ്ഞാനത്തിന്റെയും രതിലോകത്തിന്റെയും വഴികള്‍ ആവിഷ്കരിക്കുക തുടങ്ങി വ്യത്യസ്തങ്ങളായ വഴികളിലൂടെ യാത്ര ചെയ്ത്‌ സമഗ്രമായൊരു ജീവിതസങ്കല്‍പം സാക്ഷാത്കരിച്ച വ്യക്തിയായിരുന്നു നാലപ്പാട്ട്‌ നാരായണ മേനോന്‍.

വള്ളത്തോള്‍ പാരമ്പര്യത്തില്‍ പെട്ട കവിയില്‍ നിന്ന്‌ നാരായണ മേനോന്‍ ദാര്‍ശനിക കവിയായി, തത്വചിന്തകനായി വിലാപകാവ്യകാരനായി, വിവര്‍ത്തകനായി, ആര്‍ഷ ജ്ഞാനിയായി പിന്നെ ലൈംഗിക ശാസ്ത്രാവബോധകനായി.

മലയാള കവിതയിലെ ഭാവഗീതപ്രസ്ഥാനത്തെ വികസിപ്പിച്ചതില്‍ നാലപ്പാടന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. എഴുത്തുകാരന്‍ എന്ന നിലയില്‍ സമഗ്രവ്യക്തിത്വം പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. മനുഷ്യാവസ്ഥകളുടെ എല്ലാ മേഖലകളിലേയ്ക്കും അദ്ദേഹത്തിന്റെ കാഴ്ച ചെന്നെത്തി.

ഓരോ വിഷയത്തിലും ഓരോ പുസ്തകമേ എഴുതിയിട്ടുള്ളൂ. എഴുതിയവയാകട്ടെ ബൃഹദ്‌ പുസ്തകങ്ങളും; അവയെല്ലാം എക്കാലത്തെയും മികച്ചവയാണുതാനും. തൊട്ടതെല്ലാം പൊന്നാക്കി അദ്ദേഹം. നാലപ്പാടിനു മാത്രമേ ഇത്തരം ഒരു ബഹുമതി അവകാശപ്പെടാനാവൂ - കാവ്യത്തിലും ഗദ്യത്തിലും ഉള്ള സവ്യ സാചിത്വം.

നാലപ്പാടിന്റെ അനന്തരവളാണ്‌ ബാലാമണിയമ്മ. 

1887
 ഒക്‌ടോബര്‍ ഏഴിന്‌ പൊന്നാനിക്കടുത്ത വന്നേരിയിലാണ്‌ ജനനം 1954 ജൂ‍ണ്‍ മൂന്നിന്‌ അന്തരിച്ചു. നാലപ്പാടിന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂരും കോഴിക്കോടുമായിരുന്നു. ഇംഗ്ലീഷും വേദാന്തവും പഠിച്ച അദ്ദേഹം കുറച്ചുകാലം ഒരു പ്രസ്സിന്റെ മാനേജരായി ജോലി നോക്കി.

കണ്ണുനീര്‍ത്തുള്ളിയും പാവങ്ങളും 

സഹധര്‍മ്മിണിയുടെ വേര്‍പാടില്‍ ദുഃഖം പ്രകടിപ്പിച്ച്‌ നാലപ്പാട്ട്‌ നാരായണമേനോന്‍ രചിച്ച കണ്ണുനീര്‍ത്തുള്ളി ഭാഷയിലെ എക്കാലത്തെയും മികച്ച വിലാപകാവ്യമാണ്‌. അദ്ദേഹം വിവര്‍ത്തനം ചെയ്ത വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ എന്ന വിശ്വവിഖ്യാതമായ നോവല്‍ മലയാളിക്ക്‌ തീര്‍ത്തും അപരിചിതമായ വായനയുടെ പുതുലോകം തുറന്നുകൊടുത്തു.

ആ പരിഭാഷ വില്‍ക്കാന്‍ മഹാകവി വള്ളത്തോള്‍ നടത്തിയ ക്ലേശകരമായ ശ്രമങ്ങള്‍ നമ്മുടെ സാംസ്കാരിക ചരിത്രത്തിലെ അവിസ്മരണീയമായ അദ്ധ്യായമാണ്‌. കേരളത്തിന്റെ സാംസ്കാരിക രംഗത്ത്‌ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ കൃതിയെന്ന പാവങ്ങളുടെ പരിഭാഷയെക്കുറിച്ച്‌ ഇ.എം.എസ്‌. പില്‍ക്കാലത്ത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

നിന്ദിതരും പീഡിതരുമായ എല്ലാ മനുഷ്യരിലും ഈശ്വരാംശം കുടികൊള്ളുന്നു എന്ന യൂഗോവിന്റെ വിശ്വാസ പ്രമാണം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ നാലപ്പാടന്‍ തന്നെയാണ്‌ ആര്‍ഷജ്ഞാനം രചിച്ചത്‌. ഭാരതീയ സംസ്കാരത്തിന്റെ അഗാധതകളില്‍ ആഴ്‌ന്നിറങ്ങി അദ്ദേഹം കണ്ടെത്തിയ മുത്തുകള്‍ എല്ലാ തലമുറകളിലെയും സുമനസ്സുകള്‍ക്കുള്ള സമര്‍പ്പണമാണ്‌.

നാലപ്പാടിന്റെ കൃതികള്‍ 

ചക്രവാളം ( കവിത )
പുളകാങ്കുരം ( " )
കണ്ണുനീര്‍ത്തുള്ളി (വിലാപകാവ്യം) 
ആര്‍ഷജ്ഞാനം ( തത്വചിന്ത)
പൗരസ്ത്യദീപം( വിവര്‍ത്തനം)
പാവങ്ങള്‍ ( ' ' )
രതിസാമ്രാജ്യം ( ലൈംഗികശാസ്ത്രം)




എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...