പാവങ്ങൾ - നോവലുകളുടെ അമ്മ
നിങ്ങളൊരിക്കലും കുഞ്ഞുങ്ങൾക്ക് നല്ല കഥകൾ
പറഞ്ഞുകൊടുക്കാതിരിക്കരുത്,അതിലെ നന്മതിന്മകളുടെ പോരാട്ടവും അവസാനം നന്മയുടെ
വിജയവും കുട്ടികളിൽ ഒരു നല്ല ഭാവനയുണ്ടാക്കുകയും, ജീവിതത്തിൽ നന്മയുടെ ഭാഗം നിൽക്കാനുള്ള പ്രേരണ നൽകുകയും ചെയ്യും,തീർച്ച. മുത്തശ്ശിക്കഥകളുടെ
മൂല്ല്യം അതായിരുന്നു.
കുട്ടിക്കാലത്ത് പാഠപുസ്തകത്തിൽ വായിച്ച ഒരുകഥ ജീവിതകാലം മുഴുവൻ മനസ്സിനെ സ്വാധീനിക്കുകയും പിന്നിടുള്ള
സ്വഭാവരൂപീകരണത്തിനു കാരണമായിത്തീരുകയും മറ്റുള്ള മനുഷ്യരിൽ ദീനാനുകമ്പയുണ്ടാവാനും
നിമിത്തമായി എന്നു പറഞ്ഞാൽ ചിലപ്പോളിന്നത്തെ തലമുറക്ക് അൽഭുതമായിത്തോന്നിയേക്കാം..പക്ഷെ
അങ്ങിനെ ഒരു കഥയുണ്ട് എന്റെ ജീവിതത്തെ കുട്ടിക്കാലംതൊട്ടേ വിടാതെ പിന്തുടർന്ന ഒരു
കഥ.ഇന്ന് എന്നിൽ എന്തെങ്കിലും നന്മയും,സത്യവും അവശേഷിക്കുന്നെങ്കിൽഅതിൽ ഒരുവലിയ
പങ്ക് ജീൻ വാൽ ജീനിന്റെ കഥക്കുണ്ട്. ആ കഥാപാത്രത്തിന്റെ യഥാർത്ഥ നാമം ഴാൽ വാൽ
ഴാങ്ങ് എന്നായിരുന്നു.കുട്ടിക്കാലത്ത് ഈ കഥവാ യിക്കുമ്പോൾ വിക്ടർ യൂഗോ എന്ന
മഹാനായ എഴുത്തുകാരനെയോ പാവങ്ങൾ എന്ന മഹത്തായ കൃതിയെക്കുറിച്ചോ അറിയില്ലായിരുന്നു.എല്ലാ
നോവലുകളുടെയും അമ്മയാണ് പാവങ്ങൾ.വളരെ വർഷങ്ങൾക്കുശേഷമാണു പാവങ്ങൾ എന്ന നോവൽ
പൂർണ്ണമായി വായിക്കുന്നത്
"പാവങ്ങളെ നമ്മുടെ ഇടയിലേക്ക്
തിരിച്ചുകൊണ്ടുവരും. കൊണ്ടു വരണം. കാരണം,ഭൂമിയിൽ അജ്ഞതയും കഷ്ടപ്പാടും
ഉള്ളിടത്തോളം കാലം പാവങ്ങൾ പോലുള്ള ഒരുനോവലിന്റെ പ്രസക്തി ഇല്ലാതാകുന്നില്ല.' വിക്തോർ
യൂഗോവിന്റെ സ്വന്തം വാക്കുകളാണിവ."
സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പുസ്തകമാണിത്. നിരാർദ്രമായ
സമകാലീന മലയാളിസമൂഹം ഇത് വായിക്കണം. അതവരെ ആർദ്രമനസ്‌കരാക്കാതിരിക്കില്ല. മറക്കുവാനും
മാപ്പുകൊടുക്കുവാനും അത് നമ്മെ സഹായിക്കും.
പാവങ്ങളിൽ നിന്ന് ഒരു ഭാഗം
ഴാങ് വാൽഴാങ് അർദ്ധരാത്രിയോടുകൂടി ഉണർന്നു.ഴാങ് വാൽഴാങ്
ബ്രീയിലെ ഒരു സാധുകൃഷിക്കാരന്റെ കുടുംബത്തിലാണ് ജനിച്ചത്.
അയാൾ കുട്ടിക്കാലത്തു വായിക്കാൻ
പഠിച്ചിട്ടില്ല. പ്രായം തികഞ്ഞതോടുകൂടി ഫെവറോളെയിൽ ഒരു മരംവെട്ടുകാരനായി. അമ്മയുടെ
പേർ ഴെന്ന് മാത്തിയോ എന്നാണ്; അച്ഛനെ വാൽഴാങ് എന്നോ വഌഴാങ് എന്നോ
പറഞ്ഞുവന്നിരുന്നു- ഈ ഒടുവിൽ പറഞ്ഞതു വ്വാല ഴാങ് (Voila
Jean='ഇതാ ഴാങ്') എന്നുള്ളതിന്റെ
ഒരു ചുരുക്കമായ പരിഹാസപ്പേരാണെന്നും വരാം.
സ്‌നേഹിക്കുന്ന സ്വഭാവമുള്ളവരുടെ ഏക വിശേഷതയായ
ആലോചനാശീലമുള്ള-എന്നാൽ മുഖം കറുപ്പിച്ചുകൊണ്ടുള്ള ആ ഒരു മട്ടില്ലാത്ത- ഒരാളായിരുന്നു
ഴാങ് വാൽഴാങ്. ഏതായാലും താൻ ഒരു മന്തനും സാരമില്ലാത്തവനുമാണെന്നു
കാണിക്കുന്ന അങ്ങനെ ഒന്ന് മറ്റെങ്ങുമില്ലെങ്കിൽ,
കാഴ്ചയിൽ-അയാൾക്കുണ്ടായിരുന്നു എന്നു തീർച്ചയാണ്. നന്നേ
ചെറുപ്പത്തിൽത്തന്നെ അച്ഛനും അമ്മയും കഴിഞ്ഞുപോയി.
വേണ്ടവിധം ചികിത്സിക്കാതെ ഒരുതരം
പനികൊണ്ടാണ് അമ്മ മരിച്ചത്. തന്നെപ്പോലെത്തന്നെ
മരംവെട്ടുകാരനായിരുന്ന തന്റെ അച്ഛൻ ഒരു മരം തലയ്ക്കു വീണു സിദ്ധികൂടി. ഴാങ്
വാൽഴാങ്ങിന് ആകപ്പാടെ തന്നേക്കാൾ വയസ്സു മൂത്ത ഒരു സഹോദരി,
ആണും പെണ്ണുംകൂടി ഏഴോളം മക്കളുള്ള ഒരു
വിധവമാത്രം, ബാക്കിയായി. ഈ സഹോദരിയാണ് ഴാങ് വാൽഴാങ്ങിനെ
വളർത്തിവന്നത്; തനിക്കു ഭർത്താവുണ്ടായിരുന്നേടത്തോളം കാലം അവൾ തന്റെ
അനുജനേയും ഒപ്പം താമസിപ്പിച്ചു.
ഭർത്താവു മരിച്ചു. ഏഴു കുട്ടികളുള്ളതിൽ മൂത്തയാൾക്ക് എട്ടു
വയസ്സായി; എല്ലാറ്റിലും വെച്ചു ചെറിയതിന് ഒന്നും.ഴാങ്
വാൽഴാങ്ങിന് ഇരുപത്തഞ്ചു വയസ്സു കഷ്ടിച്ചു തികഞ്ഞു.
അയാൾ അച്ഛന്റെ പ്രവൃത്തി തുടങ്ങി; അങ്ങനെ
അയാൾ തന്നെ പോറ്റിക്കൊണ്ടുപോന്ന ആ സഹോദരിയേയും കുട്ടികളേയും പുലർത്തി. ഇതു
തന്റെ ഒരു മുറയാണെന്നു മാത്രം വെച്ച് അത്ര രസമില്ലാതെയാണ് അയാൾ ചെയ്തുപോന്നത്. അതിനാൽ
അയാളുടെ യൗവനം വിരസവും വിലകുറഞ്ഞതുമായ കൂലിപ്പണിയിൽ ചെലവായി. തന്റെ
മേൽ ദയയുള്ള
ഒരു സ്ത്രീസുഹൃത്തിനെയെങ്കിലും അയാൾക്കു സ്വന്തംരാജ്യത്തുനിന്നു കിട്ടിയില്ല. ഒരു
സ്ത്രീയേയും സ്‌നേഹിക്കുവാൻ അയാൾക്ക് ഇടയുണ്ടായില്ല...
രാത്രി അയാൾ പ്രവൃത്തി കഴിഞ്ഞു വരും; ഒരക്ഷരവും
മിണ്ടാതെ തനിക്കുള്ള മാംസസ്സൂപ്പു കഴിക്കും.
അയാളുടെ സഹോദരി ഴെന്ന് അയാൾ തിന്നുന്ന
പാത്രത്തിൽനിന്നുതന്നെ, ഇടയ്ക്ക് ഒരു കഷ്ണം മാംസമോ, ഉപ്പിട്ടുണക്കിയ
പന്നിമാംസത്തിന്റെ ഒരു ചെത്തോ, പഴത്തിന്റെ കഴമ്പോ എടുത്തു തന്റെ
കുട്ടികളിൽ ആർക്കെങ്കിലും കൊടുക്കും. ഭക്ഷണമേശയ്ക്കു മുൻപിൽ ഏതാണ്ടു
സൂപ്പിൻപാത്രത്തിന്റെ ഉള്ളിലേക്കായി തല താഴ്ത്തി,
നീണ്ട തലമുടി പാത്രത്തിനു ചുറ്റും
പാറിപ്പറന്നു വീണു കണ്ണു മറഞ്ഞുകൊണ്ട്, അയാൾ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ, ആ
നടക്കുന്നതൊന്നും താൻ കാണുന്നില്ലെന്നും അതെല്ലാം താൻ സമ്മതിക്കുന്നുണ്ടെന്നും
തോന്നിക്കുന്ന ഒരു സമ്പ്രദായം അയാൾക്കുണ്ടായിരുന്നു.
ഫെവറോളെയിൽ വാൽഴാങ്ങിന്റെ വയ്‌ക്കോൽ
മേഞ്ഞ ചെറുവീട്ടിൽനിന്നു ദൂരത്തല്ലാതെ, ഇടുങ്ങിയ നിരത്തിന്റെ അങ്ങേ വശത്തായി, മാറിക്ലോദ്
എന്നു പേരായ ഒരു കൃഷീവലപത്‌നി താമസമുണ്ട്;
സാധാരണമായി വയറു നിറയാത്തവരായ വാൽഴാങ്
കുടുംബത്തിലെ കുട്ടികൾ, അമ്മ പറഞ്ഞയച്ചു എന്നു കളവു പറഞ്ഞു, ചിലപ്പോഴെല്ലാം, ഒരു
പാത്രം പാൽ കടം വാങ്ങിക്കുവാൻ മാറിക്ലോദിന്റെ അടുക്കൽ ചെല്ലും; അങ്ങനെ
കിട്ടിയതുംകൊണ്ട് ആ ചെറിയ പെൺകുട്ടികൾ വല്ല വേലിയ്ക്കു പിന്നിലോ ഇടവഴിയുടെ മൂലയിലോ
ചെന്നുനിന്ന് ഓരോരുത്തരും വേഗത്തിൽ അങ്ങോട്ടുമിങ്ങോട്ടും തട്ടിപ്പറിച്ചെടുത്തു, പാലൊക്കെ
മേലും കഴുത്തിലും കളഞ്ഞൊപ്പിച്ചുകൊണ്ട്, മുഴുവനും കുടിച്ചുതീർക്കും. ഇത്
അമ്മ അറിഞ്ഞുപോയെങ്കിൽ ആ കള്ളപ്പുള്ളികളെ വല്ലാതെ ശിക്ഷിയ്ക്കും. അമ്മ
അറിയാതെ മാറിക്ലോദിനു കൊടുപ്പാനുള്ള പാലിന്റെ വില ഴാങ്‌വാൽഴാങ്
ദേഷ്യപ്പെട്ടുകൊണ്ടും പിറുപിറുത്തുകൊണ്ടും കൊടുത്തുതീർക്കും; അങ്ങനെ
കുട്ടികൾക്ക് ശിക്ഷ കിട്ടാറില്ല.
കൊമ്പിറക്കുന്ന കാലങ്ങളിൽ അയാൾക്കു ദിവസം
പതിനെട്ടു സൂവീതം സമ്പാദ്യമുണ്ടാവും; അന്നയാൾ വയ്‌ക്കോൽ കുടയാനും
കൂലിപ്പണിയെടുക്കാനും, കന്നു മേയ്ക്കാനും,
എന്തുപണിയ്ക്കും ചേരും. തന്നെക്കൊണ്ടു
കഴിയുന്ന എല്ലാ പണിയും അയാൾ ചെയ്യും. അയാളുടെ പെങ്ങളും കൂലിവേലയ്ക്കു കൂടും; പക്ഷേ, ആ ഏഴു
കുട്ടികളേയും വെച്ചുകൊണ്ട് അവൾക്കെന്തു ചെയ്യാൻ കഴിയും?
കഷ്ടപ്പാടിൽ ആണ്ടുകിടക്കുന്ന ഒരു
സാധുകുടുംബമായിരുന്നു അത്; ക്രമത്തിൽ ക്രമത്തിൽ അതു മണ്ണടിയുവാൻ
തുടങ്ങി. ഒരു വല്ലാത്ത മഴക്കാലം വന്നു.
ഴാങ്ങിനു പണി കിട്ടാതായി. കുടുംബത്തിൽ
പട്ടിണിയായി. വാസ്തവത്തിൽ പട്ടിണി.
ഏഴു കുട്ടികളും!
ഒരു ഞായറാഴ്ച രാത്രി,
ഫെവറോളെയിലെ പള്ളിക്കടുത്ത് അപ്പം
ചുട്ടുവില്ക്കുന്നവനായ മോബേർ ഇസബോ, കിടക്കാൻ പോകാനൊരുങ്ങുമ്പോൾ, ഷാപ്പിൻമുൻപിലെ
അഴിവാതിലിന്മേൽ ഊക്കിൽ ഒരിടിയിടിക്കുന്നതു കേട്ടു.
ഇടികൊണ്ടു തകർന്ന ചില്ലിന്റെ പഴുതിലൂടെ ഒരു
കൈ അകത്തേയ്ക്കു കടക്കുന്നതു കാണാൻ പാകത്തിൽ ഷാപ്പുകാരൻ ആ സ്ഥലത്തെത്തി. ആ
നീട്ടിയ കൈ ഒരപ്പം കടന്നെടുത്ത് അതുംകൊണ്ടു പോയി.
ഇസബോ ക്ഷണത്തിൽ പുറത്തേയ്ക്കു
പാഞ്ഞുചെന്നു; അതു തട്ടിയെടുത്ത കള്ളൻ കാലിനുള്ള ശക്തിയൊക്കെ ഉപയോഗിച്ചു
കുതിച്ചു പാഞ്ഞു. ഇസബോ അവന്റെയൊപ്പം ഓടി,
അവനെ ചെന്നുപിടിച്ചു. കള്ളൻ
അപ്പം കളഞ്ഞിരുന്നു; പക്ഷേ, കൈയിന്മേൽനിന്നു ചോര വരുന്നുണ്ട്. അതു
ഴാങ്‌വാൽ ഴാങ്ങായിരുന്നു...
എല്ലാവർക്കും വേണ്ടി എഴുതപ്പെട്ട കൃതിയാണ് പാവങ്ങൾ. വായനക്കാരന്റെ
ഹൃദയത്തിൽ അത് മുറിവേല്പിക്കുന്നു; ഉള്ളിൽ ജീവകാരുണ്യമുണർത്തുന്നു. ഭൂപടത്തിലെ
അതിർത്തിരേഖകൾക്കപ്പുറം എല്ലാ ഭാഷകളിലും നിലവിളി മുഴങ്ങുന്ന, കഷ്ടപ്പെടുന്ന ലോകമാനവന്റെ, ദുരിതഗാഥയാണത്. മനുഷ്യൻ
നിരാശനായിരിക്കുന്നിടത്ത്, സ്ത്രീകൾ അന്നത്തിനായി
വില്ക്കപ്പെടുന്നിടത്ത്, കുട്ടികൾ തണുപ്പുമാറ്റാൻ വകയില്ലാതെ യാതന
അനുഭവിക്കുന്നിടത്ത് - എല്ലാം പാവങ്ങൾ സന്ദർശനത്തിനെത്തുന്നു. വിക്തോർ
യൂഗോ ഫ്രഞ്ച് ഭാഷയിൽ രചിച്ച ലെ മിസെറാബ്ലെയുടെ ഇംഗ്ലീഷ് വിവർത്തനത്തിന്
നാലപ്പാട്ട് നാരായണമേനോൻ രചിച്ച വിവർത്തനമാണിത്;
മലയാള ഭാവുകത്വത്തെയും ഭാഷാശൈലിയെയും
മാറ്റിമറിച്ച വിവർത്തനസംരംഭം.
No comments:
Post a Comment