Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Monday, July 22, 2019

അമ്മത്തൊട്ടില്‍ - ഒരു വായന



ധനം എന്‍.പി

വാക്കുകള്‍ക്ക് നവജീവനും ഭാവവും കൈവരുന്നത് അതില്‍ തീവ്ര വികാരം ഉള്‍ച്ചേരുമ്പോഴാണ്.അപ്പോഴവ പരിമിതമായ അര്‍ത്ഥത്തെപ്പിളര്‍ന്ന്,ഉയരുന്നു.നമ്മില്‍ നീറിപ്പടര്‍ന്ന് ചുട്ടുപൊള്ളിയ്ക്കുന്നവയായും ചിലത് മാറുന്നു.

റഫീക്ക് അഹമ്മദിന്റെ ' അമ്മത്തൊട്ടില്‍' എന്ന കവിത സമൂഹത്തെയാകമാനം ആഴത്തിലാഴ്ത്തുന്ന ഒരു ഉള്‍ക്കണ്ണായി മാറി.അതുവരെ പിള്ളകള്‍ക്ക് അഭയമായിക്കരുതിയ 'അമ്മത്തൊട്ടില്‍' എന്ന വാക്കിന്റെ വ്യാപ്തി ഉള്‍ത്തളത്തിലെ ചോദ്യചിഹ്നമായും ശൂന്യതയായും ഉയര്‍ന്നു.
'ഒന്നുമേ ചോദിയ്ക്കാതെ, അനങ്ങാതെ പണിപ്പെട്ട് കണ്ണുകളടച്ച് തുറന്ന് പിന്‍സീറ്റിലിരിക്കുന്ന അമ്മ. പാടയും പീളയുംകെട്ടി,തളര്‍ന്ന കണ്ണുകള്‍ എന്തൊക്കെയോ പറയുന്ന പോലെ.നീരറ്റ കൈവള്ളികള്‍ ചുള്ളികളായി തന്നെത്തന്നെ പുണര്‍ന്നിരിക്കുന്നു.മകന്‍ എത്ര നേരേയിരുത്തിയിട്ടും അമ്മ നേരെയാവുന്നില്ല. തന്നിലൂടെ ഉയിര്‍പ്പിറവി കൊണ്ടവന് താന്‍ അന്യയും അധീനയും ആയതറിയുന്നില്ല.മകന്റെ പുതിയ നാഗരിക ജീവിത സാഹചര്യങ്ങളുടെ ചതുരങ്ങളില്‍ ഒതുങ്ങി ' നേരെയിരിക്കാന്‍' അമ്മയ്ക്കാവുന്നില്ല. തനിയ്ക്കനുസരിച്ച് അമ്മയെ നേരെയിരുത്തുന്ന മകന്‍.

ഇപ്പെരുംമാളിന്റെ (ഇപ്പെരുമാളിന്റെ? )
തൊട്ടടുത്തായിട്ടിറക്കിയാലെന്നോര്‍ത്തു
പെറ്റുകിടക്കും തെരുവുപട്ടിയ്ക്കെന്തൊ-
രൂറ്റം കുരച്ചത് ചാടിക്കുതിയ്ക്കുന്നു"

ആളൊഴിഞ്ഞ തെരുവീഥികളില്‍,ഭാരമൊഴിയ്ക്കുവാന്‍ ആധി പൂണ്ട മകന്റെ കാര്‍ ഓടുന്നു.ഒരു 'പെരുംമാളിനു'മുന്നില്‍ ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ 'പെറ്റുകിടക്കുന്ന' ഒരു  'തെരുവുപട്ടി' ഊറ്റത്തോടെ കുരച്ചു ചാടുന്നു.പെരുതായി പെരുകുന്ന മാളുകളാണിന്നത്തെ പെരുമാളുകള്‍.ഉപഭോഗസംസ്കാരത്തിന്റെ കാട്ടിക്കൂട്ടലുകളുടെ ആകാശപ്പൊക്കങ്ങള്‍ക്കു നേരെ ചാടിക്കുതിക്കുന്ന മനുഷ്യന്‍.അവനെ നോക്കി നെട്ടനെ, നില്‍ക്കുന്ന 'ഉലകുടയ പെരുമാളുകള്‍' . ചാടിക്കുരച്ച തെരുവു പട്ടിയുടെ മുന്നില്‍ നിന്ന വിശ്വമാനവന്‍  (global സംസ്കാരികന്‍), ചന്ദ്രനെ തൊട്ട്, വിദ്യയാലും വിജ്ഞാനത്താലും സമ്പന്നന്‍  'തെരുവിനെയും പട്ടിയെയും' ഒരുപോലെ പുച്ഛിക്കുന്ന ധൈഷണികന്‍ . ജൈവചോദനയുടെ വീര്യമറിയാത്ത നയതന്ത്രജ്ഞന്‍. ഈ തെരുവു പട്ടിയുടെ കുരയ്ക്കു മുന്നില്‍ വിശ്വത്തോളമുയര്‍ന്ന അവന്റെ തല താഴുന്നു.ഇതിനേക്കാൾ ശക്തമായി ഇന്നത്തെ മനുഷ്യന്റെ പരാജയം അടയാളപ്പെടുത്താനാവില്ല.

'രണ്ടുമൂന്നാളുകളുണ്ടെങ്കിലും,പിന്നി-
ലുണ്ട് ഒഴിവുകനത്തൊരിരുളിടം.'

ജില്ലാശുപത്രിയ്ക്കടുത്ത് ,ആളുറങ്ങാത്ത ഒരേയൊരു രാക്കട.അതിനു പിന്നില്‍ ആളൊഴിഞ്ഞ ഇടത്തിനു് ഇരുളിന്റെ കനം.മനുഷ്യനില്‍ കനം ഒഴിവുമാണ്.ഇവിടെ മകന്റെ മനസ്സ് ഒഴിവു തേടുമ്പോള്‍ കനക്കുന്നു.ആശുപത്രിപ്പടികളില്‍ തട്ടിത്തടഞ്ഞ മനസ്സിലവന്‍ താങ്ങായ ഒരു ചുമലും പനിയുടെ ചൂടും തളര്‍ച്ചയും,സൂചിയുടെ തളയ്ക്കും വേദനയോടൊപ്പം അറിഞ്ഞു.
വെട്ടമില്ലാത്ത, ആളില്ലാവഴികള്‍ താണ്ടുന്നു പിന്നെയും.ബാല്യം ഏകാന്തമായി കണ്ണുപൊത്തിക്കളിച്ചയിടം.ഇതാ ഇവിടെ , ഇവിടെ എന്നു് പറഞ്ഞ് വട്ടം കറക്കിയിടത്ത് കരഞ്ഞു കുതറിയോടിയ കുട്ടി.പുറത്തമ്മ കാവലായ് നിന്നു.ഒരു പിച്ചലിന്നും എരിയുന്നു. വളര്‍ച്ചയില്‍ വാത്സല്യത്തിന് മധുരം മാത്രമല്ല എരിവിന്റെ പിച്ചും തളയുന്ന സൂചിയുമുണ്ടല്ലോ.ഇറക്കുവാന്‍ ആയില്ല അവിടെയും.....

ദേവാലയങ്ങളില്‍, പരാതികള്‍ ശല്യപ്പെടുത്തലുകള്‍ക്കിടയില്‍ കരിന്തിരിയാളുന്നു. അശാന്തിയുടെ അസ്വസ്ഥത രക്ഷകനെയും പിടികൂടുന്ന അവസ്ഥ.ഇടറുന്ന ചിന്തകളില്‍ വണ്ടി മുന്നോട്ട്........ തണുപ്പിലുറഞ്ഞ്,ചില്ലുകള്‍ ഉയര്‍ത്തുമ്പോള്‍ ഉള്ളില്‍ ചൂടും മണവും പരക്കുന്നു.തന്നെപ്പൊതിഞ്ഞ കരിമ്പടവും അമ്മച്ചൂടും.കാച്ചെണ്ണയുടെയും ഓലക്കൊടികളുടെയും ഗന്ധം ഉഴിയുന്നു മനസ്സിനെ. ആ ഗന്ധത്തിലയാള്‍ മനം തുറക്കുന്നു.തനിക്കമ്മയെ എവിടെയും നടതള്ളാനാവില്ലെന്ന് അയാള്‍ തിരിച്ചറിയുന്നു.ഒന്നിനും കൊള്ളരുതാത്തവനെന്ന പഴി വീടകം മൊഴിഞ്ഞാലും, അയാള്‍ക്കാവില്ലെന്നു നിശ്ചയം.തലപെരുത്തയാള്‍ തിരിഞ്ഞു നോക്കുമ്പോള്‍.

മെല്ലെത്തിരിഞ്ഞൊന്നു നോക്കി, പിറകിലെ
സീറ്റിലുണ്ടമ്മ വലത്തോട്ടു പൂര്‍ണ്ണമായ്
ചാഞ്ഞ് ,മടങ്ങി മയങ്ങിക്കിടക്കുന്നു.
പീളയടിഞ്ഞ് നിറം പോയ കണ്ണുക-
ളെന്തേയടയ്ക്കാതെ വെച്ചമ്മ നിര്‍ദ്ദയം?

'അമ്മ നിര്‍ദ്ദയം കണ്ണുകളടയ്ക്കാതെ' പോയെന്നയാള്‍ അറിയുന്നു. തന്നെ സംരക്ഷിക്കാനിനിയും കണ്ണുകള്‍ നല്‍കിയും,കണ്ണായ നിന്നെ കാത്തു നിര്‍ത്തുന്ന ഒരമ്മ.ഈ കൊച്ചു കവിതയില്‍ ഒരുലകം മുഴുവനും ഉണ്ട്.ഭാഷയോ,സംസ്കാരമോ,പ്രകൃതിയോ ഒക്കെ എവിടെയിറക്കേണ്ടൂ എന്ന് വ്യഥിതനാകുന്ന മാനവനും ആകാം.എങ്കിലും ഈ കവിതയുണര്‍ത്തിയ പ്രഥമ ചിന്തയും വികാരവും പ്രശ്നവും പൊക്കിള്‍ക്കൊടിയിലൂടെ ഈട്ടിയ അമ്മയെ ഉപേക്ഷിക്കുവാനൊരു തൊട്ടില്‍പ്പഴുത് തേടുന്ന മനുഷ്യന്‍ തന്നെയാണ്.അതിനെയൊന്നു പൊള്ളിച്ചു ഈ തീപ്പൊരി.


No comments:

Post a Comment