Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Saturday, July 13, 2019

തൊട്ടത്‌ പൊന്നാക്കിയ നാലപ്പാടന്‍


തൊട്ടത്‌ പൊന്നാക്കിയ നാലപ്പാടന്‍


മലയാളിയുടെ ഭാവുകത്വത്തിന്‌ വികാസം പകര്‍ന്ന എഴുത്തുകാരനായിരുന്നു നാലപ്പാട്ട്‌ നാരായണ മേനോന്‍. വളരെ കുറച്ചേ എഴുതിയിട്ടുള്ളൂ ; പക്ഷെ മലയാള സാഹിത്യത്തില്‍ അദ്ദേഹത്തിന്‌ വളരെ വലിയൊരു സ്ഥാനമാണുള്ളത്‌. ഒക്ടോബര്‍ ഏഴ്‌ അദ്ദേഹത്തിന്റെ ജന്‍‌മദിവസമാണ്‌.

വിവര്‍ത്തനം വലിയ ഒരു സാംസ്കാരികദൗത്യമായി മാറ്റുക. കവിതാ രചനയില്‍ പുതിയ അനുവാചകലോകത്തെ സൃഷ്ടിക്കുക. ആര്‍ഷജ്ഞാനത്തിന്റെയും രതിലോകത്തിന്റെയും വഴികള്‍ ആവിഷ്കരിക്കുക തുടങ്ങി വ്യത്യസ്തങ്ങളായ വഴികളിലൂടെ യാത്ര ചെയ്ത്‌ സമഗ്രമായൊരു ജീവിതസങ്കല്‍പം സാക്ഷാത്കരിച്ച വ്യക്തിയായിരുന്നു നാലപ്പാട്ട്‌ നാരായണ മേനോന്‍.

വള്ളത്തോള്‍ പാരമ്പര്യത്തില്‍ പെട്ട കവിയില്‍ നിന്ന്‌ നാരായണ മേനോന്‍ ദാര്‍ശനിക കവിയായി, തത്വചിന്തകനായി വിലാപകാവ്യകാരനായി, വിവര്‍ത്തകനായി, ആര്‍ഷ ജ്ഞാനിയായി പിന്നെ ലൈംഗിക ശാസ്ത്രാവബോധകനായി.

മലയാള കവിതയിലെ ഭാവഗീതപ്രസ്ഥാനത്തെ വികസിപ്പിച്ചതില്‍ നാലപ്പാടന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. എഴുത്തുകാരന്‍ എന്ന നിലയില്‍ സമഗ്രവ്യക്തിത്വം പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. മനുഷ്യാവസ്ഥകളുടെ എല്ലാ മേഖലകളിലേയ്ക്കും അദ്ദേഹത്തിന്റെ കാഴ്ച ചെന്നെത്തി.

ഓരോ വിഷയത്തിലും ഓരോ പുസ്തകമേ എഴുതിയിട്ടുള്ളൂ. എഴുതിയവയാകട്ടെ ബൃഹദ്‌ പുസ്തകങ്ങളും; അവയെല്ലാം എക്കാലത്തെയും മികച്ചവയാണുതാനും. തൊട്ടതെല്ലാം പൊന്നാക്കി അദ്ദേഹം. നാലപ്പാടിനു മാത്രമേ ഇത്തരം ഒരു ബഹുമതി അവകാശപ്പെടാനാവൂ - കാവ്യത്തിലും ഗദ്യത്തിലും ഉള്ള സവ്യ സാചിത്വം.

നാലപ്പാടിന്റെ അനന്തരവളാണ്‌ ബാലാമണിയമ്മ. 

1887
 ഒക്‌ടോബര്‍ ഏഴിന്‌ പൊന്നാനിക്കടുത്ത വന്നേരിയിലാണ്‌ ജനനം 1954 ജൂ‍ണ്‍ മൂന്നിന്‌ അന്തരിച്ചു. നാലപ്പാടിന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂരും കോഴിക്കോടുമായിരുന്നു. ഇംഗ്ലീഷും വേദാന്തവും പഠിച്ച അദ്ദേഹം കുറച്ചുകാലം ഒരു പ്രസ്സിന്റെ മാനേജരായി ജോലി നോക്കി.

കണ്ണുനീര്‍ത്തുള്ളിയും പാവങ്ങളും 

സഹധര്‍മ്മിണിയുടെ വേര്‍പാടില്‍ ദുഃഖം പ്രകടിപ്പിച്ച്‌ നാലപ്പാട്ട്‌ നാരായണമേനോന്‍ രചിച്ച കണ്ണുനീര്‍ത്തുള്ളി ഭാഷയിലെ എക്കാലത്തെയും മികച്ച വിലാപകാവ്യമാണ്‌. അദ്ദേഹം വിവര്‍ത്തനം ചെയ്ത വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ എന്ന വിശ്വവിഖ്യാതമായ നോവല്‍ മലയാളിക്ക്‌ തീര്‍ത്തും അപരിചിതമായ വായനയുടെ പുതുലോകം തുറന്നുകൊടുത്തു.

ആ പരിഭാഷ വില്‍ക്കാന്‍ മഹാകവി വള്ളത്തോള്‍ നടത്തിയ ക്ലേശകരമായ ശ്രമങ്ങള്‍ നമ്മുടെ സാംസ്കാരിക ചരിത്രത്തിലെ അവിസ്മരണീയമായ അദ്ധ്യായമാണ്‌. കേരളത്തിന്റെ സാംസ്കാരിക രംഗത്ത്‌ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ കൃതിയെന്ന പാവങ്ങളുടെ പരിഭാഷയെക്കുറിച്ച്‌ ഇ.എം.എസ്‌. പില്‍ക്കാലത്ത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

നിന്ദിതരും പീഡിതരുമായ എല്ലാ മനുഷ്യരിലും ഈശ്വരാംശം കുടികൊള്ളുന്നു എന്ന യൂഗോവിന്റെ വിശ്വാസ പ്രമാണം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ നാലപ്പാടന്‍ തന്നെയാണ്‌ ആര്‍ഷജ്ഞാനം രചിച്ചത്‌. ഭാരതീയ സംസ്കാരത്തിന്റെ അഗാധതകളില്‍ ആഴ്‌ന്നിറങ്ങി അദ്ദേഹം കണ്ടെത്തിയ മുത്തുകള്‍ എല്ലാ തലമുറകളിലെയും സുമനസ്സുകള്‍ക്കുള്ള സമര്‍പ്പണമാണ്‌.

നാലപ്പാടിന്റെ കൃതികള്‍ 

ചക്രവാളം ( കവിത )
പുളകാങ്കുരം ( " )
കണ്ണുനീര്‍ത്തുള്ളി (വിലാപകാവ്യം) 
ആര്‍ഷജ്ഞാനം ( തത്വചിന്ത)
പൗരസ്ത്യദീപം( വിവര്‍ത്തനം)
പാവങ്ങള്‍ ( ' ' )
രതിസാമ്രാജ്യം ( ലൈംഗികശാസ്ത്രം)




No comments:

Post a Comment