പാവങ്ങള്‍ക്ക്
വിശ്വപ്രസിദ്ധ എഴുത്തുകാരന്‍
ചാള്‍സ് ബോദ്‌ലെയര്‍ എഴുതിയ
ആസ്വാദനക്കുറിപ്പ്
ഫ്രാന്‍സിലെ
ഏറ്റവും പ്രമുഖനും ജനപ്രിയനുമായ
മഹാകവിയെക്കുറിച്ച് ഏതാനും
മാസങ്ങള്‍ക്കു മുന്‍പ് ഞാന്‍
എഴുതാനിടയായി.
കണ്‍ടെംപ്ലേഷന്‍സ്,
ദ്
ലെജെന്‍ഡ് ഓഫ് ദ് സെഞ്ചുറീസ്
എന്നീ കൃതികള്‍ക്കാണ് ആ
വരികള്‍ കൂടുതല്‍ യോജിക്കുകയെന്നു
ചുരുങ്ങിയ കാലംകൊണ്ടു
തെളിഞ്ഞിരിക്കുന്നു.
വിക്‌തോര്‍
യൂഗോയുടെ കവിതകളെ പുൽകുന്ന
സാന്മാര്‍ഗികപശ്ചാത്തലം
പഠനവിധേയമാക്കിയാല്‍,
അത്
അദ്ദേഹത്തിന്റെ വികാരനിലയെ
ഗണ്യമായി സ്വാധീനിച്ചിരുന്നതായി
കാണാം.
അതിശക്തമായതിനോടും
അതിദുര്‍ബലമായതിനോടും ഒരേ
അളവിലുള്ള പരിഗണനയാണ്
അദ്ദേഹത്തിന്റെ ഏറ്റവും
പ്രകടമായ സവിശേഷത.
ഈ
രണ്ടു വൈരുധ്യങ്ങളോടും കവിക്കു
തോന്നുന്ന ആകര്‍ഷണത്തിന്റെ
സ്രോതസ്സ് ഒന്നുതന്നെയാണ്
-
കേവലമായ
ഊര്‍ജസ്വലത.
ഈ
ഗുണത്താല്‍ അദ്ദേഹം അനുഗൃഹീതനാണ്.
അപാരമായ
ശക്തി അദ്ദേഹത്തെ വശീകരിക്കുകയും
മത്തുപിടിപ്പിക്കുകയും
ചെയ്യുന്നു.
അമ്മയുടെ
അടുത്തേക്കെന്നപോലെ
ശക്തിസ്വരൂപങ്ങള്‍ക്കു ചാരേ
അദ്ദേഹം ഓടിയണയുന്നു.
അനന്തതയുടെ
എല്ലാ പ്രതീകങ്ങളിലേക്കും
ഈ ആകര്‍ഷണം തടയാനാകാത്തവിധം
വ്യാപിക്കുന്നുണ്ട് -
കടല്‍,
ആകാശം,
ശക്തിയുടെ
പൗരാണിക പ്രതീകങ്ങള്‍,
ഹോമറിന്റെ
ഇതിഹാസങ്ങളിലും ബൈബിളിലും
പ്രത്യക്ഷപ്പെടുന്ന അതിമാനുഷര്‍,
പടയാളികള്‍,
ഭീമസ്വരൂപികളായ
വന്യജീവികള്‍...
ദുര്‍ബലമായ
വിരലുകളെ ഭയപ്പെടുത്തുന്നവയെ
അദ്ദേഹം അരുമയോടെ തലോടുന്നു.
അപാരവിസ്തൃതികളില്‍
ബോധരഹിതനാകാതെ വിഹരിക്കുന്നു.
അതേസമയംതന്നെ,
ദുര്‍ബലനും
ഏകനും ദുഃഖിതനുമായ സഹജീവിയോട്
അനാഥനോടെന്നപോലെ വാത്സല്യവും
കവിക്കുണ്ട്.
ശക്തിസ്രോതസ്സുകളോട്
സാഹോദര്യഭാവവും സുരക്ഷിതത്വവും
ആശ്വാസവചനങ്ങളും ആവശ്യമുള്ളവരോടു
മക്കളോടെന്നപോലെ കാരുണ്യവും.
ഈ
ശക്തിയില്‍നിന്നാണ്,
ശക്തിസ്രോതസ്സായ
ഒരാള്‍ക്കുള്ള ആത്മവിശ്വാസത്തില്‍നിന്നാണ്
നീതിയും കാരുണ്യവും
പിറവിയെടുക്കുന്നത്.
അധഃപതിച്ച
സ്ത്രീകളോടും സമൂഹത്തിന്റെ
ചക്രങ്ങള്‍ക്കിടയില്‍പ്പെട്ടു
ഞെരുങ്ങുന്ന പാവങ്ങളോടും
നമ്മുടെ അത്യാഗ്രഹത്തിന്റെയും
അധീശത്വത്തിന്റെയും രക്തസാക്ഷികളായ
മിണ്ടാപ്രാണികളോടുമുള്ള
സ്‌നേഹം വിക്‌തോര്‍ യൂഗോയുടെ
കവിതകളില്‍ പ്രത്യക്ഷപ്പെടുന്നത്
അതുകൊണ്ടാണ്.
ശക്തിയെന്ന
ഗുണത്തോടൊപ്പം നന്മ
കൂടിച്ചേരുമ്പോഴുള്ള സൗന്ദര്യം
ഈ കവിയുടെ രചനകളില്‍ സമൃദ്ധമാണെന്നത്
അത്രയേറെ ശ്രദ്ധിക്കപ്പെട്ടിട്ടില്ല.
ഭീമാകാരസത്വത്തിന്റെ
മുഖത്തു വിരിയുന്ന പുഞ്ചിരിയും
കണ്ണുകളില്‍നിന്നുതിരുന്ന
നീര്‍ക്കണങ്ങളും മൗലികതയെ
ദൈവികമാക്കുന്നു.
മാംസനിബദ്ധമായ
പ്രണയത്തെക്കുറിച്ചുള്ള ഈ
ഹ്രസ്വകവിതകളില്‍പ്പോലും
മാദകവും ഭാവസാന്ദ്രവുമായ
ദുഃഖം,
ഒരു
ഓര്‍ക്കെസ്ട്രയിലെന്നപോലെ
ജീവകാരുണ്യത്തിന്റെ ഗാഢധ്വനിയായി
മുഴങ്ങുന്നു.
കാമുകനെന്ന
നിലയില്‍ സംരക്ഷകന്റെ ഭാവം.
ഗുണപാഠങ്ങളുടെ
വാക്‌ധോരണിയാല്‍ കവിതയുടെ
സൗന്ദര്യം നശിപ്പിക്കുന്ന
സാന്മാര്‍ഗിക ഉപദേഷ്ടാവായല്ല
മറിച്ച്,
ലോകമാകുന്ന
യന്ത്രത്തിലേക്ക് ഇറ്റിക്കുന്ന
ദ്രവങ്ങള്‍പോലെ,
കവിതയിലെ
സാന്മാര്‍ഗിക പ്രചോദനമായി
ആരോരുമറിയാതെ കടന്നുകൂടുന്നു.
ഈ
കലയുടെ ലക്ഷ്യം സദാചാരമല്ല.
അതേസമയം,
അത്
ജീവിതത്തിലെന്നപോലെ കൂടിക്കുഴഞ്ഞ്
ചിന്താക്കുഴപ്പമുണ്ടാക്കുകയും
ചെയ്യുന്നു.
നിറവാര്‍ന്ന
പ്രകൃതി കവിയെ സദാചാരവക്താവാക്കി
മാറ്റുന്നു,
കവിപോലുമറിയാതെ.
ഇവിടെ
ഒരു വരി മാറ്റിയെഴുതേണ്ടതുണ്ട്.
കാരണം
ലെ മിസെറാബ്ലെയില്‍ സദാചാരമെന്നത്
പ്രത്യക്ഷമായ ലക്ഷ്യംതന്നെയാണ്.
നോവലിന്റെ
തുടക്കത്തില്‍,
ആമുഖത്തിന്റെ
രൂപത്തില്‍ കവിതന്നെ ഇതു
വ്യക്തമാക്കിയിട്ടുണ്ട്:
ഒഴിച്ചുകൂടാനാകാത്തതും
ദൈവനിശ്ചിതവുമായ മനുഷ്യവിധിയെ
സങ്കീര്‍ണമാക്കുന്ന വിധം
നിയമങ്ങളുടെയും ആചാരങ്ങളുടെയും
പ്രവര്‍ത്തനഫലമായി
മാനവസംസ്‌കാരത്തിലെ നരകമായി
സാമൂഹികമായ അധഃപതനം
സൃഷ്ടിക്കപ്പെടുന്നതു
തുടരുന്നിടത്തോളം കാലം,
ദൈവികമായ
നിയോഗവും മനുഷ്യവിധിയും
തമ്മില്‍ ആശയക്കുഴപ്പം
ഉണ്ടാക്കുന്നിടത്തോളം
കാലം...അറിവില്ലായ്മയും
ദുരിതവും ഭൂമിയില്‍
നിലനില്ക്കുന്നിടത്തോളം
കാലം ഇത്തരം കൃതികള്‍
വെറുതെയാകില്ല.
നിലനില്ക്കുന്നിടത്തോളം
കാലം എന്ന്.
കഷ്ടം!
എല്ലായ്‌പോഴും
എന്നാണു പറയേണ്ടത്.
ഇത്തരം
ചോദ്യങ്ങള്‍ വിശകലനം ചെയ്യേണ്ട
വേദിയല്ല ഇതെങ്കില്‍പ്പോലും.
മടിയനായ
സ്‌കൂള്‍ക്കുട്ടിയുടെ
അനുസരണയില്ലാത്ത ശിരസ്സിനെയെന്നപോലെ
സാമൂഹിക കഷ്ടപ്പാടിന്റെ
അഗാധഗര്‍ത്തത്തിലേക്കു കവി
ജനശ്രദ്ധയെ പിടിച്ചുതിരിക്കുന്നു.
അസാധാരണമായ
ഈ കഴിവ് നീതിന്യായവ്യവസ്ഥ
വീണ്ടെടുത്തിരുന്നെങ്കില്‍
എന്നു മാത്രം നാം ആഗ്രഹിച്ചുപോകുന്നു.
2
യൗവനത്തിന്റെ
മാധുര്യസമൃദ്ധിയില്‍ കവിക്കിഷ്ടം
ജീവിതത്തിന്റെ ധാരാളിത്തത്തെക്കുറിച്ചു
പാടാനായിരിക്കും.
ജീവിതത്തിലെ
മനോഹരവും വിലപിടിപ്പുള്ളതുമായി
തോന്നുന്ന എന്തും യുവത്വത്തെ
പ്രത്യേകം ആകര്‍ഷിക്കുന്നു.
മധ്യവയസ്സിലാകട്ടെ,
ജീവിതത്തിലെ
വിഷമസന്ധികളെക്കുറിച്ചും
നിഗൂഢതകളെക്കുറിച്ചും
ജിജ്ഞാസുവും ആശങ്കാകുലനുമാകുന്നു.
ആഡംബരത്തിന്റെ
സൂര്യപ്രകാശത്തിലുള്ള
ദാരിദ്ര്യത്തിന്റെ ഇരുണ്ട
പ്രദേശവും ദാരിദ്ര്യത്തിന്റെ
വിശാലമായ ഇരുളില്‍ തിളങ്ങുന്ന
സമ്പന്നതയുടെ മനോഹരമായ
പ്രകാശവും കവിക്കും തത്ത്വചിന്തകനും
എഴുത്തുകാരനും മാത്രം
ദൃശ്യമാകും.
അവരെ
ഇത് ആകാംക്ഷയോളം അലട്ടുകയും
ചെയ്യും.
എഴുത്തുകാരന്‍
ഇല്ലാത്തിടത്തോളം ഈ വിചിത്രമായ
ഇരുളും വെളിച്ചവും നിലനില്ക്കുന്നില്ല.
കലയെന്നത്
കലയോടുള്ള ആരാധന പ്രകടിപ്പിക്കാനുള്ളതോ
അതോ മഹനീയമെന്നും മഹത്തരമെന്നുമുള്ള
ലക്ഷ്യമൂല്യങ്ങള്‍ കല്പിക്കാനുള്ളതോ
എന്ന വ്യത്യാസമാണിവിടെ.
കവികള്‍
വികാരഭരിതരാകുമ്പോള്‍ അവരുടെ
ശ്രദ്ധയത്രയും നിഗൂഢവും
ഗൗരവമുള്ളതുമായ പ്രശ്‌നങ്ങളില്‍
മുഴുകിയിരിക്കും.
വിചിത്രാനുഭൂതികള്‍
പകരുന്ന ഗുഹകള്‍ അവരുടെ ഹൃദയം
കവരുന്നു.
എന്നാല്‍,
പ്രപഞ്ചബോധത്തിന്റെ
പരമകോടിയില്‍ നിന്നുകൊണ്ട്
ഇത്തരം പ്രശ്‌നങ്ങളിലേക്ക്
അന്വേഷണാത്മകദൃഷ്ടിയയയ്ക്കാന്‍
ദീര്‍ഘകാലം കാത്തിരിക്കുന്ന
എഴുത്തുകാരുടെ ഗണത്തില്‍
വിക്‌തോര്‍ യൂഗോവിനെ
ഉള്‍പ്പെടുത്തുന്നത്
അബദ്ധമായിരിക്കും.
തത്ത്വത്തില്‍,
ഉജ്ജ്വലമായ
സാഹിത്യജീവിതത്തിന്റെ ആരംഭം
മുതല്ക്കുതന്നെയെന്നു പറയാം,
അവശരും
അവഗണിക്കപ്പെട്ടവരും
അശരണരുമായിരുന്നു അദ്ദേഹത്തിന്റെ
ശ്രദ്ധ കവര്‍ന്നത്.
പുനരധിവാസത്തിലൂടെ
നീതിയെന്ന ആശയം ആദ്യകാലകൃതികളില്‍ത്തന്നെ
കാണാം.
അധഃപതിക്കുന്ന
സ്ത്രീയോടു നിന്ദയരുതേ,
ടൗണ്‍ഹാളിലെ
വിരുന്ന്,
മരിയോണ്‍
ദെലോം,
റയ്
ബ്ലാസ്,
രാജാവിന്റെ
ഫലിതം തുടങ്ങിയ കവിതകളില്‍
യൂഗോയുടെ നിരന്തരചിന്തയെന്നു
വിശേഷിപ്പിക്കാവുന്ന പ്രാചീനമായ
ഈ കരുതല്‍ കാണാം
3
ലെ
മിസെറാബ്ലെ മുഴുവനായോ ആദ്യഭാഗം
മാത്രമായോ ഭൗതികമായ വിശകലനത്തിനു
വിധേയമാക്കേണ്ടതുണ്ടോ?
ഈ
കൃതി എല്ലാവരുടെയും
കൈകളിലെത്തിക്കഴിഞ്ഞു.
കഥയും
പശ്ചാത്തലവുമെല്ലാം
എല്ലാവര്‍ക്കുമറിയാം.
താന്‍
ദാസ്യവൃത്തി ചെയ്തിട്ടുള്ള
യാഥാര്‍ഥ്യങ്ങളിലേക്കു
വെളിച്ചംവീശാന്‍ എഴുത്തുകാരന്‍
ഉപയോഗിച്ചിട്ടുള്ള മാര്‍ഗങ്ങള്‍
പരിശോധിക്കുകയാണ് അതിലേറെ
പ്രധാനമെന്നു തോന്നുന്നു.
ഈ
കൃതി ജീവകാരുണ്യത്തിന്റെതാണ്.
അതായത്,
ജീവകാരുണ്യമനോഭാവം
ഉണര്‍ത്തുന്ന വിധത്തില്‍
ചോദ്യങ്ങള്‍ ചോദിച്ച്,
ഹൃദയം
തകര്‍ക്കുന്നതും അതിദാരുണവുമായ
സങ്കീര്‍ണ സാമൂഹിക സമസ്യകള്‍
വായനക്കാരന്റെ മുന്നിലേക്കിടുന്നു.
വായനക്കാരാ,
നിങ്ങള്‍ക്ക്
എന്തു തോന്നുന്നു?
നിങ്ങള്‍ക്ക്
എന്തു മനസ്സിലായി?
ധാര്‍മികവും
കലാപരവുമായ ആശയങ്ങളില്‍
പ്രശസ്തനായ എഴുത്തുകാരനുള്ള
നിതാന്തശ്രദ്ധയ്ക്ക് പുതുമയുള്ള
ഉദാഹരണം മേരി ട്യൂഡറിന്റെ
അവതാരികയില്‍ക്കാണാം.
...സത്യത്തിന്റെ
അലമാര ചെറുതാണ്.
മഹത്ത്വത്തിന്റേതാകട്ടെ,
ഒരു
മിഥ്യയും...
കവിയുടെ
അപാരശക്തിയാണിത്.
ഹാംലറ്റ്
നമ്മളേക്കാള്‍ വലുതാണ്.
അതേസമയം,
നമ്മളില്‍
ഓരോരുത്തരെയുംപോലെ യഥാര്‍ഥവും.
ഹാംലറ്റ്
അതികായനാണ്.
ഒപ്പം
ഒരു യാഥാര്‍ഥ്യവും.
ഹാംലറ്റ്
ഞാനോ നിങ്ങളോ അല്ല,
നമ്മള്‍
എല്ലാവരുമാണ്.
ഹാംലറ്റ്
ഒരു മനുഷ്യനല്ല;
ഹാംലറ്റ്
തന്നെയാണ് മനുഷ്യന്‍.
യാഥാര്‍ഥ്യത്തിലൂടെ
മഹത്തരമായതിനെയും മഹത്തരമായതിലൂടെ
യാഥാര്‍ഥ്യത്തെയും നിരന്തരം
കാണിച്ചുതരികയാണ്,
നാടകകൃത്തായ
ഈ കവി.
മഹത്തരം,
യാഥാര്‍ഥ്യം
എന്നീ രണ്ടു വാക്കുകളില്‍
എല്ലാമടങ്ങിയിരിക്കുന്നു.
യാഥാര്‍ഥ്യത്തില്‍
ധാര്‍മികതയുണ്ട്.
മഹത്തരമായതില്‍
മനോഹാരിതയും.
ജീവിക്കുന്ന
മാതൃകകളെ,
ആദര്‍ശമനുഷ്യരെ
സൃഷ്ടിക്കാനാണ് ലെ മിസെറാബ്ലെയുടെ
രചയിതാവ് ശ്രദ്ധിച്ചിട്ടുള്ളത്.
എഴുത്തുകാരന്‍
പറയാന്‍ ആഗ്രഹിക്കുന്ന
കാര്യങ്ങള്‍ക്ക് ഉചിതമാംവിധം
സ്വഭാവസവിശേഷതകളുമായി
കഥാപാത്രങ്ങള്‍ ഇതിഹാസഗരിമയിലേക്ക്
ഉയരുന്നു.
കാവ്യത്തിന്റെ
മാതൃകയില്‍ എഴുതപ്പെട്ട
നോവലാണിത്.
പൊതുതത്ത്വത്തെ
പ്രതിനിധീകരിക്കുന്നവിധം
അതിശയോക്തി കലര്‍ന്ന ഓരോ
കഥാപാത്രവും വര്‍ഗീകരണത്തിനു
പുറത്തുനില്ക്കുന്നു.
നിര്‍വചനങ്ങള്‍ക്കതീതമായ
സമ്മിശ്രണങ്ങളെ ഉരുക്കി
പുതിയൊരു കൊറിന്തിയന്‍ ലോഹം
രൂപപ്പെടുത്താനാണ് എഴുത്തുകാരന്‍
ശ്രമിച്ചിട്ടുള്ളത്.
സവിശേഷകൃതികള്‍ക്കു
സ്വന്തമായ ഭാവഗീതത്തിന്റെയും
ഇതിഹാസത്തിന്റെയും
തത്ത്വചിന്തയുടെയും സ് പര്‍ശം
ഇവിടെക്കാണാം.
പുരോഹിതനായ
ബിയെവെനു ജീവകാരുണ്യത്തിന്റെ
അതിശയമാര്‍ന്ന മാതൃകയാണ്.
അദ്ദേഹം
സ്വയംസമര്‍പ്പണത്തില്‍
മാത്രം ധ്യാനലീനനാണ്.
ആധുനികലോകത്ത്
കൈമാറ്റം ചെയ്യപ്പെടേണ്ട
നല്ല ഗുണമാണ് സഹജീവികളോടുള്ള
കാരുണ്യമെന്ന് അദ്ദേഹം
വിശ്വസിക്കുന്നു.
കാരുണ്യസ്
പര്‍ശത്തിന്റെ ഉദാത്തമാതൃകകളാണു
പുസ്തകം വരച്ചുകാട്ടുന്നത്.
ഈ
പുരോഹിതനെ മാലാഖയ്ക്കു
തുല്യനായി ചിത്രീകരിക്കുന്നതില്‍
എഴുത്തുകാരന്‍ മുഴുകിയതായി
കാണാം.
ബിയെവെനു
എല്ലാം നല്കുന്നു;
സ്വന്തമായി
ഒന്നും നേടാതെ,
ആത്മസമര്‍പ്പണം
തപസ്യയാക്കുന്നു അദ്ദേഹം.
നിരന്തരമായതും
പ്രതിഫലമില്ലാത്തതും ഒപ്പം
പശ്ചാത്താപമില്ലാത്തതുമായ
ആത്മബലിയാണിത്.
ദരിദ്രര്‍ക്കും
അവശര്‍ക്കും കുറ്റവാളികള്‍ക്കും
വേണ്ടിയുള്ള സ്വയംസമര്‍പ്പണം.
പരമ്പരാഗതവിശ്വാസങ്ങള്‍ക്കു
വിധേയനായ,
സുവിശേഷപ്രചാരണത്തിന്റെ
സവിശേഷമാതൃകയാണു ബിയെവെനു.
അള്‍ട്രാമൊണ്‍ടാന്‍
എന്നതിനെക്കാള്‍ ഗാലിക്കന്‍
ആണ് അദ്ദേഹം.
കഴിഞ്ഞ
നൂറ്റാണ്ടില്‍,
സെന്റ്
റോഷെയില്‍ ജീവിച്ചിരുന്ന
ഒരു പുരോഹിതനെപ്പറ്റി
കേട്ടിട്ടുണ്ട്.
പാവങ്ങളെ
കൈയയച്ചു സഹായിക്കുന്നതില്‍
മുഴുകിയ ഒരാള്‍.
ദാനംചെയ്യാന്‍
പണമില്ലാതിരുന്ന ഒരു പ്രഭാതത്തില്‍
വീട്ടുപകരണങ്ങളും ചിത്രങ്ങളും
വെള്ളിപ്പാത്രങ്ങളും വില്ക്കാന്‍
അദ്ദേഹം തയ്യാറായി.
ബിയെവെനുവിന്റെ
സ്വഭാവത്തിനു സമാനമാണിത്.
ദൈവത്തോടു
മനുഷ്യന്റെ ഹൃദയമെന്നപോലെ
ലളിതമായതും അതേ സമയം,
ലോകത്തിന്റെ
നന്മയ്ക്കു മുന്നില്‍
അതിമനോഹരമായതുമായ ഈ പ്രവൃത്തിയുടെ
കീര്‍ത്തി രാജാവിന്റെ
സന്നിധിയിലുമെത്തി.
ഒടുവില്‍,
ആര്‍ച്ച്ബിഷപ്പ്
ഈ പുരോഹിതനെ തന്റെ വസതിയിലേക്കു
വിളിച്ചുവരുത്തുകയും സൗമ്യമായി
ശകാരിക്കുകയും ചെയ്തുവെന്നാണു
കഥ.
അതായത്,
ഇത്തരം
വീരകൃത്യങ്ങള്‍ ഉദാത്തമാതൃകയാകാന്‍
ത്രാണിയില്ലാത്ത പുരോഹിതന്മാര്‍ക്കു
നേരേയുള്ള പരോക്ഷവിമര്‍ശനമായി
മാറുമെന്നു സാരം.
വാഴൊങ്
പരുക്കനും നിഷ്‌കളങ്കനുമാണ്.
നിരക്ഷരനായ
ആ തൊഴിലാളി ചെയ്ത കുറ്റം
(റൊട്ടിക്കഷണം
മോഷ്ടിച്ചത്)
നിസ്സംശയമായും
മാപ്പര്‍ഹിക്കുന്നതാണെങ്കിലും
അയാള്‍ നിയമപരമായി
ശിക്ഷിക്കപ്പെടുന്നു.
പാപത്തിന്റെ
പള്ളിക്കൂടത്തിലേക്ക്,
പീനല്‍
കോളനിയിലേക്ക് അയയ്ക്കപ്പെടുന്നു.
ഇവിടെവെച്ച്,
തടവുജീവിതത്തെക്കുറിച്ചുള്ള
കനപ്പെട്ട ചിന്തകളിലൂടെ
അയാളുടെ മനസ്സ് പരുവപ്പെടുന്നു.
ഒടുവില്‍,
ലോലഹൃദയനും
സംശയശീലനും അപകടകാരിയുമായി
അയാള്‍ പുറത്തിറങ്ങുന്നു.
തുടര്‍ന്ന്,
ബിഷപ്പിന്റെ
ആതിഥേയത്വം സ്വീകരിക്കാനുള്ള
ഒരവസരം അയാള്‍ക്കു ലഭിക്കുന്നു.
എല്ലാ
അന്ധകാരത്തെയും നീക്കാനുള്ള
പ്രകാശം ക്ഷമാശീലവും
കാരുണ്യവുമാണെന്നു നന്നായറിയുന്ന
ബിഷപ്പാകട്ടെ,
മനോഹരമായൊരു
കള്ളം പറഞ്ഞ് അയാളെ രക്ഷിക്കുന്നു.
ഈ
തിരിച്ചറിവ് ധൃതഗതിയില്‍
നടക്കുമെങ്കിലും മനുഷ്യന്റെയുള്ളിലെ
അസംബന്ധം പിടിച്ച ശീലങ്ങള്‍
അവനെ വീണ്ടും തെറ്റിലേക്കു
നയിക്കുന്നു.
പിന്നീട്
വാഴൊങ് (മെഡലിന്‍
എന്നു പുതിയ പേര്)
സത്യസന്ധനും
ധനികനും അധികാരത്താല്‍
ശക്തനുമായിത്തീരുന്നു.
തന്നെക്കാള്‍
താഴേത്തട്ടിലുള്ള ഒരുകൂട്ടം
മനുഷ്യരെ ഉദ്ധരിച്ച്,
അവിടെ
മേയര്‍ പദവി അലങ്കരിക്കുന്നു.
ബഹുമാന്യതയുടെ
പ്രശംസനീയമായ കുപ്പായം ധരിച്ച
അയാള്‍ നല്ല പ്രവൃത്തികള്‍
ചെയ്തുകൂട്ടുന്നു.
പക്ഷേ,
ശപിക്കപ്പെട്ട
ഒരു ദിവസം അയാളറിയുകയാണ്,
ഴാങ്
വാഴൊങ് എന്നു തെറ്റിദ്ധരിക്കപ്പെട്ട
ഒരു നിരപരാധി ശിക്ഷിക്കപ്പെടുമെന്ന്.
എന്താണ്
പോംവഴി?
പുതിയ
ജീവിതത്തിന്റെ മഹത്ത്വങ്ങള്‍
ഉപേക്ഷിച്ച് സ്വയം നശിക്കാന്‍
അയാളെ പ്രേരിപ്പിച്ചത്
മനഃസാക്ഷിയെന്ന ആന്തരിക
നീതിന്യായവ്യവസ്ഥയാകുമോ?
മനുഷ്യര്‍
ഈ ലോകത്തേക്കു പിറന്നുവീഴുമ്പോഴുള്ള
പ്രകാശം സങ്കീര്‍ണമായ എല്ലാ
അന്ധകാരങ്ങളെയും നീക്കുമോ?
മെഡലിന്‍തന്നെയാണ്
വിജയി,
പക്ഷേ,
സുദീര്‍ഘവും
അതിഭീകരവുമായ പോരാട്ടങ്ങള്‍ക്കു
ശേഷമെന്നുമാത്രം.
പ്രതിബന്ധങ്ങളുടെയും
ഉത്കണ്ഠയുടെയും കടല്‍.
ഒടുവില്‍,
സത്യത്തിന്റെയും
നീതിയുടെയും കാമുകനായി അയാള്‍
മാറുന്നു.
പരിമിതികളും
ആശങ്കകളും വൈരുധ്യങ്ങളും
കപട ന്യായീകരണങ്ങളും വഞ്ചനയും
സാവധാനം,
ശ്രദ്ധാപൂര്‍വം
വിശദമാക്കുന്ന ആ അധ്യായം
(തലയോട്ടിക്കുള്ളിലെ
കൊടുങ്കാറ്റ്)
ഫ്രഞ്ചു
സാഹിത്യത്തിന്റെ മാത്രമല്ല,
ചിന്തിക്കുന്ന
മാനവികതയുടെയാകെ അഭിമാനമാണ്.
ഈ
പുറങ്ങള്‍ എഴുതപ്പെട്ടുവെന്നുള്ളത്
വിവേചനബുദ്ധിയുള്ള ഏതൊരു
മനുഷ്യന്റെയും ഭാഗ്യംതന്നെയാണ്.
ആദിമുതലുള്ള
കാര്യകാരണങ്ങള്‍ ഇത്ര ദാരുണമായും
ഞെട്ടലുണ്ടാക്കുന്ന വിധത്തിലും
പ്രപഞ്ചമനുഷ്യന്റെ ഹൃദയത്തില്‍
രേഖപ്പെടുത്തുന്ന ഈ പുറങ്ങള്‍ക്കു
സദൃശമായ മറ്റൊന്നു കണ്ടെത്താന്‍
കാലവും പ്രയത്‌നവും ഏറെ
വേണ്ടിവരും.
ദുഃഖത്തിന്റെയും
ദുരന്തത്തിന്റെയും ഈ
പ്രദര്‍ശനശാലയില്‍ തിന്മയുടെ
അതിഭീകരമൂര്‍ത്തിയായി ഒരു
പൊലീസുകാരന്‍.
വിട്ടുവീഴ്ചയില്ലാത്ത,
മോചനമില്ലാത്ത,
അഭിപ്രായമേതുമില്ലാത്ത
നീതിയുടെ വക്താവ്.
ഇല്ലായ്മയെന്ന
ദുരിതം അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത,
വ്യാഖ്യാനിക്കപ്പെടാത്ത
നിയമത്തിന്റെയും വന്യമായ
വിവേകത്തിന്റെയും (അതു
വിവേകംതന്നെയോ?)
പ്രതിനിധി.
ചൈതന്യമേതുമില്ലാത്ത
കുറിമാനത്തിലെ ഒരു വാക്ക്:
വെറുക്കപ്പെട്ടവനായ
ഴാവേ.
പാണ്ഡിത്യമുള്ള
പലരും ഴാവേയെക്കുറിച്ചു
പറയുന്നത് ഞാന്‍
കേട്ടിട്ടുണ്ട്-എന്തൊക്കെയായാലും
അയാള്‍ സത്യസന്ധനാണ്,
അയാളുടേതായ
മഹത്ത്വവുമുണ്ട്.
സത്യസന്ധനായ
ആരെയും എനിക്കറിയില്ലെന്നു
ദി മെയ്‌സ്ത്ര് പറഞ്ഞതുപോലെയാണിത്.
പഴിചാരപ്പെടുമെന്ന
ആശങ്കയോടെതന്നെ ഞാന്‍
സമ്മതിക്കട്ടെ,
(വിറയ്ക്കുന്നവര്‍
കുറ്റബോധമുള്ളവരാണെന്നു
റേബെസ് പിയെ എന്ന ഭ്രാന്തന്‍
പറഞ്ഞിട്ടുണ്ടല്ലോ):
ഒരിക്കലും
തിരുത്താനാകാത്ത ബീഭത്സജീവിയാണ്
ഴാവേ.
ചോരയിറ്റുവീഴുന്ന
മാംസത്തിനു വേണ്ടി വന്യമൃഗമെന്നപോലെ
നീതിക്കായി അയാള്‍ വിശന്നു
നടക്കുന്നു.
എല്ലാ
അര്‍ഥത്തിലും അയാളാണ് ശത്രു...
ഏതു
തൊഴിലും ഉത്സാഹിയായ മനുഷ്യന്‍
ഏറ്റെടുക്കും.
വേട്ടയ്ക്കും
പോരാട്ടത്തിനുമുള്ള നായയായി
അവനു മാറാനാകും.
തീവ്രമായ
ആഗ്രഹത്തില്‍നിന്ന് ഉരുവംകൊള്ളുന്ന
സൗന്ദര്യമാണത്.
ജോലിയില്‍
അതീവതത്പരനായ പൊലീസ്
ഉദ്യോഗസ്ഥനാകാന്‍ ഒരാള്‍ക്കു
കഴിയും.
പക്ഷേ,
താത്പര്യംകൊണ്ടു
മാത്രമാണോ ഒരാള്‍
പൊലീസുകാരനായിത്തീരുന്നത്?
ചില
പ്രത്യേകസാഹചര്യങ്ങളുടെ
ഫലമായും ആശയഭ്രാന്തില്‍നിന്നു
തീര്‍ത്തും വിഭിന്നമായ
കാരണങ്ങളാലും ഒരാള്‍
ഏറ്റെടുക്കുന്ന തൊഴിലുകളിലൊന്നല്ലേ
അത്?
ഫന്റൈന്‍
എന്ന കഥാപാത്രത്തിനു മേല്‍
വിക്‌തോര്‍ യൂഗോ വിതറിയിരിക്കുന്ന
തരളവും ഹൃദയഭേദകവുമായ സൗന്ദര്യം
ഞാനിവിടെ വിശദീകരിക്കുന്നില്ല.
വിഫലമായ
അധ്വാനത്തിനും നിയമപരമായ
വേശ്യാവൃത്തിക്കുമിടയിലാണ്
വിധിയെന്നു തിരിച്ചറിയുന്ന
അധഃപതിച്ച ആധുനികവനിതയാണവള്‍.
കുഞ്ഞുങ്ങളെ
നഷ്ടപ്പെട്ട പെണ്‍സിംഹത്തിന്റെ
കോപാന്ധവും ദീനവുമായ അലര്‍ച്ച
അഗാധഗര്‍ത്തത്തില്‍നിന്ന്
പ്രതിധ്വനിക്കുന്നതു
ചിത്രീകരിക്കാന്‍ അദ്ദേഹത്തിനുള്ള
പ്രാഗല്ഭ്യം നേരത്തേതന്നെ
നാം കണ്ടിട്ടുണ്ട്.
അതിമാനുഷരുടെ
സ്രഷ്ടാവായ അനുഗൃഹീതനായ ഈ
ചിത്രകാരന്‍,
നേര്‍ത്തൊരു
കരസ് പര്‍ശത്താല്‍,
അസാധാരണമായ
കൈയടക്കത്താല്‍,
ബാല്യത്തിന്റെ
കവിള്‍ത്തടങ്ങള്‍ക്കു വര്‍ണ്ണം
പകരുന്നതും കണ്ണുകളില്‍ ദീപം
തെളിക്കുന്നതും ചേഷ്ടകളില്‍
പ്രസരിപ്പും നിഷ്‌കളങ്കതയും
നിറയ്ക്കുന്നതും സ്വാഭാവികമായ
ഒരു സങ്കലനത്തിലൂടെയാണെന്നു
നാം തിരിച്ചറിയുന്നു.
ലോറന്‍സുമായോ
വെലാസ്‌കസ്സുമായോ മത്സരിക്കുന്നതില്‍
ആത്മസംതൃപ്തിയടയുന്ന
മൈക്കലാഞ്ജലോയെപ്പോലെ.
4
ലെ
മിസെറാബ്ലെ നിസ്സംശയമായും
ജീവകാരുണ്യത്തിന്റെ പുസ്തകമാണ്.
സാഹോദര്യത്തിന്റെ
അനശ്വരനിയമത്തെ കാറ്റില്‍പ്പറത്തി
ആത്മനിര്‍വൃതിയില്‍ മുഴുകിയ
സമൂഹത്തോടുള്ള കാതടപ്പിക്കുന്ന
ഓര്‍മപ്പെടുത്തല്‍.
പാവങ്ങളോട്
(കഷ്ടപ്പാടിലും
അപകീര്‍ത്തിയിലും വെന്തുനീറുന്നവരോട്)
പിന്തുണ
പ്രഖ്യാപിച്ചുകൊണ്ട് ഈ
കാലഘട്ടത്തിലെ ഏറ്റവും
വാക്ചാതുരിയുള്ള നാവില്‍നിന്നുതിരുന്ന
പ്രഭാഷണം.
അണുവിട
വ്യതിചലിക്കാത്ത തത്ത്വശാസ്ത്രത്തിന്റെ
കണ്ണുകളിലൂടെ പ്രശ്‌നം
അവതരിപ്പിക്കുമ്പോഴുള്ള
മനഃപൂര്‍വമല്ലാത്ത
തെറ്റിദ്ധരിപ്പിക്കലും
അബോധപൂര്‍വമായ പക്ഷപാതവും
നിലനില്ക്കുമ്പോഴും ഇത്തരം
പുസ്തകങ്ങള്‍ വെറുതെയാകില്ല
എന്നു നോവലിസ്റ്റ് പറഞ്ഞതു
ശരിയെന്നു നാം സമ്മതിക്കുകതന്നെ
ചെയ്യും.
വിക്‌തോര്‍
യൂഗോ മനുഷ്യപക്ഷത്താണ്.
എന്നാല്‍
ദൈവത്തിന് എതിരല്ലതാനും.
അദ്ദേഹം
ദൈവത്തില്‍ വിശ്വസിക്കുന്നു,
മനുഷ്യവിരുദ്ധനാകാതെതന്നെ.
വിപ്ലവത്തിലെ
നിരീശ്വരവാദമെന്ന മിഥ്യാഭ്രമത്തെ
അദ്ദേഹം എതിര്‍ക്കുന്നു.ചോരക്കൊതിയന്മാരായ
മൊളോക്കുകളെയും ടൂട്ടേറ്റുകളെയും
അംഗീകരിക്കാതെതന്നെ.
മനുഷ്യന്‍
ജനിക്കുന്നത് നല്ലവനായിത്തന്നെയാണെന്ന
വിശ്വാസമാണ് അദ്ദേഹത്തിന്റെത്.
നിരന്തരമായ
ദുരിതങ്ങളുടെ ആസുരതയിലും
ദൈവത്തിന്റെ ക്രൂരതയെ
പഴിചാരുന്നുമില്ല.
ജീവിതത്തില്‍
വേദന സമ്മാനിക്കുന്ന
നിഗൂഢതകള്‍ക്ക് അപൂര്‍ണമായതെങ്കിലും
ഒരു വിശദീകരണം പരമ്പരാഗതസിദ്ധാന്തങ്ങളിലും
കാത്തലിക് പ്രമാണങ്ങളിലും
കണ്ടെത്തുന്നവര്‍പോലും
വിക്‌തോര്‍ യൂഗോയുടെ പുതിയ
പുസ്തകം സ്വാഗതം ചെയ്യും
(ജീവകാരുണ്യത്തിന്റെ
വിജയമെന്ന് എഴുത്തുകാരന്‍
വിശേഷിപ്പിക്കുന്ന ബിഷപ്പ്
ബിയെവെനുവിനെയെന്നപോലെ).
ഈ
പുസ്തകം വാഴ്ത്തപ്പെടാനുള്ളതാണ്;
ഈ
പുസ്തകത്തിനു നാം നന്ദി
പറയേണ്ടിയിരിക്കുന്നു.
ആദിമൂലമായ
പാപമേ കഷ്ടം!
ഏറെക്കാലമായി
വാഗ്ദാനം ചെയ്യപ്പെട്ട
പുരോഗതിക്കു ശേഷവും അനശ്വരമായ
യാഥാര്‍ഥ്യങ്ങള്‍ രേഖപ്പെടുത്താന്‍
മുറിവുകളേറെ നിലനില്ക്കുന്നല്ലോ!
ഫ്രഞ്ചില്‍
നിന്നുള്ള പരിഭാഷ:
: ലീന
ചന്ദ്രന്‍
No comments:
Post a Comment