പാവങ്ങളെപ്പറ്റി എം.
മുകുന്ദൻ
അരനൂറ്റാണ്ടിനുശേഷം ഇപ്പോൾ തുലാവർഷം നനവു ചാർത്തിയ
രാത്രിയിൽ വിക്തോർ യൂഗോയുടെ പാവങ്ങൾ ഞാൻ കൈയിലെടുത്ത് ഇരിക്കുകയാണ്. ഗൃഹാതുരത്വത്തോടെയാണ്
ഞാനതിന്റെ താളുകൾ മറിച്ചുനോക്കുന്നത്. എല്ലാ നോവലുകളുടെയും അമ്മയാണ് പാവങ്ങൾ.ആ ദ്യമായി
ഈ നോവൽ വായിച്ച നാളുകളിലേക്ക് ഓർമകൾ കണ്ണുതുറക്കുന്നു...
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വായിച്ചിട്ടുള്ള നോവലല്ലേ
ഇത്? ഇത്രയധികം ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുള്ള മറ്റൊരു നോവൽ
ഇല്ലല്ലോ. ഇപ്പോഴും പാവങ്ങൾക്ക് പുതിയ മൊഴിമാറ്റങ്ങൾ
ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്നും വ്യത്യസ്തമായ രാജ്യങ്ങളിലെ വ്യത്യസ്തമായ സാംസ്‌കാരിക
പരിസരങ്ങളിൽ ജീവിക്കുന്ന ആളുകൾ പാവങ്ങൾ വായിക്കുന്നുണ്ട്.
ലോകത്തിൽ രണ്ടുതരം പൗരന്മാരുണ്ടെന്ന്
പറയുന്നു. പാവങ്ങൾ വായിച്ചിട്ടുള്ളവരും വായിക്കാത്തവരും. പാവങ്ങൾ
വായിച്ചിട്ടില്ലാത്തവർ നിരക്ഷരരെപ്പോലെയാണ്.
അവരുടെ ആത്മാവിൽ ദാരിദ്ര്യമുണ്ടാകും. അക്ഷരങ്ങൾ
കൂട്ടിവായിക്കാൻ പഠിച്ചതുകൊണ്ടുമാത്രം ആരും അക്ഷരാഭ്യാസമുള്ളവരായി മാറുന്നില്ലല്ലോ. പാവങ്ങൾ
വായിക്കുകകൂടി ചെയ്യണം. കാരണം ഒന്നര നൂറ്റാണ്ടിലേറെയായി
ആത്മോന്നമനത്തിന് അവശ്യം വായിക്കേണ്ട പാഠപുസ്തകങ്ങളിൽ ഒന്നാണ് പാവങ്ങൾ.
പാവങ്ങൾ വായിച്ച നാളുകൾ ഇപ്പോഴും എനിക്കോർമയുണ്ട്. അന്നെനിക്ക്
പതിനാലോ പതിനഞ്ചോ വയസ്സായിക്കാണും. അക്കാലം എന്റെ വീട്ടിനരികിൽ നല്ലൊരു
ഗ്രന്ഥശാലയുണ്ടായിരുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ പറയുന്ന
വിജ്ഞാനപോഷിണി വായനശാലയാണത്. പ്രധാനപ്പെട്ട പുസ്തകങ്ങൾ
പുറത്തിറങ്ങിയാൽ ഉടനെ അതൊക്കെ ഞങ്ങളുടെ ഈ വായനശാലയിൽ എത്തുമായിരുന്നു. അങ്ങനെയാണ്
വിക്തോർ യൂഗോയുടെ പാവങ്ങളുടെ ഒരു കോപ്പി അവിടെ വന്നത്.
നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം
ചെയ്ത് മാതൃഭൂമി പ്രസിദ്ധീകരിച്ചതായിരുന്നു അത്.
പ്രസിദ്ധീകരിച്ച് വൈകാതെതന്നെ അതിന് 1959-ൽ പുതിയ പതിപ്പ് ഉണ്ടാകുകയും ചെയ്തു.
കുറേക്കാലത്തിനുശേഷം ഇപ്പോൾ മാതൃഭൂമി പാവങ്ങൾ
പുനഃപ്രസിദ്ധീകരിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ ഞാൻ അതു വായിച്ച നാളുകളിലേക്ക്
മനസ്സുകൊണ്ട് ഒരു മടക്കയാത്ര നടത്തുകയായിരുന്നു.
ഞാൻ ആദ്യം ചെയ്തത് ഞങ്ങളുടെ പഴയ
വായനശാലയിൽ ചെന്ന് ഈ നോവൽ ഇപ്പോഴും അവിടെയുണ്ടോ എന്നന്വേഷിക്കുകയായിരുന്നു...
ഉണ്ട്. ഇപ്പോഴും അതവിടെയുണ്ട്.
പൊടിപിടിച്ച ചില്ലലമാരയിൽനിന്നു രണ്ടു വോള്യങ്ങളിലുള്ള നോവൽ പുറത്തെടുത്തപ്പോൾ
ആദ്യം അറിഞ്ഞത് പഴയ കടലാസിന്റെ മണമാണ്. മയ്യഴിയിലെ എന്റെ തലമുറ ആവർത്തിച്ച്
ആർത്തിയോടെ വായിച്ച പുസ്തകമാണത്. അരനൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും
കടലാസിന്റെ നിറം മങ്ങിയെങ്കിലും അതിനു കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ചില
താളുകളിൽ നനവുണങ്ങിയതുപോലെ കാണപ്പെട്ടു. വായനക്കാരുടെ കണ്ണീർ വീണുണങ്ങിയതാവാം ആ
അടയാളങ്ങൾ. അരനൂറ്റാണ്ടുകാലം ഉറകുത്താതെ ഈ പുസ്തകത്തെ സംരക്ഷിച്ചത്
വായനക്കാരുടെ കണ്ണീരായിരിക്കുമോ?
അന്ന്, മുണ്ടുടുത്തു നടക്കാൻ പഠിക്കുന്ന കാലത്ത്, രാവും
പകലും ഊണും ഉറക്കവുമില്ലാതെയാണ് ഞാൻ പാവങ്ങൾ വായിച്ചുതീർത്തത്. ഇപ്പോൾ
അതൊക്കെ ഓർക്കുന്നത് ഒരു രസമാണ്. ഇന്ന് അമ്മട്ടിലുള്ള വായനയില്ലല്ലോ. പുസ്തകം
വായിച്ചു മുഴുമിച്ചെങ്കിലും അതുടനെ മടക്കിക്കൊടുക്കാൻ തോന്നിയില്ല. അവസാന
തീയതി കഴിഞ്ഞു വരുന്ന ഓരോ ദിവസത്തിനും മൂന്നു പൈസ വീതം പിഴയടയ്ക്കണം. പത്തുമുപ്പതു
പൈസ ഞാൻ പിഴയടയ്ക്കുകയുണ്ടായി. മുപ്പതു പൈസ അന്ന് നിസ്സാരമായ ഒരു
തുകയായിരുന്നില്ല. അതുണ്ടാക്കാൻവേണ്ടി ഞാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. പിഴയോടൊപ്പം
വളരെ വിഷമത്തോടെയാണ് ഞാൻ പുസ്തകം
തിരിച്ചുകൊടുത്തത്. സ്വന്തമാക്കാൻ വേണ്ടി ഞാൻ മോഹിച്ച ആദ്യത്തെ പുസ്തകം
അതായിരുന്നു.
പാവങ്ങൾ വായിക്കുമ്പോൾ വിക്തോർ യൂഗോ ആരാണെന്ന്
എനിക്കറിയില്ലായിരുന്നു. അദ്ദേഹം ജീവിച്ച കാലവും ആ കാലത്തിന്റെ
ചരിത്രവും എനിക്കന്യമായിരുന്നു. തുടർന്ന് ദൽഹിയിലെത്തിയപ്പോൾ ഞാൻ മൂലകൃതി
ഫ്രഞ്ചിൽ വായിച്ചു. പാവങ്ങളെക്കുറിച്ചുള്ള പഠനങ്ങളും വിമർശനങ്ങളും വായിച്ചു. അങ്ങനെയാണ്
പാവങ്ങൾ വെറും ഒരു നോവലല്ലെന്നും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യദശകത്തിലെടുത്ത
കാലത്തിന്റെ ഒരു കാർബൺ കോപ്പിയാണതെന്നും മനസ്സിലായത്.
ആ അറിവ് പാവങ്ങളുടെ വായനാനുഭവത്തെ
സമ്പന്നമാക്കുകയും പൂർത്തീകരിക്കുകയും ചെയ്തു.
വിക്തോർ യൂഗോവിനെക്കുറിച്ചുള്ള ഒരു ഫോട്ടോ പ്രദർശനവും
ഒരിക്കൽ കാണുവാനിടയായി. യൂഗോവിന് ചർമ അലർജി കാരണം ക്ഷൗരം
ചെയ്യുവാൻ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം താടി വളർത്തിയത്. ഫോട്ടോ
എക്‌സിബിഷനിൽനിന്നു കിട്ടിയ വിവരമാണിത്.
1845-ലാണ് വിക്തോർ യൂഗോ പാവങ്ങൾ
എഴുതിത്തുടങ്ങിയത്. തുടർന്ന് എഴുത്ത് ഉപേക്ഷിക്കുകയും ചെയ്തു. പതിനഞ്ചു
വർഷത്തിനുശേഷം 1860-ൽ വീണ്ടും എഴുതാൻ തുടങ്ങി.
പാവങ്ങളുടെ പ്രസിദ്ധീകരണം പുസ്തകപ്രസാധന
ചരിത്രത്തിലെ അവിസ്മരണീയമായ ഒരു സംഭവമാണ്.
പാവങ്ങളുടെ ആദ്യഭാഗം 1862 ഏപ്രിൽ 3നാണ് പ്രസിദ്ധീകരിച്ചത്.
അതു വായിച്ച് ആവേശംകൊണ്ട വായനക്കാർ
നോവലിന്റെ തുടർഭാഗങ്ങൾക്കായി കാത്തിരുന്നു.
രണ്ടും മൂന്നും ഭാഗങ്ങൾ
പ്രസിദ്ധീകരിക്കുന്ന കൊടുംശൈത്യമുള്ള മെയ് 15
നു രാവിലെ ആറുമണി മുതൽ വലിയ
ആൾക്കൂട്ടങ്ങൾ ബുക്‌ഷോപ്പുകൾക്ക് മുൻപിൽ മഞ്ഞിൽ വിറച്ചു കാത്തുനില്ക്കുകയായിരുന്നു. അതേ വർഷം ജൂൺ 30 നാണ്
ബാക്കി രണ്ടു ഭാഗങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടത്.
അപ്പോഴേക്ക് ഫ്രാൻസ് മുഴുവൻ പാവങ്ങൾ
സംസാരവിഷയമായിത്തീർന്നിരുന്നു. ഇതിനു മുൻപ് ഒരു നോവലും ഒരു ജനതയേയും ഒരു
രാജ്യത്തേയും ഇങ്ങനെ ആവേശം കൊള്ളിച്ചിട്ടില്ലായിരുന്നു.
വിശക്കുന്ന അനുജത്തിക്കുവേണ്ടി അപ്പം മോഷ്ടിച്ചതിന്റെ പേരിൽ 1795-ൽ തടവിലാക്കപ്പെട്ട ഴാങ് വാൽഴാങ്ങാണ് പാവങ്ങളിലെ കഥാനായകൻ. നീണ്ട
ഇരുപതു വർഷം ഴാങ് വാൽയാങ് ജയിലിൽ ചെലവഴിച്ചു.
1815-ൽ ജയിലിൽ
നിന്നും മോചിതനാകുന്നതു മുതൽ 1833-ൽ മരിക്കുന്നതുവരെയുള്ള ഴാങ് വാൽ യാങ്ങിന്റെ
കഥയാണ് പാവങ്ങൾ പറയുന്നത്. എന്നാൽ ഇത് ഴാങ്‌വാൽ യാങ്ങിന്റെ കഥ
മാത്രമല്ല ഒരു രാജ്യത്തിന്റെയും ഒരു കാലത്തിന്റെയും മഹാഗാഥയാണ് പാവങ്ങൾ. അതിൽ
ചരിത്രമുണ്ട്, പ്രതിരോധമുണ്ട്, ദാരിദ്ര്യമുണ്ട്,
ചൂഷണമുണ്ട്,
സ്ത്രീപീഡനമുണ്ട്, നവോത്ഥാനമുണ്ട്, യുദ്ധമുണ്ട്, സോഷ്യലിസമുണ്ട്, പ്രണയമുണ്ട്, രാഷ്ട്രീയമുണ്ട്, നൈതികതയുണ്ട്, ഭൂമിശാസ്ത്രമുണ്ട്, വാസ്തുശില്പമുണ്ട്... ലോകത്തിലെ
ആദ്യത്തെ സോഷ്യലിസ്റ്റ് കഥാപാത്രം പാവങ്ങളിലെ വിദ്യാർഥി മരിയൂസാണ്. പാവങ്ങളിൽ
ഇല്ലാത്തതായി ഒന്നുമില്ല. അതുകൊണ്ടാണ് 1862-ൽ അക്കാലത്തെ ഫ്രഞ്ച് സാഹിത്യവിമർശകനായ
ആൽബേർ ഗ്ലത്തിഞ്ഞി ഇങ്ങനെ എഴുതിയത്:
'പാവങ്ങൾ ഒരു പർവതംപോലെയാണ്. അതിന്റെ
ഭയാനകമായ വലിപ്പക്കാഴ്ച നമ്മെ ആന്തരികമായി തകർക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. പാവങ്ങളുടെ
മുൻപിൽ നമ്മൾ വിറയലോടെ കാൽമുട്ടിൽ വീഴുന്നു.'
പാവങ്ങൾക്കെതിരായി വിമർശകർ സംസാരിക്കുകയും എഴുതുകയും
ചെയ്തിട്ടുണ്ട്. ഫ്രഞ്ചുസമൂഹത്തിന്റെ ലളിതവത്കരണവും ആഖ്യാനത്തിൽ സംഭവിച്ച
പാളിച്ചകളുമാണ് പാവങ്ങളുടെ പോരായ്മകളായി അവർ ചൂണ്ടിക്കാട്ടിയത്. നോവൽ
പ്രസിദ്ധീകരിച്ച് ഒന്നര നൂറ്റാണ്ട് കഴിഞ്ഞ് ഇന്നും പാവങ്ങൾക്കെതിരായി വിമർശനമുണ്ട്. എക്കാലത്തും
വൈകാരികതയെയും കാല്പനികതയെയും തിരസ്‌കരിച്ചിട്ടുള്ള ഒരു സംവേദനപൈതൃകം
ഫ്രഞ്ചുകാർക്കുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഒരു നോവലിനെ പാരായണക്ഷമമാക്കുന്നത്
അതിലെ വൈകാരികതലമല്ല, ബൗദ്ധികതലമാണ്.
ഫ്രാൻസിലെ വായനാസമൂഹം മഹാപ്രതിഭാശാലികളെപ്പോലും ചോദ്യം
ചെയ്യാനും തമസ്‌കരിക്കുവാനും മടിക്കാത്തവരാണ്.
ഒരുകാലം ഫ്രഞ്ച് സർഗാത്മകതയെ
ജ്വലിപ്പിച്ച സാർത്രിനെപ്പോലും അവർ തമസ്‌കരിച്ചുവല്ലോ.
പാവങ്ങൾ ഇന്നും ലോകം വായിക്കുന്നു എന്നതുതന്നെയാണ് ഈ കൃതിയെ
മഹത്ത്വവത്കരിക്കുന്നത്. ഈ വർഷം സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം
ലഭിച്ച മരിയോ വർഗാസ് ലോസ ഒരിക്കൽ പാവങ്ങളെ അടയാളപ്പെടുത്തി സംസാരിക്കുകയുണ്ടായി. ഒരുകാലത്ത്
സാർത്ര് തന്റെ ഹരമായിരുന്നുവെന്നും എന്നാൽ ഇന്ന് സെയിന്റ് ഴെനേയൊഴിച്ച്
അദ്ദേഹത്തിന്റെ മറ്റൊരു കൃതിയും വായിക്കാൻ കൊള്ളാവുന്നതല്ലെന്നും ലോസ പറഞ്ഞു. അതേസമയം
പാവങ്ങളുടെ വായനാസാധ്യതകൾ ഇപ്പോഴും നിലനില്ക്കുന്നുണ്ട്.
ലോസ പറഞ്ഞു.
സാങ്കേതികമായി വിലയിരുത്തുമ്പോൾ
പാവങ്ങളിൽ ന്യൂനതകൾ കണ്ടേക്കാം. പക്ഷേ,
പാവങ്ങളിൽ നിറഞ്ഞൊഴുകുന്ന മനുഷ്യസ്‌നേഹവും
നീതിബോധവും കാരുണ്യവും അതിന്റെ എല്ലാ രചനാപരമായ പോരായ്മകളെയും മറികടക്കുന്നു. പാവങ്ങളെ
എക്കാലത്തെയും മഹത്തായ നോവലാക്കി മാറ്റുകയും ചെയ്യുന്നു.
ഇന്നും ഫ്രാൻസിൽ ഴാങ്‌വാൽ യാങ്ങിനെയും
കൊസെത്തിനെയും മരിയൂസിനെയും അറിയാത്ത ഒരു കുട്ടിപോലുമുണ്ടാകില്ല.വായിച്ച്
അൻപതു കൊല്ലം കഴിഞ്ഞിട്ടും ഴാങ്‌വാൽ യാങ്ങും കൊസെത്തും ഗവ്‌റോഷുമെല്ലാം എന്റെ
മനസ്സിലും മായാതെ നില്ക്കുന്നു. പുസ്തകങ്ങൾ ഉള്ളിടത്തോളംകാലം പാവങ്ങളും
അതിലെ കഥാപാത്രങ്ങളും നിലനില്ക്കുമെന്നാണ് എന്റെ വിശ്വാസം.പാവങ്ങൾ അവസാനിക്കുന്നത് ഴാങ്‌വാൽ
യാങ്ങിന്റെ മരണത്തോടെയാണ്. അരികിൽ കൊസെത്തും മരിയൂസുമുണ്ട്. ഴാങ്‌വാൽ
യാങ്ങ് അവരോടു പറയുന്നു: 'എന്റെ കാഴ്ച മങ്ങുന്നു. എന്റെ
കുട്ടികളേ... എന്റെ അടുത്ത് വരൂ.
ഞാൻ സന്തോഷത്തോടെ കണ്ണടക്കട്ടെ.'കൊസെത്തും
മരിയൂസും ഹൃദയം തകർന്ന് കണ്ണീർകൊണ്ട് ശ്വാസംമുട്ടി ഴാങ്‌വാൽ യാങ്ങിന്റെ ഓരോ
കൈയ്ക്കടുത്തായി മുട്ടുകുത്തിയിരുന്നു. ആ കൈകൾ അനങ്ങാതെയായി.
പിന്നാക്കം വീണ അയാളുടെ മുഖത്തിന് മെഴുകുതിരിവെളിച്ചം തിളക്കം ചാർത്തി....ഈ വരികൾ
വായിച്ചിട്ട് എത്രയോ ആളുകളുടെ കണ്ണുകൾ നനഞ്ഞിട്ടുണ്ട്.
എം. മുകുന്ദൻ
No comments:
Post a Comment