Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Thursday, July 4, 2019

ലക്ഷ്മണ സാന്ത്വനത്തിൻ്റെ പ്രസക്തി

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ ലക്ഷ്മണൻ ജീവിതത്തെ രാമന് വേണ്ടിയുള്ള സ്നേഹതപസാക്കി. രാമായണത്തിൽ രാമന്റെ അയനം കാണുന്നവർ ലക്ഷ്മണന്റെ അയനം കാണാതെ പോകരുത്. കോസലത്തിന്റെ കൊട്ടാരപ്പടവുകളിൽ നിന്നാണ് കൊടിയവനത്തിലേക്ക് രാമലക്ഷ്മണന്മാർ യാത്രയാകുന്നത്. രാമനോടൊപ്പം ലക്ഷ്മണൻ അനുഗമിക്കുന്നു. ഊർമിളയിൽ നിന്നു കൂടിയുള്ള വിരഹതീഷ്ണമായ പതിന്നാലു സംവൽസരങ്ങളായിരുന്നു ലക്ഷ്മണന്.

പന്നഗശായിയായ മഹാവിഷ്ണുവിന്റെ അവതാരമാണ് രാമനെന്നു പണ്ഡിതർ. അപ്പോൾ നാഗശ്രേഷ്ഠനായ അനന്തനാണ് ലക്ഷ്മണൻ.രാത്രിയിൽ ഉറക്കമില്ലാതെ രാമനു കാവൽ നിന്നത് ഓർക്കുക. ഇതുകൊണ്ടാണ് ലക്ഷ്മണനെ കാലപുരുഷനായി രാമായണം വ്യാഖ്യാനിക്കുന്നത്. യുദ്ധത്തിൽ ലക്ഷ്മണന്റെ ഭാഗം കാണുക. മരണമില്ലാത്ത കാലത്തിന്റെ പ്രതീകമാണ് ലക്ഷ്മണൻ എന്നു തെളിയിക്കുന്നു. ചില സന്ദർഭങ്ങളിൽ രാമൻ തന്നെയാണ് ലക്ഷ്മണനെന്ന സന്ദേശം കൂടി രാമായണ ത്തിന്റെ വരികളിൽ ഒളിഞ്ഞിരിക്കുന്നു.

പരാർഥത്തിനായുള്ള സ്നേഹയജ്ഞമായിരുന്നു ലക്ഷ്മണന്റെ ജീവിതം.സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഹോമകുണ്ഠമായിരുന്നു ലക്ഷ്മണന്റെ ജീവിതമെന്നു രാമായണം പുനർ വായന നടത്തിയവർ എല്ലാം സമ്മതിക്കും. സ്വയം സമർപ്പണത്തിന്റെ യാത്ര. സത്യത്തിന്റെ കാവലാളാണ് ലക്ഷ്മണൻ. വിശ്വാമിത്രന്റെ യാഗ രക്ഷയ്ക്കായി രാമനോടൊപ്പം കൊട്ടാരം വിട്ടു. അവിടെ തുടങ്ങി ലക്ഷ്മണൻ ത്യാഗത്തിന്റെ യാത്ര. രാമന്റെ വ്യക്തിത്വത്തെ മുൻനിർത്തിയാണ് ലക്ഷ്മണന്റെ ജീവിതരേഖയും കിടക്കുന്നത്. രാമൻ ധർമത്തിന്റെ പ്രതീകമെന്നു ലക്ഷ്മണൻ തിരിച്ചറിഞ്ഞു.

ധർമത്തെ സംരക്ഷിക്കാനുള്ള യാത്രയുടെ ഭാഗമായിരുന്നു വനവാസത്തിലെ ലക്ഷ്മണന്റെ ബ്രഹ്മചര്യം. ഊണും ഉറക്കവും വെടിഞ്ഞാണ് ലക്ഷ്മണൻ മാതൃകാ പുരുഷന്റെ കാവലാളായത്. ജീവിതയാത്രയിൽ ലക്ഷ്മണൻ ഒരിക്കലും തന്നെക്കുറിച്ച് ആലോചിച്ചേയില്ല. സരയൂ നദിയിൽ മുങ്ങി ദേഹം ഉപേക്ഷിക്കുന്നതു വരെ ലക്ഷ്മണനു മറ്റു സ്നേഹബന്ധങ്ങളുടെ ഒരു പിൻവിളിയും തടസമായില്ല. 

ലോകധർമ്മമെന്ത് എന്ന് വിവേചിക്കുകയും അതുനസരിച്ച് സ്വകർമ്മങ്ങൾ ആസൂത്രണം ചെയ്തനുഷ്ഠിക്കുകയുമാണ് രാമന്റെ അയനം. ലക്ഷ്മണന്റെ അയനമാകട്ടെ, ഏതു പ്രതിസന്ധിയിലും ആത്മകർമ്മമെന്ത് എന്ന് തിരിച്ചറിഞ്ഞ് അത് സമ്യക്കായി അനുഷ്ഠിക്കുകയും അതിൻഫലമായി വന്നുകൂടുന്നത് എന്തായാലും സധീരം അനുഭവിച്ചുതീർക്കുകയും ചെയ്യുക എന്നതത്രെ. ഇതിൽ ധർമ്മനിരാസം വായിച്ചെടുക്കേണ്ടതില്ല. വിവേകിയായ രാജാവ് ആചരിക്കുന്ന കർമ്മം, കാലംകൊണ്ട് ലോകധർമ്മമാവും എന്നാണ് വിധി.
ആധുനിക മനുഷ്യന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ രാമായണത്തിന് സാധിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അനിഷേധ്യമായ ബന്ധം രാമായണം പ്രഖ്യാപിക്കുന്നു. രാമായണത്തില്‍ അനേകം നാടകീയ മുഹൂര്‍ത്തങ്ങളുണ്ട്. അതിലൊന്നാണ് ശ്രീരാമന്‍ ലക്ഷ്മണന് നല്‍കിയ ഉപദേശം. ദശരഥന്‍ കൈകേയിക്ക് നല്‍കിയ വാക്ക് പാലിക്കുന്നതിന് രാമന് രാജ്യമുപേക്ഷിച്ച് വനത്തിലേക്ക് പോകേണ്ടിവരുമെന്ന് അറിയുമ്പോള്‍ അധര്‍മ്മത്തിനെതിരെ ജ്വലിക്കുന്ന വാക്ശരങ്ങള്‍ പിതാവിനുനേരെ ലക്ഷ്മണന്‍ പ്രയോഗിക്കുന്നു. ക്രോധത്താല്‍ അന്ധനായിത്തീര്‍ന്ന ലക്ഷ്മണന്‍ പിതാവായ ദശരഥനെ ബന്ധിച്ചായാലും രാമനെ രാജാഭിഷേകം ചെയ്യിക്കണമെന്ന ചിന്തയിലെത്തുമ്പോള്‍, തെറ്റ് പ്രവര്‍ത്തിച്ചാല്‍ അച്ഛനേയും ശിക്ഷയ്ക്ക് വിധേയനാക്കേണ്ടതാണെന്ന് ലക്ഷ്മണന്‍ ആക്രോശിക്കുന്നു. മൂന്ന് ലോകങ്ങളേയും ഭസ്മമാക്കാന്‍ പോകുന്ന കോപത്തോടെ നില്‍ക്കുന്ന ലക്ഷ്മണനില്‍ പാവനമായ സ്‌നേഹത്താല്‍ മനസില്‍ ഒഴുകിയെത്തുന്ന ഉപദേശാമൃതം നിറയ്ക്കുകയാണ് ശ്രീരാമന്‍. പാവനമായ സ്‌നേഹത്തില്‍ അധിഷ്ഠിതമായ ശാന്തി മന്ത്രങ്ങള്‍ ഭക്തിയുടെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ് നിലകൊള്ളുന്നത്. അുജനാണെങ്കിലും ഭക്ത്യാദരപൂര്‍വ്വമാണ് ശ്രീരാമന്‍ ലക്ഷ്മണന് ഉപദേശങ്ങള്‍ നല്‍കുന്നത്. രാജ്യവും ദേഹവും ബന്ധുക്കളും നശ്വരമാണെന്നും ആയുസ് ക്ഷണികമാണെന്നും മറ്റുമാണ് ശ്രീരാമന്‍ ലക്ഷ്മണനെ ബോധ്യപ്പെടുത്തുന്നത്. ക്രോധത്താല്‍ ജ്വലിച്ച് നില്‍ക്കുന്ന ലക്ഷ്മണന്‍ അവസാനം ശാന്തത കൈവരിക്കുന്നു.

കുടുംബത്തിൽ ഒരു പ്രശ്നമുണ്ടായാൽ മുതിർന്നവരുടെ സമയോചിതമായ ഇടപെടൽ എങ്ങിനെ ഒരു മനഃശാസ്ത്ര കൗൺസലിങ്ങിന്റെ ഫലം ചെയ്യുന്നുവെന്നു രാമായണത്തിലെ ലക്ഷ്മണോപദേശം വെളിവാക്കുന്നു.

രാമാഭിഷേകം മുടങ്ങിയെന്നറിഞ്ഞു ക്രൂദ്ധനായ ലക്ഷ്മണൻ പിതാവിനെ വധിക്കാൻ പോലും തയാറാകുന്നുണ്ട്. ‘വത്സ; സൗമിത്രേ, കുമാര നീ കേൾക്കണം’ എന്നു സൗമ്യമായി മൊഴിഞ്ഞുകൊണ്ടു ശ്രീരാമൻ ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും ക്രോധം ഉപേക്ഷിക്കേണ്ടതിനെക്കുറിച്ചുമൊക്കെ ലക്ഷ്മണനു നൽകുന്ന പാഠങ്ങൾ അധമവികാരങ്ങളുടെ അന്ധകാരത്തെ നീക്കി വിവേകത്തിന്റെ വെളിച്ചമാണു പ്രദാനം ചെയ്യുന്നത്.

ക്ഷോഭിച്ച കടൽപോലെ കലിതുള്ളിയ ലക്ഷ്മണന്റെ മനസ്സിനെ തിരയടങ്ങിയ ആഴക്കടൽ പോലെ ശാന്തമാക്കുന്നു.രാമവചനാമൃതം മായക്കാഴ്ചകൾ നിറഞ്ഞ ജീവിതത്തിന്റെ നശ്വരതയെപ്പറ്റി
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമായുസുമോർക്ക നീ
എന്നു പറഞ്ഞുകൊണ്ടു ലക്ഷ്മണനെ ബോധവാനാക്കുന്നു.

വഴിയമ്പലത്തിൽ കൂടി പിരിയുന്ന പാന്ഥരെ പോലെ ജീവിതയാത്രയിൽ അൽപനേരം ഒരുമിച്ചു കഴിയുന്നവർ തമ്മിൽ മൽസരിക്കുന്നതിന്റെ വ്യർഥതയും ബോധ്യപ്പെടുത്തുന്നു. ക്രോധമെന്ന വികാരത്തെ സർവതും നശിപ്പിക്കുന്ന യമനോടാണു താരതമ്യം ചെയ്യുന്നത്. ‘കാമക്രോധലോഭ മോഹാദികൾ ശത്രുക്കളാകുന്നതെന്നുമറിക നീ’ എന്നും അനുജനെ ഓർമപ്പെടുത്തുന്നുണ്ട്.

ജ്യേഷ്ഠൻ നൽകിയ ഇൗ ‘കൗൺസലിങ്ങി’ലൂടെ നിരവധി ജീവിത സമസ്യകൾക്ക് ഉത്തരം കണ്ടെത്തിയ ലക്ഷ്മണൻ ഒരു ജ്ഞാനിയായി മാറുന്നതാണു പിന്നീടു നിഷാദരാജാവായ ഗുഹനുമായുള്ള സംഭാഷണത്തിൽ നിന്നു വ്യക്തമാകുന്നത്.

രാജഭോഗങ്ങളെല്ലാം വെടിഞ്ഞ് ആരണ്യത്തിലേക്കു പോകേണ്ടിവന്ന ശ്രീരാമചന്ദ്രനെക്കുറിച്ചു ഗുഹൻ വിലപിക്കുമ്പോൾ
ലോകേ സുഖാനന്തരം ദു:ഖമായ് വരു, മാകുലമില്ല ദു:ഖാനന്തരം സുഖം’
എന്നു പറഞ്ഞുകൊണ്ടു ലക്ഷ്മണൻ സമാശ്വസിപ്പിക്കുകയാണ്.

ആത്മഹത്യകളും പീഡനങ്ങളും ലഹരി ഉപയോഗവുമൊക്കെ വർധിക്കുന്നതിന്റെ കാരണങ്ങളിലൊന്നു തകരുന്ന കുടുംബാരോഗ്യമാണ്. ശ്രീരാമനെപ്പോലെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാന്ത്വന സ്പർശം നൽകാൻ പ്രാപ്തിയുള്ള സഹോദരന്മാരും ഗൃഹനാഥന്മാരും ഉണ്ടാകുമ്പോഴാണു കുടുംബം ഒരു ദേവാലയമായി മാറുന്നത്.

Credits : അനസ് സംസ്കൃതി

No comments:

Post a Comment