പാഠഭാഗത്തിന് മുമ്പുള്ള ഭാഗം
പൊയ്‌പോയ നിലാവിന്റെ നിനവു വറ്റാത്ത നിളാമണല്‍പ്പുറം. പറവകളുടെ കളിത്തട്ട്. കവിളൊട്ടിയ കടവ്. എല്ലുന്തിയ ചുവന്ന അമ്പലപ്പടി ചൂണ്ടുന്ന പാത. അര്‍ശസ്സ് മാറാത്ത കടവുതോണി; തകരക്കണ്ണടവെച്ച തോണിപ്പുര.
അകലെ മുകളില്‍ ധ്യാനത്തിലുറച്ച വില്വാദ്രി, കേശഭാരകിരീടം ചൂടിയ മഹാക്ഷേത്രം. തിരുവില്വാമല. പണ്ട് കേളിപെറ്റ കലകളുടെ കളിയരങ്ങായ തിരുവില്വാമല. മലനാടിന്റെ പ്രകൃതിസൗന്ദര്യം ഇന്നും തകരാതെ, തളരാതെ, നാടു വാഴുന്ന നെടുങ്കോട്ട. എങ്ങും അഴകിന്റെ തിരനോട്ടം. കവിതയുടെ മോഹിനിയാട്ടം. തിരുവില്വാമല.
കാര്‍നിരയഴിഞ്ഞു. കൂരിരുളൊഴിഞ്ഞു.
പുകള്‍പെറ്റ ആ അരയാല്‍മരം. സത്യാന്വേഷണം തുടരുന്ന നെടുംതായ് വേരുകള്‍; ജീവിതത്തിന്റെ അഗാധതയില്‍ ഇറങ്ങിത്തപ്പുന്ന തായ്‌വേരുകള്‍. ആയിരം വയസ്സുചെന്ന, കിഴക്കേ നടയിലെ നാടാകെ പന്തലിട്ട അരയാല്‍മരം. എന്നും പതിനാറുകാരനായ രസികന്‍ അരയാല്‍മരം. ആയിരമായിരം പൂര്‍ണ്ണ ചന്ദ്രോദയം, സൂര്യോദയം, കഥകളിയരങ്ങു കണ്ട അരയാല്‍മരം. മരതകപ്പച്ച വീശുന്ന മറ്റൊരു മഹാകാശം.
ഓളമിളക്കുന്ന പുലര്‍കാറ്റ്. മലമുടികള്‍ക്കപ്പുറത്തു കന്നിപ്പുലരിത്തുടുപ്പ്. ചെന്താമരപ്പൂനിറമാല. പ്രകൃതിസൗന്ദര്യ സൗരഭ്യം വിതറുന്ന തിരുവില്വാമല.
സിന്ദൂരപ്പൊട്ടു തൊട്ട് പൊന്‍വളയണിക്കൈയില്‍ പൂത്താലവുമായി പൊന്‍കസവൊളി വിതറി കന്നിപ്പുലരി. ആ നിത്യകന്യക വീണ്ടും അരങ്ങത്തു വന്നു.
ഭാരതപ്പുഴവക്കില്‍ മരപ്പേട്ടയായി മാറിയ പഴയ ഊട്ടുപുര, കൈ ഒടിഞ്ഞ അത്താണികള്‍, കോണിയിടിഞ്ഞ പീടികമുകളില്‍ കൊച്ചു തപാലാപ്പീസ്,പച്ച നോട്ടടുക്കിയ അരികടത്തുഗുദാമുകള്‍. മേല്‍മീശവച്ച ചാരായക്കട. തൊട്ടുയരെ അന്തിത്തിരി പാളുന്ന മാരിയമ്മന്‍ കോവില്‍. കുടവയറന്‍ വെളി ച്ചപ്പാടിനൊപ്പം നില്ക്കുന്ന പാറക്കെട്ട്. കൈത്തറിനെയ്ത്തുതറികള്‍ പനിച്ചു കിടക്കുന്ന പപ്പടച്ചെട്ടിത്തെരുവ്.
ഉയരെയുയരെ കരിങ്കല്‍പ്പടികള്‍ ഉറ്റു നോക്കുന്ന വടക്കേനട. വടക്കും തെക്കും അറ്റവേനലിലും തെളിനീരൊലി വിടാത്ത പൂഞ്ചിറകള്‍.
ഓരോ നടയിലും ഓരോ ചായപ്പീടിക. ചന്ദനവരക്കുറി തൊട്ട കണിക്കൊന്നകള്‍. വടക്കേ നടയില്‍ ചാപ്പുണ്ണിനായരുടെ ചായപ്പീടിക. വിശേഷദിവസങ്ങളില്‍ നല്ല തിരക്ക്. പടിക്കല്‍ കെട്ടിയിട്ട ചുവന്ന തപാല്‍പ്പെട്ടി. കോഴിയാട്ടല്‍ തൊഴില്‍കൂടിയുള്ള ചെള്ളിളകിയ കിഴവന്‍നായ. എന്നും കറവുള്ള എരുമകള്‍, പശുക്കള്‍, കായ്കറിത്തോട്ടം. അദ്ധ്വാനിക്കുന്ന ഭാര്യ. തമിഴ്‌നാട്ടില്‍ ചായക്കടവെച്ചു സമ്പാദിക്കുന്ന ആണ്‍മക്കള്‍. അഴകുള്ള പെണ്‍കിടാങ്ങള്‍. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ കാഞ്ഞിരം. കഷണ്ടി കയറിയ വട്ടമുഖമുള്ള ചാപ്പുണ്ണിനായര്‍.
കാളിസേവക്കാരനാണ് ചാപ്പുണ്ണിനായര്‍.