Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Wednesday, January 24, 2018

കവിയുടെ കാല്‍പാടുകള്‍ പി കുഞ്ഞിരാമന്‍ നായര്‍


പാഠഭാഗത്തിന് മുമ്പുള്ള ഭാഗം
നാലുപാടും നീലമേലാപ്പു കെട്ടിയ അനന്തചക്രവാളം. മേഘമാലകള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത അഗാധനീലിമ; കണ്ണെത്താത്ത സൗന്ദര്യസരസ്സിനു കരിങ്കല്‍പ്പടവുകള്‍ തീര്‍ത്ത മലനിരകള്‍; കിഴക്കും തെക്കും പടിഞ്ഞാറും വടക്കും ഇതള്‍ വിരിഞ്ഞ ഗിരിനിരകളുടെ നീലത്താമരത്തടാകങ്ങള്‍. കിനാവുകളുടെ അനന്തസാമ്രാജ്യം. നേര്‍ത്ത മൂടല്‍മഞ്ഞിന്റെ മൂടുപടം. അറ്റം പെടാത്ത മനോരാജ്യങ്ങളുടെ പരന്ന കരിമ്പാറക്കുന്നുകള്‍; ഉറക്കക്ഷീണം പെട്ട കുപ്പിവളയിട്ട ചടച്ച പാടങ്ങള്‍. പച്ച പാതി തുടച്ച തോട്ടങ്ങള്‍. പാളി നോക്കുന്ന ഗ്രാമീണ ഭവനങ്ങള്‍. നാടോടിപ്പാട്ടു പാടി വയലേലകള്‍ക്കിടയില്‍ക്കൂടി പാദസരമിട്ട് ഭര്‍തൃഗൃഹത്തിലേക്കു പോകുന്ന ഭാരതപ്പുഴ.
പൊയ്‌പോയ നിലാവിന്റെ നിനവു വറ്റാത്ത നിളാമണല്‍പ്പുറം. പറവകളുടെ കളിത്തട്ട്. കവിളൊട്ടിയ കടവ്. എല്ലുന്തിയ ചുവന്ന അമ്പലപ്പടി ചൂണ്ടുന്ന പാത. അര്‍ശസ്സ് മാറാത്ത കടവുതോണി; തകരക്കണ്ണടവെച്ച തോണിപ്പുര.
അകലെ മുകളില്‍ ധ്യാനത്തിലുറച്ച വില്വാദ്രി, കേശഭാരകിരീടം ചൂടിയ മഹാക്ഷേത്രം. തിരുവില്വാമല. പണ്ട് കേളിപെറ്റ കലകളുടെ കളിയരങ്ങായ തിരുവില്വാമല. മലനാടിന്റെ പ്രകൃതിസൗന്ദര്യം ഇന്നും തകരാതെ, തളരാതെ, നാടു വാഴുന്ന നെടുങ്കോട്ട. എങ്ങും അഴകിന്റെ തിരനോട്ടം. കവിതയുടെ മോഹിനിയാട്ടം. തിരുവില്വാമല.
കാര്‍നിരയഴിഞ്ഞു. കൂരിരുളൊഴിഞ്ഞു.

പുകള്‍പെറ്റ ആ അരയാല്‍മരം. സത്യാന്വേഷണം തുടരുന്ന നെടുംതായ് വേരുകള്‍; ജീവിതത്തിന്റെ അഗാധതയില്‍ ഇറങ്ങിത്തപ്പുന്ന തായ്‌വേരുകള്‍. ആയിരം വയസ്സുചെന്ന, കിഴക്കേ നടയിലെ നാടാകെ പന്തലിട്ട അരയാല്‍മരം. എന്നും പതിനാറുകാരനായ രസികന്‍ അരയാല്‍മരം. ആയിരമായിരം പൂര്‍ണ്ണ ചന്ദ്രോദയം, സൂര്യോദയം, കഥകളിയരങ്ങു കണ്ട അരയാല്‍മരം. മരതകപ്പച്ച വീശുന്ന മറ്റൊരു മഹാകാശം.
ഓളമിളക്കുന്ന പുലര്‍കാറ്റ്. മലമുടികള്‍ക്കപ്പുറത്തു കന്നിപ്പുലരിത്തുടുപ്പ്. ചെന്താമരപ്പൂനിറമാല. പ്രകൃതിസൗന്ദര്യ സൗരഭ്യം വിതറുന്ന തിരുവില്വാമല.
സിന്ദൂരപ്പൊട്ടു തൊട്ട് പൊന്‍വളയണിക്കൈയില്‍ പൂത്താലവുമായി പൊന്‍കസവൊളി വിതറി കന്നിപ്പുലരി. ആ നിത്യകന്യക വീണ്ടും അരങ്ങത്തു വന്നു.
ഭാരതപ്പുഴവക്കില്‍ മരപ്പേട്ടയായി മാറിയ പഴയ ഊട്ടുപുര, കൈ ഒടിഞ്ഞ അത്താണികള്‍, കോണിയിടിഞ്ഞ പീടികമുകളില്‍ കൊച്ചു തപാലാപ്പീസ്,പച്ച നോട്ടടുക്കിയ അരികടത്തുഗുദാമുകള്‍. മേല്‍മീശവച്ച ചാരായക്കട. തൊട്ടുയരെ അന്തിത്തിരി പാളുന്ന മാരിയമ്മന്‍ കോവില്‍. കുടവയറന്‍ വെളി ച്ചപ്പാടിനൊപ്പം നില്ക്കുന്ന പാറക്കെട്ട്. കൈത്തറിനെയ്ത്തുതറികള്‍ പനിച്ചു കിടക്കുന്ന പപ്പടച്ചെട്ടിത്തെരുവ്.
ഉയരെയുയരെ കരിങ്കല്‍പ്പടികള്‍ ഉറ്റു നോക്കുന്ന വടക്കേനട. വടക്കും തെക്കും അറ്റവേനലിലും തെളിനീരൊലി വിടാത്ത പൂഞ്ചിറകള്‍.
ഓരോ നടയിലും ഓരോ ചായപ്പീടിക. ചന്ദനവരക്കുറി തൊട്ട കണിക്കൊന്നകള്‍. വടക്കേ നടയില്‍ ചാപ്പുണ്ണിനായരുടെ ചായപ്പീടിക. വിശേഷദിവസങ്ങളില്‍ നല്ല തിരക്ക്. പടിക്കല്‍ കെട്ടിയിട്ട ചുവന്ന തപാല്‍പ്പെട്ടി. കോഴിയാട്ടല്‍ തൊഴില്‍കൂടിയുള്ള ചെള്ളിളകിയ കിഴവന്‍നായ. എന്നും കറവുള്ള എരുമകള്‍, പശുക്കള്‍, കായ്കറിത്തോട്ടം. അദ്ധ്വാനിക്കുന്ന ഭാര്യ. തമിഴ്‌നാട്ടില്‍ ചായക്കടവെച്ചു സമ്പാദിക്കുന്ന ആണ്‍മക്കള്‍. അഴകുള്ള പെണ്‍കിടാങ്ങള്‍. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ കാഞ്ഞിരം. കഷണ്ടി കയറിയ വട്ടമുഖമുള്ള ചാപ്പുണ്ണിനായര്‍.
കാളിസേവക്കാരനാണ് ചാപ്പുണ്ണിനായര്‍.

നിറപ്പാതിരയ്ക്കു കാട്ടിന്‍ നടുവിലെ കൊടുംകാവില്‍ ചെന്നിരുന്നു ശത്രുസംഹാരത്തിനു രക്തപുഷ്പാഞ്ജലി. സ്ത്രീവശ്യത്തിനു സ്വയംവരമന്ത്രജപം. നാവില്‍ ദേവി, മനസ്സില്‍ നൂറു കണക്കില്‍ മധുരപ്പതിനേഴുകാരികള്‍. അടി കൊടുത്തിട്ടുണ്ട്. കൊണ്ടിട്ടുണ്ട്. കൊങ്ങുനാട്ടില്‍ പോയി ക്ലബ്ബ് തുടങ്ങി. എല്ലാം തുലഞ്ഞു. ഉടുമുണ്ടോടെ രാത്രി വണ്ടികയറി. നാട്ടില്‍ വീണ്ടും ക്ലബ്ബ് തുറന്നു. വീണ്ടും നോട്ടുകെട്ട് അടുക്കുന്ന തിരക്കിലാണ്. മൂപ്പരുടെ തേക്കിലയിലെ ഇഡ്ഡലിയും ചട്ട്ണിയും പേരുകേട്ടതാണ്.
പതിവുകാരും പരിചയക്കാരും നിറഞ്ഞിട്ടുണ്ട്.
തകില്‍വാദ്യം അപ്പുണ്ണി, നാഗസ്വരം മുരളി, ഇടുമുടിവാദ്യം ചാത്തുണ്ണി, കോങ്കണ്ണന്‍ വെളിച്ചപ്പാട്.
അപ്പോള്‍ സാറ് കൊല്ലങ്കോടു വിട്ടു, ഇല്ലേ?
സ്‌കൂളില്‍നിന്നു പെന്‍ഷന്‍ പറ്റി പിരിഞ്ഞു.
അടുത്ത പരിപാടി?
തിരുവില്വാമല സ്ഥിരതാമസം.
അതു നന്നായി. തിരുവില്വാമലയിലെ പഴയ ആളല്ലേ!
ചാപ്പുണ്ണിനായരുടെ ക്ലബ്ബിനു തൊട്ട വീടു വാടകയ്‌ക്കെടുത്തു. ഇന്നു താമസം തുടങ്ങും. കൊല്ലങ്കോട്ടുനിന്നുള്ള കാളവണ്ടിസ്സാമാനം കാത്തിരിപ്പാണ്.
മുറ്റത്തെ വാഴയില്‍ കാക്ക കുറുകി. അകത്തെ ചുമരില്‍ ഗൗളി ചിലച്ചു. വേലിപ്പടര്‍പ്പില്‍ ഉച്ചവെയിലും കരിനിഴലും എന്തിനോ വഴക്കടിച്ചു. മാങ്കൊമ്പിലണ്ണാന്‍ ചിലച്ചു.
നിശ്ശബ്ദമായ ഒരു നിമിഷം കടന്നുപോയി.
അപ്പോള്‍ കവി പുതിയ വീട്ടില്‍ കൂടുകയാണ്. നൂറു കണക്കില്‍ വീടു മാറി പുതിയൊരു വീട്ടില്‍.
പോസ്റ്റ്മാന്‍ കമ്പി ഒപ്പിടുവിച്ചു പോയി. അന്നത്തെ തപാല്‍ വന്നു. കുട്ടിക്കാലം മുതല്‍ വിടാത്ത രണ്ടു കൂട്ടുകാര്‍ അടുത്തെത്തി. മാതൃഭൂമി ദിനപ്പത്രവും ആഴ്ചപ്പതിപ്പും.
തകില്‍വാദ്യം ഒന്നു കണ്ണിട്ടു.
അപ്പോള്‍ കവിയുടെ വക പരക്കെ ചായയുണ്ടാകും, ഇല്ലേ?
ഉണ്ട്. ചാപ്പുണ്ണിനായരേ, എല്ലാവര്‍ക്കും വേണ്ടതു കൊടുക്കൂ. അവിടെ കൂടിയവരെല്ലാം വേണ്ടത്ര കഴിച്ചു.
ഉച്ചശ്ശീവേലി കൊട്ടി. ഞങ്ങള്‍ പോട്ടെ.
ശരി.
പത്രത്തിലെന്താ വര്‍ത്തമാനം?
വലിയൊരു ഇന്ത്യന്‍ കപ്പല്‍ മുങ്ങി. യാത്രക്കാരെല്ലാം കടലിലാണ്ടു. കപ്പിത്താന്‍ രക്ഷപ്പെട്ടു. വല്ലാത്ത കപ്പിത്താന്‍. എല്ലാവരെയും മുക്കിക്കൊന്നു രക്ഷപ്പെടുന്ന കപ്പിത്താന്‍!
ചാപ്പുണ്ണിനായരേ, കണക്കെന്തായി?
എട്ടര രൂപ.
പത്തു റുപ്പിക നോട്ടെടുത്തു കൊടുത്തു. ഒരു പത്തു രൂപാനോട്ടതാ താഴെ കിടക്കുന്നു.
ചാപ്പുണ്ണിനായര്‍ പറഞ്ഞു: മറ്റാരാനുമാണെങ്കില്‍ മിണ്ടില്ല, ഇതില്‍ രണ്ടു പത്തുണ്ട്.
ശരി തന്നേക്കൂ. വീണ നോട്ടെടുത്തു പഴയ തുണിസ്സഞ്ചിയിലിട്ടു.
ഇങ്ങനെ പണം നോട്ടമില്ലാത്ത മനുഷ്യന്‍. എത്ര കാലമായി ഇങ്ങനെ കാണാന്‍ തുടങ്ങീട്ട്. അന്നും ഇന്നും വന്ന വരവ്, ചെന്ന ചെലവ്. ഒന്നു കൊടുക്കുമ്പോള്‍ രണ്ടും മൂന്നും പെടുക, നിലത്തു കൊഴിയുക. അലക്കാന്‍ കൊടു ക്കുമ്പോള്‍ ഷര്‍ട്ടിന്റെ കീശയില്‍ നോട്ടു പെടുക. ഇതെല്ലാം ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി.”
പഴനിക്കു നോമ്പിട്ട കാവടിക്കാരന്‍ അടുത്ത വീട്ടില്‍നിന്ന് ശംഖു വിളിച്ചു. ചുള്ളിവിറകുകെട്ടുമായി ഒരു തള്ള ആ വഴി കടന്നുപോയി. ഒരു പറ്റം അമ്പലപ്രാവുകള്‍ അമ്പലക്കുളത്തില്‍ ചിത്രം നിരത്തി പറന്നുപോയി.
ഭാര്യ തൈരു കലക്കുന്നതിനിടയില്‍ കഴുത്തുവെട്ടിച്ച് അധികാരസ്വരത്തില്‍ പറഞ്ഞു: ”ഇങ്ങനെ കണ്ടാലും കൊണ്ടാലും പഠിക്കാത്തൊരു മനുഷ്യന്‍!”
മുതിര്‍ന്ന പെണ്‍കിടാങ്ങള്‍ മുല്ലവള്ളികള്‍പോലെ കുണുങ്ങിച്ചിരിച്ചു. മഷിയെഴുതിയ കണ്ണുകളില്‍ കരിമീന്‍ പാഞ്ഞു..
ഒരു കന്നിമാസത്തിലെ നിറസന്ധ്യക്ക് മുപ്പിട്ടു വ്യാഴാഴ്ച നിറമാല തൊഴാന്‍ തിരുവില്വാമല ആദ്യം കേറി വന്നത് ഇന്നും ഓര്‍മ്മയുണ്ട്.
പതിനഞ്ചുകൊല്ലം മുന്പ് ഇതേ ബെഞ്ചിലിരുന്നു പശുവിന്‍ പാല്‍ കിട്ടുമോഎന്നന്വേഷിച്ചു.
ചാപ്പുണ്ണിനായര്‍: ‘’ എടീ ചീതേ, നിനക്കോര്‍മ്മയില്ലേ?’’
എല്ലാം ഓര്‍മ്മയുണ്ട്.
നീലത്തുളസിപോലെ കൊഴുത്തു മിനുത്ത അഴക്‌. പാറിപ്പറക്കുന്ന ചുരുള്‍മുടി. ആരോടും പുഞ്ചിരി . , എന്തൊരഴകായിരുന്നു! അക്കരെച്ചെന്നു കുടുങ്ങി എല്ലാം കളഞ്ഞുകുളിച്ചു . അഴകും,അന്തസ്സും, പണവുമെല്ലാം പോയി..
രണ്ടിടങ്ങഴി പശുവിന്‍പാലല്ലേ അന്ന് കഴിച്ചിരുന്നത്. കറന്നു ചൂടാറാതെ. രണ്ടിടങ്ങഴി പച്ചപ്പാല്‍ കുടിച്ചിട്ടും ഒരു കേടുമില്ല. ഞാനാണെങ്കില്‍ അപ്പോള്‍ മരിച്ചു പോകും. മൂത്തമകള്‍ രസിപ്പിച്ചു...
ഒരു കിഴവന്‍ ധര്‍മ്മക്കാരന്‍ ഉമ്മറത്ത്‌ വന്നു... ചാപ്പുണ്ണിനായര്‍ അലറി; ‘’ഉമ്മറത്ത്‌ നിന്നാല്‍ ചൂടുവെള്ളം മേത്തൊഴിക്കും, ഉം. പോ, കടന്നുപോ.’’
‘’
അയാള്‍ക്ക് ‌ വേണ്ടത് കൊടുക്ക്‌ ചാപ്പുണ്ണിനായരേ.’’
ധര്‍മ്മകാരന്‍ ഉമ്മറത്തെ മിനുത്ത പാറയിലിരുന്നു. വയറു നിറയെ കഴിച്ചു പൊക്കണവും, തകരപ്പാത്രവും, മുളവടിയും എടുത്തു ഇഴഞ്ഞു നീങ്ങി.
അയാള്‍ നീട്ടി വിളിച്ചു, മുകളിലേക്ക് നോക്കി; എന്റെ വില്വാദ്രിനാഥാ!’’
ചാപ്പുണ്ണിനായരേ, നാഴി പാലൊഴിച്ചു കടുപ്പം കുറഞ്ഞ ഒരു ചായകൂടി തരൂ.
വല്ലാത്ത ദാഹം. നാലിഡ്ഡലികൂടി ചട്ടിണിവെച്ച് തരൂ.. രണ്ടെണ്ണം കാക്കയ്ക്ക്.. രണ്ടെണ്ണം പട്ടിക്കു.
കരിമ്പുഴക്കാര്‍ ചിലര്‍ തൊഴുതു മടങ്ങി ചായക്കടയില്‍ കയറി..
ചാപ്പുണ്ണിനായര്‍ ചോദിച്ചു; ഈ ഇരിക്കൂന്ന ആളെ അറിയുമോ?
കണ്ടിട്ടില്ല.
ഇതാണ് കവിതക്കുഞ്ഞിരാമന്‍നായര്‍’.
ഓഹോ, കേട്ടിട്ടുണ്ട്..കൊല്ലങ്കോട്ടുനിന്നുള്ള ഗംഭീര യാത്രയയപ്പും പടവും പത്രങ്ങളില്‍ കണ്ടു.. ഷഷ്ടിപൂര്ത്തി പ്പടങ്ങളും കണ്ടു.
എന്തിലും ഏതിലും ഇപ്പോഴും കവിത കാണാന്‍ ഉഴറുന്ന ദാഹിച്ച കണ്ണുകള്‍. ആ മലനാടന്‍ കൃഷിവലകന്യകമാരില്‍ കവിത കണ്ടു: ഓണക്കാറ്റില്‍- പൊന്നോണവെയിലില്‍ ആടിയുലയുന്ന പുത്തരിച്ചെമ്പാന്‍ കതിരുകള്‍.
ഏതോ വേദനാവീര്പ്പുയര്ത്തിയ ആ പഞ്ചവര്‍ണ്ണക്കിളികള്‍ നടക്കാവു വഴി പറന്നു മറഞ്ഞു.
ഉച്ചപ്പൂജ കഴിഞു അമ്പലവാസിപ്പയ്യന്‍ പാല്‍ പായസത്തൂക്കുപ്പാത്രവുമായി വന്നു.. എല്ലാവരും പ്രസാദം സ്വാദ് നോക്കി.
ചാപ്പുണ്ണിനായര്‍ ചോദിച്ചു; എന്തടാ ബാലാ. അഞ്ചുറുപ്പികയുടെ പായസമാണോ ഇത്? നീ വഴിയില്‍ വെച്ച്-—‘’
ഇല്ലെന്നു പയ്യന്‍ തലയാട്ടി.
വേലിക്കലെ പട്ടല്‍ മുളങ്കാടു തമ്മില്‍ പിറുപിറുത്തു.. ഒരേ താളത്തിലുള്ള
അവയുടെ ശബ്ദം ചുറ്റുപാടും മുഴങ്ങി..
ഭാരതപ്പുഴക്കരയില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന തീവണ്ടിപ്പാളം വെയിലേറ്റു തിളങ്ങി. അകലെയകലെ പുകവണ്ടിയുടെ ചൂളംവിളി മുഴങ്ങി..
കീറമുണ്ട് തലയില്‍ക്കെട്ടി ചാമിയെഴുത്തച്ഛന്‍ വന്നു പറഞ്ഞു: “ പടിഞ്ഞാറേ നടയ്ക്കല്‍ വണ്ടി വന്നിട്ടുണ്ട്.’’
വണ്ടി വന്നു... തലേന്ന് സന്ധ്യക്ക്‌ കൊല്ലങ്കോട്ടുനിന്ന് പുകതുപ്പുന്ന റാന്തല്‍ വിളക്കുമായി പുറപ്പെട്ട കാളവണ്ടി.. വളഞ്ഞുപിരിഞ്ഞ വിജനമായ ഇരുള്‍പ്പാതപറ്റി കുന്നത്തുപ്പാറയും ചുങ്കവും കടന്നു വണ്ടി വന്നു... കവി മാസ്റ്ററുടെ കെട്ടും മുട്ടയും പുസ്തകക്കൂമ്പാരവും കുത്തിനിറച്ച ഭാരവണ്ടി വലിച്ചു തളര്‍ന്ന കാളകള്‍.
തിരുവില്വാമല മഹാക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ അരയാല്‍ത്തണലില്‍ വന്നു നിന്നു.
വേപ്പുമരച്ചില്ലയില്‍ ചിന്തിച്ചിരുന്ന മഞ്ഞക്കിളി ചോദിച്ചു: ഈ യാത്ര എവിടെ നിന്ന്, എങ്ങോട്ട്, എന്തിനു? വളഞ്ഞവഴിക്കു വെറുതേ നീങ്ങിയ ഭാരവണ്ടി..
കഷ്ടം!’’
വണ്ടിക്കാരന്‍ മുഹമ്മദുറങ്ങുന്നു. എണ്ണതീര്‍ന്ന് റാന്തല്‍വിളക്ക് അപ്പോഴും പുകഞ്ഞുകത്തുന്നു. ഹൈസ്കൂള്‍ വിദ്യാര്‍ഥി രാധാകൃഷ്ണന്‍ തലക്കെട്ടും ചാട്ടയുമായി വിയര്‍ത്തു നില്ക്കുന്നു.
നടവഴിയില്‍ വെള്ളമുണ്ടുടുത്ത്, കാത്തു നില്ക്കുുന്ന അപ്പുണ്ണിനായരുടെ വാടകവീട്..ആ കനത്ത ഭാരം ഏറ്റുവാങ്ങി.
സമ്മാനം കിട്ടിയ പട്ടുസാല്‍വ, വിലപ്പെട്ട കസവുമുണ്ടുകള്‍, സ്വര്‍ണ്ണ മാലകള്‍, സ്വര്‍ണ്ണ മുദ്രകള്‍, വെള്ളിത്താലങ്ങള്‍, വെള്ളിവിളക്കുകള്‍, സ്റ്റീല്‍ പാത്രങ്ങള്‍ എല്ലാം ഇരുളടഞ്ഞ വാടകവീടിന്റെ‍ മാറാല മൂടിയ മുറിയില്‍ തളര്‍ന്നു കിടക്കുന്നു.
അവ തമ്മില്‍ സ്വകാര്യം പറഞ്ഞു: ‘’ ഈ കവിക്ക്‌ നമ്മളോട്‌ ഒരു മമതയും ഇല്ല. ഇനി എത്രനാള്‍ ഇവിടെ കഴിയേണ്ടിവരും ! ആരു കണ്ടു?’’
വെള്ളിത്താമ്പാളം പറഞ്ഞു: ‘’ ഇനി വളരെനാള്‍ വേണ്ടി വരില്ല.’’
ആ വാക്ക് ഫലിച്ചു. ചില നാളുകള്‍ക്കകം അവരെല്ലാം കാണാതെ, പറയാതെ ഓരോ വഴിക്കുപോയി. കൂട്ടുകാരില്‍ മൂന്നു പേര്‍ മാത്രം വിടാതെ കൂടി:
പല്ലിളകുന്ന പഴയ എഴുത്തുപലക, വാററ്റ ചെരുപ്പ്, കാലൊടിഞ്ഞ പഴയ കുട.
മുക്കിലിരിക്കുന്ന ഒരു കൂട്ടം ആളുകള്‍ പറഞ്ഞു: ഞങ്ങളും കവിയെ വിടാതെ കൂടെക്കൂടും. ബീഡിമൊരി വീണു ആയിരം കണ്ണുള്ള പഴയ ജുബ്ബകള്‍, അടിയേറ്റ പരുക്കുള്ള ഖദര്‍ മുണ്ടുകള്‍, പ്രായം ചെന്ന വേഷ്ടികള്‍.
ചാപ്പുണ്ണിനായരുടെ ക്ലബ്ബിന്റെറയും വാടക വീടിന്റെണയും മുള്ള് വേലിപ്പഴുതില്‍
ചിതല്‍ പുറ്റില്‍ നരച്ച വെമ്പാല പാര്‍പ്പുണ്ട്.
അവന്‍ ഇടയ്ക്കിടെ ഉമ്മറത്ത്‌ വന്നു കവിയുടെ കുശലമന്വേഷിക്കും. കവി പുതിയ കൂട്ടുകാരുമായി പരിചയപെട്ടു.
വേപ്പുമരത്തിലെ മഞ്ഞക്കിളി, കരിമ്പനപ്പൊത്തിലെ ചവറ്റിലപ്പറവകള്‍, ചാപ്പുണ്ണിനായരുടെ മൂത്തമകള്‍ തങ്കം, കൊച്ചു പൈംകിടാവ്, വില്വാദ്രിയിലെ പ്രഭാതം, അഴകൊഴുകുന്ന സന്ധ്യ, മണിമാലയണിഞ്ഞ മധുരരാത്രി, ചെമ്പകപ്പൂക്കള്‍, കുളിര്‍ കാറ്റ് , ചമ്രവട്ടത്തേക്ക് ആനമലയില്‍ നിന്ന് കാല്‍ നടയായി കരിക്കുമേന്തി തൊഴാന്‍ പോകുന്ന മലമകള്‍, വലിയ നാടുവാഴിയുടെ മകള്‍, ഭാരതപ്പുഴ, വില്വാദ്രിയിലെ പാതിരാദീപം.
കൊല്ലങ്കോട്ടു യാത്രയയപ്പ് കമ്മിറ്റി. കരകള്‍ കവരുന്ന സൌഹൃദം, ചൂടും പുകയും പരത്തുന്ന ശ്രീധരന്‍, സ്നേഹമുറ്റ ഗ്രാമങ്ങള്‍, നാട്ടില്‍ പ്രമാണിയായ തെമ്മല.. അവരുടെ അകമഴിഞ്ഞ ഹൃദയം.. വേപ്പുമണികള്‍. അവര്‍ തീരുമാനിച്ചു കവിക്കൊരു വീട്. നനുത്തുമിനുത്ത വലിയ സില്ക്ക് സഞ്ചിയില്‍ നിറഞ്ഞ സദസ്സില്‍ വെച്ച് ഒരു തുക സമ്മാനിച്ചു..ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ വെള്ളിനക്ഷത്രം വിതറിയ രാത്രി...
വേദമന്ത്രം ചൊല്ലി സാക്ഷാല്‍ കൊല്ലങ്കോട്ടു ഗോപാലന്‍ നായര്‍ അനുഗ്രഹത്തിന്റെ ആ കിഴി സമ്മാനിച്ച്‌..
പണം പോയി.. പണക്കിഴിത്തുണി എലിവെട്ടി.
എന്നാല്‍ ചന്ദനക്കാതല്‍ കടഞ്ഞ ആ മഹാന്റെ പാവനവിഗ്രഹം മനസ്സിന്റെ ഉള്ളറയിലുണ്ട്.
ഇരുപതു കൊല്ലം പള്ളിക്കൂടത്തിനകത്തുനിന്ന് ഉറക്കെയുറക്കെ നിലവിളിച്ചതിന്റെ കൂലി..ഒരു തുക കൈയ്യില്‍ വന്നു... ഔദാര്യത്തിന്റെ മറ്റു പല സംഭാവന തുകകള്‍ വഴിഞ്ഞുവന്നു...
തിരുവില്വാമല ചുങ്കത്തെ ഒരു ബാങ്കിലെ ഇരുമ്പലമാരയില്‍ അവര്‍ തങ്ങി.. കുറച്ചിടമാത്രം..ആ പച്ചനോട്ടുകെട്ടുകള്‍ അതിനകത്തിരുന്നു ഗൂഡാലോചന നടത്തി...അവര്‍ തീരുമാനിച്ചു. ഈ ഒാട്ടക്കയ്യന്റെ കൂടെ ഞങ്ങളില്ല. ഈ ഓട്ടക്കീശയില്‍ ഞങ്ങള്‍ വാഴില്ല...അവര്‍ ചാടിപ്പോകാന്‍ സമയം കാത്തിരുന്നു.
ധനുമാസക്കാറ്റ്, മാമ്പൂമണം, തെളിഞ്ഞ നീലമലകള്‍, ചിറ്റൂര്‍ പാപനാശിനി പുഴ, തുഞ്ചത്തു ഗുരുപാദര്‍, പുഴക്കരയിലുറപ്പിച്ച പരിപാവനക്ഷേത്രം, സമാധി സമ്മേളനദിവസം, മഹാസദസ്സ്, മണികണ്ഠവിജയം. വിജയനും കൂട്ടുകാരും പരികര്‍മ്മികള്‍.
സമ്മേളനഭാരവാഹികള്‍ സന്തോഷിച്ചു. കുഞ്ഞിരാമന്നായര്‍ എത്തിക്കഴിഞ്ഞു. തിരക്കിനിടയില്‍ കണ്ണുനിറഞ്ഞു ഓടിവന്നു കെട്ടിപ്പിടിച്ചു വിജയന്‍ പറഞ്ഞു. കൊച്ചുകുന്നു കണ്ടാല്‍ പിന്മാറുന്നവനെ ശബരിമല, നീലിമല കയറ്റിയ—നാളികേരമുടച്ച്‌ പൊന്നു പതിനെട്ടാംപടി കയറ്റിയ വിജയന്‍. വിജയനോടൊപ്പം, ശ്രീധരനും തൊണ്ടയിടറി പറഞ്ഞു. അവാര്‍ഡ് —ഈ ആണ്ടത്തെ കേന്ദ്രസാഹിത്യ അക്കാദമിയുടെ ‘ താമരത്തോണി” ക്കാണ്‌.
ചുറ്റും കൂടിയവരുടെ മുഖത്ത്‌ വിളക്കെരിഞ്ഞു. ഈ അവാര്‍ഡ് ഞങ്ങള്‍ക്ക് കിട്ടിയ അവാര്‍ഡാണ്.. വീണ്ടും വിജയന്‍-- ഈ കൊച്ചു പുഴക്കരയില്‍-- തുഞ്ചന്‍ ഗുരുമഠത്തില്‍ ശ്രീരാമക്ഷേത്ര സന്നിധിയില്‍ വച്ച് റേഡിയോ ഈ വാര്‍ത്തയറിയിച്ചതില്‍ അല്പം ചിന്തിക്കാനുണ്ട്.
വിജയന്റെ സ്നേഹപരിഷ്വംഗം വീര്‍പ്പുമുട്ടിച്ചു. അന്തിത്തെന്നലില്‍ ആരോ പനിനീര്‍ തളിച്ചു.
ശ്രീധരന്‍ ചിരിച്ചു. അകലെയകലെ ഉയരെയുയരെ ധ്രുവനക്ഷത്രദീപ്തിയില്‍ കണ്ണുകള്‍ പാറിക്കളിച്ചു.
കോളേജ്‌ പ്രിന്‍സിപ്പല്‍ ചോദിച്ചു: അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ കവിക്ക്‌ സന്തോഷമില്ലേ.?
എന്നെപ്പോലുള്ളവര്‍ക്ക്--- കവിതകൊണ്ട്‌ കഴിഞ്ഞു കൂടുന്നവര്‍ക്ക്—മനുഷ്യന്റെ ഈ അവാര്‍ഡുകള്‍ വലുതാണ്‌.. ഇതിലും വലിയ അഅവാര്‍ഡ് മറ്റൊന്നുണ്ട്, ഉണ്ടാവണം.
ലക്‌ഷ്യം നേടാന്‍ കഴിയാത്തതിലുള്ള വറ്റാത്ത അനുതാപക്കണ്ണീര്‍ക്കണം.
ഏതാണ് ആ ലക്‌ഷ്യം?
പൂര്‍ണ്ണാനന്ദകവിത. നിത്യകാവ്യാനുഭൂതി. പുഴയും കടലുംപോലെ, ജീവിതവും കവിതയും ഒന്നായലിഞ്ഞു അന്തരാത്മാവില്‍ നിന്നു തിളച്ചു പൊന്തുന്ന മധുരകാവ്യാനുഭൂതി.
ആ അനുഭൂതി ഇതേവരെ കൈവന്നിട്ടില്ലേ കവിക്ക്‌?
കണ്ണാടിയില്‍ അവളുടെ മുഖം കണ്ടിട്ടുണ്ട്. അവളേ നേരില്‍ കണ്ടിട്ടില്ല..
കാണുമോ?
അറിഞ്ഞുകൂടാ. എന്നാല്‍ ആയിരമായിരം ജന്മം അവള്‍ക്കു വേണ്ടി ഞാന്‍ കാത്തിരിക്കും..
അങ്ങനെ അവാര്‍ഡ് കിട്ടിയ തുകകൂടി മൊത്തം വലിയൊരു സംഖ്യ അന്ന് ബാങ്കില്‍ കയറി.. പുലരിയുടെ സ്വര്‍ണ്ണനിറത്തിന് മാറ്റ് കൂടി. നിലാവിന്റെ വെള്ളിപ്പാദസരത്തിന്‌ അഴകേറി. അമ്പലക്കുളത്തിനക്കരെ വെള്ളിലക്കാട് പൂത്തു. ചില മാസങ്ങള്‍ കൂടി കടന്നുപോയി.
കവിതാസദ്യയുണ്ട പകലുകള്‍, കവിത മോന്തിക്കുടിച്ച രാത്രികള്‍.
അത്താഴപ്പൂജ കഴിഞ്ഞു നടയടച്ച മണിനാദത്തിന്റെ മാറ്റൊലി. കല്‍പ്പടവിറങ്ങിപ്പോകുന്ന ശീവേലിവിളക്കൊളി.
മരക്കുടിലുകളില്‍ രാപ്പറവകളുടെ നേര്‍ത്ത ചിറകടി. പച്ചിലകളില്‍ മിന്നാമിനുങ്ങുകളുടെ വിളക്കൊളി. കണ്ണെഴുത്തും ചാന്തുപൊട്ടും ചന്ദനവരക്കുറിയും ചോറ്റുചെമ്പുമായി വീടണയുന്ന അമ്പലവാസിപ്പെണ്‍ കിടാങ്ങള്‍..
അര്‍ദ്ധയാമം കഴിഞ്ഞു മലമുകളിലെ അമ്പലം. കാവില്‍ വിളി . വെണ്മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചു കളിക്കുന്ന പഞ്ചമിച്ചന്ദ്രക്കല .
ചിതറിത്തെറിച്ച കോടാനുകോടി രത്നങ്ങള്‍. വിജനമായ നടപ്പാത. അകലെ സിനിമാഹാളിലെ തമിഴ് പാട്ടുകള്‍. ചാപ്പുണ്ണിനായരുടെ മുറ്റത്തെ മിനുത്ത പാറയില്‍ മങ്ങിയ നിലാവില്‍ നീലാകാശം നോക്കി മലര്‍ന്നു കിടന്നു. പുലര്‍ന്നു തേനൂറുന്ന മീനരാത്രികള്‍.
ചരാചരങ്ങള്‍ രാത്രിയുടെ കൈക്കൂടയില്‍ ചുരുണ്ട് കിടക്കുന്നു—ഒച്ചയില്ല, അനക്കമില്ല.
രാത്രി രണ്ടുമണി. നടയിറങ്ങുന്ന നേരിയ കാലടിശബ്ദം. ഇക്കണ്ടവാര്യര്‍ പതിവുപോലെ രണ്ടുമണിക്ക് കുളിക്കാനിറങ്ങുന്നു. പ്രായം എഴുപത്തിയഞ്ച്.
വിറയ്ക്കില്ല, വടിയില്ല, ചെരുപ്പില്ല. ചുരുട്ടിയ ശീലക്കുടയാണ് വഴിത്തുണ. ചടച്ച ദേഹം, നരച്ച തല, സര്‍പ്പദൃഷ്ടി, നിര്‍ഭയം.
മൂന്നുമണിക്ക് കുളിച്ചു അമ്പലത്തിലെത്തും. കാറ്റ്, മഴ, മഞ്ഞ്, ഒന്നും വാര്യരറിയില്ല. മന്ത്രജപം, നാമം, സ്ത്രോത്രം ചുണ്ടുകളില്‍, അഞ്ചുമണിവരെ എകാഗ്രഭജനം. അരയില്‍ ഈറന്‍ തോര്‍ത്തുമുണ്ട്‌. ഡോക്ടര്‍ ദേഹം തൊട്ടിട്ടില്ല. ആശുപത്രി കണ്ടിട്ടില്ല. ഭക്തിയുടെ അങ്ങേയറ്റം. പിശുക്കിന്റെയും.
സ്ഥിരമായി നിര്‍മാല്യം തൊഴുന്ന മറ്റൊരാളുണ്ട്. ഭാരതപുഴവക്കത്തെ ‘ വാട്ടര്‍ സപ്ളൈ” കൃഷ്ണന്‍കുട്ടിനായര്‍.
കണിശമായി മൂന്നുമണിക്ക് കമ്പിറാന്തലുമായി കുളക്കടവിലെത്തും. മൂന്നിന് ആശാന്‍ എന്നെ വിളിക്കും. നാലടിച്ചാല്‍ നിര്‍മാല്യം തൊഴാന്‍ നടയിലെത്തും.
ഏകാന്തശാന്തിയുടെ മധുരശംഖുനാദം ചക്രവാളമെങ്ങും മുഴങ്ങും.
ധ്യാനത്തില്‍ ഉറക്കമിളച്ചു തളര്‍ന്ന രാത്രിയുടെ തെളിഞ്ഞ കണ്ണുകള്‍ക്ക് എന്തൊരു തിളക്കം!
പടിഞ്ഞാറെ നടയിലെ നിര്‍മാല്യദറ്‍ശനസുഖം അനുഭവിച്ചവര്‍ക്കറിയാം ആ പരമാനന്ദം.
ഹനുമാന് നിത്യനെയ് വിളക്ക്.
ജീവിത്തിലനുഭവിച്ച അനറ്‍ഘാനന്ദനിമിഷമേത് എന്ന ചോദ്യത്തിന് ആത്മാവിന്റെ ഉത്തരമിതാണ്.
തിരുവില്വാമലയിലെ പടിഞ്ഞാറേ നടയിലെ നിര്‍മാല്യദര്‍ശനനിമിഷം! വിഷയസുഖം ക്ഷണികാനുഭവം മാത്രം.
ആത്മസുഖം മാത്രമാണ് സാക്ഷാല്‍ അനുഭൂതി.
ആ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പുലര്‍താരകയുടെ വെള്ളിവെളിച്ചത്തില്‍.
ഇവിടെ വിശ്വകവി ദര്‍ശനം കൈവരുന്നു.
നിഗൂഢപ്രപഞ്ചകാവ്യദര്‍ശനം കൈവരുന്നു!
കാക്കയും കുരുവിയും വിട്ടുമാറാത്ത മധുരപ്പഴമുതിരുന്ന പേരാലുകള്‍. തണല്‍ നീര്‍ത്തിയ ഉങ്ങുമരങ്ങള്‍. കുളിര്‍ വിതച്ച തോപ്പുകള്‍. വേലി വളച്ചിട്ട മേച്ചില്‍ പറമ്പുകള്‍.
കറവു കഴിഞ്ഞ പാടങ്ങള്‍. കുളിക്കാനിറങ്ങുന്ന മാറ് മറയ്ക്കാത്ത കൈതപ്പൂക്കള്‍. കിഴക്ക് തുറന്നിട്ട വിദൂരനീലിമ . നിത്യകന്യകയായ നിളാനദി. നിളാസ്പര്‍ശനമേറ്റ് പുളകമണിഞ്ഞ കരയോരഗ്രാമങ്ങള്‍.
കന്നിന് തൊഴുത്തും വൈക്കോല്‍ത്തുറുവും ഉള്ള കര്‍ഷകവാടങ്ങള്‍. ദൂരെ മനോഹര വില്വാദ്രി. ശൂന്യതയ്ക്കു പൊട്ടിട്ട മഹാശ്വത്ഥം.
അക്കരെ ശിവക്ഷേത്രം. ശ്രീകൃഷ്ണക്ഷേത്രം, കൊച്ചു വൃന്ദാവനം. എങ്ങോ വിരല്‍ ചൂണ്ടുന്ന ഓട്ടുകമ്പനി. പണക്കൂറ്റന്‍ കൊങ്ങന്മാരുടെ തീപ്പെട്ടികമ്പനികള്‍. കമ്പനിപ്പറവകളായ നൂറുകണക്കില്‍ നാട്ടുപെണ്‍കിടാങ്ങള്‍.
ലക്കിടി. അഴകും ഉറപ്പും ഉള്ള മണ്‍പാത്രങ്ങള്‍ അകലേക്ക്‌ വണ്ടി കേറിപ്പോകുന്ന ലക്കിടി തീവണ്ടിയാപ്പീസ്!
കുഞ്ചന്റെ കവിത തുള്ളിക്കളിച്ച കിള്ളിക്കുറിശിമംഗലം. തുള്ളല്‍ക്കര്‍ത്താവ് കാണിക്കയിട്ട, ബലിക്കല്‍പ്പുര. ദക്ഷിണാമൂര്‍ത്തിക്ഷേത്രം. പരന്ന പറമ്പില്‍ പൂരം കൊണ്ടാടുന്ന ചിനക്കത്തൂര്‍ കാവ്.
കുടവും വീണയുമായി നാഗപ്പാട്ട് പാടുന്ന വള്ളുവനാടന്‍ കുന്നുകള്‍. കരിമ്പുഴ വെറ്റില. ചുനങ്ങാടന്‍ പഴയ അരി. വള്ളുവനാടന്‍ ഭാഷ. അഴകൊഴുകുന്ന കണിക്കൊന്നത്തൈകള്‍. എട്ടുകാലിവലയ്ക്കൊത്ത കൊച്ചുപീടികകള്‍. കൂമ്പാരകമ്പോളങ്ങള്‍. ഭാരതപ്പുഴയിലേക്ക് നാവുനീട്ടി കിടക്കുന്ന കൂനും മുഴയുമുള്ള പാത.
ഒടുങ്ങാത്ത സൌന്ദര്യസമ്പത്ത്. മലനാടന്‍ സംസ്കാരസമ്പത്ത്, കിള്ളിക്കുറിശിമംഗലം!
പാതയുടെ വളവില്‍ തഴച്ച പിലാവ്. കിടാങ്ങള്‍ കൂകുന്ന ഹയര്‍ എലിമെണ്ടറി സ്‌കൂള്‍. സംസ്കൃതസ്‌കൂള്‍, പേര്കേട്ട മനകള്‍. കുഞ്ചന്‍ സ്മാരക വായനശാല, ചെറുങ്ങോട്ടുകാവ്, മൂന്നുണ്ണിക്കാവ്, ഭരണിവേലയുള്ള മുളഞ്ഞൂര്‍ക്കാവ്. ചീട്ടുകളിയും പന്തുകളിയും പൊറുതിമുട്ടിച്ച മേച്ചില്‍ പറമ്പുകള്‍, താലപ്പൊലിപ്പാടം, താറടിച്ച നാലും കൂടിയ പാത, അരിക്കടത്തു കാറുകള്‍ ചുറ്റിപ്പറ്റുന്ന ലക്കിടി അങ്ങാടി.
നെല്ലുകുത്ത് കമ്പനി. കാടിന്റെ ശവം കൂമ്പാരം കൂടിയ മരപ്പേട്ടകള്‍, പാസഞ്ചര്‍ വണ്ടികള്‍ മാത്രം ഓടിക്കിതച്ചു വന്നു നില്ക്കുകന്ന വണ്ടിയാപ്പീസ്. കണ്ണ് തുറന്നാല്‍ എങ്ങും കാവ്യനുഭൂതി നിരത്തിയ പുഴവക്കത്തെ വണ്ടിയാപ്പീസ്!
ഇരുപതിലേറെ വസന്തങ്ങള്‍ക്കു മുമ്പ്—
പൊന്നുംചിങ്ങപ്പുലരി. കാലത്തെ വടക്കന്‍ വണ്ടിയിറങ്ങി ഭാരതപ്പുഴ നോക്കില്‍ നില്ക്കു മ്പോള്‍ തലക്കെട്ടും പഴയ തുണിക്കുടയുമായി താടിനരച്ച കഥകളി ഭാഗവതര്‍ കോപ്പന്‍ നായര്‍ അടുത്ത് വന്നു.
മടിയില്‍ മുറുക്കാന്‍ പൊതി.
കവി എവിടെ നിന്ന് വരുന്നു? തിരുവില്വാമല തൊഴാനായിരിക്കാം. ശ്ശികാലായി കണ്ടിട്ട്! ‘’
നമ്മുടെ ഭാഗവതരോ? ഇന്നലെ കളിയുണ്ടായിരുന്നോ? ‘’
കളിയില്ല. വെള്ളിനേഴിവരെ പോയിരുന്നു.’’
ശരി. ഭാഗവതരെ, വരൂ. ചായ കഴിച്ചു പോകാം.’’
‘’കവി നമ്മെയൊക്കെ മറന്നു. പണ്ടൊരിക്കല്‍ വീട്ടില്‍ വന്നു അന്തിയുറങ്ങിപ്പോയശേഷം കണ്ടിട്ടില്ല.
ഞങ്ങളൊക്കെ പാവങ്ങളല്ലേ?’’
‘’ പിറന്നു മണ്ണടിയുന്നവരെല്ലാം പാവങ്ങള്‍തന്നെ, ഭാഗവതരെ!’’
ലക്കിടി അങ്ങാടിയിലെ പതിവുള്ള ചായക്കടയില്‍ കേറി. പാലും നേന്ത്രപ്പഴവും പിട്ടും കിട്ടി. ആഹാരപ്രിയനായ ഭാഗവതര്‍ക്ക് തൃപ്തിയായി.
‘’ ഇതാ മുറുക്കാന്‍ വാങ്ങി വരൂ.’’
ബഞ്ചിലിരുന്നു മുറുക്കി. ദക്ഷിണ വേറെ കൊടുത്തു. കുട്ടിക്കാലം തൊട്ടുള്ള കഥകളിഭ്രമം.
‘’ പിന്നെ കാണാം.’’
‘’ ഒരു കാര്യം: തൊഴുതു മടങ്ങുമ്പോള്‍ ഇക്കരയ്ക്ക് കേറണം. വീട്ടില്‍ വരണം. ഊണു വീട്ടില്‍.’’
‘’ ശരി.‘’
പുഴക്കരയിലെ ബ്രാഹ്മണ ഹോട്ടല്‍ പഴയ താവളമാണ്. കൊച്ചു മുറിയുണ്ട്. സഞ്ചിവെച്ച് ഭാരതപ്പുഴയില്‍ മുങ്ങിക്കുളിച്ചു തിരുവില്വാമല ക്ഷേത്രപ്പടികള്‍ കേറിപ്പോയി. നെയ്‌ വിളക്ക് വെച്ച് തൊഴുതു.
കിഴക്കേനടയില്‍ ചതുര്‍ബാഹുവായ ലക്ഷ്മണന്‍, പടിഞ്ഞാറെ നടയില്‍ സ്വയംഭൂ, ജ്യോതിര്‍ ലിംഗം , ശ്രീരാമസങ്കല്‍പ്പമുള്ള ചതുര്‍ബാഹു.
പ്രസിദ്ധമാണ് തിരുവില്വാമലയിലെ ചന്ദനം ചാര്‍ത്ത് . ഗണപതി, ഹനുമാന്‍, അയ്യപ്പന്‍, ആമലക മഹര്‍ഷി, ഭഗവാനെ പ്രത്യക്ഷമാക്കിയ തീര്‍ത്ഥനീരുറവുള്ള മുക്കില്‍ സരസ്വതി.
ഉയര്‍ന്ന ക്ഷേത്രത്തിന്റെ ഉള്‍ഭാഗം മുഴുവന്‍ കല്ലറകളും ഗുഹകളുമാണ്. ഗുഹാമാര്‍ഗം തിരുനെല്ലിയില്‍ ചെല്ലാം, എന്നാണ് ഐതീഹ്യം.
ഏകാന്ത ശാന്തിയുടെ അനന്തസാമ്രാജ്യമാണിവിടം.
കണ്ണുള്ളവന് കാണാം. മനസ്സുള്ളവര്‍ക്ക് രസിക്കാം, ലയിക്കാം.
കുളിച്ച് തൊഴുതു പുഴവക്കത്തെ എമ്പ്രാന്തിരി ഹോട്ടലില്‍ നിന്ന് ചായ കഴിച്ചു. പാട്ടുകാരികളായ പെണ്‍കിടാങ്ങള്‍ കൊണ്ട് വച്ച ചായ.
മെല്ലെമെല്ലെ രസിച്ചു രസിച്ചു അലിഞ്ഞലിഞ്ഞു പുഴകടന്നു.
മണല്‍ത്തട്ടില്‍ മറയുന്ന ആയിരമായിരം കാലടിപ്പാടുകള്‍.
ലക്കിടി ആപ്പീസ് കടന്നു ഇടവഴികള്‍ പിന്നിട്ടു മംഗലത്ത് ഭാഗവതരുടെ വീട്ടിലെത്തി.
പച്ചപ്പയര്‍ ഉപ്പേരി, മുരിങ്ങയിലക്കൂട്ടാന്‍, കൈക്കൂത്തു നുറുങ്ങലരിചോറ്. വായ്ക്കു രസിച്ച ഊണുകഴിച്ചു മുറുക്കി. ഭാരതപ്പുഴയുടെ കാറ്റോട്ടമുള്ള കോലായില്‍ മയങ്ങി. ചായകഴിഞ്ഞു. ഭാഗവതര്‍ പറഞ്ഞു.
ഭാര്യ മാധവിയമ്മ എത്തിനോക്കി.
‘’ നല്ല ആളാണ്‌. പണ്ടൊരിക്കല്‍ ഇവിടെ വന്നു. ഇവിടെയല്ല, ഞങ്ങളന്നു താമസിച്ച പട്ടപ്പുരവീട്ടില്‍. അവിടെ അന്തിയുറങ്ങി. അമ്മുകുട്ടി നളചരിതത്തിലെ പദം പാടി. രാമായണം വായിച്ചു. അതെല്ലാം കേട്ട്, രസിച്ചു. അന്ന് കഴിഞ്ഞതെല്ലാം മറന്നു ഇല്ലേ?’’
ഞാനൊന്ന് ചോദിക്കട്ടെ:
‘’ ഉം ‘’
ഈ നാട് ഏറ്റവും പിടിച്ച നാടാണെന്ന് അറിയാം.
തിരുവില്വാമലയും കിള്ളിക്കുറിശ്ശിമംഗലത്തും പതിവായി തൊഴലുണ്ടല്ലോ!
എമ്പ്രാന്തിരിയുടെ മൂട്ടബഞ്ചില്‍ എത്രകാലമായി കിടന്നു നരകിക്കുന്നു. ഈ ദിക്കില്‍ ഒരു സ്ഥിരമായ താവളം ഉണ്ടായാല്‍ എത്ര ആശ്വാസമായി.
വൈദ്യന്‍ വിധിച്ചതും രോഗി ഇച്ഛിച്ചതും പാല്. ജീവനും ജീവനായി നിളാതീരത്തില്‍ ഒരു സ്ഥിരതാവളം!
ഞാനന്വേഷിക്കുന്ന അവളുടെ—കവിതയുടെ—വീട് ഈ പുണ്യ നദീതീരത്തെങ്ങോ ആണ്. അവളെ തിരഞ്ഞു പിടിക്കാന്‍ ഞാന്‍ നടന്നു—നടക്കുന്നു.
ഇവിടെ ഭാരതപ്പുഴക്കരയില്‍, ഈ പുഞ്ചപ്പാടങ്ങളുടെ കരയില്‍ പച്ചമരത്തോപ്പില്‍, കര്‍ഷകവാടങ്ങള്‍ക്കിടയില്‍ എവിടെയോ ഇലഞ്ഞിച്ചോട്ടില്‍ അവള്‍ പാട്ടുപാടിക്കൊണ്ടിരിക്കുന്നു—
നാഗവള്ളിക്കാവില്‍ ഊഞ്ഞാലാടികൊണ്ടിരിക്കുന്നു. അവളുടെ അവളുടെ മേല്‍ വിലാസം കിട്ടണം.
അവളുടെ കളിത്തോഴി. സുന്ദരപ്രകൃതി ചെവിയില്‍ സ്വകാര്യം പറയുന്നു.
അവള്‍ കൈതപ്പൂങ്കാറ്റു വീശുന്ന ഈ നാട്ടിലുണ്ട്. ഞാന്‍ കാട്ടിത്തരാം.
അവളുടെ വീടുപണിക്കാരാണ് ഈ നാട്ടിലെ ആണും പെണ്ണും.
ദാസിയെ പിടിച്ചാല്‍--കളിത്തോഴി പാട്ടിലായാല്‍-- രാജകുമാരിയെ കിട്ടും.
ഈ നാട്ടില്‍ പുഴക്കരയില്‍-- വയല്ക്കരയില്‍-- ഒരു സ്ഥിരതാവളം. അതുടനടി വേണം.
ഓരോ മാസവും ഓരോ ദിവസവും—വിചിത്ര വേഷമണിഞ്ഞ പ്രകൃതിയുടെ മോഹിനിയാട്ടമിവിടെയുണ്ട്.
ഇടവപ്പാതിയുടെ ആനയും കതിനയും നിരന്ന പൂരം. മിഥുനം കര്‍ക്കിടകത്തിലെ വര്‍ഷ മഹോത്സവച്ചന്തം. അലതല്ലുന്ന, നുരകുത്തി പതഞ്ഞൊഴുകുന്ന ഭാരതപ്പുഴ.
മനസ്സില്‍ വെള്ളപ്പൊക്കമുണ്ടാക്കുന്ന മലവെള്ളപ്പാച്ചില്‍. ഓണപ്പുലരികള്‍, കന്നിനിലാവ്, തുലാക്കാറ്റ്. വൃശ്ചികകുളിര്‍മഞ്ഞ്. ധനുമാസത്തിന്റെ മാമ്പൂമണം. മകരത്തങ്കത്തകിടായ സാന്ധ്യശോഭ. കുംഭമീനപൂരങ്ങള്‍, കാളവേലകള്‍. വിഷുപ്പുലരി.
വിചിത്രവര്‍ണ്ണകഗന്ധഭേദങ്ങള്‍.
ആകാശവര്‍ണ്ണഭേദങ്ങള്‍. ഇ പരിസരങ്ങളില്‍ ഇതെല്ലാം ഒന്ന് വേറെ തന്നെ—ഇരുട്ട്, ഇരുണ്ട രാത്രി. അതിന്റെ മുഖത്തുമുണ്ട് ഒരു വശ്യകല.
രാത്രിവണ്ടികളുടെ ചൂളംവിളി മറ്റേതോ ലോകത്തെ വിളിച്ചു വരുത്തുന്നു.
ഓണക്കാലം, തിരുവാതിരക്കാലം, വേലപൂരങ്ങളുടെ കാലം. പുഴവക്കിലെ ക്ഷേത്രങ്ങള്‍, കുന്നിന്‍ ചെരുവിലെ കാവുകള്‍. എല്ലാം പ്രത്യേക അഴക്‌ മുറ്റിയവ, മാധുര്യം നിറഞ്ഞവ. തനി കേരളഗ്രാമത്തിന്റെ ആചാര വികാരസംസ്കാരസൌന്ദര്യങ്ങള്‍. അതിന്റെ വിത്തറയാണി നാട്.
തേനോലുന്ന വള്ളുവനാടന്‍ ഭാഷ ഈ മണ്ണില്‍ വിളയുന്നു. മലയാളകവിക്കു വേണ്ടുന്ന ആഹാര രസസത്ത് ഈ പ്രകൃതി വിഭവങ്ങളിലുണ്ട്.
അങ്ങനെ അവള്‍ക്കുവേണ്ടി-ജീവിത സര്‍വസ്വമായ കവിതയ്ക്ക് വേണ്ടി—ആ നിത്യകന്യകയ്ക്കു വേണ്ടി- ഭാരതപ്പുഴക്കരയിലെ ഗ്രാമഭംഗിയുമായി മനസ്സ് നിത്യസംബന്ധത്തിലേര്‍പ്പെട്ടു.
നിളാതീരത്ത് അങ്ങിങ്ങായി മനസ്സ് ഒട്ടി.
ഉള്ളഴിഞ്ഞ പ്രണയസംബന്ധങ്ങള്‍.
വള്ളുവനാടന്‍ മണ്ണ്, വെള്ളം, കാറ്റ്, വെളിച്ചം, സ്ത്രീ, ഭാഷ, വിഭവങ്ങള്‍ എല്ലാം വ്യത്യസ്തങ്ങള്‍. ഏതോ അഴകിന്റെ അനുഭൂതി ഈ മണ്‍തരികളിലൊളിഞ്ഞിരിക്കുന്നു.
ഇവിടെ—ഈ മലനാടഴകിന്റെ ചെന്താമരപ്പൂവില്‍--സ്ഥിരമായ ഒരു താവളം കൂടിയേ കഴിയു.
കണ്ണടച്ച് കിടന്നു ഈ മനോരാജ്യത്തില്‍ നിന്നുണര്‍ന്നു.
ഭാഗവതര്‍ പുളിഞ്ചോട്ടിലേക്ക് വിളിച്ചുപറഞ്ഞു:
‘’ എനിക്കീ കൊച്ചു വീടും, പരിസരവും, വയലും, പുഴയും, കുന്നും, കരിമ്പനക്കാടുകളും നന്നേ പിടിച്ചു. മേലില്‍ ഇവിടെ കൂടിയാല്‍ മതി.’’
കോപ്പന്‍ നായരുടെ അകം നിറഞ്ഞു. ഒന്നും പറയാതെ അകത്തേക്ക് പോയി.
ഭാര്യയും അനുജനുമായാലോചിച്ചു.
മൂന്നു പെണ്മക്കളും രണ്ടാണ്‍മക്കളുമാണ് കോപ്പന്‍ നായര്‍ക്ക്.
വീട്ടില്‍ ചെന്നപ്പോള്‍ ചായ തന്നതും വിളമ്പിയതും പുല്‍പ്പായയും തലയിണയും തന്നതും അമ്മുക്കുട്ടി.
ചടച്ചു ഇരുനിറം, ചുരുണ്ടിടതൂര്‍ന്ന തലമുടി, ഇടംകണ്ണിട്ട നോട്ടം, മനസ്സിലേശുന്ന പുഞ്ചിരി. കുറിക്കുകൊള്ളുന്ന വാക്ചാതുരി.
അമ്മുക്കുട്ടി.
അന്ന് കഥകളിപ്പാദം പാടി രസിപ്പിച്ച പെണ്‍ കിടാവ്‌ ഇന്ന് അമ്മുക്കുട്ടിട്ടീച്ചറാണ്.
അടുത്ത വീട്ടിലെ താച്ചു എഴുത്തച്ഛന്‍ ഇവിടെ നിത്യനാണ്‌, വയസ്സ് 79. ഇപ്പോഴും വിറകുവെട്ടും, കന്നുപൂട്ടും, കിളയ്ക്കും, അരിച്ചാക്ക് ഏറ്റും, പല്ലിനിളക്കമില്ല.
താച്ചു എഴുത്തച്ഛനുമായി വടക്കെപ്പുറത്ത്നിന്ന് ഒരു കൂടിയാലോചന നടന്നു.
എല്ലാം ശരിപ്പെട്ട മട്ടില്‍ താച്ചു വന്നു കണ്ണുകാട്ടി പുളിഞ്ചോട്ടിലേക്ക് വിളിച്ചു:
‘’ അങ്ങയുടെ ഇഷ്ടം അതാണെങ്കില്‍ ഇവിടെ വിരോധമില്ല. ടീച്ചര്‍ക്ക് സമ്മതമാണ്.’’
റേഷന്‍ സഞ്ചിയുമായി ടീച്ചറുടെ അനുജന്‍ ഉണ്ണി വന്നു. വാഴയിലയിലെ അണ്ണാന്‍ ചിലച്ചു. കോപ്പന്‍ നായര്‍ മുറ്റത്തു നോക്കി. കിണറ്റിന്റെ വക്കില്‍ കൂടി ഒരു സര്‍പ്പം ഇഴയുന്നു. പടമുള്ള സര്‍പ്പം. താച്ചു എഴുത്തച്ഛന്‍ തല്ലിക്കൊല്ലാന്‍ വട്ടം കൂട്ടി. കിട്ടിയില്ല.
വാഴത്തോട്ടത്തില്‍ കൂടി കുളിര്‍ക്കാറ്റ് എല്ലാം കേട്ടുനിന്നു കടന്നുപോയി. പാടത്ത് കന്നുമേയുന്ന രാമന്റെ ഓടക്കുഴല്‍ വിളി. അകലെയകലെ ഭാരതപ്പുഴയില്‍ പായ നീര്‍ത്തിയ കയറ്റുവളളം.
എല്ലാം തീരുമാനിച്ചു. നിളാതീരത്തെ താവളം ഇതുതന്നെ.
‘’ ശരി ഇറങ്ങി വരട്ടെ.’’ ഭാഗവതര്‍ തീവണ്ടിയാപ്പീസ് വരെ കൂടെ വന്നു, താച്ചു എഴുത്തച്ഛനും. കേരളത്തിലെ ഓരോ താലൂക്കും ഓരോ ഗ്രാമവും ജീവിച്ചനുഭവിച്ചു പഠിക്കണം. തെക്കും വടക്കും നടുക്കും, നാലുപുറത്തും മാറിമാറിക്കൂടുക.
വിചിത്രഭാഷകള്‍, ആചാരങ്ങള്‍, കേരളം പഠിക്കുക, തനി മലയാണ്മ’ ആസ്വദിക്കുക. ചോറിന്റെ കറി, പാട്ടിന്റെ ശ്രുതി. അതാണ്‌ കവിതയ്ക്ക് പ്രകൃതി.
എല്ലാം ഒന്ന്, എന്നാല്‍ എല്ലാം വ്യത്യസ്തം... ഓരോ പുളിയിലയും വിഭിന്നം. എന്തൊരത്ഭുതമായ സൃഷ്ടി!
കോടാനുകോടികളില്‍ ഓരോ മുഖവും വ്യത്യസ്തം. ആരാണീ മഹാകാവ്യത്തിന്റെ് കവി! ആരാണീ ചിത്രത്തിന്റെ ചിത്രകാരന്‍. ഈ നിഗൂഢകല പഠിക്കുക. അവന്‍ കലാകാരനായി.
ലക്കിടി മംഗലത്ത് ഒരു വീട്ടില്‍ കൂടി വള്ളുവനാട് പഠിക്കണം. വള്ളുവനാടന്‍ ഭാഷ പഠിക്കണം. പ്രകൃതിരസ രഹസ്യമറിയണം.
ധ്വന്യാലോകം, നാരദഭക്തിസൂത്രം, പാതഞ്ജലയോഗസൂത്രം, വാത്സ്യായനസൂത്രം. നാലും അന്നുമിന്നും കയ്യിലുണ്ട്. ഇത് നാലും മുക്കിടിയാക്കി സേവിച്ചു, ‘’ രസോ വൈ സഃ’’ എന്ന് ഋഷികള്‍ കണ്ട നാദബ്രഹ്മ രസരഹസ്യം അറിയണം.
ആകാശം പറഞ്ഞു. ‘’ ഭ്രാന്തന്‍! ’’
ഭൂമി പറഞ്ഞു: ‘’ വിഡ്ഢി! ‘’
ആയിരിക്കാം. എന്തും സഹിച്ചും എനിക്കവനെ കാണണം; സാക്ഷാല്‍ കവിയെ. എല്ലാം പോയാലും എനിക്കവളെ കണ്ടുപിടിക്കണം, സാക്ഷാല്‍ കവിതയെ.
കല്യാണമുറച്ചു. ‘’ തിയതി നിശ്ചയിച്ചു. കൂടാളിക്ക് ഞാന്‍ തന്നെ വരാം. ഭാഗവതര്‍ പറഞ്ഞു.
‘’ ശരി. ‘’
വടക്കന്‍ വണ്ടി വന്നു. വണ്ടി നീങ്ങി. വീണ്ടും ഭാരതപ്പുഴ. മനോഹര പുളിനങ്ങള്‍. തീരഗ്രാമങ്ങള്‍. നിളാതടത്തിലെ അഴകുറ്റ സൂര്യാസ്തമനം--
അന്തിപ്പറവകള്‍. സ്വര്‍ണ്ണവര്‍ണ്ണമേഘങ്ങള്‍.
ഇരുളിലലിയുന്ന സാന്ധ്യപ്രകാശം. അത് സ്വയം ചോദിച്ചു. ചിരിയും കണ്ണീരും കലര്ന്ന ജീവിതം.
അതെ, ജീവിതം. ഇത് നിനവോ കിനാവോ? ഈറ്റില്ലത്തിനപ്പുറം, ചുടലച്ചാരത്തിനപ്പുറം, എന്ത്? ദാഹവും വിശപ്പും കൂടിക്കൂടി വരുന്ന ഈ വിദൂരയാത്ര എങ്ങോട്ട്?
സാന്ധ്യതാരക ചിരിച്ചു. ഉത്തരമില്ല.
ദിവസം നീങ്ങി. പടം മാറി.
കാലത്ത് ഒരുനാള്‍ കൂടാളി വാടകമുറിയുടെ വാതില്‍ മുട്ടി. ‘ ലക്കിടി ഭാഗവതര്‍.’
കല്യാണത്തിയതി കുറിച്ച് തന്നു. ‘’ അന്ന് ഉച്ചവണ്ടിക്ക് എത്തണം. ഇവിടെ നിന്ന് ഒന്നോ രണ്ടോ ആളെ കൂട്ടിയാല്‍ മതി!’’
മനസ്സ് പതറി, വിളറി. ഭാഷ പഠിക്കാന്‍. പ്രകൃതി പഠിക്കാന്‍. കണ്ണ് ചിമ്മി പുതിയ വീട്ടില്‍ പുതിയൊരു കല്യാണം.
‘’ എന്താണൊരു വീര്‍പ്പുമുട്ടല്‍? ‘’
‘’ ഒന്നുമില്ല. ‘’
‘’ ശങ്കിക്കേണ്ട. അവര്‍ ഒന്നാംകിട തറവാട്ടുകാരാണ്. കന്നും കൃഷിയും വലിയ വീടും ഉണ്ടായിരുന്നു. കാരണവന്മാര്‍ എല്ലാം മുടിച്ചുവച്ചു. വീടും കന്നും കൃഷിയും എല്ലാം പോയി. വലിയ പരാധീനത്തില്‍ പെട്ടു. മനയ്ക്കലെ പറമ്പില്‍ വച്ചുകെട്ടിയ പട്ടപ്പുരയില്‍ കഴിഞ്ഞു.’’
‘’ മൂത്ത മകള്‍ക്ക് മനയ്ക്കല്‍ പണിയുണ്ട്. അമ്മുക്കുട്ടി പട്ടിണിയും പാടുമായി പഠിച്ചു ട്രെയിനിംഗ് കഴിഞ്ഞു ടീച്ചറായി. കുടുംബം പുലര്‍ത്തുന്നത് അവളാണ്.
ഭാഗ്യജാതകമാണ്. വരവുപോക്കിനു ഒരാളായാല്‍ ഞങ്ങളുടെ കഷ്ടപ്പാട് തീര്‍ന്നു.
അമ്മുക്കുട്ടിക്കു ഭേദപ്പെട്ട ഒരാള്‍ ഉണ്ടായിക്കണ്ട് കണ്ണടയ്ക്കണം എന്നാണു മോഹം. ‘’
രണ്ടു കാക്കകള്‍ കൊത്തിപ്പിണങ്ങി ഒട്ടുമ്പറത്തുനിന്ന് താഴെ വീണു.
നടുറോട്ടില്‍ ഓടുന്ന വാഹനത്തിന്റെ ചക്രം തെറിച്ചു, ബസ്സ് കുഴിയിലേക്ക് മറിഞ്ഞു. ഒരു യാത്രക്കാരന്‍ തല്‍ക്ഷണം മരിച്ചു.
ദുശ്ശകുനം. പ്രകൃതിയുടെ പ്രതിഷേധശബ്ദം.
‘’ ഭാഗവതര്‍ പൊയ്ക്കോളൂ. ഞാന്‍ വരാം. ‘’
തേന്മാവില്‍ വീണ്ടും കുയില്‍ കൂകി. തോപ്പുകളില്‍- മധുമക്ഷികാത്സങ്കാരം. പൂനിലാകതിരുകള്‍ ഊഞ്ഞാലിട്ടു. മഞ്ഞിന്റെ മൂടുപടത്തില്‍ മലയും കുന്നും പുഴയും അഴകിയന്നു. വീണ്ടും ധനുമാസത്തിലെ തിരുവാതിര വന്നു.
ഒറ്റപ്പാലം സാഹിത്യപരിഷത്ത്. കവിത വായിക്കണം.
രാത്രി വടക്കന്‍ ജനതാ എക്സ്പ്രസ്സില്‍ ലക്കിടിയിറങ്ങി, കൈയ്യില്‍ കനപ്പെട്ട ഒരു വലിയ നിലവിളക്കുണ്ട്. ഗുരുവായൂര്‍ കൂത്തമ്പലത്തില്‍ വയ്ക്കാന്‍. ഏഴിമല മൂശാരിയോട് പ്രത്യേകം പറഞ്ഞു വാര്‍പ്പിച്ച വെള്ളോട്ട് വിളക്ക്.
ചാക്കില്‍ പൊതിഞ്ഞ വിളക്ക് കൂലിക്കാരനേറ്റി.
എമ്പ്രാന്തിരിയുടെ മൂട്ടമുറി വാടകയ്ക്കെടുത്തു എല്ലാം അവിടെ വച്ച് ഭാരതപ്പുഴയില്‍ മുങ്ങിക്കുളിച്ചു തിരുവില്വാമല തൊഴുതു.
ലക്കിടി പതിവ് ചായപ്പീടികയില്‍ ചായ കഴിക്കാന്‍ കേറി. ചായക്കടക്കാരനും കൂട്ടരും പകച്ചു നോക്കി. അവര്‍ക്ക് ഉള്ളില്‍ ചിരി:
‘’ എന്തുപറ്റി? ‘’ ചായ കഴിച്ചു ചോദിച്ചു: ‘’ എന്താണ് രാമകൃഷ്ണന്‍ നായരേ ഒരു കള്ളച്ചിരി? ‘’
‘’ അപ്പോള്‍ കല്യാണത്തിന് വന്നില്ല, അല്ലെ? കഷ്ടായി. ഗംഭീര സദ്യയൊരുക്കി. വടക്കേപ്പാട്ടുകാര്‍ മംഗലത്ത് നാടടക്കം ക്ഷണിച്ചു. ഉച്ചവണ്ടിക്ക് കാത്തു. രാത്രി വണ്ടി കാത്തു. കല്യാണച്ചെക്കനില്ല.
ചിലര്‍ ഉണ്ണാതെ പോയി. ചിലര്‍ എന്തോ കഴിച്ചു. പെണ്ണു ബോധംകെട്ടു വീണു. ഉണര്‍ന്നു കിണറ്റില്‍ ചാടി ചാവാന്‍ ഓടി. തല നിലത്തിട്ടടിച്ചു ഉരുണ്ടു കരഞ്ഞു.
എന്തുപറ്റി മാഷേ, ഇങ്ങനെ വാക്ക് പറഞ്ഞു ചതിച്ചത് കഷ്ടായി!’’
‘’ സത്യം പറയട്ടെ: ഭാഗവതര്‍ കൂടാളി വന്നു. എന്തോ പറഞ്ഞു. കേട്ടു. ഞാനത് തമാശയായിത്തള്ളി. എങ്കിലും അന്നു വരണമെന്നു തീരുമാനിച്ചിരുന്നു. ഏതോ കാര്യത്തില്‍ തല കുടുങ്ങി കല്യാണക്കാര്യം മറന്നു. ‘’
‘’ നിങ്ങള്‍ ചെകുത്താനോ, ഭ്രാന്തനോ, കവിയോ, കളിക്കുട്ടിയോ? ഇങ്ങനെ ആളുകളെ ചുറ്റിക്കരുത്, പറ്റിക്കരുത്. അവര്‍ കടംകൊണ്ട് കല്യാണമൊരുക്കി. പാതിരയായിട്ടും കല്യാണക്കാരനില്ല. ഈ നാട്ടില്‍ ഇത് അങ്ങാടിപ്പാട്ടായി. ആ ടീച്ചര്‍ നാലു ദിവസം സ്കൂളില്‍ പോയില്ല. ‘’
‘’ ഇങ്ങനെ പറ്റി അല്ലെ, കഷ്ടായി.’’
‘’ ഇനി ആ വീട്ടില്‍ കേറി ചെല്ലുന്നത് സൂക്ഷിച്ചുവേണം. ‘’
‘’ ഉം ‘’
വലാത്ത മനസ്താപവും സഹതാപവും തോന്നി. നേരെ ആ വീട്ടില്‍ കേറിച്ചെല്ലണമെന്നു തോന്നി.
ഇന്ന് ഏതായാലും പറ്റില്ല. പരിഷത്ത്പരിപാടി കഴിഞ്ഞു തീരുമാനിക്കാം.
ഒറ്റപ്പാലത്ത് പോയി. ഹൈസ്കൂള്‍ മുറ്റത്തെ പന്തലില്‍ പരിഷല്‍ സമ്മേളനം- സാഹിത്യപൂരം. തലയെടുപ്പുള്ള ആനകള്‍ നിരന്നിരിക്കുന്നു.
ഉദ്ഘാടനത്തിനു ഡോകടര്‍ രാധാകൃഷ്ണന്‍ വന്നു. മഹാകവി വള്ളത്തോള്‍ സംസ്കൃതമംഗളപത്രസ്വര്‍ണമാല സമര്‍പ്പിച്ചു. രാധാകൃഷ്ണന്റെ പ്രസംഗവെള്ളച്ചാട്ടം.
തര്ജിമയ്ക്ക് എന്‍ വി കൃഷ്ണവാര്യര്‍. ഉള്ളംകൈയ്യില്‍ സമുദ്രമെടുത്തു ആചമിച്ച അഗസ്ത്യനായി വാരിയര്‍ ആ മഹാസദസ്സിന്റെ വേദിയില്‍ ജ്വലിച്ചു.
കരഘോഷം മുഴങ്ങി. ഇതാണ് പ്രസംഗം. ഇതാണ് തര്‍ജമ. കുത്തിയൊലിക്കുന്ന രണ്ടു പ്രവാഹങ്ങള്‍. കൃഷ്ണവാരിയര്‍ എന്തെന്ന് മഹാജനം മനസ്സിലാക്കി. ‘’ കഴിവുകളുടെ ആവനാഴിയിയിലെ ഒരസ്ത്രം മാത്രമാണിത്‌. ‘’
വാരിയരുടെ കൂസലില്ലാത്ത അമര്‍ത്തിയ പുഞ്ചിരി സൂചിപ്പിച്ചു.
രാധാകൃഷ്ണന്‍ നായര്‍ ആശ്ചര്യഭാവത്തോടെ വാരിയരെ നോക്കി. ആ ചെറിയ മനുഷ്യന്റെ‍ വലിയ തല— സദസ്സിനു ചോദ്യചിഹ്നമായി. സ്വന്തമായി ഇംഗ്ലീഷ് പഠിച്ചൊരു മനുഷ്യന്‍ രാധാകൃഷ്ണന്റെ പ്രസംഗം അതെ ചൂടോടെ, വെളിച്ചത്തോടെ, ശ്വാസംവിടാതെ മലയാളത്തിലേക്ക് ആവാഹിച്ചു.
കൈക്കരുത്തുള്ള മന്ത്രവാദി. ഇംഗ്ലിഷിലെ ചില പദങ്ങള്‍ക്ക് മലയാളത്തില്‍ വാക്കുകളില്ല എന്ന് സ്വന്തം അജ്ഞത പുറത്തിടുന്ന വെറും ഡിഗ്രിക്കാര്‍ക്ക് ‌ ആ തര്‍ജമ ചാട്ടയടിയായി.
മഹാകവി ജി. ആദ്യമായി കവിത വായിച്ചു. അന്തസ്സുള്ള മനുഷ്യന്‍, കഴിവുള്ള കവി, ആഴമുള്ള കവിത.
വൈലോപ്പിള്ളിയും ഒളപ്പമണ്ണയും കവിത വിളമ്പി. പനിനീര്‍പ്പൂവും ചെമ്പകപ്പൂവും ആ വേദിയില്‍ ചിതറി.
നാളെ ജി. അധ്യക്ഷന്‍ കവിത വായിക്കണം.
വിഷയംപോലും ചിന്തിച്ചിട്ടില്ല. മനസ്സ് മറ്റേതോ ലോകത്തില്‍ അലയുന്നു.
സന്ധ്യക്ക്‌ ലക്കിടിയില്‍ വണ്ടിയിറങ്ങി. ഭാരതപ്പുഴ. വറ്റാത്ത കവിത—കണ്ണിലും കരളിലും. ഈ അനുഭൂതി പകര്‍ത്താന്‍ പറ്റുന്നില്ല. ആ മലയുടെ ചിത്രങ്ങള്‍, അലൗകികാനുഭൂതി പകര്‍ത്താന്‍ പറ്റുന്നില്ല.
അരുണോദയത്തിനുമുമ്പു കവിതയുണ്ടാക്കണം. ഉണ്ടാക്കണം. മംഗലത്തെ കൊച്ചുവീട്. പാവപ്പെട്ട അമ്മുക്കുട്ടിടീച്ചര്‍. മുക്കില്‍ മുനിഞ്ഞിരിക്കുന്ന ഭാഗവതര്‍. കണ്ണീര്‍ കുടിക്കുന്ന മാധവിയമ്മ. എല്ലാം തലയില്‍ കേറിയിരിക്കുന്നു. കവിത. രാത്രി കവിത വരണം.
കണ്ണൂര്‍ നിന്ന് വണ്ടി കേറി,ആള്‍ത്തിരക്കിനിടയില്‍ ഇരുന്നു കോഴിക്കോട്ടിറങ്ങും മുമ്പ് റേഡിയോ കവിസമ്മേളനത്തിനുള്ള കവിത എഴുതിത്തീര്‍ക്കുന്ന മനസ്സിന്—മാതൃഭൂമി വിശേഷാല്‍ പ്രതിക്കുള്ള കവിത ബസ്സ് യാത്രയില്‍ ഒരുക്കിവന്ന മനസ്സിന്—അഞ്ചു മിനിട്ടിനകം ഇരുനൂറുവരി കവിത നെയ്തുവന്ന ഈ മനസ്സിന് എന്തുപറ്റി?
മലയാള മുന്‍ഷിപ്പണി—ആ നിലവിളി, കവിയെ കൊന്നുവോ? അറിയില്ല. ഒന്നും അറിയാന്‍ പറ്റുന്നില്ല. ഹൃദയം ചുടു നെടുവീര്‍പ്പിട്ടു.
ഭാരതപ്പുഴവക്ക്. നീലരാത്രി. വൈരപ്പൊടി ചിതറിയ ആകാശം. ദൂരെ മങ്ങിയ മലനിര. പുഴയുടെ ഏകാന്തശാന്തസംഗീതം . കാളവണ്ടികള്‍, ഉറങ്ങുന്ന കടവുത്തോണി. ഇണങ്ങിയ ശ്രുതി. പാട്ടു വരുന്നില്ല.
കവിതയെഴുത്തു കഴിഞ്ഞ മഹാകാശം ചോദിച്ചു.
‘’ തന്റെ കവിത എന്തായി. ‘’
‘’ ഒന്നും ആയില്ല. ‘’
വാതില്‍ തുറന്നു പടിയിലിരുന്നു. കുറെക്കഴിഞ്ഞു കിടന്നു. ഭാവനാലോകം ആവാഹിച്ചു. പറ്റുന്നില്ല. വെള്ളക്കടലാസ്സിരുന്നു മുഷിയുന്നു. പേന കോട്ടുവായിടുന്നു. കഷ്ടം! കവിത വരുന്നില്ല. എഴുമണിക്കാണ്‌ ഒറ്റപ്പാലം വണ്ടി. അഞ്ചിനു കുളിയുംമറ്റും കഴിയണം. തിരുത്തും അസ്സലെഴുത്തും ഒറ്റപ്പാലത്ത് ചെന്നാവാം.
കവിതയുടെ കരടുപകര്‍പ്പെങ്കിലും കീശയിലിരുന്നേ പറ്റൂ.
പണ്ട് ഒന്നു രണ്ടു സമ്മേളനത്തില്‍ സ്റ്റേജില്‍ക്കേറി പെട്ടെന്ന് തോന്നിയ കവിത ചൊല്ലിയിട്ടുണ്ട്. നിമിഷകവിതകള്‍ എഴുതാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് പരിഷത്താണ്. അങ്ങനെ പറ്റില്ല.
പുഴയലകള്‍ എത്തിനോക്കി അന്വേഷിച്ചു: ‘’ എന്തായി കവി?’’
ദേഷ്യം വന്നു. മിണ്ടിയില്ല.
പാതിരാക്കാറ്റു കതകുമുട്ടി—ഉറക്കത്തില്‍പ്പെടരുത്;
വേഗമാകട്ടെ.
തലേദിവസം കൂടാളി വലിയനമ്പ്യാര്‍ പറഞ്ഞ വിഷയം—കഥകളിയുടെയും വേഷത്തിന്റെയും—കഥ പെട്ടെന്ന് മിന്നൊളിയായി മനസ്സില്‍ പാളി.
ജീവിതമാകെ തിളങ്ങി. ഏതോ ദര്‍ശനമുണ്ടായി.
പടയ്ക്കുമുമ്പ് ഒതേനന്‍ വാളും പരിചയും പൂത്തറയില്‍ വെച്ച് തൊഴുതു കുമ്പിട്ടെടുക്കും പോലെ പേനയും കടലാസും വിശ്വമഹാകവിയുടെ പൊന്‍ചേവടിയില്‍ വെച്ച് ധ്യാനിച്ചു.
മനസ്സ് പറഞ്ഞു: ‘’ നീ കവി, ഞാന്‍ പേന.''
മഷിയൊലിക്കുന്ന, വില കുറഞ്ഞ പേന. ‘’ ഇഷ്ടമുണ്ടെങ്കില്‍ ആവശ്യമുണ്ടെങ്കില്‍ ഈ പേനയെടുക്കാം, എഴുതാം, എഴുതിക്കാം.
മിന്നലും ഇടിയും മഴയും ഒപ്പം. വിഷയവും ഭാവനയും രചനാശില്പവും വരികളും ഒപ്പം. ഒരു ഇടവപ്പാതിമഴ. ആകാശം കടലിരമ്പമായി. എന്നാല്‍ ഭൂമിക്കു ചില വെള്ളത്തുള്ളികള്‍ മാത്രം.
നനഞ്ഞ മഴ ആ മാറാലമുറിക്കുള്ളില്‍. കവി ചൊല്ലി. പേന പകര്‍ത്തി . കരിമ്പുഴു പോലെ ഇഴയുന്ന അക്ഷരങ്ങള്‍. എനിക്കിത് വായിക്കാന്‍ പറ്റുന്നില്ല.
മെഴുകുതിരി മൂന്നെണ്ണം എന്നെ രക്ഷിക്കാന്‍ ആത്മാഹുതിചെയ്തു. നാലാം മെഴുകുതിരി മരിക്കും മുമ്പ് കരടു പകര്‍ത്തി . ഇരുട്ടില്‍ മുങ്ങിത്തപ്പി മനസ്സിനൊരു മുത്തുമണി കിട്ടി. ആശ്വാസമണി.
കതകു തുറന്നു. പുതിയ പ്രഭാതം. സ്വര്‍ണം വിളയുന്ന കിഴക്കേ ദിക്ക്. ചെങ്കതിര്‍മാല ചൊരിയുന്ന ഉദയസൂര്യപ്രഭ.
നിളാകല്ലോലങ്ങള്‍ ആ കാവ്യസുവര്‍ണ്ണകാന്തി മോന്തിക്കുടിക്കുന്നു.
നവോദയം, നവോന്മേഷം, അഭിനവവികാസം. പഞ്ചവര്‍ണ്ണക്കിളികളുടെ മധുരകാകളി. കണ്മുന്നിലെങ്ങും കമനീയകാവ്യപ്രപഞ്ചം. പുലര്‍ ദീപ്തി തൊട്ട ചെളിക്കുണ്ട്. ചെളിക്കുണ്ട് ചെന്താമരക്കുളമായി മാറുന്നു. മഞ്ഞുതുള്ളി വൈരക്കല്ലെന്ന് പെരെടുക്കുന്നു.
ഉള്ളുണര്‍ന്ന പറവകള്‍ അപാരതയില്‍ ചിറകുവിരിയിച്ചുയര്‍ന്നു പോയ വഴികളെല്ലാം സംഗീതം വിതറുന്നു. തമസ്സകലുമ്പോള്‍, സന്നിമാറുമ്പോള്‍ കയ്പ് മധുരമാകുന്നു. എല്ലാം സത്യവും ശിവവും സുന്ദരവുമാകുന്നു; പാമ്പ് എന്ന തെറ്റിദ്ധാരണ പൂമാലയാകുന്നു.
പരീക്ഷയില്‍ ജയിച്ച കുട്ടിയുടെ ആവേശം തോന്നി.
സുഖമായി രസപ്പുഴ കടന്നു ഒറ്റപ്പാലം എക്സ്പ്രസ്സില്‍. ഒന്നാം ക്ലാസ്സില്‍ കേറി. അന്ന് പച്ചനോട്ടു വാരി വിതറുന്ന കാലം. അകലെ കാവ്യനിര്‍വൃതിലയം പോലുള്ള തിരുവില്വാമലക്ഷേത്രം.
മനസ്സ് താമരപ്പൂവായി. വൈക്കത്തെ ഭസ്മവും ഗുരുവായൂര്‍ കളഭവും മൂകാംബി കുങ്കുമവും നെറ്റിയില്‍.
കവിതയുടെ ആനമല ഉറവൊലി മനസ്സിലും. അവളുടെ കടാക്ഷമേറ്റ രാത്രി. അവള്‍ ചുംബിച്ച രാത്രി. അവള്‍ കെട്ടിപുണര്‍ന്ന രാത്രി. അവള്‍ പോയി. മധുരം മായുന്നില്ല.
സമയമെടുത്തു. അസ്സലെഴുതണം. പെന്നില്‍ മഷിയില്ല. ‘’
പ്രവേശനമില്ലാത്ത എ..ആറിന്റെ മുറിയില്‍ കേറി.
പുരുഷോത്തമന്‍ നായരുണ്ട്. കുഴപ്പമുണ്ടെന്നു അദ്ദേഹത്തിനു മനസ്സിലായി.
‘’ കാപ്പി—അല്ലെ?’’
‘’
ആദ്യം പേന. പിന്നെ കാപ്പി.’’
ആ മുറിയിലിരുന്ന് അസ്സലെഴുതി. പുരുഷോത്തമന്‍ നായര്‍ സഹായിച്ചു. ഒരുങ്ങിനിന്നു.
ജിയുടെ അദ്ധ്യക്ഷപ്രസംഗം കഴിഞ്ഞു. അദ്ധ്യക്ഷന്‍ വിളിച്ചു:
‘’ കവിത പി കുഞ്ഞിരാമന്നായര്‍. ‘’
നിറഞ്ഞ മഹാസദസ്സ്. മുന്‍ വരിയില്‍ വള്ളത്തോള്‍
അദ്ധ്യക്ഷന്‍: ‘’ ആളെവിടെ ആളെവിടെ?’’
കവിതപ്പൊതിയുമായി സ്റ്റേജിലെത്തി.
വള്ളത്തോളിന്റെ കാല്‍ക്കല്‍ സാഷ്ടാംഗം വീണു.
കേരളത്തിന്റെ സംസ്കാരം, സൌന്ദര്യം, സന്ദേശം, ഈ മൂന്നിന്റെ പുളകമണിഞ്ഞ പൂര്‍ണ്ണചന്ദ്രപ്രഭ: വള്ളത്തോള്‍:
അനുഗ്രഹിച്ചു. കവിത വായിച്ചു. കവിതാവായനയല്ല, ചാക്യാര്‍കൂത്ത് എന്ന് തോന്നി.
സദസ്സ് രസിച്ചു. ലയിച്ചു. വലിയ കരഘോഷമുണ്ടായി. കവിയുടെ ജീവിതകവിതാബലിയായിരിക്കാം ഇത്.
വായനകഴിഞ്ഞു ഇറങ്ങുമ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍ എന്‍ വി കൃഷ്ണവാരിയര്‍ കൈനീട്ടി.
‘’ കവിത എനിക്ക്''.
ആകാശം തന്ന ആ പ്രസാദം വാരിയര്‍ക്കു കൊടുത്തു.
ആ കവിതയുടെ തലക്കെട്ടിതാണ്: ‘’ കളിയച്ഛന്‍ ‘’
ഒരു പ്രസിദ്ധ പത്രം ആ കവിത വായിച്ച ദര്‍ശനീയരംഗം വര്‍ണ്ണിച്ചെഴുതി എന്നു കേട്ടു. ആ വാരിക ഇങ്ങനെ എഴുതിയെന്നറിഞ്ഞു:
‘’ ഒരു ഗന്ധര്‍വ്വ ഗായകനെപ്പോലേ കുഞ്ഞിരാമന്‍ നായര്‍ രംഗവേദിയില്‍ വിളങ്ങി.’’
ആ മംഗളപത്രം, സദസ്സിനു ആ തോന്നലുളവാക്കിയ സാക്ഷാല്‍ കവിയുടെ കാല്ക്കല്‍, കണ്ണീരണിഞ്ഞ മനസ്സ് പുഷ്പമായി സമര്‍പ്പിച്ചു.
നല്ല പേരിന്റെ അഹങ്കാര തുലാഭാരമിറക്കി.
കളിയച്ഛന്‍ കാലം ചെന്നപ്പോള്‍ പുസ്തകമായി.
പ്രീഡിഗ്രിക്ക് പാഠപുസ്തകമായി.
പകര്‍പ്പവകാശം കവിക്ക്‌.’
എന്നാല്‍ പ്രസാധകന് പതിനായിരം കിട്ടി.
പകര്‍പ്പവകാശക്കാരന്‍ കവിക്ക്‌ കിട്ടിയ തുക മൂവായിരവും. അതെങ്ങനെ?
‘’ അതങ്ങനെയാണ്.’’
ഈ കവിയുടെ ജാതകകഥ അങ്ങനെയാണ്,
ഓണം വന്നാലും കോരന് കുമ്പിളില്‍ കഞ്ഞി.



https://hsmalayalamresources.blogspot.in/

No comments:

Post a Comment