Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Tuesday, January 23, 2018

'നളിനി 'യെക്കുറിച്ച്


മലയാള കവിതയില്‍ സ്ത്രീ പുരുഷ ബന്ധത്തിന്റെ പുതിയ തലങ്ങള്‍ സൃഷ്ടിച്ച മഹത്തായ ഖണ്ഡകാവ്യമാണ് കുമാരനാശാന്റെ നളിനി. കുമാരനാശാന്റെ റൊമാന്റിക് കഥാകാവ്യമാണിത്. 'ഒരു സ്‌നേഹം' എന്നുകൂടി പേരുണ്ട് ഈ കൃതിക്ക്. ഇതിവൃത്ത സ്വീകരണത്തിലും പ്രതിപാദനരീതിയിലും അവതരണത്തിലും മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.
ബ്രഹ്മ സായൂജ്യം
കാളിദാസന്റെ ഹിമാലയ വര്‍ണനയെ അനുസ്മരിപ്പിക്കുന്ന ഹിമവല്‍ദൃശ്യത്തോടെയാണ് 'നളിനി' ആരംഭിക്കുന്നത്. ഹിമാലയത്തിന്റെ ഉയര്‍ന്ന ശൃംഗത്തില്‍ ഒരു വിഭാതവേളയില്‍ നളിനി ദിവാകരന്മാര്‍ കണ്ടുമുട്ടുന്നു. തന്നെ സ്വയം പരിചയപ്പെടുത്തിയ നളിനി പഴയ കാര്യങ്ങള്‍ ഓര്‍മയില്‍നിന്നെടുത്ത് പറയുന്നു. പഴയ സതീര്‍ഥ്യനെയല്ല. മറിച്ച് സന്ന്യാസിയുടെ ഉത്കൃഷ്ടവും പാവനവുമായ സംസ്‌കാരത്തിനു ചേരുന്ന വാക്കുകളാണ് ദിവാകരനില്‍നിന്ന് വരുന്നത്. ദിവാകരനെ നേരിട്ടുകാണാന്‍ കഴിഞ്ഞതുകൊണ്ട് തന്റെ ജീവിതം ധന്യമായി എന്നുപറഞ്ഞ് നളിനി വികാര വൈവശ്യത്താല്‍ ഗദ്ഗദകണ്ഠയായി. നളിനിയുടെ ഈ പെരുമാറ്റം ദിവാകരനില്‍ യാതൊരു ഇളക്കവുമുണ്ടാക്കിയില്ല. തന്റെ ദുഃഖങ്ങള്‍ കേള്‍ക്കാന്‍ മറ്റാരുമില്ലെന്നും തനിക്കു പറയാനുള്ളവ കേള്‍ക്കണമെന്നും അപേക്ഷിച്ചുകൊണ്ട് ദിവാകരനോടൊത്ത് ചെലവഴിച്ച കുട്ടിക്കാലാനുഭവങ്ങള്‍ പങ്കുവെക്കുന്നു. വികാരപാരവശ്യത്താല്‍ നിയന്ത്രണം നഷ്ടപ്പെട്ട നളിനി ദിവാകരന്റെ കാല്‍ക്കല്‍ വീണു. ബ്രഹ്മസായൂജ്യം ലഭിക്കുന്നതിന് ദിവാകരന്‍ മഹാവാക്യം ഉപദേശിക്കെ, ആ മാറിലേക്ക് വീണ് നളിനി മരണമടഞ്ഞു. നളിനിയുടെ സ്‌നേഹത്തിന്റെ തീവ്രത ദിവാകരനെ ആര്‍ദ്രഹൃദയനാക്കി. നളിനിയെ അന്വേഷിച്ച് യോഗിനി അവിടെ എത്തുകയും ഇരുവരും ചേര്‍ന്ന് മൃതദേഹം യഥാവിധി സംസ്‌കരിക്കുകയും ചെയ്തു.
നളിനിയും ദിവാകരനും
നളിനിയുടെ തുടക്കംതന്നെ പാശ്ചാത്യകവികളില്‍ ചിലരുടെ രീതിയിലാണ്. കഥാകഥനത്തിലും ഈ പ്രത്യേകത ദൃശ്യമാണ്. നളിനിയും ദിവാകരനും ബാല്യകാലത്തെ കൂട്ടുകാരും സഹപാഠികളുമായിരുന്നു. നളിനി ദിവാകരനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ആ ഇഷ്ടം പ്രണയമായി മാറി. ദിവാകരനാകട്ടെ ഭൗതികജീവിതം വിട്ട് സന്ന്യാസിയായി മാറി. ദിവാകരന്റെ വേര്‍പാട് നളിനിയെ ദുഃഖത്തിലാഴ്ത്തി. വീട്ടുകാര്‍ അവള്‍ക്ക് വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ നളിനി വീടുവിട്ടിറങ്ങി. ദുഃഖാകുലയായ അവള്‍ ഒരു പൊയ്കയില്‍ ചാടി ആത്മഹത്യക്കൊരുങ്ങി. അവിടെയെത്തിയ ഒരു സന്ന്യാസിനി അവളെ രക്ഷപ്പെടുത്തി ആശ്രമത്തിലേക്ക് കൊണ്ടുപോയി.
ഇന്നുഭാഷയപൂര്‍ണം
നളിനിയും ദിവാകരനും തമ്മിലുള്ള ബാല്യകാല സൗഹൃദരംഗങ്ങള്‍ ആശാന്‍ തന്മയത്വത്തോടെയാണ് വര്‍ണിച്ചിരിക്കുന്നത്.
ലോലനാര്യനുരുവിട്ടു കേട്ടൊരാ
ബാലപാഠമഖിലം മനോഹരം
കാലമായധിക മിന്നൊരക്ഷരം
പോലുമായതില്‍ മറപ്പതില്ലഞാന്‍ പ്രസരിപ്പ് നിറഞ്ഞവനായിരുന്ന അങ്ങ് ഉരുവിട്ടുകേട്ട ആ ബാലപാഠങ്ങള്‍ വളരെ മനോഹരമായിരുന്നു. അന്നുപഠിച്ച ആ പാഠങ്ങളില്‍ ഒരക്ഷരംപോലും ഞാന്‍ മറന്നിട്ടില്ല. കാലം വളരെയധികമായെങ്കിലും.
ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
വച്ചു മല്ലികയറുത്തിരുന്നതും
മെച്ചമാര്‍ന്ന ചെറുമാല കെട്ടിയെന്‍
കൊച്ചുവാര്‍മുടിയിലങ്ങണിഞ്ഞതും മനോഹരമായ ഒരു ബാല്യകാല സ്മരണയാണ് ഇത്.
ഭൂരി പൂക്കള്‍ വിടരുന്ന പൊയ്കയും
തീരവും വഴികളും തരുക്കളും
ചാരു പുല്‍ത്തറയുമോര്‍ത്തിടുന്നതിന്‍-
ചാരെ നാമെഴുമെഴുത്തുപള്ളിയും ധാരാളം പൂക്കള്‍ വിടരുന്ന താമരപ്പൊയ്കയും അതിന്റെ തീരവും വഴികളും വഴിയോരത്ത് നില്‍ക്കുന്ന വൃക്ഷങ്ങളും മനോഹരമായ പുല്‍ത്തറയും എഴുത്തുപള്ളിയുമെല്ലാം ഗ്രാമഭംഗിയുടെ ഭാഗങ്ങളാണ്.
എണ്ണിടുന്നൊടുവില്‍ വന്നു പീഡയാം
വണ്ണമെന്‍ മിഴികള്‍ പൊത്തിയെന്നതും
തിണ്ണമങ്ങതില്‍ വലഞ്ഞുകേഴുമെന്‍
കണ്ണുനീരു കനിവില്‍ തുടച്ചതും
ആശാന്റെ ജീവിത നിരീക്ഷണപാടവത്തിനുള്ള ഒന്നാംതരം തെളിവുകളാണ് ഈ വരികള്‍. ആശാന്‍ പാശ്ചാത്യകവികളായ കീറ്റ്സ്, ഷെല്ലി തുടങ്ങിയവരുടെ കവിതകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് മാംസനിബദ്ധമല്ലാത്ത രാഗത്തെക്കുറിച്ച്  മനസ്സിലാക്കിയതിലൂടെയാണ് 'നളിനി'യിലേക്കെത്തുന്നത്. ആധ്യാത്മിക സംസ്‌കാരത്തില്‍നിന്നും ജന്മമെടുത്ത ഒരു വീക്ഷണമാണ് ആശാന്റേത്. സ്‌നേഹം ഇന്ദ്രിയപരമാകരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. അങ്ങനെ ജന്മമെടുക്കുന്ന സ്‌നേഹത്തെപ്പോലും ആധ്യാത്മിക വിശുദ്ധിയിലേക്ക് നയിക്കുന്ന സ്‌നേഹമായി ആശാന്‍ മാറ്റി. നളിനിയുടെ പ്രണയചാപല്യത്തെ അന്നും  ഇന്നും ഒരുപോലെയാണ് താന്‍ നോക്കിക്കാണുന്നതെന്നാണ് ദിവാകരയോഗി അറിയിച്ചത്.
അന്യ ജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍
വിവേകികള്‍ സ്വന്തം ജീവിതം അന്യരുടെ നന്മയ്ക്കുവേണ്ടി ഉഴിഞ്ഞിട്ട് അതിനെ ധന്യമാക്കാറുണ്ട് എന്ന വസ്തുത, ദിവാകരയോഗി നളിനിയെ അറിയിക്കുന്നു. 'പരോപകാരാര്‍ത്ഥ മിദം ശരീരം' എന്ന ആശയമാണ് ദിവാകരന്‍ വെളിപ്പെടുത്തുന്നത്.
തന്നതില്ല പരനുള്ളു കാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയതപൂര്‍ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍
സ്വന്തം ഹൃദയം അന്യന് മനസ്സിലാക്കിക്കൊടുക്കാന്‍ ഈശ്വരന്‍ ഒരുപായവും മനുഷ്യന് കൊടുത്തില്ല. ഭാഷ ഇന്ന് വളരെ അപൂര്‍ണമാണ്. അര്‍ത്ഥം ശരിയാണോ എന്ന ശങ്കകൊണ്ട് പിഴയും വന്നുപോയി എന്ന് വരാം. തന്റെ ഉള്ള് ദിവാകരന്റെ മുന്നില്‍ പൂര്‍ണമായി അവതരിപ്പിക്കാന്‍ തനിക്ക് സാധിച്ചില്ലല്ലോ എന്ന് നളിനി ദുഃഖിക്കുന്നു. എന്തുപകാരമാണ് തന്നില്‍നിന്ന് വേണ്ടത് എന്ന ദിവാകരന്റെ ചോദ്യം നളിനിയെ ദുഃഖിപ്പിച്ചിരിക്കാം. ഭാഷയിലൂടെയാണല്ലോ മനസ്സിലെ കാര്യങ്ങള്‍ അവതരിപ്പിക്കുക. പക്ഷേ, ഭാഷ അപൂര്‍ണമായതുകൊണ്ട് അതിനും വയ്യാതെ വന്നിരിക്കുന്നു. ഭാഷയുടെ ഈ ന്യൂനത എല്ലാവര്‍ക്കും ബാധകമാണ്.
സ്നേഹമാണഖിലസാരമൂഴിയില്‍
സ്നേഹസാരമിഹ സത്യമേകമാം
മോഹനം ഭുവന സംഗമിങ്ങതില്‍
സ്നേഹമൂലമമലേ വെടിഞ്ഞു ഞാന്‍
' പ്രപഞ്ചത്തിന്റെ സത്തതന്നെ സ്നേഹമാണ്. സ്നേഹത്തിന്റെ സാരമെന്നത് സത്യം തന്നെയാണ്. (ഈശ്വരന്‍ തന്നെയാണ് സത്യം) ഈ സ്നേഹമെന്ന വസ്തുവോടുള്ള താത്പര്യം മൂലം ഞാന്‍ മോഹിപ്പിക്കുന്ന ലോകബന്ധംതന്നെ ഉപേക്ഷിച്ചു' ദിവാകരയോഗിയുടെ ഈ വാക്കുകള്‍ സ്നേഹത്തെക്കുറിച്ചുള്ള ആശാന്റെ വീക്ഷണം വ്യക്തമാക്കുന്നു. ഈശ്വരന്‍ തന്നെയാണ് സ്നേഹം. അല്ലെങ്കില്‍ ഈശ്വരന്‍ തന്നെ സത്യം. ജീവിതം നശ്വരമാണ്. ഈ നശ്വര ജീവിതത്തില്‍ മനുഷ്യന്‍ ഭ്രമിക്കരുത്. സ്നേഹം സത്യസ്വരൂപനായ ഈശ്വരനെ പ്രാപിക്കാനുള്ള മാര്‍ഗം മാത്രമാണ്. ശവങ്ങളില്‍ പൂവെന്ന പോലെ സ്നേഹം മനുഷ്യരില്‍ ചൊരിയേണ്ടതില്ല എന്നിങ്ങനെയുള്ള വേദാന്തപരമായ ആശയങ്ങള്‍ ദിവാകരയോഗിയെക്കൊണ്ട് ആശാന്‍ പറയിക്കുന്നു. ജീവിതത്തിന്റെ ക്ഷണികതയെയും നശ്വരതയെയും ലൗകിക ബന്ധങ്ങളുടെ അര്‍ഥമില്ലായ്മയെയും കുറിച്ച് തികച്ചും ബോധവാനായിരുന്നു ആശാന്‍.

No comments:

Post a Comment