Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Monday, January 8, 2018

ഉരുളക്കിഴങ്ങു തിന്നുന്നവർ - ചില സൂചനകൾ

ഈസ്റ്റർ  മുട്ടകൾ
ഈസ്റ്റർ ദിനത്തിൽ  സന്തോഷ സൂചകമായി സമ്മാനിക്കപ്പെടുന്ന ചായം തേച്ച് ഭംഗിയാക്കിയ  മുട്ടകളാണ്  'ഈസ്റ്റർ മുട്ടകൾ'.
യേശുവിന്റെ ഉയിർപ്പിന്റെ പ്രതീകമാണ് ഈ മുട്ടകൾ. പുനർജന്മത്തിന്റെ അടയാളമായാണിവ ഈസ്റ്റർ ദിനത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നത്.
പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ രാജാക്കൻമാർ ഈസ്റ്റർ തിരുകർമ്മങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഈസ്റ്റർ സന്ദേശങ്ങൾ ആലേഖനം ചെയ്ത, അരിമാവും പഞ്ചസാരയും ചേർത്ത് നിർമ്മിച്ചിട്ടുള്ള ഈസ്റ്റർ മുട്ടകൾ വിതരണം ചെയ്തിരുന്നു. ഈസ്റ്ററിന് വീടലങ്കരിക്കാൻ യൂറോപ്പുകാർ ചായമടിച്ച മുട്ടകൾ ഉപയോഗിക്കാറുണ്ട് . ഹംഗറി പോലുള്ള രാജ്യങ്ങളിൽ മരം കൊണ്ടു നിർമ്മിച്ച നിറം നൽകിയ മുട്ടകൾ തയ്യാറാക്കുകയും അവയ്ക്ക് ഈസ്റ്ററിന്റെ കഥ പറയുന്നതിന് സഹായകമായ പേരുകളും അർത്ഥങ്ങളും നൽകുകയും ചെയ്യുന്ന പതിവുമുണ്ടായിരുന്നു . ചില രാജ്യങ്ങളിൽ, പൂന്തോട്ടങ്ങളിലോ വീട്ടിനകത്തോ മുട്ട ഒളിച്ചുവെക്കുകയും  'മുട്ട കണ്ടുപിടിക്കൽ' പോലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. ബെൽജിയം പോലുള്ള രാജ്യങ്ങളിൽ ഒരു കുന്നിൽ നിന്ന് അതിന്റെ താഴ്വാരത്തിലേക്ക്  'മുട്ട ഉരുട്ടി വിടുന്ന കളിയും ' നിലനിൽക്കുന്നുണ്ട്.
അകം പൊള്ളയായ മുട്ടകളാണ്ചിലയിടങ്ങളിൽ കൈമാറുന്നത്. യേശുവിന്റെ ഉയിർപ്പിന് ശേഷമുള്ള ഒഴിഞ്ഞ കല്ലറയുടെ സൂചനയാണത്രേ അത്.
ഇങ്ങനെ ഓരോ ദേശത്തും ഭിന്ന രീതികളിലാണ് പ്രചാരത്തിലുള്ളതെങ്കിലും    ഉയിർപ്പു തിരുനാൾ ദിനത്തിലെ ആeഘാഷങ്ങൾക്ക് നിറം പകരുന്ന ഒരു ഘടകമാണ് ഈസ്റ്റർ മുട്ടകൾ .ഭംഗിയായി ചായം തേച്ച് ചിത്രപ്പണികൾ ചെയ്ത് സമ്മാനിക്കുന്ന ഈസ്റ്റർ മുട്ടകൾ 'ബണ്ണി' എന്ന മുയലാണ് കൊണ്ടുവരുന്നത്  എന്നാണ്  കാനഡയിലെയും അമേരിക്കയിലെയും കുട്ടികൾക്കിടയിലെ വിശ്വാസം.
യഥാർത്ഥ മുട്ടകളും
മരം, ലോഹം, പ്ലാസ്റ്റിക് തുടങ്ങിയവ കൊണ്ടുള്ള ഡമ്മി മുട്ടകളും  ഈസ്റ്റർ മുട്ടകളായി പ്രചാരത്തിലുണ്ടായിരുന്നെങ്കിലും ഇന്ന് വിവിധ വർണ്ണങ്ങളിലുള്ള കടലാസുകളിൽ പൊതിഞ്ഞ ചോക്കലേറ്റ് മുട്ടകളാണ് കൂടുതലായി സമ്മാനിക്കപ്പെടുന്നത്.
ഫെഡറിക് തോംസൺ ചക്രവർത്തി ഈസ്റ്ററിന് തന്റെ പ്രജകൾക്ക് താറാമുട്ടകൾ സമ്മാനിച്ചതായി പറയപ്പെടുന്നു. 1900 ൽ അക്സാണ്ടർ ചക്രവർത്തി ഈസ്റ്റർ ദിന സമ്മാനമായി തന്റെ ഭാര്യയ്ക്ക് സമ്മാനിക്കാൻ കാൾ ഫാബെർഗ് എന്ന രത്നവ്യാപാരിയെക്കൊണ്ട് വിശേഷപ്പെട്ട ഒരു സ്വർണ്ണ മുട്ട പണി കഴിപ്പിച്ചതായും പിന്നീടത് എല്ലാവർഷവും തുടർന്നതായും ചില ആഖ്യാനങ്ങൾ ഉണ്ട്.റഷ്യയിൽ ഈസ്റ്റർ മുട്ട എന്ന സങ്കൽപ്പം അങ്ങനെ എത്തിയതാണത്രേ.
എന്നാൽ ഭാരതത്തിൽ ഈ ആചാരത്തിന് വലിയ പ്രചാരം ലഭിച്ചിട്ടില്ല. കേരളത്തിലെ ചില ജില്ലകളിൽ ഈസ്റ്ററിന് പള്ളിയിൽ വെച്ച് പുഴുങ്ങിയ മുട്ടകൾ നൽകുന്ന പുതിയ പതിവ് ഉണ്ടത്രേ. മുട്ടയിൽ സുവിശേഷ വചനങ്ങൾ എഴുതി ഒളിച്ചു വെക്കുകയും കുട്ടികൾ അത് കണ്ടെത്തി വചനം വായിക്കുകയും ചെയ്യുന്ന രീതികളും ചിലയിടങ്ങളിൽ പ്രചരിച്ച് വരുന്നുണ്ട്.
മരണത്തെ  ജയിച്ച് ജീവിതത്തിലേക്കുള്ള തിരിച്ച് വരവിന്റെ പ്രതീകമാണ് ഈസ്റ്റർ മുട്ടകൾ. പുതു ജീവിതത്തിന്റെയും പ്രത്യാശയുടേയും  അടയാളമാകയാൽ തന്നെ 'ഉരുളക്കിഴങ്ങ് തിന്നുന്നവർ' എന്ന കഥയിൽ ഈസ്റ്റർ മുട്ടകൾക്ക് കുറച്ച് കൂടി അർത്ഥവ്യാപ്തി ലഭിക്കുന്നുണ്ട്. മൃത്യുവിനെ ജയിച്ച് വരുന്ന ഒരു മകനെയും ഭർത്താവിനേയും അച്ഛനേയും പ്രതീക്ഷിച്ചിരിക്കുന്നവരാണല്ലോ ആ ദരിദ്രകുടുംബം.......
നിക്കോളാസ് ഈവ്
പാശ്ചാത്യ ലോകത്ത് പരക്കെ ആദരിക്കപ്പെടുന്ന ഒരു വിശുദ്ധനാണ് സെന്റ് നിക്കോളാസ് .കത്തോലിക്കർ ഇദ്ദേഹത്തെ ലിസിയായിലെ മിറായി പ്രവിശ്യയുടെ മെത്രാപൊലീത്തയായും വിശുദ്ധനുമായാണ് കണക്കാക്കുന്നത്. എന്നാൽ ഡച്ചിലെ പ്രൊട്ടസ്റ്റൻഡുകാർക്കിടയിൽ അദ്ദേഹത്തെക്കുറിച്ച് രസകരമായ മറ്റ് ചില കഥകളാണ് പ്രചരിക്കുന്നത്. അവിടെ അദ്ദേഹം ഒരു മാജിക്കു കാരനോ അത്ഭുത പ്രവർത്തകനോ ഒക്കെയായിട്ടാണ്  ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.
ഈ കഥകളിൽ നിന്നാകണം , വളയേറെ സന്തോഷവാനും തടിച്ച് കൊഴുത്തവനും കുട്ടികൾക്ക് വാഗ്ദാനങ്ങളും ധാരാളം സമ്മാനങ്ങളുമായി ക്രിസ്തുമസിന്റെ തലേരാത്രി വരുന്ന തൂവെള്ള താടിയുള്ള സാന്റാക്ലോസ് എന്ന സങ്കൽപം അമേരിക്കയിൽ നിലവിൽ വന്നത്.  അതിന്റെ അനുകരണമാവാം നമ്മുടെ നാട്ടിലെ 'ക്രിസ്തുമസ് അപ്പൂപ്പൻ ', 'ക്രിസ്തുമസ് പാപ്പ ' തുടങ്ങിയ വേഷങ്ങളും രീതികളും.
ഉരുളക്കിഴങ്ങ് തിന്നുന്നവരിൽ' നിക്കോളാസ് ഈവ് എന്ന് സൂചിപ്പിക്കുന്നത് ക്രിസ്തുമസിന്റെ തലേരാത്രിയെ തന്നെയായിരിക്കാം. നല്ല കുട്ടിയായതിനാൽ  സാന്റാക്ലോസിൽ  നിന്നും അന്ന് തനിക്ക് സമ്മാനങ്ങൾ ലഭിക്കും എന്നായിരിക്കാം  അന്നയുടെ ഉറപ്പ് .കുട്ടികളുട വിശുദ്ധനായാണ് നിക്കോളാസ് പൊതുവെ അറിയപ്പെടുന്നതും.
തന്റെ മൂന്ന് പെൺമക്കളെ, കല്യാണം കഴിച്ച് വിടാൻ ഗതിയില്ലാത്തതിന്റെ പേരിൽ വേശ്യാവൃത്തിയിലേക്ക് അയക്കാൻ തീരുമാനിച്ച ദരിദ്രനായ ഒരു പിതാവിനെ മൂന്ന് പണക്കിഴികൾ അയാളറിയാതെ നൽകി സഹായിച്ച കഥ  സെന്റ് നിക്കോളാസുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്. പാവങ്ങളോടുള്ള കരുണ വെളിവാകുന്ന ഈ കഥ ചേർത്ത് വായിച്ചാൽ അന്ന എന്ന പാവം പെൺകുട്ടിയുടെ ആഗ്രഹം ഇവിടെ    കുറച്ച് കൂടി അർത്ഥ പൂർണ്ണമാകുന്നു.
തയ്യാറാക്കിയത് - നവാസ് മന്നൻ സീതി സാഹിബ് എച്ച് എസ് എസ് തളിപ്പറമ്പ

No comments:

Post a Comment