Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Wednesday, January 24, 2018

പി കുഞ്ഞിരാമന്‍ നായര്‍ ജീവിതരേഖ




 പി. കുഞ്ഞിരാമൻ നായർ - മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്‍റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ച കുഞ്ഞിരാമൻ നായർ, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക്‌ പ്രചോദനമേകി. പി എന്നുംമഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു അദ്ദേഹം, കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങളാണ്‌ പിയുടെ കവിത.

       1905 ഒക്ടോബർ 4 ന്‌ ( 1906 ഒക്റ്റോബർ 26- കൊ.. 1082 തുലാം 9, തിരുവോണം നക്ഷത്രം എന്നും ഒരു വാദമുണ്ട് ) കാസര്‍ഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട് , അജാനൂര്‍ ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്‌. അച്ഛൻ- പുറവങ്കര കുഞ്ഞമ്പുനായർ; അമ്മ- കുഞ്ഞമ്മയമ്മ. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം , ഇടയ്ക്ക്‌ പഠിത്തം നിർത്തി വീടുവിട്ടിറങ്ങി. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട്‌ രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു. ആത്മകഥാപര ഗ്രന്ഥങ്ങളായ 'കവിയുടെ കാൽപ്പാടുകൾ','എന്നെ തിരയുന്ന ഞാൻ', 'നിത്യകന്യകയെത്തേടി' എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോദാഹരണങ്ങളാണ്‌. 1948-ൽ നീലേശ്വരം രാജാവില്‍ നിന്ന് ഭക്തകവി ബിരുദം ലഭിച്ചു.1955-ൽ കളിയഛന് മദിരാശി സർക്കാർ അംഗീകാരം, 1959-ൽ കേരളാ സാഹിത്യ അക്കാദമി അവാര്‍ഡു , 1967-ൽ താമരത്തോണിക്ക് സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപ്പുരത്തെ സി. പി സത്രത്തിൽ വച്ച് ഹൃദയ സ്തംഭനം മൂലം അന്തരിച്ചു..
         മലയാളഭാഷയിലെ സമുന്നതമായ കാവ്യവ്യക്തിത്വങ്ങളിലൊന്നാണ് പി. കുഞ്ഞിരാമൻ നായരുടേത്. ആധുനിക മലയാളകവിതയിലെ തികച്ചും സവിശേഷമായ ഒരു അനുഭൂതിമണ്ഡലമാണ് അദ്ദേഹത്തിന്റെ കവിതകളിലൂടെ അനാവൃതമാവുന്നത്. കവിയും കവിതയും തമ്മിലും കവിയും കവിതയും പ്രപഞ്ചവും തമ്മിലും അസാധാരണമായ ഒരു തന്മയീഭാവം തന്നെ അവയിൽ സംഭവിക്കുന്നു. ഇടവപ്പാതി മഴപോലെ വിഷയവും ഭാവനയും രചനാശില്പവും വരികളും ഒന്നായുണർത്തുന്ന ദിവ്യ പ്രചോദനത്തിന്റെ സാന്നിദ്ധ്യം അവയിലൊക്കെയുണ്ട്. താമരത്തോണി, താമരത്തേൻ, വയൽക്കരയിൽ, പൂക്കളം, കളിയച്ഛൻ, അനന്തൻകാട്ടിൽ, ചന്ദ്രദർശനം, ചിലമ്പൊലി, തിരുമുടിമാല, രഥോത്സവം, പി.കവിതകൾ എന്നിങ്ങനെ മുപ്പതോളം സമാഹാരങ്ങളിലായി അദ്ദേഹത്തിന്റെ കാവ്യലോകം പരന്നുകിടക്കുന്നു. ആത്മവേദനയും ആത്മനിന്ദയുമൊക്കെ നിറഞ്ഞ സ്വരത്തിൽ തന്നെത്തന്നെ വിചാരണ ചെയ്യുന്ന കവിതകളിലൂടെ ആധുനിക മനുഷ്യന്റെ വിഹ്വലാവസ്ഥ ഈ കവി ആവിഷ്കരിച്ചിരിക്കുന്നു. അരനൂറ്റാണ്ടിലേരെ നീണ്ട കാവ്യജീവിതത്തിൽ എത്രത്തോളം കൃതികൾ രചിച്ചുവെന്ന് കവിയ്ക്കുതന്നെ നിശ്ചയമുണ്ടായിരുന്നില്ല.


കവിയെക്കുറിച്ച് കൂടുതലറിയാന്‍ സന്ദര്‍ശിക്കൂ...

https://sites.google.com/site/mahakavipkunjiramannair/

1 comment: