Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......
Showing posts with label 9BT. Show all posts
Showing posts with label 9BT. Show all posts

Monday, May 20, 2024

9 മലയാളം പാഠപുസ്തകം & അധ്യാപക സഹായി

9 ാം ക്ലാസ്സിലെ  മലയാളം പാഠപുസ്തകങ്ങളും   അധ്യാപകസഹായികളുടെ ആദ്യ യൂണിറ്റുകളും പോസ്റ്റ് ചെയ്യുന്നു.

 

 കേരള പാഠാവലി  പാഠപുസ്തകം 

Download 

കേരള പാഠാവലി അധ്യാപക സഹായി   ( യൂണിറ്റ് 1,2)

Download

 

 അടിസ്ഥാന പാഠാവലി  പാഠപുസ്തകം 

Download

 

 അടിസ്ഥാന പാഠാവലി അധ്യാപക സഹായി   ( യൂണിറ്റ് 1)

Download

 


Sunday, September 26, 2021

Sharing Folder Links for Everyone...

സുഹൃത്തുക്കളേ,

നമ്മുടെ ബ്ലോഗിന്റെ, ഗൂഗിൾ ഡ്രൈവിൽ ഉള്ള ഫയലുകൾക്ക് ആക്സസ് റിക്വസ്റ്റ് ചെയ്തുകൊണ്ടുള്ള ധാരാളം മെയിലുകൾ രണ്ടുമൂന്നു ദിവസമായി വരുന്നുണ്ട്.ഗൂഗിളിന്റെ ഒരു പുതിയ സെക്യൂരിറ്റി അപ്ഡേറ്റ് കാരണം മുമ്പ് ഷെയർ ചെയ്തിരുന്ന  ലിങ്കുകൾ ഇപ്പോൾ Expire ചെയ്തിരിക്കുന്നത് കൊണ്ടാണ് നമ്മുടെ ബ്ലോഗിൽ ഉള്ള പല ലിങ്കുകളും ഓപ്പൺ ചെയ്യാൻ പറ്റാത്തത് .പ്രത്യേകിച്ച് pdf, mp3 ഫയലുകൾ.ബ്ലോഗ് മുഴുവൻ പരിശോധിച്ച്  അവയ്ക്കൊക്കെ പുതിയ ലിങ്കുകൾ ക്രിയേറ്റ് ചെയ്തു ഷെയർ ചെയ്യുക എന്നത് വളരെ സമയമെടുക്കുന്ന ഒരു പ്രക്രിയയാണ്.അതേസമയം ബ്ലോഗിൽ ഷെയർ ചെയ്തിരിക്കുന്ന ഒരു ഫയൽ പോലും ആർക്കും ലഭിക്കാതെ പോകരുത് എന്ന് ആഗ്രഹമുണ്ട്.അതുകൊണ്ട് എച്ച്എസ് മലയാളത്തിൻറെ രണ്ട് ഗൂഗിൾ ഡ്രൈവ്  ഫോൾഡറുകളുടെ ലിങ്കുകൾ ചുവടെ ഷെയർ ചെയ്യാം എന്ന് വിചാരിക്കുന്നു. ഈ ഫോൾഡറുകളിൽ ഫയലുകൾ, പാഠങ്ങളുടെ പേരിൽ ഫോൾഡറുകൾ ആയി തിരിച്ചിട്ടില്ല.എങ്കിലും പരതി നോക്കിയാൽ നിങ്ങൾക്ക് ആവശ്യമുള്ളവ കിട്ടും.പരതുമ്പോൾ ഏതെങ്കിലും പേഴ്സണൽ ഫയലുകൾ ഇതിൽ പെട്ടു പോയതായി കണ്ടിട്ടുണ്ടെങ്കിൽ ഒന്ന് അറിയിക്കണേ .ഡിലീറ്റ് ചെയ്തോളാം. 

ഏതായാലും ബ്ലോഗ് ഇപ്പോഴും ആളുകൾ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നറിഞ്ഞതിൽ  സന്തോഷം. താഴെയുള്ള Comment Box കൂടെ ഇടയ്ക്ക് ഉപയോഗപ്പെടുത്തിയാൽ വളരെ സന്തോഷം.

                                                      

                                                           സ്നേഹപൂ‍ർവം   അഡ്‍മിൻസ്.. 

                                

                                               HS Malayalam

                      HS Malayalam Resources


Sunday, July 18, 2021

നിങ്ങളെൻ ലോകത്തെ എന്തു ചെയ്തു? - സുഗതകുമാരി -പ്രവേശക വിശകലനം

 

നിങ്ങളെൻ ലോകത്തെ എന്തു ചെയ്തു? - പ്രവേശക വിശകലനം


സുഗതകുമാരിയുടെ നിങ്ങളെൻ ലോകത്തെ എന്തു ചെയ്തു എന്ന കവിതയാണ് പ്രവേശകം ആയി തന്നിരിക്കുന്നത്. തള്ളക്കിളി കുഞ്ഞുങ്ങൾക്ക് ഇരയുമായി തിടുക്കപ്പെട്ട് കൂട്ടിലേക്ക് വരികയായിരുന്നു. അവിടെ കണ്ട കാഴ്ച്ച അവളെ ആകെ തളർത്തി . നെഞ്ച് പിടഞ്ഞ് അവൾ അവിടെ ഉഴറിപ്പറന്നു. കിളി പറഞ്ഞ കാര്യം മനുഷ്യ ഭാഷയിലേക്ക് പരിവർത്തനം ചെയ്താൽ നിങ്ങളെൻ ലോകത്തെ എന്തു ചെയ്തു എന്നാണ് എന്ന് കവയിത്രി സുഗതകുമാരി പറയുന്നു.കിളിയുട ലോകം അവളുടെ കൂടും കുഞ്ഞുങ്ങളുമാണ്. ഏതൊരു അമ്മയുടെയും ലോകമെന്നത് തന്റെ മക്കളാണ് . കിളിയുടെ നിസ്സഹായാവസ്ഥക്ക് കാരണം മനുഷ്യൻറെ പ്രവർത്തികൾ ആണ് . ഇത്തരം പ്രവർത്തനങ്ങൾ മനുഷ്യരാശിയുടെ തന്നെ തകർച്ചക്ക് കാരണമാകുന്നു. അവളുടെ ചോദ്യം മനുഷ്യ സമൂഹത്തോടു മുഴുവനാണ്. കാരണം അവളുടെ ലോകം ഇല്ലാതാക്കിയത് മനുഷ്യരാണ്. എല്ലാവരുടെയും ആവശ്യത്തിനുള്ളതെല്ലാം ഈ പ്രകൃതി നൽകുന്നുണ്ട് .എന്നാൽ അവന്റെ അത്യാഗ്രഹത്തിനുള്ളത് ഈ പ്രകൃതിയിൽ ഇല്ല എന്ന് ഗാന്ധിജി പറയുകയുണ്ടായി. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയുടെ നേർചിത്രമാണ് സുഗതകുമാരി ടീച്ചർ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പ്രകൃതി ഇല്ലെങ്കിൽ മനുഷ്യനുമില്ല. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാം ഉത്തരവാദിത്വമാണ്.

Friday, July 9, 2021

First Bell 2.0 Malayalam Classes 2021-22

 ഇതുവരെ കഴിഞ്ഞ 8,9,10 ക്ലാസ്സുകളിലെ Victers Firstbell 2.0 ക്ലാസ്സുകളുടെ വിശദാംശങ്ങളും Link ഉം അടങ്ങുന്ന Google Document.

It will be upadated daily, as far as possible.

 

 Click Here....👇


 First Bell 2.0  Malayalam Classes 2021-22

Wednesday, July 3, 2019

പുതുവർഷം കവിതയെക്കുറിച്ച് ഒരു കുറിപ്പ്

ഓണത്തെക്കുറിച്ച് എഴുതാത്ത കവികൾ കുറവാണ്. നന്മനിറഞ്ഞ ഭൂതകാലത്തിന്റെ വിശുദ്ധസ്മരണയായും നേടാനുള്ള നല്ല കാലത്തിന്റെ സമ്മോഹന സ്വപ്നമായുമെല്ലാം അവരതിനെ ഭാവനയിൽ കണ്ടു.
അക്കൂട്ടത്തിൽ ശ്രദ്ധേയമാണ് വിജയലക്ഷ്മിയുടെ പുതുവർഷം എന്ന കവിത. ഈ കവിതയ്ക്കു പുറമെ തിരുവോണം, ഓണത്തിനൊരു പാട്ട് എന്നീ ഓണക്കവിതകളും വിജയലക്ഷ്മിയുടെതായിട്ടുണ്ട്. നാഗരിക ജീവിതത്തോടുള്ള അസംതൃപ്തിയാണ് എല്ലാ ഓണക്കവിതകളിലും കവയിത്രി പങ്കിടുന്നത്. _നിർഗന്ധപുഷ്പങ്ങൾ തൻ നഗരോദ്യാനം_ എന്ന് അവർ ആ അനുഭവത്തെ അടയാളപ്പെടുത്തുന്നു. ഒപ്പം നഷ്ടസൗഭാഗ്യങ്ങളെക്കുറിച്ച് ഓർത്ത് വേദനിക്കുന്നു.

കവിതയിലെ ബിംബങ്ങൾ

പുതുവർഷം എന്ന വിജയലക്ഷ്മിയുടെ കവിത വിജയലക്ഷ്മിയുടെതന്നെ മറ്റ് ഓണക്കവിതകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. നിരവധി വൈരുദ്ധ്യങ്ങളെ ഏകോപിപ്പിച്ചുകൊണ്ടാണ് കവിത നിലനിൽക്കുന്നത്. നന്മ-തിന്മ, ഗ്രാമം-നഗരം, അമ്മ-അനാഥത്വം, ആനന്ദം-ആകുലത, ബാല്യം-യൗവനം, ഓർമ-വർത്തമാനം എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളിലൂടെ ഓണത്തെയും അമ്മയെയും ആവിഷ്കരിക്കാനുള്ള ശ്രമമാണ് പുതുവർഷം. യഥാർഥത്തിൽ പുതുവർഷം ഓണക്കവിതയല്ല, അമ്മക്കവിതയാണെന്നു പറയാം. 
അമ്മ ഒരു ഉദാത്ത ബിംബമായി ഈ കവിതയിൽ ആവിഷ്കരിക്കപ്പെടുന്നു. അമ്മ= നന്മ, അമ്മ = ഓണം, അമ്മ= സത്യം, അമ്മ= ആനന്ദം, അമ്മ = ഗ്രാമീണത, അമ്മ = യാഥാർഥ്യം, അമ്മ = തുമ്പ എന്നിങ്ങനെ അമ്മവിശുദ്ധിയുടെ പ്രതിനിധാന ജാലംതന്നെ തീർക്കുന്നുണ്ട് കവയിത്രി. അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നുമില്ലാതിരുന്ന ഒരു ബാല്യകാലത്തിന്റെ സ്മരണകളിൽനിന്നാണ് കവിത ആരംഭിക്കുന്നത്.
അമ്മയുടെ ശാസനയേറ്റ് നടന്ന കാലത്തിന് അപ്പുറമായി അമ്മയുടെ പറച്ചിലുകളിൽനിന്ന് മകൾ തന്റെ ഓണസങ്കല്പത്തെ നെയ്തെടുക്കുകയാണ്. ആ സങ്കല്പവും ഓണത്തിൽ ജീവിച്ച അവളുടെ യാഥാർഥ്യവും തമ്മിൽ കുട്ടിക്കാലത്ത് കാര്യമായ അന്തരമൊന്നും അവൾക്ക് തോന്നുന്നില്ല. അമ്മ നൽകിയ സങ്കല്പവും മകൾ നുകർന്ന അനുഭവവും തമ്മിൽ ഇവിടെ സംഘർഷത്തിലാവുന്നില്ല. കേൾവിയും അനുഭവവും തമ്മിൽ വന്നുഭവിക്കാനിടയുള്ള വൈരുദ്ധ്യങ്ങൾ സംഭവിക്കുന്നേയില്ല. അങ്ങനെ അമ്മ സത്യത്തിന്റെയും യാഥാർഥ്യത്തിന്റെയും ദീപമായി ആദ്യമേ തെളിയുകയാണ്. എന്നാൽ മുതിർന്നപ്പോൾ ഈ അവസ്ഥ മാറുന്നു.
അമ്മബിംബത്തെ പലവിധം പൊലിപ്പിച്ചെടുക്കാനുള്ള ശ്രമമാണ് ഈ കവിത. അമ്മബിംബങ്ങളുടെ നടന രംഗമായി കവിത പരിണമിക്കുന്നു. അമ്മയുള്ള കാലത്തെ ബാല്യം, അമ്മയില്ലാത്ത യൗവനം, അമ്മയുള്ളകാലത്തെ ആഹ്ലാദം, ഇല്ലാത്ത കാലത്തെ ആകുലത, അമ്മയുള്ളതിന്റെ നന്മ, ഇല്ലാതിരുന്നതിന്റെ വിരസത, അമ്മക്കാലത്തെ ഓണം, ഇല്ലാത്ത കാലത്തിന്റെ ഓർമ ഇങ്ങനെ പലവിധം ചിത്രങ്ങൾ കവയിത്രി നിർമിച്ചെടുക്കുന്നു.
        
       അവലംബം:- മാതൃഭൂമി

Credits: അനസ് സംസ്കൃതി

Saturday, April 28, 2018

ഹരിതമോഹനം Video

പാഠങ്ങള്‍ പടവുകള്‍ - വിക്ടേര്‍സ് ചാനലിലെ വിദ്യാഭ്യാസ പരിപാടിയില്‍ ഹരിതമോഹനം എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഭാഗം
        

Friday, February 9, 2018

ആശാന്‍ പ്രതിമ

കേരളസര്‍വകലാശാലയ്ക്കുമുന്നില്‍ കിഴക്കന്‍ ചക്രവാളത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് നില്‍ക്കുന്ന മലയാളത്തിന്റെ എക്കാലത്തെയും ആശയഗംഭീരനായ മഹാകവി കുമാരനാശാന്റെ വെങ്കലപ്രതിമ സ്ഥാപിക്കപ്പെട്ടത് 1973 ഏപ്രില്‍ 12 നാണ്.അന്നത്തെ രാഷ്ട്രപതിയായിരുന്ന ശ്രീ വി വി ഗിരിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.പ്രശസ്ത ശില്‍പ്പി ശ്രീ കാനായി കുഞ്ഞിരാമനാണ് ശില്‍പ്പം നിര്‍മ്മിച്ചത്.




                             പ്രതിമയുടെ രാത്രിദൃശ്യം
                      അറ്റകുറ്റപ്പണികള്‍

ആശാന്‍ കവിതകള്‍

ആശാന്‍ എന്ന മാനി പാഠഭാഗത്തില്‍ കുമാരനാശാന്റെ പല കവിതകളും പരാമര്‍ശിക്കപ്പെ‌ടുന്നുണ്ട്.അവയുടെ പി ഡി എഫ് രൂപങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.

Printfriendly PDFs
 

ഗ്രാമവൃക്ഷത്തിലെ കുയില്‍
വീണപൂവ്
പ്രരോദനം
ചണ്ഡാലഭിക്ഷുകി
ഒരു ഉദ്ബോധനം

PDFs

നളിനി
ലീല
കരുണ
ചിന്താവിഷ്‌ടയായ സീത 

Wednesday, February 7, 2018

സഫലമീ യാത്ര- ലേഖനം ഡോ പി സുരേഷ്

സഫലമീ യാത്ര എന്ന കവിതയെ മുന് നിര്ത്തി കക്കാടിന്റെ കവിതകളെക്കുറിച്ചുള്ള ഡോ പി സുരേഷിന്റെ ലേഖനം

 Download PDF
https://drive.google.com/open?id=1KCKoii-tha0u4-c19jO95r-zK_ajIgNf

Tuesday, January 16, 2018

ആശാനെക്കുറിച്ച് അല്പം...

മഹാകവി കുമാരനാശാൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്  94വർഷങ്ങൾ  ( 1924 ജനുവരി 16) 

കുമാരനാശാന്‍ : വാക്കിന്റെ പൂര്‍ണത
മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവിയെന്നുതന്നെ കുമാരനാശാനെ വിശേഷിപ്പിക്കാം. 20-ാം നൂറ്റാണ്ടിലെ കവിതാശാഖയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കവിയില്ല. ആശാനോളം കൊണ്ടാടപ്പെട്ട കവിയില്ല, ആശാനോളം പഠിക്കപ്പെട്ട കവിയില്ല.

1873 ഏപ്രില്‍ 12ന് ചിറയിന്‍കീഴിനടുത്ത് കായിക്കരയില്‍, പെരുങ്കുടി നാരായന്റെയും കാളിയുടെയും ആറ് മക്കളില്‍ രണ്ടാമനായി ജനനം. സംസ്‌കൃതവും വേദാന്തപുരാണങ്ങളും പഠിച്ച കുമാരനാശാന്‍ ശ്രീനാരായണഗുരുദേവന്റെ  ശിഷ്യനായി (1891). സoന്യാസിയാവാന്‍ പുറപ്പെട്ട ആശാനെ ഉപരിപഠനത്തിനയച്ചത് ഗുരുവാണ്. ബാംഗ്ലൂരിലും (1895) കല്‍ക്കത്തയിലും (1898) പഠനം. ആശാന്റെ വിപ്ലവകരമായ ചിന്താമണ്ഡലം വികസിക്കുന്നത് ഇക്കാലത്താണ്. ചെറുപ്പത്തില്‍ സ്‌തോത്രകൃതികളെഴുതി വിരാഗിയായി നടന്നിരുന്ന ആശാന്‍, 1907ല്‍ വീണപൂവെന്ന ചെറുഖണ്ഡകാവ്യമെഴുതി മലയാളകവിതയുടെ തലക്കുറിതന്നെ മാറ്റിവരച്ചു. 41 ശ്ലോകങ്ങള്‍ മാത്രമുള്ള ഈ കൃതി 'മിതവാദി'യിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. 1908ല്‍ ഭാഷാപോഷിണിയില്‍ ഇത് പുനഃപ്രകാശനം ചെയ്യപ്പെട്ടതോടെയാണ് ആശാന്‍ അതിപ്രശസ്തനാവുന്നത്.

പഠനശേഷം കേരളത്തില്‍ തിരിച്ചെത്തിയ ആശാന്‍ അരുവിപ്പുറത്തായിരുന്നു താമസം. സമുദായ പരിഷ്‌കരണ കാര്യങ്ങളില്‍ ആകൃഷ്ടനായി ആശാന്‍. 1903ല്‍ ജനുവരി   7ന് ശ്രീനാരായണഗുരുദേവൻ, ഡോ. പല്‍പ്പു, എന്നിവരുടെ നേതൃത്വത്തില്‍ ശ്രീനാരായണ ധര്‍മപരിപാലനയോഗം (എസ്.എന്‍.ഡി.പി. യോഗം) രൂപീകരിച്ചപ്പോള്‍ ആശാന്‍ അതിന്റെ പ്രഥമ സെക്രട്ടറിയായി. 1904 മെയില്‍ 'വിവേകോദയം' മാസിക തുടങ്ങിയപ്പോള്‍ ആശാന്‍ അതിന്റെ പത്രാധിപരുമായി. 1913ല്‍ ശ്രീമൂലം പ്രജാസഭയില്‍ എസ്.എന്‍.ഡി.പി. യോഗം പ്രതിനിധിയായി അംഗമായി. 1920ല്‍ സെക്രട്ടറിസ്ഥാനമൊഴിഞ്ഞ് നിയമസഭാംഗമായി. 1918ലായിരുന്നു വിവാഹം. ശിഷ്യയായ ഭാനുമതി ഭാര്യ. പ്രഭാകരന്‍, സുധാകരന്‍ എന്നിവര്‍ മക്കള്‍. 1924 ജനവരി 16ന് പല്ലനയാറ്റില്‍വെച്ച് റെഡീമര്‍ എന്ന ബോട്ട് മുങ്ങി ആശാന്‍ മരിച്ചു; 51-ാം വയസ്സില്‍.

വീണപൂവിനുശേഷം കുമാരനാശാന്‍ എഴുതിയ കൃതികളെല്ലാം മലയാളത്തിലെ ക്ലാസിക്കുകളാണ്. ഖണ്ഡകാവ്യങ്ങള്‍ മാത്രമെഴുതി മഹാകവിപ്പട്ടം കരസ്ഥമാക്കി, ആശാന്‍. സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ തൂലിക പടവാളാക്കിയ കവിയാണ് കുമാരനാശാന്‍. 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്നാണ് ആശാനെ മുണ്ടശേരി വിശേഷിപ്പിച്ചത്.
നല്ലൊരു നിരൂപകന്‍ കൂടിയായ ആശാന്റെ ചിത്രയോഗ (വള്ളത്തോള്‍) നിരൂപണം പ്രശസ്തമാണ്. മഹാകാവ്യത്തെ കെട്ടുകുതിരയോടാണ് ആശാന്‍ ഉപമിച്ചത്. പ്രാസവാദത്തില്‍ ശബ്ദപക്ഷത്തല്ല, അര്‍ഥപക്ഷത്താണ് (എ.ആര്‍. രാജരാജവര്‍മയ്‌ക്കൊപ്പം) ആശാന്‍ നിലകൊണ്ടത്. (സ്വന്തം കവിതയില്‍ ഭൂരിപക്ഷത്തിലും പ്രാസമുണ്ടെങ്കില്‍പോലും). എ.ആറിന്റെ മരണത്തില്‍ ദുഖിച്ചെഴുതിയ 'പ്രരോദനം' മലയാളത്തിലെ ഏറ്റവും മികച്ച വിലാപകാവ്യങ്ങളിലൊന്നാണ്.

സീതയ്ക്കു പറയാനുള്ളതെന്തെന്ന് 'ചിന്താവിഷ്ടയായ സീത'യിലൂടെ കേള്‍പ്പിച്ചുതന്ന ആശാന്റെ വിപ്ലവത്തിന് മലയാളത്തില്‍ സമാനതകളില്ല. ലോകസാഹിത്യത്തില്‍ത്തന്നെ ഇത്ര ഗാംഭീര്യമുള്ള കൃതിയില്ലെന്ന് എം. കൃഷ്ണന്‍നായര്‍ ഒരിക്കലെഴുതിയിരുന്നു.

കുമാരു 'ആശാനാ'യത്
കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കുന്നവരെ ആശാന്മാര്‍ എന്നു വിളിച്ചുപോന്നു. വിദ്യാഭ്യാസം കഴിഞ്ഞ് കുമാരനാശാന്‍ കുറച്ചുകാലം കുട്ടികളെ പഠിപ്പിക്കുന്ന പാഠശാല നടത്തിയിരുന്നു. അതോടെ കുമാരു എന്ന പേരിനൊപ്പം 'ആശാന്‍' എന്നതും ചേര്‍ന്നു. അങ്ങനെ കുമാരനാശാനായി. കുമാരനാശാനെ ഡോ.പല്‍പ്പു 'ചിന്നസ്വാമി' എന്നായിരുന്നു വിളിച്ചിരുന്നത്. നാരായണഗുരുവിനെ പെരിയസ്വാമി എന്ന് പല്‍പ്പു വിളിച്ചുപോന്നു. പെരിയസ്വാമിയുടെ ശിഷ്യന്‍ ചിന്നസ്വാമി.

ആശാന്റെ കവിതാശകലങ്ങള്‍, പിന്നീട് മലയാളത്തില്‍ ചൊല്ലുകള്‍ പോലെ പ്രചരിച്ചു. ഇത്രയധികം 'ക്വോട്ടു'കളുടെ ഉടമ വേറെയുണ്ടാവില്ല. ആശാനെക്കാള്‍ പ്രശസ്തമെന്നുപോലും പറയാവുന്ന ചില വരികളിതാ:

കാവ്യപരാഗങ്ങള്‍
സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം
(ഒരു ഉദ്‌ബോധനം)

എന്തിന്നുഭാരതധരേ കരയുന്നു? പാര-
തന്ത്ര്യം നിനക്കുവിധികല്പിതമാണു തായേ,
ചിന്തിക്ക, ജാതി മദിരാന്ധ, രടിച്ചു തമ്മി-
ലന്തപ്പെടും തനയ, രെന്തിനയേ 'സ്വരാജ്യം'?
(ഒരു തീയക്കുട്ടിയുടെ വിചാരം)

ഗുണികളൂഴിയില്‍ നീണ്ടുവാഴാ (വീണപൂവ്)
കണ്ണേമടങ്ങുക (വീണപൂവ്)

സ്‌നേഹമാണഖിലസാരമൂഴിയില്‍ (നളിനി)

യുവജനഹൃദയം സ്വതന്ത്രമാ-
ണവരുടെ കാമ്യപരിഗ്രഹേച്ഛയില്‍ (ലീല)

ജാതിചോദിക്കുന്നില്ലഞാന്‍ സോദരീ (ചണ്ഡാലഭിക്ഷുകി)
ചണ്ഡാലിതന്‍ മെയ് ദ്വിജന്റെ -ബീജ-
പിണ്ഡത്തിനൂഷരമാണോ? (ചണ്ഡാലഭിക്ഷുകി)
നെല്ലിന്‍ചുവട്ടില്‍ മുളയ്ക്കും-കാട്ടു-
പുല്ലല്ല സാധുപുലയന്‍ (ചണ്ഡാലഭിക്ഷുകി)

വിശപ്പിനു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങള്‍ കാണ്‍കില്‍ കൊതിയാമാര്‍ക്കും (കരുണ)

തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോര്‍
കെട്ടില്ലാത്തോര്‍ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങള്‍! (ദുരവസ്ഥ)
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍ (ദുരവസ്ഥ)

ഒരു നിശ്ചയമില്ലയൊന്നിനും
വരുമോരോദശവന്നപോലെപോം (ചിന്താവിഷ്ടയായ സീത)

വണ്ടേ നീ തുലയുന്നു; വീണയി വിളക്കും നീ
കെടുക്കുന്നുതേ (പ്രരോദനം)
ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത
പൊന്‍പേനയും (പ്രരോദനം)
ഇവിടമാണദ്ധ്യാത്മ വിദ്യാലയം (പ്രരോദനം)

ആശാന്‍കൃതികള്‍
വീണപൂവ്-1907
ഒരു സിംഹപ്രസവം-1909
നളിനി-1911
ലീല- 1914
ബാലരാമായണം - 1916
ശ്രീബുദ്ധചരിതം
(വിവര്‍ത്തനം) - 1915
ഗ്രാമവൃക്ഷത്തിലെ
കുയില്‍ - 1918
പ്രരോദനം - 1919
ചിന്താവിഷ്ടയായ സീത -1919
പുഷ്പവാടി- 1922
ദുരവസ്ഥ - 1922
ചണ്ഡാലഭിക്ഷുകി- 1922
കരുണ - 1923
മണിമാല- 1924
വനമാല- 1925

Tuesday, January 2, 2018

തിരുവാതിര വിശേഷം


എട്ടങ്ങാടി മുതല്‍ ദശപുഷ്പംവരെ
തിരുവാതിരയുടെ തലേന്നാള്‍ മകയിരം നാള് ഉള്ളപ്പോഴാണ് എട്ടങ്ങാടി നേദിക്കേണ്ടത്. മകയിരം നാള്‍ തീരുന്നതിന് മുന്‍പ് നേദ്യം കഴിയണം. ചാണകം മെഴുകിയ തറയില്‍ ഉമി കൂട്ടി തീ കാണിച്ച് കാച്ചില്‍, ചേമ്പ്, ചേന, കൂര്‍ക്ക, ചെറുകിഴങ്ങ് നനകിഴങ്ങ്, ഏത്തക്കായ, മാറമ്പ് ഇവ ചുട്ടെടുത്ത് അരിഞ്ഞെടുക്കണം. കൂടുതലായി ആവശ്യമുള്ളപ്പോള്‍ ബാക്കി വേവിച്ചെടുത്ത് ചുട്ടെടുത്തതും ചേര്‍ത്ത് ശര്‍ക്കര പാവു കാച്ചിയതിലേക്ക് ഇടണം. ഇതിനോടൊപ്പം നെയ്യ്-തേന്‍, പഴം, നീലക്കരിമ്പ്-ചോളമലര്‍, ഉണങ്ങിയ നാളികേരം അരിഞ്ഞെടുത്തതും, വന്‍പയര്‍- കടല ഇവ വറുത്തു പൊടിച്ച പൊടിയും കൂട്ടിച്ചേര്‍ത്തിളക്കി എടുക്കുന്നതാണ് എട്ടങ്ങാടി. ചില സ്ഥലങ്ങളില്‍ മാറാമ്പ് പൊതിയാക്കിവെക്കും. ചിലയിടങ്ങളില്‍ മാറാമ്പ് വളരെക്കുറിച്ച് അരിഞ്ഞ് ചേര്‍ക്കും (കാലദേശ ഭേദങ്ങള്‍ക്കനുസരിച്ച് ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ട്) തറമെഴുകി കത്തിച്ച വിളക്കിന് മുന്‍പില്‍ മൂന്ന് തൂശനിലകളായി എട്ടങ്ങാടി വച്ച് നേദിക്കുന്നു (ശിവന്‍, ഗണപതി, പാര്‍വതി)എട്ടങ്ങാടിയോടൊപ്പം വെറ്റില, പാക്ക്, കരിക്ക് (നേന്ത്രപ്പഴം-കായ കീറി വറുത്ത (ഉപ്പേരി) പ്രധാനമാണ്). സ്ത്രീകള്‍ ശിവമന്ത്രത്താല്‍ പ്ലാവില കുത്തി കരിക്കിന്‍ വെള്ളം തീര്‍ത്ഥമായെടുത്ത് പൂക്കള്‍ അര്‍പ്പിച്ചാണ് പൂജ ചെയ്യുന്നത്.
തുടിച്ച് കുളി
തിരുവാതിരയുടെ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണ് തുടിച്ചുകുളി. അശ്വതി നാളില്‍ അശ്വമുഖം കാണുംമുന്‍പ്, ഭരണി-ഭര്‍ത്താവുണരും മുന്‍പ്, കാര്‍ത്തിക-കാക്കകരയും മുന്‍പ്, രോഹിണി രോമം കാണും മുന്‍പ്, മകയിരം-മക്കള്‍ ഉണരും മുന്‍പ്, തിരുവാതിര-ഗംഗ ഉണരും മുന്‍പ് ഇതാണ് തുടിച്ച് കുളിക്കേണ്ട സമയം. തുടിച്ചു കുളിക്കുമ്പോള്‍ കുരവ ഇട്ട് ഗംഗാദേവിയെ ഉണര്‍ത്തി വെള്ളത്തിലിറങ്ങി ദേവീദേവന്മാരെ സ്തുതിച്ച് പാടുന്നു.
വെറ്റില മുറുക്ക്
തിരുവാതിരക്ക് വെറ്റിലമുറുക്കാന്‍ സ്ത്രീകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. 101, 36, 12 ഇതാണ് കണക്ക്. ഹിന്ദുവിന്റെ എല്ലാ സത്കര്‍മങ്ങള്‍ക്കും വെറ്റിലയും പാക്കും ഒഴിച്ചുകൂടാനാവാത്തതാണ്. വെറ്റിലയില്‍ ദേവീദേവന്മാരുടെ സാന്നിധ്യമുണ്ട്. ഔഷധമുള്ളതാണ്, വിഷഹാരിയാണ്, ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്ക് നല്ലതാണ് തുടങ്ങി പല ഔഷധഗുണങ്ങളും അടങ്ങിയതാണ് വെറ്റില. വെറ്റിലയുടെ തുമ്പില്‍ ലക്ഷ്മിയും മധ്യത്തില്‍ സരസ്വതിയും ഇടത് പാര്‍വതിയും വലത് ഭൂമിദേവിയും അകത്ത് വിഷ്ണുവും വസിക്കുന്നു. ഞെട്ടില്‍ ജേഷ്ഠയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ വെറ്റിലയുടെ ഞെട്ട് കളഞ്ഞാണ് മുറുക്കാന്‍ ഉപയോഗിക്കുന്നത്.
വ്രതം
കുളിച്ച് പുതുവസ്ത്രങ്ങള്‍ ധരിച്ച് അണിഞ്ഞൊരുങ്ങിയ മങ്കമാര്‍ ശിവക്ഷേത്ര ദര്‍ശനത്തിനുശേഷം കരിക്ക് വെട്ടിക്കുടിക്കും. വെട്ടിക്കുടി എന്ന ഒരു പേര്‍ തന്നെയുണ്ട്. കാലത്ത് കൂവ കുറുക്കി കഴിക്കുന്നു. ശരീരത്തിന് കൂവ നല്ലതാണ്. ഉച്ചക്ക് ചാമയോ, ഗോതമ്പോ, കഞ്ഞിയോ ചോറായോ കഴിക്കുന്നു. ഉപദംശമായി തിരുവാതിരപ്പുഴുക്ക്, കാച്ചിയ പപ്പടം, പായസം തുടങ്ങിയവ (ഉള്ളി ചേര്‍ക്കരുത്) സന്ധ്യ കഴിഞ്ഞാല്‍ കട്ടന്‍ കാപ്പി പഴംനുറുക്ക്, വറുത്ത ഉപ്പേരി ഇവയാണ് കഴിക്കുന്നത്.
തിരുവാതിരകളി
ധനുമാസനിലാവ് ഉദിച്ചുയരുന്നതോടെ മെഴുകിവെടുപ്പാക്കി പന്തലിട്ട മുറ്റത്ത് അഞ്ച് തിരിയിട്ട നിലവിളക്കിനും നിറപറയ്ക്കും ഗണപതി ഒരുക്കിനും ചുറ്റുമായി അണിഞ്ഞൊരുങ്ങിയ മംഗല്യവതിയായ സ്ത്രീകള്‍ കുരവ ഇട്ടശേഷം ഭൂമിദേവിയെ വന്ദിക്കുന്നു.
ഗണപതി, സരസ്വതി, സ്ഥലദേവത എന്നീ ശ്രുതി മധുരമായ പാട്ടുകളോടെ ലാസ്യഭംഗിയോടെ ചുവടുകള്‍ വച്ച് കുളി ആരംഭിക്കുന്നു. പാര്‍വതീ സ്വയംവരം, തിരുവാതിര മാഹാത്മ്യം, കാമദഹനം തുടങ്ങി ആട്ടക്കഥയിലെ പ്രധാനപദങ്ങളും സ്വാതിതിരുനാള്‍,-ഇരയിമ്മന്‍ തമ്പി തുടങ്ങിയവരുടെ പാട്ടുകളും തമിഴ് പാട്ടുകള്‍, തമാശ പാട്ടുകള്‍ തുടങ്ങി പല പാട്ടുകളും പാടിക്കളിക്കുന്നു. പാതിരാപ്പൂ ചൂടുന്നതിന് മുന്‍പ് പത്തുവൃത്തം, നാലുവൃത്തം ഇവയും പാടിക്കളിക്കുന്നു. പാതിരാപ്പൂ ചൂടിക്കഴിഞ്ഞാല്‍ ഗണപതി, സരസ്വതി മംഗലാതിര, താലോലപ്പാട്ട് എന്നിവ പാടണം. രാത്രിയില്‍ ചൂടുന്നതിനാല്‍ ദശപുഷ്പത്തിന് പാതിരപ്പൂവ് എന്നപേര്‍ കൂടി സിദ്ധിച്ചു.
പാതിരാപ്പൂചൂടല്‍
ദശപുഷ്പങ്ങളോടൊപ്പം കമുകിന്‍ പൂക്കില, അടയ്ക്കാമണിയന്‍, ചുവന്ന കൊടുവേലി പൂവ്, എരിക്കില ഇവയും വക്കാറുണ്ട്. ദശ പുഷ്പങ്ങള്‍ പറിച്ചെടുത്ത് ആര്‍പ്പുവിളിയുമായി കളി സ്ഥലത്ത് എത്തി മാഹാത്മ്യത്തെക്കുറിച്ച് പാടി മാല കെട്ടി കന്യകമാരെ ചൂടിച്ചശേഷം താനും തന്റെ ഭര്‍ത്താവും ചൂടുന്നു. ദേവി ദശപുഷ്പങ്ങള്‍ ഭഗവാനേ ചൂടിച്ച കഥയെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്. മംഗലാതിര താലോലപ്പാട്ട് (പൂതനാമോക്ഷമാണ്) ഇവയും പാടിക്കളിക്കും.
ദശപുഷ്പങ്ങള്‍
1) കറുക- ആദിത്യന്‍- ആധിവ്യാധികള്‍ തീരും
2)വിഷ്ണുക്രാന്തി- വിഷ്ണു – വിഷ്ണുപാദത്തില്‍ ചേരും.
3) തിരുതാളി- ഇന്ദിര-ഐശ്വര്യം
4) പൂവാംകുറുന്നല്‍- ബ്രഹ്മാവ്- ദാരിദ്ര്യശമനം
5) കയ്യോന്നി- പഞ്ചബാണന്‍- പഞ്ചപാപനാശം
6) മുക്കുറ്റി-പാര്‍വതി-ഭര്‍തൃപുത്ര സൗഖ്യം
7) നിലപ്പന-ഭൂമിദേവി-ജന്മസാഫല്യം
8) വള്ളി ഉഴിഞ്ഞ- ഇന്ദ്രന്‍-ഇഷ്ടലാഭം
9) ചെറൂള -യമധര്‍മന്‍- ആയുര്‍ദൈര്‍ഘ്യം
10) മുയല്‍ ചെവിയന്‍-കാമദേവന്‍- സൗന്ദര്യം
പ്രഭാതത്തിന് മുന്‍പ് തിരുവാതിര നാള്‍ അവസാനിക്കുമെങ്കില്‍ പുലവൃത്തം പാടിയാണ് ആഘോഷങ്ങള്‍ അവസാനിപ്പിക്കുന്നത്. പുലം എന്ന വാക്കിന് പാടം, നിലം എന്നര്‍ത്ഥം. പാടവുമായി ബന്ധപ്പെട്ട പാട്ടുകളാണ് പുലവൃത്തം. പുലവൃത്തത്തില്‍ രചിക്കപ്പെട്ടതാണ് രുഗ്മിണീ സ്വയംവരം. ഇതു കഴിഞ്ഞാല്‍ വീണ്ടും കുളിക്കണമെന്നാണ് ആചാരം. ആതിരയാഘോഷങ്ങളില്‍ പൂര്‍ത്തിരുവാതിരയ്‌ക്കെത്തുന്ന ഭര്‍ത്താവിനെ ദശപുഷ്പം ചൂടിക്കണമെന്നുണ്ട്.

Wednesday, December 13, 2017

സഫലമീ യാത്ര പൂര്‍ണ്ണരൂപം

സഫലമീ യാത്ര എന്ന കവിതയുടെ പൂര്‍ണ്ണരൂപവും, ആശുപത്രിക്കിടക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം എഴുതിയ സഫലമീ യാത്രയുടെ തുടര്‍ച്ച എന്നു പറയാവുന്ന നന്ദി, തിരുവോണമേ നന്ദി എന്ന കവിതയും ഒറ്റ PDF ല്‍

https://drive.google.com/open?id=1JA-rGHEYYT82qnQxvh8DFuUqqtflSY_r

Wednesday, December 6, 2017

വിശ്വവിഖ്യാതമായ മൂക്ക്-ഗ്രാഫിക് നോവല്‍

വിശ്വവിഖ്യാതമായ മൂക്ക് -ഒരു ഭാഗം -ഗ്രാഫിക് നോവല്‍ രൂപാന്തരം 
ബാനം ഗവ.ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍

https://drive.google.com/open?id=1WxQDGRHeBuQYpVKhZYhfVpD1Z5OqodDI

കല്ല് - ഗ്രാഫിക് നോവല്‍  ആശയം, വര - ബാലു

https://drive.google.com/open?id=1lv8GFr5bOZA6NXZckP9At-0BcpW527_8

എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...