Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Wednesday, September 12, 2018

വൈലോപ്പിള്ളി ശ്രീധരമേനോൻ

ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ (1911 മെയ്‌ 11 - 1985 ഡിസംബർ 22 ). എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിഅമ്മയെ വിവാഹം ചെയ്തു, രണ്ട്‌ ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌.മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട്‌ സ്പർശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു.മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓർമ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം,ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു.1985 ഡിസംബർ മാസം 22-ന്‌ അന്തരിച്ചു.
* രചനാശൈലി*
"ശ്രീ" എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങിയ കവിയുടെ കവിതകൾ പലതും കേരളത്തിൽ ഒരു ഭാവുകപരിവർത്തനം സൃഷ്ടിച്ചു. കേരളത്തിൽ ജന്മിത്തത്തിന്റെ അവസാന പിടിമുറുക്കൽ, സാമൂഹികവും സാമുദായികവുമായ മൂല്യങ്ങളുടെ പരിണാമഘട്ടം, ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനങ്ങൾ തികഞ്ഞലക്ഷ്യത്തോടെ മുന്നോട്ട്‌ കുതിക്കുന്നു. രണ്ട്‌ ലോകമഹായുദ്ധങ്ങൾ കണ്ട ഭൂമി, അതിന്റെ ഫലമായുണ്ടായ പട്ടിണിയും ദാരിദ്ര്യവും, എന്നിങ്ങനെ തികച്ചും അശാന്തമായ ഒരു കാലഘട്ടത്തിലാണ്‌ കവി തന്റെ യൌവനം കഴിച്ചു കൂട്ടിയത്‌. കാലവും ലോകവും മാറുന്നു എന്നതാണ്‌ വൈലോപ്പിള്ളി കവിതയുടെ ആധാരശില.വൈലോപ്പിള്ളിയുടെ സമപ്രായക്കാരനും, അടുത്തടുത്ത ഗ്രാമങ്ങളിൽ ജനിച്ചവരുമായിരുന്ന ചങ്ങമ്പുഴയുടേയും, ഇടപ്പള്ളി രാഘവൻപിള്ളയുടെയും കാൽപ്പനിക പ്രസ്ഥാനങ്ങൾ മലയാള കവിതാ രംഗത്തിൽ വെന്നിക്കൊടി പാറിച്ച്‌ നിൽക്കുന്ന അവസരത്തിൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായി യാഥാർഥ്യത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചെടുത്തവരിൽ ഒരാളായിരുന്നു വൈലോപ്പിള്ളി. ഇടശ്ശേരി ഗോവിന്ദൻ നായർ, എൻ.വി. കൃഷ്ണവാര്യർ മുതലായവരായിരുന്നു അദ്ദേഹത്തിന്റെ സമപ്രായക്കാരും സമശൈലീയരും ആയിരുന്ന ചിലർ.
*ജീവിത യാഥാർഥ്യബോധം*
തികച്ചും വ്യത്യസ്തമായ ഒരു ജീവിത ബോധം ആണ്‌ കവിയുടെ കവിതകളിൽ വായിച്ചെടുക്കാവുന്നത്. ജീവിതം പരാജയത്തെ അഭിമുഖീകരിക്കുന്നതും ആ കവിതകളിൽ കാണാം, പക്ഷേ ഒരു പിന്തിരിയലോ കീഴടങ്ങലോ കവിതകളിൽ കാണാൻ കഴിയില്ല. യാഥാർഥ്യബോധത്തിൽ അടിയുറച്ചിരുന്നതുകൊണ്ട്‌ അക്കവിതകളിൽ അസാമാന്യ ദൃഢത ഉണ്ടായി, "എല്ലുറപ്പുള്ള കവിത" എന്നാണ്‌ കടൽ കാക്കകൾ എന്ന സമാഹാരത്തിന്റെ അവതാരികയിൽ പി. എ. വാര്യർ എഴുതിയത്‌. അനാവശ്യമായി ഒരൊറ്റ വാക്കു പോലും ഉപയോഗിക്കാതിരിക്കുക എന്നതാണ്‌ വൈലോപ്പിള്ളിയുടെ രീതി "എന്തോ വ്യത്യാസമുണ്ടാ കൃതികൾക്ക്‌, വെറും പാലുപോലുള്ള കവിതകളല്ല, കാച്ചിക്കുറുക്കിയ കവിത" എന്ന് എം.എൻ. വിജയൻ ആ ശൈലിയെ വിശേഷിപ്പിച്ചതും മറ്റൊന്നും കൊണ്ടല്ല
ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക്‌ പകർന്നു കൊണ്ടു പോകുന്ന ഒരു നിരന്തരതയാണ്‌ കവിക്ക്‌ ജീവിതം. ഇന്നു വിതക്കുന്ന വിത്ത്‌ ലോകത്ത്‌ ആദ്യം നട്ട വിത്തിന്റെ നൈരന്തര്യം ആണ്‌. ഇവിടുത്തെ നാളത്തെ പാട്ട്‌ ഇന്നിന്റെ പാട്ടിന്റെ തുടർച്ച തന്നെ ആണ്‌.
“"കന്നിനാളിലെക്കൊയ്ത്തിനു വേണ്ടി
മന്നിലാദിയിൽ നട്ട വിത്തെല്ലാം
പൊന്നലയലച്ചെത്തുന്നു നോക്കൂ,
പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽ
ഹാ, വിജിഗീഷു മൃത്യുവിന്നാമോ,
ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?"
(കന്നിക്കൊയ്ത്ത്‌)”

Sunday, September 9, 2018

ഗാന്ധി സിനിമ


ഒക്ടോബർ 2 ഗാന്ധിജയന്തി."എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന് ലോകത്തെ പഠിപ്പിച്ച ആ മഹാന്റെ ജീവിതത്തെ ആധാരമാക്കി റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത ക്ലാസിക് സിനിമ ' ഗാന്ധി ' . ഗാന്ധി ജയന്തി ദിനത്തിലും ഗാന്ധിയുടെ ജീവിതവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾക്ക് അനുബന്ധമായും പ്രദർശിപ്പിക്കാൻ മലയാളം സബ്ടൈറ്റിലോടുകൂടി ആ ലോക ക്ലാസിക് ഇതാ.



മലയാളം സബ്ടൈറ്റില്‍ പരിഭാഷ -ഔവര്‍ കരോളിന്‍