Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Monday, March 13, 2023

ആദരാഞ്ജലികൾ


         യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് രാംനഗർ ഗവൺമെൻറ് ഹൈസ്കൂളിൽ  മലയാളം അധ്യാപകനായിരുന്നു.

2005 ല്‍ സാഹിത്യ അക്കാദമിയുടെ ദേശീയ സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.

    തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂണ്‍, ഉച്ചമഴയില്‍, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങള്‍( കവിതകള്‍), വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് കൃതികള്‍. കവിതകള്‍ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനവും ചെയ്തിട്ടുണ്ട്. 

    മഹാകവി പി സ്മാരക യുവകവി പ്രതിഭാ പുരസ്‌കാരം, മൂടാടി ദാമോദരന്‍ സ്മാരക കവിതാപുരസ്‌കാരം, പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

എച്ച് എസ് മലയാളത്തിന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായ അദ്ദേഹത്തിന്റെ അകാലവിയോഗത്തിൽ ഞങ്ങളുടെ ദുഃഖവും ആദരാഞ്ജലികളും രേഖപ്പെടുത്തുന്നു.

അദ്ദേഹത്തിന്റെ ഒരു കവിതയിൽ നിന്ന്...


"ഞാൻ മരിക്കുമ്പോൾ

ഗൂഢ ഭാഷയിലുള്ള ഒരു സന്ദേശം

വിട്ടുപോകും


കഴിഞ്ഞ ജന്മത്തിലെ

എന്റെ ഭാഷയെ

കണ്ടെത്തിയ നീ

നിശബ്ദയാവും


വരും ജന്മത്തിലെ

ന്റെ സൂക്ഷ്മ ശരീരത്തെ

കാത്ത് കാത്ത്

മൗനമായി ചിരിക്കും


ഇതല്ലാതെ 

നിനക്കെന്താണ്

ചെയ്യാനാവുക?


മരണ ശേഷം

അൽപ സമയത്തേക്ക്

പൂർവജന്മ സ്മരണകൾ

നിലനിൽക്കുന്നത് പോലെ

നിന്നെ കാണുമ്പോൾ"


ഈയൽ - ബിജു കാഞ്ഞങ്ങാട്

Thursday, March 2, 2023

നളചരിതം രണ്ടാം ദിനം - കലിയുടെ കഥ

 

പുരാണ പ്രസിദ്ധനായ കഥാപാത്രമാണ് കലി. പാപത്തിൻ്റെ ദേവനെന്ന് അറിയപ്പെടുന്നു. ബ്രഹ്മാവിൻ്റെ മകനായ കശ്യപ പ്രജാപതിക്ക് മുനി എന്ന ഭാര്യയിൽ ജനിച്ച പതിനഞ്ചാമത്തെ പുത്രനാണ് കലി. ദേവ ഗന്ധർവ വിഭാഗത്തിലാണ് കലി ഉൾപ്പെടുന്നത്. മഹാഭാരതം ആദിപർവം അറുപത്തഞ്ചാം അദ്ധ്യായത്തിൽ കലിയുടെ ജനനം പ്രതിപാദിക്കുന്നു. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാലു യുഗങ്ങളിൽ ഇപ്പോൾ നടപ്പിലുള്ളത് ഏഴാം മന്വന്തരത്തിലെ കലിയുഗമാണ്. കലിയുടെ പ്രവർത്തനങ്ങൾക്കാണ് കലിയുഗത്തിൽ പ്രാമുഖ്യം. പാപകർമ്മങ്ങൾ വർദ്ധിക്കുമെന്നർത്ഥം. കലിവർഷം 3102ലാണത്രെ ക്രിസ്തുവർഷാരംഭം. അതായത്, ആകെയുള്ള 432000 വർഷങ്ങളിൽ അല്പം മാത്രമേ പിന്നിട്ടിട്ടുള്ളൂവെന്ന് പുരാണങ്ങൾ. ഭാഗവത പ്രകാരം ശ്രീകൃഷ്ണൻ സ്വർഗ്ഗാരോഹണം ചെയ്ത ദിവസമാണത്രെ കലിയുഗം ആരംഭിച്ചത്.


കലിയുഗത്തിൻ്റെ പ്രഭാവത്താൽ ലോകം മുഴുവൻ അധർമ്മവും അക്രമവും അന്യായവും നടമാടും. സദാചാരപരമായും ധാർമ്മികമായുമുള്ള സകല മൂല്യങ്ങളും നഷ്ടമാകും. വരൾച്ചയും പ്രകൃതിക്ഷോഭങ്ങളും അടിക്കടി ജീവിത പ്രയാസങ്ങളുണ്ടാക്കും. മഹാഭാരതം വനപർവത്തിൽ ഇത് വിവരിക്കുന്നുണ്ട്. കലിയുഗം തമസ്സിൻ്റേതാണ്. ആയുസ്സ്, വീര്യം, ബുദ്ധി, ബലം, തേജസ്സ് മുതലായവ മനുഷ്യരിൽ കുറഞ്ഞു വരും. പൊങ്ങച്ചവും സ്വാർത്ഥതയും വർദ്ധിക്കും. കാപട്യവും കൊലയും ചൂഷണവും ഏറും. അധർമ്മം വർദ്ധിക്കുമ്പോൾ ധർമ്മം നടക്കുകയല്ല, ഓടും എന്നാണ് മഹാഭാരതത്തിൽ പറയുന്നത്. 


കലിയെന്ന ദേവഗന്ധർവൻ്റെ അസഹിഷ്ണുതയെ സംബന്ധിക്കുന്ന നിരവധി കഥകൾ പുരാണങ്ങളിലുണ്ട്. കൃഷ്ണൻ്റെ കാലഘട്ടത്തിൽ കലി ദുര്യോധനനായി അവതാരമെടുത്തത്രെ. ദ്വാപരൻ ശകുനിയായും. കലിയുടെ ശക്തിപ്രഭാവങ്ങളെ നിസ്തേജമാക്കിയതിൽ ഏറ്റവും മുമ്പൻ നളനത്രെ. കൃഷ്ണൻ സ്വർഗ്ഗാരോഹണം നടത്തിയ ശേഷം പാണ്ഡവർ അർജുന പുത്രനായ അഭിമന്യുവിൻ്റെ മകനായ പരീക്ഷിത്തിനെ രാജ്യഭാരമേല്പിച്ച് മഹാപ്രസ്ഥാനത്തിന് യാത്ര തിരിച്ചു. പരീക്ഷിത്ത് ദ്വിഗ്വിജയാർത്ഥം സഞ്ചരിക്കെ, ശൂദ്രരാജാവിൻ്റെ വേഷം ധരിച്ച് ഗോക്കളെ ഉപദ്രവിച്ചുകൊണ്ടിരുന്ന കലിയെ എതിരിടാൻ ആയുധമെടുത്തപ്പോൾ കലി കീഴടങ്ങിയത്രെ. തൻ്റെ രാജ്യം വിടാൻ രാജാവ് ആവശ്യപ്പെട്ടു. എന്നാൽ ലോകം മുഴുവനും പരീക്ഷിത്തിൻ്റേതായതിനാൽ കലിക്ക് പോകാനിടമുണ്ടായില്ല. കലിയുടെ അപേക്ഷ പ്രകാരം ചൂത്, മദ്യം, സ്ത്രീ, വധം, സ്വർണ്ണം എന്നിങ്ങനെ 5 സ്ഥാനങ്ങൾ രാജാവ് അനുവദിച്ചത്രെ. അപ്രകാരം കലിയുടെ വിളയാട്ടം പരിമിതപ്പെട്ടു.


നളദമയന്തിമാരുടെ അനുരാഗത്തിന് തടസ്സമുണ്ടാക്കുമെന്ന ശപഥവുമായി നിഷധ രാജ്യത്തെത്തിയ കലിദ്വാപരന്മാർക്ക് ദീർഘകാലം - 12 വർഷം -കാത്തിരിക്കേണ്ടി വന്നു, നളനെ ആവേശിക്കാൻ. നളനെതിരായ കലിയുടെ വിളയാട്ടം മഹാഭാരതം വനപർവത്തിൽ വിവരിക്കുന്നുണ്ട്. അതിനെ ഏറ്റവും സമുചിത ഇതിവൃത്തമായി സ്വീകരിച്ച് കലിയെ മാരക പ്രഹരശഷിയുള്ള പ്രതിനായകനാക്കി അവതരിപ്പിച്ചത് ഉണ്ണായിവാര്യരാണ്. അദ്ദേഹത്തിൻ്റെ നളചരിതം ആട്ടക്കഥ കലിക്കെതിരായ മികച്ച ആഖ്യാനമത്രെ.


പാവനമനസ്വികളായ നളനെയും ദമയന്തിയെയും വേർപിരിക്കുമെന്നും രാജ്യം അവരിൽ നിന്നകറ്റുമെന്നുമുള്ള ശപഥം ചെയ്താണ് ഭൂമിയിലേക്ക് കലിദ്വാപരന്മാർ വരുന്നത്. യഥാർത്ഥത്തിൽ കലിയുടെ തന്നെ അലസത കാരണം വന്നു ഭവിച്ച അവമാനത്തിന് തടയിടാനാണ് ഈ ശപഥം കൈക്കൊള്ളുന്നത്. ഇന്ദൻ, അഗ്നി, യമൻ, വരുണൻ എന്നീ ദേവന്മാർ ദമയന്തീ സ്വയംവരത്തിൽ പങ്കെടുത്ത് വേണ്ട വരങ്ങളും നല്കി കൃതാർത്ഥരായി മടങ്ങെ, വഴിയിൽ വെച്ച് കലിദ്വാപരന്മാരെ കാണുന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് ദേവേന്ദ്രൻ ചോദിച്ചു. ഭൂമിയിൽ അതിസുന്ദരിയും കുലീനയുമായ ഒരുവളുണ്ട്, അവളുടെ സ്വയംവരത്തിന് പോവുകയാണെന്ന് മടിയില്ലാതെ കലി മറുപടി നല്കി. ദമയന്തി എന്നാണ് അവളുടെ നാമം. ഇതു കേട്ട ദേവേന്ദ്രന് എങ്ങനെയാണ് കലിയെ പരിഹസിക്കാതിരിക്കാനാവുക? അദ്ദേഹം കണക്കറ്റ് പരിഹസിച്ചു. ജലം മുഴുവൻ വാർന്നൊഴുകിപ്പോയ ശേഷം അണ കെട്ടിയിട്ട് എന്തു കാര്യം? - എന്നായി ഇന്ദ്രൻ.കലി അവമാനിതനായി. ആര് കാരണം? ദമയന്തി കാരണം.


ഇന്ദ്രൻ വ്യക്തമാക്കി: അവർ സ്വയംവരത്തിൽ പങ്കെടുത്താണ് വരുന്നത്. അവിടെ വെച്ച് നളനെന്ന മിടുക്കനെ അവൾ വരിച്ചു. അപ്പോൾ കലിക്ക് പിടിച്ചുനില്ക്കാൻ ഒരു തുരുമ്പ് കിട്ടി. ദേവന്മാരായ നിങ്ങൾ നോക്കി നില്ക്കെ ഒരു മനുഷ്യപ്പുഴുവിനെയാണോ അവൾ വരിച്ചത്? പിണക്കിയകറ്റും ഞാൻ രണ്ടിനെയും. കലിയുടെ ദുർവാശി നന്നായി അറിയുന്ന ഇന്ദ്രൻ കലിക്ക് താക്കീതും നല്കി. വേണ്ടാത്ത പണിക്ക് പോയി ആപത്തിൽ പെടേണ്ട. ദേവന്മാർ അതും പറഞ്ഞ് തങ്ങളുടെ വഴിക്കു പോയി.


കലിയുടെ ഉള്ളിൽ അമർഷം നീറി. തൻ്റെ ജാഗ്രതക്കുറവ് കാരണമാണ് ഇപ്രകാരം സംഭവിച്ചതെന്ന് സമ്മതിക്കാനുള്ള വിശാലത കലിയുടെ മനസ്സിനില്ല. എങ്ങനെയും നളദമയന്തിമാരെ ദ്രോഹിക്കണം, അവമാനിക്കണം. ഇതു മാത്രമായി ചിന്ത. കലിയുടെ കുടില ബുദ്ധി പല വഴിക്കും പ്രവർത്തിച്ചു. ചൂതിലൂടെ നളനെ പരാജയപ്പെടുത്താം. അതിനുവേണ്ടി നളൻ്റെ അനുജനും, നളനോട് അസൂയ വെച്ചു പുലർത്തുന്നവനുമായ പുഷ്കരനെ പ്രലോഭിപ്പിച്ചു. കലിയുടെ വഴിക്കു വന്ന പുഷ്കരൻ നളനെ വെല്ലുവിളിച്ചു: ചൂതുകളിക്കാൻ ധൈര്യമുണ്ടെങ്കിൽ വാ. ദമയന്തി താക്കീതു നല്കിയെങ്കിലും നളൻ കലി ആവേശിതനാകയാൽ വകവെച്ചില്ല. ചൂതിൽ നളൻ സമ്പൂർണ്ണമായി പരാജയപ്പെട്ടു. ഉടുമുണ്ടും ദമയന്തിയും മാത്രം നളന് ബാക്കി. എന്തോ, പുഷ്കരൻ അവ നളന് അനുവദിച്ചു. അപ്രകാരം കാട്ടിലേക്ക് പോയി നളദമയന്തിമാർ. ഒരു തുള്ളി വെള്ളം പോലും നളന് നല്കരുതെന്ന് പുഷ്കരൻ ആജ്ഞ പുറപ്പെടുവിച്ചതിനാൽ വിശപ്പും ദാഹവും കൊണ്ട് തളർന്ന നളൻ കാട്ടിൽ കൂട്ടമായിക്കണ്ട പക്ഷികളെ പിടിക്കാൻ ഉടുമുണ്ടൂരി വല വീശി. എന്നാൽ അക്ഷങ്ങൾ കലിയുടെ തന്ത്രത്താൽ പക്ഷികളുടെ രൂപത്തിൽ വന്നതായിരുന്നു. അവ നളൻ്റെ ഉടുമുണ്ടും കൊണ്ട് പൊങ്ങി. പിന്നെ, ദമയന്തിയുടെ ചേലയുടെ പകുതിയിലായി നളൻ്റെ നാണം മറക്കൽ. 


പരാജിതനെ കലി വെറുതെ വിടുന്നില്ല. അവമാനിച്ച് അവൻ്റെ സകല അണുക്കളിലും ജീവിതത്തോടുള്ള വെറുപ്പ് നിറയും മട്ടിലുള്ള ഉത്സാഹത്തകർച്ച അത് സൃഷ്ടിക്കുന്നു. കലി പുരാണ കഥാപാത്രമാണെങ്കിൽ, ഇതിന് സമരായ നിരവധി മനുഷ്യപ്രഭൃതികളെ നമ്മുടെ ചുറ്റിലും കാണാം. അസൂയയാലും കോപത്താലും നിസ്സാരമായ ആശയ വിനിമയക്കുഴപ്പത്താലും തെറ്റിദ്ധാരണയാലും അപരൻ്റെ ജീവിതം മലീമസമാക്കുന്നവർ. കലി നമ്മുടെ കൂടെ, നമ്മുടെയിടയിൽത്തന്നെയുണ്ട്.


എന്നാൽ, ദമയന്തിയെ സ്പർശിക്കാൻ പോലും കലിക്കാകുന്നില്ല. പക്ഷേ, നളൻ്റെ തകർച്ച ദമയന്തിയുടേത് കൂടിയാകുന്നു. നിരവധി വർഷം കാത്തിരുന്നതിനു ശേഷമാണ് നളനെ കലി ആവേശിച്ചത്. അപ്പോഴേക്കും ഇന്ദ്രസേന, ഇന്ദ്രസേനൻ എന്നീ കുട്ടികൾ ആ ദമ്പതികൾക്ക്‌ പിറന്നു വളർന്നു കഴിഞ്ഞിരുന്നു. 


കാട്ടിൽ കലിബാധയുടെ തീവ്രതയാലും, എന്നാൽ പ്രിയതമയെങ്കിലും രക്ഷപ്പെടട്ടെയെന്ന സുഖബുദ്ധിയാലും നളൻ ദമയന്തിയെ ഉപേക്ഷിക്കുന്നു. നളന് തന്നെ ഉപേക്ഷിക്കാനാവില്ലെന്ന് ദമയന്തിക്കറിയാം. അതിന് കാരണക്കാരനായവനെ അവൾ ശപിക്കുന്നു. അതോടെ നളൻ്റെ ദേഹത്തിലെ കലി ശാപ ബാധിതനായി വിറകൊള്ളാൻ തുടങ്ങി. കാർക്കോടക ദംശം ഏറ്റതോടെ കലിക്ക് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായി. കാർക്കോടകനെന്ന സർപ്പം ദംശിച്ചത് നളനെയാണെങ്കിലും കൊണ്ടത് കലിയുടെ മീതെയാണ്. 


തുടർന്ന് ഋതുപർണ്ണൻ അക്ഷഹൃദയ മന്ത്രം ബാഹുകനായ നളന് ഉപദേശിക്കുമ്പോഴേക്കും കലി ചോര ഛർദ്ദിച്ച് പുറത്തു ചാടി. നളൻ കൊല്ലാനൊരുങ്ങിയെങ്കിലും അവൻ്റെ അപേക്ഷ പ്രകാരം വെറുതെ വിട്ടു. തുടർന്ന് കലിയിറങ്ങിയ നളന് പ്രിയതമയെയും രാജ്യവും തിരികെ കിട്ടുന്നു.


സത്തുക്കളായവരെ എത്ര ദ്രോഹിച്ചാലും അവസാനം ദുഷ്ടർക്ക് പരാജയം തന്നെയായിരിക്കും ഫലം. എത്ര കഷ്ടതകൾ വന്നു ചേർന്നാലും ജീവിത മൂല്യങ്ങൾ കൈവെടിയാതെ ധീരതയോടെ മുന്നോട്ടു പോവുകയാണ് വേണ്ടത്. കലിബാധ ജീവിതത്തിലെ ഏറ്റവും വലിയ തിന്മയും പരാജയവുമാണെന്ന് നളൻ്റെ കഥ വ്യക്തമാക്കുന്നു. അസൂയ, പരസ്പര സ്പർദ്ധ, അക്രമ മനോഭാവം, കവർച്ചാ ശ്രമം, കൊലപാതകശ്രമം മുതലായ ഹിംസാത്മക വൃത്തികൾ കലിയുടെ രൂപമാണെന്നും ഇവ ഒഴിവാക്കുക വഴിയാണ് ധർമ്മരാജ്യ സ്ഥാപനത്തിനുള്ള പോംവഴിയെന്നും കലി കഥ നമ്മെ പഠിപ്പിക്കുന്നു. കലികഥ ഇവിടെ പര്യവസാനിക്കുന്നു.


ഗണേശൻ വി.


Credits : https://pluttog.blogspot.com/