ഹൃദയത്തിനുമേല്‍ നക്ഷത്രമുദിച്ച രാത്രി
എഴുത്തു
മേശയ്ക്കു മുന്നില്‍, തൂലികയ്ക്കും കടലാസിനും ഇടയില്‍ കാലങ്ങളും വഴികളും
തിരിച്ചറിയാതെ പകച്ചു നിന്നു പോയ ദസ്തയെവ്സ്കി എന്ന വിഖ്യാത എഴുത്തുകാരന്റെ
പീഡിതഹൃദയാനുഭവങ്ങളും ഉരുള്‍പൊട്ടലുകളും ഇടിമുഴക്കങ്ങളും മൗനങ്ങളും
പുനഃസൃഷ്ടിച്ച് ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ലാവണ്യാനുഭവം മലയാളിക്ക്
സമ്മാനിച്ച കൃതിയാണ് പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’.
മലയാള സാഹിത്യാസ്വാദകന് പെരുമ്പടവംശ്രീധരന്‍ സുവര്‍ണ്ണതാലത്തില്‍
സമ്മാനിക്കുകയായിരുന്നു ‘ഒരു സങ്കീര്‍ത്തനം പോലെ’.
ഇതിനോടകം ഒന്നര ലക്ഷത്തോളം പേര്‍ സ്വന്തമാക്കുകയും അതിന്റെ
പതിന്‍മടങ്ങാളുകള്‍ വായിക്കുകയും ചെയ്ത പുസ്തകത്തില്‍ ദൈവത്തിന്റെ
കയ്യൊപ്പ് പതിഞ്ഞിരിക്കുന്നു. 1992 ല്‍ പ്രസിദ്ധീകരിച്ച ‘ഒരു
സങ്കീര്‍ത്തനം പോലെ’ എന്ന നോവലിന് ഇരുപതു വയസ്സാകുമ്പോള്‍ ഒന്നര
ലക്ഷത്തിലധികം കോപ്പികളുമായി മലയാളത്തിന്റെ നെറുകയില്‍ തിളങ്ങി
നില്‍ക്കുകയാണത്.
1992 ല്‍ ദീപിക വാര്‍ഷികപ്പതിപ്പിലാണ് ഒരു സങ്കീര്‍ത്തനം പോലെ
പ്രസിദ്ധീകരിക്കുന്നത്. 1992 ജൂലായ് മാസത്തില്‍. അപ്പോള്‍ തന്നെ
വായനക്കാരെ ഏറെ ആകര്‍ഷിക്കാന്‍ അതിനു കഴിഞ്ഞു. ഏറെ വൈകാതെ പുസ്തകമാകുകയും
ചെയ്തു. പിന്നീടിങ്ങോട്ട് ‘ഒരു സങ്കീര്‍ത്തനം പോലെ’യുടെ
പടയോട്ടമായിരുന്നു. പുസ്തകത്തിന്റെ കോപ്പികള്‍ കരസ്ഥമാക്കാന്‍ വായനക്കാര്‍
പരക്കം പാഞ്ഞു. ആദ്യ പതിപ്പ് വളരെ വേഗത്തിലാണ് വിറ്റുപോയത്. പിന്നീട്
തുടര്‍ച്ചയായി പതിപ്പുകള്‍ ഇറങ്ങിക്കൊണ്ടിരുന്നു. ഇപ്പോള്‍
നാല്‍പത്തിയൊമ്പതാം പതിപ്പിലെത്തി നില്‍ക്കുന്നു. അന്‍പതാം പതിപ്പിന്റെ
ആഘോഷത്തിമിര്‍പ്പിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് എഴുത്തുകാരനും
പ്രസാധകനും.
മലയാള സാഹിത്യ രംഗത്ത് അദ്ഭുതമാകുകയാണ് പെരുമ്പടവും അദ്ദേഹത്തിന്റെ ‘ഒരു
സങ്കീര്‍ത്തനം പോലെ’ എന്ന നോവലും. മുമ്പ് ചങ്ങമ്പുഴയുടെ ‘രമണനും’
ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസവു’മാണ് ഒരു ലക്ഷം മറികടന്ന്
മലയാളത്തിന്റെ വിസ്മയമായ കൃതികള്‍. എന്നാല്‍ ‘രമണന്‍’ 65
വര്‍ഷങ്ങള്‍കൊണ്ടും ‘ഖസാക്കിന്റെ ഇതിഹാസം’ 36 വര്‍ഷങ്ങള്‍ കൊണ്ടുമാണ് ഒരു
ലക്ഷം കോപ്പികളിലേക്കെത്തിയത്. ‘ഒരു സങ്കീര്‍ത്തനം പോലെ’ കേവലം
പന്ത്രണ്ട് വര്‍ഷങ്ങള്‍കൊണ്ട് ഒരു ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു.
ഇപ്പോള്‍ ഇരുപതു വര്‍ഷങ്ങളാകുമ്പോള്‍ ഒന്നരലക്ഷം കോപ്പികളും.
പെട്ടന്ന് വെളിപാടുപോലെ എന്തോ എന്റെ മനസ്സില്‍ സംഭവിച്ചു. ഒരു
അന്തര്‍ദര്‍ശനം എന്നു പറഞ്ഞാല്‍ അതു പൂര്‍ണ്ണമാകുമോ.? ഇല്ല. ആ നിമിഷം എന്റെ
മനസ് ദിവ്യമായൊരു പ്രചോദനം കൊണ്ടുണര്‍ന്നു. അസ്പഷ്ടതകളും ആശങ്കകളും
ആകുലതകളുമൊക്കെ ആ നിമിഷം എന്നില്‍ നിന്ന് നീങ്ങിപ്പോയി….ഞാന്‍
വിശ്വസിക്കുന്നത് ഇങ്ങനെയാണ്. ഞാന്‍ ജനിച്ചത് അന്നാണ്. എന്റെ
ഇരുപത്തിനാലാമത്തെ വയസ്സില്‍. നേവാ നദിക്കരയില്‍ മഞ്ഞു പൊഴിഞ്ഞൊരു
രാത്രിയില്‍ ആ ദര്‍ശന ദീപ്തിയിലാണ് ‘പാവപ്പെട്ടവന്‍’ എന്ന തന്റെ നോവല്‍
ജന്മമെടുത്തതെന്ന് ദസ്തയേവ്സികി അന്നയോടു പറയുന്നു.
(ഒരു സങ്കീര്‍ത്തനം പോലെ)