Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......
Showing posts with label പ്രിയദര്‍ശനം. Show all posts
Showing posts with label പ്രിയദര്‍ശനം. Show all posts

Thursday, July 4, 2019

കുമാരനാശാൻറെ നളിനി : പ്രിയദർശനം

മലയാള സാഹിത്യത്തിലെ വെള്ളിനക്ഷത്രമായ കുമാരനാശാന്റെ ഖണ്ഡ കാവ്യങ്ങൾ പ്രകാശിതമായതോടുകൂടിയാണ് കൈരളി ഒരു പുതിയ യുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ചത്.  ആശാൻ കൃതികളിൽ പ്രധാനസ്ഥാനമലങ്കരിക്കുന്ന പ്രണയകാവ്യമാണ് നളിനി.

സ്നേഹഗായകനെന്നു പുകൾ പെറ്റ കവിയാണ് കുമാരനാശാൻ. മനുഷ്യ സ്നേഹത്തിന്റെ വിശുദ്ധി അദ്ദേഹത്തിൻറെ കൃതികളിൽ തുളുമ്പിനിൽക്കുന്നതായി കാണാം.  ഒരു കാലത്തു നരകയാതനകൾ അനുഭവിക്കേണ്ടിവന്ന ബഹുലക്ഷം മനുഷ്യർക്കായി ആയുസ്സുഴിഞ്ഞുവച്ച നാരായണ ഗുരുവായിരുന്നു ആശാന്റെ സ്നേഹസന്ദേശത്തിന്റെ ഉറവിടം.

ആണും പെണ്ണും തമ്മിലുള്ള മാംസനിബദ്ധമായ അനുരാഗമല്ല ആശാന്റെ സ്നേഹം. അത് ലോകത്തെ സൃഷ്ടിക്കുകയും വളർത്തുകയും ചെയ്യുന്ന സാക്ഷാൽ ഈശ്വരകടാക്ഷമാണ്.  അതിരുകളില്ലാത്ത ആ സ്നേഹം ലോകനന്മക്കായുള്ളതാണ്. ചണ്ഡാലഭിക്ഷുകിയിലെ മാതംഗി, ദുരവസ്ഥയിലെ സാവിത്രി, കരുണയിലെ വാസവദത്ത ഇവരെല്ലാം ആശാന്റെ മനസ്സിലെ സ്നേഹഭാവങ്ങളിൽ നിന്ന് ജനിച്ച കാവ്യകന്യകകളാണ്. എന്നാൽ മഹാകവി കുമാരനാശാനെ സ്നേഹഗായകനാക്കി മാറ്റിയ "സ്നേഹമാണഖിലസാരമൂഴിയിൽ" എന്ന കാവ്യമന്ത്രം ലോകത്തിനു നൽകിയത് നളിനി എന്ന ചെറുകാവ്യമാണ്. ഹൃദയത്തിൽ ദൈവസ്നേഹം നിറഞ്ഞവരാണ് നളിനിയും ഈ കാവ്യത്തിലെ നായകൻ ദിവാകരനും.

ഹിമാലയത്തിന്റെ മടിത്തട്ടിൽ മനോഹരമായ ഒരു ഭൂവിഭാഗം,അവിടെയതാ സൂര്യതേജസ്സുള്ള ഒരു യുവതാപസൻ പ്രകൃതിദൃശ്യങ്ങളിൽ സ്വയം മറന്നു നിൽക്കുന്നു. താടിയും മുടിയും നഖവും നീണ്ടുവളർന്ന ആ യുവാവ് അകലെ താഴ് വരയിലെ താമരപ്പൊയ്കയിലേക്കു നോക്കിനിൽക്കുകയാണ്. ഈ മനോഹര പ്രകൃതി യുവസന്യാസിയുടെ മനസ്സിനെ മയക്കാൻ പോന്നതായിരുന്നു.

മഞ്ഞണിഞ്ഞ പുലർകാലംപോലെ വിശുദ്ധയായ ഒരു യുവതാപസി ആ താഴ് വരയുടെ മറ്റൊരുവശം നിന്നിരുന്നു. ആ മഹതിയും നോക്കിനിൽക്കുന്നത്  ആ താമരപ്പൊയ്കയിലേക്കു തന്നെ. സ്നേഹിച്ച പുരുഷനെ വിവാഹം കഴിക്കാനാകാതെ വീടുംനാടും ഉപേക്ഷിച്ചുവന്ന നളിനിയാണ് ആ താപസി. അവളിന്നു വ്രതാനുഷ്ഠാനങ്ങളുടെ ലോകത്താണ്. എങ്കിലും പ്രകൃതിയുടെ വിലാസനൃത്തം നിറഞ്ഞ ആ താമരപ്പൊയ്ക കണ്ടു അവൾ സ്വയംമറന്നു പാടി -
'ധന്യയായ പൊയ്കയിലെ താമരപ്പൂവേ, 
ചപല മാരുതൻ നിന്നെ ഉലയ്ക്കുന്നുണ്ടെങ്കിലും
നീ തിരിയുന്നിടത്തൊക്കെയും സ്വാമിയായ
സൂര്യന്റെ രശ്മികൾ നിന്നെ തൊടുന്നുണ്ടല്ലോ'

നളിനിയുടെ മനോഹരഗാനം ആ യുവതാപസൻ കേട്ടു.  അദ്ദേഹം അത്ഭുതപ്പെട്ടു. ഈ ഏകാന്തഭൂമിയിൽ ഏതുപെൺകൊടിയാണ് ഈ സമയത്തു മധുരഗാനം പാടുന്നത്..! അദ്ദേഹം ആ താമരപ്പൊയ്കയുടെ അടുത്തേക്കുചെന്നു.

നറുനിലാവിന്റെ രാത്രിയിൽ വൃക്ഷച്ചുവട്ടിലേക്കു പാളിവീഴുന്ന നിലാക്കീറുപോലെ മനോഹരിയായ ഒരു യുവതി..! അവളാകട്ടെ ആ യുവതാപസനെ കണ്ട് ഞെട്ടിപ്പോയി..! കാരണം അത് നളിനിയുടെ സ്നേഹത്തിനു പാത്രമായിരുന്ന കളിത്തോഴൻ ദിവാകരനായിരുന്നു..! സാവധാനം അവളുടെ ഹൃദയത്തിൽ ആഹ്ലാദം തിരതല്ലി..!

തന്റെ സ്നേഹഭാജനമായ ദിവാകരനാണ് യോഗിയായി മുന്നിൽനിൽക്കുന്നതെന്നറിഞ്ഞ നളിനി ആ സന്യാസിയുടെ മുമ്പിൽ കുമ്പിട്ടു.  അവളെ തിരിച്ചറിയാനായില്ലെങ്കിലും അദ്ദേഹം ആ ധന്യയുവതിയെ അനുഗ്രഹിച്ചു.  അനുകമ്പാപൂർവ്വം അവളുടെ വിവരങ്ങൾ ആരാഞ്ഞു.

പ്രിയതോഴനായിരുന്ന നളിനിയാണ് ഞാൻ എന്ന് പറഞ്ഞു അവൾ സ്വന്തം കഥ ദിവാകരനെ അറിയിച്ചു. എന്നും ദിവാകരനുവേണ്ടി കാത്തിരുന്നവളാണ് നളിനി. എന്നാൽ തന്റെ കളിക്കൂട്ടുകാരൻ നാടും വീടും ഉപേക്ഷിച്ചു സന്യാസത്തിനായിപ്പോയപ്പോൾ അവൾ തളർന്നുപോയി. സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം നടത്താൻ അച്ഛൻ തീരുമാനിച്ചതോടെ ജീവിതംതന്നെ അവസാനിപ്പിക്കാൻ നളിനി ഉറച്ചു..!

പക്ഷെ മരണവും വഴിമാറിക്കളഞ്ഞു. ആത്മഹത്യചെയ്യാൻ ഒരു കയത്തിൽച്ചാടിയ നളിനിയെ ഒരു സന്യാസിനി രക്ഷിക്കുകയും തന്നോടൊപ്പം വ്രതധ്യാനങ്ങൾ പരിശീലിപ്പിക്കുകയും ചെയ്തു. തപോവിദ്യയിൽ മുഴുകിയ നളിനി തന്റെ പ്രിയനെ താമസിയാതെ കണ്ടെത്തുമെന്ന് ആ യോഗീമാതാവ് പ്രവചിച്ചനുഗ്രഹിച്ചു.  അതിപ്പോൾ സഫലമായിരിക്കുന്നു.

തന്റെ പ്രിയതമനെ കണ്ടതോടെ അദ്ദേഹത്തോടൊപ്പം ശിഷ്ടകാലം ജീവിക്കാൻ നളിനി വെമ്പുകയായി. എന്നാൽ കേവലമായ വ്യക്തിസ്നേഹത്തിലല്ല, മഹത്തായ മാനവസ്നേഹത്തിലാണ് ദിവാകരയോഗിയുടെ കണ്ണ്. ക്ഷണികവും നശ്വരവുമായ സ്നേഹം അർത്ഥശൂന്യമാണ്.  എനിക്ക് നിന്നിൽ കരുണയുണ്ട്. അതിനാൽ ശാശ്വത സത്യത്തിനാധാരമായ സ്നേഹതത്വം ഞാൻ നിനക്ക് പറഞ്ഞുതരാം'. ദിവാകരയോഗി നളിനിയോടു പറഞ്ഞു.

തന്റെ ബാല്യകാലസുഹൃത്തും പ്രിയതമനുമായിരുന്ന ദിവാകരൻ ഇന്ന് മഹായോഗിയായിരിക്കുന്നു..! അദ്ദേഹത്തിൻറെ വാക്കുകൾ നളിനിയുടെ ഹൃദയത്തെ നിർമ്മലമാക്കി..! അവൾ രോമാഞ്ചമണിഞ്ഞു. ദുഃഖങ്ങളകന്ന് മോഹാലസ്യപ്പെട്ട് നളിനി ദിവാകരന്റെ ശരീരത്തിലേക്ക് ചാഞ്ഞു. "ഓം" എന്ന വേദമന്ത്രം ഉരുവിട്ട് ദിവാകരന്റെ കൈകളിൽ കിടന്ന് നളിനി അന്ത്യനിദ്രയായി..! വിശുദ്ധസ്നേഹത്തിന്റെ ആ വിമല മുഹൂർത്തം യോഗിയായിരുന്നിട്ടും ദിവാകരനെ ഉലച്ചുകളഞ്ഞു..! അദ്ദേഹത്തിൻറെ കണ്ണിൽനിന്നും ഏതാനും കണ്ണുനീർത്തുള്ളികൾ അവളുടെ നിർമ്മലവദനങ്ങളിലേക്കിറ്റുവീണു. ആ കണ്ണീർ ഉദകമാക്കി, ആ യുവയോഗി നളിനിക്ക് അന്ത്യകർമ്മം ചെയ്ത് യാത്രയായി..!

credits: അനസ് സംസ്കൃതി

Friday, February 9, 2018

ആശാന്‍ കവിതകള്‍

ആശാന്‍ എന്ന മാനി പാഠഭാഗത്തില്‍ കുമാരനാശാന്റെ പല കവിതകളും പരാമര്‍ശിക്കപ്പെ‌ടുന്നുണ്ട്.അവയുടെ പി ഡി എഫ് രൂപങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.

Printfriendly PDFs
 

ഗ്രാമവൃക്ഷത്തിലെ കുയില്‍
വീണപൂവ്
പ്രരോദനം
ചണ്ഡാലഭിക്ഷുകി
ഒരു ഉദ്ബോധനം

PDFs

നളിനി
ലീല
കരുണ
ചിന്താവിഷ്‌ടയായ സീത 

Tuesday, January 23, 2018

'നളിനി 'യെക്കുറിച്ച്


മലയാള കവിതയില്‍ സ്ത്രീ പുരുഷ ബന്ധത്തിന്റെ പുതിയ തലങ്ങള്‍ സൃഷ്ടിച്ച മഹത്തായ ഖണ്ഡകാവ്യമാണ് കുമാരനാശാന്റെ നളിനി. കുമാരനാശാന്റെ റൊമാന്റിക് കഥാകാവ്യമാണിത്. 'ഒരു സ്‌നേഹം' എന്നുകൂടി പേരുണ്ട് ഈ കൃതിക്ക്. ഇതിവൃത്ത സ്വീകരണത്തിലും പ്രതിപാദനരീതിയിലും അവതരണത്തിലും മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.
ബ്രഹ്മ സായൂജ്യം
കാളിദാസന്റെ ഹിമാലയ വര്‍ണനയെ അനുസ്മരിപ്പിക്കുന്ന ഹിമവല്‍ദൃശ്യത്തോടെയാണ് 'നളിനി' ആരംഭിക്കുന്നത്. ഹിമാലയത്തിന്റെ ഉയര്‍ന്ന ശൃംഗത്തില്‍ ഒരു വിഭാതവേളയില്‍ നളിനി ദിവാകരന്മാര്‍ കണ്ടുമുട്ടുന്നു. തന്നെ സ്വയം പരിചയപ്പെടുത്തിയ നളിനി പഴയ കാര്യങ്ങള്‍ ഓര്‍മയില്‍നിന്നെടുത്ത് പറയുന്നു. പഴയ സതീര്‍ഥ്യനെയല്ല. മറിച്ച് സന്ന്യാസിയുടെ ഉത്കൃഷ്ടവും പാവനവുമായ സംസ്‌കാരത്തിനു ചേരുന്ന വാക്കുകളാണ് ദിവാകരനില്‍നിന്ന് വരുന്നത്. ദിവാകരനെ നേരിട്ടുകാണാന്‍ കഴിഞ്ഞതുകൊണ്ട് തന്റെ ജീവിതം ധന്യമായി എന്നുപറഞ്ഞ് നളിനി വികാര വൈവശ്യത്താല്‍ ഗദ്ഗദകണ്ഠയായി. നളിനിയുടെ ഈ പെരുമാറ്റം ദിവാകരനില്‍ യാതൊരു ഇളക്കവുമുണ്ടാക്കിയില്ല. തന്റെ ദുഃഖങ്ങള്‍ കേള്‍ക്കാന്‍ മറ്റാരുമില്ലെന്നും തനിക്കു പറയാനുള്ളവ കേള്‍ക്കണമെന്നും അപേക്ഷിച്ചുകൊണ്ട് ദിവാകരനോടൊത്ത് ചെലവഴിച്ച കുട്ടിക്കാലാനുഭവങ്ങള്‍ പങ്കുവെക്കുന്നു. വികാരപാരവശ്യത്താല്‍ നിയന്ത്രണം നഷ്ടപ്പെട്ട നളിനി ദിവാകരന്റെ കാല്‍ക്കല്‍ വീണു. ബ്രഹ്മസായൂജ്യം ലഭിക്കുന്നതിന് ദിവാകരന്‍ മഹാവാക്യം ഉപദേശിക്കെ, ആ മാറിലേക്ക് വീണ് നളിനി മരണമടഞ്ഞു. നളിനിയുടെ സ്‌നേഹത്തിന്റെ തീവ്രത ദിവാകരനെ ആര്‍ദ്രഹൃദയനാക്കി. നളിനിയെ അന്വേഷിച്ച് യോഗിനി അവിടെ എത്തുകയും ഇരുവരും ചേര്‍ന്ന് മൃതദേഹം യഥാവിധി സംസ്‌കരിക്കുകയും ചെയ്തു.
നളിനിയും ദിവാകരനും
നളിനിയുടെ തുടക്കംതന്നെ പാശ്ചാത്യകവികളില്‍ ചിലരുടെ രീതിയിലാണ്. കഥാകഥനത്തിലും ഈ പ്രത്യേകത ദൃശ്യമാണ്. നളിനിയും ദിവാകരനും ബാല്യകാലത്തെ കൂട്ടുകാരും സഹപാഠികളുമായിരുന്നു. നളിനി ദിവാകരനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ആ ഇഷ്ടം പ്രണയമായി മാറി. ദിവാകരനാകട്ടെ ഭൗതികജീവിതം വിട്ട് സന്ന്യാസിയായി മാറി. ദിവാകരന്റെ വേര്‍പാട് നളിനിയെ ദുഃഖത്തിലാഴ്ത്തി. വീട്ടുകാര്‍ അവള്‍ക്ക് വിവാഹം നിശ്ചയിച്ചു. ഇതറിഞ്ഞ നളിനി വീടുവിട്ടിറങ്ങി. ദുഃഖാകുലയായ അവള്‍ ഒരു പൊയ്കയില്‍ ചാടി ആത്മഹത്യക്കൊരുങ്ങി. അവിടെയെത്തിയ ഒരു സന്ന്യാസിനി അവളെ രക്ഷപ്പെടുത്തി ആശ്രമത്തിലേക്ക് കൊണ്ടുപോയി.
ഇന്നുഭാഷയപൂര്‍ണം
നളിനിയും ദിവാകരനും തമ്മിലുള്ള ബാല്യകാല സൗഹൃദരംഗങ്ങള്‍ ആശാന്‍ തന്മയത്വത്തോടെയാണ് വര്‍ണിച്ചിരിക്കുന്നത്.
ലോലനാര്യനുരുവിട്ടു കേട്ടൊരാ
ബാലപാഠമഖിലം മനോഹരം
കാലമായധിക മിന്നൊരക്ഷരം
പോലുമായതില്‍ മറപ്പതില്ലഞാന്‍ പ്രസരിപ്പ് നിറഞ്ഞവനായിരുന്ന അങ്ങ് ഉരുവിട്ടുകേട്ട ആ ബാലപാഠങ്ങള്‍ വളരെ മനോഹരമായിരുന്നു. അന്നുപഠിച്ച ആ പാഠങ്ങളില്‍ ഒരക്ഷരംപോലും ഞാന്‍ മറന്നിട്ടില്ല. കാലം വളരെയധികമായെങ്കിലും.
ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
വച്ചു മല്ലികയറുത്തിരുന്നതും
മെച്ചമാര്‍ന്ന ചെറുമാല കെട്ടിയെന്‍
കൊച്ചുവാര്‍മുടിയിലങ്ങണിഞ്ഞതും മനോഹരമായ ഒരു ബാല്യകാല സ്മരണയാണ് ഇത്.
ഭൂരി പൂക്കള്‍ വിടരുന്ന പൊയ്കയും
തീരവും വഴികളും തരുക്കളും
ചാരു പുല്‍ത്തറയുമോര്‍ത്തിടുന്നതിന്‍-
ചാരെ നാമെഴുമെഴുത്തുപള്ളിയും ധാരാളം പൂക്കള്‍ വിടരുന്ന താമരപ്പൊയ്കയും അതിന്റെ തീരവും വഴികളും വഴിയോരത്ത് നില്‍ക്കുന്ന വൃക്ഷങ്ങളും മനോഹരമായ പുല്‍ത്തറയും എഴുത്തുപള്ളിയുമെല്ലാം ഗ്രാമഭംഗിയുടെ ഭാഗങ്ങളാണ്.
എണ്ണിടുന്നൊടുവില്‍ വന്നു പീഡയാം
വണ്ണമെന്‍ മിഴികള്‍ പൊത്തിയെന്നതും
തിണ്ണമങ്ങതില്‍ വലഞ്ഞുകേഴുമെന്‍
കണ്ണുനീരു കനിവില്‍ തുടച്ചതും
ആശാന്റെ ജീവിത നിരീക്ഷണപാടവത്തിനുള്ള ഒന്നാംതരം തെളിവുകളാണ് ഈ വരികള്‍. ആശാന്‍ പാശ്ചാത്യകവികളായ കീറ്റ്സ്, ഷെല്ലി തുടങ്ങിയവരുടെ കവിതകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് മാംസനിബദ്ധമല്ലാത്ത രാഗത്തെക്കുറിച്ച്  മനസ്സിലാക്കിയതിലൂടെയാണ് 'നളിനി'യിലേക്കെത്തുന്നത്. ആധ്യാത്മിക സംസ്‌കാരത്തില്‍നിന്നും ജന്മമെടുത്ത ഒരു വീക്ഷണമാണ് ആശാന്റേത്. സ്‌നേഹം ഇന്ദ്രിയപരമാകരുത് എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. അങ്ങനെ ജന്മമെടുക്കുന്ന സ്‌നേഹത്തെപ്പോലും ആധ്യാത്മിക വിശുദ്ധിയിലേക്ക് നയിക്കുന്ന സ്‌നേഹമായി ആശാന്‍ മാറ്റി. നളിനിയുടെ പ്രണയചാപല്യത്തെ അന്നും  ഇന്നും ഒരുപോലെയാണ് താന്‍ നോക്കിക്കാണുന്നതെന്നാണ് ദിവാകരയോഗി അറിയിച്ചത്.
അന്യ ജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍
വിവേകികള്‍ സ്വന്തം ജീവിതം അന്യരുടെ നന്മയ്ക്കുവേണ്ടി ഉഴിഞ്ഞിട്ട് അതിനെ ധന്യമാക്കാറുണ്ട് എന്ന വസ്തുത, ദിവാകരയോഗി നളിനിയെ അറിയിക്കുന്നു. 'പരോപകാരാര്‍ത്ഥ മിദം ശരീരം' എന്ന ആശയമാണ് ദിവാകരന്‍ വെളിപ്പെടുത്തുന്നത്.
തന്നതില്ല പരനുള്ളു കാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയതപൂര്‍ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍
സ്വന്തം ഹൃദയം അന്യന് മനസ്സിലാക്കിക്കൊടുക്കാന്‍ ഈശ്വരന്‍ ഒരുപായവും മനുഷ്യന് കൊടുത്തില്ല. ഭാഷ ഇന്ന് വളരെ അപൂര്‍ണമാണ്. അര്‍ത്ഥം ശരിയാണോ എന്ന ശങ്കകൊണ്ട് പിഴയും വന്നുപോയി എന്ന് വരാം. തന്റെ ഉള്ള് ദിവാകരന്റെ മുന്നില്‍ പൂര്‍ണമായി അവതരിപ്പിക്കാന്‍ തനിക്ക് സാധിച്ചില്ലല്ലോ എന്ന് നളിനി ദുഃഖിക്കുന്നു. എന്തുപകാരമാണ് തന്നില്‍നിന്ന് വേണ്ടത് എന്ന ദിവാകരന്റെ ചോദ്യം നളിനിയെ ദുഃഖിപ്പിച്ചിരിക്കാം. ഭാഷയിലൂടെയാണല്ലോ മനസ്സിലെ കാര്യങ്ങള്‍ അവതരിപ്പിക്കുക. പക്ഷേ, ഭാഷ അപൂര്‍ണമായതുകൊണ്ട് അതിനും വയ്യാതെ വന്നിരിക്കുന്നു. ഭാഷയുടെ ഈ ന്യൂനത എല്ലാവര്‍ക്കും ബാധകമാണ്.
സ്നേഹമാണഖിലസാരമൂഴിയില്‍
സ്നേഹസാരമിഹ സത്യമേകമാം
മോഹനം ഭുവന സംഗമിങ്ങതില്‍
സ്നേഹമൂലമമലേ വെടിഞ്ഞു ഞാന്‍
' പ്രപഞ്ചത്തിന്റെ സത്തതന്നെ സ്നേഹമാണ്. സ്നേഹത്തിന്റെ സാരമെന്നത് സത്യം തന്നെയാണ്. (ഈശ്വരന്‍ തന്നെയാണ് സത്യം) ഈ സ്നേഹമെന്ന വസ്തുവോടുള്ള താത്പര്യം മൂലം ഞാന്‍ മോഹിപ്പിക്കുന്ന ലോകബന്ധംതന്നെ ഉപേക്ഷിച്ചു' ദിവാകരയോഗിയുടെ ഈ വാക്കുകള്‍ സ്നേഹത്തെക്കുറിച്ചുള്ള ആശാന്റെ വീക്ഷണം വ്യക്തമാക്കുന്നു. ഈശ്വരന്‍ തന്നെയാണ് സ്നേഹം. അല്ലെങ്കില്‍ ഈശ്വരന്‍ തന്നെ സത്യം. ജീവിതം നശ്വരമാണ്. ഈ നശ്വര ജീവിതത്തില്‍ മനുഷ്യന്‍ ഭ്രമിക്കരുത്. സ്നേഹം സത്യസ്വരൂപനായ ഈശ്വരനെ പ്രാപിക്കാനുള്ള മാര്‍ഗം മാത്രമാണ്. ശവങ്ങളില്‍ പൂവെന്ന പോലെ സ്നേഹം മനുഷ്യരില്‍ ചൊരിയേണ്ടതില്ല എന്നിങ്ങനെയുള്ള വേദാന്തപരമായ ആശയങ്ങള്‍ ദിവാകരയോഗിയെക്കൊണ്ട് ആശാന്‍ പറയിക്കുന്നു. ജീവിതത്തിന്റെ ക്ഷണികതയെയും നശ്വരതയെയും ലൗകിക ബന്ധങ്ങളുടെ അര്‍ഥമില്ലായ്മയെയും കുറിച്ച് തികച്ചും ബോധവാനായിരുന്നു ആശാന്‍.

എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...