Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Tuesday, January 15, 2019

ചിത്രകലയും കാവ്യകലയും

മഗ്ദലനമറിയം ക്രിസ്തുനാഥനെ സമീപിക്കുന്ന ഘട്ടം

58-
സ്വാധി ഗൃഹത്തിനകത്തു കടന്നു, താ-
നോർത്ത സങ്കേതത്തിലെത്തിച്ചേർന്നു.
ശീമോനു ഭാവം പകർന്നു മുഖത്തു തെ-
ല്ലി, മഹത്താകിയ തൻഗൃഹത്തിൽ
കില്ലെന്ന്യേ കേറിക്കടക്കയോ, കാണുകിൽ
ക്കല്ലെറിയേണ്ടുന്ന തേവിടിശ്ശി !
എന്നാൽ മറുത്തൊന്നും ചൊല്ലീലവന്റെ നാ-
വെ,ന്തോ മഹാശക്തി ബന്ധിക്കയാൽ......

ചെന്ന വഴിക്കവൾ സാഷ്ടാംഗം  വീണിതു
വന്ദ്യനാം നാഥന്റെ തൃപ്പാദത്തിൽ.

62-

പങ്കമകന്ന കണ്ണീരാൽക്കഴുകിയ
തങ്കത്തൃക്കാല്കളെത്താഴ് മയോടെ
നേർത്ത പട്ടിന്നു നേർകൊണ്ട വാർകൂന്തലാൽ
തോർത്തിത്തുടച്ച,വ രണ്ടിന്മേലും
ചെമ്പവിഴങ്ങൾ പതിക്കയായ് കാമിനി,
തൻ പരിപേലവ വായ്മലരാൽ.

74-

സാത്വികഭക്തിയാം തേൻ പേറുമീവക
പ്രാർത്ഥനാ വാക്കുകളായ പൂക്കൾ
ദന്തകുന്ദാഭയാം വെൺപട്ടുനൂലിന്മേൽ
ചന്തത്തിൽ കോർത്തൊരു മാലയാക്കി,
വിണ്ണിൻപെരുമാൾ തൻ മുന്നിൽ സമർപ്പിച്ചു
ദണ്ഡനമസ്കാരം ചെയ്തു വീണ്ടും
ആ മണിത്തൃക്കഴൽ ചുംബിച്ചിതോമലാൾ,
താമരത്താരൊരു ഹംസി പോലെ.

Wednesday, January 2, 2019

മഹാഭാരത യുദ്ധത്തിലെ സൈനിക വ്യൂഹങ്ങൾ

ക്രൗഞ്ചവ്യൂഹം (കൊക്കിന്റെ ആകൃതി)
മകരവ്യൂഹം (മുതലയുടെ ആകൃതി)
കൂർമ്മവ്യൂഹം (ആമയുടെ ആകൃതി)
ത്രിശൂലവ്യൂഹം (മൂന്നുമുനയുള്ള ശൂലത്തിന്റെ ആകൃതി)
ചക്രവ്യൂഹം (കറങ്ങുന്ന ചക്രത്തിന്റെ ആകൃതി)
കമലവ്യൂഹം (പൂർണ്ണമായി വിരിഞ്ഞ താമരപ്പൂവിന്റെ ആകൃതി)
ഗരുഡവ്യൂഹം (ചിറകുവിരിച്ച പരുന്തിന്റെ ആകൃതി)
അർണ്ണവ്യൂഹം (സമുദ്രാകൃതി)
മണ്ഡലവ്യൂഹം (ആകാശഗംഗയുടെ ആകൃതി)
വജ്രവ്യൂഹം (മിന്നലിന്റെ ആകൃതി)
ശക്തവ്യൂഹം (സമചതുരാകൃതി)
അസുരവ്യൂഹം (രാക്ഷസാകൃതി)
ദേവവ്യൂഹം (അമാനുഷാകൃതി)
സൂചിവ്യൂഹം (സൂചിയുടെ ആകൃതി)
ശൃംഗാരകവ്യൂഹം (വളഞ്ഞ കൊമ്പിന്റെ ആകൃതി)
അർദ്ധചന്ദ്രവ്യൂഹം (ചന്ദ്രക്കലയുടെ ആകൃതി)
മാലവ്യൂഹം (പുഷ്പചക്രാകൃതി)
മത്സ്യവ്യൂഹം (മത്സ്യാകൃതി)
പത്മവ്യൂഹം( താമരയുടെ ആകൃതി)

ജീവിതം തിന്നുന്നവര്‍- സുഭാഷ് ചന്ദ്രന്‍

  'ജീവിച്ചിരിക്കുന്നു എന്ന ഒരൊറ്റ കാരണത്താല്‍ ആളുകളുടെ ആദരം കിട്ടാത്ത നിര്‍ഭാഗ്യവാനാണ് ഞാന്‍!'
   മഹാനായ ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഖ് തന്റെ അനുജന്‍ തിയോയ്ക്ക് അയച്ച കത്തുകളിലൊന്നില്‍ ഇങ്ങനെയൊരു വാചകമുണ്ട്. അതു വായിച്ച നിമിഷം എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഞാനന്ന് കോഴിക്കോട്ട് താമസം തുടങ്ങിയിട്ടേയുള്ളൂ. ഇരുപത്തിയാറു വയസ്സ്. ഭാര്യയും ഒരു പെണ്‍കുഞ്ഞും ഭാര്യയുടെ അമ്മയും ഒപ്പം. ജേണലിസ്റ്റ് ട്രെയിനിക്കുകിട്ടുന്ന സ്റ്റൈപ്പന്റിന്റെ മുക്കാല്‍പ്പങ്ക് വീട്ടുവാടക കൊടുത്തുകഴിഞ്ഞാല്‍ പിന്നെ എല്ലാം തികഞ്ഞ ഒരാളുടെ അഹങ്കാരം ഒരു പടച്ചട്ട പോലെ എടുത്തണിഞ്ഞുനടന്നേ പറ്റൂ. കാരണം പോക്കറ്റില്‍ കാശില്ലാത്ത കാര്യം ആരോടും പറയാന്‍ വയ്യ! മുമ്പെപ്പോഴോ ആത്മാവില്‍ വേരിറക്കിയ ആത്മഹത്യാവാസനയെ ഭാര്യ സ്‌നേഹം തളിച്ച് എക്കാലത്തേക്കുമായി ഇല്ലാതാക്കിയിരുന്നു. പക്ഷേ ജീവിക്കാന്‍ സ്‌നേഹം മാത്രം പോരാ!
    എന്തെങ്കിലും എഴുതാന്‍ കഴിഞ്ഞെങ്കില്‍! രാവിലേ ഒമ്പതുമുതല്‍ രാത്രി വൈകുവോളം ഓഫീസില്‍ കുട്ടിക്കഥകള്‍ ഉണ്ടാക്കുന്ന പണിയുണ്ട്. മുതിര്‍ന്നവന്റെ കഥകള്‍ എഴുതാന്‍ പോയിട്ട് അതിനെക്കുറിച്ച് ആലോചിക്കാന്‍ പോലും സമയമില്ല. വിരലുകള്‍ മുറിച്ചുകളഞ്ഞിട്ട് ഒരു തബലിസ്റ്റ് തന്റെ തബലയുടെ മുന്നില്‍ ഇരിക്കുന്ന ദുഃസ്വപ്‌നം അന്നൊക്കെ കൂടെക്കൂടെ കാണും.
   അങ്ങനെയിരിക്കേയാണ് ഓഫീസില്‍ വരുത്തുന്ന നാഷണല്‍ ജ്യോഗ്രഫിക് മാഗസീനില്‍ വാന്‍ഗോഖിനെക്കുറിച്ച് നല്ലൊരു ലേഖനം വായിക്കുന്നത്. അപൂര്‍വമായേ അവര്‍ കലയേയും കലാകാരനേയും കുറിച്ചുള്ള ലേഖനങ്ങള്‍ ചേര്‍ക്കാറുള്ളൂ. അതുകൊണ്ടുതന്നെ ആവേശത്തോടെ വായിച്ചു. രണ്ടു പുറങ്ങളിലായി, മാസികയുടെ നന്ത്യാര്‍വട്ടം പോലെ വെളുത്ത പുറങ്ങളിലായി കൊടുത്തിരുന്ന പൊട്ടറ്റോ ഈറ്റേഴ്‌സ് എന്ന വാന്‍ഗോഖിന്റെ വിശ്രുതമായ പെയിന്റിങ് നോക്കിയിരുന്നപ്പോള്‍ ഉള്ളില്‍ ഒരു കനം വന്നുനിറയാന്‍ തുടങ്ങി. രണ്ടുവൃദ്ധന്മാരും ഒരു വൃദ്ധയും ഒരു യുവതിയും ഒരു പെണ്‍കുട്ടിയുമാണ് ചിത്രത്തില്‍. ദുഃഖത്തേക്കാള്‍ മഞ്ഞച്ച ഒരു വിളക്കിന്റെ മ്ലാനമായ വെട്ടത്തില്‍ അവര്‍ ഉരുളക്കിഴങ്ങ് പുഴുങ്ങിയത് തിന്നാന്‍ ഇരിക്കുകയാണ്. ഞൊറിയിട്ട ഉടുപ്പണിഞ്ഞ പെണ്‍കുട്ടിയുടെ മുഖം നമുക്കു കാണാന്‍വയ്യ. യുവതിയുടെ മുഖത്ത്, ഭക്ഷണവേളയില്‍ ആവശ്യമില്ലാത്തൊരു അജ്ഞാതഭാവം തുളുമ്പിനില്‍ക്കുന്നുണ്ട്. അവള്‍ക്കരികില്‍ ഇരിക്കുന്ന വൃദ്ധന്റെ മുഖത്താകട്ടെ പൊള്ളുന്ന ഒരു യാഥാര്‍ഥ്യം മറച്ചുപിടിക്കേണ്ടിവരുന്നതിന്റെ ദൈന്യം ചളി പോലെ പുരണ്ടിരിക്കുന്നു.
      വാന്‍ഗോഖ് ആംസ്റ്റര്‍ഡാമിലെ ഉരുളക്കിഴങ്ങുപാടങ്ങള്‍ക്കരികിലുള്ള തന്റെ സുഹൃത്തിന്റെ ചെറിയവീടിനെ തന്റെ 'സ്റ്റഡിയോ' ആക്കി, അവിടത്തെ കൃഷിക്കാരില്‍ ചിലരെ മോഡലുകളാക്കി ഇരുത്തി വരച്ച ചിത്രമാണത് എന്ന് ലേഖനത്തില്‍നിന്ന് മനസ്സിലാക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ എന്റെ മുന്നിലുള്ള ദൃശ്യത്തില്‍ മോഡലുകളായി പെരുമാറുന്നില്ല എന്ന കാര്യം എന്നെ അന്ധാളിപ്പിച്ചു. ഇടതുഭാഗത്തുകാണുന്ന വൃദ്ധന്റെ മകന്റെ ഭാര്യയാണ് ആ യുവതി എന്നും അവളെ ഏറെനാള്‍കൂടി കാണാനെത്തിയ അച്ഛനമ്മമാരാണ് അപ്പുറത്തുള്ള വൃദ്ധദമ്പതികള്‍ എന്നും എനിക്കു തോന്നാന്‍ തുടങ്ങി. ആ പെണ്‍കുട്ടി അവളുടെ മകള്‍ തന്നെ. അപ്പോള്‍ യുവതിയുടെ ഭര്‍ത്താവ്?  ആ അസാന്നിധ്യത്തിന്റെ ദുഃഖമാകാം ആ വൃദ്ധന്റെ കണ്ണില്‍ ഉടഞ്ഞുവീഴാന്‍ പോകുന്ന കണ്ണുനീര്‍പോലെ ഉറ്റിനില്‍ക്കുന്നത്. തന്റെ പ്രിയതമന്‍ ഇപ്പോള്‍ ഭൂമിയില്‍ ഇല്ല എന്ന് തിരിച്ചറിയുന്ന നിമിഷത്തിന്റെ സ്തബ്ധതയല്ലേ ആ യുവതിയുടെ മുഖത്ത്?
       എന്റെ ഹൃദയം പെരുമ്പറയടിക്കുന്ന ശബ്ദം എനിക്കുതന്നെ കേള്‍ക്കാമായിരുന്നു. അതെ, ആ ചിത്രത്തില്‍ ഗൃഹനാഥന്റെ മരണം അദൃശ്യമായി വാന്‍ഗോഖ് എഴുതിച്ചേര്‍ത്തിട്ടുണ്ട്. വാന്‍ഗോഖ് എഴുതാതെ പോയ ഒരു ചെറുകഥയുടെ അവസാനവാക്യം പോലെയാണ് ഇപ്പോള്‍ ആ പെയിന്റിംഗ് എനിക്കു മുന്നിലിരിക്കുന്നത്. അതെനിക്ക് എഴുതണം. മറ്റൊരു ദേശത്തെ, മറ്റൊരു കാലത്തിലെ, മറ്റൊരു മാധ്യമത്തിലെ അസാധ്യനായ ആ കലാകാരനുവേണ്ടി എനിക്കിപ്പോള്‍ ആണ്ടുബലി ഇടണം!
    അന്നു രാത്രി ഞാന്‍ ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ എന്ന കഥ എഴുതി.  വാടകവീട്ടിലെ ഇത്തിരിപ്പോന്ന പിന്‍വരാന്തയിലെ അമ്മിത്തറയായിരുന്നു അക്കാലത്ത് എന്റെ എഴുത്തുമേശ. ഒറ്റമുറിവീടിന്റെ പരാധീനതകള്‍ക്കപ്പുറത്ത് ഞാന്‍ കണ്ടെത്തിയ എന്റെ 'സ്റ്റുഡിയോ'  ആ അമ്മിത്തറയായിരുന്നു. എത്രയോ വീട്ടമ്മമാര്‍ അരഞ്ഞരഞ്ഞു തീര്‍ന്ന അമ്മിത്തറപോലെ ഒരു ക്ഷേത്രം ഏതുണ്ട്? അമ്മിയോളം പോന്ന ഒരു പ്രതിഷ്ഠ ഏതുണ്ട്? 
     ഞാന്‍ എഴുതിത്തുടങ്ങി. എന്റെ ഭാര്യയുടെ പേരിന്റെ ആദ്യക്ഷരത്തില്‍ത്തുടങ്ങുന്ന ഒരു പേര് ആ യുവതിക്കിട്ടു- ജൂലിയാന. ഞൊറിവച്ച ഉടുപ്പണിഞ്ഞുനില്‍ക്കുന്ന ആ പെണ്‍കുട്ടി എന്റെ മകള്‍തന്നെയായി തോന്നി. അവിടെ ഇല്ലാതെ പോയ ഗൃഹനാഥന്‍ ഞാനല്ലാതെ പിന്നാര്?  അതോടെ കഥ വന്നു കടലാസില്‍ നിറയാന്‍ തുടങ്ങി. നേരം വെളുക്കുവോളം വെട്ടിയും തിരുത്തിയും ഇരുന്നു. അവസാനത്തെ വാചകം എഴുതി അടിയില്‍ പേരെഴുതുമ്പോള്‍ കിഴക്കന്‍ മാനത്ത് വാന്‍ഗോഖിന്റെ അരണ്ട ആത്മാവ് സൂര്യനെപ്പോലെ ഉദിക്കാന്‍ തുടങ്ങുന്നത് ഞാന്‍ കണ്ടു. മായനാട്ടെ ആകാശത്ത് അദ്ദേഹത്തിന്റെ കാക്കകള്‍ എന്ന ചിത്രത്തിലെ ശബ്ദങ്ങള്‍ വന്നുനിറഞ്ഞു.
   അങ്ങെന്റെ ബന്ധുവാണ് വാന്‍ഗോഖ്! മരിച്ചിട്ടില്ല എന്ന ഒരൊറ്റ കാരണത്താല്‍ ഞാനിവിടെ ഈ അമ്മിത്തറയില്‍ തുടരുന്നു എന്നു മാത്രം.
   എന്റെ ആത്മാവ് അദ്ദേഹത്തിനുള്ള അക്ഷരബലി പൂര്‍ത്തിയാക്കി കൈകൊട്ടാന്‍ തുടങ്ങി.

2018-19 അര്‍ദ്ധവാര്‍ഷിക പരീക്ഷാ ചോദ്യ പേപ്പറുകള്‍

2018-19 പാദവാര്‍ഷിക പരീക്ഷാ ചോദ്യ പേപ്പറുകള്‍