Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......
Showing posts with label സഫലമീ യാത്ര. Show all posts
Showing posts with label സഫലമീ യാത്ര. Show all posts

Wednesday, February 7, 2018

സഫലമീ യാത്ര- ലേഖനം ഡോ പി സുരേഷ്

സഫലമീ യാത്ര എന്ന കവിതയെ മുന് നിര്ത്തി കക്കാടിന്റെ കവിതകളെക്കുറിച്ചുള്ള ഡോ പി സുരേഷിന്റെ ലേഖനം

 Download PDF
https://drive.google.com/open?id=1KCKoii-tha0u4-c19jO95r-zK_ajIgNf

Tuesday, January 2, 2018

തിരുവാതിര വിശേഷം


എട്ടങ്ങാടി മുതല്‍ ദശപുഷ്പംവരെ
തിരുവാതിരയുടെ തലേന്നാള്‍ മകയിരം നാള് ഉള്ളപ്പോഴാണ് എട്ടങ്ങാടി നേദിക്കേണ്ടത്. മകയിരം നാള്‍ തീരുന്നതിന് മുന്‍പ് നേദ്യം കഴിയണം. ചാണകം മെഴുകിയ തറയില്‍ ഉമി കൂട്ടി തീ കാണിച്ച് കാച്ചില്‍, ചേമ്പ്, ചേന, കൂര്‍ക്ക, ചെറുകിഴങ്ങ് നനകിഴങ്ങ്, ഏത്തക്കായ, മാറമ്പ് ഇവ ചുട്ടെടുത്ത് അരിഞ്ഞെടുക്കണം. കൂടുതലായി ആവശ്യമുള്ളപ്പോള്‍ ബാക്കി വേവിച്ചെടുത്ത് ചുട്ടെടുത്തതും ചേര്‍ത്ത് ശര്‍ക്കര പാവു കാച്ചിയതിലേക്ക് ഇടണം. ഇതിനോടൊപ്പം നെയ്യ്-തേന്‍, പഴം, നീലക്കരിമ്പ്-ചോളമലര്‍, ഉണങ്ങിയ നാളികേരം അരിഞ്ഞെടുത്തതും, വന്‍പയര്‍- കടല ഇവ വറുത്തു പൊടിച്ച പൊടിയും കൂട്ടിച്ചേര്‍ത്തിളക്കി എടുക്കുന്നതാണ് എട്ടങ്ങാടി. ചില സ്ഥലങ്ങളില്‍ മാറാമ്പ് പൊതിയാക്കിവെക്കും. ചിലയിടങ്ങളില്‍ മാറാമ്പ് വളരെക്കുറിച്ച് അരിഞ്ഞ് ചേര്‍ക്കും (കാലദേശ ഭേദങ്ങള്‍ക്കനുസരിച്ച് ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ട്) തറമെഴുകി കത്തിച്ച വിളക്കിന് മുന്‍പില്‍ മൂന്ന് തൂശനിലകളായി എട്ടങ്ങാടി വച്ച് നേദിക്കുന്നു (ശിവന്‍, ഗണപതി, പാര്‍വതി)എട്ടങ്ങാടിയോടൊപ്പം വെറ്റില, പാക്ക്, കരിക്ക് (നേന്ത്രപ്പഴം-കായ കീറി വറുത്ത (ഉപ്പേരി) പ്രധാനമാണ്). സ്ത്രീകള്‍ ശിവമന്ത്രത്താല്‍ പ്ലാവില കുത്തി കരിക്കിന്‍ വെള്ളം തീര്‍ത്ഥമായെടുത്ത് പൂക്കള്‍ അര്‍പ്പിച്ചാണ് പൂജ ചെയ്യുന്നത്.
തുടിച്ച് കുളി
തിരുവാതിരയുടെ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണ് തുടിച്ചുകുളി. അശ്വതി നാളില്‍ അശ്വമുഖം കാണുംമുന്‍പ്, ഭരണി-ഭര്‍ത്താവുണരും മുന്‍പ്, കാര്‍ത്തിക-കാക്കകരയും മുന്‍പ്, രോഹിണി രോമം കാണും മുന്‍പ്, മകയിരം-മക്കള്‍ ഉണരും മുന്‍പ്, തിരുവാതിര-ഗംഗ ഉണരും മുന്‍പ് ഇതാണ് തുടിച്ച് കുളിക്കേണ്ട സമയം. തുടിച്ചു കുളിക്കുമ്പോള്‍ കുരവ ഇട്ട് ഗംഗാദേവിയെ ഉണര്‍ത്തി വെള്ളത്തിലിറങ്ങി ദേവീദേവന്മാരെ സ്തുതിച്ച് പാടുന്നു.
വെറ്റില മുറുക്ക്
തിരുവാതിരക്ക് വെറ്റിലമുറുക്കാന്‍ സ്ത്രീകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. 101, 36, 12 ഇതാണ് കണക്ക്. ഹിന്ദുവിന്റെ എല്ലാ സത്കര്‍മങ്ങള്‍ക്കും വെറ്റിലയും പാക്കും ഒഴിച്ചുകൂടാനാവാത്തതാണ്. വെറ്റിലയില്‍ ദേവീദേവന്മാരുടെ സാന്നിധ്യമുണ്ട്. ഔഷധമുള്ളതാണ്, വിഷഹാരിയാണ്, ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്ക് നല്ലതാണ് തുടങ്ങി പല ഔഷധഗുണങ്ങളും അടങ്ങിയതാണ് വെറ്റില. വെറ്റിലയുടെ തുമ്പില്‍ ലക്ഷ്മിയും മധ്യത്തില്‍ സരസ്വതിയും ഇടത് പാര്‍വതിയും വലത് ഭൂമിദേവിയും അകത്ത് വിഷ്ണുവും വസിക്കുന്നു. ഞെട്ടില്‍ ജേഷ്ഠയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ വെറ്റിലയുടെ ഞെട്ട് കളഞ്ഞാണ് മുറുക്കാന്‍ ഉപയോഗിക്കുന്നത്.
വ്രതം
കുളിച്ച് പുതുവസ്ത്രങ്ങള്‍ ധരിച്ച് അണിഞ്ഞൊരുങ്ങിയ മങ്കമാര്‍ ശിവക്ഷേത്ര ദര്‍ശനത്തിനുശേഷം കരിക്ക് വെട്ടിക്കുടിക്കും. വെട്ടിക്കുടി എന്ന ഒരു പേര്‍ തന്നെയുണ്ട്. കാലത്ത് കൂവ കുറുക്കി കഴിക്കുന്നു. ശരീരത്തിന് കൂവ നല്ലതാണ്. ഉച്ചക്ക് ചാമയോ, ഗോതമ്പോ, കഞ്ഞിയോ ചോറായോ കഴിക്കുന്നു. ഉപദംശമായി തിരുവാതിരപ്പുഴുക്ക്, കാച്ചിയ പപ്പടം, പായസം തുടങ്ങിയവ (ഉള്ളി ചേര്‍ക്കരുത്) സന്ധ്യ കഴിഞ്ഞാല്‍ കട്ടന്‍ കാപ്പി പഴംനുറുക്ക്, വറുത്ത ഉപ്പേരി ഇവയാണ് കഴിക്കുന്നത്.
തിരുവാതിരകളി
ധനുമാസനിലാവ് ഉദിച്ചുയരുന്നതോടെ മെഴുകിവെടുപ്പാക്കി പന്തലിട്ട മുറ്റത്ത് അഞ്ച് തിരിയിട്ട നിലവിളക്കിനും നിറപറയ്ക്കും ഗണപതി ഒരുക്കിനും ചുറ്റുമായി അണിഞ്ഞൊരുങ്ങിയ മംഗല്യവതിയായ സ്ത്രീകള്‍ കുരവ ഇട്ടശേഷം ഭൂമിദേവിയെ വന്ദിക്കുന്നു.
ഗണപതി, സരസ്വതി, സ്ഥലദേവത എന്നീ ശ്രുതി മധുരമായ പാട്ടുകളോടെ ലാസ്യഭംഗിയോടെ ചുവടുകള്‍ വച്ച് കുളി ആരംഭിക്കുന്നു. പാര്‍വതീ സ്വയംവരം, തിരുവാതിര മാഹാത്മ്യം, കാമദഹനം തുടങ്ങി ആട്ടക്കഥയിലെ പ്രധാനപദങ്ങളും സ്വാതിതിരുനാള്‍,-ഇരയിമ്മന്‍ തമ്പി തുടങ്ങിയവരുടെ പാട്ടുകളും തമിഴ് പാട്ടുകള്‍, തമാശ പാട്ടുകള്‍ തുടങ്ങി പല പാട്ടുകളും പാടിക്കളിക്കുന്നു. പാതിരാപ്പൂ ചൂടുന്നതിന് മുന്‍പ് പത്തുവൃത്തം, നാലുവൃത്തം ഇവയും പാടിക്കളിക്കുന്നു. പാതിരാപ്പൂ ചൂടിക്കഴിഞ്ഞാല്‍ ഗണപതി, സരസ്വതി മംഗലാതിര, താലോലപ്പാട്ട് എന്നിവ പാടണം. രാത്രിയില്‍ ചൂടുന്നതിനാല്‍ ദശപുഷ്പത്തിന് പാതിരപ്പൂവ് എന്നപേര്‍ കൂടി സിദ്ധിച്ചു.
പാതിരാപ്പൂചൂടല്‍
ദശപുഷ്പങ്ങളോടൊപ്പം കമുകിന്‍ പൂക്കില, അടയ്ക്കാമണിയന്‍, ചുവന്ന കൊടുവേലി പൂവ്, എരിക്കില ഇവയും വക്കാറുണ്ട്. ദശ പുഷ്പങ്ങള്‍ പറിച്ചെടുത്ത് ആര്‍പ്പുവിളിയുമായി കളി സ്ഥലത്ത് എത്തി മാഹാത്മ്യത്തെക്കുറിച്ച് പാടി മാല കെട്ടി കന്യകമാരെ ചൂടിച്ചശേഷം താനും തന്റെ ഭര്‍ത്താവും ചൂടുന്നു. ദേവി ദശപുഷ്പങ്ങള്‍ ഭഗവാനേ ചൂടിച്ച കഥയെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്. മംഗലാതിര താലോലപ്പാട്ട് (പൂതനാമോക്ഷമാണ്) ഇവയും പാടിക്കളിക്കും.
ദശപുഷ്പങ്ങള്‍
1) കറുക- ആദിത്യന്‍- ആധിവ്യാധികള്‍ തീരും
2)വിഷ്ണുക്രാന്തി- വിഷ്ണു – വിഷ്ണുപാദത്തില്‍ ചേരും.
3) തിരുതാളി- ഇന്ദിര-ഐശ്വര്യം
4) പൂവാംകുറുന്നല്‍- ബ്രഹ്മാവ്- ദാരിദ്ര്യശമനം
5) കയ്യോന്നി- പഞ്ചബാണന്‍- പഞ്ചപാപനാശം
6) മുക്കുറ്റി-പാര്‍വതി-ഭര്‍തൃപുത്ര സൗഖ്യം
7) നിലപ്പന-ഭൂമിദേവി-ജന്മസാഫല്യം
8) വള്ളി ഉഴിഞ്ഞ- ഇന്ദ്രന്‍-ഇഷ്ടലാഭം
9) ചെറൂള -യമധര്‍മന്‍- ആയുര്‍ദൈര്‍ഘ്യം
10) മുയല്‍ ചെവിയന്‍-കാമദേവന്‍- സൗന്ദര്യം
പ്രഭാതത്തിന് മുന്‍പ് തിരുവാതിര നാള്‍ അവസാനിക്കുമെങ്കില്‍ പുലവൃത്തം പാടിയാണ് ആഘോഷങ്ങള്‍ അവസാനിപ്പിക്കുന്നത്. പുലം എന്ന വാക്കിന് പാടം, നിലം എന്നര്‍ത്ഥം. പാടവുമായി ബന്ധപ്പെട്ട പാട്ടുകളാണ് പുലവൃത്തം. പുലവൃത്തത്തില്‍ രചിക്കപ്പെട്ടതാണ് രുഗ്മിണീ സ്വയംവരം. ഇതു കഴിഞ്ഞാല്‍ വീണ്ടും കുളിക്കണമെന്നാണ് ആചാരം. ആതിരയാഘോഷങ്ങളില്‍ പൂര്‍ത്തിരുവാതിരയ്‌ക്കെത്തുന്ന ഭര്‍ത്താവിനെ ദശപുഷ്പം ചൂടിക്കണമെന്നുണ്ട്.

Wednesday, December 13, 2017

സഫലമീ യാത്ര പൂര്‍ണ്ണരൂപം

സഫലമീ യാത്ര എന്ന കവിതയുടെ പൂര്‍ണ്ണരൂപവും, ആശുപത്രിക്കിടക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം അദ്ദേഹം എഴുതിയ സഫലമീ യാത്രയുടെ തുടര്‍ച്ച എന്നു പറയാവുന്ന നന്ദി, തിരുവോണമേ നന്ദി എന്ന കവിതയും ഒറ്റ PDF ല്‍

https://drive.google.com/open?id=1JA-rGHEYYT82qnQxvh8DFuUqqtflSY_r

Thursday, February 2, 2017

സഫലമീ യാത്ര പഠനക്കുറിപ്പ്

സഫലമീ യാത്ര എൻ.എൻ.കക്കാട്
    
സ്വപ്ന റാണി
    
 
  അസുലഭമായ പദസമ്പത്ത് ,പുരാണേതിഹാസങ്ങളിലെ അവഗാഹം, അനുഭവ ബാഹുല്യം, താളബോധം ഇവയെല്ലാം അനുഗ്രഹിച്ച കവിയായിരുന്നു കക്കാട്. ആ കാവ്യജീവിതത്തിന്റെ അവസാന കാലത്ത് എഴുതപ്പെട്ട സഫലമീ യാത്ര അതുവരെ അദ്ദേഹം പുലർത്തിപ്പോന്ന രചനാശൈലിയിൽ നിന്ന് പ്രകടമാറ്റത്തിന്റെ ഒരു സൂചന കൂടിയാണ്.
       തന്നെ കീഴടക്കിക്കൊണ്ടിരിക്കുന്ന അർബുദത്തിന്റെ പശ്ചാത്തലത്തിൽ പത്നിയോടൊത്ത് ഒരു തിരുവാതിര രാവിനെ വരവേല്ക്കുന്ന കവിയാണ് സഫലമീ യാത്രയിലെ നായകൻ.ദാമ്പത്യത്തിന്റെ പൂർണ്ണതയ്ക്കും ദീർഘകാലനിലനില്പിനും വേണ്ടിയുള്ള വ്രതപരമായ ആഘോഷമെന്ന നിലയിലാണ് തിരുവാതിരയുടെ പ്രശസ്തിയും പ്രസക്തിയും. പത്നിയൊത്ത് 101 വെറ്റില ചവയ്ക്കേണ്ട ഈ ധനുമാസത്തിരുവാതിര നാൾ കവി ആശുപത്രിക്കിടക്കയിലാണ്.
     
     ആശുപത്രിയിലെ ജനലഴി പിടിച്ചു കൊണ്ട് 'ഒരു ചുമയ്ക്കടിയിടറി വീഴാം ' എന്ന ആശങ്കയോടെയാണ് നേരിയ നിലാവിനെയും പഴകിയ ഓർമ്മകൾ പോലെ വിറകൊള്ളുന്ന താരകങ്ങളെയും കവി കാണുന്നത്.ഈ രാവ് പ്രതീക്ഷകളുടേതല്ല എന്നതുകൊണ്ടാവാം സഖിയുടെ മിഴിയിണകൾ തുളുമ്പുന്നത്. അവൾ അരികിലുണ്ടാകണം എന്ന നായകന്റെ ആവശ്യപ്പെടലിന് രണ്ടു തലങ്ങൾ കാണാം. ഇനിയെത്ര നാൾ അങ്ങനെ ഉണ്ടാകും എന്ന ചിന്തയും, അരി കത്ത് താങ്ങാനാളില്ലെങ്കിൽ താൻ വീണ് പോയേക്കാം എന്ന ആ കുലതയും.
    ശിഷ്ട ദിനങ്ങളെ കണ്ണീരിൽ കുതിർക്കുകയല്ല, ആ മിഴിനീർച്ചവർപ്പ്പെടാതെ ജീവിതമധു ആവോളം പാനം ചെയ്യുകയാണ് കരണീയം എന്നാണ് സ്വന്തം വേദനകളെ മറച്ചു വച്ചു കൊണ്ട് നായകൻ ഭാര്യയെ ആശ്വസിപ്പിക്കുന്നത്.
        നൊന്തും നോവിച്ചും കൊഴുത്ത ചവർപ്പുകൾ കുടിച്ചു വറ്റിച്ചും മുപ്പതാണ്ടുകൾ ഒന്നിച്ചു താണ്ടിയത് ശാന്തിയുടെ ഇത്തിരി ശർക്കര നുണ യുവാനായിത്തന്നെയാണ്. ജീവിതയാത്രയിൽ പിറകിലേക്കോടി മറയുന്ന കാഴ്ചകളായാണ് കവി ഓർമ്മകളെ വിലയിരുത്തുന്നത്. കണ്ണീരു വരുവോളം ചിരിച്ചതും ദു:ഖത്തിന്റെ മറുകര കണ്ടതും, കെട്ടിപ്പുണർന്നു മുകർന്നതും കുത്തിപ്പിളർന്നു മരിച്ചതും കൊന്നതും ,പുഴുതിന്നതും പാതി വിടർന്നതും നിലംപതിച്ചതും ചവിട്ടിയരച്ചതുംകാല്ചവിട്ടിൽ ഫണം വിരിച്ചതും .... ഇങ്ങനെ വിരുദ്ധ ദ്വന്ദ്വങ്ങളായി ഓർമ്മകൾ അവതരിപ്പിക്കുമ്പോൾ ജീവിതാവസ്ഥകളുടെ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും തന്നെയാണ് ആവിഷ്കൃതമാകുന്നത്. പല സ്മൃതികളും മുഖം നഷ്ടപ്പെട്ടവയാണ്. തെരുവുവിളക്കുകളുടെ നെറുകയിൽ ഇരുട്ടാണ്. ബോധത്തിന് ബധിരത ബാധിച്ചിരിക്കുന്നു.
    പരസ്പരം ഊന്നുവടികളാവുക എന്ന ദാമ്പത്യത്തെക്കുറിച്ചുള്ള പരമമായ സങ്കല്പം തന്നെയാണ് കവിക്ക് മുന്നോട്ടു വയ്ക്കുവാനുള്ളത്. ഇനി വരുന്ന വിഷുവും വർഷവും തിരുവോണവുമെല്ലാം കാണാൻ താനവശേഷിക്കുമോ എന്ന് സംശയമാണ്. പക്ഷേ ഈ ആതിരയെ ആശങ്കകൾ കൊണ്ടല്ല, ആർദ്രത കൊണ്ടും സൗമ്യത കൊണ്ടും ഒരു മ കൊണ്ടുമാണ് സ്വീകരിക്കേണ്ടത്.
     പരീക്ഷണ ചടുലമായ കക്കാടിന്റെ കാവ്യജീവിതത്തിൽ ഒരു വഴിത്തിരിവിനെ സൂചിപ്പിക്കുന്ന കവിതയാണ് സഫലമീ യാത്ര. രൂപപരവും ആവിഷ്കാരപരവുമായ ദുർഗ്രഹത പലപ്പോഴും അദ്ദേഹത്തിന്റെ കവിതകളുടെ പൊതു സ്വഭാവമായി വിലയിരുത്തപ്പെടാറുണ്ട്. പാതാളത്തിന്റെ മുഴക്കം, 1963 , പോത്ത് തുടങ്ങിയ രചനകളുടെ രൂപ ജടിലതയിൽ നിന്നും ദുർഗ്രഹതയിൽ നിന്നും സാരള്യത്തിലേക്കുള്ള ഒരു യാത്രയും കൂടിയാണി കവിത. പിന്നീട് വന്ന നന്ദി തിരുവോണ മേ നന്ദിയും ആദ്യകാല കവിതയായ തീർത്ഥാടനവും ഏതാണ്ട് ഇതേ ജനുസ്സിൽപെട്ടവ തന്നെ.
       ഒരു മംഗള മുഹൂർത്തത്തിൽ പ്രിയതമയോടൊത്ത് പഴയ ഓർമ്മകളിലേക്ക് പോകുന്ന നായകനെ ചോറൂണ്, ഊഞ്ഞാലിൽ, കണ്ണീർപ്പാടം: വിഷുക്കണി തുടങ്ങിയ കവിതകളിലെല്ലാം നാം കാണുന്നു. പക്ഷേ ഇവയിലെപ്പോലെ സൗഗന്ധികപുഷ്പ ജേതാവാകാനോ, ത്രാണിയിൽ കൈത്തോട് ചാടിക്കടക്കാനോ,  ' കണ്വ മാമുനിയുടെ കന്യയാമാരോമലായി കാണാനോ കഴിയുന്ന തരത്തിൽ ആത്മവിശ്വാസം സഫലമീ യാത്രയിലെ നായകനില്ല.' ഒരു ചുമയ്ക്കടിയിടറി വീഴാവുന്ന 'അയാൾക്ക് ഊന്നുവടിയായി നില്ക്കുന്ന പ്രണയിനിയെയാണ് ആവശ്യം. ' വരും കൊല്ലമാരെന്നുമെന്തെന്നു മാർക്കറിയാം' എന്ന ആ കുലതയാണ് അയാളിൽ മുന്നിട്ടു നിൽക്കുന്നത്.
  മരണവുമായുള്ള മുഖാമുഖത്തിന്റെ നിമിഷങ്ങളെ പുകമറയില്ലാതെ, ഒരു ദാർശനികന്റെ സംയമത്തോടെ അവതരിപ്പിക്കുന്നു കവി.
    1982 ഡിസംബറിൽ ഈ കവിത ആകാശവാണിയിൽ അവതരിപ്പിക്കുമ്പോൾ കവിയുടെ രോഗാവസ്ഥ വേണ്ടപ്പെട്ടവർ പോലും അറിയുന്ന നിലയിലായിട്ടില്ല. എന്നാൻ 1982ൽ മാതൃഭൂമി ഓണപ്പതിപ്പിൽ അച്ചടിച്ചു വരുമ്പോഴേക്ക് സ്ഥിതി മാറിയിരുന്നു'
       പശ്ചാത്തല ചിത്രീകരണത്തിലും ബിംബകല്പനയിലുമെല്ലാം ആത്മാംശം തുളുമ്പുന്ന ഈ കവിത ആസ്വാദകന്റെ വൈകാരിക സത്വത്തെ തൊട്ടുണർത്തുന്നു. ഉദാത്തമായ ഒരു ദാമ്പത്യത്തെക്കുറിച്ചുള്ള സങ്കല്പം നമ്മുടെയെല്ലാം മനസ്സിന്റെ സ്വപ്ന സ്ഥലിയാണല്ലോ. അതു തന്നെയാണ് ഈ കവിത മലയാളിക്ക് എന്നു പ്രിയതരമാകുന്നതിന് പ്രധാന കാരണവും.

     ......

എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...