Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Wednesday, July 3, 2019

പുതുവർഷം കവിതയെക്കുറിച്ച് ഒരു കുറിപ്പ്

ഓണത്തെക്കുറിച്ച് എഴുതാത്ത കവികൾ കുറവാണ്. നന്മനിറഞ്ഞ ഭൂതകാലത്തിന്റെ വിശുദ്ധസ്മരണയായും നേടാനുള്ള നല്ല കാലത്തിന്റെ സമ്മോഹന സ്വപ്നമായുമെല്ലാം അവരതിനെ ഭാവനയിൽ കണ്ടു.
അക്കൂട്ടത്തിൽ ശ്രദ്ധേയമാണ് വിജയലക്ഷ്മിയുടെ പുതുവർഷം എന്ന കവിത. ഈ കവിതയ്ക്കു പുറമെ തിരുവോണം, ഓണത്തിനൊരു പാട്ട് എന്നീ ഓണക്കവിതകളും വിജയലക്ഷ്മിയുടെതായിട്ടുണ്ട്. നാഗരിക ജീവിതത്തോടുള്ള അസംതൃപ്തിയാണ് എല്ലാ ഓണക്കവിതകളിലും കവയിത്രി പങ്കിടുന്നത്. _നിർഗന്ധപുഷ്പങ്ങൾ തൻ നഗരോദ്യാനം_ എന്ന് അവർ ആ അനുഭവത്തെ അടയാളപ്പെടുത്തുന്നു. ഒപ്പം നഷ്ടസൗഭാഗ്യങ്ങളെക്കുറിച്ച് ഓർത്ത് വേദനിക്കുന്നു.

കവിതയിലെ ബിംബങ്ങൾ

പുതുവർഷം എന്ന വിജയലക്ഷ്മിയുടെ കവിത വിജയലക്ഷ്മിയുടെതന്നെ മറ്റ് ഓണക്കവിതകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. നിരവധി വൈരുദ്ധ്യങ്ങളെ ഏകോപിപ്പിച്ചുകൊണ്ടാണ് കവിത നിലനിൽക്കുന്നത്. നന്മ-തിന്മ, ഗ്രാമം-നഗരം, അമ്മ-അനാഥത്വം, ആനന്ദം-ആകുലത, ബാല്യം-യൗവനം, ഓർമ-വർത്തമാനം എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളിലൂടെ ഓണത്തെയും അമ്മയെയും ആവിഷ്കരിക്കാനുള്ള ശ്രമമാണ് പുതുവർഷം. യഥാർഥത്തിൽ പുതുവർഷം ഓണക്കവിതയല്ല, അമ്മക്കവിതയാണെന്നു പറയാം. 
അമ്മ ഒരു ഉദാത്ത ബിംബമായി ഈ കവിതയിൽ ആവിഷ്കരിക്കപ്പെടുന്നു. അമ്മ= നന്മ, അമ്മ = ഓണം, അമ്മ= സത്യം, അമ്മ= ആനന്ദം, അമ്മ = ഗ്രാമീണത, അമ്മ = യാഥാർഥ്യം, അമ്മ = തുമ്പ എന്നിങ്ങനെ അമ്മവിശുദ്ധിയുടെ പ്രതിനിധാന ജാലംതന്നെ തീർക്കുന്നുണ്ട് കവയിത്രി. അമ്മ പറഞ്ഞതിനപ്പുറം മറ്റൊന്നുമില്ലാതിരുന്ന ഒരു ബാല്യകാലത്തിന്റെ സ്മരണകളിൽനിന്നാണ് കവിത ആരംഭിക്കുന്നത്.
അമ്മയുടെ ശാസനയേറ്റ് നടന്ന കാലത്തിന് അപ്പുറമായി അമ്മയുടെ പറച്ചിലുകളിൽനിന്ന് മകൾ തന്റെ ഓണസങ്കല്പത്തെ നെയ്തെടുക്കുകയാണ്. ആ സങ്കല്പവും ഓണത്തിൽ ജീവിച്ച അവളുടെ യാഥാർഥ്യവും തമ്മിൽ കുട്ടിക്കാലത്ത് കാര്യമായ അന്തരമൊന്നും അവൾക്ക് തോന്നുന്നില്ല. അമ്മ നൽകിയ സങ്കല്പവും മകൾ നുകർന്ന അനുഭവവും തമ്മിൽ ഇവിടെ സംഘർഷത്തിലാവുന്നില്ല. കേൾവിയും അനുഭവവും തമ്മിൽ വന്നുഭവിക്കാനിടയുള്ള വൈരുദ്ധ്യങ്ങൾ സംഭവിക്കുന്നേയില്ല. അങ്ങനെ അമ്മ സത്യത്തിന്റെയും യാഥാർഥ്യത്തിന്റെയും ദീപമായി ആദ്യമേ തെളിയുകയാണ്. എന്നാൽ മുതിർന്നപ്പോൾ ഈ അവസ്ഥ മാറുന്നു.
അമ്മബിംബത്തെ പലവിധം പൊലിപ്പിച്ചെടുക്കാനുള്ള ശ്രമമാണ് ഈ കവിത. അമ്മബിംബങ്ങളുടെ നടന രംഗമായി കവിത പരിണമിക്കുന്നു. അമ്മയുള്ള കാലത്തെ ബാല്യം, അമ്മയില്ലാത്ത യൗവനം, അമ്മയുള്ളകാലത്തെ ആഹ്ലാദം, ഇല്ലാത്ത കാലത്തെ ആകുലത, അമ്മയുള്ളതിന്റെ നന്മ, ഇല്ലാതിരുന്നതിന്റെ വിരസത, അമ്മക്കാലത്തെ ഓണം, ഇല്ലാത്ത കാലത്തിന്റെ ഓർമ ഇങ്ങനെ പലവിധം ചിത്രങ്ങൾ കവയിത്രി നിർമിച്ചെടുക്കുന്നു.
        
       അവലംബം:- മാതൃഭൂമി

Credits: അനസ് സംസ്കൃതി

No comments:

Post a Comment