Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Saturday, July 13, 2019

പാവങ്ങൾ ഒരു വിശകലനം


വിക്തോർ യൂഗോയുടെ പാവങ്ങൾ- LES MISERABLES


           കരുണയുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും  സന്ദേശം ലോകത്തിൽ വിളിച്ചറിയിക്കുന്ന ഉജ്ജ്വലമായ  ഒരു   കലാസൃഷ്ടി,പേര് പോലെ പാവപ്പെട്ടവന്റെ കഥ പറയുന്ന യൂഗോ. ലോകത്തിലെ  സാമ്പത്തിക അസമത്വം എത്രത്തോളം നിലനിൽക്കുമോ,അത്രത്തോളം ഇത്തരത്തിലുള്ള എഴുത്തുകൾക്ക് പ്രസക്തിയും ഉണ്ടായിരിക്കും. മെറിൻ എന്ന ബിഷപ്പിലൂടെ ആരംഭിക്കുന്ന കഥ ഒരു  ബിഷപ്പ് എങ്ങനെ ആയിരിക്കണം എന്ന് സ്വന്തജീവിതത്തിലൂടെ കാണിച്ചു തരുന്നു. രോഗികൾക്കായി സ്വന്ത ഭവനം വിട്ടുകൊടുക്കുന്ന മെറിൻ ലളിതമായ ജീവിതം എന്തെന്ന് കാണിച്ചുതരുന്നു.
           തുടക്കത്തിൽ ചില അതിഭാവുകത്വം തോന്നിക്കുമെങ്കിലും മുന്നോട്ടുള്ള വായനക്ക് അത് അനിവാര്യമായിരുന്നു എന്ന് മനസ്സിലാകും. വിശപ്പിന്റെയും അവഗണനയുടെയും കയത്തിൽ നിന്നു വരുന്ന ജീൻവാൽജീൻ ആണ് ഇതിലെ മുഖ്യ കഥാപാത്രം. സഹോദരിയുടെ വിശന്നു പൊരിയുന്ന മക്കൾക്ക് കൊടുക്കാൻ ഒരു റൊട്ടി മോഷ്ട്ടിക്കുന്ന ജീനെ അഞ്ച് വർഷത്തെ തടവിനു വിധിക്കുന്നു നിയമ കോടതി. പല വട്ടം ജയിൽ ചാടാൻ ശ്രമിച്ചു എന്ന പേരിൽ പത്തൊമ്പത് വർഷമാക്കുന്നു ശിക്ഷ. ഒരു കുറ്റവാളിക്ക് ശിക്ഷയാണോ ശിക്ഷണമാണോ വേണ്ടത് എന്ന് ലോകത്തെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന നല്ല എഴുത്തുകൾ ഇവിടെ കാണാം.  ശിക്ഷയുടെ കാലാവധി കഴിഞ്ഞു പുറത്തു വരുന്ന ജീൻവാൽജീൻ അന്തിയുറങ്ങാൻ ഒരിടത്തിനായി ഒരു നേരത്തെ ഭക്ഷണത്തിനായി അലയുന്ന സാഹചര്യം, കിടക്കാനായി ഒരുങ്ങുമ്പോൾ താൻ കണ്ടെത്തിയ സ്ഥലം പട്ടിക്കൂടാണെന്ന് പട്ടിയുടെ ആക്രമണത്തിലൂടെ മനസിലാക്കിയ ജീൻ, പണം കൊടുത്തിട്ടും ഭക്ഷണം കൊടുക്കാത്ത ഹോട്ടലുടമ, ജയിൽ ശിക്ഷ അനുഭവിച്ചതിന്റെ പേരിൽ സമൂഹത്തിൽ ഒറ്റപ്പെടുന്ന വ്യക്തി---ഒരാളോട് സമൂഹം കാണിക്കുന്ന ക്രൂരതയുടെ കാണാപ്പുറങ്ങൾ എല്ലാം തുറന്നു കാട്ടുന്നു.വർത്തമാന കാലത്തിലും പ്രസക്തമായ ചില ചോദ്യങ്ങൾ, ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന വ്യക്തിയോട് സമൂഹത്തിനുള്ള  പ്രതിബദ്ധത, ശിക്ഷ കൊണ്ട് എന്ത് നേടി  -?.  അവസാനത്തെ ആശ്രയമായി കടന്നു ചെല്ലുന്ന ബിഷപ്പ് മെർവിന്റെ ആശ്രമം. രണ്ട് കയ്യും നീട്ടിയുള്ള ബിഷപ്പിന്റെ സ്വീകരണം ജീനിന്റെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു. കഴിക്കാൻ ഭക്ഷണവും കിടക്കാൻ ഇടവും കൊടുത്ത  ബിഷപ്പിന്റെ ഭവനത്തിൽ നിന്ന് രാത്രിയോട് കൂടി വെള്ളി കരണ്ടിയും പാത്രങ്ങളും മോഷ്ടിച്ച് രക്ഷപ്പെടുന്ന ജീൻ പോലീസിന്റെ പിടിയിലാകുന്നതും തൊണ്ടിമുതലുമായി ബിഷപ്പിന്റെ ഭവനത്തിൽ  ജീനുമായി എത്തുന്ന പോലീസിനോട് പാത്രങ്ങൾ മാത്രമല്ല വിളക്കുകാലുകളും ഞാൻ ജീനിന് കൊടുത്തതാണെന്നും എന്തേ അതുകൂടി എടുത്തില്ല എന്ന ബിഷപ്പിന്റെ മറുപടി പത്തൊമ്പത് വർഷത്തെ ജയിൽ ശിക്ഷയിലൂടെ മാറാത്ത ജീനിനെ ഒരു പശ്ചാത്താപത്തിലേക്ക് നയിക്കുന്നു.അങ്ങനെ കഥയിലെ പ്രധാന ബിന്ദു ഇവിടെ തുടങ്ങുന്നു. അതോടൊപ്പം   നിയമം നടപ്പാക്കപ്പെടേണ്ടതാണ് ,അതിൽ മനുഷ്യത്വത്തിന്  വിലയില്ല എന്ന് ചിന്തിക്കുന്ന പോലീസ് ഓഫീസർ ളവേർ---ഒരു വേട്ടപ്പട്ടിയെ പോലെ കഥയുടെ അവസാനം വരെ  ജീൻ വാൽജീനെ പിൻതുടരുന്നു.

          തകർന്നടിഞ്ഞ ഒരു ദേശത്ത് പെട്ടെന്ന്കഠിനാധ്വാ നിയും ദീർഘവീക്ഷണവും ഉള്ള  മദലിയൻ എന്ന് പേരായഒരു മനുഷ്യൻ കടന്നുവരുന്നു. ദേശത്തെ വ്യവസായത്തെ ഉത്തേജിപ്പിച്ചും ആൾക്കാരുടെ പ്രശനങ്ങൾക്ക് പരിഹാരം കണ്ടും കണ്ണിലുണ്ണിയാകുന്നു. എല്ലാപേരെയും അത്ഭുതപ്പെടുത്തി ദേശത്തിന്റെ മേയറായി മാറുന്ന മനുഷ്യൻ നമ്മുടെ കഥാനായകനായ ജീൻവാൽജീൻആയിരുന്നു.

       ജീവിതമാകുന്ന തോണിയുടെ ഒഴുക്ക് പലർക്കും പല രീതിയിലാണ് . ഒരു ജോലി തേടി പോകുന്ന ഫൽദീൻ എന്ന യുവതി  കൊസേത് എന്ന പേരായ കുഞ്ഞിനെ തെനാദീർ ദമ്പതികളെ ഏൽപ്പിക്കുന്നു  .ഒരു കുഞ്ഞിനെ വളർത്താൻ പാടുപെടുന്ന ഒരമ്മയുടെ വേദനയും അനുഭവവും നന്നായി വർണ്ണിക്കുന്നു ഇവിടെ. കിട്ടിയ അവസരം പാഴാക്കാത്ത തെനാദീർ ദമ്പതികൾ ഫൽദീനിൽ നിന്ന് വല്ലാതെ പണം ഈടാക്കുന്നു.   ഒരു പ്രത്യക സാഹചര്യത്തിൽ തെരുവിലെറിയപ്പെടുന്ന ഫൽദീൻ ഉയർത്തുന്ന ചിന്തകൾ വർത്തമാനത്തിലെ ചിന്തകൾക്ക് പ്രസക്തി കൂട്ടുന്നു. അന്നത്തിനായി തെരുവിൽ ജീവിക്കുന്നവരെ ഗണികയുടെ പട്ടികയിൽ ഉൾപ്പെടുത്തി ശിക്ഷിക്കയും പഞ്ചനക്ഷത്ര ഹോട്ടലിൽ   വ്യഭിചരിക്കുന്നവരെ  സല്യൂട്ട് ചെയ്യുകയും ചെയ്യുന്ന പോലീസിന് പര്യായമായി ആയി ളവേർ നില കൊള്ളുന്നു. നിയമത്തിന്റെ വലയിൽപ്പെടുത്തി ജയിലിലടക്കപ്പെടുന്ന ഫൽദീനെ മനുഷ്യത്വത്തിന്റെ പ്രതീകമായ മേയർ രക്ഷപ്പെടുത്തുന്നു. ജയിലിൽ നിന്നു പുറത്തു വരുന്ന ഫൽദീൻ മരണത്തിനു കീഴടങ്ങുന്നു.

          പേര് മാറ്റി മദലിയനായി കഴിഞ്ഞിരുന്ന ജീനിനെ  തേടി പെട്ടെന്നായിരുന്നു വാർത്ത വന്നത്, ആപ്പിൾ മോഷ്ടിച്ചതിന്റെ പേരിൽ ജീൻവാൽജീൻ അറസ്റ്റിലായി. ഷാഗ്മാത്തിയോവ് എന്ന നിരപരാധിയായ ഒരു മനുഷ്യനായിരുന്നു അത്. ജീനിന്റെ നീതി ബോധം ധർമ്മം ഉണർന്നു . നിരപരാധിയായ ആ മനുഷ്യനെ രക്ഷിക്കാൻ ജീൻ നീതിപീഠത്തിനു മുന്നിൽ കീഴടങ്ങി. ഇതെല്ലാം ഒരു ആഘോഷമാക്കാൻ ളവേർ എന്ന വേട്ടപ്പട്ടി ജീനിന്റെ പിന്നിലുണ്ടായിരുന്നു. ജയിലിലടക്കപ്പെട്ട ജീൻ കിട്ടിയ അവസരത്തിൽ അവിടെ നിന്നു രക്ഷപ്പെടുന്നു.  അനാഥയായ കൊസേത്തിനെ  തെനാദിയാരുടെ കയ്യിൽ നിന്ന് രക്ഷപ്പെടുത്തി ഒരു മഠത്തിൽ അഭയം തേടുന്നതും തുടർന്ന് അവളെ വളർത്തി ഒരു യുവതി ആക്കുന്നതും വരെയുള്ള സംഭവങ്ങൾ അനിർവചനീയമാണ്.യുവതിയായ കൊസെത്തിന് മരിയൂസ് എന്ന യുവാവുമായുള്ള പ്രണയം മഹത്തരമായ ഒരു കാവ്യമായി നിലനില്ക്കുന്നു.മരിയൂസ് കൊസേത്തിന് ആദ്യമായി കൊടുക്കുന്ന പ്രണയ ലേഖനം ബൈബിളിലെ ഉത്തമഗീതമാണോ എന്ന് തോന്നി പോകും--ഒരു നിഷ്ക്കളങ്കമായ പ്രണയം--തന്നിലേക്ക് മാത്രം ഭൂമി ചുരുങ്ങും പോലെ.
                                                              
    ഒരിക്കൽ അഹങ്കാരത്തിന്റെ കൊടുമുടിയിൽ കഴിയുന്ന തെനാദിർ കുടുംബത്തിന്റെ തകർച്ചയും നന്മ തിന്മയുടെ ഏറ്റക്കുറച്ചിലുകളും പട്ടിണിക്കോലങ്ങളെയും ദാരിദ്ര്യത്തെയും വിവരിക്കുന്ന യൂഗോ എക്കാലത്തേയും മാധ്യമം ആയി നിലകൊള്ളുന്നു. വാട്ടർലൂ യുദ്ധത്തെക്കുറിച്ചും ആൽപ്സ് പർവ്വത നിരകളെക്കുറിച്ചും നല്ല ഒരു വിവരണം കഥയിലുടനീളം നൽകുന്നു. തെരുവിലെ  മനുഷ്യ ജീവിതവും തെരുവിന്റെ നന്മ-തിന്മകളും അവിശ്വസനീയമാം വണ്ണം വരച്ചുകാട്ടുന്നു. തെരുവ് യുദ്ധത്തിൽ പങ്കെടുത്ത് മുറിവേൽക്കുന്ന മരിയൂസിനെ രക്ഷപ്പെടുത്തി കൊസേത്തിന്റെ അടുത്തെത്തിക്കുന്ന ജീൻ എക്കാലത്തേയും നന്മയുടെ   പ്രതീകമാകുന്നു.  എന്നും ഒരു നിഴൽ പോലെ ജീനിനെ പിന്തുടർന്ന ളവേർ എന്ന പോലീസ് ഒരവസരത്തിൽ മരണത്തിന്റെ നിഴലിൽ അകപ്പെടുന്നതും ജീനിന്റെ അകമഴിഞ്ഞ കരുണ ലവേറിനെ തലോടുന്നതും ചിന്തയുടെ പുതിയ മേച്ചിൽപ്പുറം തേടാൻ ളവേറിനെ സഹായിക്കുന്നു.മരണം പുൽകും വരെ സത്യവും കരുണയും ത്യാഗവും കരുതലും മാത്രമായി ജീവിച്ചഒരു മനുഷ്യൻ---.അതാണ് ജീൻ, ഒരു തുള്ളി കണ്ണുനീരെങ്കിലും വീഴാതെ സാഹിത്യസൃഷ്ടി വായിച്ചു തീർക്കാൻ കഴിയും എന്ന് തോന്നുന്നില്ല.

2 comments: