മലയാള സാഹിത്യത്തിലെ വെള്ളിനക്ഷത്രമായ കുമാരനാശാന്റെ ഖണ്ഡ കാവ്യങ്ങൾ പ്രകാശിതമായതോടുകൂടിയാണ് കൈരളി ഒരു പുതിയ യുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ചത്. ആശാൻ കൃതികളിൽ പ്രധാനസ്ഥാനമലങ്കരിക്കുന്ന പ്രണയകാവ്യമാണ് നളിനി.
സ്നേഹഗായകനെന്നു പുകൾ പെറ്റ കവിയാണ് കുമാരനാശാൻ. മനുഷ്യ സ്നേഹത്തിന്റെ വിശുദ്ധി അദ്ദേഹത്തിൻറെ കൃതികളിൽ തുളുമ്പിനിൽക്കുന്നതായി കാണാം. ഒരു കാലത്തു നരകയാതനകൾ അനുഭവിക്കേണ്ടിവന്ന ബഹുലക്ഷം മനുഷ്യർക്കായി ആയുസ്സുഴിഞ്ഞുവച്ച നാരായണ ഗുരുവായിരുന്നു ആശാന്റെ സ്നേഹസന്ദേശത്തിന്റെ ഉറവിടം.
ആണും പെണ്ണും തമ്മിലുള്ള മാംസനിബദ്ധമായ അനുരാഗമല്ല ആശാന്റെ സ്നേഹം. അത് ലോകത്തെ സൃഷ്ടിക്കുകയും വളർത്തുകയും ചെയ്യുന്ന സാക്ഷാൽ ഈശ്വരകടാക്ഷമാണ്. അതിരുകളില്ലാത്ത ആ സ്നേഹം ലോകനന്മക്കായുള്ളതാണ്. ചണ്ഡാലഭിക്ഷുകിയിലെ മാതംഗി, ദുരവസ്ഥയിലെ സാവിത്രി, കരുണയിലെ വാസവദത്ത ഇവരെല്ലാം ആശാന്റെ മനസ്സിലെ സ്നേഹഭാവങ്ങളിൽ നിന്ന് ജനിച്ച കാവ്യകന്യകകളാണ്. എന്നാൽ മഹാകവി കുമാരനാശാനെ സ്നേഹഗായകനാക്കി മാറ്റിയ "സ്നേഹമാണഖിലസാരമൂഴിയിൽ" എന്ന കാവ്യമന്ത്രം ലോകത്തിനു നൽകിയത് നളിനി എന്ന ചെറുകാവ്യമാണ്. ഹൃദയത്തിൽ ദൈവസ്നേഹം നിറഞ്ഞവരാണ് നളിനിയും ഈ കാവ്യത്തിലെ നായകൻ ദിവാകരനും.
ഹിമാലയത്തിന്റെ മടിത്തട്ടിൽ മനോഹരമായ ഒരു ഭൂവിഭാഗം,അവിടെയതാ സൂര്യതേജസ്സുള്ള ഒരു യുവതാപസൻ പ്രകൃതിദൃശ്യങ്ങളിൽ സ്വയം മറന്നു നിൽക്കുന്നു. താടിയും മുടിയും നഖവും നീണ്ടുവളർന്ന ആ യുവാവ് അകലെ താഴ് വരയിലെ താമരപ്പൊയ്കയിലേക്കു നോക്കിനിൽക്കുകയാണ്. ഈ മനോഹര പ്രകൃതി യുവസന്യാസിയുടെ മനസ്സിനെ മയക്കാൻ പോന്നതായിരുന്നു.
മഞ്ഞണിഞ്ഞ പുലർകാലംപോലെ വിശുദ്ധയായ ഒരു യുവതാപസി ആ താഴ് വരയുടെ മറ്റൊരുവശം നിന്നിരുന്നു. ആ മഹതിയും നോക്കിനിൽക്കുന്നത് ആ താമരപ്പൊയ്കയിലേക്കു തന്നെ. സ്നേഹിച്ച പുരുഷനെ വിവാഹം കഴിക്കാനാകാതെ വീടുംനാടും ഉപേക്ഷിച്ചുവന്ന നളിനിയാണ് ആ താപസി. അവളിന്നു വ്രതാനുഷ്ഠാനങ്ങളുടെ ലോകത്താണ്. എങ്കിലും പ്രകൃതിയുടെ വിലാസനൃത്തം നിറഞ്ഞ ആ താമരപ്പൊയ്ക കണ്ടു അവൾ സ്വയംമറന്നു പാടി -
'ധന്യയായ പൊയ്കയിലെ താമരപ്പൂവേ,
ചപല മാരുതൻ നിന്നെ ഉലയ്ക്കുന്നുണ്ടെങ്കിലും
നീ തിരിയുന്നിടത്തൊക്കെയും സ്വാമിയായ
സൂര്യന്റെ രശ്മികൾ നിന്നെ തൊടുന്നുണ്ടല്ലോ'
നളിനിയുടെ മനോഹരഗാനം ആ യുവതാപസൻ കേട്ടു. അദ്ദേഹം അത്ഭുതപ്പെട്ടു. ഈ ഏകാന്തഭൂമിയിൽ ഏതുപെൺകൊടിയാണ് ഈ സമയത്തു മധുരഗാനം പാടുന്നത്..! അദ്ദേഹം ആ താമരപ്പൊയ്കയുടെ അടുത്തേക്കുചെന്നു.
നറുനിലാവിന്റെ രാത്രിയിൽ വൃക്ഷച്ചുവട്ടിലേക്കു പാളിവീഴുന്ന നിലാക്കീറുപോലെ മനോഹരിയായ ഒരു യുവതി..! അവളാകട്ടെ ആ യുവതാപസനെ കണ്ട് ഞെട്ടിപ്പോയി..! കാരണം അത് നളിനിയുടെ സ്നേഹത്തിനു പാത്രമായിരുന്ന കളിത്തോഴൻ ദിവാകരനായിരുന്നു..! സാവധാനം അവളുടെ ഹൃദയത്തിൽ ആഹ്ലാദം തിരതല്ലി..!
തന്റെ സ്നേഹഭാജനമായ ദിവാകരനാണ് യോഗിയായി മുന്നിൽനിൽക്കുന്നതെന്നറിഞ്ഞ നളിനി ആ സന്യാസിയുടെ മുമ്പിൽ കുമ്പിട്ടു. അവളെ തിരിച്ചറിയാനായില്ലെങ്കിലും അദ്ദേഹം ആ ധന്യയുവതിയെ അനുഗ്രഹിച്ചു. അനുകമ്പാപൂർവ്വം അവളുടെ വിവരങ്ങൾ ആരാഞ്ഞു.
പ്രിയതോഴനായിരുന്ന നളിനിയാണ് ഞാൻ എന്ന് പറഞ്ഞു അവൾ സ്വന്തം കഥ ദിവാകരനെ അറിയിച്ചു. എന്നും ദിവാകരനുവേണ്ടി കാത്തിരുന്നവളാണ് നളിനി. എന്നാൽ തന്റെ കളിക്കൂട്ടുകാരൻ നാടും വീടും ഉപേക്ഷിച്ചു സന്യാസത്തിനായിപ്പോയപ്പോൾ അവൾ തളർന്നുപോയി. സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം നടത്താൻ അച്ഛൻ തീരുമാനിച്ചതോടെ ജീവിതംതന്നെ അവസാനിപ്പിക്കാൻ നളിനി ഉറച്ചു..!
പക്ഷെ മരണവും വഴിമാറിക്കളഞ്ഞു. ആത്മഹത്യചെയ്യാൻ ഒരു കയത്തിൽച്ചാടിയ നളിനിയെ ഒരു സന്യാസിനി രക്ഷിക്കുകയും തന്നോടൊപ്പം വ്രതധ്യാനങ്ങൾ പരിശീലിപ്പിക്കുകയും ചെയ്തു. തപോവിദ്യയിൽ മുഴുകിയ നളിനി തന്റെ പ്രിയനെ താമസിയാതെ കണ്ടെത്തുമെന്ന് ആ യോഗീമാതാവ് പ്രവചിച്ചനുഗ്രഹിച്ചു. അതിപ്പോൾ സഫലമായിരിക്കുന്നു.
തന്റെ പ്രിയതമനെ കണ്ടതോടെ അദ്ദേഹത്തോടൊപ്പം ശിഷ്ടകാലം ജീവിക്കാൻ നളിനി വെമ്പുകയായി. എന്നാൽ കേവലമായ വ്യക്തിസ്നേഹത്തിലല്ല, മഹത്തായ മാനവസ്നേഹത്തിലാണ് ദിവാകരയോഗിയുടെ കണ്ണ്. ക്ഷണികവും നശ്വരവുമായ സ്നേഹം അർത്ഥശൂന്യമാണ്. എനിക്ക് നിന്നിൽ കരുണയുണ്ട്. അതിനാൽ ശാശ്വത സത്യത്തിനാധാരമായ സ്നേഹതത്വം ഞാൻ നിനക്ക് പറഞ്ഞുതരാം'. ദിവാകരയോഗി നളിനിയോടു പറഞ്ഞു.
തന്റെ ബാല്യകാലസുഹൃത്തും പ്രിയതമനുമായിരുന്ന ദിവാകരൻ ഇന്ന് മഹായോഗിയായിരിക്കുന്നു..! അദ്ദേഹത്തിൻറെ വാക്കുകൾ നളിനിയുടെ ഹൃദയത്തെ നിർമ്മലമാക്കി..! അവൾ രോമാഞ്ചമണിഞ്ഞു. ദുഃഖങ്ങളകന്ന് മോഹാലസ്യപ്പെട്ട് നളിനി ദിവാകരന്റെ ശരീരത്തിലേക്ക് ചാഞ്ഞു. "ഓം" എന്ന വേദമന്ത്രം ഉരുവിട്ട് ദിവാകരന്റെ കൈകളിൽ കിടന്ന് നളിനി അന്ത്യനിദ്രയായി..! വിശുദ്ധസ്നേഹത്തിന്റെ ആ വിമല മുഹൂർത്തം യോഗിയായിരുന്നിട്ടും ദിവാകരനെ ഉലച്ചുകളഞ്ഞു..! അദ്ദേഹത്തിൻറെ കണ്ണിൽനിന്നും ഏതാനും കണ്ണുനീർത്തുള്ളികൾ അവളുടെ നിർമ്മലവദനങ്ങളിലേക്കിറ്റുവീണു. ആ കണ്ണീർ ഉദകമാക്കി, ആ യുവയോഗി നളിനിക്ക് അന്ത്യകർമ്മം ചെയ്ത് യാത്രയായി..!
credits: അനസ് സംസ്കൃതി
Thanks sir
ReplyDeleteഒരുപാട് നന്ദിയുണ്ട്
ReplyDeleteThankyou so much
ReplyDeletesuper thank you
ReplyDelete