Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Monday, March 13, 2023

ആദരാഞ്ജലികൾ


         

യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് രാംനഗർ ഗവൺമെൻറ് ഹൈസ്കൂളിൽ  മലയാളം അധ്യാപകനായിരുന്നു.2005 ല്‍ സാഹിത്യ അക്കാദമിയുടെ ദേശീയ സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.

    തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂണ്‍, ഉച്ചമഴയില്‍, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങള്‍( കവിതകള്‍), വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് കൃതികള്‍. കവിതകള്‍ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനവും ചെയ്തിട്ടുണ്ട്. 

    മഹാകവി പി സ്മാരക യുവകവി പ്രതിഭാ പുരസ്‌കാരം, മൂടാടി ദാമോദരന്‍ സ്മാരക കവിതാപുരസ്‌കാരം, പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

എച്ച് എസ് മലയാളത്തിന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയുമായ അദ്ദേഹത്തിന്റെ അകാലവിയോഗത്തിൽ ഞങ്ങളുടെ ദുഃഖവും ആദരാഞ്ജലികളും രേഖപ്പെടുത്തുന്നു.

അദ്ദേഹത്തിന്റെ ഒരു കവിതയിൽ നിന്ന്...

 

"ഞാൻ മരിക്കുമ്പോൾ

ഗൂഢ ഭാഷയിലുള്ള ഒരു സന്ദേശം

വിട്ടുപോകും

 

കഴിഞ്ഞ ജന്മത്തിലെ

എന്റെ ഭാഷയെ

കണ്ടെത്തിയ നീ

നിശബ്ദയാവും

 

വരും ജന്മത്തിലെ

എന്റെ സൂക്ഷ്മ ശരീരത്തെ

കാത്ത് കാത്ത്

മൗനമായി ചിരിക്കും

 

ഇതല്ലാതെ 

നിനക്കെന്താണ്

ചെയ്യാനാവുക?

 

മരണ ശേഷം

അൽപ സമയത്തേക്ക്

പൂർവജന്മ സ്മരണകൾ

നിലനിൽക്കുന്നത് പോലെ

നിന്നെ കാണുമ്പോൾ"

 

ഈയൽ - ബിജു കാഞ്ഞങ്ങാട്

 

No comments:

Post a Comment

സുകുമാരൻ ചാലിഗദ്ധയോടൊത്ത് ശ്രീ.എം പി വാസു

  കെത്തളുവിന്റെ കവി ശ്രീ.സുകുമാരൻ ചാലിഗദ്ധയുമായി കേരള കരിക്കുലം കമ്മറ്റി അംഗം ഡോ  . എം പി വാസു   മുടൂർ   നടത്തിയ അഭിമുഖം