Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Thursday, April 13, 2017

പ്രണയതാഴ് വരയിലെ ദേവദാരു - ജോർജ് ഓണക്കൂർ

*പ്രണയതാഴ് വരയിലെ ദേവദാരു*
*രചയിതാവ് : ജോര്‍ജ്ജ് ഓണക്കൂര്‍
*അവലോകനം : ഡോ സുജയ     
                                                                
                                                                                                                         
Let me not to the marriage of true minds
Admit impediments, Love is not love
Which alters when it alteration
It is an ever-fixed mark
That looks on tempests and is never  shaken… 
                             പ്രണയത്തിന്റെ തീക്ഷ്ണതയെക്കുറിച്ചുള്ള ഷേക്സ്പിയര്‍ വചനങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള തുടക്കം തന്നെ നോവലിന്റെ പേരുപോലെ പ്രണയാന്തരീക്ഷം സൃഷ്ടിയ്ക്കുന്നു. നോവലിന്റെ ആദ്യവസാനം നിറഞ്ഞു നില്‍ക്കുന്നുണ്ട് ഈ പ്രണയത്തിന്റെ തുടിപ്പും തിമര്‍പ്പും. അച്ഛന്റെ അഭാവത്തില്‍ അമ്മയുടെ സ്നേഹവലയത്തില്‍ അറിവും സംസ്കാരവും ആര്‍ജ്ജിച്ച ഹര്‍ഷവര്‍ദ്ധനന്‍ എന്ന ഉണ്ണിയ്ക്ക് വിദ്യാഭ്യാസത്തിനു ശേഷമുള്ള ഒരു ഇറ്റലി സന്ദര്‍ശനത്തില്‍ പരിചയപ്പെട്ട  സൈറ എന്ന ഇസ്രയേല്‍ വംശജയുമായുണ്ടായ പ്രണയവും, ഭാരതത്തില്‍ വെച്ച് അതിനുണ്ടായ സാഫല്യവും – അതാണീ കൃതിയുടെ ഇതിവൃത്തം.
അമ്മ, ഉണ്ണി, സൈറ, അശ്വതി, പ്രകാശ്, പമീല – തുടങ്ങിയവരാണിതിലെ പ്രധാന കഥാപാത്രങ്ങള്‍. ഉണ്ണിയും അമ്മയും തമ്മിലുള്ള ബന്ധം, ഉണ്ണിയും സൈറയും തമ്മിലുള്ള പ്രണയം -  ഇങ്ങനെ ദൃഢമായ രണ്ടു തന്തുക്കള്‍ പിരിച്ചുണ്ടാക്കിയതാണിതിലെ ഇതിവൃത്തം. ഭാരതസംസ്കാരം സ്ത്രീയ്ക്ക് – അമ്മയ്ക്ക്, ഭാര്യയ്ക്ക്, സഹോദരിയ്ക്ക് – നല്‍കുന്ന പ്രാധാന്യമെന്തെന്ന് ഇതിന്റെ ഇഴയടുപ്പം വിശദമാക്കുന്നു.
_*ഭൂമിയുടെ ശബ്ദം*_
                     ഒരിയ്ക്കല്‍ പഠിച്ചുവെച്ചിരുന്ന നൃത്തച്ചുവടുകളുടെ താളം കൊണ്ട്  വൈധവ്യത്തിന്റെ നിശ്ശബ്ദതയെ ശബ്ദ നിര്‍ഭരമാക്കിയെടുത്ത അമ്മയാണ് ഉണ്ണിയുടെ സര്‍വ്വവും. ബാല്യത്തിലുടനീളം  അവന് താങ്ങും തണലും കരുത്തുമായി നിന്ന അമ്മയാണ് സ്വന്തം നാടിന്റെ സംസ്കാരത്തോടു മമതയും അഭിമാനവും അവന്റെ മനസ്സില്‍ വളര്‍ത്തിയെടു ത്തത്. ഒരിയ്ക്കലും മകന്റെ മാര്‍ഗ്ഗത്തില്‍  വിഘാതം സൃഷ്ടിയ്ക്കാത്ത അമ്മ അവ നെ രാഷ്ട്രത്തിനു വിട്ടു കൊടുക്കു കയാണുണ്ടായത്. മുംബൈ ഐ.ഐ.ടി.യില്‍ എയ്റോ സ്പെയ്സ് എഞ്ചിനീയറിങ്ങിന് പ്രവേശനം കിട്ടിയ പ്പോള്‍ മടിച്ചു നിന്ന ഉണ്ണിയെ പ്രോത്സാഹിപ്പിച്ച് പറഞ്ഞയയ്ക്കുകയാണ് അമ്മ ചെയ്തത്. കാണാനുള്ള വെമ്പലടക്കി വെച്ച് അമ്മ മകനെ ഉയരങ്ങളിലേയ്ക്കുയരാന്‍ അനുവദിച്ചു.
                      എട്ടു കൊല്ലങ്ങള്‍ക്ക് ശേഷമാണ് ഉണ്ണി പിന്നെ നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്. ഒരു ഇറ്റലി സന്ദര്‍ശനത്തിലൂടെ തന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുത്താണ്  അയാള്‍  തിരിച്ചു വരുന്നത്. അന്യദേശക്കാരിയെ, അന്യമതക്കാരിയെ അമ്മ നിറഞ്ഞ മനസ്സോടെത്തന്നെ സ്വീകരി യ്ക്കുമെന്ന്  ഉണ്ണിയ്ക്കുറപ്പായിരുന്നു. മറ്റൊരിഷ്ടം മനസ്സിലുണ്ടായിട്ടും അമ്മ മകന്റെ ആഗ്രഹത്തോട് ഒരെതിര്‍പ്പും കാണിച്ചില്ല. സൈറയെ ശിവാനിയാക്കി മകന്റെ ജീവിത പങ്കാളിയാക്കിക്കൊടുത്തു.
                        അമ്മ ഉണ്ണിയുടെ ചുവടുകള്‍ക്ക് പ്രകാശമായിരുന്നു. ഇല്ലത്തെ ഇടുങ്ങിയ ഇടനാഴികളില്‍ നിന്ന് പുറത്തിറങ്ങാത്ത സ്ത്രീ തന്റെ മകനൊരുക്കി വെച്ചത് ഭൂമിയുടെ വിസ്തൃതിയും ആകാശത്തിന്റെ അപാരതയുമാണ്. കാവിലെ ചോറ്റാനിക്കര അമ്മയും, കുരിശുപള്ളിയിലെ വ്യാകുലമാതാവും – ഉണ്ണിയുടെ മറ്റു രണ്ടമ്മമാരാണ്. “നാടും നഗരവും നേരിട്ട് കാണണം, ഇന്ത്യ എന്താണെന്നറിയണം. അറിവുകള്‍ക്കപ്പുറത്ത് യഥാര്‍ത്ഥമായ ജ്ഞാനം സ്വന്തമാക്കണം. കുട്ടിക്കാലത്ത് ഓതിപ്പഠിപ്പിച്ച തത്ത്വങ്ങള്‍ അനുഭവങ്ങളിലൂടെ മനസ്സില്‍ വേരോടണം. എങ്കിലേ ഭൂമിയുടെ അതിരു കള്‍ ഭേദിച്ച് ആകാശങ്ങളിലേയ്ക്ക് പറക്കുമ്പോള്‍ ഈ മണ്ണിന്റെ മഹത്വം താരതമ്യങ്ങളില്ലാത്തതാണെന്ന സംസ്കാരം ശക്തി പകരൂ” എന്നു പദേശിയ്ക്കുന്ന അമ്മ വേരുകളറുത്തുള്ള ഉയര്‍ച്ച അനുചിതമാണെന്ന അറിവ് മകന്റെ പ്രജ്ഞയില്‍  പകര്‍ന്നു കൊടുക്കുന്ന അമ്മയാണ്. ആ അമ്മ തന്നെ വിദേശ രാജ്യങ്ങളിലേയ്ക്ക് ജോലി തേടി പ്പോകരുതെന്നു മകനെ ഉപദേശിച്ചു. “അത് അമ്മയുടെ സ്വാര്‍ത്ഥതയല്ല. ഈ ഭൂമിയും അതിന്റെ സംസ്കാരത്തെയും സ്നേഹിയ്ക്കുന്ന ഒരമ്മയുടെ പ്രാര്‍ത്ഥനയാണ്. ഉയരങ്ങള്‍ തേടുക ബുദ്ധിയാണ്. അന്തരീക്ഷവും ആകാശവും അതിന്റെ അനന്തസാദ്ധ്യതകളുമൊക്കെ നിരീക്ഷിച്ചറിഞ്ഞതാണ് ഉണ്ണിയുടെ പഠനം. ഈ മണ്ണില്‍ നിന്ന് പിഴുതെറിയപ്പെടാതെ അതിന്റെ ചൈതന്യം ഹൃദയത്തെ ഉണര്‍ത്തണം”. എന്ന് തന്റെ ഉപദേശത്തിനുള്ള പ്രേരണയും അമ്മവ്യക്ത മാക്കുന്നുണ്ട്. “മേല്‍പ്പാഴൂര്‍ ഇല്ലത്തിന്റെ ദര്‍ശനപാരമ്പര്യം അവകാശപ്പെടുന്ന അന്തര്‍ജ്ജനത്തിന്റെ സംസ്കാരം” എന്ന് ഉണ്ണി തന്റെ അമ്മയുടെ ഹൃദയത്തിന്റെയും അറിവിന്റെയും വിശാലതയെ വിലയിരുത്തുന്നുണ്ട്. അത് കൊണ്ടു തന്നെയാണ്  അവസരങ്ങളുടെയും പ്രേരണകളുടെയും മുന്നില്‍ ഉണ്ണി മുഖം തിരിച്ചു നിന്നത്.
ഇന്ത്യയെ തേടിയുള്ള യാത്രയ്ക്കൊരുങ്ങുമ്പോള്‍ ഉണ്ണിയെക്കൊണ്ട് സൈറയുടെ കഴുത്തില്‍ താലി ചാര്‍ത്തിയ്ക്കുന്നുണ്ട് അമ്മ. “നിങ്ങളുടെ പ്രണ യത്തിന് ഇങ്ങനെയൊരു മുദ്ര ആവശ്യമില്ല. ഞാനത് അറിയുന്നുണ്ട്. എങ്കിലും ഈ നാട്ടില്‍ ഒരു പെണ്‍കുട്ടിയ്ക്ക് ഇത് സുരക്ഷയാണ്, ധന്യത യാണ്‌. ഒരിയ്ക്കലും വേര്‍പിരിയ്ക്കാന്‍ കഴിയാത്ത ഹൃദയ ബന്ധം” എന്നൊരു മുന്നറിയിപ്പോടെ. നാടിന്റെ സംസ്കാരത്തോടൊപ്പം അവസ്ഥ കൂടി മനസ്സിലാക്കുന്നുണ്ട് അമ്മ. ഒരു പെണ്‍കുട്ടിയുടെ, മകളുടെ അമ്മയുടെ മനസ്സിന്റെ കരുതല്‍ ഇവിടെ കാണുന്നു.
                     ഉണ്ണിയ്ക്ക് അമ്മ ഭൂമിയാണ്‌.  താനാകുന്ന മരം ആഴ്ത്തിയിരിയ്ക്കുന്ന വേരുകളെ മുറുകെ പുണര്‍ന്ന് വേണ്ടതെല്ലാം തന്നു പരിപോഷിപ്പിച്ച് നിലനിര്‍ത്തുന്ന ഭൂമി.
_*ദേവദാരുവും ചന്ദനവും*_
                      അമ്മയുടെ വേദനയും , കഷ്ടപ്പാടും, അവ മറന്നുള്ള കരുത്തും സ്നേഹവും സംതൃപ്തിയും സംസ്കാരവുമൊക്കെയാണ് ഉണ്ണിയുടെ വ്യക്തിത്വ ത്തിന്റെ ബലിഷ്ഠമായ അടിത്തറ. നാട്ടില്‍ത്തന്നെ വിദ്യാഭ്യാസവും ജോലിയും എന്നായിരു ന്നു ഉണ്ണിയുടെ തീരുമാനം. ഉയരങ്ങളെ നിഷേധിയ്ക്ക രുതെന്ന അമ്മയുടെ വാക്കാണ്‌ ഉണ്ണിയെ മുംബൈയിലേ യ്ക്കെത്തിച്ചത്. വിദ്യാഭ്യാസത്തിന്റെ ഉയരങ്ങളിലേയ്ക്കെത്താന്‍ കഴിഞ്ഞപ്പോഴും ജോലി സ്വന്തം നാട്ടില്‍ത്തന്നെ എന്ന തീരുമാനത്തിനു മാറ്റമുണ്ടായില്ല. പ്രണയത്തിലും വിവാഹത്തിലുമൊക്കെ വിരക്തനായിരുന്ന ഉണ്ണി അത് സുഹൃത്തിനോട് പറയുന്നുമുണ്ട്. “എന്റെ ജീവിതത്തില്‍ അതൊക്കെ എത്രയും അപ്രധാനമാണ്. ഗവേഷണം യഥാസമയം പൂര്‍ത്തിയാക്കി ഞാന്‍ നാട്ടില്‍ മടങ്ങിയെത്തും. പഠിച്ചതും അറിഞ്ഞതുമൊക്കെ എന്റെ നാടിനു സമര്‍പ്പിയ്ക്കാനുള്ളതാണ്.” “വേര്‍തിരിയ്ക്കപ്പെട്ട ജീവിതം, വ്രതശുദ്ധി യാര്‍ന്ന അമ്മയുടെ മകന് അവന്റെ ഭൂമിയും ആകാശവുമുണ്ട്. മായക്കാഴ്ചകള്‍ വിഭ്രമിപ്പിയ്ക്കുന്നില്ല” എന്ന് സ്വയം പറഞ്ഞുറപ്പിയ്ക്കുന്നുമുണ്ട്. ഉയര്‍ന്നു പറക്കാന്‍ മോഹമില്ലാത്ത, ചെറുതുകളില്‍ സംതൃപ്തിയും നിര്‍വൃതിയും കാണുന്ന, ഒരു കുരുവിയായാണ് ഉണ്ണി സ്വയം കരുതുന്നത്.

Thursday, March 9, 2017

SSLC 2017 മലയാളം II ചോദ്യപേപ്പർ

SSLC മലയാളം I ചോദ്യവിശകലനം

പത്താം ക്ലാസ് പരീക്ഷയില്‍ പ്രതീക്ഷ നിലനിര്‍ത്തി മലയാളം
മാറിയ പാഠ്യപദ്ധതി അനുസരിച്ചുള്ള ആദ്യ എസ്.എസ്.എല്‍.സി പരീക്ഷ എന്ന സവിശേഷതയോടെയാണ് മലയാളം ഒന്നാം പേപ്പര്‍ ആരംഭിച്ചത്. അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് വിഭിന്ന നിലവാരക്കാരെ പരിഗണിക്കുന്നതും നിലവാരം പുലര്‍ത്തുന്നതുമായിരുന്നു ചോദ്യങ്ങള്‍. ഉള്ളടക്കത്തിനും അവധാരണത്തിനും ഭാഷാനൈപുണിക്കും ആസ്വാദനാംശങ്ങള്‍ക്കും പ്രാധാന്യം നല്‍കാന്‍ ചോദ്യകര്‍ത്താവ് ശ്രദ്ധിച്ചിട്ടുണ്ട്.
മോഡല്‍ പരീക്ഷയുടെ മാതൃകയില്‍ തന്നെ ഒരു മാര്‍ക്ക് വീതമുള്ള ആദ്യത്തെ നാല് ചോദ്യങ്ങളില്‍ മൂന്നെണ്ണത്തിന് തന്നിരിക്കുന്ന ഉത്തരങ്ങളില്‍ നിന്ന് ശരി എടുത്തെഴുതാനുള്ളതായിരുന്നു. എന്നാല്‍ മോഡല്‍ പരീക്ഷയില്‍ നിന്നും വിഭിന്നമായി ഉത്തരം തെരഞ്ഞെടുക്കാന്‍ സംശയലേശമെന്യേ കഴിയുന്ന ചോദ്യങ്ങളായിരുന്നു എന്നത് കുട്ടികള്‍ക്ക് ആശ്വാസമേകി.
'ഭാരതീയര്‍ക്കുണ്ടായിരുന്ന ഉജ്ജ്വലാദര്‍ശങ്ങള്‍ ഈ കാവ്യത്തില്‍ ഉടനീളം പ്രകാശിച്ചു നില്‍ക്കുന്നു' എന്നതില്‍ ഉജ്ജ്വലാദര്‍ശങ്ങള്‍ എന്ന പദത്തിന്റെ വിഗ്രഹരൂപം തെരഞ്ഞെടുക്കാനുള്ള ഒന്നാമത്തെ ചോദ്യത്തിന് ഉജ്ജ്വലമായ ആദര്‍ശങ്ങള്‍ എന്ന ഉത്തരത്തില്‍ അനായാസം എത്തിച്ചേരാം.
'ശ്ലോകത്തില്‍ കഴിക്കുക' എന്ന കഥകളി ശൈലിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കഥകളി സെമിനാര്‍ ഉള്‍പ്പെടുന്ന ക്ലാസ്സ്റൂം പ്രവര്‍ത്തനങ്ങളിലൂടെ കടന്നുവന്നതിനാല്‍ ചുരുക്കിപ്പറയുക എന്ന ഉത്തരത്തില്‍ എത്താന്‍ പ്രയാസമില്ല. 'മൈക്കലാഞ്ജലോ മാപ്പ്' എന്ന കവിതയിലെ മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദന ആവിഷ്ക്കരിക്കാന്‍ കവി ഉപയോഗിക്കുന്ന പ്രതീകം ഏത് എന്ന മൂന്നാമത്തെ ചോദ്യത്തിന് പാഴ്ചിപ്പി എന്ന് ഉത്തരം എഴുതാം.
അര്‍ത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കി എഴുതാനുള്ള നാലാം ചോദ്യം 'അമ്മ എന്നെ പ്രസവിച്ച്‌ മുലപ്പാലും മറ്റും തന്ന് വളര്‍ത്തി ഒരാളാക്കി തീര്‍ത്തു' എന്നോ 'പ്രസവിച്ച്‌ മുലപ്പാലും മറ്റും തന്ന് വളര്‍ത്തി അമ്മ എന്നെ ഒരാളാക്കി തീര്‍ത്തു' എന്നോ ആശയം നഷ്ടപ്പെടാതെ എഴുതാം.
തുടര്‍ന്ന് വരുന്ന രണ്ട് മാര്‍ക്കിന്റെ രണ്ട് ചോദ്യങ്ങളും പാഠസന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. 'ഉരുളക്കിഴങ്ങ് തിന്നുന്നവര്‍' എന്ന കഥയിലെ ജൂലിയാനയുടെ അവസ്ഥയും 'ഭാരതപര്യടന'ത്തിലെ മരണക്കിടക്കയില്‍ പോലും സഹോദരിയേയും അച്ഛനമ്മമാരേയും ആദ്യം ഓര്‍ക്കുന്ന ദുര്യോധനന്റെ അവസ്ഥയും പാഠം നന്നായി വായിച്ച കുട്ടികള്‍ മറക്കില്ല.
നാല് മാര്‍ക്കിന്റെ ആറ് ചോദ്യങ്ങള്‍ നല്‍കി അഞ്ചെണ്ണത്തിന് മാത്രം ഉത്തരം എഴുതേണ്ടവയില്‍ ഒന്നാമത്തേത് എഴുത്തച്ഛന്റെ 'ലക്ഷ്മണ സാന്ത്വന'ത്തിലെ ജീവിത വീക്ഷണമാണ്. 'നളിനി'യിലെ കാവ്യഭാഗത്തിന്റെ സവിശേഷതകള്‍ കുറിക്കാനുള്ള എട്ടാം ചോദ്യവും നളചരിതത്തിലെ പുഷ്കരന്റെ സ്വഭാവ സവിശേഷതകള്‍ വിലയിരുത്താനുള്ള ഒന്‍പതാം ചോദ്യവും പാദവാര്‍ഷികപരീക്ഷയില്‍ ആവര്‍ത്തിച്ച തിനാല്‍ താരതമ്യേന എളുപ്പമായി.
'നീ എന്റെ ഹൃദയത്തിനകത്താണോ നില്‍ക്കുന്നത്്?' എന്ന ദസ്തയേവ്സ്കിയുടെ ചോദ്യത്തില്‍ നിന്നും അന്നയുടെയും ദസ്തയേവ്സ്കിയുടെയും ഹൃദയൈക്യത്തിന്റെ തീവ്രത വിശകലനം ചെയ്യുന്ന ചോദ്യം മോഡല്‍ പരീക്ഷയ്ക്ക് വന്ന ചോദ്യത്തിന്റെ വിപുലനമാണ്. ശരണ്‍കുമാര്‍ ലിംബാളെ യുടെ 'അക്കര്‍മാശി'യിലെ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന സന്ദേശം എഴുതാനുള്ള പന്ത്രണ്ടാം ചോദ്യവും മോഡല്‍ പരീക്ഷയില്‍ നിരീക്ഷണ കുറിപ്പായി എഴുതാന്‍ ചോദിച്ചിരുന്നതിനാല്‍ സമയബന്ധിതമായി ഉത്തരം എഴുതാന്‍ കഴിയുന്നതായിരുന്നു.
തുടര്‍ന്ന് വരുന്ന ആറ് മാര്‍ക്കിന്റെ മൂന്ന് ചോദ്യങ്ങളില്‍ നിന്നും ഏതെങ്കിലും രണ്ടെണ്ണം തെരഞ്ഞെടുക്കാം. ലഘൂപന്യാസവും നിരൂപണക്കുറിപ്പും ആസ്വാദനവും ഉള്‍പ്പെട്ട ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ 'അമ്മ' എന്ന കഥയിലെയും ഒ.വി വിജയന്റെ 'കടത്തീരത്ത്' എന്ന കഥയിലെയും ഭാഗങ്ങളില്‍ നിന്നും മാതാപിതാക്കള്‍ക്ക് മക്കളോടുള്ള സ്നേഹവാല്‍സല്യങ്ങളുടെ ആഴം ആവിഷ്ക്കരിക്കുന്നതെങ്ങനെ എന്ന ചോദ്യം എല്ലാ വിഭാഗക്കാരെയും പരിഗണിച്ചുകൊണ്ടുള്ളതാണ്.
'ചിത്രകലയും കാവ്യകലയും' എന്ന പാഠഭാഗത്തെ എം.പി പോളിന്റെ വാക്കുകളെ അടിസ്ഥാനമാക്കി 'ഉരുളക്കിഴങ്ങു തിന്നുന്നവര്‍', 'മൈക്കലാഞ്ജലോ മാപ്പ്' തുടങ്ങിയ രചനകളിലെ നന്മയും സൗന്ദര്യവും കണ്ടെത്തുന്ന ചോദ്യം ഉയര്‍ന്ന നിലവാരക്കാരെ തൃപ്തിപ്പെടുത്തുന്നതാണ്. ഉള്ളടക്കത്തോടൊപ്പം ആസ്വാദനാംശങ്ങള്‍ക്കുകൂടി പ്രാധാന്യം കൊടുത്തുകൊണ്ട് ഉത്തരം മെച്ചപ്പെടുത്താം.
ആസ്വാദനക്കുറിപ്പ് തയ്യാറാക്കാനുള്ള അവസാന ചോദ്യം ഒളപ്പമണ്ണയുടെ 'ചന്ദനം' എന്ന കവിതയിലെതാണ്. പലപ്പോഴും ആവര്‍ത്തിക്കുന്നതിനാല്‍ ഈ ചോദ്യത്തിന് പുതുമ നിലനിര്‍ത്താനായില്ല. ആദര്‍ശവ ക്കരിക്കപ്പെട്ട സ്ത്രീ സങ്കല്‍പം പ്രകടമാകുന്ന കവിതയായതിനാല്‍ സമകാലിക സമത്വദര്‍ശനത്തെ ഉള്‍ക്കൊള്ളാന്‍ ഈ ചോദ്യത്തിന് സാധിച്ചില്ല.
എന്നാല്‍ 'അമ്മ', 'ഞാന്‍ കഥാകാരനായ കഥ', 'വിശ്വരൂപം' തുടങ്ങിയ പാഠഭാഗങ്ങളുമായി ചേര്‍ത്തു വച്ചുകൊണ്ട് ഉത്തരം എഴുതാനുള്ള സാദ്ധ്യത കൂടി ഈ ചോദ്യത്തിലുണ്ട്. 'വിശ്വരൂപം', 'ഞാന്‍ കഥാകാരനായ കഥ' എന്നിവയെ നേരിട്ട് പരാമര്‍ശിച്ചുകൊണ്ട് ഒരു ചോദ്യം പോലും ഉണ്ടായിരുന്നില്ല. 'അമ്മ' 'പ്രലോഭനം' തുടങ്ങിയ പാഠങ്ങളില്‍ നിന്നും ഒന്നിലധികം ചോദ്യങ്ങള്‍ ഉണ്ടായിരുന്നുതാനും.
ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച എന്നവണ്ണം ആസ്വാദനം, വിശകലനം, നിരീക്ഷണം, നിരൂപണം, ഉപന്യാസം തുടങ്ങി വിവിധ വ്യവഹാരരൂപങ്ങളിലൂടെ കടന്നു പോകാന്‍ ചോദ്യകര്‍ത്താവിന് സാധിച്ചിട്ടുണ്ട്. പാഠപുസ്തങ്ങളിലെ യൂണിറ്റുകള്‍ക്ക് മുന്നോടിയായി ലളിതവും കാവ്യാത്മകവും തീവ്രവുമായ പ്രവേശകങ്ങള്‍ നല്‍കുകയും അവ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തെങ്കിലും ചോദ്യങ്ങളില്‍ അവയ്ക്ക് സ്ഥാനമുണ്ടായില്ല.
മലയാള സാഹിത്യത്തിന്റെ വൈവിദ്ധ്യവും വൈചിത്ര്യവും ഉള്‍പ്പെടുന്ന ചോദ്യങ്ങള്‍ക്കൊപ്പം ഭാരതീയ സാഹിത്യത്തിന്റെയും ലോകസാഹിത്യത്തിന്റെയും ആഴവും പ്രസക്തിയും അളക്കാനുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. തുടര്‍ന്നുള്ള പരീക്ഷകളെ ഭയാശങ്കകളില്ലാതെ നേരിടാനും ആത്മവിശ്വാസം പകരാനും ഉതകുന്നതായി കേരളപാഠാവലി അഥവാ മലയാളം ഒന്നാം പേപ്പർ .
( മാതൃഭൂമി )
‍

Wednesday, March 8, 2017

മലയാളം 2 പരീക്ഷാ പരിശീലനം

വിജയവാണി - എങ്ങനെ പരീക്ഷ എഴുതണം

Audio Download

MALAYALAM II (ദീപിക പത്രം പരിശീലന പരിപാടി pdf)

SSLC പരീക്ഷ 2017 മലയാളം I ചോദ്യപേപ്പര്‍

ഈ വര്‍ഷത്തെ SSLC പരീക്ഷ  ആരംഭിച്ചു. ഒന്നാം ദിവസമായ ഇന്ന് നടന്ന മലയാളം ഒന്നാം പേപ്പര്‍ പൊതുവെ എളുപ്പമായിരുന്നു എന്നാണ് വിലയിരുത്തല്‍

ചോദ്യപേപ്പര്‍

Annual Examination 2017 Question Papers

എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...