സൂര്യനാരായണന്‍ എം.കെ.
കവിതയിലൂടെ
മൈക്കലാഞ്ജലോയുടെ പിയത്ത
എന്ന ശില്പത്തിന്റെ നേർക്ക് 1972 മേയ് 21-ന് മയക്കുമരുന്നിന് അടിമയായ
ലാസ്ലോടോത്ത് എന്ന യുവാവ് ആക്രമണം നടത്തി. അതിനെക്കുറിച്ചുള്ള പത്രവാർത്ത
വായിച്ചപ്പോൾ കവി ഒ.എൻ.വി.കുറുപ്പിനുണ്ടായ വൈകാരികാനുഭവത്തിൽനിന്ന് രൂപപ്പെട്ടതാണ്
'മൈക്കലാഞ്ജലോ മാപ്പ്' എന്ന കവിത.
കുരിശിൽനിന്നിറക്കിയ
യേശുവിന്റെ തിരുശരീരം വാത്സല്യപൂർവം മടിത്തട്ടിൽ താങ്ങിക്കിടത്തിയ
അമ്മമറിയത്തിന്റെ കരുണാർദ്രമായ ഭാവം ആവിഷ്കരിക്കുന്ന 'പിയത്ത' എന്ന ശില്പം
കവിമനസ്സിലുണർത്തിയ അനുഭൂതികൾ ആവിഷ്കരിച്ചുകൊണ്ടാണ് കവിത ആരംഭിക്കുന്നത്.
ഒരു
ആശ്വാസത്തിനും ഉരുക്കിക്കളയാനാവാത്ത ദുഃഖമാണ് മറിയത്തിന്റെത്. ലില്ലിപ്പൂവിലെ
രക്തരേഖകൾപോലെ ചോരവാർന്നൊഴുകിയ ആറിത്തണുത്ത തിരുശരീരം എന്ന വിശേഷണം യേശു
ഏറ്റുവാങ്ങിയ പീഡാനുഭവത്തിന്റെ അടയാളമാണ്. തന്നെ മരണത്തിലേക്ക്
വലിച്ചെറിഞ്ഞവരോടുപോലും പൊറുക്കണമേ എന്ന് പാതികൂമ്പിയ യേശുവിന്റെ കണ്ണുകൾ അപ്പോഴും
പ്രാർഥിക്കുന്നുണ്ടായിരുന്നു. അമ്മയുടെയും മകന്റെയും ദൈന്യത്തെ
ജീവസ്സുറ്റതാക്കുന്ന 'പിയത്ത' കവിമനസ്സിൽ ഉജ്ജ്വലമുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നു.
യേശുവിന്റെ
പീഡാനുഭവയാത്രയിൽ അരിമത്യക്കാരനായ ജോസഫിനും ഗലീലിയയിലെ സ്ത്രീകൾക്കുമൊപ്പം
ദൃക്സാക്ഷിയായ അനുഭവമാണ് 'പിയത്ത' എന്ന ശില്പം കണ്ട കവി പങ്കുവെക്കുന്നത്. ദുഃഖഭാരവുമായി
ഇരിക്കുന്ന മറിയത്തെയും മരണമാശ്ലേഷിച്ചിട്ടും മാതാവിന്റെ മടിയിൽ
ഉയിർതേടിയിരിക്കുന്ന യേശുവിന്റെയും ശില്പം കൊത്തിമിനുക്കിയ 'പിയത്ത'യെ വിവരിച്ചുതന്ന
ഗൈഡിനും ഒപ്പം മഹാനായ മൈക്കലാഞ്ജലോവിനും കവി നന്ദി പ്രകാശിപ്പിക്കുന്നു.
മറിയത്തിന്റെ ജീവിതത്തിലെ ഏറ്റവും വികാരതീവ്രമായ രംഗം അനുഭവിച്ചുതന്ന
മൈക്കലാഞ്ജലോയെ നെഞ്ചിലേറ്റുകയും ആ കരവിരുതിനെ മനസ്സിൽ ചുംബിക്കുകയും ചെയ്യുന്നു. 'പിയത്ത'യുടെ സൃഷ്ടിക്കായി
മൈക്കലാഞ്ജലോ ചെലവഴിച്ച ഉറക്കമില്ലാത്ത രാവുകളും വിയർപ്പിൽ കുളിച്ച പകലുകളും
മനസ്സിലുണർന്ന മംഗളഗാനവും കവി തന്റെതന്നെ അനുഭവമായി കാണുന്നു.
പ്രതിമ തകർത്ത
യുവാവിന്റെ കാട്ടാളത്തം കവിയെ ദുഃഖിതനാക്കുന്നു. ഒന്നുറങ്ങുവാൻപോലും മയക്കുമരുന്ന്
തേടിപ്പോകുന്ന പുതുകാലത്തിന്റെ ജല്പനവും സംഹാരവും കവിയെ അസ്വസ്ഥനാക്കുന്നു.
വിഗ്രഹഭഞ്ജകന്റെ പ്രവൃത്തിയിൽ മനംതകർന്ന കവി മൈക്കലാഞ്ജലോയോട് മാപ്പുചോദിക്കുകയും
യേശുവിനെപ്പോലെ കുറ്റവാളികൾക്ക് മാപ്പുനൽകണമേയെന്ന് പ്രാർഥിക്കുകയും ചെയ്യുന്നു
വരികളിലൂടെ
കവിതയിലെ ചില
പ്രധാന വരികൾ പരിശോധിക്കാം.
'താത നീയിവരോടു പൊറുക്കണമേ'യെന്നു
പാതികൂമ്പിയ കൺകളിപ്പോഴും പ്രാർഥിക്കുന്നു.
കുരിശിൽനിന്നിറക്കിയ
യേശുവിന്റെ തിരുശരീരം അമ്മമറിയത്തിന്റെ മടിത്തട്ടിൽ രക്തരേഖകൾ പടർന്ന
ലില്ലിപ്പൂവുപോലെ വാടിക്കിടക്കുകയാണ്. പീഡാനുഭവങ്ങൾ ഏറ്റുവാങ്ങിയ യേശുവിന്റെ
ദേഹത്തിൽ പാതികൂമ്പിയ കണ്ണുകൾ അപ്പോഴും പ്രാർഥനാനിർഭരമായിരുന്നു. പിതാവേ, നീ എന്നെ ഈ നിലയിലെത്തിച്ചവരോട് പൊറുക്കണമേയെന്ന് ആ കണ്ണുകൾ
ഇപ്പോഴും പ്രാർഥിക്കുന്നതായി കവി പറയുന്നു. തന്റെ മരണത്തിന് കാരണമായവരോടുപോലും
കാണിക്കുന്ന സ്നേഹവും കാരുണ്യവുമാണ് യേശുവിന്റെ പാതികൂമ്പിയ കണ്ണുകളിൽ
നിറഞ്ഞുനിന്നത്.
ദൃക്സാക്ഷിയാകുന്നു ഞാനറിമത്യ'യിൽനിന്നു-
മെത്തുമൗസേപ്പിന്നൊപ്പം,ഗലീലിസ്ത്രീകൾക്കൊപ്പം