"കെട്ട
ജീവിതം! ഉണ്ടെനിക്കെന്നാൽ
മറ്റൊരു കാവ്യജീവിതം
മന്നിൽ " - വൈലോപ്പിള്ളി
ആലപ്പുഴക്കാരിയായ ഒരാൾ തൻ്റെ
കവിതയിൽ 'നീര് ' എന്ന അർത്ഥത്തിൽ ഒരു പദം പ്രയോഗിക്കേണ്ടി വരുമ്പോൾ ജലം എന്നാണോ വെള്ളം
എന്നാണോ എഴുതേണ്ടത്.? വായിക്കുമ്പോൾ തോന്നുന്നത് പോലെ
എളുപ്പം പരിഹരിക്കാവുന്ന ഒരു ധർമ്മസങ്കടമല്ല ഇത്. കാരണം വെള്ളം, ജലം എന്നിവ ആലപ്പുഴ ദേശക്കാരിയായ ഒരാൾക്ക് നൽകുന്നത് തികച്ചും
വ്യത്യസ്തങ്ങളായ രണ്ട് അനുഭവലോകങ്ങളാണ്.
ആലപ്പുഴക്കാരിക്ക് വെള്ളം എന്നത് ദുരനുഭവങ്ങളുടെ
കയ്പുള്ള ഓർമ്മകളാണ്. തൊണ്ടു ചീഞ്ഞ മണവും
( കയർ നിർമ്മാണം ) ഉപ്പു ചേർന്ന രുചിയുമാണ്; കടും ചായ
നിറമ്മുള്ള കലങ്ങിയ ദ്രാവകമാണ്. (കായൽ വെള്ളം)
(ദേശവും എഴുത്തുകാരിയും ഒന്നായിത്തീരുന്ന പ്രയോഗങ്ങൾ ദേശത്തിൻ്റെയും
എഴുത്തുകാരിയുടെയും ആത്മനൊമ്പരങ്ങളെ സാത്മീകരിക്കുന്നുണ്ട്. ആലപ്പുഴദേശമെന്നപോലെ
എഴുത്തുകാരിയും കരിമണ്ണു നിറക്കാരിയും മെടഞ്ഞോല മുടിക്കാരിയുമാണ്. കരിമണ്ണ് കൃഷി
ഭൂമിയെയും മെടഞ്ഞോല തെങ്ങിൻ്റെ സമൃദ്ധിയെയും ഓർമ്മിപ്പിക്കുന്നു)
ആലപ്പുഴക്കാരിക്ക് വെള്ളം ജീവിതകാലം മുഴുവൻ സമ്മാനിച്ചത് വേദനകളാണ്.
മഴക്കാലത്ത് പ്രളയമായും വേനലിൽ ജീവിതാവശ്യങ്ങൾക്കു പോലും
കിട്ടാക്കനിയായും വെള്ളം മാറുന്നു. പാത്രങ്ങളിൽ കോരി നിറച്ചുകൊണ്ടേയിരിക്കേണ്ട
അടുക്കള ജീവിതത്തിൽ അവ തേച്ചുരച്ചുകഴുകുമ്പോൾ ശരീരത്തിൽ പറ്റിപ്പിടിക്കുന്ന മീൻ
ചെതുമ്പലിൻ്റെ മണമായും വെള്ളം ആലപ്പുഴക്കാരിയെ വേട്ടയാടുന്നു.
ആകാശത്ത് നിന്നും കാണുന്ന ആലപ്പുഴയുടെ കാഴ്ചകൾ (പറവകൾ കാണുന്ന പടങ്ങൾ) എല്ലാം
വെള്ളവുമായി ബന്ധപ്പെട്ടതാണ്. കനാലുകൾ,
ബോട്ട് ജെട്ടി, കല്ല് കൊണ്ടോ ഇരുമ്പു കൊണ്ടോ
ഉണ്ടാക്കിയ പാലങ്ങൾ, കുളം, കായൽ,
ചിരിക്കുന്ന കുളവാഴ തുടങ്ങി എല്ലാ കാഴ്ചകളും ആലപ്പുഴയെ
വെള്ളത്തിൻ്റെ ദേശമാക്കി മാറ്റുന്നു. ചകിരിയുടെ പൊൻപ്രഭയും ഇരുമ്പിൻ്റെ ചുവയും
വിയർപ്പിൻ്റെ ഇളം ചൂടുമുള്ള വെള്ളമാണ് ആലപ്പുഴ ദേശത്തിൻ്റെ സ്വത്വം. ഇളകിക്കൊണ്ടേയിരിക്കുന്ന ആ വെള്ളം നോക്കുന്തോറും മങ്ങിപ്പോകുന്നു. ഉയരത്തു
നിന്നുള്ള കാഴ്ചയിൽ ദൂരേക്ക് അകന്നകന്നു
പോകുന്നതായിത്തോന്നുന്നു ആലപ്പുഴദേശത്തിൻ്റെ നീർ സംഭരണികൾ.
എന്നാൽ ജലം ആഴപ്പുഴക്കാരിക്ക്
തെളിനീർ ആണ്. അത് തെക്കും വടക്കുമുള്ള കുന്നുകളിലും താഴ്‌വരകളിലും ആകാശത്തുനിന്നും
അടർന്നു വീണ തുള്ളികളാണ്. ആകാശത്തു നിന്ന്
പെയ്തു ഭൂമിയിലെത്തും മുമ്പുള്ള,
മണമോ നിറമോ ഇല്ലാത്ത വിശുദ്ധ ദ്രാവകമാണത്. മണ്ണിൻ്റെ ആഴങ്ങളിലേക്ക്
പോകാൻ കെൽപ്പുള്ളതും ദൂരെ, ഉയരങ്ങളിൽ നിന്നും വരുന്നതും സമതലങ്ങളിൽ കെട്ടിയിടപ്പെടാത്തതും ആണ്
ആലപ്പുഴ ദേശക്കാരിക്ക് ജലം.
എഴുത്തുകാരി വർഷങ്ങൾക്കുമുമ്പേ തെക്കൻ ദേശങ്ങളിലേക്ക് കുടിയേറിയെങ്കിലും
ആലപ്പുഴ ദേശക്കാരിയുടെ ഉള്ളിലുറച്ചു പോയ ജലബോധം ഇപ്പോഴും സജീവമാണ്. കവിതയിൽ
എഴുതുമ്പോൾ ജലമെന്നാണോ വെള്ളമെന്നാണോ എഴുതേണ്ടത് എന്നതിൽ അവൾ ഇപ്പോഴും
ആശയക്കുഴപ്പത്തിലാവുന്നതും അതുകൊണ്ടു തന്നെയാണ്.
ജലത്തിന് കാല്പനിക ഭാവവും വെള്ളത്തിന് യാഥാർത്ഥ്യത്തിൻ്റെ പരുഷഭാവവുമാണ്
കവിതയിൽ കല്പിക്കപ്പെട്ടിരിക്കുന്നത്. ജീവിതത്തിൻ്റെ മുറിവാഴങ്ങളുടെ
ഓർമ്മപ്പെടുത്തലാണ് വെള്ളമെങ്കിൽ ജലം സങ്കൽപങ്ങളിലെ സ്വപ്ന സൗഖ്യങ്ങളാണ്.
കവിത എഴുതുമ്പോൾ ആലപ്പുഴ ദേശക്കാരിയുടെ തൊണ്ടവരളുന്നത് ഇതിലേത്
തിരഞ്ഞെടുക്കണമെന്ന് തീരുമാനമെടുക്കാൻ കഴിയാതിരിക്കുമ്പോഴാണ്. കവിതയിൽ
തീവ്രജീവിതാനുഭവങ്ങളുടെ കയ്പിനെ പകർത്തേണമോ അതോ കാല്പനിക ഭാവനകളുടെ മധുരം
ആവിഷ്കരിക്കേണമോ എന്നത് കവിയിത്രിയുടെ ഉള്ളുലയ്ക്കുന്ന ആത്മസംഘർഷമായിത്തീരുന്നു.
ഒരു പക്ഷെ എക്കാലത്തും എഴുത്തുകാരെ വലച്ചിരുന്ന ഒരു ദാർശനികപ്രശ്നമാണിത്. ഈ കുറിപ്പിൻ്റെ തുടക്കത്തിൽ സൂചിപ്പിച്ച വൈലോപ്പിള്ളിയുടെ വരികൾ പോലെ ഒരു ഭാഗത്ത് യഥാർത്ഥ ജീവിതവും (കെട്ട ജീവിതം) മറുഭാഗത്ത് സ്വപ്നജീവിതവും ( കാവ്യജീവിതവും) ഇരുഭാഗങ്ങളിലുമായി നിലകൊണ്ട് എഴുത്തുകാരെ വിഭ്രമിപ്പിക്കുകയും പ്രതിസന്ധിയിൽ കൊണ്ടു ചെന്നെത്തിക്കുകയും ചെയ്യുന്നു. കെട്ടജീവിതത്തിൻ്റെയും കാവ്യജീവിതത്തിൻ്റെയും രൂപകങ്ങളായി യഥാക്രമം വെള്ളവും ജലവും ആലപ്പുഴ വെള്ളം എന്ന കവിതയെ രൂപപ്പെടുത്തുന്നു.

No comments:
Post a Comment