Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Wednesday, October 22, 2025

അനിത തമ്പിയുടെ ആലപ്പുഴ വെള്ളം - പഠനം - ഇ. എം. സുരജ

                                                                          **********************


                    വെള്ളമെന്നു പറഞ്ഞാലും ജലമെന്നു പറഞ്ഞാലും രണ്ടാണെന്ന് അനിത തമ്പി പറയുമ്പോൾ ആറ്റൂരിന് ബോധ്യപ്പെടാത്തത് എന്തുകൊണ്ടാണ്?
                      വാക്കുകൾക്കുള്ള അർത്ഥം, അതതു ഭാഷക്കാർ തമ്മിലുള്ള ഒരു കരാറാണ് എന്നു പറയാറുണ്ട്. ചിലപ്പോൾ, ഭാഷയ്ക്കുള്ളിൽത്തന്നെ ഭാഷകളുണ്ടാകും. അപ്പോൾ, ഒരാൾ പറയുന്നത്, അതേ ഭാഷ സംസാരിക്കുന്ന മറ്റൊരാൾക്ക് മനസ്സിലാകണമെന്നില്ല. ലളിതമായ വാക്കുകൾക്കും അർത്ഥം വിശദീകരിച്ചു കൊടുക്കേണ്ടി വന്നേക്കാം; എന്നാലും മനസ്സിലായിക്കൊള്ളണമെന്നില്ല.
                   അനിതാ തമ്പി, കവിതയിൽ 'ജലം' എന്നു പ്രയോഗിക്കുമ്പോൾ, ആറ്റൂർ രവിവർമ്മ സ്നേഹപൂർവ്വം തിരുത്തുന്നു: വെള്ളം എന്നല്ലേ നന്നാവുക? 'നിനക്കെഴുതാൻ പൂഴി വിരിച്ചു ഭാരതപ്പുഴ' എന്ന മട്ടിൽ നിരാടോപമായ ആറ്റൂരിൻ്റെ ശൈലിയ്ക്ക്, 'വെള്ള'ത്തിൻ്റെ സ്വാഭാവികത, 'ജല'ത്തിൽ വായിയ്ക്കാനാവുന്നില്ല. കാരണം, ആറ്റൂരിനെ സംബന്ധിച്ചിടത്തോളം, വെള്ളമെന്ന വാക്ക്, ജീവനോടിഴുകി നില്ക്കുന്നതാണ്, ദാഹിക്കുമ്പോൾ കുടിക്കാനുള്ളത്, നിത്യമെടുത്ത് പെരുമാറാനുള്ളത്, ചുറ്റും പരന്നു കാണുന്നത്. ജലമോ, സാമാന്യാർത്ഥത്തിൽ, അത് വെള്ളം തന്നെയാണ്. എന്നാൽ സവിശേഷാർത്ഥത്തിൽ ജലത്തിന് വെള്ളമാകാൻ കഴിയില്ല, ഏറെ വിശുദ്ധിയോടെ ഒട്ടൊഴിഞ്ഞു നില്ക്കും.
               എന്നാൽ, വെള്ളത്തിൻ്റെ നാട്ടുകാരിയായ, ജലസമൃദ്ധികൊണ്ട് വീർപ്പുമുട്ടുന്ന ആലപ്പുഴക്കാരിക്കോ: അവൾക്കും വെള്ളം ജീവനിൽ തൊടുന്ന അനുഭവമാണ്. പക്ഷേ, ജലം അങ്ങനെയല്ല. വാക്കുകളുടെ കേവലാർത്ഥത്തിലുപരി സാംസ്ക്കാരികാർത്ഥം ബാധകമാകുന്ന ചില സന്ദർഭങ്ങൾ അവിടെയുണ്ട്. അനിതാ തമ്പിയുടെ, 'ആലപ്പുഴ വെള്ളം' ഈ സാംസ്ക്കാരിക വിവക്ഷകളെ അടയാളപ്പെടുത്താനുള്ള വ്യത്യസ്തമായ ഒരു ശ്രമമാണ്.
                 എസ്കിമോ ഭാഷകളിൽ ഐസിനെ സൂചിപ്പിക്കാൻ ആയിരത്തഞ്ഞൂറോളം വാക്കുകളുണ്ടത്രേ. ഒരു വാക്കുപയോഗിച്ച് മറ്റൊന്നിനെ പകരം വെക്കാനാവില്ല. ഈ വൈവിദ്ധ്യം, ആ ദേശത്തിൻ്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെടുത്തി മാത്രമേ വിശദീകരിക്കാൻ കഴിയൂ. അതുപോലെ, ആലപ്പുഴക്കാർക്ക് വെള്ളവും ജലവും തമ്മിൽ അനുഭവപ്പെടുന്ന വ്യത്യാസവും ഒരർത്ഥത്തിൽ ദേശബന്ധിതമാണ്. ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണല്ലോ ആലപ്പുഴ. സമുദ്രനിരപ്പിനേക്കാൾ താഴെ കൃഷി ചെയ്യുന്ന ലോകത്തിലെ തന്നെ അപൂർവ്വസ്ഥലങ്ങളിൽ ഒന്ന്. വെള്ളത്തിൻ്റെ ഭംഗികൊണ്ട് ലോകത്തെ തന്നിലേയ്ക്കാകർഷിക്കുന്ന ആലപ്പുഴ. എന്നാൽ, ഈ സൗന്ദര്യങ്ങളെ ടൂറിസ്റ്റുകൾ കാണുന്നതുപോലെ ആലപ്പുഴക്കാർക്ക് കാണാനാവില്ല. വെള്ളത്തിൻ്റെ സൗന്ദര്യത്തേക്കാൾ, അതിജീവനത്തിനു മേൽ അതു സൃഷ്ടിയ്ക്കുന്ന സമ്മർദ്ദങ്ങളാണ് അവരുടെ വിഷയം. അവർ, അവരെ അടയാളപ്പെടുത്തുമ്പോൾ, അതിൽ കാണുന്നത്: കരിമണ്ണിൻ്റെ നിറം, തൊണ്ടു ചീഞ്ഞ മണമുള്ള, കടുംചായ നിറമുള്ള വെള്ളത്തിൻ്റെ സത്ത, മെടഞ്ഞ ഓല പോലെ മുടി. അതിനാൽത്തന്നെ, അകത്തു നിന്നും പുറത്തു നിന്നുമുള്ള നോട്ടങ്ങൾക്ക് വ്യത്യാസമുണ്ടെന്നർത്ഥം.
              ആലപ്പുഴക്കാർക്ക് (ആലപ്പുഴക്കാരിക്ക് പ്രത്യേകിച്ചും) വെള്ളത്തെ, ജലമെന്ന് സമീകരിയ്ക്കാനേ കഴിയില്ല. ജലമെന്നാൽ, വയനാട്ടിൽ, നിളനാട്ടിൽ, മലനാട്ടിൽ, തെക്കൻനാട്ടിൽ, വാഴുന്ന തെളിനീര്; വാനിൽനിന്നുമടർന്നത്‌, നിലംതൊടും മുൻപുള്ളത്, മണമില്ലാത്തത്‌, മണ്ണിന്നാഴങ്ങൾ തരുന്നത്, നിറമില്ലാത്തത്‌, ഉയരവും ദൂരവും കാണുന്നത്, സമതലങ്ങൾ വാടിക്കിടന്നുപോകാത്തത്! വെള്ളമോ: ആലപ്പുഴപ്പൂഴിമണ്ണ് തിരളുന്നതാണ് വെള്ളം. ആ (തീണ്ടാരി മണ്ണുതരുന്ന, ആഴങ്ങളറിയാത്ത) വെള്ളം, കറപിടിക്കുന്നു, നനയ്ക്കുന്നു, കുളിക്കുന്നു, നൊന്തുകിടക്കുന്നു, എഴുന്നേറ്റു നടക്കുന്നു, ഇണവെള്ളം തീണ്ടാതെ, ഉറങ്ങാതെ കിടക്കുന്നു. അരമുള്ള നാവുള്ള, മെരുക്കമില്ലാത്ത വെള്ളം; തെളിയാൻ കൂട്ടാക്കാത്ത കലക്കമാണതിന്നുള്ളം! ജലത്തിനും വെള്ളത്തിനും ദേവതകൾ വേറെ വേറെയാണ്: ജലത്തിൻ്റെ ദേവതകൾ അഴകുള്ളവർ, ആണ്ടുതോറും പുരുഷാരമിരമ്പുന്ന ഉത്സവക്കൊടിയേറ്റങ്ങളുള്ള സവർണ്ണക്ഷേത്രങ്ങളിൽ കുടി പാർക്കുന്നവർ, ഉന്നതർ. വെള്ളത്തിനോ, അവനവൻ ദേവത, അകംപുറം ബലിത്തറ, തുഴ, ചക്രം, റാട്ടുകൾ, ചങ്ക് പൊട്ടിപ്പാട്ടുകൾ. മണ്ടപോയ കൊടിമരം, മഞ്ഞോലച്ചെവിയാട്ടം, ചാകരയ്ക്ക് തുറപോലെ,തുള്ളുന്ന മഴക്കാലം; അധഃസ്ഥിതം!

             ഈ വെള്ളത്തെ ഉയിരുകൊണ്ടറിയുമ്പോൾ, ആറ്റൂരിൻ്റെ വെള്ളം പോലെയാവില്ല അത്: കവിഞ്ഞും കുറുകിയും കഴിച്ചിലാകുന്ന വെള്ളം: അതിൻ്റെ വേദന, പിഞ്ഞാണത്തിലും , ചരുവങ്ങളിലും കുടങ്ങളിലും, തേച്ചാലുമുരച്ചാലും പോകാത്ത ചെതുമ്പലായി പറ്റിച്ചേർന്നിരിക്കുന്നു. ആവർത്തിയ്ക്കുന്ന കാഴ്ചകളിൽ കുരുങ്ങുന്നു ആലപ്പുഴ വെള്ളം: കനാലുകൾ, ബോട്ട്ജെട്ടി, പാലങ്ങൾ, കുളം, കായൽ, വിരിപ്പായൽ, കുളവാഴപ്പൂച്ചിരി, ചകിരിപ്പൊന്നൊളിയുള്ള, ഇരുമ്പിന്റെ ചുവയുള്ള, വിയർപ്പിന്റെ വെക്കയുള്ള, ആലപ്പുഴ വെള്ളം. അത്, ഇളകിയും മങ്ങിയും അതിദൂരത്തകലുന്നു, പറവകൾ കാണുന്ന പടങ്ങളായി മാറുന്നു. അങ്ങനെയുള്ള വെള്ളം കൊണ്ട് ആലപ്പുഴക്കാരിക്ക് ജലത്തെ അടയാളപ്പെടുത്താനാവുമോ? അങ്ങനെയൊരു വെള്ളത്തെ അടുത്തറിയാത്ത ആറ്റൂരിന് ആലപ്പുഴ വെള്ളത്തിൻ്റെ കലക്കം മനസ്സിലാകുമോ?
                 ഇപ്പോൾ, പതിറ്റാണ്ടുകൾക്കിപ്പുറം, ആലപ്പുഴക്കാരിക്ക്, തെക്കൻ ദിക്കിൽ വേരുറച്ചിരിയ്ക്കുന്നു, അവളിൽ നിന്ന് ആലപ്പുഴ വെള്ളം ഒലിച്ചുപോയിരിയ്ക്കുന്നു; ജലമെന്നു വിളിയ്ക്കാവുന്ന വെള്ളത്തിൻ്റെ നാട്ടുകാരിയായിരിയ്ക്കുന്നു. എന്നാലും അവളിൽ നിന്നും ആലപ്പുഴ വെളളം മുഴുവനായി ഒഴിഞ്ഞു പോകുന്നില്ല: വെള്ളമെന്നു പറയുമ്പോഴൊക്കെ, കലങ്ങി, ഉപ്പു ചുവയോടെ, ഉയരിൽ പറ്റിപ്പിടിച്ച്….! ദേശത്തു നിന്നും ദേഹമകലുമ്പോൾ, ജലമെന്നതിൻ്റെ അർത്ഥം വെള്ളമെന്നല്ലെന്ന്, ആറ്റൂരിനെപ്പോലെ, അവൾക്കും തിരിയാതെയാകുമോ എന്നല്ലേ ഉള്ളിലുള്ള പേടി
?



No comments:

Post a Comment

മുരിങ്ങാമരത്തോപ്പ് പഠനക്കുറിപ്പുകൾ

     10 ാ o   ക്ലാസ്സ് കേരള പാഠാവലിയിലെ    മുരിങ്ങാമരത്തോപ്പ്  എന്ന പാഠത്തിന്റെ പ ഠനക്കുറിപ്പുകൾ തയ്യാറാക്കിയത്... നോട്സ് - HSS LIVE.GURU Bl...