ആത്മാവിന്റെ വെളിപാടുകള്‍
By: അശോകന്‍ മാതാണ്ടി
ലോകസാഹിത്യത്തിലെ പ്രതിഭാശാലികളിലൊരാളാണ് ഫയദോര്‍ മിഖായേലോവിച്ച് ദസ്തയേവ്സ്‌കി. ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയൊപ്പുള്ള എഴുത്തുകാരന്‍. 1821-ല്‍ മോസ്‌കോയിലാണ് ജനനം. കുറ്റവും ശിക്ഷയും, ഇഡിയറ്റ്, ചൂതാട്ടക്കാരന്‍, കാരമസോവ് സഹോദരന്മാര്‍ എന്നിവ പ്രധാന കൃതികള്‍. 1881-ല്‍ 59-ാമത്തെ വയസ്സില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍വെച്ച് ഈ മഹാനായ എഴുത്തുകാരന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു. ഇദ്ദേഹത്തിന്റെ ജീവിതകഥയാണ് 'ഒരു സങ്കീര്‍ത്തനം പോലെ'.
ഒരു സങ്കീര്‍ത്തനം പോലെ
ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയം കീഴടക്കിയ നോവലാണ് പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീര്‍ത്തനം പോലെ'. ദസ്തയേവ്സ്‌കിയും ചുരുക്കെഴുത്തുകാരി അന്നയും തമ്മിലുള്ള പരിചയമാണ് നോവലില്‍ ചിത്രീകരിക്കുന്നത്.
പാഠഭാഗത്തിലൂടെ ദസ്തയേവ്സ്‌കിയുടെ പ്രഭാതസവാരിയോടെയാണ് പാഠഭാഗം ആരംഭിക്കുന്നത്. ഈയിടെയുണ്ടായ ചുഴലിരോഗത്തിന്റെ ക്ഷീണമകന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഇടനാഴിയിലൂടെ ഏറെദൂരം നടന്നു. ആകാശത്തിന്റെ നിഴല്‍പോലെ ഭൂമിയില്‍ വെളിച്ചമുണ്ട്. തന്റെ ജീവിതത്തിലെ തോല്‍വികളെയും നഷ്ടങ്ങളെയും അയാള്‍ ഓര്‍ത്തു. ചേട്ടന്റെ ഭാര്യ എമിലി തന്നെ കാണാന്‍ വരുമായിരിക്കും. പാഷയ്ക്കും വേണ്ടത് പണമാണ്. ഒന്നിനുപിറകെ ഒന്നായി ഉത്തരവാദിത്വങ്ങള്‍ തലയില്‍ കയറ്റിവെക്കുന്നു. ചരടുകളാകെ കെട്ടുപിണഞ്ഞ ജീവിതം. തന്റെ കഥ തന്നോടുതന്നെ പറഞ്ഞുകൊണ്ടാണ് ദസ്തയേവ്സ്‌കി നടക്കുന്നത്. ഒടുവില്‍ താന്‍ ആര്‍ക്കും വേണ്ടാത്ത ആളായി. വഴിയരികില്‍ കിടക്കുന്ന പാറക്കഷണം പോലെ. ചേട്ടന്‍ മൈക്കിളിന്റെ പ്രസിദ്ധീകരണശാല അടച്ചുപൂട്ടി. പരസ്പരം സ്‌നേഹിച്ചിരുന്നെങ്കിലും ഭാര്യ മരിയയോടൊപ്പമുള്ള ജീവിതം സന്തോഷകരമായിരുന്നില്ല. ജീവിതത്തെ ശാപംകൊണ്ടു നിറച്ചവള്‍. അവള്‍ പോയിക്കഴിഞ്ഞപ്പോഴാണ് ശവക്കുഴിയില്‍ അവളോടൊപ്പം എന്താണ് അടക്കിയതെന്ന് അറിയുന്നത്. ഭാര്യയും ചേട്ടന്‍ മൈക്കിളും മരിച്ചു. പലവിധ ചിന്തകളാല്‍ നടന്ന് വീട്ടിലെത്തി. ഇയ്യോബിന്റെ പുസ്തകമെടുത്തു വായിച്ചു. എട്ടുമണിക്കുതന്നെ ചുരുക്കെഴുത്തുകാരി അന്ന വന്നു. 'ചൂതാട്ടക്കാരന്‍' എന്ന നോവല്‍ എഴുതിത്തീര്‍ക്കാന്‍ പ്രസാധകന്‍ സ്റ്റെല്ലോവ്സ്‌കി തീയതി നിശ്ചയിച്ചിട്ടുണ്ട്. നവംബര്‍ 1-ന് മുന്‍പ് പൂര്‍ത്തിയാക്കണം. നിലമുഴുന്നതുപോലെയോ പാറ പൊട്ടിക്കുന്നതുപോലെയോ അല്ല നോവലെഴുത്ത്. അത് ആത്മാവിന്റെ വെളിപാടാണ്. ദസ്തയേവ്സ്‌കി ഇനി എഴുതാന്‍ പോകുന്ന നോവലിന്റെ ഇതിവൃത്തം അന്നയോടു പറയുന്നു. നന്മയുടെ മൂര്‍ത്തിയായ ഒരു ശുദ്ധാത്മാവിനെ സൃഷ്ടിക്കണം. ജീവിതത്തെ വെറുക്കാന്‍ ദസ്തയേവ്സ്‌കി തന്റെ കഥാപാത്രങ്ങളെ ആഹ്വാനം ചെയ്യാറില്ല. മഹാനായ കലാകാരന്‍ എന്ന നിലയിലുള്ള ദസ്തയേവ്സ്‌കിയുടെ കഴിവുകള്‍ക്കു മുന്‍പില്‍ ഒരു മഹദ് സന്നിധിയിലെന്നപോലെ അന്ന ശിരസ്സ് കുനിച്ചു.
ശ്രദ്ധിക്കേണ്ട മുഹൂര്‍ത്തങ്ങള്‍
1. ''ആ ചരടുകളെല്ലാംകൂടി കെട്ടുപിണഞ്ഞ്, ആ കെട്ടുകളില്‍ കുടുങ്ങിക്കിടന്ന് തന്റെ ജീവിതം പിടയുന്നു.''
ജീവിത സങ്കീര്‍ണതകളേല്പിച്ച കടുത്ത ആഘാതത്തില്‍നിന്നാണ് ഇത്തരമൊരു ചിന്ത ദസ്തയേവ്സ്‌കിയിലുണ്ടാവുന്നത്. കുടുംബബന്ധങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളും ജീവിതത്തെ വല്ലാതെ താറുമാറാക്കുന്നു. ചേട്ടന്‍ മൈക്കിളിന് ഉണ്ടായിരുന്ന പ്രസിദ്ധീകരണശാല അടച്ചുപൂട്ടി. ചേട്ടന്റെ മരണശേഷം ഭാര്യയെയും മക്കളെയും സംരക്ഷിക്കേണ്ട ചുമതല ദസ്തയേവ്സ്‌കിക്കായിരുന്നു. ഭാര്യയുടെ സ്‌നേഹം വിലപ്പെട്ടതായിരുന്നു. അവള്‍ പോയിക്കഴിഞ്ഞപ്പോഴാണ് ജീവിതത്തിലുണ്ടായ ശൂന്യത എത്ര വലുതാണെന്നറിഞ്ഞത്. ഭാര്യയുടെയും ചേട്ടന്റെയും സ്‌നേഹത്തിനു പകരം വെക്കാന്‍ മറ്റൊന്നുമില്ല. ആദ്യഭാര്യ മരിയയുടെ മകന്‍ പാഷ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. അവന്റെ സ്വഭാവദൂഷ്യങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. സ്റ്റെല്ലോവ്സ്‌കിക്ക് സമയത്തിന് നോവല്‍ കൊടുക്കണം. ഇങ്ങനെ നിരവധി ചരടുകള്‍ ദസ്തയേവ്സ്‌കിയുടെ ജീവിതത്തെ വലിഞ്ഞുമുറുക്കുന്നു.
2. ''ആകാശത്തിന്റെ നിഴല്‍പോലെ ഭൂമിയില്‍ വെളിച്ചമുണ്ട്.''
ദസ്തയേവ്സ്‌കി പ്രഭാത സവാരിക്കിറങ്ങിയിരിക്കുകയാണ്. പുലര്‍ച്ചയ്ക്കു മുന്‍പേയുള്ള ഏകാന്തവും നിശ്ശബ്ദവുമായ നിമിഷങ്ങള്‍. ആകാശവും ഭൂമിയും മരങ്ങളും മനുഷ്യരും ഗാഢനിദ്രയില്‍. ആകാശത്തിന്റെ നിഴല്‍പോലെ ഭൂമിയില്‍ വെളിച്ചം പരന്നിരിക്കുന്നു. നേരം വെളുക്കാന്‍ തുടങ്ങുന്നതിനു മുന്‍പുള്ള അരണ്ട വെളിച്ചം ഭൂമിയില്‍ പതിഞ്ഞിരിക്കുന്നതിനെ സൂചിപ്പിക്കുകയാണിവിടെ. ദസ്തയേവ്സ്‌കിയുടെ മാനസികനില വ്യക്തമാക്കാനും ഇവിടെ കഴിയുന്നു.
3. ''ഒരു മഹദ്സന്നിയിലെന്നപോലെ അവള്‍ ശിരസ്സു കുനിച്ചു.''
'ചൂതാട്ടക്കാരന്‍' എന്ന നോവല്‍ എഴുതി പൂര്‍ത്തിയാക്കാന്‍ അന്നയെ ക്ഷണിക്കുന്നു. സങ്കീര്‍ണമായ ജീവിതം നയിക്കുന്ന ദസ്തയേവ്സ്‌കിക്ക് അത് വലിയ ആശ്വാസമാകുന്നു. നോവല്‍ പൂര്‍ത്തിയാകുന്നതോടൊപ്പം അന്നയുമായുള്ള ബന്ധവും ദൃഢമാകുന്നു. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ അന്ന നല്‍കുന്ന ഉപദേശം വിലപ്പെട്ടതാണ്. നീ എന്റെ ഹൃദയത്തിനകത്താണോ നില്‍ക്കുന്നതെന്ന് ഒരിക്കല്‍ ദസ്തയേവ്സ്‌കി ചോദിക്കുന്നുണ്ട്. എഴുതാന്‍ പോകുന്ന നോവലിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു. സ്വന്തം ദുഃഖങ്ങള്‍ കഥാപാത്രങ്ങള്‍ക്കു വീതിച്ചുകൊടുക്കുന്ന എഴുത്തുകാരനാണ് ദസ്തയേവ്സ്‌കി. ജീവിതത്തെ വെറുക്കാന്‍ അദ്ദേഹം ഒരിക്കലും ആഹ്വാനം ചെയ്യുന്നില്ല. ജീവിതത്തെ സ്‌നേഹിക്കാനാണ് പഠിപ്പിക്കുന്നത്.
👍🔥
ReplyDelete