Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Sunday, December 3, 2017

നനവുള്ള മഴയോര്‍മ്മകള്‍


By: സി.വി. ഉഷ
പ്രിയ എ.എസിന്റെ 'നനയാത്ത മഴ' എന്ന ഓര്‍മക്കുറിപ്പ് ബാല്യ കൗമാരങ്ങളുടെ നനവുള്ള ഓര്‍മകള്‍ തന്നെയാണ്. ഹൃദയത്തിലെ ആര്‍ദ്രതയുടെ നേര്‍ച്ചിത്രമാണത്. ബാല്യം ഒരു മനുഷ്യനില്‍ സമ്മാനിച്ചുപോയ പൂക്കാലത്തെ ഓര്‍മയിലൂടെ തലോടാന്‍ കഴിയുമ്പോള്‍ അയാളില്‍നിന്ന് വാര്‍ധക്യവും അനാരോഗ്യവും വഴിമാറും. കഥാകാരിയുടെ മനസ്സിലും മഴ ഇതളുകളായി പെയ്തുകൊണ്ടിരിക്കുന്നതായി നമുക്കുകാണാം.
മഴയെന്ന ബന്ധു
ഏകാന്തമായ മനസ്സിനെ മഴയുടെ സാന്നിധ്യം സാന്ദ്രമാക്കിയതായി കഥാകൃത്ത് ഓര്‍മിക്കുന്നു. വേറെ ഏത് ബന്ധുവിനെക്കാളും കഥാകൃത്ത് ഇഷ്ടപ്പെടുന്നത് മഴബന്ധുവിനെയാണെന്നു പറയുമ്പോള്‍ ആ സ്‌നേഹബന്ധത്തിന്റെ ഗാഢതയെ തിരിച്ചറിയാവുന്നതാണ്. പോകാന്‍ തുനിയുമ്പോള്‍, ''വേണ്ട, പോകണ്ട, ഇത്തിരിനേരം കഴിഞ്ഞുപോയാല്‍ മതി'' എന്ന് പറയാന്‍ കഴിയുന്ന സ്‌നേഹശാഠ്യത്തിനുമുന്നില്‍ മഴ പോലും തോല്ക്കുന്നു. രോഗങ്ങള്‍ കഥാകാരിയെ മഴയില്‍നിന്നകറ്റുമ്പോഴും വീണ്ടും വീണ്ടും തൊടാന്‍ തുനിയുന്ന ഇഴയടുപ്പത്തെ മനോഹരമായ ഭാഷയില്‍ അവതരിപ്പിക്കുന്നുണ്ടിവിടെ. മഴയുടെ സംഗീതവിരുന്ന്, വെള്ളിനൂലുകളാല്‍ ഇറയത്തു തോരണം തൂക്കി വീടിനെ കല്യാണവീടാക്കുന്ന മഴവിദ്യ, മനസ്സിലേക്ക് വീഴുന്ന മഴയുടെ പവിഴമല്ലിപ്പൂക്കള്‍ തുടങ്ങിയ പ്രയോഗങ്ങള്‍ മഴയോടുള്ള പ്രണയത്തിന്റെ സൂചനകളാണ്.  മുത്തച്ഛനോടൊപ്പം പൂക്കളം തീര്‍ക്കുമ്പോഴും  സ്‌കൂളിലേക്കുള്ള യാത്രയിലും മഴ തനിക്ക് അനുഗ്രഹമാവുകയായിരുന്നുവെന്ന് കഥാകൃത്ത് ഓര്‍ക്കുന്നു. ദിവസേന നാലു മഴകള്‍ സ്വന്തമാക്കിയതിന്റെ നിര്‍വൃതി അവരിപ്പോഴും അനുഭവിക്കുന്നു. വര്‍ണങ്ങള്‍ മിന്നിമറിയുന്ന അന്നത്തെ കുഞ്ഞുടുപ്പിനും മഴ സമ്മാനിക്കുന്ന മഴവില്ലിനും നിറഭേദമില്ലായിരുന്നുവെന്ന് ഓര്‍ത്തെടുക്കുമ്പോള്‍ മഴ വീണ്ടും വീണ്ടും തന്നിലേക്കടുക്കുന്നതായി എഴുത്തുകാരിക്ക് അനുഭവപ്പെടുന്നു.
പിണങ്ങുമ്പോള്‍ ചിണുങ്ങും
ഏറ്റവും അടുപ്പമുള്ളവരോടുപോലും ചിലപ്പോള്‍ പിണങ്ങാറുള്ളതുപോലെ, സിനിമ കാണാനും കോളേജ് അഡ്മിഷനും വിഘാതമായി നിന്ന മഴയോട് മുഷിപ്പു തോന്നിയെങ്കിലും പിണക്കം നടിക്കുമ്പോള്‍ ചിണുങ്ങി വരാറുള്ള മഴയെ ഇന്നും ഹൃദയത്തോടു ചേര്‍ത്തുവെക്കുന്നതായി എഴുത്തുകാരി ആത്മഹര്‍ഷത്തോടെ പറയുന്നു. കാഴ്ചക്കാരന്റെ മാനസികഭാവങ്ങളാണ് പ്രകൃതി ഭാവങ്ങളെ വായിക്കുന്നത്. ചരല്‍മഴ, യക്ഷിമഴ, കണ്ണീര്‍മഴ, വേദനമഴ തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ കഥാകൃത്തിന്റെ ദുരനുഭവങ്ങള്‍ക്ക് സാക്ഷിയാകാന്‍ മഴയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അടയാളപ്പെടുത്തുന്നു. അമ്പതുവയസ്സിലും അഞ്ചുവയസ്സിന്റെ കൗതുകം നല്‍കാന്‍ മഴയ്ക്കു കഴിയുന്നുണ്ടെന്നും അത് വീണ്ടും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും ഉള്ളുതുറന്നു പറയാന്‍ എഴുത്തുകാരി ശ്രമിക്കുന്നു. ബാല്യത്തെ വീണ്ടെടുക്കുന്ന നനവുള്ള സ്മരണകള്‍ വായനക്കാരിലും ആര്‍ദ്രതയേകുന്നു.
ഉള്ളാലറിഞ്ഞ മഴകള്‍
എഴുത്തുകാരി തന്റെ മഴയനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
മഴയെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? മഴയുമായി ചങ്ങാത്തം കൂടാന്‍ കൊതിച്ച ഒരു മനസ്സായിരുന്നു എനിക്കെപ്പോഴുമുള്ളത്. പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ ഉടലിനേക്കാളേറെ മനസ്സിലേക്കാണ് ഒലിച്ചിറങ്ങിയത്. അസുഖക്കാരിയായതിനാല്‍ മഴയില്‍ നിന്ന് ഉടലുകൊണ്ട് അകലം പാലിക്കാന്‍ നിര്‍ബന്ധിതയായിരുന്നു. എന്നാല്‍ മനസ്സുകൊണ്ടെന്നും മഴയുടെ കൈപിടിച്ചു നടക്കുന്ന പെണ്‍കുട്ടിയായിരുന്നു ഞാന്‍, അന്നും ഇന്നും.  വരാന്തയിലും മുറിക്കകത്തുമിരുന്ന് കണ്ട് ആസ്വദിച്ച മഴക്കാഴ്ചകള്‍ ഒരുപിടിയുണ്ട്. ചെറുപ്പത്തില്‍ അമ്മയോടൊത്തുള്ള മഴക്കാലത്തെ സ്‌കൂള്‍ യാത്രകള്‍ എനിക്കേറെ പ്രിയപ്പെട്ടതാണ്. കുടക്കീഴില്‍ നടക്കുന്ന എന്നെ വന്നെത്തിനോക്കി, തൊട്ടുതലോടിപ്പോവുന്ന മഴയോട് എനിക്കൊരു പ്രത്യേക സ്‌നേഹംതന്നെയുണ്ടായിരുന്നു. ഉച്ചയൂണിന് വീട്ടിലെത്തി സ്‌കൂളിലേക്ക് മടങ്ങുമ്പോള്‍ നിറമോലുന്ന പാവാടയും ബ്ലൗസും അണിയാന്‍ ഒത്തിരി തവണ ഈ മഴയെന്നെ സഹായിച്ചിട്ടുണ്ട്. മഴമുത്തമേറ്റ് നാണിച്ച് മുറ്റത്തു വീണ പവിഴമല്ലിപ്പൂക്കള്‍ ഇന്നും സുഗന്ധം പരത്തുന്ന ഒരു കാഴ്ചയാണ്.  മഴ കാണിക്കാന്‍ അച്ഛന്‍ എടുത്തു കൊണ്ടുപോയി, വരാന്തയിലെ ചാരുകസേരയില്‍ ഇരുത്തുമായിരുന്നു. അച്ഛന്റെ സ്‌നേഹം സങ്കടമഴകള്‍ക്കുമേലെ സ്‌നേഹക്കുട നിവര്‍ത്തി. അന്നു മഴകള്‍ രണ്ടായിരുന്നു. ഒന്നു വീടിനു പുറത്തും മറ്റേതെന്റെ കണ്ണിലും. പുറത്തെ മഴപ്പെയ്ത്തില്‍ എന്റെ കണ്ണീര്‍മഴ നേര്‍ത്തു നേര്‍ത്തില്ലാതായി. 'നവംബറിന്റെ നഷ്ടം' എന്ന സിനിമ നഷ്ടമാക്കിയ മഴയോട് മാത്രം ഞാന്‍ പിണങ്ങിയിട്ടുണ്ട്. ഏറെ കൊതിച്ച് സിനിമയ്ക്ക് പോകാനൊരുങ്ങിയപ്പോള്‍ ആര്‍ത്തലച്ചു വന്നൂ മഴ. തോരാതെ തിമിര്‍ത്തു പെയ്യുന്ന മഴ. അങ്ങനെ 'നവംബറിന്റെ നഷ്ടം' എനിക്കു നഷ്ടമാക്കിയ ഒരു മഴ. അന്നും ഇന്നും മഴ ഒരു ലഹരിയാണ്, സന്തോഷമാണ്. എന്നുമേറെ ഇഷ്ടം മഴയോടുണ്ട്. ഉടലറിയാതെ ഉള്ളാലറിഞ്ഞ് ഉയിരില്‍ നിറഞ്ഞ മഴകളോട് അടങ്ങാത്ത സ്‌നേഹം മാത്രം.

                                                     PDF DOWNLOAD

2 comments: