Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Tuesday, December 20, 2016

ലക്ഷ്മണസാന്ത്വനം

 


കാളിദാസന്‍ - ജീവിതവും കൃതികളും


     വിശ്വമഹാകവി കാളിദാസനെ പരിചയപ്പെടുത്തുന്ന പാഠമാണ് പത്താം തരം കേരളപാഠാവലിയിലുള്ള 'കാളിദാസന്‍'.  കാളിദാസനെ അടുത്തറിയുന്നതിനും അദ്ദേഹത്തിന്റെ കൃതികള്‍ ആസ്വദിക്കുന്നതിനും ഉതകുന്ന പഠനപ്രവര്‍ത്തനങ്ങളാണ് ഈ പാഠഭാഗത്ത് വിഭാവനം ചെയ്തിട്ടുള്ളത്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവും വിധം കാളിദാസന്റെ ജീവിതവും കൃതികളും  ഒരു ഡിജിറ്റല്‍ നോട്ടുബുക്കായി താഴെയുള്ള ലിങ്കില്‍ നല്‍കിയിട്ടുണ്ട്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല'യിലെ 'കാളിദാസന്‍' എന്ന അദ്ധ്യായമാണ് മുഖ്യ ഉള്ളടക്കം. കാളിദാസകളെക്കുറിച്ച് മലയാള വിക്കിപീഡിയയിലും മറ്റും ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളാണ് ഈ ഡിജിറ്റല്‍ നോട്ടുബുക്കില്‍ ഉള്‍പ്പെടുത്തിയിക്കുന്നത്. ഈ കുറിപ്പ് എല്ലാവര്‍ക്കും പ്രയോജനപ്രദമാകുമെന്ന് കരുതുന്നു.

കുപ്പിവളകള്‍

ശബ്ദവീചികളിലൂടെ കണ്ണമ്മ -'കുപ്പിവളകള്‍' ഒരാസ്വാദനം                                                               ഡോ.ഷംല യു   

കാഴ്ചകള്‍ അന്യമായ കണ്ണമ്മയുടെ ശബ്ദലോകത്തെ പരിചയപ്പെടുത്തുന്ന കഥയാണ് സാറാ തോമസിന്റെ 'കുപ്പിവളകള്‍'. അനാഥാലയത്തിന്റെ ഒറ്റപ്പെടലിലും വീര്‍പ്പുമുട്ടലിലും ജീവിതത്തിന്റെ പ്രസാദാത്മകത പാടേ നഷ്ടപ്പെട്ട കണ്ണമ്മയ്ക്ക് ബാഹ്യലോകവുമായി പൊരുത്തപ്പെടാനാവുന്നില്ല. ഒരിക്കല്‍ അനാഥാലയത്തിലെത്തിയ അതിഥിയില്‍ നിന്നും പുതുവസ്ത്രം സ്വീകരിച്ച് നിസ്സംഗതയോടെ മടങ്ങുമ്പോള്‍ കൂട്ടുകാര്‍ പറഞ്ഞ് അവരുടെ മകളുടെ കയ്യിലെ കുപ്പിവളകളെക്കുറിച്ച് അറിയുന്നു. പള്ളിയില്‍ കുര്‍ബാന സമയത്ത് കേട്ട കുപ്പിവളകളുടെ കിലുക്കം അവളോര്‍ക്കുന്നു. കണ്ണമ്മയുടെ വിഷാദപൂര്‍ണ്ണമായ ചിന്തകള്‍ക്കിടയില്‍ അതിഥിയുടെ മകളായ റോസിമോള്‍ ഒരു സ്നേഹസമ്മാനമായി തന്റെ കുപ്പിവളകള്‍ ഊരി കണ്ണമ്മയെ അണിയിക്കുന്നു. കുപ്പിവളകളുടെ കിലുക്കം കണ്ണമ്മയ്ക്ക് ആഹ്ലാദം പകരുന്നു. 'കുപ്പിവളകളുടെ മന്ദ്രനാദം കേള്‍ക്കുന്ന തിരക്കില്‍ അവള്‍ മറ്റെല്ലാം മറന്നുപോയിരുന്നു' എന്ന് കഥ അവസാനിക്കുന്നു.

വളരെ ലളിതമായ ആഖ്യാനത്തിലൂടെ അന്ധബാലികയുടെ സ്വപ്നങ്ങളും സങ്കടങ്ങളും വരച്ചിടുകയാണ് സാറാതോമസ്. മറ്റുള്ളവരുടെ സഹതാപം അവള്‍ ആഗ്രഹിക്കുന്നില്ല. വിശിഷ്ടാതിഥികളുടെ ദീര്‍ഘമായ സംസാരങ്ങള്‍ അവളില്‍ ഒരു സ്വാധീനവും ചെലുത്താറില്ല. 'നല്ല കാര്യങ്ങ'ളാണ് പറയുകയെന്ന് ദേവുച്ചേച്ചി പറയാറുണ്ടെങ്കിലും എന്താണാവോ ഈ നല്ലകാര്യങ്ങള്‍ എന്ന് അവള്‍ ചിന്തിക്കാറുണ്ട്. മാത്രമല്ല തന്റെ കണ്ണുകളുടെ നിറഞ്ഞ അന്ധകാരത്തില്‍ വാക്കുകള്‍ക്ക് അര്‍ത്ഥമില്ലെന്നും കുറേ നേരം പോയിക്കിട്ടുമെന്നുമാണ് അവള്‍ ചിന്തിക്കുന്നത്. മറ്റുള്ളവരുടെ മുന്നില്‍ ഒരു പ്രദര്‍ശനവസ്തുവാകുന്നതും അവള്‍ ഇഷ്ടപ്പെടുന്നില്ല. 'ഞങ്ങള്‍ക്ക് ഇങ്ങനെയും ഒരാളുണ്ട് - കണ്ണിന് കാഴ്ചയില്ലാത്ത കണ്ണമ്മ' എന്ന് സിസ്റ്ററമ്മ പരിചയപ്പെടുത്തുന്നതും അവള്‍ നിസ്സംഗതയോടെയാണ് കേട്ടുനില്‍ക്കുക. അവളുടെ ഇടുങ്ങിയ ലോകം കൂട്ടുകാരെ അവളില്‍ നിന്നും അകറ്റുന്നതായിരുന്നു. 'കണ്ണിനു കാഴ്ചയില്ല. അതാണ് ഇങ്ങനെ മുഖം വലിച്ചുകെട്ടി.....' എന്ന് സിസ്റ്റര്‍ അതിഥികളോട് പറയുന്നത് പുതുവസ്ത്രം കൈനീട്ടി വാങ്ങുമ്പോഴും അവള്‍ക്ക് സന്തോഷമില്ലാത്തതിനാലാണ്. മടുപ്പും ഭയവുമാണ് അവളെ ഭരിക്കുന്നത്. പുഞ്ചിരിയോടെ സമ്മാനം സ്വീകരിക്കാത്തതിനാല്‍ സിസ്റ്റര്‍ വഴക്കുപറയുമോ എന്നവള്‍ ഭയക്കുന്നുണ്ട്. ഈ നിര്‍വ്വികാരതയ്ക്കും നിര്‍മ്മമതയ്ക്കും മുന്നിലേക്കാണ് റോസിമോള്‍ കുപ്പിവളകളുടെ കിലുക്കം സമ്മാനിക്കുന്നത്. ഒരു പക്ഷേ, പുതുവസ്ത്രത്തേക്കാള്‍ അവള്‍ ഇഷ്ടപ്പെടുക കുപ്പിവളകളുടെ കിലുക്കമാവാം എന്ന് റോസിമോള്‍ക്കറിയാം. അവളുടെ ഇരുളടഞ്ഞ ജീവിതത്തിലും ശൂന്യമായ മുഖത്തും അല്പം വെളിച്ചം പകര്‍ത്താന്‍ റോസിമോളുടെ സ്നേഹത്തിനും പരിഗണനയ്ക്കും കഴിയുന്നുണ്ട്. പുതുവസ്ത്രം കണ്ണമ്മയെ സംബന്ധിച്ച് നനച്ചുകുളിക്കുമ്പോള്‍ മാറിയുടുക്കാനൊരു വസ്ത്രം എന്നതിലുപരി മറ്റൊന്നല്ല. എന്നാല്‍ കുപ്പിവളകള്‍ അവള്‍ക്ക് ആനന്ദംപകരുന്ന ശബ്ദമാണ്. ശബ്ദത്തിലൂടെ കാണുന്ന കണ്ണമ്മയ്ക്ക് കാതിനിമ്പവും മനസ്സിന് സന്തോഷവും നല്‍കുന്ന മണികിലുക്കമായി മാറി റോസിമോള്‍ നല്‍കിയ സമ്മാനം. ''ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങള്‍ ആസ്വദിക്കാന്‍ കണ്ണോ കൈയോ വേണ്ട; ഹൃദയം മതി'' എന്ന ഹെലന്‍ കെല്ലറുടെ വാക്കുകള്‍ ഇവിടെ സ്മരിക്കാം. എല്ലാ ദുഃഖങ്ങളും അനാഥത്വവും അല്പസമയമെങ്കിലും മറക്കാന്‍, പ്രസാദത്തോടെ ജീവിതത്തെ കാണാന്‍ ആ കൊച്ചുസമ്മാനത്തിലൂടെ അവള്‍ക്കു കഴിയുന്നു. 'നോക്കമ്മേ ആ കുട്ടിയുടെ മുഖത്ത് എന്തൊരു തെളിച്ചം!' എന്ന വാക്കുകള്‍ റോസിമോളുടെ നന്മയെയും സന്തോഷത്തെയും കുറിക്കുന്നു. തന്റെ പ്രവൃത്തിയിലൂടെ സമപ്രായക്കാരിയായ അന്ധയായ പെണ്‍കുട്ടിക്ക് സാന്ത്വനവും സ്നേഹവും പകരുകയാണ് റോസിമോള്‍. തനിക്ക് ഇഷ്ടമുള്ളത് പങ്കുവയ്ക്കുന്നതിലൂടെ സന്തോഷമനുഭവിക്കുന്ന റോസിമോളിലൂടെ ജീവിതമൂല്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നു കഥാകാരി.
കാഴ്ചയുടെ ലോകത്തിനുപകരം ശബ്ദങ്ങളുടെ ലോകമാണ് കഥയില്‍ നിറയുന്നത്. നിരവധി ശബ്ദബിംബങ്ങള്‍ കഥാകൃത്ത് വിന്യസിച്ചിരിക്കുന്നു. നാകപ്പാത്തിയില്‍ക്കൂടി വെള്ളം കൂലംകുത്തിവരുന്ന ശബ്ദം, നാകപ്പാത്തിയിലൂടെ നേര്‍ത്തുവരുന്ന വെള്ളത്തിന്റെ ശബ്ദം, പൂമുഖത്ത് കാര്‍ ഇരച്ചുവന്നു നില്‍ക്കുന്ന ശബ്ദം, ആളുകളുടെ മനസ്സിന്റെ അലിവ് നെടുവീര്‍പ്പായി കാതുകളില്‍ വന്നു പതിക്കുന്ന ശബ്ദം, സിസ്റ്ററമ്മയുടെ പരുക്കന്‍ ശബ്ദം, കൈയ്യടിയുടെ ശബ്ദം, ആഹ്ലാദപ്രകടനങ്ങളുടെ അടക്കിപ്പിടിച്ച ശബ്ദം, കലപിലകൂട്ടുന്ന കുപ്പിവളകളുടെ കിലുങ്ങുന്ന ശബ്ദം, മണികിലുക്കം പോലെ കൗതുകമുണര്‍ത്തുന്ന നാദം എന്നിങ്ങനെ അനവധി ശബ്ദങ്ങള്‍ കൊണ്ട് മുഖരിതമായ ആഖ്യാനതന്ത്രമാണ് ശബ്ദങ്ങളിലൂടെ ജീവിക്കുന്ന കണ്ണമ്മയുടെ കഥപറയാന്‍ കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നത്.
നാകപ്പാത്തിയില്‍ക്കൂടി വെള്ളം കൂലംകുത്തി വീഴുന്ന ഇരമ്പല്‍ ചെവിയോര്‍ത്തു നില്‍ക്കുന്ന കണ്ണമ്മയിലാണ് കഥ തുടങ്ങുന്നത്. കഥയുടെ ഭാവത്തിനനുസരിച്ചുള്ള ഒരന്തരീക്ഷസൃഷ്ടി ഒരുക്കുകയാണ് ഈ വരികളിലൂടെ. അതിഥിയുടെ സമ്മാനം സ്വീകരിച്ച് തന്റെ തകരപ്പെട്ടിയില്‍ ഉടുപ്പു വച്ച് പതിവുസ്ഥാനത്ത് വീണ്ടും നിലയുറപ്പിച്ചപ്പോള്‍ നാകപ്പാത്തിയില്‍ക്കൂടി വീണുകൊണ്ടിരിക്കുന്ന വെള്ളത്തിന്റെ ശബ്ദം നേര്‍ത്തിരുന്നു എന്ന് കഥാകാരി എഴുതുമ്പോള്‍ കുപ്പിവളകളുടെ കിലുക്കത്തിനും കണ്ണമ്മയുടെ മനസ്സിന്റെ കിലുക്കത്തിനും അന്തരീക്ഷമൊരുക്കുകയാണ്. കലപില കൂട്ടുന്ന കുപ്പിവളകളുടെ നാദം ആസ്വദിക്കാന്‍ കണ്ണമ്മയ്ക്ക് കഴിയുന്നത് കൂലംകുത്തിയൊഴുകിയ മഴയുടെ ശബ്ദം ഇടയ്ക്കിടെ വീഴുന്ന വെള്ളത്തുള്ളിയുടെ നാദമായി പരിണമിച്ചതിനാലാണ്.
'കുപ്പിവളകള്‍' എന്ന ശീര്‍ഷകം കണ്ണമ്മയുടെ ശബ്ദലോകത്തിന്റെ പ്രതിബിംബവും ഒപ്പം അവളുടെ സന്തോഷങ്ങളുടെ ക്ഷണികതയെയും കുറിക്കുന്നു. വര്‍ണ്ണങ്ങള്‍ക്കു പകരം കൗതുകമുണര്‍ത്തുന്ന നാദത്തിലൂടെ അവള്‍ ആസ്വദിക്കുന്ന കുപ്പിവളകളുടെ സൗന്ദര്യം അവളുടെ ക്ഷണികമായ സന്തോഷത്തെയും പ്രതിനിധാനം ചെയ്യുന്നു. ഏതു നിമിഷവും ഉടഞ്ഞുപോയേക്കാവുന്ന കുപ്പിവളപോലെയാണ് അവളുടെ ആനന്ദവും. സിസ്റ്ററമ്മയ്ക്ക് അവളോടുള്ള സ്നേഹംപോലും പലപ്പോഴും അതിഥികളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നിടത്തോളം ക്ഷണികമാണ്. മറ്റുള്ളവര്‍ക്ക് അവളോടുള്ള സഹതാപവും ക്ഷണികമാണ്.
കണ്ണിന് കാഴ്ചയില്ലാത്ത പെണ്‍കുട്ടിക്ക് 'കണ്ണമ്മ' എന്ന പേര് നല്‍കിയതിലെ വൈരുദ്ധ്യവും ശീര്‍ഷകം പോലെ കഥയുടെ ആഖ്യാനതന്ത്രത്തിന്റെ ഭാഗമാണ്. മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് കാഴ്ചകളാണ്. കണ്ണാണ് മനുഷ്യന് ഏറ്റവും പ്രിയപ്പെട്ട ഇന്ദ്രിയവും. 'കാഴ്ചയില്ലാത്തവള്‍ കണ്ണമ്മ' എന്ന വൈരുദ്ധ്യം കണ്ണമ്മയുടെ നിസ്സഹായതയെ ധ്വനിപ്പിക്കുന്നു.
ദേവുച്ചേച്ചിയെക്കുറിച്ച് മാത്രമാണ് കണ്ണമ്മ സ്നേഹപൂര്‍വ്വം ചിന്തിക്കുന്നത്. തന്റെ കൈകളെ മടിയില്‍വച്ച് ഓരോന്നിന്റെയും പേരുപറഞ്ഞ് ചൂണ്ടുവിരല്‍കൊണ്ട് അമര്‍ത്തി നീളത്തിലും വട്ടത്തിലും വളഞ്ഞും വരച്ച് കാഴ്ചയുടെ ലോകം പകരുന്നത് ദേവുച്ചേച്ചി മാത്രമാണ്. കുപ്പിവളകളെക്കുറിച്ച് അവള്‍ക്ക് പറഞ്ഞുകൊടുത്തതും കൈവെള്ളയില്‍ ചൂണ്ടുവിരല്‍കൊണ്ട് അമര്‍ത്തി വട്ടത്തില്‍ വരച്ചുകാണിച്ചതും ദേവുച്ചേച്ചിയാണ്. ദേവുച്ചേച്ചി എന്ന കഥാപാത്രം ഹെലന്‍ കെല്ലറുടെ പ്രിയപ്പെട്ട 'ആനി മാന്‍സ്ഫീല്‍ഡ് സള്ളിവന്‍' എന്ന അദ്ധ്യാപികയെ ഓര്‍മ്മിപ്പിക്കും. അന്ധയും ബധിരയുമായ ഹെലന്‍ കെല്ലറെ ആറ് വയസ്സുമുതല്‍ പരിചരിച്ചു് കൈവെള്ളയിലൂടെ അക്ഷരങ്ങളിലേക്കും ചുണ്ടുകളിലൂടെ സംസാരത്തിലേക്കും നയിച്ച മിസ് സള്ളിവന്റെ പരമോന്നത വ്യക്തിത്വം ഈ കഥാവായനയില്‍ ഓര്‍ക്കാതിരിക്കാനാവില്ല. ഒരു പക്ഷേ സ്റ്റീഫന്‍ ഹോക്കിങ്ങിനെക്കാളധികം ഈ പാഠത്തോട് ചേര്‍ത്തുവായിക്കാവുന്നത് ഹെലന്‍ കെല്ലറുടെ ആത്മകഥ തന്നെയാവും. എന്നാല്‍ പലപ്പോഴും വൈകല്യങ്ങളില്‍ തളര്‍ന്നുപോകുന്ന കണ്ണമ്മയാണ് കഥയില്‍ നിറയുന്നത്. റോസിമോളും ദേവുച്ചേച്ചിയും ഉള്‍പ്പെടുന്ന ബാഹ്യലോകം അവള്‍ക്കുനല്‍കുന്ന പ്രസാദാത്മകമായ കാഴ്ചപ്പാടും കുപ്പിവളപോലെ ക്ഷണികമാവുമെന്ന തോന്നലും വായനക്കാരെ നൊമ്പരപ്പെടുത്തും. അന്ധതയെക്കാള്‍ അനാഥത്വവും നിസ്സഹായതയും കൂടിചേര്‍ന്നാണ് കണ്ണമ്മയുടെ ലോകത്തിന്റെ ഉള്‍ക്കാഴ്ചകള്‍ കെടുത്തുന്നത്.                                        

കവിതയുടെ മൃത്യുഞ്ജയം-വൈലോപ്പിള്ളിക്കവിതകള്‍

ഒമ്പതാം ക്ലാസ്സിലെ കേരളപാഠാവലി മൂന്നാം യൂണിറ്റിലെ 'കവിതയുടെ മൃത്യുഞ്ജയം' എന്ന ലേഖനം ക്ലാസ്സിലവതരിപ്പിക്കുന്നതിന് വൈലോപ്പിള്ളിക്കവിതകളിലുടെ ഒരു ഹ്രസ്വസഞ്ചാരമെങ്കിലും നടത്താതെ വയ്യ. വൈലോപ്പിള്ളിയുടെ സമ്പൂര്‍ണ്ണ സാമാഹാരത്തില്‍ എം എന്‍ വിജയന്‍ മാഷ് എഴുതിച്ചേര്‍ത്ത ഈ ലേഖനം ധാരാളം കവിതകളെ നേരിട്ടും പരോക്ഷമായും പ്രതിപാദിക്കുന്നുണ്ട്. എല്ലാ അദ്ധ്യാപകര്‍ക്കും ഈ കവിതകളെല്ലാം സമാഹരിച്ച് പഠനം നടത്തുക സുസാധ്യമല്ല. അതുകൊണ്ട് അവയില്‍ പ്രധാനപ്പെട്ട ഏതാനും കവിതകള്‍ താഴെയുള്ളലിങ്കില്‍ pdf രൂപത്തില്‍ നല്‍കിയിട്ടുണ്ട്. ഈ കവിതകള്‍ ക്ലാസ്സ്മുറിയില്‍ പ്രയോജനപ്പെടുത്തുമല്ലോ.

മാമ്പഴം, പടയാളികള്‍, ജലസേചനം, മലതുരക്കല്‍, വര്‍ക്കത്തുകെട്ട താറാവ്, ഭേരി, പുതിയ കാഴ്ചപ്പാട്, ചേറ്റുപുഴ.

കന്നിക്കൊയ്ത്ത്, ഇരുളില്‍, കുടിയൊഴിക്കല്‍, 

വൈലോപ്പിള്ളിയുടെ ചില കവിതകളുടെ ഓഡിയോ രൂപം Mp3 ഫോര്‍മാറ്റില്‍ ചുവടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

എണ്ണപ്പുഴുക്കള്‍
ഹെഡ്‍മാസ്റ്ററും ശിഷ്യനും
ഊഞ്ഞാലില്‍


ഇവനെക്കൂടി - വൈലോപ്പിള്ളിയെക്കുറിച്ചുള്ള സച്ചിദാനന്ദന്റെ കവിത  ആലാപനം ജ്യോതിബായ്