Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Wednesday, June 7, 2017

കവികളുടെ ഭാഷ - സച്ചിദാനന്ദൻ

കാലാതീതം കാവ്യവിസ്മയം - എന്ന യൂണിറ്റിന് പ്രവേശകമായിക്കൊടുത്തിരിക്കുന്ന കവിതയുടെ പൂർണ്ണരൂപം
പ്രിയപ്പെട്ട ആന്ദ്രേ,
താങ്കൾ എന്റെ കവിത താങ്കളുടെ ഭാഷയിൽ വായിക്കുകയാണ്.
പക്ഷേ, അത് എന്റെ കവിതയാണെന്ന് എന്താണുറപ്പ്?
താങ്കളുടെ ഓർമ്മകൾ വേറെ, താങ്കളുടെ സംഗീതവും വേറെ .
നാം രണ്ടു ലോകങ്ങളിൽ ജീവിക്കുന്നവർ.
കേൾവിക്കാരുടെ ഈ കൈയടി എനിക്കോ താങ്കൾക്കോ?
താങ്കൾ പറയുന്നതെനിക്കു കേൾക്കാം.
കവികൾക്ക് ലോകമെമ്പാടും ഒരു ഭാഷയേയുള്ളൂ.
ഇലകൾക്കും തത്തകൾക്കും ഗൗളികൾക്കുമെന്ന പോലെ '
ഒരേ കുതിരപ്പുറത്ത് അവർ പറക്കുന്നു.
ഒരേ സ്വപ്നത്തിന്റെ അപ്പം പകുക്കുന്നു.
ഒരേ കോപ്പയിൽ നിന്ന് കയ്പു കുടിക്കുന്നു.
സ്വന്തം ജനതയെ സ്നേഹിക്കുക കൊണ്ട് അവർ എല്ലാ ജനതയേയും സ്നേഹിക്കുന്നു.
സ്വന്തം മണ്ണിൽ വേരാഴ്ത്തുക കൊണ്ട് എല്ലാ ആകാശത്തിലും പുഷ്പിക്കുന്നു.
ഒരു വേദത്തിലും ഉറച്ചു പോകാത്തതു കൊണ്ട് എല്ലാറ്റിന്റേയും നേരറിയുന്നു.
ഹേ കവേ! ,
ഈ ബാൾട്ടിക് കടലിലെ വെള്ളം തന്നെയാണ് അറബിക്കടലിലേയും വെള്ളം.
എന്റെ യൂറാൽമലയിലും താങ്കളുടെ സഹ്യനിലും ഒരേ മഞ്ഞ് ചേക്കേറുന്നു.
എന്റെ പൈൻ മരവും താങ്കളുടെ കരിമ്പനയും ഒരേ ചന്ദ്രനെ ജടയിലേറ്റുന്നു.
എന്റെ മൈനയാണ് താങ്കളുടെ ചുമലിൽ,
എന്റെ നക്ഷത്രമാണ് താങ്കളുടെ കണ്ണിൽ .
പ്രിയപ്പെട്ട ആന്ദ്രേ ,
താങ്കൾ താങ്കളുടെ കവിത
എന്റെ ഭാഷയിൽ വായിക്കുകയാണ്.
പക്ഷേ, അത് താങ്കളുടെ കവിത തന്നെയാണെന്ന് എന്താണുറപ്പ്?

                                          PDF DOWNLOAD

3 comments:

  1. ആശയം തരാവോ

    ReplyDelete
  2. ആശയം കിട്ടുമോ

    ReplyDelete
  3. ആശയം തരുമോ

    ReplyDelete

എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...