Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Tuesday, November 21, 2017

അമ്മയുടെ എഴുത്തുകള്‍ - എസ് ജ്യോതിനാഥവാര്യര്‍




മാതാവിനും മാതൃഭാഷയ്ക്കുമുള്ള സ്ഥാനം നമ്മുടെ ജീവിതത്തില്‍ അന്യംനിന്നുപോകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ ആശങ്ക പങ്കുവയ്ക്കുകയും അതിനെക്കുറിച്ചുള്ള അര്‍ഥവത്തായ ചില ചിന്തകള്‍ പങ്കുവയ്ക്കുകയുമാണ് 'അമ്മയുടെ എഴുത്തുകള്‍' എന്ന കവിതയിലൂടെ വി. മധുസൂദനന്‍നായര്‍. മാതാവിന് ജീവിതത്തില്‍ ഉണ്ടായിരുന്ന സ്ഥാനവും മാതൃസങ്കല്പത്തിന് കാലക്രമത്തില്‍ വന്നുചേര്‍ന്ന മാറ്റവും സൂചിപ്പിക്കുന്ന കവി അതിലൂടെ മാതൃഭാഷയെന്ന പോറ്റമ്മയെക്കൂടി ഓര്‍ക്കുകയും തന്റെ മാതൃഭാഷയ്ക്കു സംഭവിച്ച തകര്‍ച്ചയില്‍ വ്യാകുലപ്പെടുകയും ചെയ്യുന്നു.  'അമ്മയുടെ എഴുത്തുകള്‍' എന്നതിന് അമ്മ എഴുതിയ കത്തുകള്‍ എന്നും മാതൃഭാഷയിലെ അക്ഷരങ്ങള്‍ എന്നും അര്‍ഥമെടുക്കാം. അതിലൂടെ വിനിമയം ചെയ്യപ്പെട്ട വാത്സല്യത്തിന്റെയും സ്‌നേഹത്തിന്റെയുമെല്ലാം നാദതരംഗിണികള്‍ കവിതയിലുടനീളം കാണാം. നഗരവത്കരിക്കപ്പെട്ട ജീവിതത്തിന് ഉടമയായതോടെ പാരമ്പര്യത്തില്‍ കൊതിയൂറുന്ന ശീലം കവി മറന്നു. ഭാര്യയുടെയും മക്കളുടെയും ഇച്ഛയ്‌ക്കൊത്തു നീങ്ങിയപ്പോള്‍ അമ്മയെന്ന സത്യവും അമ്മ മലയാളത്തിന്റെ തത്ത്വവും മറന്നു. ആ മറവിയിലും മാതാവും മാതൃഭാഷയും മൃദുസ്മരണകളായി കടന്നു വരുന്നു. ആ സ്മരണകളുടെ ബിംബഭംഗിയാര്‍ന്ന കവിതാഖ്യാനമാണ് 'അമ്മയുടെ എഴുത്തുകള്‍.'
കവിതയിലെ പാല്‍മുത്ത്!
അമ്മമനസ്സിന്റെ മായാത്ത മുദ്രകളാണ് ഈ എഴുത്തുകള്‍. അതാകട്ടെ സ്വന്തം മകനു വേണ്ടി പകര്‍ന്ന പാല്‍മുത്തുകളാണ്. വീടിനു മോടികൂട്ടുന്ന നേരത്ത് അതുനന്നായി അടുക്കി ഒതുക്കിവയ്ക്കട്ടെ. പട്ടണത്തില്‍ നിന്നും വാങ്ങിയ കളിക്കോപ്പുകളും മറ്റും നിറയ്ക്കയാല്‍ ചില്ലുപെട്ടികള്‍ (ഷോകെയ്സുകള്‍) നിറഞ്ഞു തിങ്ങി. അമ്മയുടെ കത്തുകള്‍ ഒരു കാല്‍പ്പെട്ടിയിലാക്കി താഴിട്ടു പൂട്ടി പിന്നിലെ ചായ്പിലൊളിപ്പിച്ചുവയ്ക്കാന്‍ തീരുമാനിച്ചു.  ഭാര്യയുടെ ഇഷ്ടമാണ് തന്റെയും ഇഷ്ടമെന്നുചിന്തിച്ച് കവി അതിനു സമ്മതം മൂളി. അവിടെ ഇരുന്നാല്‍ കുട്ടികള്‍ കാണില്ലല്ലോ. അവര്‍ മൊഴിച്ചന്തമുള്ള മാതൃഭാഷാപദങ്ങള്‍ മറന്ന് പുതിയ പദങ്ങള്‍ കണ്ടുവളരട്ടെ. പരമ്പരാഗതമായി പകര്‍ന്നുകിട്ടിയ പദങ്ങള്‍ കാല്‍പ്പെട്ടിയിലും ഭദ്രമായി ഇരുന്നുകൊള്ളട്ടെ. മാതൃഭാഷയും അമ്മയും എഴുത്തുകളും എല്ലാം പുരാവസ്തുവായി മാറി.  മാതൃഭാഷയായ മലയാളത്തെ വീടിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് അഭംഗിയായി മാറി. പൂമുഖത്തു നിന്നു മാതൃഭാഷ പിന്മാറിയപ്പോള്‍ മനോഹരമായ തിണ്ണയും മറ്റും പോയി. പകരം സിറ്റൗട്ടും ഫ്രണ്ട് ഡോറും വിന്‍ഡോസും ടീപ്പോയിയും സെറ്റിയും  ഫ്‌ളവര്‍വെയിസും ഒക്കെ സ്ഥാനം പിടിച്ചു. മാതൃഭാഷയായ അമ്മയില്‍നിന്നു കിട്ടിയതെല്ലാം പൊയ്പോയി.
മൂന്നു തലമുറകളിലൂടെ
അമ്മയുടെ എഴുത്തുകളില്‍ മൂന്നു തലമുറകള്‍ കടന്നുവരുന്നുണ്ട്. കവിയുടെ അമ്മയുടെ തലമുറ, കവിയുടെ തലമുറ (ഇന്നത്തെ തലമുറ,) വരാനിരിക്കുന്ന തലമുറ. അമ്മയുടെ തലമുറയില്‍പ്പെട്ടവരുടെ ഇടയില്‍ അമ്മയ്ക്കുണ്ടായിരുന്ന സ്ഥാനം വരും തലമുറയില്‍പ്പെട്ടവര്‍ക്ക് ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.  നൊന്തുപെറ്റിരുന്ന കാലം മറന്ന് ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്ത് അമ്മയെ വാടകയ്ക്ക് എടുക്കുന്ന കാലത്തിലൂടെ നാം കടന്നുപോകുന്നു. നാളെ അമ്മയെന്ന കല്പനതന്നെ ഇല്ലാതാകുമോ എന്നാണ് സംശയിക്കേണ്ടത്. അതേ അവസ്ഥതന്നെയാണ് മാതൃഭാഷയ്ക്കും വന്നു ചേര്‍ന്നത്. അമ്മയുടെ തലമുറയില്‍പ്പെട്ടവര്‍ മാതൃഭാഷയെ ആശയവിനിമയത്തിന് ഏറെ പ്രയോജനപ്പെടുത്തി.  കവിയുടെ തലമുറയില്‍പ്പെട്ടവര്‍ക്ക് കത്തുകളിലൂടെയും കുറിപ്പുകളിലൂടെയും വിലപ്പെട്ട വിവരങ്ങള്‍ അവര്‍ കൈമാറി. എന്നാല്‍ കവിയുടെ തലമുറയില്‍പ്പെട്ടവര്‍ കത്തും കുറിപ്പും ഉപേക്ഷിച്ചു. ആശയ വിനിമയം ആംഗലേയ ഭാഷയിലായി. നിത്യജീവിതത്തിലും വിദ്യാഭ്യാസത്തിലുമെല്ലാം ആംഗല പ്രഭാവം വര്‍ധിച്ചു. മാതൃഭാഷ പിന്തള്ളപ്പെട്ടു.
പ്രിയതമയുടെ കുലീനമായ ചിന്ത
അമ്മയുടെ എഴുത്തുകള്‍ ഭദ്രമായി ഇരുന്നുകൊള്ളട്ടെ. കുട്ടികള്‍ തൊട്ടുവായിച്ചാല്‍ അത് അശുദ്ധമാകും.  അമ്മയുടെ എഴുത്തുകള്‍ കുട്ടികള്‍ കാണാതെ ചായ്പിലൊളിപ്പിച്ചു വയ്ക്കാനാണ് തന്റെ പ്രിയതമ തീരുമാനിച്ചത്. ആ തീരുമാനം എത്ര കുലീനവും നവീനവും കാലഘട്ടത്തിനു യോജിച്ചതുമാണ്. ഭാര്യയുടെ തീരുമാനത്തെ, തന്റെ പ്രിയതമയുടെ ദീര്‍ഘവീക്ഷണത്തെ കവി പ്രശംസിക്കുന്നു. കുട്ടികള്‍ മാതൃഭാഷ പഠിക്കേണ്ടായെന്നും മാതൃഭാഷാപദങ്ങള്‍ കുട്ടികളുടെ കണ്‍വെട്ടത്തുപോലും കാണരുതെന്നും അവര്‍ ചിന്തിക്കുന്നു.  മാതൃഭാഷയെ അവഗണിക്കണമെന്നും പുതിയ കാലഘട്ടത്തിന്റെ സൃഷ്ടിയായ ആംഗല വിദ്യാഭ്യാസത്തിന്റെ പാതയിലൂടെ കുട്ടികള്‍ സഞ്ചരിക്കണമെന്നും പ്രിയപ്പെട്ട ഭാര്യ നിശ്ചയിക്കുന്നു. ആ നിശ്ചയത്തിനുണ്ടോ മറുവാക്ക്? അതിനോടൊത്തു നീങ്ങാന്‍ കവിയും തീരുമാനിക്കുന്നു.
തായ്മൊഴി തന്നീണവും താളവും
മാഞ്ഞുകൊണ്ടിരിക്കുന്ന ഈ എഴുത്തുകള്‍, മറന്നുകൊണ്ടിരിക്കുന്ന മാതൃഭാഷയിലെ മൊഴികള്‍ ആരാണ് വായിക്കുക? മാതൃഭാഷാപദങ്ങള്‍ ആരുടെ നാവിലാണ് ജീവനിട്ട് ഉയിര്‍ക്കുക? ഞങ്ങള്‍ ആരുടെ കുട്ടികളാണെന്നും ആരുടെ പേറ്റുനോവിന്റെ ഫലമായി പിറന്നവരാണെന്നും പുതിയ തലമുറയിലെ കുട്ടികള്‍ ചോദിക്കാം. തായ്മൊഴിയുടെ ഈണം എന്താണ്? അത് എങ്ങനെയാണ് ഉച്ചരിക്കുക. ഭാഷാവര്‍ണങ്ങള്‍ ഓര്‍ത്തു മനസ്സിലാക്കേണ്ടത് എങ്ങനെയാണ്? മാതൃഭാഷയാകുന്ന ആ അമ്മയുടെ ഹൃദയത്തുടിപ്പുകള്‍ എങ്ങനെയാണ് അറിയുക? തായ്മൊഴിയില്‍ നിന്നൂറിയ ഈണവും താളവും എങ്ങനെയാണ് കണ്ടെത്തുക?  അമ്മ പാടിയ താരാട്ടിന്റെ ഈണം കേട്ട് മാതൃഭാഷയെ അടുത്തറിയാന്‍ തുടങ്ങിയവരാണ് മുന്‍തലമുറയിലെ ആളുകള്‍. ഇന്നുള്ളവര്‍ക്ക് താളം തെറ്റിയ താരാട്ടു മാത്രമേ ബാക്കിയുള്ളൂ. താരാട്ടിന്റെ മാധുര്യം എങ്ങനെയെന്ന് നാളത്തെ കുട്ടികള്‍ ചോദിക്കാം. മലയാളത്തിന്റെയും മലയാളിയുടെയും പിറവിക്കുകൂടി ഉത്തരം നല്‍കേണ്ട രീതിയില്‍ മാതൃത്വത്തേയും മാതൃഭാഷയേയും നമ്മള്‍ തകര്‍ത്തു കളഞ്ഞു. നാളത്തെ കുട്ടികള്‍ക്ക് ഒരു സ്മരണയായെങ്കിലും നിലനിര്‍ത്താന്‍ തായയെയും തായ്മൊഴിയെയും വേണ്ടായിരിക്കുമോ എന്ന ആശങ്ക പങ്കുവെച്ചുകൊണ്ടാണ് കവിത അവസാനിക്കുന്നത്. ഭാഷയും സംസ്‌കാരവും മാതൃത്വത്തിന്റെ മഹനീയ സങ്കല്പങ്ങളും നഷ്ടബോധത്തിന്റെ ആഴങ്ങളിലേക്കു കൂപ്പുകുത്തി വീഴുമ്പോള്‍, അമ്മയെക്കുറിച്ചും മാതൃഭാഷയെക്കുറിച്ചും ഉദ്വേഗമാര്‍ന്ന ചില ചിന്തകള്‍ കവി ഈ കവിതയില്‍ പങ്കുവയ്ക്കുന്നു. മാതാവിനെയും മാതൃഭാഷയെയും കുറിച്ചുള്ള ചിന്തനീയങ്ങളും ലാളിത്യമാര്‍ന്നതുമായ ചില വരികള്‍ പകര്‍ന്നു കിട്ടുമ്പോഴുള്ള ആനന്ദമാണ് ഈ കവിതയുടെ വായന ആസ്വാദകന് നല്‍കുന്നത്.
അമ്മ പകര്‍ന്നേകിയ അനുഭവങ്ങള്‍
നോക്കുമ്പോള്‍തന്നെ മിണ്ടുന്ന ആ എഴുത്തിലെ വരികള്‍ മനസ്സില്‍ എത്ര ഉത്സാഹമാണ് പകരുന്നത്! കൗതുകമുള്ള വാക്കുകളാണ് ഓരോ താളിലും കാണുക. അവ മകനോടു സംവദിക്കുന്നവയാണ്. ഓരോ എഴുത്തിലും അമ്മ എഴുതി അയച്ച കാര്യങ്ങള്‍ നോക്കുക. അമ്മയുടെ വാത്സല്യം, ഉത്കണ്ഠ, സാരോപദേശങ്ങള്‍ തുടങ്ങി നാടുമായും വീടുമായും ബന്ധപ്പെട്ട കാര്യങ്ങള്‍, നീര്‍വീഴ്ച മാറ്റാനുള്ള മരുന്നുകുറിപ്പുകള്‍വരെ അമ്മയുടെ എഴുത്തുകളില്‍ വായിക്കാം. അതു വായിക്കുമ്പോള്‍ അമ്മയുടെ ശബ്ദത്തില്‍ കേട്ടതായി തോന്നുന്നു. നാദമായി വന്ന് നാവില്‍ മാധുര്യം പകര്‍ന്നവയാണ് ആ വാക്കുകള്‍.
വി. മധുസൂദനന്‍ നായര്‍
1949 ഫെബ്രുവരി 25-ന് തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. അദ്ദേഹം എഴുതിയ ഓരോ കവിതയും പുതിയ ഭാവുകത്വം മലയാളികള്‍ക്ക് പകര്‍ന്നു. കഴിഞ്ഞ പതിറ്റാണ്ടില്‍ മലയാള കവിതയിലുണ്ടായ ഉപലബ്ധികളിലേറ്റവും ശ്രദ്ധേയമായതെന്ന് ഒ.എന്‍.വി. മധുസൂദനന്‍നായരുടെ കവിതകളെ വിശേഷിപ്പിക്കുന്നുണ്ട്. സംഗീതാത്മകമായ ഭാവഗീതശൈലിയില്‍ നവകാല്പനികതയ്ക്ക് സ്വകൃതികളിലൂടെ പ്രചാരം നല്‍കി. നാറാണത്തുഭ്രാന്തന്‍, ഗാന്ധര്‍വം, ഗാന്ധി, അച്ഛന്‍ പിറന്ന വീട് എന്നിവ അദ്ദേഹത്തിന്റെ കൃതികളില്‍ ചിലതാണ്.
--------------------------------------------------------------------------------


കൃഷ്ണഗാഥ


തദ്ധിതം

വ്യാകരണ പഠനത്തിന്റെ ഭാഗമായി പല ക്ലാസ്സുകളിലും തദ്ധിതത്തെക്കുറിച്ച് പഠിക്കാനുണ്ട്.തദ്ധിതത്തെക്കുറിച്ച് അല്‍പ്പം...
 

ആത്മാവിന്റെ വെളിപാടുകള്‍



Wednesday, November 8, 2017

അമ്മ പ്രസന്റേഷന്‍

അമ്മത്തൊട്ടില്‍, അമ്മയുടെ എഴുത്തുകള്‍ എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് നല്‍കാവുന്ന PDF രൂപത്തിലുള്ള ഒരു പ്രസന്റേഷന്‍

                               Download 

Download PDF

മലയാളം നിഘണ്ടു

3364 പേജുകളുള്ള മലയാളം നിഘണ്ടു ഡൗണ്‍ലോഡ് ചെയ്യാന്‍ ചുവടെ....

മലയാളം നിഘണ്ടു

കുറ്റവും ശിക്ഷയും ആമുഖം

ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന പ്രശസ്ത നോവലിന് അയ്യപ്പപ്പണിക്കര്‍ എഴുതിയ ആമുഖം.ദസ്തയേവ്സ്കി എന്ന മനുഷ്യനെയും ദസ്തയേവ്സ്കി എന്ന സാഹിത്യകാരനെയും മനസ്സിലാക്കാന്‍ സഹായകമാണ് ഈ ആമുഖം.

                                              PDF Download

PDF Downlaod

Wednesday, November 1, 2017

ഒന്നാം പിറന്നാള്‍


    Hs മലയാളം ബ്ലോഗിന് ഒരു വയസ്സ്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ കേരളത്തിലെ മലയാളം അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഇടയില്‍ അഭിമാനാര്‍ഹമായ ഒരു സ്ഥാനം നേടിയെടുക്കാന്‍ സഹായിച്ച നിങ്ങളേവര്‍ക്കും നന്ദി...