പ്രൊഫ.ജി.ബാലകൃഷ്ണന്‍ നായര്‍
ഏറ്റവും മഹത്തായ നൂറു കണ്ടുപിടുത്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു ബ്രെയില്‍ (Braille)
ഏറ്റവും മഹത്തായ നൂറു കണ്ടുപിടുത്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു ബ്രെയില്‍ (Braille)
1809ല്‍ ജനിച്ച ലൂയിബ്രെയില്‍ 42 വര്‍ഷം മാത്രമേ ജീവിച്ചിരുന്നുള്ളൂ. അദ്ദേഹം ബാലനായിരുന്നപ്പോള്‍ തന്നെ രൂപപ്പെടുത്തിയ ലിപി അംഗീകരിക്കപ്പെട്ടതും ലോകത്തിലെ ഏതാണ്ടെല്ലാ ഭാഷകളിലും നടപ്പായതും അദ്ദേഹത്തിന്റെ കാലശേഷമാണ്.
സ്‌കൂളീന്ന് വന്നപ്പോള്‍ അതാ അടുക്കളയില്‍ നിന്ന് അച്ഛന്‍ ചായയുണ്ടാക്കുന്നു.
''ഇതു ഞങ്ങള്‍ക്കുള്ളതാണ് മീനു. നിനക്കുള്ള പാല്‍ മേശപ്പുറത്തുണ്ട്.'' അച്ഛന്‍ പറഞ്ഞു.
പിന്നെ അച്ഛനും അമ്മയും ഊണുമേശക്കരികിലേക്ക് ചായക്കപ്പുമായി എത്തി. ടീച്ചറിന്റെ കയ്യീന്നിന്ന് ഒരു പുതിയ കാര്യം കിട്ടീട്ടുണ്ട്. രണ്ടുപേര്‍ക്കും അറിയാത്ത കാര്യം! എന്റെ അറിവ് പുറത്ത് വിട്ട് ഒന്ന് ഞെളിയാം!
ഒരു ക്വിസ് മാസ്റ്ററായി നടിച്ച് ഞാന്‍ ചോദിച്ചു ''ബ്രെയില്‍ എന്താന്നറിയാമോ കുട്ടികളേ?''
ചായ കുടിക്കുന്നതിനിടയില്‍ രണ്ടുപേരും മുഖത്തോടുമുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. അറിയില്ലെന്ന് സമ്മതിക്കട്ടെ; എന്നിട്ട് പറഞ്ഞുകൊടുക്കാം!
''ആലോചിച്ച് നോക്ക്. ഉത്തരം പറയുന്ന ആള്‍ക്ക് ക്വിസ്മാസ്റ്ററുടെ വക കെട്ടിപ്പിടിച്ചൊരു ഉമ്മ!''
അച്ഛന്‍ പറഞ്ഞു. ''ഞങ്ങള്‍ രണ്ടുപേരും ഒരു ടീമാ. ഒന്ന് കൂടി ആലോചിച്ചോട്ടെ.''
''പത്തു സെക്കന്റ് തരാം. പക്ഷേ, സമ്മാനം പങ്കുവയ്‌ക്കേണ്ടി വരും.''
ഞാന്‍ കേള്‍ക്കാതെ രണ്ടുപേരും എന്തോ കുശുകുശുത്തു. രാധമ്മയാണ് ആദ്യം പറഞ്ഞത്.
''അതൊരു ഫ്രഞ്ചുകാരന്‍ സായിപ്പിന്റെ പേരാണ്. ഇപ്പോ ജീവിച്ചിരിപ്പില്ല.''
''അയ്യേ, തെറ്റി. ബ്രെയില്‍ കാഴ്ചയില്ലാത്തവര്‍ക്ക് വിരല്‍തൊട്ട് വായിക്കാവുന്ന എഴുത്താണ്. രണ്ടുപേര്‍ക്കും സമ്മാനമില്ല.''
''അതെയോ; എവിടുന്നാ ഇന്നീ പുതിയ കാര്യം കിട്ടിയത് മീനൂ?''
''ഇന്നേ കാഴ്ചദിനമാ. കാഴ്ചയില്ലാത്തവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കണം, ഇനി ആരുടേയും കാഴ്ച നഷ്ടപ്പെടരുത്, അതിന് നമ്മുടെ കണ്ണുകളെ സൂക്ഷിക്കണം എന്നെല്ലാം ഹെഡ്മാസ്റ്റര്‍ പ്രസംഗിച്ചു.''
''ബ്രെയില്‍ പഠിപ്പിച്ചതൊക്കെ ഗൗരിട്ടീച്ചറാണ്. അമ്മക്കറിയില്ലെ ഗൗരിട്ടീച്ചറിനെ?''
''പുസ്തകം കണ്ണിനടുത്ത് പിടിച്ച് വായിക്കുന്ന ടീച്ചറല്ലേ?''
''അതു തന്നെ. ടീച്ചറിന് കാഴ്ച കുറവാണ്. പക്ഷേ, എത്ര നല്ല ടീച്ചറാണെന്നറിയാമോ. ഞങ്ങളോടെല്ലാം വല്യ സ്‌നേഹമാ. ഇന്ന് ബ്രെയില്‍ എഴുതിക്കാണിച്ചുതന്നു. എങ്ങനെഴുതണമെന്ന് പഠിപ്പിച്ച് തര്വേം ചെയ്തു.''
''ഇതാ ഈ കട്ടിക്കടലാസ് കണ്ടോ? വായിച്ച് നോക്കൂ. ഓരോ ബ്രെയിലിന്റേയും മലയാളം അക്ഷരം ഞാന്‍ അതില്‍ എഴുതിയിട്ടുണ്ട്.''
''ഇതെങ്ങനാ മീനൂ വരിതെറ്റാതെ ഇങ്ങനെ എഴുതുന്നത്? ഓരോ അക്ഷരത്തിന്റെ സ്ഥാനവും കൃത്യമായിട്ടുണ്ടല്ലോ?'' രാധമ്മയുടെ സംശയം വന്നു.
''അതമ്മേ, ബ്രെയില്‍ സ്ലേറ്റിനു രണ്ടു പാളികള്‍ ഉണ്ട്. രണ്ടിനും നടുക്കാണ് പേപ്പര്‍ വെക്കുന്നത്. മുകളിലത്തെ പാളിയില്‍ വരിവരിയായി ചെറിയ കളങ്ങള്‍. ഓരോ കളത്തിലും ആറ് ചെറിയ ദ്വാരങ്ങള്‍. അതൊരക്ഷരത്തിനുള്ളതാണ്. എഴുതുക എന്ന് പറഞ്ഞാല്‍ പേപ്പറിന് കൃത്യമായി ദ്വാരമിടല്‍ തന്നെ. അതിന് ഒരു സ്റ്റൈലഡ് ഉണ്ട്. നമ്മുടെ ബാള്‍പെന്നിന്റെ അറ്റം പോലെ തന്നെ ഇരിക്കും സ്റ്റൈലസ് കണ്ടാല്‍. മുനകൊണ്ട് ആറു ദ്വാരങ്ങളില്‍ ചിലതിലൊക്കെ കുത്തിയാണ് ബ്രെയില്‍ അക്ഷരം എഴുതുന്നത്. സ്ലേറ്റിന്റെ പേപ്പറിനടിയിലെ പാളിയില്‍ ചെറിയ ചെറിയ കുഴികളുണ്ട് ഓരോ ദ്വാരത്തിനു നേരെയും. സ്റ്റൈലസിന്റെ അറ്റം പേപ്പര്‍ തുളച്ച് ഈ കുഴിയിലേക്കിറങ്ങുമ്പോഴാണ് ബ്രെയിലിന്റെ കുത്ത് പേപ്പറിന്റെ മറുപുറത്ത് ഉയര്‍ന്ന് നില്‍ക്കുന്നത്. ഇതെല്ലാം ടീച്ചര്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു. പേപ്പര്‍വെക്കാനും കുത്തിടാനും എല്ലാം സഹായിച്ചും തന്നു.'' അച്ഛന്‍ എനിക്കൊരു ഷേക്ഹാന്‍ഡ് തന്നു.
''ഉം?'' ഞാന്‍ ചോദ്യരൂപത്തില്‍ നോക്കി.
''ഇതെല്ലാം പഠിച്ചെടുത്തതിനും ഞങ്ങള്‍ക്ക് പറഞ്ഞു തന്നതിനും.''
''അതേയ്, ഇന്നു മുഴുവന്‍ ഞങ്ങള്‍ക്ക് ബ്രെയില്‍ പഠിത്തം ആയിരുന്നു പണി. ഗൗരിട്ടീച്ചര്‍ നേതാവ്. മറ്റു ടീച്ചര്‍മാരും കൂടെക്കൂടി.''
''പിന്നെയച്ഛാ എല്ലാഭാഷയ്ക്കും ഇതേ സ്ലേറ്റും സ്റ്റൈലസും മതി. ടീച്ചര്‍ പറഞ്ഞത് 'അ'യും 'മ'യും എഴുതാന്‍ ഒരേ കുത്ത് മതീന്നാ. 'ക'യുടെ പോലെ തന്നെ സ. ഗൗരിട്ടീച്ചര്‍ എത്ര വേഗത്തിലാ എഴുതുന്നതും, തൊട്ട് തൊട്ട് വായിക്കുന്നതും. ഒന്ന് കാണണം എന്നാലേ വിശ്വസിക്കൂ.'' ഞാന്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു. ടീച്ചര്‍ ഹെലന്‍കെല്ലറുടെ കഥ പറഞ്ഞത്, കാഴ്ചയും കേള്‍വിയും ഇല്ലാതിരുന്നിട്ടും അവരെന്തെല്ലാം നേടി. ''അവരെ ഓര്‍ക്കുമ്പോ നമ്മളെല്ലാം വെറും ബുദ്ദൂസാന്നാ ടീച്ചര്‍ പറഞ്ഞത്.
''എന്നാലെ ഹെലന്‍കെല്ലറെപ്പോലെ വേറൊരാളുടെ കഥ പറയട്ടെ?'' രാധമ്മ പറഞ്ഞു.
''പറയൂ.'' ഞാന്‍ ചെവികൂര്‍പ്പിച്ചിരുന്നു.
''ഒരിരുനൂറ് കൊല്ലം മുന്‍പ് - അന്നൊരിക്കല്‍ ഫ്രാന്‍സില്‍ ഒരു മൂന്ന് വയസുകാരന് വലിയൊരപകടം പറ്റി. കൂര്‍ത്ത കമ്പികൊണ്ട് അവന്റെ ഒരു കണ്ണ് നഷ്ടപ്പെട്ടു. ചികിത്സിച്ചിട്ടും പഴുപ്പ് പടര്‍ന്ന് കയറി മറ്റേ കണ്ണിന്റെ കാഴ്ചയും പോയി.''
കേട്ടിട്ട് തന്നെ എനിക്ക് കരച്ചില്‍ വന്നു.
''ആ കുട്ടി പക്ഷേ, അതിസമര്‍ഥനും കഷ്ടപ്പെട്ട് പഠിക്കുന്നവനും ആയിരുന്നു. കണ്ണുകാണാത്തവര്‍ക്കായി പാരീസിലുള്ള സ്‌കൂളില്‍ അവന്‍ പഠിച്ചു. പതിനഞ്ചു വയസ്സായപ്പോള്‍, കട്ടിപ്പേപ്പറില്‍ ഉയര്‍ന്ന് നില്‍ക്കുന്ന കുത്തുകളുണ്ടാക്കി അക്ഷരങ്ങളെ സൂചിപ്പിക്കുന്ന വിദ്യ അവന്‍ ഏതാണ്ട് ശരിയാക്കി എടുത്തു. ഈ ഉപായത്തെപ്പറ്റി ആദ്യം ചിന്തിച്ചതാ കുട്ടിയല്ല. എങ്കിലും അവന്റെ രീതിയായിരുന്നു ഏറ്റവും മെച്ചപ്പെട്ടത്.''
''ആ കുട്ടിയുടെ പേര് അമ്മ പറഞ്ഞില്ല.''
''അവന്റെ പേരാണ് ബ്രെയില്‍. മുഴുവന്‍ പേര് ലൂയി ബ്രെയില്‍.''
''കണ്ടുപിടിച്ച ആളിന്റെ പേരുതന്നെ, ആ എഴുത്ത് രീതിക്കും കൊടുത്തു അല്ലേ? അപ്പോ ക്വിസ്മാസ്റ്റര്‍ മണ്ടിയായല്ലോ?!'' ഞാന്‍ തലകുനിച്ചു. ഒപ്പം പുതിയൊരു കാര്യം അറിഞ്ഞതിന്റെ സന്തോഷവും തോന്നി.
''ക്വിസ്മാസ്റ്റര്‍ക്ക് ഒരു ചോദ്യത്തിന് രണ്ട് ഉത്തരം കിട്ടിയില്ലേ? അതുകൊണ്ട് ഒട്ടും മണ്ടിയായില്ല. സമ്മാനം പകുതിയാക്കണ്ട. ഓരോന്ന് പോരട്ടെ!'' അച്ഛന്‍ സന്തോഷത്തോടെ പറഞ്ഞു.
അച്ഛനും അമ്മയും മുന്നില്‍ വന്ന് കുനിഞ്ഞുനിന്നു. ഞാന്‍ ഓരോ കൈ രണ്ടുപേരുടേയും കഴുത്തില്‍ ചുറ്റി. രണ്ടു കവിളിലും എനിക്ക് സമ്മാനവും കിട്ടി!
അന്ധര്‍ക്കും കാഴ്ചവൈകല്യങ്ങളുള്ളവര്‍ക്കും എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയിലി ലിപിയുടെ ഉപജ്ഞാതാവാണ് ലൂയിസ് ബ്രെയില്‍. ബാല്യത്തിലുണ്ടായ ഒരപകടത്തെ തുടര്‍ന്ന് പൂര്‍ണമായ അന്ധത ബാധിച്ചെങ്കിലും വിദ്യാര്‍ഥിയായിരിക്കെ തന്നെ ആ വൈകല്യത്തെ മറികടക്കാനുള്ള വിദ്യയ്ക്ക് രൂപം നല്‍കി. ഒന്നര നൂറ്റാണ്ട് പിന്നിട്ട ബ്രെയിലി ലിപി ഇന്ന് മലയാളം ഉള്‍പ്പെടെ അനേകം ഭാഷകളില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.