മധു തൃപ്പെരുന്തുറ
വാര്‍ധക്യം ഒരു രണ്ടാം ബാല്യമാണെന്നാണ് പൊതുവെ പറയാറ്. ജീവിതത്തിന്റെ ഭാരങ്ങളൊക്കെ ഇറക്കിവെച്ച് മക്കളോടും കൊച്ചുമക്കളോടുമൊപ്പം സന്തോഷത്തോടെ വിശ്രമജീവിതം നയിക്കേണ്ടുന്ന കാലം. വാര്‍ധക്യത്തിലും പൊറുതി കിട്ടാതെ നട്ടം തിരിയുന്ന ചിലരുണ്ട്. അങ്ങനെ ഒരാളാണ് അമ്മമ്മ. പി. സുരേന്ദ്രന്റെ അമ്മമ്മ എന്ന ചെറിയ വലിയ കഥ ലാളിത്യമുള്ള വാക്കുകളിലൂടെ ഒരു വികാര പ്രപഞ്ചമാണ് സൃഷ്ടിക്കുന്നത്. കഥ വായിച്ചു കഴിയുമ്പോള്‍ നമ്മില്‍ പലരുടെയും കണ്ണുകള്‍ നനയും. അമ്മമ്മ മനസ്സിലേക്ക് ഒരു തേങ്ങലോടെ ഇടം പിടിക്കും.
തേവിത്തേവി വറ്റിപ്പോയ കിണര്‍
അമ്മമ്മയാണ് കഥയിലെ കേന്ദ്രകഥാപാത്രം. അമ്മ നഷ്ടപ്പെട്ട മൂന്നു കുട്ടികളുടെ സംരക്ഷണ ചുമതല അവര്‍ക്കാണ്. തേവിത്തേവി വറ്റിപ്പോയ കിണര്‍ എന്നാണ് കഥാകാരന്‍ അമ്മമ്മയെ വിശേഷി പ്പിക്കുന്നത്. എന്നാലും പൊടിയുന്നുണ്ട് തെളിനീര്. വിധവയായ അവര്‍ മൂന്നു പേരക്കുട്ടികളേയും പോറ്റി വളര്‍ത്താന്‍ കഠിനമായി അധ്വാനിക്കുന്നു. തികഞ്ഞ മദ്യപാനിയായിരുന്നു അമ്മമ്മയുടെ മകളുടെ ഭര്‍ത്താവ്, 'അമ്മ വിളക്ക് ഊതിക്കെടുത്തി പറക്കമുറ്റാത്ത മൂന്നു മക്കളെ ഇരുട്ടിലേക്ക് തള്ളി, അവരുടെ കരച്ചിലുകള്‍ക്ക് കാതുകൊടുക്കാതെ അവന്‍ എങ്ങോട്ടോ ഓടിപ്പോയി ' എന്ന് കഥാകൃത്ത് പറയുമ്പോള്‍ വരികള്‍ക്കിടയില്‍ ചിലതെല്ലാം ഒളിപ്പിച്ചുവെക്കുന്നു. അമ്മ വിളക്ക് ഊതിക്കെടുത്തി എന്ന സവിശേഷ പ്രയോഗത്തിലൂടെ കുട്ടികളുടെ അമ്മയെ അയാള്‍ ഇല്ലാതാക്കിയെന്നും അവരുടെ ജീവിതം അന്ധകാരത്തിലേക്ക് തള്ളിയിട്ടു എന്നും സൂചന കിട്ടുന്നു.
അമ്മമ്മയുടെ രേഖാചിത്രം
rമൂന്നു കുട്ടികളുടെയും സംരക്ഷണ ചുമതല കഴിയാതെ വന്നപ്പോള്‍ അമ്മമ്മ അവരെ സൗജന്യ ഹോസ്റ്റല്‍ സംവിധാനമുള്ള സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നു. കുട്ടികളെ വേദനയോടെ പറിച്ചെടുത്തു മാറ്റുകയാണ് അവര്‍. അമ്മമ്മയുടെ രേഖാചിത്രം ഏതാനും വാക്കുകളിലൂടെ വരച്ചുവെക്കുന്നുണ്ട് കഥാകൃത്ത്. നഗ്‌നമായ കാതുകള്‍, സൂര്യകിരണങ്ങള്‍ നിറങ്ങളൊക്കെ കവര്‍ന്നുകൊണ്ടുപോയ ഒരേ ഒരു സാരി, ചെരിപ്പില്ലാതെ വിണ്ടുപൊട്ടിയ അമ്മമ്മയുടെ പാദങ്ങള്‍ ഭൂമിയുടെ മഹാസങ്കടങ്ങള്‍ അറിയുന്നു. ഇടയ്ക്കിടക്ക് അമ്മമ്മ സ്‌കൂളിലെത്തി മൂന്നു പേരക്കുട്ടികളേയും കൂട്ടി അങ്ങാടിയിലേക്കിറങ്ങും. ചായക്കടയില്‍ അവരെ കൊണ്ടുപോയി പൊറോട്ടയും പഴംപൊരിയും മേടിച്ചു കൊടുക്കും. ഈ കുട്ടികള്‍ വളര്‍ന്നാല്‍ വര്‍ണ്ണത്തിളപ്പിന്റെ ലോകത്ത് അവര്‍ അമ്മമ്മയെ വെറുക്കില്ലേ എന്ന് കഥാകൃത്ത് ആശങ്കപ്പെടുന്നിടത്ത് കഥ അവസാനിക്കുന്നു.
പരിചിതമായ മുഖം
ഒതുക്കി പറഞ്ഞിരിക്കുന്ന കഥയാണ് അമ്മമ്മ. സഹനത്തിന്റെ പ്രതിരൂപമായ ഒരു സ്ത്രീയുടെ നേര്‍ചിത്രമാണ് ഇവിടെ കോറിയിട്ടിരിക്കുന്നത്. അവര്‍
സ്‌നേഹസമ്പന്നയാണ്, ത്യാഗമൂര്‍ത്തിയാണ്, എടുക്കാന്‍ കഴിയാത്ത ചുമടുമായി ഏകയായ അവര്‍ പക്ഷേ, ദൃഢചിത്തയാണ്. നമ്മുടെയൊക്കെ അയല്‍പക്കത്ത് നമുക്കേറ്റവും പരിചിതമായ അല്ലെങ്കില്‍ ജീവിതത്തില്‍ ഏതൊക്കെയോ ഇരുണ്ട വഴിത്താരകളില്‍ കണ്ടുമുട്ടിയ മുഖമാണ് അമ്മമ്മയുടേത്. അതുകൊണ്ടു കൂടിയാണ് അമ്മമ്മ എന്ന കഥയും കഥാപാത്രവും ഒരു പോലെ പ്രിയപ്പെട്ടതാകുന്നത്.
സ്‌നേഹസമ്പന്നയാണ്, ത്യാഗമൂര്‍ത്തിയാണ്, എടുക്കാന്‍ കഴിയാത്ത ചുമടുമായി ഏകയായ അവര്‍ പക്ഷേ, ദൃഢചിത്തയാണ്. നമ്മുടെയൊക്കെ അയല്‍പക്കത്ത് നമുക്കേറ്റവും പരിചിതമായ അല്ലെങ്കില്‍ ജീവിതത്തില്‍ ഏതൊക്കെയോ ഇരുണ്ട വഴിത്താരകളില്‍ കണ്ടുമുട്ടിയ മുഖമാണ് അമ്മമ്മയുടേത്. അതുകൊണ്ടു കൂടിയാണ് അമ്മമ്മ എന്ന കഥയും കഥാപാത്രവും ഒരു പോലെ പ്രിയപ്പെട്ടതാകുന്നത്.
അവരിപ്പോഴും ജീവിച്ചിരിക്കുന്നു!
കഥാപശ്ചാത്തലത്തെപ്പറ്റി കഥാകൃത്ത് പി.സുരേന്ദ്രന്‍ സംസാരിക്കുന്നു.
അമ്മമ്മ എന്ന കഥയുടെ രചനാപശ്ചാത്തലം ഒന്നു വ്യക്തമാക്കാമോ? ഏതെങ്കിലും നേരനുഭവത്തില്‍ നിന്നാണോ കഥ പിറവിയെടുത്തത്?
ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികള്‍ എന്ന ഓര്‍മപുസ്തകത്തിലെ ഒരു കുറിപ്പാണ് അമ്മമ്മ. അത് കഥയല്ല. കഥയുടെ ആഖ്യാനതന്ത്രം ഉപയോഗിച്ച് എഴുതിയതാണ്. നോണ്‍ഫിക്ഷന്‍ നരേറ്റീവ് എന്നു പറയും. എനിക്കങ്ങനെ ഒരു സ്ത്രീയെ അറിയാം. അവരിപ്പോഴും ജീവിച്ചിരിക്കുന്നു. ഞാനവരെ ഒത്തിരിസഹായിച്ചിട്ടുണ്ട്. ഒട്ടും ഭാവന ചേര്‍ക്കാതെ ആവിഷ്‌കരിച്ചതാണിത്.
''അമ്മമ്മയുടെ കണ്ണീര് തിളങ്ങുന്ന ഒരു സൂചിയായി മാറിയതും എന്റെ കണ്ണില്‍ കൊണ്ടതും എനിക്ക് കണ്ണീര്‍പൊടിഞ്ഞതും'' ഇതുപോലെ ഒട്ടേറെ സവിശേഷ പ്രയോഗങ്ങളുണ്ട് കഥയില്‍. കഥയ്ക്ക് ഭാവ തീവ്രത നല്‍കുന്ന ഇത്തരം പ്രയോഗങ്ങള്‍ ബോധപൂര്‍വമായ ഒരു ശ്രമത്തിന്റെ ഫലമായിരുന്നോ?
അല്ല, അടിസ്ഥാനപരമായി ഞാനൊരു കഥാകാരനായതു കൊണ്ട് അത്തരം പ്രയോഗങ്ങള്‍ വന്നു ചേര്‍ന്നതാണ്. കേവലഭാഷയിലെഴുതിയാല്‍ തീവ്രത കിട്ടില്ല. ഏത് വിഷയത്തെക്കുറിച്ച് എഴുതുമ്പോഴും ആഖ്യാനതന്ത്രങ്ങള്‍ പ്രധാനമാണ്.
അമ്മമ്മയുടെ ജീവിതം പിന്തുടര്‍ന്ന് എഴുതിയ ഓര്‍മക്കുറിപ്പ് ഇത്രയധികം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയിരുന്നോ?
ആ സ്ത്രീയുടെ ജീവിതം ഞാന്‍ പിന്‍തുടര്‍ന്നു പോയിട്ടില്ല. അപ്രധാനമായ ഒരു മാസികയിലാണ് ആ കുറിപ്പ് വന്നത്. അത് പാഠപുസ്തകത്തില്‍ വരുമെന്ന് ഞാന്‍ കരുതിയിട്ടില്ല.
ഇത്തരം അമ്മമ്മമാരെ സ്യഷ്ടിക്കുന്നതില്‍ വ്യക്തിക്കും സമൂഹത്തിനും ഒരു പോലെ പങ്കില്ലേ? വര്‍ണ്ണത്തിളപ്പിന്റെ ലോകത്ത് കുട്ടികള്‍ എത്തിക്കഴിഞ്ഞാല്‍ അമ്മമ്മയെ അവര്‍ വെറുപ്പോടെ നോക്കും എന്നു പറയുമ്പോള്‍ അതില്‍ ഒരു മുന്‍വിധി കലരുന്നില്ലേ?
അനാഥത്വം വലിയശാപമാണ്. ദാരിദ്ര്യവും. എന്നെ വേദനിപ്പിച്ച മറ്റൊരു കാര്യമുണ്ട്. ആ കുറിപ്പില്‍ പറയുന്ന മൂന്നാമത്തെ കുട്ടി നല്ലവനായല്ല വളരുന്നത്. തിന്മകളേയും പാര്‍ശ്വവത്കരണത്തെയും അഭിമുഖീകരിക്കുന്ന കുട്ടികള്‍ നന്മയിലേക്ക് ഉയരണമെന്നില്ല. തിന്മയില്‍ തന്നെ വീണുപോകാം.
താങ്കളുടെ കുടുംബത്തെപ്പറ്റി-
അമ്മ മരിച്ചു. അച്ഛന്‍ ജീവിച്ചിരിക്കുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും. മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് താമസിക്കുന്നു.
ഒരധ്യാപകനായ താങ്കള്‍ക്ക് ഈ കഥയെ മുന്‍നിര്‍ത്തി എന്തുപദേശമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ളത്? എന്ത് സന്ദേശമാണ് കഥ നല്‍കുന്നത്?
പുറമേയ്ക്ക് കാണുന്നതുപോലെയല്ല ജീവിതം. മനുഷ്യര്‍ ഒരുപാട് അവഗണനകളേയും പാര്‍ശ്വവത്കരണത്തേയും നേരിടുന്നു. നീതി ഉറപ്പാക്കപ്പെടുന്നില്ല. പാവപ്പെട്ടവരെ പരിഗണിക്കാന്‍ കുഞ്ഞുങ്ങള്‍ക്കാവണം. പഠിച്ചു വളരുമ്പോള്‍ അമ്മമാരെയും അമ്മൂമ്മമാരെയും മറക്കരുത്. ആരെയെങ്കിലും സഹായിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കരുത്.
No comments:
Post a Comment