Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Tuesday, September 26, 2017

വീണ്ടും രണ്ടു മത്സ്യങ്ങള്‍ - കഥ

അംബികാസുതൻ മാങ്ങാട്

         രണ്ട് മത്സ്യങ്ങള്‍ക്ക് വീണ്ടും വഴിതെറ്റി. വഴിതെറ്റി എന്നു പറഞ്ഞുകൂടാ. വഴികള്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. എല്ലായിടത്തും ഭീമാകാരമായ, വായപിളര്‍ന്ന പാറ മടകള്‍ മാത്രം. ദംഷ്ട്രകള്‍ പോലെ എറിച്ചുനിന്ന കൂര്‍ത്ത കരിങ്കല്ലുകള്‍. ചുടുകാടിനെ ഓര്‍മിപ്പിക്കുന്ന കറുത്ത മണ്ണ്.
       ഇടവപ്പാതി കനിഞ്ഞതേയില്ല. ഇടവപ്പാതിയുടെ അന്ത്യമാണോ തുലാവര്‍ഷത്തിന്റെ തുടക്കമാണോ എന്നറിയാത്തവിധം ചാറ്റിയമഴ നനവിലൂടെയാണ് അഴകനും പൂവാലിയും സഞ്ചരിച്ചത്.
     ''നോക്കൂ'', ദൂരെനിന്ന് ദിനോസറുകളെപ്പോലെ ജാഥയായി വരുന്ന മണ്ണുമാന്തിയന്ത്രങ്ങളുടെ നേര്‍ക്ക് അഴകന്‍ കണ്ണയച്ചു. ശത്രുരാജ്യത്തോട് യുദ്ധംചെയ്യാന്‍ ഒരുങ്ങിയിറങ്ങിയ സൈന്യം പോലെ ഒരു കാഴ്ച.
    പൂവാലിക്ക് ഭയമായി: ''അയ്യോ, നമുക്ക് ഇവിടെനിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടണം''. മത്സ്യങ്ങള്‍ കുതിച്ചു.  യന്ത്രദിനോസറുകള്‍ മറ്റൊരു ഭാഗത്തുകൂടെ ഉരുണ്ട് പോയി. മീനുകള്‍ യാത്രതുടര്‍ന്ന് പാറക്കെട്ടുകളിലൂടെ സഞ്ചരിച്ച് വയലുകളുടെ നിരപ്പിലേക്കിറങ്ങി.
      വയലുകളിലെ സസ്യങ്ങളെല്ലാം  വെയിലില്‍ കത്തിക്കരിഞ്ഞിരുന്നു. മഴനനഞ്ഞ ചെടികള്‍ക്കിടയിലൂടെ മീനുകള്‍ മുന്നോട്ടുപോയി. ഒരു കൂവലിലുണ്ടായിരുന്ന മഴവെള്ളത്തില്‍ ഇത്തിരിനേരം വിശ്രമിച്ചു. കറുത്ത് കരിവാളിച്ച ഒരു മനുഷ്യന്‍ വയലിലേക്ക് കാലുകള്‍ നീട്ടിവെച്ച് വരമ്പില്‍ ഏകാകിയായി ഇരിക്കുന്നതുകണ്ട് മത്സ്യങ്ങള്‍ പ്രതീക്ഷയോടെ അങ്ങോട്ട് നീങ്ങി.  പൂവാലി ചോദിച്ചു: ''അല്ലയോ മനുഷ്യാ, ഞങ്ങള്‍ക്ക് ശൂലാപ്പ് കാവിലേക്കുള്ള വഴി പറഞ്ഞുതരാമോ?''
     അയാള്‍ കൈമലര്‍ത്തി: ''എനിക്കറിയില്ല കുഞ്ഞുങ്ങളെ. അങ്ങനെയൊരു കാവ് എവിടെയെങ്കിലും ഉള്ളതായി കേട്ടിട്ടില്ല'' അയാളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ശ്രദ്ധിച്ച് അഴകന്‍ അന്തിച്ചു. ''അങ്ങ് എന്തിനാണ് കരയുന്നത്?''
      കണ്ണുതുടച്ച് അയാള്‍ നെടുവീര്‍പ്പിട്ടു. ''ഞങ്ങളുടെ ജീവിതം ആകെ താറുമാറായിപ്പോയി കുഞ്ഞുങ്ങളേ. ഇക്കൊല്ലം ഇടവപ്പാതി പെയ്‌തേയില്ല. തുലാവര്‍ഷം എപ്പൊപ്പെയ്യും എന്നുമറിയില്ല. ഇന്ന് കാലത്ത് ഒരു മഴകിട്ടി. അത് ഏത് കണക്കിലാണ് എന്നറിയില്ല. കണ്ടോ, ഈ വയലുകളിലെല്ലാം ഞാന്‍ പണ്ട് മൂന്നുവിള കൃഷിചെയ്തിരുന്നു. ഇപ്പോള്‍ ഒരുവിള കൃഷിയും നടക്കാതായി. വിത്തിറക്കാനും കൊയ്യാനും പറ്റുന്നില്ല. കഴിഞ്ഞകൊല്ലം നെല്ല് വിളഞ്ഞുവന്നപ്പോള്‍ കാലംതെറ്റി വന്ന പെരുമഴയില്‍ എല്ലാം  ചീഞ്ഞുപോയി.''
      കൊച്ചുകുട്ടിയെപ്പോലെ അയാള്‍ വിങ്ങിക്കരയാന്‍ തുടങ്ങി. പൂവാലി സമാധാനിപ്പിച്ചു: ''ഇങ്ങനെ കരയല്ലേ. ദൈവം അങ്ങയെ കൈവിടില്ല.'' ആശയോടെ അയാള്‍ മുഖമുയര്‍ത്തി: ''ഇന്നിനി മഴ പെയ്യോ? അഞ്ചാറ് മഴ കിട്ടിയിരുന്നെങ്കില്‍ വിത്തിറക്കാമായിരുന്നു.''
     ''ഞങ്ങള്‍ക്ക് ഒന്നും പറയാനാവുന്നില്ല.''  ''നിങ്ങള്‍ എന്തിനാണ് ശൂലാപ്പ് കാവിലേക്ക് പോകുന്നത്?'' ''നെടുംചൂരി മത്സ്യങ്ങള്‍ മുട്ടയിടുന്ന സ്ഥലമാണത്!'' വീടിന് നേര്‍ക്ക് വിരല്‍ചൂണ്ടി അയാള്‍ കനിവോടെ പറഞ്ഞു: ''എന്റെ മകന്‍ ബലരാമന്‍ വീട്ടിലുണ്ട്. അവന് അറിയുമായിരിക്കും ശൂലാപ്പിലേക്കുള്ള വഴി. അവന്റെ കൈയിലെ യന്ത്രത്തില്‍ എല്ലാ വഴികളും ഉണ്ടെന്നാണ് പറയുന്നത്.'' മത്സ്യങ്ങള്‍ വീടിനുനേര്‍ക്ക് നീങ്ങി.
      ബലരാമന്‍ ഉമ്മറത്തിരിപ്പുണ്ട്. മുറ്റത്തേക്ക് കയറിനിന്ന് മത്സ്യങ്ങള്‍ ചോദിച്ചു: ''ചേട്ടാ, ശൂലാപ്പ് കാവിലേക്കുള്ള വഴി പറഞ്ഞുതരാമോ?'' കൈയിലെ മൊബൈലില്‍ ലയിച്ചിരുന്ന ബലരാമന്‍ മുഖമുയര്‍ത്തി. മുറ്റത്ത് മത്സ്യങ്ങളെ കണ്ട് ആഹ്ലാദത്തോടെ ചാടിയിറങ്ങിവന്ന് മൊെബെലില്‍ തുരുതുരാ ചിത്രങ്ങളെടുത്തു. മത്സ്യങ്ങളുടെ അരികെ കമിഴ്ന്നുകിടന്ന് ഒരു സെല്‍ഫിയുമെടുത്തു. മത്സ്യങ്ങള്‍ വീണ്ടും വഴി ചോദിച്ചപ്പോള്‍ ഒരുമിനിറ്റ് എന്നുപറഞ്ഞ് സെല്‍ഫിച്ചിത്രം ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമിട്ടു.
      ''രണ്ട് മത്സ്യങ്ങള്‍ക്ക് എന്താണ് വേണ്ടത്?'' ''ശൂലാപ്പ് കാവിലേക്കുള്ള വഴി.'' ''ശൂലാപ്പ് കാവോ? ഞാന്‍ കേട്ടിട്ടില്ലല്ലോ. നമുക്ക് നെറ്റില്‍ നോക്കാം. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടാത്ത ഏത് സ്ഥലമാണ് ഭൂമിയിലുള്ളത്?'' ബലരാമന്‍ യന്ത്രത്തിലേക്ക് നോക്കി അവന്റെ കണ്ണ് തള്ളിപ്പോയി. പെരുമഴ പോലെ വന്ന് വീഴുകയാണ് ലൈക്കുകള്‍. ഇന്നുവരെ തന്റെ ചിത്രങ്ങള്‍ക്ക് ഇത്രയും ലൈക്കുകള്‍ കിട്ടിയിട്ടില്ല.
       ''ചേട്ടാ കുറച്ച് വെള്ളം തരൂ. ഞങ്ങള്‍ ചത്തുപോകും'' ബലരാമന്റെ നെറ്റി ചുളിഞ്ഞു: ''അയ്യോ വെള്ളമോ? ഇവിടെ വെള്ളമില്ല മത്സ്യങ്ങളേ. അത്യാവശ്യത്തിന് ഞങ്ങള്‍ മിനറല്‍ വാട്ടര്‍ വിലകൊടുത്ത് വാങ്ങുകയാണ്'' ''അതെങ്കിലും കുറച്ച് തരൂ. അല്ലെങ്കില്‍...'' ബലരാമന്‍ ഓടിച്ചെന്ന് ഒരു പിഞ്ഞാണത്തില്‍ അല്പം ജലം കൊണ്ടുവന്നു. മീനുകള്‍ ചാടി വെള്ളത്തിലിരുന്നു.
        ബലരാമന്‍ വീണ്ടും സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞു. മത്സ്യങ്ങള്‍ അക്ഷമരായി: '' ഞങ്ങള്‍ക്ക് വഴി പറഞ്ഞുതരൂ'' അവന്‍ ഗൂഗിളില്‍ കയറി പരതാന്‍ തുടങ്ങി. ഒടുവില്‍ ശൂലാപ്പ് കാവ് തെളിഞ്ഞു. ''ഇതാ ശൂലാപ്പ് കാവ്'' കാവിന്റെ ആകാശദൃശ്യത്തിന് വേണ്ടത്ര വെളിച്ചമുണ്ടായിരുന്നില്ല. ''കാവിലേക്കുള്ള വഴിയാണ് ഞങ്ങള്‍ക്ക് വേണ്ടത്'' കുറേനേരം കൂടി സെര്‍ച്ച് ചെയ്തിട്ട് ബലരാമന്‍ പറഞ്ഞു: ''മത്സ്യങ്ങളെ, അങ്ങോട്ട് ഒരു വഴിയും ഇല്ലല്ലോ... ഒരു വഴിയും ഇല്ല എന്നാണ് ഗൂഗിള്‍ പറയുന്നത്''
        വിശ്വസിക്കാനാകാതെ അഴകനും പൂവാലിയും പരസ്പരം നോക്കി. ഒന്നുംമിണ്ടാനാവാതെ നിസ്സഹായരായി. അപ്പോള്‍, മുറ്റത്തിനരികിലെ കാലംതെറ്റിപ്പൂത്ത  കൊന്നമരത്തില്‍ കൂറ്റനൊരു കഴുകന്‍ താണുവന്നിരുന്നത് ബലരാമനോ മത്സ്യങ്ങളോ അറിഞ്ഞില്ല.  ഉത്സാഹത്തോടെ അവന്‍ ചോദിച്ചു. ''രണ്ട് മത്സ്യങ്ങളേ, ഞാനൊരു സെല്‍ഫി കൂടി എടുത്തോട്ടെ....

                          PDF DOWNLOAD

No comments:

Post a Comment