Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Tuesday, September 26, 2017

നിലനില്‍പിന്റെ ഓര്‍മപ്പെടുത്തല്‍

അജേഷ് കടന്നപ്പള്ളി
ഡോ. അംബികാസുതന്‍ മാങ്ങാടിന്റെ "രണ്ടു മത്സ്യങ്ങള്‍' ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥയാണ്. കവ്വായിക്കായലില്‍നിന്ന് വേനല്‍മഴയുടെ സമയത്ത് ശൂലാപ്പ് കാവിലേക്ക്ചെന്ന് അവിടത്തെ ശുദ്ധ ജലത്തില്‍ മുട്ടയിടാനൊരുങ്ങുന്ന അഴകന്‍, പൂവാലി എന്നീ നെടുംചൂരി മത്സ്യങ്ങളുടെ വിഹ്വലതകളെ പാരിസ്ഥിതികമായ പശ്ചാത്തലത്തില്‍ പങ്കുവയ്ക്കുകയാണ് "രണ്ടുമത്സ്യങ്ങള്‍'.
രണ്ടുമത്സ്യങ്ങളെ കൂടാതെ പുരാതനരൂപമുള്ള തവള, കിളികള്‍, എന്നീ കഥാപാത്രങ്ങള്‍ കൂടി ഈ കാഴ്ചയ്ക്ക് കരുത്തേകുന്നു. കവ്വായിക്കായലിലെ ഉപ്പുവെള്ളത്തില്‍ മുട്ടയിട്ടാല്‍ ചീഞ്ഞുപോകുമെന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിയുന്ന ജലജീവിയാണ് നെടുംചൂരി മത്സ്യങ്ങള്‍. മാത്രമല്ല, ശത്രുക്കള്‍ മുട്ടതിന്നുമെന്നും അതിനറിയാം. അതുകൊണ്ടുതന്നെയാണ് മുട്ടയിടാനും കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്താനും ശൂലാപ്പ് കാവിനകത്തെ ജലാശയത്തിലേക്ക് വേനല്‍മഴ തുടങ്ങുമ്പോള്‍ കുന്നുകള്‍ ചാടിച്ചാടി കയറിപ്പോകുന്നത്. ""വേനല്‍മഴ തുടങ്ങുമ്പോള്‍ ശൂലാപ്പിലെത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുമ്പോഴേക്കും കര്‍ക്കിടത്തിന്റെ മാരിപ്പെയ്ത്ത് തുടങ്ങും. ആ വെള്ളപ്പാച്ചിലില്‍ ശത്രുക്കളുടെ പിടിയില്‍പ്പെടാതെ അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ സുരക്ഷിതമായി പുഴയിലും പിന്നെ കായലിലും എത്തിക്കാം'' എന്ന അഴകന്റെ വാക്കുകള്‍ പൂവാലിക്ക് ധൈര്യവും ആത്മവിശ്വാസവും പകരുന്നുണ്ടെങ്കിലും പെയ്യാതെ പോകുന്ന വേനല്‍മഴ അവരെ ഉത്കണ്ഠപ്പെടുത്തുന്നു.
"ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും മഴകിട്ടാന്‍ പ്രാര്‍ഥിക്കുന്ന ഈ മീനിണകള്‍ ഭയക്കുന്നത് വംശങ്ങള്‍തന്നെ ഇല്ലാതായ മണ്ണന്‍ മുതലകളെയും നീര്‍നായ്ക്കളെയും മീന്‍കൊത്തികളെയുമല്ല മുട്ടയിടാന്‍ പോവുകയാണോ മുട്ടയിട്ട് കുഞ്ഞുങ്ങളെയുംകൊണ്ട് തിരിച്ചു വരികയാണോ എന്നൊന്നും പരിഗണിക്കാതെ തങ്ങളെ ഇരയാക്കുന്ന മനുഷ്യനെയാണ്. മലകയറ്റത്തിനിടയില്‍ മനുഷ്യരുടെ കാഴ്ചവട്ടത്തുനിന്നും രക്ഷനേടുന്ന രണ്ടു മത്സ്യങ്ങള്‍ കടുംപച്ച നിറമുള്ള നൂറ്റാണ്ടുകളുടെ പ്രായംതോന്നിക്കുന്ന വലിയ തവളയെ കണ്ടുമുട്ടുന്നു. "കാവിനകത്തെ ദേവിയുടെ ഗര്‍ഭപാത്രം പോലെയുള്ള ജലാശയത്തില്‍' പിറന്ന തന്നെ ബുദ്ധന്‍ അറിയാതെ ചവിട്ടിയതും സ്നേഹപൂര്‍വം തലോടി ക്ഷമാപണം നടത്തിയതും ചിരഞ്ജീവിയാക്കിത്തീര്‍ത്തതുമായ ഓര്‍മകള്‍ അഴകനും പൂവാലിയുമായി തവള പങ്കുവയ്ക്കുന്നു.
മനുഷ്യന്‍ മാത്രം ബാക്കിയാവുന്ന ആര്‍ക്കും മനസ്സിലാകാത്ത വികസന സങ്കല്‍പ്പത്തെ തവള പരിഹസിക്കുന്നു. ഭൂമിയുടെ ചോരപോലെ മെലിഞ്ഞ നീര്‍ച്ചാലിലൂടെ ശൂലാപ്പ് കാവിലെത്തുന്ന തവളയെയും രണ്ടുമത്സ്യങ്ങളെയും കാത്തിരിക്കുന്നത് സകാടായി നിറഞ്ഞുനിന്നിരുന്ന കാവിന്റെ ഓര്‍മപോലെ നാലഞ്ചു മരങ്ങള്‍ മാത്രം. അരുതാത്തതെന്തോ കണ്ട് ഭയന്ന് വിറയ്ക്കുന്നതുപോലെ കാട്ടുവള്ളികള്‍കൊണ്ട് അവ പരസ്പരം പൊത്തിപ്പിടിച്ചിരിക്കുന്ന' കാഴ്ചയാണ്. അവിടെ പകുതി കത്തിയെരിഞ്ഞ ബോധിവൃക്ഷത്തിനുമുകളില്‍ പാടിക്കൊണ്ടിരുന്ന പച്ചപ്പനങ്കിളിത്തത്തയാണ് കാവിനകത്തെ ജലാശയത്തിനു വന്നുചേര്‍ന്ന വിപത്തിനെക്കുറിച്ച് നിലവിളിച്ച് പാടികേള്‍പ്പിച്ചത്.
പാരിസ്ഥിതികമായ നിരവധി അസ്വാസ്ഥങ്ങളെ "രണ്ടു മത്സ്യങ്ങള്‍' പങ്കുവയ്ക്കുന്നു. കാലംതെറ്റിപെയ്യുന്ന മഴ മുതലകളുടെയും നീര്‍നായ്ക്കളുടെയും മീന്‍കൊത്തികളുടെയും അസാന്നിധ്യം, മനുഷ്യന്റെ ജൈവനീതിയില്ലായ്മ, ബാക്കിയായ കടുംപച്ച നിറമുള്ള ഏക തവള കാവിനുചുറ്റുമായി രാക്ഷസയന്ത്രങ്ങള്‍ പാറകള്‍ ഭക്ഷിക്കുന്നത്, മനുഷ്യന്റെ വികലമായ വികസന കാഴ്ചപ്പാട്, ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന നീര്‍ച്ചാലുകള്‍, കാടായി നിറഞ്ഞുനിന്നിടത്ത് കാടിന്റെ ഓര്‍മമാത്രമായി നാലഞ്ചു മരങ്ങളുടെ സാന്നിധ്യം പകുതി കത്തിയെരിഞ്ഞ ബോധിവൃക്ഷം, രാസവിഷം നിറഞ്ഞ കാവിനകത്തെ ജലാശയം എരിഞ്ഞുതീര്‍ന്ന കിളിയുടെ വംശങ്ങള്‍, എവിടെയങ്കിലും വെള്ളമുണ്ടാകുമെന്ന പ്രതീക്ഷ തുടങ്ങി പ്രകൃതിയുടെ സ്വാഭാവികമായ ജൈവതാളം ശിഥിലമാക്കുന്നതിന്റെ നിരവധി സൂചനകള്‍ "രണ്ടുമത്സ്യങ്ങളി'ലുണ്ട്.

                                     PDF DOWNLOAD

No comments:

Post a Comment