കവിതാ വിശകലനം : എസ് ജ്യോതിനാഥ വാര്യർ
തന്റെ ഗുരുനാഥനായി മഹാകവി വള്ളത്തോള്‍ മനസ്സുകൊണ്ടാദരിക്കുന്ന മഹാത്മാവിന്റെ ഗുണഗണങ്ങള്‍ ഓരോന്നായി എടുത്തു പ്രകീര്‍ത്തിക്കുകയാണ് ഈ കവിതയില്‍. എന്നാല്‍ കവിതയിലെങ്ങും ആ പേര്‍ പറയുന്നുമില്ല.
വസുധൈവ കുടുംബകം ലോകത്തെ മുഴുവന്‍ ഒറ്റത്തറവാടായി കണ്ട മഹാത്മാവാണ് ഗാന്ധിജി. ചെടികളെയും പുല്ലിനെയും പുഴുക്കളെയും പൂമ്പാറ്റയേയുമെല്ലാം തന്റെ കുടുംബക്കാരായി ഗാന്ധിജി കണ്ടു. വസുധൈവ കുടുംബകം എന്ന ആശയക്കാരനായി അദ്ദേഹത്തെക്കാണാം
ത്യാഗം ഏറ്റവും വലിയ നേട്ടം ജീവിതത്തിലെ എല്ലാ സുഖങ്ങളും സന്തോഷങ്ങളും ഉപേക്ഷിച്ച് സന്ന്യാസിക്കുതുല്യം ആശ്രമജീവിതം നയിച്ച വ്യക്തിയാണ് ഗാന്ധിജി. ത്യാഗത്തില്‍ അദ്ദേഹം മാതൃകയായിക്കണ്ടത് രാമനെയായിരുന്നു. അദ്ദേഹത്തിന്റെ മനസ്സിലെ ആദര്‍ശരാഷ്ട്രം രാമരാജ്യവും. ശാന്തിയും സമാധാനവും കളിയാടുന്ന, പ്രജകളുടെ ഹിതം നോക്കി മാത്രം ഭരണം നടത്തുന്ന ഒരു ഭരണാധികാരിയുള്ള രാജ്യമായിരുന്നു ഗാന്ധിജിയുടെ സ്വപ്നം.
താഴ്മതന്നെ ഉയര്‍ച്ച വിനയത്തോടുകൂടി പെരുമാറിയാല്‍ ഉയര്‍ച്ച ഉറപ്പ്. അത് ഗാന്ധിജിയുെട ജീവിതം തെളിയിക്കുന്നു. വസ്ത്രധാരണത്തിലും ഭക്ഷണത്തിലും പെരുമാറ്റത്തിലും വിനയവാനായിരുന്നു അദ്ദേഹം. എളിമയും വിനയവുമാണ് ഗാന്ധിജിയെ മഹാത്മാവാക്കിയത്.
യോഗവിത്ത് യോഗവിദ്യ അറിയുന്നവനാണ് തന്റെ ഗുരുനാഥനായ ഗാന്ധിജി എന്ന് കവി പറയുന്നു. യോഗവിദ്യ അറിയുന്നവന്‍ യോഗി, അതായത് ഋഷി. മറ്റുള്ളവരുടെ യോഗക്ഷേമത്തിലായിരുന്നു യോഗിമാരുടെ ശ്രദ്ധ. അങ്ങനെ സമൂഹത്തിന്റെ നന്മമാത്രം ആഗ്രഹിച്ചു പ്രവര്‍ത്തിച്ച ഒരു കര്‍മയോഗിയായിരുന്നു ഗാന്ധിജി എന്നാണ് യോഗവിത്ത് എന്നതിലൂടെ കവി സൂചിപ്പിക്കുന്നത്.
സമസ്വച്ഛമായ വിഹായസ്സ് വാനം പോലെ നിര്‍മലമായി നിലകൊള്ളുന്നവനാണ് കവിയുടെ ഗുരുനാഥന്‍. നക്ഷത്ര മണിമാല ചാര്‍ത്തിയാലും കാറണിച്ചെളി പുരണ്ടാലും രണ്ടും ഒരുപോലെ ഉള്‍ക്കൊള്ളുന്ന ആകാശംപോലെ കളങ്കമറ്റവനായി നിലകൊള്ളുന്നയാളാണ് തന്റെ ഗുരുനാഥന്‍ എന്ന് കവി.
നല്ല യോദ്ധാവും നല്ല അധ്യാപകനും ആയുധമെടുക്കാതെ ധര്‍മയുദ്ധം നടത്തിയ യോദ്ധാവാണ് ഗാന്ധിജി. തന്റെ വാക്കാകുന്ന അസ്ത്രം മനസ്സിന്റെ ഉള്ളില്‍ക്കടത്തി പരിവര്‍ത്തനം വരുത്തുകയാണ് അദ്ദേഹം ചെയ്തത്. പുസ്തകം വായിച്ചല്ല സ്വന്തം പ്രവൃത്തിയിലൂടെയാണ് മനുഷ്യനെ സ്വാശ്രയത്വത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ചത്. യുദ്ധം ചെയ്തല്ല സത്യാഗ്രഹത്തിലൂടെയാണ് ജനതയുടെ മനസ്സില്‍ പരിവര്‍ത്തനം വരുത്തിയത്. ശാശ്വതമായ അഹിംസയെ വ്രതമായിക്കണ്ടു.
ക്രിസ്തുദേവന്റെ പരിത്യാഗശീലം പരിത്യാഗശീലത്തെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഗുരുവര്യനാണ് ഗാന്ധിജി. തന്റെ ജീവിതത്തിലെ സുഖവും സന്തോഷവുമെല്ലാം ഭാരതീയര്‍ക്കായി ത്യജിച്ച് കുരിശില്‍ തറയ്ക്കുന്ന നേരത്തും കര്‍ത്താവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ എന്നാണ് പ്രാര്‍ഥിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് കൊടിയ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും തന്നെ ദ്രോഹിച്ചവരെ സ്‌നേഹിക്കുകയും അവര്‍ക്കു നല്ലതുവരാന്‍ പ്രാര്‍ഥിക്കുകയും ചെയ്തയാളാണ് മഹാത്മാവ്.
കൃഷ്ണന്റെ ധര്‍മരക്ഷ സാധുക്കളെ (സജ്ജനങ്ങളെ) സംരക്ഷിക്കുന്നതിനും ദുഷ്‌കൃതങ്ങളെ നശിപ്പിക്കുന്നതിനും ധര്‍മസംസ്ഥാപനത്തിനുംവേണ്ടി യുഗയുഗാന്തരങ്ങളില്‍ ഞാന്‍ അവതരിക്കുമെന്ന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ പറയുന്നുണ്ട്. അധര്‍മത്തെ തുടച്ചുനീക്കി ധര്‍മം പുനഃസ്ഥാപിച്ചതുപോലെ ഗാന്ധിജി സത്യത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ദുഷ്ടതയ്‌ക്കെതിരെ ധര്‍മയുദ്ധം നയിച്ചു.
ബുദ്ധന്റെ അഹിംസ എല്ലാ ജീവികളോടും കരുണ കാണിക്കുന്ന ബുദ്ധഭഗവാന്റെ അഹിംസാദര്‍ശനവും സ്‌നേഹാദര്‍ശങ്ങളും മുറുകെ പിടിച്ച വ്യക്തിത്വത്തിനുടമയായിരുന്നു ഗാന്ധിജി.
ശങ്കരന്റെ ബുദ്ധിശക്തി ബുദ്ധിപൂര്‍വമായ പ്രവര്‍ത്തനത്തില്‍ ശങ്കരാചാര്യരെപ്പോലെയായിരുന്നു സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയും തന്റെ പ്രവര്‍ത്തനപദ്ധതികള്‍ ആസൂത്രണം ചെയ്തത്. സഹനസമരം, അഹിംസാസിദ്ധാന്തം തുടങ്ങിയ തന്റെ പദ്ധതികള്‍ ഭാരതീയരുടെ മനസ്സിലെത്തിച്ചതിനുപിന്നില്‍ ഗാന്ധിജിയുടെ ബുദ്ധിപരമായ നീക്കമുണ്ടായി. ഗാന്ധിജിയുടെ കാഴ്ചപ്പാടുകള്‍ സമാഹരിച്ച് ഗാന്ധിദര്‍ശനമുണ്ടായത് നോക്കുക. നന്മവിതയ്ക്കുന്ന ദര്‍ശനങ്ങളില്‍ 'ഗാന്ധിസ'വും ഇടംപിടിച്ചു.
രന്തിദേവന്റെ ദയാവായ്പ് ഭാരതത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ ദയാമയികളും ത്യാഗമൂര്‍ത്തികളുമായ നിരവധി മഹത്തുക്കളുടെ അപദാനങ്ങള്‍ പറഞ്ഞുകേള്‍ക്കാം. അക്കൂട്ടത്തില്‍ കാരുണ്യത്തിന്റെ മൂര്‍ത്തിയായി ശോഭിക്കുന്ന വ്യക്തിയാണ് രന്തിദേവന്‍. അദ്ദേഹത്തിന്റെ ദയാവായ്പ് പ്രസിദ്ധമാണ്. തന്റെ രാജ്യത്ത് ഒരാള്‍പോലും പട്ടിണി കിടക്കരുത് എന്ന് ചിന്തിച്ച് അദ്ദേഹം ഭോജനശാല നടത്തിയിരുന്നു. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും പക്ഷികളെയുമെല്ലാം ഒരുപോലെ സ്‌നേഹിച്ചിരുന്നു.
ഹരിശ്ചന്ദ്രന്റെ സത്യം സത്യത്തെ മുറുകെപ്പിടിച്ച, സത്യം പരിപാലിക്കാന്‍ തനിക്ക് പ്രിയപ്പെട്ട എന്തുംത്യജിച്ച മഹാനായ ചക്രവര്‍ത്തിയാണ് ഹരിശ്ചന്ദ്രന്‍. സത്യപാലനത്തിനായി ഭാര്യയെയും പുത്രനെയും പരിത്യജിച്ച് ചുടലയിലെ കാവല്ക്കാരനായി. ചണ്ഡാളനെപ്പോലെ ശവം ദഹിപ്പിച്ചു. ഇതൊക്കെയായിട്ടും സത്യം കൈവിട്ടില്ല എന്നതാണ് ഹരിശ്ചന്ദ്രന്റെ മഹത്വം. ഗാന്ധിജിയുടെ ജീവിതവും സത്യത്തെ മുറുകെപിടിച്ച ഒന്നായിരുന്നു. സത്യത്തിനുവേണ്ടി എന്തും ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു.
മുഹമ്മദിന്‍ സ്ഥൈര്യം സ്ഥൈര്യത്തിന് സ്ഥിരനിശ്ചയം, ക്ഷമ എന്നെല്ലാമാണ് അര്‍ഥം. പ്രവാചകനായ മുഹമ്മദ് നബിയും തന്റെ സ്ഥിരനിശ്ചയത്തിന്റെയും ക്ഷമയുടെയും ഫലമായിട്ടാണ് അനുയായിവൃന്ദത്തെ തന്നോടൊപ്പം കൂട്ടിനിര്‍ത്തിയത്. ക്ഷമയുടെയും സഹനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും നിരവധി കഥകളുണ്ട്. ഗാന്ധിജിയും ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നില്ല. ഒരു പ്രലോഭനത്തിനും അദ്ദേഹം വശംവദനായില്ല.
തൃപ്പാദദര്‍ശനം പുണ്യം മഹാത്മജിയുടെ പരിശുദ്ധമായ പാദം ഒരിക്കല്‍ ദര്‍ശിച്ചാല്‍ തന്നെ മഹാഭാഗ്യമായി. ആ പാദദര്‍ശനം പേടിത്തൊണ്ടനെ അതിധീരനാക്കി മാറ്റും. പിശുക്കന്‍ കൊടുക്കാന്‍ താത്പര്യമുള്ളവനാകും. ഏഷണിക്കാരന്‍ അതുനിര്‍ത്തി നല്ലത് പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്യും. അശുദ്ധന്‍ ശുദ്ധനായും അലസന്‍ അധ്വാനശീലനായും പരിണമിക്കും. ഗാന്ധിജിയുടെ തൃപ്പാദദര്‍ശനംതന്നെ ആളുകളില്‍ മനഃപരിവര്‍ത്തനമുണ്ടാക്കുമെങ്കില്‍ അദ്ദേഹവുമായുള്ള സഹവാസം വരുത്തുന്ന പരിവര്‍ത്തനം എത്രമാത്രമായിരിക്കും എന്നു പറയേണ്ടതില്ലല്ലോ.
ഭാരതത്തിന്റെ ശ്രേഷ്ഠപുത്രന്‍ ഭഗവത്ഗീതയ്ക്ക് മാതാവായ ഭൂമിയില്‍ മാത്രമേ ഇത്തരത്തില്‍ ഒരു കര്‍മയോഗി ഉണ്ടാകൂ. ഹിമവാനും വിന്ധ്യനുമിടയ്ക്കുള്ള ദേശത്തിനുമാത്രമേ ശമം (ശാന്തത) ശീലമാക്കിയ ഒരു സിംഹത്തിന് ജന്മം നല്കാനാകൂ. സത്യം, ധര്‍മം, അഹിംസ, ത്യാഗം, പരോപകാരം തുടങ്ങിയ മാനവികമൂല്യങ്ങള്‍ക്ക് വിളഭൂമിയായ ഭാരതത്തിനു മാത്രമേ ഈ ഗുണങ്ങള്‍ക്കുടമയായ ഒരു സത്പുത്രന് ജന്മം നല്കാനാകൂ. ആ മഹാത്മാവിന്റെ പാദാരവിന്ദങ്ങളില്‍ പ്രണാമമര്‍പ്പിക്കുന്ന കവിതയാണ് 'എന്റെ ഗുരുനാഥന്‍.'
ഉപസംഹാരം കവിതയിലെ ഗുരുനാഥന്‍ മഹാത്മാവാണെന്ന് ഒരിടത്തുപോലും കവി സൂചിപ്പിക്കുന്നില്ല. വാക്കുകളിലൂടെയും വരികളിലൂടെയും കടന്നുപോകുമ്പോള്‍ അതിലെ സൂചനകളുടെ അടിസ്ഥാനത്തില്‍ ഗാന്ധിജിയുടെ തേജോവിഗ്രഹം ആസ്വാദകന്റെ മനസ്സില്‍ പ്രതിഷ്ഠിക്കപ്പെടുകയാണ്. അത്ര സമുജ്ജ്വലമായാണ് ഗാന്ധിജിയെയും അദ്ദേഹത്തിന്റെ അനുകരണീയമായ ഗുണഗണങ്ങളെയും ലളിതമായും ചിന്തനീയമായും കവി വിവരിക്കുന്നത്
PDF DOWNLOAD
PDF DOWNLOAD
No comments:
Post a Comment