കഥാപാത്രങ്ങള്‍ മരണപ്പെടുമ്പോള്‍ പോയി കാണേണ്ടിവരുന്ന നിര്‍ഭാഗ്യവാനായ ഒരെഴുത്തുകാരനാണ് ഞാന്‍: അംബികാസുതന്‍ മാങ്ങാട്
നമുക്ക് വെള്ളം കുടിക്കാന്‍ ഇല്ലാത്ത അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഈ അടുത്ത കാലത്താണ് ഡല്‍ഹിയില്‍ 1800 സ്കൂളുകള്‍ പൂട്ടിയിട്ടത്. രണ്ട് കൊല്ലം മുന്‍പ് മാതൃഭൂമിയില്‍ ‘പ്രാണവായു’ എന്ന കഥ ഞാന്‍ എഴുതിയത്. ഈ അടുത്ത കാലത്താണ് ചൈനയില്‍ ഹോട്ടലില്‍ താമസിച്ചാല്‍ ഓക്സിജന്റെ പൈസ കൊടുക്കണം എന്ന വാര്‍ത്ത കാണുന്നത്. അത് കഴിഞ്ഞു രണ്ട് മൂന്ന് മാസമായപ്പോള്‍ ഡല്‍ഹിയില്‍ പ്രാണവായുവിന്‍റെ കിറ്റ് വിതരണം ചെയ്യാന്‍ ഒരു കനേഡിയന്‍ കമ്പനി വരുന്നത്. അത് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍മകജെയുടെ പത്താം പതിപ്പ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുന്ന സമയത്ത് സുഗതകുമാരി ടീച്ചര്‍ ഞെട്ടിപ്പിക്കുന്ന ഒരു വിവരം വെളിപ്പെടുത്തുകയുണ്ടായി. തന്റെ വീട്ടില്‍ ഓക്സിജന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്ന ഒരു കമ്പനി വന്നിട്ട് അത് വിതരണം ചെയ്യുന്ന സാധ്യതകള്‍ ആരാഞ്ഞിരുന്നു എന്നാണ് സുഗതകുമാരി ടീച്ചര്‍ പറഞ്ഞത്.
ഒരു ഭാഗത്ത് പശ്ചിമഘട്ടം അങ്ങ് നിരന്നു നില്‍ക്കുകയാണ് എന്നാണ് നമ്മള്‍ വിചാരിക്കുന്നത്. ഒരു വശത്ത് കടല്‍ നമ്മെ സംരക്ഷിച്ചു കൊണ്ട് എല്ലാകാലത്തും നിന്നോളും എന്നും വിചാരിക്കുന്ന മൂഢരാണ് മലയാളികള്‍ എന്നെനിക്ക് എപ്പോഴും തോന്നാറുണ്ട്. പതിനാറായിരം അനധികൃത പാറമടകള്‍ ഒരു വശത്ത് നിര്‍മ്മിച്ചു കൊണ്ട്, കടലില്‍ പ്ലാസ്റ്റിക്കിന്റെ വലിയ കൂമ്പാരം ഉണ്ടാക്കിക്കൊണ്ട്, ഒരു ലജ്ജയും ഇല്ലാതെ എല്ലാ ദിവസവും പത്തും പതിനാറും പ്ലാസ്റ്റിക് ബാഗുകള്‍ വീടുകളിലേക്ക് ചുമന്നു കൊണ്ടുപോകുകയും പിറ്റേന്ന് തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും പരിസ്ഥിതി വിവേകം കുറഞ്ഞ ജനതയാണ് മലയാളികള്‍.
‘വന്‍നദികള്‍ നാടിന്‍ ചോര ഞരമ്പുകള്‍’ എന്നു കുഞ്ഞിരാമന്‍ നായര്‍ പാടിനടന്നത് നാല്‍പതുകളിലാണ്. ആ കാലത്താണ് ഏറ്റവും പരിസ്ഥിതി വിവേകം ഉണ്ടാക്കുന്ന ധാരാളം കൃതികള്‍ മലയാളത്തില്‍ ഉണ്ടായത്. ‘സൈലന്‍റ് സ്പ്രിംഗ്’ ഉണ്ടാകുന്നതിനും പതിനാറ് കൊല്ലം മുന്‍പാണ് ‘ശബ്ദങ്ങള്‍’ എന്ന മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി നോവല്‍ എഴുതപ്പെട്ടത്. ‘ശബ്ദങ്ങള്‍’ ആ രീതിയില്‍ ആരും വായിച്ചിട്ടില്ല. എന്തുകൊണ്ടാണ് അങ്ങനെ വായിക്കാത്തത്. ബഷീറിന്റെ കൃതികള്‍ ആ വിധത്തില്‍ വേണ്ട വിധത്തില്‍ വായിക്കപ്പെട്ടില്ല.
ചൂട് നാല്പതു ഡിഗ്രി കവിയാന്‍ പോകുകയാണ് എന്നതാണു കേരളത്തിലെ ഏറ്റവും പുതിയ വാര്‍ത്ത. എന്റെ വീട്ടിന്റെ അടുത്തുള്ള മരക്കാപ്പ് കടപ്പുറത്ത് ആമകള്‍ മുട്ടയിടാന്‍ വരുന്ന സ്ഥലമുണ്ട്. എപ്പോഴും ഞാന്‍ പോകുന്ന സ്ഥലമാണത്. ബാംഗ്ലൂരിലെ ശാസ്ത്രജ്ഞര്‍ പഠനം നടത്തിയിട്ട് പറഞ്ഞത് ആമയുടെ മുട്ടകള്‍ വിരിയുന്ന സമയത്ത് അന്തരീക്ഷത്തിലെ താപനില അനുസരിച്ചാണ് ആമക്കുഞ്ഞുങ്ങള്‍ ആണ്‍കുഞ്ഞുങ്ങളും പെണ്‍കുഞ്ഞുങ്ങളും ആയി മാറുന്നത് എന്നാണ്. അന്തരീക്ഷത്തിലെ താപനിലയാണ് കുഞ്ഞുങ്ങള്‍ ആണായിരിക്കണമോ പെണ്ണായിരിക്കണമോ എന്നു തീരുമാനിക്കുന്നത്. 29 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് അന്തരീക്ഷത്തിലെ താപനില എങ്കില്‍ കുഞ്ഞുങ്ങള്‍ പൊതുവേ ആണ്‍കുഞ്ഞുങ്ങളായും 34 ഡിഗ്രി സെല്‍ഷ്യസ് വരെ ആണെങ്കില്‍ മിക്കവാറും പെണ്‍കുഞ്ഞുങ്ങളായിട്ടും വിരിയും. അവിടെ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയത് 34 ഡിഗ്രി സെല്‍ഷ്യസില്‍ അന്തരീക്ഷ താപനില കൂടുകയാണെങ്കില്‍ ആമയുടെ മുട്ടകള്‍ ചീഞ്ഞു പോകും എന്നാണ്. മനുഷ്യന്‍ ഉണ്ടാക്കുന്ന ആഗോള താപനത്തിന്റെ ഫലമായിട്ട് 200 കോടി കൊല്ലം മുമ്പ് ഉദയം ചെയ്ത ഈ ജീവി വര്‍ഗ്ഗത്തെ എത്ര നിഷ്പ്രയാസമാണ് മനുഷ്യന്‍ നിഷ്ക്കാസനം ചെയ്യുന്നത്. ആലോചിച്ചു നോക്കുക ഒന്നോ രണ്ടോ ദശലക്ഷം വര്‍ഷം മുമ്പ് വാല്‍ മുറിഞ്ഞു ഉണ്ടായ മനുഷ്യന്‍ എന്ന വര്‍ഗ്ഗം 200 കോടി കൊല്ലം മുമ്പ് ഉണ്ടായ ഒരു വര്‍ഗ്ഗത്തെ, ഭൂമിയുടെ അവകാശികളായ ഒരു വിഭാഗത്തെ ഇല്ലായ്മ ചെയ്യുന്നു. വാസ്തവത്തില്‍ ആമകള്‍ ഇല്ലാതായാല്‍, തവളകള്‍ ഇല്ലാതായാല്‍, മനുഷ്യന്റെ നിലനില്‍പ്പാണ് അപകടത്തിലാകുന്നത്.
നമുക്ക് കുടിക്കാന്‍ വെള്ളമില്ല. നമ്മള്‍ മഴക്കുഴികളെ കുറിച്ച് പറയുന്നു. നമ്മള്‍ ജല സംരക്ഷണത്തെ കുറിച്ച് പറയുന്നു. ഇതിന്‍റെ അടയാളം വളരെ മുമ്പേ വന്നു കഴിഞ്ഞിട്ടില്ലേ. രണ്ട് കൊല്ലം മുമ്പ് ഞാന്‍ ‘രണ്ടു മത്സ്യങ്ങള്‍’ എന്ന കഥ എഴുതുമ്പോള്‍ എന്റെ വീട്ടിന്റെ അടുത്തുകൂടെ ഒഴുകുന്ന നദിയിലൂടെ നെടുംചൂരി മത്സ്യങ്ങള്‍ കുന്നുകള്‍ കയറിക്കയറിപ്പോയി ശൂലാപ്പ് കാവ് എന്നുപറയുന്ന കാവില്‍ പോയി മുട്ടയിടും. ഇപ്പോള്‍ മുട്ടയിടാന്‍ പറ്റുന്നില്ല. തുലാവര്‍ഷം വന്നിട്ടില്ല. തുലാവര്‍ഷം വരാതെ ഈ മീനുകള്‍ എങ്ങനെ പോകും. നെടുംചൂരി എന്നു പറയുന്ന ഒരു വംശം ഇല്ലാതാവുകയാണ്.
ഞാന്‍ കാസര്‍കോട് ജില്ലയില്‍ നിന്നു വരുന്ന ഒരാളാണ്. പത്തു പതിനഞ്ച് വര്‍ഷമായി എന്‍ഡോസള്‍ഫാന്‍ സമരത്തില്‍ പങ്കെടുക്കുന്ന ഒരാളാണ്. ആ സമരത്തിന് ശക്തി പകരാന്‍ വേണ്ടിയിട്ടാണ് എന്‍മകജെ എന്ന നോവല്‍ എഴുതേണ്ട എന്നു വിചാരിച്ചിട്ടും ഒരു ഘട്ടത്തില്‍ ഞാന്‍ എഴുതിത്തുടങ്ങിയത്. അതൊരു സമര രൂപം തന്നെയാണ്. ഇപ്പൊഴും അവിടെ പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്. കഴിഞ്ഞ ആഴ്ചയില്‍ ശ്രീധര ഷെട്ടി എന്നുപറഞ്ഞ 31 വയസ്സുള്ള ഒരു കുട്ടി മരിച്ചുപോയി. വിവരം കിട്ടിയിട്ട് ഞാന്‍ റണ്ടു മണിക്കൂര്‍ ഡ്രൈവ് ചെയ്തു അവിടെ എത്തുമ്പോള്‍ ആകെ ചുറ്റുവട്ടത്തുള്ള പതിനാറു പേരുണ്ട്. പുറം ലോകത്ത് നിന്ന് ഒരു മനുഷ്യരും അവിടെ വന്നിട്ടില്ല. വൃദ്ധനായ അച്ഛനും അമ്മയ്ക്കും എന്തു ചെയ്യണം എന്നറിയില്ല. കാരണം ആ വീട്ടിന്നകത്ത് 34 വയസ്സുള്ള ഇയാളുടെ മൂത്ത സഹോദരന്‍ കിട്ടണ്ണ ഷെട്ടി എന്നൊരു കുട്ടി, കുട്ടി എന്നു തന്നെ പറയാം, ഇതുവരെ എഴുന്നേറ്റ് നടന്നിട്ടില്ല. വെളിച്ചത്തെ ഭയമാണ്. ഇരുട്ടിലേക്ക് തുറിച്ചു നോക്കിയിരിക്കുന്നു. ആ കുട്ടിയുടെ ചേച്ചി കുറച്ചു കൊല്ലം മുമ്പ് ആത്മഹത്യ ചെയ്തു. ആ കുട്ടിയുടെ അനുജത്തി വിവാഹ ബന്ധം വേര്‍പെടുത്തി വീട്ടില്‍ വന്നു നില്‍ക്കുന്നു. അവള്‍ക്ക് ഒരു കൈ ആനക്കാന്‍ വയ്യ. അടുത്ത കയ്യിലേക്കും അത് വ്യാപിക്കുന്നു. ആ കുട്ടിയുടെ അമ്മയുടെ രക്തത്തില്‍ ജലത്തില്‍ അനുവദനീയമായതിന്റെയും 900 മടങ്ങ് എന്‍ഡോസള്‍ഫാന്‍ ഉണ്ട്. ആ സ്ത്രീക്ക് ഇതുവരെ ഒരു ചികിത്സയും ഇന്നുവരെ കിട്ടിയിട്ടില്ല. ഇതൊരു കുടുംബത്തിന്റെ കഥയാണ്. എന്റെ നോവലിലെ കഥാപാത്രങ്ങള്‍ കൂടിയാണ് അവര്‍. കഥാപാത്രങ്ങള്‍ തന്നെ ഇങ്ങനെ മരണപ്പെടുമ്പോള്‍ പോയി കാണേണ്ടിവരുന്ന ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ ഒരെഴുത്തുകാരനാണ് ഞാന്‍. ഇതൊരു നോവല്‍ എഴുതാന്‍ വേണ്ടി എഴുതിയല്ല. മറിച്ചു ഇത്തരം വിഷയത്തില്‍ ഇടപെട്ടതിന്‍റെ ചരിത്രമാണ് എന്‍മകജെ എന്ന നോവല്‍.
എന്‍ഡോസള്‍ഫാന്‍ എന്ന കൊടുംവിഷം കാസര്‍ഗോഡ് പ്രദേശത്ത് കാല്‍ നൂറ്റാണ്ട് കാലം കോരി ഒഴിച്ച് കോടാനുകോടി ജീവജാലങ്ങളും ആയിരക്കണക്കിന് മനുഷ്യരും ചത്തൊടുങ്ങിയതിന്റെ ഒരു ദൃഷ്ടാന്തം നമ്മുടെ മുന്നില്‍ ഉണ്ട്. വികസനം എന്നു പറയുന്നത് എന്താണ്? ഞാന്‍ ഒരു കഥയില്‍ പറഞ്ഞതുപോലെ മനുഷ്യന്‍ മാത്രം ബാക്കിയാവുന്ന സങ്കല്‍പ്പത്തെയാണോ നമ്മള്‍ വികസനം എന്നു വിളിക്കുന്നത്? മനുഷ്യന്‍ മാത്രം ബാക്കിയാവുന്ന സങ്കല്‍പ്പമാണോ നമുക്ക് വികസനമായിത്തീരേണ്ടത്?
(കോഴിക്കോട് നടന്ന ഡി സി ബുക്ക്സ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘കഥയും പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ സംസാരിച്ചത്. തയ്യാറാക്കിയത് സഫിയ)
PDF DOWNLOAD
No comments:
Post a Comment