കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമായ "ചണ്ഡാലഭിക്ഷുകി'ക്ക് നൂറ് വയസ്സായിരിക്കുന്നു. കേരളത്തിലെ ഗ്രന്ഥ / വായനശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റു സാംസ്‌കാരികസമിതികളും ഈ കൃതിയെ കുറിച്ച് ചർച്ച നടത്തിവരികയാണ്. കേരളചരിത്രത്തോടും സമകാലിക സന്ദർഭത്തോടും ചേർത്തുവെച്ച് ഒരു കാവ്യവും കവിയും വീണ്ടും ചർച്ച ചെയ്യപ്പെടുന്നുവെന്നത് സാർത്ഥകവൃത്തിയാകുന്നു.
ചണ്ഡാലഭിക്ഷുകി എന്ന കാവ്യവിഗ്രഹം
മലയാളകവിതയിൽ കാല്പനികവസന്തത്തിനു തുടക്കം കുറിച്ച കവികളിൽ ഒരാളായ കുമാരനാശാന്റെ രചനകൾ കേരള സമൂഹത്തിൽ വിവിധ പരിവർത്തനങ്ങൾ വരുത്താൻ സഹായകരമായിട്ടുണ്ട്. ബുദ്ധമതത്തിന്റെ ആശയാവലികളോട് ആധമർണ്യം പുലർത്തിയ അദ്ദേഹം ബുദ്ധമതപശ്ചാത്തലത്തിൽ ഏതാനും കൃതികൾ രചിച്ചിട്ടുണ്ട് - ചണ്ഡാലഭിക്ഷുകി, കരുണ എന്നിവ. ശ്രീബുദ്ധചരിതം എന്ന പേരിൽ "ലൈറ്റ് ഓഫ് ഏഷ്യ' എന്ന ഇംഗ്ലീഷ് കാവ്യത്തിന്റെ പരിഭാഷയും ആശാൻ നിർവഹിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ കേരളത്തിന്റെ സാമൂഹ്യാവസ്ഥയോടുള്ള സവിശേഷപ്രതികരണമാണ് "ചണ്ഡാലഭിക്ഷുകി' എന്ന കൃതി. ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനും ശ്രീബുദ്ധൻ പരത്തിയ ജ്ഞാനപ്രകാശത്തിന്റെ സംക്ഷേപണത്തിനുമായാണ് ഇത്തരമൊരു രചനയ്ക്ക് ആശാൻ മുതിർന്നത്. 1922-ലാണ് അദ്ദേഹം "ദുരവസ്ഥ' രചിക്കുന്നത്. തുടർന്ന് ഇതേ വർഷംതന്നെ "ചണ്ഡാലഭിക്ഷുകി'യും എഴുതി പ്രസിദ്ധീകരിച്ചു. ദുരവസ്ഥയുടെ സഹോദരിയാണ് ചണ്ഡാലഭിക്ഷുകി എന്ന് ആമുഖത്തിൽ കവി സൂചിപ്പിക്കുന്നുണ്ട്.
കവിത എന്ന ജനുസ്സിനെ സ്ത്രീലിംഗമായി കരുതിപ്പോരുന്ന പാരമ്പര്യശീലത്തിൽനിന്നാണ് സഹോദരി എന്ന പ്രയോഗം കടന്നുവരുന്നത്. കേവലം ലിംഗസൂചനയ്ക്കുപുറമേ ഈ പ്രയോഗത്തിന് ഉദാത്തമായ സാമൂഹ്യശാസ്ത്രതലം കൂടിയുണ്ട്. സഹോദരി / സഹോദരൻ, സോദരി /സോദരൻ എന്നീ പ്രയോഗങ്ങളുടെ അടിസ്ഥാനം സാഹോദര്യമാണല്ലോ. ബുദ്ധമതത്ത്വങ്ങളിൽ പ്രധാനമാകുന്നു സഹോദര്യം. "ഒരേ വയറ്റിൽ പിറന്നവർ' എന്ന ഒരുമയുടെ ഭാവതലവും അനുഭൂതിയുമാണത്.
ബ്രാഹ്‌മണിക്കൽഹിന്ദുമതം ചാതുർവർണ്യവ്യവസ്ഥയെയും അസമത്വത്തെയും പുൽകുമ്പോൾ ബുദ്ധമതം സാഹോദര്യത്തെയും കരുണയെയും അധ്യാത്മത്തിന്റെ കേന്ദ്രമായി കാണുന്നു. ബ്രാഹ്‌മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ, അവർണജാതികൾ എന്നിങ്ങനെ അസമമായ ഘടനയെ ഉറപ്പിച്ചെടുക്കുന്ന ബ്രാഹ്‌മണിക്കൽഹിന്ദുമതത്തിന് സഹോദരസങ്കല്പം തീർത്തും അന്യമാണ്. "ചണ്ഡാലഭിക്ഷുകി'യിൽ ആനന്ദൻ എന്ന ബുദ്ധഭിക്ഷു ചണ്ഡാലസ്ത്രീയായ മാതംഗിയെ അഭിസംബോധന ചെയ്യുമ്പോൾ കടന്നുവരുന്ന സോദരി, ഭഗിനി എന്നീ ഭാഷാപ്രയോഗങ്ങൾ വെറുംവാക്കുകളല്ലെന്നു സാരം. അധികാരരൂപേണ നിലനിൽക്കുന്ന ജാതിവ്യവസ്ഥയോടുള്ള പ്രതിഷേധം അതിലുണ്ട്. ഒപ്പം ഒരു ബദൽലോകത്തിന്റെ ആദർശാത്മകതയും.
കവിത വന്ന വഴി
"ഏഷ്യയുടെ വെളിച്ചം' (The Light of Asia) എന്ന് എഡ്വിൻ ആർനോൾഡ് വിശേഷിപ്പിച്ച ശ്രീബുദ്ധന്റെ ജ്ഞാനമാർഗത്തെ പരിചയപ്പെടുത്താൻ പ്രൊഫ. പി. ലക്ഷ്മി നരസു ഏതാനും കൃതികൾ ഇംഗ്ലീഷിൽ രചിക്കുകയുണ്ടായി. അതിൽ പ്രധാനമാണ് 1907-ൽ എഴുതിയ "ദി എസ്സൻസ് ഓഫ് ബുദ്ധിസം' (The Essence of Buddhism). ഈ കൃതി പ്രസിദ്ധീകൃതമായതുകൊണ്ടുമാത്രം വിരചിതമായ കാവ്യമാണ് ചണ്ഡാലഭിക്ഷുകി. "ദി എസ്സൻസ് ഓഫ് ബുദ്ധിസ'ത്തിലെ ബുദ്ധിസം ആൻറ് കാസ്റ്റ് (Buddhism and Caste) എന്ന അധ്യായത്തിൽ ചേർത്തിരിക്കുന്ന വൃത്താന്തമാണ് ആനന്ദഭിക്ഷുവിന്റെയും മാതംഗിയുടെയും സമാഗമവും ബുദ്ധഭിക്ഷുണിയിലേക്കുള്ള മാതംഗിയുടെ പരിവർത്തനവും. ഈ പ്ലോട്ടിനെയാണ് ആശാൻ സാഹിതീയമായി വിടർത്തിയെടുത്തത്.
ബുദ്ധമതസംബന്ധിയായ മറ്റു സ്രോതസ്സുകളിൽനിന്ന് ലഭ്യമായ അറിവുകളും ശ്രീനാരായണഗുരു, സഹോദരൻ അയ്യപ്പൻ തുടങ്ങിയവരുമായുള്ള ചാർച്ചകളും കുമാരനാശാനെ ഈ കാവ്യനിർവഹണത്തിനു സഹായിച്ചിട്ടുണ്ടാകാമെങ്കിലും "ദി എസ്സൻസ് ഓഫ് ബുദ്ധിസ'ത്തിന്റെ സ്വാധീനം പ്രഥമവും പ്രകടവുമാണ്. ഇക്കാര്യം ആശാൻ ആമുഖത്തിൽത്തന്നെ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, "ദി എസ്സൻസ് ഓഫ് ബുദ്ധിസ'ത്തിൽനിന്ന് നേരിട്ടു പകർത്തിയ ആനന്ദഭിക്ഷു-മാതംഗി വൃത്താന്തം കാവ്യത്തിനു മുന്നോടിയായി ഇംഗ്ലീഷിൽ ചേർത്തിട്ടുമുണ്ട്.
2500 വർഷങ്ങൾക്കു മുമ്പ് ഉത്തരഹിന്ദുസ്ഥാനിലെ ശ്രാവസ്തിക്കടുത്തുള്ള ഒരു ഊരിൽ നടന്ന സംഭവമായിട്ടാണ് ആനന്ദഭിക്ഷു-മാതംഗി വൃത്താന്തം ലക്ഷ്മി നരസുവുവിനെ പിൻപറ്റി കുമാരനാശാൻ അവതരിപ്പിക്കുന്നത്. നാലു ഖണ്ഡങ്ങളിലായാണ് ആഖ്യാനം നടത്തിയിരിക്കുന്നത്. കാവ്യവൃത്താന്തത്തിൽ അവതരിപ്പിക്കപ്പെടുന്ന ശ്രീബുദ്ധൻ, ആനന്ദൻ, പ്രസേനജിത്ത്, ബിംബിസാരൻ തുടങ്ങിയവർ ചരിത്രത്തിന്റെ ഭാഗമാണെങ്കിലും മാതംഗിയുമായി ബന്ധപ്പെട്ട വൃത്താന്തം നേർചരിത്രമോ കല്പിതമോ എന്നു വ്യക്തമല്ല. ചരിത്രമോ കഥയോ എന്നത് ഇവിടെ അപ്രധാനവും അപ്രസക്തവുമാണ്. ചരിത്രത്തെത്തന്നെ കഥയായും കഥയെ ചരിത്രമായും സമകാലികജ്ഞാനപദ്ധതികൾ സിദ്ധാന്തവൽക്കരിക്കുന്നുണ്ട്. ഭാരതീയരുടെ ജീവിതത്തിൽ ഇരുൾ പടർത്തുന്ന ജാതിവ്യവസ്ഥയോടുള്ള ശക്തമായ പ്രതികരണമെന്ന നിലയിലാണ് മാതംഗീപുരാവൃത്തം ചരിത്രത്തിൽ ഇടം പിടിക്കുന്നത്. ഈ ബദലിനെ ഖണ്ഡകാവ്യത്തിലൂടെ വീണ്ടെടുക്കുകയും പുനരാനയിക്കുകയുമാണ് കുമാരനാശാൻ. അതിനു കളമൊരുക്കിയതാകട്ടെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ ജാതികേരളവും. പിന്നീട് ഈ കൃതി മലയാളകാവ്യചരിത്രത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു.
"ചണ്ഡാലഭിക്ഷുകി' വീണ്ടും പ്രസക്തമാവുന്നത് അതു നൂറുവർഷത്തെ അതിജീവിച്ചുവെന്ന മഹിമകൊണ്ടല്ല. മറിച്ച്, ജാതി എന്ന യാഥാർത്ഥ്യം ഒളിഞ്ഞും തെളിഞ്ഞും പലമട്ടിൽ ഇവിടെ നിലകൊള്ളുന്നുവെന്ന സമകാലിക യാഥാർത്ഥ്യത്താലാണ്. അതുകൊണ്ട് ചണ്ഡാലഭിക്ഷുകി എന്ന കൃതിയുടെ പുനർവായനയേക്കാൾ പ്രധാനം ഈ കൃതി നമ്മെത്തന്നെ പുനർവായിക്കാൻ പ്രേരിപ്പിക്കുന്നുവെന്നതാണ്. നാം കൃതിയെ നോക്കുകയല്ല, കൃതി നമ്മെ തുറിച്ചുനോക്കുകയാണ്. ഈയർത്ഥത്തിൽ സ്വയം പ്രവർത്തനക്ഷമമായ കാവ്യമാകുന്നു ചണ്ഡാലഭിക്ഷുകി. ഒരു കൃതി അതിന്റെ ദൗത്യം നിറവേറ്റാനായി ചരിത്രത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.
അനുകല്പനങ്ങൾ
ചണ്ഡാലഭിക്ഷുകിയിലെ വരികൾ മലയാളി നെഞ്ചിലേറ്റിയിട്ടുണ്ട്. മലയാള പാഠപുസ്തകങ്ങളിലും ചൊൽക്കവിതാവേദികളിലും അതിന് തുടർച്ചകളുണ്ടായി. ചിത്രം, ശില്പം, ചിത്രകഥ, നിശ്ചലദൃശ്യം (float), നാടകം, സിനിമ എന്നീ വ്യവഹാരങ്ങളിൽ അതിന് അനുകല്പനപരമായ പടർച്ചകളുമുണ്ടായി. "ചണ്ഡാലഭിക്ഷുകി'യിൽ ആവിഷ്‌കൃതമാവുന്ന കഥാപരിസരത്തെ ഏതാണ്ടതേ മട്ടിൽ അവതരിപ്പിക്കുന്ന ഒരു മലയാളസിനിമയെക്കുറിച്ചു മാത്രം ഇവിടെ പരാമർശിക്കാം - ജി. അജയൻ എഴുതി സംവിധാനം ചെയ്ത "ബോധി'. ശ്രീബുദ്ധൻ എന്ന പ്രതിഭാസത്തിനും അംബദ്ക്കർ എന്ന വിമോചകനും പുറമേ കുമാരനാശാന്റെ "ചണ്ഡാലഭിക്ഷുകി'യും രവീന്ദ്രനാഥടാഗോറിന്റെ "ചണ്ഡാലിക'യും ലക്ഷ്മി നരസുവിന്റെ രചനകളുമാണ് സംവിധായകന്റെ ദൃശ്യപാതയെ തെളിച്ചെടുക്കുന്നത്.
ദലിതർ പൊതുവഴികളിൽ പ്രത്യക്ഷപ്പെട്ടാൽ മേലാളരിൽനിന്നു മർദ്ദനം അനുഭവിക്കേണ്ടി വരുന്ന കാലഘട്ടമാണ് ചലച്ചിത്രത്തിന്റെ പശ്ചാത്തലം. ഈ ചരിത്രാനുഭവത്തെ മാതംഗി എന്ന ചണ്ഡാലികയിലൂടെ അവതരിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. മാതംഗിയുടെ ബോധോദയത്തിലേക്കുള്ള യാത്രകൂടിയാകുന്നു "ബോധി'.
ദാഹിച്ചുവലഞ്ഞുവരുന്ന ആനന്ദൻ എന്ന ബുദ്ധഭിക്ഷു ചണ്ഡാലയായ മാതംഗിയോട് കുടിനീര് ചോദിക്കുന്നു. തന്റെ ജാതികീഴായ്മ അതിന് അനുവദിക്കുന്നില്ലെന്ന് അവൾ മറുപടി നൽകി. മനുഷ്യർക്കിടയിൽ ജാതിവ്യത്യാസങ്ങൾ പാടില്ലെന്നു പറഞ്ഞ ആനന്ദൻ മാതംഗിയിൽനിന്നു വെള്ളം വാങ്ങിക്കുടിക്കുന്നു. മനുഷ്യസമത്വത്തിന്റെ ഈ ദർശനം മാതംഗിക്ക് പുതിയ പ്രകാശമാണ് നൽകിയത്. അവൾ ആനന്ദനെ കണ്ടെത്താൻ വളരെ ദുർഘടമായ വഴികളിലൂടെ യാത്ര തുടങ്ങുന്നു. ഈ യാത്രയിൽ സവർണജാതിഹിന്ദുക്കളിൽനിന്ന് അവൾക്കു മർദ്ദനം ഏൽക്കേങ്ങേണ്ടതായി വരുന്നു. എങ്കിലും അവൾ യാത്ര അവസാനിപ്പിക്കുന്നില്ല. ഒടുവിൽ മാതംഗി ആനന്ദനെ കണ്ടെത്തുകയും ബുദ്ധമതത്തിന്റെ തത്ത്വങ്ങളിലേക്ക് കടന്നുചെല്ലുകയും ചെയ്യുന്നു. പിന്നീടുള്ള അവളുടെ സഞ്ചാരം ബുദ്ധഭിക്ഷുക്കൾക്കൊപ്പമായി. ഇതിനിടെ അവൾക്കു ബുദ്ധനെ നേരിൽ കാണണമെന്ന ആഗ്രഹമുണ്ടാവുന്നു. അതിനായുള്ള യാത്രയാണ് അടുത്തത്. ആനന്ദനോടൊപ്പം അവൾ ബുദ്ധനെത്തേടി കാടും മലയും താണ്ടുന്നു. ആദിവാസിക്കുടികളും കാട്ടുചോലകളും കടന്ന് അവർ ഒരു കൊടുമുടിയുടെ മുകളിലെത്തുന്നു. ചുറ്റും പരന്നു കിടക്കുന്ന ശാദ്വലമായ പ്രകൃതിയെ നോക്കി ആനന്ദൻ പറഞ്ഞു: "പ്രകൃതിയാണ് ബുദ്ധൻ'.
മാതംഗി ജ്ഞാനത്തിലേക്ക് ഉണരുകയായിരുന്നു. സ്വച്ഛന്ദമായ പ്രകൃതിയിൽ ബുദ്ധനെ ദർശിച്ച മാതംഗി ബുദ്ധഭിക്ഷുണിയായിത്തീരുന്നു.
സിനിമയുടെ ചില ഭാഗങ്ങൾ കാവ്യപാഠത്തിൽനിന്ന് വ്യത്യസ്തമാണ്. ആദിവാസിക്കുടിലും അതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളുമൊക്കെ ചലച്ചിത്രകാരന്റെ ഭാഷ്യമാണ്. ആനന്ദനിൽ ആകൃഷ്ടനായ മാതംഗി ബുദ്ധചൈത്യത്തിൽ എത്തിച്ചേരുകയും അവിടെവെച്ച് സാക്ഷാൽ ശ്രീബുദ്ധനെ കണ്ടുമുട്ടുകയും തുടർന്ന് ബുദ്ധഭിക്ഷുണിയായി മാറിത്തീരുന്നുവെന്നുമാണ് കാവ്യമടക്കമുള്ള മുൻപാഠങ്ങളിൽ. ചണ്ഡാലസ്ത്രീ ഭിക്ഷുണിയായിത്തീർന്നതറിഞ്ഞ ജാതിഹിന്ദുക്കൾ പ്രസേനജിത്ത് രാജാവിനെ വിവരമറിയിക്കുകയും ബുദ്ധചൈത്യത്തിലെത്തിയ അദ്ദേഹം ശ്രീബുദ്ധന്റെ കരുണാർദ്രമായ വചനം ശ്രവിച്ച് തിരിച്ചുപോകുകയുമാണ്. ഈ ഭാഗത്തെയും സിനിമ മാറ്റി മറിക്കുന്നുണ്ട്. ചരിത്രത്തെ അഭ്രപാളീകരിക്കുകയാണ് "ബോധി' എന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും അതു ഭാവിയെ ചരിത്രമാക്കാൻ ശ്രമിക്കുകയാണ്. ദലിത് ബഹുജനം പ്രത്യാശിക്കുന്ന വിമോചനത്തിന്റെയും സമതയുടെയും ഭാവികാലത്തെയാണ് സിനിമ അഭിസംബോധന ചെയ്യുന്നത്.
വിഗ്രഹിക്കുവതെങ്ങനെ?
"ചണ്ഡാലഭിക്ഷുകി' എന്ന സംയുക്ത / സമസ്തപദത്തിലേക്ക് (വ്യാകരണപരമായി പറഞ്ഞാൽ സമാസം) ഒന്നു ശ്രദ്ധയൂന്നാം. ചണ്ഡാല, ഭിക്ഷുകി എന്നീ വ്യത്യസ്ത ഘടകപദങ്ങളുടെ നേരിട്ടുള്ള ചേർച്ചയിലൂടെയാണ് "ചണ്ഡാലഭിക്ഷുകി' പദസംയുക്തത്തിന്റെ ജനനം. പ്രത്യയങ്ങളും മറ്റും ചേർത്ത് സമസ്തപദത്തെ ആർത്ഥികമായി വികസിപ്പിച്ചെടുക്കുന്നതാണ് "വിഗ്രഹിക്കൽ'. ചണ്ഡാലഭിക്ഷുകി എന്ന സമസ്തപദത്തെ എങ്ങനെയാണ് നാം വിഗ്രഹിക്കുക? "ചണ്ഡാലയായ ഭിക്ഷുകി' എന്നതാണ് ലളിതവും പ്രാഥമികവുമായ ഉത്തരം. എന്നാൽ ഈ വിഗ്രഹിക്കലിന് ഭാഷാപരമായ സാധുതയുണ്ടെങ്കിലും സാമൂഹികവും രാഷ്ട്രീയവുമായി സാധുവാണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ചണ്ഡാലയായ മാതംഗി, ബുദ്ധഭിക്ഷുണിയായി മാറിത്തീർന്ന ചരിത്രം/കഥ ആകുന്നു ആഖ്യാനത്തിന്റെ അടിയടര്. ഇവിടെ മാതംഗി എന്ന സ്ത്രീക്ക് രണ്ട് സ്വത്വസ്ഥാനങ്ങളാണുള്ളത്. ആഖ്യാനത്തിന്റെ തുടക്കത്തിൽ അവൾ ചണ്ഡാലസ്ത്രീയാണ്. എന്നാൽ ഒടുക്കമെത്തുമ്പോൾ ബുദ്ധഭിക്ഷുണി എന്ന സ്വത്വത്തിലേക്ക് പരിണമിക്കുന്നു. ഈ പരിണാമശേഷവും അവളെ കുറിക്കാനായി ചണ്ഡാലഭിക്ഷുകി എന്നു പ്രയോഗിക്കുമ്പോൾ ജാതിപരമായ അടയാളം (trace) മാഞ്ഞുപോകാതെ നിലനില്ക്കുകയാണ്. മാതംഗി ബുദ്ധമാർഗംവഴി ജാതിയുടെ സ്റ്റിഗ്മയിൽനിന്ന് വിമോചിതയായെങ്കിലും (?) അവളെ സൂചിപ്പിക്കുന്ന ഭാഷാക്കുറിയിൽ ജാതിസ്റ്റിഗ്മ സ്ഥൂലസാന്നിദ്ധ്യമായി നിലനിൽക്കുന്നു. ഭാഷയെന്നത് കേവലം ആശയക്കൈമാറ്റത്തിനു മാത്രമുള്ള ഉപകരണമല്ലെന്നും അത് സ്വത്വംതന്നെയാണെന്നും ഭാഷയിലൂടെ സ്വത്വം രൂപീകൃതമാവുകയാണെന്നും മറ്റുമുള്ള സമകാലഭാഷാചിന്തകൾ മേൽസൂചിതവിഷയത്തെ കൂടുതൽ പ്രശ്നഭരിതമാക്കുന്നുണ്ട്.
ടി.കെ.സി. വടുതല എഴുതിയ "അച്ചണ്ട വെന്തീഞ്ഞ ഇന്നാ' എന്ന ചെറുകഥ ഇത്തരുണത്തിൽ സംഗതമാണ്. കണ്ടൻകോരൻ എന്ന പുലയൻ ജാതിവടുക്കളിൽനിന്ന് രക്ഷനേടാൻ ക്രിസ്തുമതം സ്വീകരിച്ച് "ദേവസ്സി'യാവുന്നു. പുതിയ സ്വത്വത്തിന്റെ അടയാളമെന്ന നിലയിൽ കഴുത്തിലണിയാൻ മതപുരോഹിതൻ വെന്തിങ്ങയും നൽകി. എന്നാൽ മതം മാറിയിട്ടും ദേവസ്സിയെ പുരോഹിതനടക്കമുള്ള പൊതുസമൂഹം "കണ്ടൻകോരൻ ദേവസ്സി'യെന്നാണ് വിളിക്കുന്നത്; ദലിതനായാണ് നോക്കിക്കാണുന്നത്. ഇതു മനസ്സിലാക്കിയ ദേവസ്സി വെന്തിങ്ങ വലിച്ചെറിഞ്ഞ് തിരിച്ചുനടക്കുന്ന കഥയാണത്.
"മുമ്പ് ചണ്ഡാലയും ഇപ്പോൾ ഭിക്ഷുകിയുമായിത്തീർന്നവൾ' എന്നു വിഗ്രഹിക്കലാണ് മറ്റൊരു സാധ്യത. ഉത്തരപദത്തിന് പ്രാധാന്യം നൽകിത്തന്നെയുള്ള ഈ വിഗ്രഹിക്കൽ ജാതിപരമായ ട്രേസിനെ കുറച്ചൊക്കെ മാറ്റിനിർത്തിയേക്കാമെങ്കിലും ഇങ്ങനെയൊരു ഭാഷാവഴക്കം പൊതുബോധത്തിലില്ല എന്നതു വളരെ പ്രധാനമാണ്. വർണവ്യവസ്ഥ അടിച്ചേൽപ്പിച്ചതാണെങ്കിലും ജാതിസ്വത്വത്തെ തങ്ങളുടെ ആന്തരികശക്തിയായും അനുഭവലോകമായും ഉയർത്തിക്കാട്ടുന്നതിൽ ദലിത് സമുദായങ്ങൾ അഭിമാനംകൊള്ളുന്ന വർത്തമാനകാലത്ത് കീഴ്ജാതിത്തം നിമ്നമോ ഭിക്ഷുകത്വം ഉന്നതമോ ആകുന്നില്ല.
ടെയ്ൽ എൻഡ്:
ഒരു കിണറിന്റെ പശ്ചാത്തലത്തിൽ, ചണ്ഡാലയായ സ്ത്രീ ബുദ്ധഭിക്ഷുവിന് കുടിവെള്ളം പകർന്നുകൊടുക്കുന്ന ദൃശ്യം ചണ്ഡാലഭിക്ഷുകി എന്ന കാവ്യത്തിലേക്കുള്ള ചൂണ്ടുപലകയായി കേരളത്തിൽ ഇന്നു മാറിയിട്ടുണ്ട്.
"ദാഹിക്കുന്നു ഭഗിനീ, കൃപാരസ
മോഹനം കുളിർ തണ്ണീരിതാശു നീ',
‘അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ'
"ജാതി ചോദിക്കുന്നില്ല ഞാൻ സോദരി
ചോദിക്കുന്നു നീർ നാവുവരണ്ടഹോ!'
എന്നിങ്ങനെയുള്ള വരികൾ ജനപ്രിയസിനിമാഗാനം പോലെ മലയാളിക്കു പ്രിയങ്കരവുമായി. ചണ്ഡാലഭിക്ഷുകിയും അതിനെ അടിസ്ഥാനമാക്കിയ മോട്ടിഫുകളും പ്രിയങ്കരമായി തുടരുന്നതുപോലെ ജാതിയും അതിന്റെ "കാണാവ്യവസ്ഥകളും' പലമട്ടിൽ പ്രിയങ്കരമായി തുടരുന്നുവെന്ന വൈപരീത്യം ചർച്ച ചെയ്യേണ്ടതുണ്ട്. കേരളനവോത്ഥാനം എന്ന വ്യവഹാരം പ്രശ്നവൽകൃതമാകുന്ന മറ്റൊരു സന്ദർഭംകൂടിയാവുന്നു ഇത്.
-------------------------------------------------
Credits: Truecopythink
No comments:
Post a Comment