Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Thursday, January 26, 2017

പെരുന്തച്ചന്‍

പെരുന്തച്ചന്‍ കവിതയുടെ പൂര്‍ണ്ണരൂപം ആലാപനം ജ്യോതിബായ് പെരിയാടത്ത്





       കേരളം അതിന്റെ ഷഷ്ടിപൂർത്തിയിലേക്ക്‌ പ്രവേശിക്കുന്ന സന്ദർഭത്തിൽ കേരളത്തിന്റെ മനസ്സ്‌ രേഖപ്പെടുത്തിയ ഒരു കവിതയ്ക്കും അറുപത്‌ വയസ്സ്‌ തികയുന്നു വിഹ്വലവാർധക്യം പ്രമേയമാകുന്ന ആദ്യ കവിത ഒരുപക്ഷേ, ‘പെരുന്തച്ച’ൻ ആവാം ......
        
മലയാളിയുടെ ഭാവനാപൈതൃകത്തിലെ മുന്തിയ ഈടുവെപ്പുകളിലൊന്നാണ്‌ ‘പറയിപെറ്റ പന്തിരുകുല’ത്തിന്റെ ബഹുശാഖിയായ ഐതിഹ്യത്തഴപ്പ്‌. പറയിയുടെയും വരരുചിയുടെയുംബ്രാഹ്മണന്റെയും അവർണയുവതിയുടെയും- മക്കളിലൂടെയാവിഷ്കരിക്കപ്പെട്ട വ്യക്തിത്വവൈവിധ്യത്താൽ ഒരൊറ്റ മരക്കാടിന്റെ സാന്ദ്രച്ഛവി കൈവരുന്നുണ്ട്‌ പന്തിരുവരെ സംബന്ധിച്ച ഐതിഹ്യാഖ്യാനത്തിന്‌. ഈ പന്ത്രണ്ടുപേരിൽ ഏറ്റവും സങ്കീർണമായ വ്യക്തിശോഭ പ്രസരിപ്പിക്കുന്നത്‌ രണ്ടുപേരാണ്- പെരുന്തച്ചനും നാറാണത്തു ഭ്രാന്തനും. ഇവർ ഐതിഹ്യത്തിന്റെ അവ്യക്തദൂരങ്ങളിൽനിന്ന്‌ പല കാലങ്ങളിൽ, പല മട്ടിൽ നമ്മുടെ എഴുത്തിൽ ചേക്കേറി. നാറാണത്തു ഭ്രാന്തനെ നായകസ്ഥാനത്തുനിർത്തിക്കൊണ്ട്‌ മുല്ലനേഴിയും മധുസൂദനൻ നായരും കവിതകളെഴുതിയപ്പോൾ തച്ചന്‌ മലയാളകവിതയിൽ മൂന്ന്‌ കരുത്തുറ്റ പുനരാഖ്യാനങ്ങളുണ്ടായി. 1955-ൽ പുറുത്തുവന്ന ജി-യുടെ ‘പെരുന്തച്ച’നായിരുന്നു അവയിൽ ആദ്യത്തേത്‌. വൈലോപ്പിള്ളിയുടെ ‘തച്ചന്റെ മകൻ’ പിന്നാലെവന്നു. ഒടുവിൽ വിജയലക്ഷ്മിയുടെ തച്ചന്റെ മകളും. ഈ മൂന്നു കവിതകളും മൂന്നുതരത്തിൽ മികച്ചവയെങ്കിലും കൂട്ടത്തിൽ ജി-യുടെ ‘പെരുന്തച്ച’ന്‌ ഒരഗ്രഗാമിയുടെ സ്ഥാനമുണ്ട്‌. ആ കവിതയ്ക്കിത്‌ അറുപതാണ്ടിന്റെ വാർധക്യബലിഷ്ഠത കൈവരുന്ന ഷഷ്ടിപൂർത്തിവർഷമാണ്. വാർധക്യം വൃദ്ധിയുടെ പരിണാമമാണ്‌, ചുരുങ്ങിയത്‌ മികച്ച കവിതയുടെ കാര്യത്തിലെങ്കിലും. ആ വൃദ്ധിയുടെ ദാരുശില്പസമാനമായ ദൃഢകാന്തി പ്രദർശിപ്പിക്കുന്ന വാങ്‌മയമെന്നനിലയിലാണ്‌ പ്രസിദ്ധീകരണ കാലത്തിനുശേഷം ആറുപതിറ്റാണ്ടു പിന്നിടുമ്പോൾ ഇവിടെ, ജി-യുടെ ‘പെരുന്തച്ചൻ’ വീണ്ടും വായിക്കപ്പെടുന്നത്‌. അങ്ങനെ കഴിഞ്ഞ നൂറ്റാണ്ടിൽനിന്ന്‌ നമ്മുടെ ശതകത്തിലേക്ക്‌, ഒരുവന്മരംപോലെ, ചില്ലകൾ നീട്ടുന്നു ജി-യും പെരുന്തച്ചനും. വിഹ്വലവാർധക്യം പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ കവിത ഒരുപക്ഷേ, ജി-യുടെ ‘പെരുന്തച്ച’നായിരിക്കും. ഇതിഹാസത്തിലെ ദശരഥനിലും ധൃതരാഷ്ട്രരിലുമൊക്കെ ഖിന്നനായ വൃദ്ധപിതാവിന്റെ ചിത്രം കണ്ടിട്ടുണ്ടെങ്കിലും പെരുന്തച്ചന്റെ നില, തെല്ലു വ്യത്യസ്തമാണ്‌. പുത്രഘാതകനായ പിതാവാണയാൾ. യവനരുടെ ഈഡിപ്പസ്‌ കഥയുടെ വിപരീതക്രമമാണ്‌ ഇവിടെ നമ്മൾ കാണുന്നത്‌, തത്തുല്യമായ ഗരിമയോടെ. പെരുന്തച്ചനുമായി തന്മയീഭവിച്ചുകൊണ്ട്‌ ദാരുശില്പം കൊത്തുന്ന തച്ചനെപ്പോലെ പെരുമാറുന്നു ഈ കവിതയിൽ ജി. ദാരുബിംബങ്ങളാൽ നിബിഢമാണ്‌ ഈ കവിതയുടെ കല്പനാലോകം. (‘പൂതലിച്ചുപോയെന്റെയിത്തടി /കൊതിച്ചാലാ കാതലിലുളിനട/ത്തീടുവാനാവില്ലല്ലോ!) വാർധക്യത്തെ പൂതലിച്ച ‘തടി’(ശരീരമെന്നും)യുമായി അന്വയിക്കുന്നു വാക്കിന്റെ തച്ചനായ ജി. തന്റെ ജീവിതപങ്കാളിയുടെ യൗവനയുക്തമായ ശരീരകാന്തിയെക്കുറിച്ചോർക്കുന്നിടത്തും ഇതേ യുക്തിയാണ്‌ പ്രവർത്തിക്കുന്നത്‌. പൂത്തചാമ്പത്തൈപോൽ നിവർന്ന്‌, മൂന്നും കൂട്ടിമുറുക്കി, പൂത്തവെള്ളിലപോലെ ‘നാനി’ നിൽക്കുന്നു. കടഞ്ഞെടുത്ത പോലാണവളുടെ ഉടമ്പ്‌ എന്നും എഴുതുന്നു (തച്ചൻ പണിത്തരത്തിനു പാകമായ മരം തിരഞ്ഞുകണ്ടെത്തുംപോലെയാണിവിടെ, ‘ഉടമ്പ്‌’ എന്ന ദ്രാവിഡപദം!) അതെ, എന്തിനും ഏതുതടിയിലും -ദാരുശില്പകാന്തി കാണാനേ തച്ചനാവൂ! കാരണം ‘മുഴുക്കോലുമുളിയും പണിക്കൂറിൽപങ്കിടാറുള്ളാഹ്ളാദ’മാണ്‌ അയാൾ അറിഞ്ഞതിൽവെച്ചേറ്റവും മികച്ചത്‌. കരിവീട്ടിതൻ കാതൽ കടഞ്ഞതോ ‘വന്മരികകമഴ്ത്തി’യതുപോലുള്ള ആകാശത്തിനു കീഴിലാണ്. ‘ചന്ദനത്തയ്യാണെങ്കിലുരഞ്ഞാൽ മണംപൊങ്ങും’ എന്ന്‌, മകന്റെ അഭിമാനവീര്യത്തെ വിവരിക്കുന്ന അച്ഛന്റെ യുക്തിയും ഒരു തച്ചന്റെതുതന്നെ. ഈ ദാരുബിംബ പരമ്പരയുടെ ആരൂഢമാണ്‌, ‘അടിക്കുന്നുണ്ടെന്നാലു/മെൻ, നെഞ്ചിലാരോ കൊട്ടു/വടികൊണ്ടിപ്പോളെന്തേകൂരാണിയിളക്കുവാൻ’ എന്ന അനന്യകല്പന.

കേവല ബിംബവിന്യാസത്തിന്റെ തലത്തിൽ മാത്രമല്ല കവിയായ ജി. ശങ്കരക്കുറുപ്പ്‌ പെരുന്തച്ചനുമായി സാത്മ്യപ്പെടുന്നതെന്നും വരാം. കാരണം കലാകാരവ്യക്തിത്വത്തിന്റെ ദുരന്തസങ്കീർണതയാണ്‌ ജി-യുടെ പ്രമേയം. കവി എന്നനിലയിലുള്ള ജി-യുടെ വ്യക്തിത്വവും അതിൽ പങ്കുചേർന്നിരിക്കാം. പിൽക്കാലം കൊടിയവിമർശനങ്ങൾ നേരിടേണ്ടിവന്ന ഈ കവി, ‘ഉരഞ്ഞാൽ മണംപൊങ്ങുന്ന’ ചന്ദനക്കാതൽപോലുള്ള കലാകാരചിത്തത്തിന്റെ മസൃണപ്രകൃതിയിലുളികൾ നടത്തി അതിന്റെ വൈകാരികസംഘർഷമേഖലകളെ അനാവരണം ചെയ്യുകയാണ്‌ ഈകവിതയിൽ.
ചങ്ങമ്പുഴയെപ്പോലൊരു യുവകവി യശോധാവള്യത്തിലാറാടി വാണുവിരമിച്ച കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യഋതുവിലാണ്‌ ജി-യും തന്റെ കാവ്യജീവിതം കരുപ്പിടിപ്പിച്ചത്‌.
   ‘കണക്കും കോപ്പും മൂത്താ-
    ശാരിക്കുകൂടും, ശില്പ-
   ഗുണമാച്ചെക്കനേറും’
എന്നതുപോലുള്ള കുശുകുശുപ്പുകൾ ആ കാലഘട്ടമുന്നയിച്ച ഭാവുകത്വ സങ്കീർണതകളുടേതു കൂടിയായിരിക്കാം. ഒരേസമയം വാക്കിന്റെ പെരുന്തച്ചനായിരിക്കുന്നതിന്റെയും നിശിതമായ ഖണ്ഡനവിമർശനത്തിന്‌ വിധേയനായതിന്റെയും ഉദ്വിഗ്നത ജി-യുടെ കവിജീവിതത്തിലുണ്ടായിരുന്നു. ഈയൊരവസ്ഥയുടെ ദുരന്തരൂപകവുമാകാം ജി-യുടെ പെരുന്തച്ചൻ. അതെന്തായാലും ഈ കവിത ജി-യുടെ മികച്ച കാവ്യശില്പങ്ങളിലൊന്നാണെന്ന്‌ നിസ്സംശയം പറയാം. പഴുത്തുപ്രായമായ ഉക്തികളിലൂടെ പെരുന്തച്ചന്റെ ആന്തരിക രഹസ്യങ്ങളി(ഏകവചനമല്ല; ബഹുവചനം!)ലേക്ക്‌, മാറാലമൂടിയ ഒരു മച്ചകത്തിലേക്കെന്നപോലെ, കടന്നുചെല്ലുന്ന കാര്യത്തിൽ മഹാകവി കാണിക്കുന്ന ‘ശില്പദക്ഷത’ ഒരു പെരുന്തച്ചന്റേതുതന്നെ. അതിനാൽ ആ കവിത, അരനൂറ്റാണ്ടിനുശേഷവും, ‘ഉളിവെക്കുമ്പോൾ കട്ടപ്പൊന്നുപോൽ മിന്നും പ്ലാവി’ന്റെ ദൃഢകാന്തി പ്രസരിപ്പിച്ചുകൊണ്ട്‌ അനുവാചകപ്രീതി നിലനിർത്തുന്നു.......

1 comment: