Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Tuesday, January 3, 2017

ഒരു സങ്കീര്‍ത്തനം പോലെ പെരുമ്പടവം ശ്രീധരന്‍


ഹൃദയത്തിനുമേല്‍ നക്ഷത്രമുദിച്ച രാത്രി

            എഴുത്തു മേശയ്ക്കു മുന്നില്‍, തൂലികയ്ക്കും കടലാസിനും ഇടയില്‍ കാലങ്ങളും വഴികളും തിരിച്ചറിയാതെ പകച്ചു നിന്നു പോയ ദസ്തയെവ്സ്കി എന്ന വിഖ്യാത എഴുത്തുകാരന്റെ പീഡിതഹൃദയാനുഭവങ്ങളും ഉരുള്‍പൊട്ടലുകളും ഇടിമുഴക്കങ്ങളും മൗനങ്ങളും പുനഃസൃഷ്ടിച്ച്‌ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ലാവണ്യാനുഭവം മലയാളിക്ക്‌ സമ്മാനിച്ച കൃതിയാണ്‌ പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’. മലയാള സാഹിത്യാസ്വാദകന്‌ പെരുമ്പടവംശ്രീധരന്‍ സുവര്‍ണ്ണതാലത്തില്‍ സമ്മാനിക്കുകയായിരുന്നു ‘ഒരു സങ്കീര്‍ത്തനം പോലെ’.
ഇതിനോടകം ഒന്നര ലക്ഷത്തോളം പേര്‍ സ്വന്തമാക്കുകയും അതിന്റെ പതിന്‍മടങ്ങാളുകള്‍ വായിക്കുകയും ചെയ്ത പുസ്തകത്തില്‍ ദൈവത്തിന്റെ കയ്യൊപ്പ്‌ പതിഞ്ഞിരിക്കുന്നു. 1992 ല്‍ പ്രസിദ്ധീകരിച്ച ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവലിന്‌ ഇരുപതു വയസ്സാകുമ്പോള്‍ ഒന്നര ലക്ഷത്തിലധികം കോപ്പികളുമായി മലയാളത്തിന്റെ നെറുകയില്‍ തിളങ്ങി നില്‍ക്കുകയാണത്‌.
1992 ല്‍ ദീപിക വാര്‍ഷികപ്പതിപ്പിലാണ്‌ ഒരു സങ്കീര്‍ത്തനം പോലെ പ്രസിദ്ധീകരിക്കുന്നത്‌. 1992 ജൂലായ്‌ മാസത്തില്‍. അപ്പോള്‍ തന്നെ വായനക്കാരെ ഏറെ ആകര്‍ഷിക്കാന്‍ അതിനു കഴിഞ്ഞു. ഏറെ വൈകാതെ പുസ്തകമാകുകയും ചെയ്തു. പിന്നീടിങ്ങോട്ട്‌ ‘ഒരു സങ്കീര്‍ത്തനം പോലെ’യുടെ പടയോട്ടമായിരുന്നു. പുസ്തകത്തിന്റെ കോപ്പികള്‍ കരസ്ഥമാക്കാന്‍ വായനക്കാര്‍ പരക്കം പാഞ്ഞു. ആദ്യ പതിപ്പ്‌ വളരെ വേഗത്തിലാണ്‌ വിറ്റുപോയത്‌. പിന്നീട്‌ തുടര്‍ച്ചയായി പതിപ്പുകള്‍ ഇറങ്ങിക്കൊണ്ടിരുന്നു. ഇപ്പോള്‍ നാല്‍പത്തിയൊമ്പതാം പതിപ്പിലെത്തി നില്‍ക്കുന്നു. അന്‍പതാം പതിപ്പിന്റെ ആഘോഷത്തിമിര്‍പ്പിലേക്ക്‌ കടക്കാനുള്ള തയ്യാറെടുപ്പിലാണ്‌ എഴുത്തുകാരനും പ്രസാധകനും.
മലയാള സാഹിത്യ രംഗത്ത്‌ അദ്ഭുതമാകുകയാണ്‌ പെരുമ്പടവും അദ്ദേഹത്തിന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവലും. മുമ്പ്‌ ചങ്ങമ്പുഴയുടെ ‘രമണനും’ ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസവു’മാണ്‌ ഒരു ലക്ഷം മറികടന്ന്‌ മലയാളത്തിന്റെ വിസ്മയമായ കൃതികള്‍. എന്നാല്‍ ‘രമണന്‍’ 65 വര്‍ഷങ്ങള്‍കൊണ്ടും ‘ഖസാക്കിന്റെ ഇതിഹാസം’ 36 വര്‍ഷങ്ങള്‍ കൊണ്ടുമാണ്‌ ഒരു ലക്ഷം കോപ്പികളിലേക്കെത്തിയത്‌. ‘ഒരു സങ്കീര്‍ത്തനം പോലെ’ കേവലം പന്ത്രണ്ട്‌ വര്‍ഷങ്ങള്‍കൊണ്ട്‌ ഒരു ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു. ഇപ്പോള്‍ ഇരുപതു വര്‍ഷങ്ങളാകുമ്പോള്‍ ഒന്നരലക്ഷം കോപ്പികളും.

          പെട്ടന്ന്‌ വെളിപാടുപോലെ എന്തോ എന്റെ മനസ്സില്‍ സംഭവിച്ചു. ഒരു അന്തര്‍ദര്‍ശനം എന്നു പറഞ്ഞാല്‍ അതു പൂര്‍ണ്ണമാകുമോ.? ഇല്ല. ആ നിമിഷം എന്റെ മനസ്‌ ദിവ്യമായൊരു പ്രചോദനം കൊണ്ടുണര്‍ന്നു. അസ്പഷ്ടതകളും ആശങ്കകളും ആകുലതകളുമൊക്കെ ആ നിമിഷം എന്നില്‍ നിന്ന്‌ നീങ്ങിപ്പോയി….ഞാന്‍ വിശ്വസിക്കുന്നത്‌ ഇങ്ങനെയാണ്‌. ഞാന്‍ ജനിച്ചത്‌ അന്നാണ്‌. എന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍. നേവാ നദിക്കരയില്‍ മഞ്ഞു പൊഴിഞ്ഞൊരു രാത്രിയില്‍ ആ ദര്‍ശന ദീപ്തിയിലാണ്‌ ‘പാവപ്പെട്ടവന്‍’ എന്ന തന്റെ നോവല്‍ ജന്മമെടുത്തതെന്ന്‌ ദസ്തയേവ്സികി അന്നയോടു പറയുന്നു.
(ഒരു സങ്കീര്‍ത്തനം പോലെ)

മഴയുള്ളൊരു രാത്രിയില്‍ വെളിപാടുപോലെയാണ്‌ പെരുമ്പടവം ശ്രീധരനില്‍ നിന്ന്‌ സങ്കീര്‍ത്തനം പിറന്നത്‌. ഇരുട്ടില്‍ മഴ അലറിപ്പെയ്ത രാത്രി. വാര്‍ഷികപ്പതിപ്പുകാരന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു മുന്നില്‍ എന്തെഴുതണമെന്ന്‌ മനസ്‌ ശങ്കിച്ചു നിന്ന രാത്രിയില്‍ മനസ്സിന്റെ വാതിലുകള്‍ തുറന്ന്‌ അദ്ദേഹം കടന്നു വന്നുവെന്ന്‌ പെരുമ്പടവം ശ്രീധരന്‍ പറയുന്നു. ദസ്തയേവ്സ്കി. മഹാനായ എഴുത്തുകാരന്റെ വിചിത്രവും സ്തോഭപൂര്‍ണ്ണവുമായ ജീവിതം മുഴുവന്‍ പെരുമ്പടവത്തിനു മുന്നില്‍ തെളിഞ്ഞു വന്നു. അതില്‍ നിന്ന്‌ ഒരു നോവലിന്റെ ശില്‍പത്തിനുള്ളതുമാത്രം എങ്ങനെ കണ്ടെത്തും?. ദസ്തയേവ്സ്കിയുടെ ഭാര്യ അന്നയുടെ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചതിന്റെ ഓര്‍മ്മകളാണ്‌ പിന്നീട്‌ മനസ്സിലേക്ക്‌ കുടിയേറിയത്‌. മേറ്റ്ല്ലാം മറന്ന്‌ അന്നയെ മാത്രം ഓര്‍ക്കാന്‍ ശ്രമിച്ചു. അന്നയും ദസ്തയേവ്സ്കിയും കണ്ടു മുട്ടിയതുമുതലുള്ള മൂന്നാഴ്ചക്കാലം മനസ്സില്‍ സങ്കല്‍പിച്ച്‌ എഴുത്താരംഭിച്ചു. എഴുത്തുകാലത്തെ മനസ്സിന്റെ സഞ്ചാരങ്ങളെക്കുറിച്ച്‌ പെരുമ്പടവം പറയുന്നതിങ്ങനെ…
“ആദ്യമൊന്നും ആഗ്രഹിച്ച ഒഴുക്കു കിട്ടിയില്ല എഴുത്തിന്‌. തൃപ്തി വരാഞ്ഞിട്ട്‌ ആദ്യത്തെ ഒന്നു രണ്ടധ്യായങ്ങള്‍ ഞാന്‍ കീറിക്കളഞ്ഞു. അതു ഞാന്‍ തുടങ്ങിയത്‌ ഫെദോസ്യയില്‍ നിന്നായിരുന്നു. നാലഞ്ചു ദിവസം നീണ്ട ഒരിടവേളയ്ക്കു ശേഷം ഒരു രാത്രി വിശുദ്ധന്റെ സന്നിധിയിലെന്ന പോലെ ദസ്തയേവ്സ്കിയുടെ ഓര്‍മ്മയ്ക്കു മുന്നില്‍ ഞാന്‍ മുട്ടുകുത്തി. എന്നെ അനുഗ്രഹിക്കണേ എന്ന പ്രാര്‍ത്ഥനയോടെ. അപ്പോള്‍ മനസ്സിനെ ഒരുണര്‍വ്‌ അനുഗ്രഹിക്കുന്നതു പോലെ തോന്നി.
താലേരാത്രിയില്‍ മങ്ങിയ നിലാവില്‍ വിജനമായ വഴിയില്‍ ദസ്തയേവ്സ്കി തനിയെ നടക്കുന്ന സന്ദര്‍ഭത്തിലെത്തിയപ്പോള്‍ ആ ഉണര്‍വ്വ്‌ എനിക്ക്‌ തീവ്രവായി അനുഭവപ്പെട്ടു…….ഹൃദയത്തിനു മേല്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ആളെന്ന്‌ ദസ്തയേവ്സ്കിയെ സങ്കല്‍പിക്കാന്‍ കഴിഞ്ഞ നിമിഷത്തില്‍ ഏതോ ഒരു പ്രകാശംകൊണ്ട്‌ എന്റെ അകം നിറയുന്നതുപോലെ എനിക്കു തോന്നി. അപ്പോള്‍ അര്‍ദ്ധരാത്രിയായിരുന്നു. ഉറക്കത്തില്‍ നിന്ന്‌ ഞെട്ടിയുണര്‍ന്ന്‌ ഇരുട്ടില്‍ എഴുന്നേറ്റ്‌ ചെന്ന്‌ ഒരു കടലാസില്‍ അതുകുറിച്ചു വച്ചപ്പോള്‍ എനിക്കു തോന്നിയ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. ആ നിമിഷങ്ങളില്‍ എന്റെ ഹൃദയത്തിനു മേല്‍ ഒരു നക്ഷത്രം ഉദിച്ചു നിന്നിരുന്നു…..”
പെരുമ്പടവത്തിന്‌ പിന്നീടുള്ള ദിവസങ്ങളില്‍ ഒരു പ്രാര്‍ത്ഥന പോലെയായിരുന്നു എഴുത്ത്‌. അതേ സമയം അദ്ദേഹത്തിന്‌ സ്വയം ബലികൊടുക്കുന്നതായും തോന്നിയിരുന്നു. അത്രയ്ക്ക്‌ ഉത്കടമായ അനുഭവമായിരുന്നു എഴുത്ത്‌.
ദസ്തയേവ്സ്കിയുടെ ജീവചരിത്രം വായിച്ചിട്ടുള്ളവര്‍ അറിഞ്ഞ ദസ്തയേവ്സ്കിയെയല്ല പെരുമ്പടവം അവതരിപ്പിച്ചത്‌. മദ്യപാനി, ചൂതുകളിക്കാരന്‍, അസന്മാര്‍ഗ്ഗി എന്നൊക്കെ ചീത്തപ്പേര്‌ കേള്‍പ്പിച്ച ഒരാളെയാണ്‌ ദസ്തയേവ്സ്കിയുടെ ജീവചരിത്രകാരന്മാര്‍ കാട്ടിത്തന്നത്‌. മഹാനായ നോവലിസ്റ്റായിരിക്കുമ്പോഴും ആളുകള്‍ അദ്ദേഹത്തെ ആഭാസനായും കണ്ടു. എന്നാല്‍ പെരുമ്പടവത്തിന്റെ തൂലികയില്‍ തെളിഞ്ഞു വന്നത്‌ ദസ്തയേവ്സ്കിയുടെ പ്രക്ഷുബ്ധമായ മനസ്സും അദ്ദേഹം ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളുമാണ്‌. പീഡാനുഭവങ്ങളിലൂടെ വിശുദ്ധീകരിക്കുന്ന മനസ്സിനെ ദസ്തയേവ്സ്കിയില്‍ നിന്ന്‌ പെരുമ്പടവം അടര്‍ത്തിയെടുത്തു.
ഫിയോദര്‍ ദസ്തയേവ്സ്കിയുടെ ജീവിതത്തിലെ ഒരു ഘട്ടമാണ്‌ പെരുമ്പടവം ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ശില്‍പഘടനയിലും വൈകാരികതയിലും മികച്ചു നില്‍ക്കുന്ന ഈ കൃതിയെ മലയാള നോവലിലെ ഒരു ഏകാന്ത വിസ്മയം എന്നാണ്‌ പ്രസിദ്ധ സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ വിശേഷിപ്പിച്ചത്‌.
ചൂതാട്ടക്കാരന്‍ എന്ന നോവലിന്റെ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ദസ്തയേവ്സ്കിയുടെ അരികില്‍ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാള്‍ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്സ്കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവില്‍ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തര്‍മുഖനായ ദസ്തയേവ്സ്കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളുമാണ്‌ ഈ നോവലിന്റെ ഇതിവൃത്തം. അന്ന അദ്ദേഹത്തിന്റെ നോവലിന്റെ പകര്‍ത്തിയെഴുത്തിനാണ്‌ അവിടെ എത്തുന്നത്‌. അന്നയ്ക്ക്‌ മഹാനായ ആ സാഹിത്യകാരനുമായി ഉണ്ടായിരുന്ന ബന്ധം ഡയറിക്കുറിപ്പുകളുടെ രൂപത്തില്‍ അവര്‍ തയ്യാറാക്കിയത്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അന്നയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഈ നോവലിന്റെ രചനയില്‍ ഏറെ സഹായകമായി എന്നു പെരുമ്പടവം നോവലിന്റെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്‌.
ദസ്തയേവ്സ്കി, അന്ന, വീട്ടുജോലിക്കാരി ഫെദോസ്യ എന്നിവരാണ്‌ നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. ഇവരെക്കൂടാതെ നോവല്‍ നിശ്ചിത കാലത്തിനുള്ളില്‍ തീര്‍ത്തു കൊടുക്കണമെന്നുള്ള കരാറിന്‍ മേല്‍ ദസ്തയേവ്സ്കിക്ക്‌ മുന്‍കൂര്‍ പണം നല്‍കിയ പുസ്തകപ്രസാധകന്‍ സ്റ്റെല്ലോവിസ്കി, ദസ്തയേവ്സ്കിയെപ്പോലെയുള്ള ചൂതുകളിക്കാര്‍ക്ക്‌ പണം കടം കൊടുക്കുന്ന കിഴവന്‍ യാക്കോവ്‌, വാടകക്കുടിശിക കിട്ടാനുണ്ടെങ്കിലും ദസ്തയേവ്സ്കിയോട്‌ സ്നേഹത്തോടെ പെരുമാറുന്ന വീട്ടുടമസ്ഥന്‍ അലോന്‍കിന്‍, അന്നയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ കഥാഗതിക്കിടെ വല്ലപ്പോഴും വന്നു പോകുന്നവരോ സംഭാഷണമദ്ധ്യേ പരാമര്‍ശിക്കുന്നവരോ ആണ്‌. എന്നാല്‍ നോവലിലെ ആദ്യാവസാനം ദൈവം ഒരദൃശ്യ സാന്നിദ്ധ്യമായി പ്രത്യക്ഷപ്പെടുന്നു.
മറ്റൊരു കാലത്ത്‌ മറ്റൊരു രാജ്യത്ത്‌ ജീവിച്ചിരുന്ന മനുഷ്യന്‍. ജീവിച്ചിരുന്ന കാലത്ത്‌ ദുരിതങ്ങളിലൂടെയും പീഡനങ്ങളിലൂടെയും അദ്ദേഹം കടന്നു പോയി. മരണ ശേഷം വിശ്വസാഹിത്യകാരനെന്ന്‌ പേരെടുത്തു. അദ്ദേഹത്തെക്കുറിച്ചെഴുതിയ നോവല്‍ മലയാളി എന്താണ്‌ ഇത്രകണ്ട്‌ സ്വീകരിക്കാന്‍ കാരണം?. പുസ്തകം സ്വന്തമാക്കുകയും ആവര്‍ത്തിച്ചു വായിക്കുകയും ചെയ്ത ലക്ഷക്കണക്കിനാളുകള്‍ പറയുന്നത്‌ ഏറെ ആസ്വാദ്യകരമായ രചനയാണ്‌ ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന കൃതിയെ ജനപ്രിയമാക്കുന്നതെന്നാണ്‌.
ഒരു സങ്കീര്‍ത്തനം പോലെ ഇത്രയധികം ജനപ്രിയമായതിനു പിന്നില്‍ ഒരു വിശുദ്ധ സൗഹൃദത്തിന്റെ കഥകൂടി പറയാനുണ്ട്‌. ആശ്രാമം ഭാസിയെന്ന പ്രസാധകനില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ, സങ്കീര്‍ത്തനം പോലെ ഇത്രയധികം കോപ്പികള്‍ ഇറങ്ങില്ലായിരുന്നു. പെരുമ്പടവത്തിന്റെ കഥകള്‍ വായിച്ച്‌ അദ്ദേഹത്തോട്‌ സൗഹൃദം കൂടിയ ആളാണ്‌ കൊല്ലത്തുകാരനായ ആശ്രാമം ഭാസി. തന്റെ ഇഷ്ടകഥാകാരനെത്തേടി അദ്ദേഹം തമലത്തുള്ള പെരുമ്പടവം വീട്ടിലെത്തി. സങ്കീര്‍ത്തനം പോലെ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോള്‍ ആദ്യം പുസ്തകമാക്കിയത്‌ എന്‍.ബി.എസ്‌ ആയിരുന്നു. പിന്നീടാണ്‌ ഭാസിയുടെ മനസ്സില്‍ പുസ്തക പ്രസാധനം തുടങ്ങാനുള്ള ആശയമുദിച്ചത്‌. അങ്ങനെ ഒരു സങ്കീര്‍ത്തനം പോലെ പ്രസിദ്ധീകരിച്ചുകൊണ്ട്‌ ഭാസി പെരുമ്പടവത്തിന്റെ സ്വന്തം പ്രസാധകനായി. അക്കാലത്ത്‌ ഭാസി ഓട്ടു കമ്പനി നടത്തുകയായിരുന്നു. തന്റെ വഴി അക്ഷരങ്ങള്‍ക്കൊപ്പമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ഓട്ടു കമ്പനി നിര്‍ത്തി അദ്ദേഹം പ്രസാധനത്തിന്റെ വഴിയില്‍ സജീവമായി. പുസ്തക പ്രസിദ്ധീകരണ സ്ഥാപനത്തിന്‌ സങ്കീര്‍ത്തനം ബുക്സ്‌ എന്ന പേരും നല്‍കി.
ചെറു പരസ്യം പോലും ചെയ്യാതെയായിരുന്നു ആദ്യ പുസ്തകത്തിന്റെ പ്രസിദ്ധീകരണം. ആദ്യമൊന്നും പ്രസിദ്ധീകരണ സ്ഥാപനത്തിന്‌ ഓഫീസില്ലായിരുന്നു. ഭാസിയുടെ പഴയ ഫിയറ്റ്‌ കാറായിരുന്നു ഓഫീസ്‌. പുസ്തകക്കടകളിലേക്ക്‌ തന്റെ കാറില്‍ നിറയെ പുസ്തകങ്ങളുമായി ഭാസി എത്തും. ഒരു വര്‍ഷം കൊണ്ടു തന്നെ സ്ഥാപനം ഹിറ്റ്‌. എല്ലാം ഒരു സങ്കീര്‍ത്തനം പോലെ കൊണ്ടുത്തന്ന നേട്ടങ്ങളാണെന്ന്‌ ഭാസി പറയും. സങ്കീര്‍ത്തനം വിജയിച്ചപ്പോള്‍ വീണ്ടും വീണ്ടും കോപ്പികള്‍ അച്ചടിക്കേണ്ടി വന്നു. ഇതിനിടെ മൂന്ന്‌ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകമായി. അന്നുമുതല്‍ ഇന്നുവരെ തുടര്‍ച്ചയായി ഒരു സങ്കീര്‍ത്തനം പോലെ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. സങ്കീര്‍ത്തനം ബുക്സിന്‌ ഇപ്പോള്‍ കൊല്ലത്ത്‌ ഓഫീസും മറ്റ്‌ സംവിധാനങ്ങളുമായി.
ആശ്രാമം ഭാസി പെരുമ്പടവത്തിന്റെ മാത്രം, സ്വന്തം പ്രസാധകനായി മാറുകയായിരുന്നു. ഇതിനോടകം പെരുമ്പടവത്തിന്റെ അന്‍പത്തിയഞ്ച്‌ പുസ്തകങ്ങള്‍ സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ്‌ വഴി പുറത്തു വന്നു. മലയാള പുസ്തക പ്രസാധന രംഗത്ത്‌ ഇത്‌ റിക്കോര്‍ഡാണാണ്‌. ഒരു എഴുത്തുകാരന്റെ മാത്രം ഇത്രധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നയാളെന്ന ബഹുമതി ഭാസിക്കു സ്വന്തമായി. പുസ്തക പ്രസാധകനും എഴുത്തുകാരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ വിജയം കൂടിയാണത്‌.
‘ഒരു സങ്കീര്‍ത്തനം പോലെ’ ഇന്ത്യയിലെ മിക്കവാറും ഭാഷകളില്‍ വിവര്‍ത്തനം വന്നു കഴിഞ്ഞു. ചില വിദേശ ഭാഷകളിലും. കേരളത്തിലുള്ള സര്‍വ്വകലാശാലകളും കേരളത്തിനു പുറത്തുള്ളവരും ഇത്‌ പാഠപുസ്തകമാക്കിയിട്ടുമുണ്ട്‌. വയലാര്‍ അവാര്‍ഡും സാഹിത്യ അക്കാദമി അവാര്‍ഡും ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ‘ഒരു സങ്കീര്‍ത്തനം പോലെ’യ്ക്ക്‌ ലഭിച്ചിട്ടുണ്ട്‌.
എല്ലാ പുരസ്കാരങ്ങള്‍ക്കും അപ്പുറം വായനക്കാരില്‍ ചെലുത്തിയ സ്വാധീനവും വായനക്കാര്‍ നല്‍കിയ സ്വീകരണവുമാണ്‌ പ്രധാനം. നോവല്‍ പ്രസിദ്ധീകരിച്ച്‌ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ഇപ്പോഴും ആളുകള്‍ ‘സങ്കീര്‍ത്തനം പോലെ’ വായിച്ചുകൊണ്ടിരിക്കുന്നു. മലയാള നോവല്‍ സാഹിത്യത്തിലെ ‘ഏകാന്ത വിസ്മയ’മെന്ന്‌ മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഈ നോവലിനെക്കുറിച്ചു പറഞ്ഞതാണ്‌ ഏറെ വാസ്തവം.

ആര്‍.പ്രദീപ്‌  (2012)

                        PDF DOWNLOAD

No comments:

Post a Comment