കഥകളിയുടെ ഉദ്ഭവത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതാ. പത്താംക്ലാസ്സ് കേരള പാഠാവലിയിലെ 'പ്രലോഭനം' എന്ന പാഠഭാഗത്തിന് സഹായകം.
സന്തോഷ്കുമാര്‍ ചീക്കിലോട്
ജയദേവ കവിയുടെ അഷ്ടപദിയെ ആസ്പദമാക്കി കോഴിക്കോട് മാനവേദന് സാമൂതിരി കൃഷ്ണനാട്ടത്തിന് രൂപം നല്കി. ഇതറിഞ്ഞ കൊട്ടാരക്കര തമ്പുരാന് സാമൂതിരിക്ക് തന്റെ കൊട്ടാരത്തിലേക്ക് കൃഷ്ണനാട്ടക്കാരെ അയയ്ക്കാന്‍ സന്ദേശമയച്ചു. ആട്ടം കണ്ടുരസിക്കാന്‍ മാത്രം പാണ്ഡിത്യവും രസികത്വവും കൊട്ടാരക്കര തമ്പുരാനില്ലെന്നായി സാമൂതിരി. ഇത് കൊട്ടാരക്കര തമ്പുരാനെ അമര്‍ഷം കൊള്ളിച്ചു. അദ്ദേഹം ഉടനെത്തന്നെ രാമകഥയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരു കലാരൂപം സൃഷ്ടിച്ചു; രാമനാട്ടം. ഇതാണ് രാമനാട്ടത്തിന് പിന്നിലുള്ള ഐതീഹ്യം. രാമനാട്ടത്തെ കഥകളിയായി പരിഷ്കരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് കപ്ലിങ്ങാട്ട് നമ്പൂതിരി, വെട്ടത്ത് രാജാവ്, കോട്ടയത്ത് തമ്പുരാന് എന്നിവരാണ്. മുദ്രകള്‍, വേഷങ്ങള്‍, കിരീടം എന്നിവ പരിഷ്കരിച്ചതും തോടയം, പുറപ്പാട്, മേളപ്പദം എന്നിവ സംവിധാനം ചെയ്തതും കപ്ലിങ്ങാട്ട് നമ്പൂതിരിയാണ്. രാമനാട്ടത്തില്‍ അഭിനേതാക്കള്‍ക്ക് സംഭാഷണമുണ്ടായിരുന്നു. അത് നിര്‍ത്തലാക്കിയത് വെട്ടത്ത് രാജാവാണ്. കഥകളിയിലെ പ്രധാന പാട്ടുകാരന് പൊന്നാനിയെന്നും പിന്നാലെ പാടുന്നയാള്‍ ശിങ്കിടിയെന്നും അറിയപ്പെടുന്നു. ഇവരുടെ പാട്ടിനനുസരിച്ചാണ് കഥകളി നടന് ആടുന്നത്.
വേഷങ്ങള്‍ പച്ച, കത്തി, താടി, കരി, മിനുക്ക് എന്നിങ്ങനെയാണ് കഥകളി വേഷങ്ങള്‍. സാത്വിക ഗുണം പച്ച, രജോഗുണം കത്തി, തമോഗുണം താടി. യുധിഷ്ഠിരന്, ഭീമന്, നളന്, ഇന്ദ്രന് തുടങ്ങിയവരെല്ലാം പച്ചവേഷക്കാര്‍. ദുര്യോധനന്, രാവണന് തുടങ്ങിയ പ്രതിനായകന്മാര് കത്തിവേഷം. താടി മൂന്ന് വിധം-ചുവപ്പും വെള്ളയും കറുപ്പും. ദുശ്ശാസനന്, ബകന് തുടങ്ങിയവര്‍ ചുവന്ന താടിക്കാര്‍. ഹനുമാന്, നന്ദികേശ്വരന് തുടങ്ങിയവര്‍ വെള്ളത്താടിക്കാര്‍. നളചരിതത്തിലെ കലി കറുത്തതാടിയാണ്. കരി കാട്ടാളവേഷത്തെ കാണിക്കുന്നു. ശൂര്‍പ്പണഖ, നക്രതുണ്ഡി എന്നിവര്‍ ഉദാഹരണം. സ്ത്രീകള്‍, ഋഷിമാര്‍, ദൂതന്മാര് എന്നിവര്‍ക്ക് മിനുക്ക് വേഷം.
ചടങ്ങുകള്‍ കഥകളിയുടെ ആദ്യത്തെ ചടങ്ങ് കേളികൊട്ടാണ്. സൂര്യാസ്തമയത്തോടെ കഥകളി നടക്കുന്ന വിവരം കൊട്ടിയറിയിക്കലാണിത്. രാത്രി എട്ടുമണിയോടടുത്ത് അരങ്ങത്ത് കളിവിളക്ക് തെളിയുന്നു. മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവ ചേര്‍ന്നുള്ള അരങ്ങുകേളി നടത്തുന്നു. അതിനുശേഷം തോടയം. കഥകളി തടസ്സമില്ലാതെ നടക്കാനുള്ള രംഗപൂജയാണിത്. പിന്നാലെ വന്ദനശ്ലോകം. വിഷ്ണു, ശിവന്, ഗണപതി എന്നിവര്‍ക്കുള്ള സ്തുതിയാണിത്. അടുത്തതായി പുറപ്പാടാണ്. പുറപ്പാടിന് ശേഷം മേളപ്പദം അഥവാ മഞ്ജുതര. അനന്തരം കഥയിലേക്ക് പ്രവേശിക്കുന്നു. കഥകളിയുടെ അവസാനത്തെ ചടങ്ങാണ് ധനാശി.





