അംബികാസുതന്‍ മാങ്ങാടിന്റെ മറ്റൊരു കഥ കുട്ടികളെ പരിചയപ്പെടുത്താന്‍...
കോളിങ്‌ബെല്ലുയര്‍ന്നപ്പോള്‍ അനീഷ ഓടിച്ചെന്ന് വാതില്‍തുറന്നു. വരുണിന്റെ
കൈകള്‍ ശൂന്യമെന്ന് കണ്ട് നിരാശയോടെ അവള്‍ ചോദിച്ചു: ''ഒരു കിറ്റുപോലും
കിട്ടിയില്ലേ?''
വരുണ്‍ ഇല്ലെന്നു തലയാട്ടി. ദുസ്സഹമായ ഭീതി അയാളുടെ കണ്ണുകളില്‍ നീറിനിന്നിരുന്നു. ഒന്നും മിണ്ടാതെ അയാള്‍ ഉള്ളിലേക്ക് നടന്നു.
ഷൂസ് ഊരാന്‍ മിനക്കെടാതെ കിടക്കയിലേക്ക് തളര്‍ന്നുകിടന്നു. അരികില്‍ ചെന്നിരുന്ന് അനീഷ ഷൂസ് ഊരിയെടുത്തു.
ശബ്ദം സ്വാഭാവികമാക്കാന്‍ ശ്രമിച്ചുകൊണ്ട് വരുണ്‍ ആരാഞ്ഞു:
''കുട്ടികളെവിടെ?''
''രണ്ടുപേരും സ്റ്റഡിറൂമിലുണ്ട്.
പരീക്ഷക്കിനി ദിവസം നാലേയുള്ളു.''മിണ്ടാതിരുന്നിട്ട് കാര്യമില്ലെന്ന്
വരുണിന് തോന്നി. ''അനീഷാ, ഞാന്‍ നഗരം മുഴുവന്‍ അലഞ്ഞു.
ഒരു ഓക്‌സിജന്‍ ബൂത്ത്‌പോലും തുറന്നിട്ടില്ല. പലേടത്തും ആള്‍ക്കൂട്ടം
ബൂത്തുകള്‍ തകര്‍ത്തിട്ടിരിക്കുകയാണ്. ഓക്‌സിജന്‍ കിറ്റുകള്‍ തട്ടിയെടുക്കാന്‍... ഓക്‌സിജന്‍ തീര്‍ന്നുപോയ
കുറേ മനുഷ്യര്‍ റോഡരികിലും ബൂത്തിനരികിലുമൊക്കെ വീണുകിടക്കുന്നുണ്ട്.
അന്തരീക്ഷത്തിലെ മലിനവായു ശ്വസിച്ച് ആസ്ത്മാ രോഗികളെപ്പോലെ പിടയുന്നവര്‍!
ശരിക്കും കരയില്‍ പിടിച്ചിട്ട മത്സ്യങ്ങളെപ്പോലെ... ഹോ!''
കുറേനിമിഷങ്ങള്‍ കഴിഞ്ഞ് അയാള്‍ കൂട്ടിച്ചേര്‍ത്തു: ''അനീഷാ,
നീ പേടിക്കരുത്. വഴിയിലൊക്കെ ആളുകള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചുകിടപ്പുണ്ട്. ഈ ഫ്‌ലാറ്റിന്റെ താഴെയും
കിടപ്പുണ്ട് രണ്ട് ശരീരങ്ങള്‍.''
അനീഷയുടെ കണ്ണുകള്‍
ഭയത്താല്‍ തുറിച്ചു.
''ഇത് കൃത്രിമക്ഷാമമാണ് അനീഷ. കരിഞ്ചന്തയില്‍ കിട്ടുമെന്നൊക്കെ ആള്‍ക്കാര്
പറയുന്നുണ്ട്. ക്ഷാമവാര്‍ത്തകള്‍ ചാനലുകളില്‍ വന്നുതുടങ്ങിയപ്പോള്‍ത്തന്നെ
പണക്കാെരാക്കെ കുറേ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ടാകും. കിറ്റിന്റെ
വിലകൂട്ടാന്‍ കമ്പനിക്കാര്‍ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതുമാകാം.
കഴിഞ്ഞാഴ്ച ഓക്‌സിജന്‍
കിറ്റിനുള്ള സബ്‌സിഡി സര്‍ക്കാര്‍
എടുത്തുകളഞ്ഞതോടെയാണ്
എല്ലാ ദുരിതങ്ങളും ആരംഭിച്ചത്.
ഇന്നലെ മാത്രം സംസ്ഥാനത്ത് ഏഴായിരം പേര്‍ മരിച്ചിട്ടുണ്ട്.''
അനീഷ വേവലാതിപ്പെട്ടു: ''ഒരു തെറ്റും ചെയ്യാത്ത മനുഷ്യര്‍ ഇങ്ങനെ
മരണപ്പെട്ടാല്‍... ഗവണ്‍മെന്റ് ഇതിനൊക്കെ ഉത്തരംപറയേണ്ടിവരില്ലേ?
തിരഞ്ഞെടുപ്പല്ലേ വരാന്‍പോകുന്നത്?''
വരുണ്‍ വല്ലാത്തൊരു ചിരിചിരിച്ചു:''തിരഞ്ഞെടുപ്പോ? 'പുറത്തെടുപ്പ്' എന്നാണ് പറയേണ്ടത്. ഓരോ
അഞ്ചുകൊല്ലം കൂടുമ്പോഴും ജനം
സഹിക്കാന്‍ കഴിയാതെ ഭരണകൂടത്തെ പുറത്താക്കുകയാണ്. ഇതിനെ തിരഞ്ഞെടുപ്പ്
എന്നു വിളിക്കുന്നതുതന്നെ അസംബന്ധമാണ്. പൗരന് പ്രാണവായു കൊടുക്കാന്‍
കഴിയാത്ത സര്‍ക്കാര്‍ എന്തിന് നിലനില്‍ക്കണം?''
അനീഷ വരുണിനോട് ചേര്‍ന്നിരുന്നു.''വരുണ്‍ എനിക്ക് നല്ല
പേടിയുണ്ട്.''''അനീഷാ നമ്മുടെ ടെന്‍ഷനൊന്നും കുട്ടികളറിയരുത്. അവരുടെ
പഠനത്തെ ഒന്നും ബാധിച്ചുകൂടാ. ചാനലുകളോ പത്രങ്ങളോ കുറച്ച് ദിവസത്തേക്ക്
തുറക്കാന്‍ അനുവദിക്കരുത്.''
''നിങ്ങള്‍ എന്ത് വിഡ്ഢിത്തമാണ്
പറയുന്നത്? അവരെല്ലാം അറിയുന്നുണ്ട്. അവരുടെ ലാപ്പിലും മൊബൈലിലുമൊക്കെ ലോകം മുഴുവനുമുണ്ട്. നന്നായി പഠിച്ചാല്‍ മാത്രം
മതിയെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.''
''ഓ, ഞാന്‍ മറന്നു. അച്ഛനുമമ്മയ്ക്കും ഫുഡ് കൊടുത്തില്ലേ?''
''രണ്ടാളും കഴിച്ചു. ഇപ്പോള്‍ വിളിച്ചുണര്‍ത്തണ്ട. ഉച്ചമയക്കത്തിലാണ്.''
''ഉറങ്ങുമ്പോള്‍ രണ്ടാളുടെയും കിറ്റിന്റെ റെഗുലേറ്റര്‍
മിനിമമാക്കിയിട്ടില്ലേ?''ഉണ്ടെന്ന് അനീഷ തലയാട്ടി. ഷര്‍ട്ട്
ഊരുന്നതിനിടയില്‍ വരുണ്‍ ചോദിച്ചു: ''ഒരാഴ്ചകൊണ്ട് കിറ്റുകള്‍
ലഭിച്ചുതുടങ്ങും എന്നാണ് എല്ലാവരും പറയുന്നത്. അതുവരെ പോകാനുള്ള
ഓക്‌സിജന്‍ നമ്മുടെ ൈകയിലില്ല. ഓര്‍ക്കുമ്പോള്‍ത്തന്നെ പേടിയാകുന്നു.''
''രണ്ട് കിറ്റുകള്‍ എന്റെ കല്യാണപ്പെട്ടിയിലുണ്ട്. അത്യാവശ്യം വരുമ്പോള്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ചുവെച്ചതാ.''
വരുണിന്റെ കണ്ണുകള്‍ തിളങ്ങി.
''അത് നന്നായി. അങ്ങനെയൊരു ബുദ്ധി നിനക്ക് തോന്നിയല്ലോ.
പക്ഷേ, എന്നാലും എത്ര ദിവസം
നമ്മള്‍ മുന്നോട്ടുപോകും? ഞാനൊന്ന് തീരുമാനിച്ചിട്ടുണ്ട്...''
ആശ്ചര്യത്തോടെ അനീഷ ചോദിച്ചു: ''എന്ത്?''
മുഖത്തെ
മാസ്‌കിനുമേല്‍ കൈവെച്ച്
വരുണ്‍ പറഞ്ഞു:''മറ്റന്നാള്‍ രാത്രിയില്‍ ഞാനിത് ഊരിക്കളയും. പുലരുമ്പോഴേക്കും... അതേ വഴിയുള്ളു.''
അനീഷ പൊട്ടിത്തെറിച്ചു:
''വരുണ്‍, നീയല്ല ഞാനാണ് അത് ചെയ്യുക. കുട്ടികളെ വളര്‍ത്താനും കാര്യങ്ങള്‍ നോക്കാനും കുടുംബത്തിന് നിന്നെയാണാവശ്യം.''
വൈകുന്നേരം സിറ്റിയിലേക്കിറങ്ങിയ വരുണ്‍ രാത്രി ഏറെ വൈകിയാണ് ഒഴിഞ്ഞ സഞ്ചിയുമായി വന്നത്. കിറ്റുകള്‍ കിട്ടുമെന്ന പ്രതീക്ഷ
അനീഷയ്ക്കുമുണ്ടായിരുന്നില്ല.
ചോറ്റുപാത്രത്തിന് മുന്നിലിരിക്കുമ്പോള്‍ വരുണ്‍ ചോദിച്ചു: ''എല്ലാവരും കഴിച്ചോ?''
''ഉം, സമയം എത്രയായീന്നാ
വിചാരം. നമ്മള്‍ രണ്ടാളേ ബാക്കിയുള്ളു.''
''കുട്ടികളുറങ്ങിയോ?''
''ഉം...''
''അച്ഛനുമമ്മയും?''
''കിടന്നു. പലതവണ രണ്ടാളും
അന്വേഷിച്ചുകൊണ്ടിരുന്നു. വരുണ്‍ വന്നോ എന്ന്.''
ചോറിനു മുന്നില്‍ വെറുതെ ഇരുന്ന് വരുണ്‍ പറഞ്ഞു: ''ഞാന്‍ കുറേ കണക്കുകൂട്ടി നോക്കി അനീഷാ.
ഇന്നു രാത്രിയില്‍ ഒരാള്‍ മരിച്ചേ
ഒക്കൂ. എങ്കില്‍ നാലഞ്ചു ദിവസംകൂടി പിടിച്ചുനില്‍ക്കാം. അതുകൊണ്ട്...''
''അതുകൊണ്ട്...?''
വാരിയ ചോറ് പ്ലേറ്റില്‍തന്നെയിട്ട് വരുണ്‍ പരിഭ്രമം കാണിക്കാതെ പറഞ്ഞു: ''പ്രായമായ രണ്ട് പേരുണ്ടിവിടെ. അച്ഛനും അമ്മയും. ഒരാളുടെ
മാസ്‌ക് ഇപ്പോള്‍ നീ അഴിച്ചുമാറ്റണം.''
അനീഷയുടെ കണ്ണ് തുറിച്ചു.
''ആരുടെ?''
''എനിക്കറിയില്ല. അത് നീ തീരുമാനിച്ചാല്‍ മതി!''.
PDF DOWNLOAD