Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Wednesday, October 15, 2025

ഒരു പക്ഷിക്കുഞ്ഞിൻ്റെ മരണം വിശകലനം -കോട്ടൂരാൻ

 

ഒരു പക്ഷിക്കുഞ്ഞിൻ്റെ മരണം

 

മലയാള നാടകത്തെ നമ്മുടെ തനത് പാരമ്പര്യത്തിലേക്കും നൂതനമായ പ്രവണതകളിലേക്കും നയിക്കുന്നതിൽ ശ്രദ്ധേയമായ സംഭാവന നൽകിയ നാടകകാരനായിരുന്നു ഡോ. വയലാ വാസുദേവൻ പിള്ള.അദ്ദേഹത്തിന്റെ ‘ഒരു പക്ഷിക്കുഞ്ഞിന്റെ മരണം’ എന്ന നാടകത്തിന്റെ ധ്വന്യർത്ഥത്തെ സംബന്ധിക്കുന്ന ചില കാര്യങ്ങളാണ് എനിക്കിവിടെ പറയാനുള്ളത്.

ഒരു പക്ഷിക്കുഞ്ഞിന്റെ മരണത്തെക്കുറിച്ചാണ് ഈ നാടകം പറയുന്നത്.ഒരു പക്ഷിശാസ്ത്രക്കാരൻ, കുറേ കിളികൾ, പാടത്തിനുടമ എന്നിവരാണ് നാടകത്തിലെ കഥാപാത്രങ്ങൾ. വഴിവക്കിലെ ഒരരയാൽ ചുവട്ടിലാണ് നാടകം അരങ്ങേറുന്നത്. അന്ധനായ പക്ഷിശാസ്ത്രക്കാരൻ പ്രവേശിക്കുമ്പോൾ കിളികൾ അദ്ദേഹത്തിന് ചുറ്റും കൂടുന്നു. എല്ലാവരും ദു:ഖിതരാണ്. അവരുടെ ദു:ഖത്തിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്,അവരുടെ കൂട്ടത്തിൽ നിന്ന് ഒരുവൻ തെറ്റിപ്പിരിഞ്ഞ് പോയിരിക്കുന്നു.അവൻ ഇതുവരെയും തിരിച്ച് വന്നിട്ടില്ല. രണ്ടാമത്തെ  കാരണം, അസഹ്യമായ വിശപ്പാണ്. കുന്നിൻപുറത്ത് വിളഞ്ഞുകിടക്കുന്ന കതിര് കൊത്തിത്തിന്ന് വിശപ്പടക്കാൻ പക്ഷിശാസ്ത്രക്കാരൻ കിളികളോട് പറയുന്നു. അതുകേട്ട് കിളികൾ പോകുന്നു. ഈ സമയത്ത് കിളികൾ കതിർ കൊത്തിത്തിന്നുന്ന പാടത്തിന്റെ ഉടമ വരുന്നു. പക്ഷിശാസ്ത്രക്കാരനാണ് തന്റെ കൃഷിയിടം നശിപ്പിക്കാൻ കിളികളെ പ്രേരിപ്പിച്ചതെന്ന കുറ്റത്തിന് പാടത്തിനുടമ പക്ഷിശാസ്ത്രക്കാരനെ അമ്പെയ്തു വീഴ്ത്തുന്നു. കിളികൾ മടങ്ങിവരുമ്പോൾ തങ്ങളുടെ രക്ഷകന്റെ ദയനീയാവസ്ഥ മനസ്സിലാക്കി ദു:ഖിക്കുന്നു. ഈ സമയത്ത് പാടത്തിനുടമ പശ്ചാത്താപത്തോടെ മടങ്ങിവരുന്നു. കൂട്ടംതെറ്റിപ്പോയ കിളിയാണ് പാടത്തിനുടമയായി മാറിയത് എന്ന് നാടകാന്ത്യത്തിൽ നമുക്ക് മനസ്സിലാകുന്നു. ചിറകുകൾ അറുത്തെറിഞ്ഞ് പോയ അവന് ഇപ്പോൾ ചിറകുകൾ തിരിച്ചുകിട്ടാൻ അതിയായ മോഹമുണ്ട്. കൂട്ടുകാരായപക്ഷികൾ അവന്റെ തിരിച്ചുവരവിൽ സന്തോഷിക്കുന്നുണ്ട്. അവന് ചിറകുകൾ തിരിച്ചു കിട്ടുമോ? ഈ സന്ദിഗ്ദ്ധതയിൽ നാടകം അവസാനിപ്പിക്കുകയാണ്.




ഭൂമിയും അതിലെ വിഭവങ്ങളും ആർക്ക് അവകാശപ്പെട്ടതാണ് എന്ന ഗൗരവതരമായ ചോദ്യത്തിനുള്ള ഉത്തരം തേടലാണ് ഈ നാടകം. ലോകത്തെവിടെയും മനുഷ്യ വികാസത്തിന്റെ ചരിത്രം അധ്വാനവുമായി ബന്ധപ്പെട്ടാണ് രൂപപ്പെട്ടത്. കാൾ മാർക്സ് അടിവരയിട്ടുറപ്പിക്കുന്ന വർഗ്ഗാധിഷ്ഠിത പ്രത്യയശാസ്ത്രത്തിന്റെ കാതൽ ഇതാണല്ലോ. അധ്വാനവർഗ്ഗം ചോര വിയർപ്പാക്കി ഭൂമിയിൽ വിളയിച്ചെടുത്ത വിഭവങ്ങൾ ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ ഒരു ന്യൂനപക്ഷം കൈപ്പിടിയിലൊതുക്കി. അടിമ –ഉടമ എന്ന ദ്വന്ദം അങ്ങനെ രൂപപ്പെട്ടു. അടിമയുടെ മോചനവും അവകാശത്തിനായുള്ള അവന്റെ പോരാട്ടവുമാണ് ലോകചരിത്രം. ചൂഷണത്തിന്റെയും കൊടുംവഞ്ചനയുടെയും ക്രൂരമായ അടിമത്തത്തിന്റെയും നുകത്തിൻ കീഴിലമർന്ന ജനതയ്ക്ക് ഒരേയൊരു മോചനമാർഗ്ഗം വിപ്ലവമാണ്. നിലനിൽക്കുന്ന വ്യവസ്ഥിതിയെ മാറ്റിമറിക്കാനുള്ള ഇച്ഛാശക്തി വിപ്ലവകാരിക്ക് മാത്രമാണുള്ളത്. അതേസമയം വിപ്ലവകാരിക്ക് ജീവിച്ച് തീർക്കാനുള്ളത് ബലിയാടിന്റെ ജീവിതമാണ്. ലോകത്തിന്റെ നന്മയ്ക്കായി അയാൾ തന്റെ ജീവിതം തന്നെ ബലിനൽകുന്നു. ചരിത്രം നമുക്ക് പറഞ്ഞുതരുന്ന വസ്തുതകളാണിവ. ഈ ആശയധാരയെ പിൻപറ്റുന്ന പ്രമേയഘടനയാണ് ‘ഒരു പക്ഷിക്കുഞ്ഞിന്റെ മരണം’ എന്ന നാടകത്തിനുള്ളത്. ഈ നാടകത്തിലെ പക്ഷിശാസ്ത്രകാരൻ വിപ്ലവകാരിയുടെ ജീവിതം തെരഞ്ഞെടുത്ത ആളാണ്. വിപ്ലവകാരിക്ക് ഒരു മുഖം മാത്രമല്ല ഉള്ളത്. ഗുരുവും പുരോഹിതനും സമുദായ പ്രവർത്തകനും ഏറ്റെടുക്കുന്ന ധർമ്മം വിപ്ലവകാരിയുടേത് തന്നെ. തിന്മയ്ക്കെതിരെ നടക്കുന്ന പോരാട്ടമാണ് അത്. നാടകാരംഭത്തിലെ രംഗസൂചന മുതൽ  ഈ ആശയം സൂചിപ്പിക്കപ്പെടുന്നു.

നന്മയും തിന്മയും തമ്മിൽ നടക്കുന്ന സംഘർഷം,ലോകചരിത്രത്തിൽ ഇന്നോളം നടന്നുകൊണ്ടിരിക്കുന്ന പോരാട്ടം-അതാണ് ഈ നാടകത്തിന്റെ സംഘർഷാത്മകതയെ നിർണ്ണയിക്കുന്നത്. നാടകാരംഭത്തിലെ രംഗസൂചന ഇതിന്റെ ആദ്യത്തെ സൂചകമാണ്.’ വലിയ കറുത്തത് ചെറിയ വെളുത്തതിനെ കൊത്തിക്കീറുന്നതു പോലുള്ള മേഘപാളികൾ അകലെ കാണാം’ എന്ന രംഗസൂചനയോടുകൂടിയാണ് നാടകം ആരംഭിക്കുന്നത്. ഈ രംഗസൂചന നാടകത്തിന്റെ ആശയതലത്തെ ആകെ ചൂഴ്ന്നുനിൽക്കുന്ന ഒന്നാണ്. തിന്മയുടെ ഭീമാകാരവും നന്മയുടെ ദുർബലതയും  അതിലുണ്ട്. അതേസമയം നന്മ പൂർണ്ണമായും അസ്തമിച്ചു എന്ന നിരാശയ്ക്കും ഇടയില്ല. പശ്ചാത്തലത്തിലെ വെട്ടിത്തെളിക്കപ്പെട്ട വനവും മിക്കവാറും കൊമ്പുകൾ വെട്ടിവീഴ്ത്തപ്പെട്ട അരയാൽ വൃക്ഷവും ഈ ആശയത്തോട് ചേർന്നുനിൽക്കുന്നു. അവിടെനിന്ന് അതിനെ വികസിപ്പിച്ച് പരിസ്ഥിതി ദർശനത്തിലേക്ക് നാടകത്തിന്റെ ആശയതലം വികസിപ്പിക്കാനും കഴിയുന്നു. മരക്കൊമ്പിലെ വെളുത്ത പക്ഷികൾ നന്മയുടെ അവശേഷിപ്പുകളാണ്. അവർ നിഷ്കളങ്കരായ ജനതയെയാണ് പ്രതിനിധാനം ചെയ്യുന്നത്. പക്ഷിശാസ്ത്രക്കാരൻ അവർക്ക് ഗുരുവാണ്. അനുഭവങ്ങൾ പഠിപ്പിച്ച പാഠമാണ് പക്ഷിശാസ്ത്രക്കാരനെ ഗുരുസ്ഥാനത്തേക്ക് ഉയർത്തുന്നത്. ലോകത്ത് തിന്മകൾ പെരുകുംതോറും ഗുരുവിന്റെ ഉത്തരവാദിത്വവും വർദ്ധിക്കുന്നു. തിന്മയുടെ കൂരിരുൾ പരന്ന ലോകത്ത് അയാൾ അന്ധനാണ്. ’അന്ധത ഏറിവരും തോറും അകത്ത് പ്രകാശം’ എന്ന പക്ഷിശാസ്ത്രക്കാരന്റെ വാക്കുകൾ ധ്വന്യാത്മകമാണ്. പലതരം ഇരുട്ടുകൾ നമ്മെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. നാടകത്തിന് രംഗപാഠം തയ്യാറാക്കുന്ന സംവിധായകന് ഈ വാക്യത്തിൽനിന്ന് പലതും നിർദ്ധാരണം ചെയ്തെടുക്കാനുണ്ട്. ഉള്ളിൽ കാടുകയറി ഇരുണ്ടുപോയ മനസ്സുകളാണ് കാടിനെയും പരിസ്ഥിതിയെയും ഇല്ലാതാക്കുന്നത്. അതേ ഇരുട്ടുതന്നെയാണ് മനുഷ്യനെ അടിമയാക്കുന്നതും സഹജീവികൾക്ക് നരകം സമ്മാനിക്കുന്നതും. ഈ നാടകത്തിലെ പാടത്തിനുടമ എന്ന കഥാപാത്രം ആ തിന്മയുടെ പ്രതീകമാണ്. വെളുത്ത പക്ഷികളിൽ ഒരുവനായിരുന്നു അവൻ. എന്നാൽ പിന്നീടവൻ കൂട്ടം തെറ്റിപ്പോയി. അവൻ തന്റെ ചിറകുകൾ അറുത്തുകളഞ്ഞു. അവൻ പാടത്തിനുടമയായി. പക്ഷികളുടെ ചിറകുകൾക്ക് സവിശേഷമായൊരർത്ഥം അങ്ങനെ നാടകത്തിൽ വന്നുചേരുന്നു. ചിറകുകൾ പ്രാഥമികാർത്ഥത്തിൽ സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇവിടെ അതിന് അർത്ഥവ്യാപ്തി കൂടുന്നു. ആ ചിറകുകൾ അറിവിന്റെ ചിറകുകൾ കൂടിയാണ്. അത് ഒരു സംസ്കാരത്തെ പ്രത്യക്ഷീകരിക്കുന്നു. സ്വാതന്ത്ര്യം എന്ന വാക്കിനകത്തുതന്നെ ഇതെല്ലാമുണ്ട്. തന്റെയും മറ്റുള്ളവരുടെതുമാണ് സ്വാതന്ത്ര്യം എന്ന ബോധം അത് തരുന്നുണ്ട്. പ്രകൃതിസ്നേഹവും സഹജീവിസ്നേഹവും ഉൾപ്പെടെ മാനവികതയുടെ മുഴുവൻ പ്രതിനിധാനമായി ചിറകുകൾ മാറുന്നിടത്താണ് ഈ നാടകത്തിന്റെ ധ്വനിപാഠം കുടികൊള്ളുന്നത്.

മനുഷ്യന്റെ അടിസ്ഥാന വികാരം /സ്ഥായിയായ ചോദന വിശപ്പാണ്. വിശപ്പിന് പരിഹാരം തേടിയാണ് അവൻ കൃഷി ഉൾപ്പെടെയുള്ള അദ്ധ്വാനത്തിൽ ഏർപ്പെടുന്നത്. മനുഷ്യവികാസത്തിന്റെ ചരിത്രം അതാണ് വ്യക്തമാക്കുന്നത്. എന്നാൽ ഈ ചരിത്രസന്ധിയിൽ ഒരുവിഭാഗം അധീശശക്തികളായി മാറുകയും അവർ മറ്റുള്ളവരെ അടിമകളാക്കുകയും ചെയ്തു. മണ്ണിൽ പണിയെടുത്ത അവർ വാരിക്കൂട്ടാൻ മറന്നു. ഒടുവിൽ അവർക്ക് വിതയ്ക്കാൻ മണ്ണില്ലാതെയുമായി. പക്ഷിശാസ്ത്രക്കാരൻ പക്ഷികൾക്ക് ഇക്കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നുണ്ട്. ചരിത്രത്തെ വ്യാഖ്യാനിച്ചു കൊടുക്കേണ്ടത് ശാസ്ത്രകാരന്റെ ദൗത്യമാണല്ലോ? ആ ദുഷ്ടശക്തികൾ ഇന്നും ശക്തരാണ്. അവരുടെ അത്താഴത്തിന് രുചി കൂട്ടുവാൻ,വിരുന്നിന് വിഭവം കൂട്ടി സൽക്കീർത്തി നേടുവാൻ അവർ ഇന്നും പരിശ്രമിക്കുന്നു. പാവങ്ങളെത്തന്നെ ലക്ഷ്യംവയ്ക്കുന്നു. പക്ഷികൾക്ക് ഭാവിയുടെ ഫലം പറഞ്ഞുകൊടുത്ത് അവരെ പ്രചോദിപ്പിക്കുന്ന പക്ഷിശാസ്ത്രക്കാരൻ യഥാർത്ഥ വിപ്ലവകാരിതന്നെ. അത് തിരിച്ചറിയുന്നതുകൊണ്ടാണ് പാടത്തിനുടമ അദ്ദേഹത്തെ അമ്പെയ്ത് വീഴ്ത്തുന്നത്. കാട്ടിടയന്റെ അദ്ധ്വാനത്തെ ചൂഷണം ചെയ്യുന്ന ഉടമയെ പക്ഷിശാസ്ത്രക്കാരൻ വിചാരണചെയ്യുന്ന സന്ദർഭം നാടകത്തിലുണ്ട്. ഈ വിയർപ്പ് ആരുടേതാണ്? ആ കാനനസൂനങ്ങൾ ആരുടേതാണ്? ആ പാട്ടിന്നുറവിടം ആരുടേതാണ്? എന്നീ ചോദ്യങ്ങൾ പ്രകടമായൊരു വർഗ്ഗപ്രത്യയശാസ്ത്രത്തിൽ നിന്നും ഉയിരെടുത്ത് വരുന്നതാണ്. അടിമത്തത്തിൽ നിന്ന് മോചനം നേടിയ പോരാളിയാണ് താനെന്ന് പക്ഷിശാസ്ത്രക്കാരൻ വെളിപ്പെടുത്തുമ്പോൾ ഉടമ ഒന്നു പതറുന്നുണ്ട്.

കാറ്റിനോട് ഞങ്ങൾ സംസാരിച്ചു. കാറ്റിനെ കെട്ടിപ്പുണർന്നു. തിളങ്ങുന്ന ധ്രുവനക്ഷത്രത്തെ തഴുകിവന്ന കൊടുങ്കാറ്റ്. ഞാനതിന്റെ തോളിൽ കയ്യിട്ട് മുന്നോട്ട് കുതിച്ചു. തടവറകളുടെ ഭിത്തികൾ തകർന്നു....ഞാൻ പറന്നുയർന്നു”

പക്ഷിശാസ്ത്രക്കാരന്റെ ഈ വാക്കുകൾ ചരിത്രം മാറുന്നതിന്റെ പശ്ചാത്തലം വ്യക്തമാക്കുന്നു. അതുകൊണ്ടാണ് പ്രലോഭനങ്ങൾ വച്ചുനീട്ടി വീണ്ടും അദ്ദേഹത്തെ തടവറയിലെത്തിക്കാൻ ഉടമ ശ്രമിക്കുന്നത്. അധികാരശക്തിയുടെ പുതിയ തന്ത്രമാണത്. അതിനും വഴങ്ങാതെ വരുമ്പോൾ അയാൾ ആയുധം പ്രയോഗിക്കുന്നു. പക്ഷിശാസ്ത്രക്കാരന്റെ മരണം ചരിത്രത്തിൽ ആവർത്തിക്കുന്ന രക്തസാക്ഷിത്വമായി മാറുന്നു.

ഇവിടെ ഒറ്റക്കക്ഷിയല്ലേയുള്ളൂ.കൗരവർ....മറ്റുള്ളവർ എന്നും വനത്തിൽത്തന്നെയല്ലേ” എന്ന കിളികളുടെ ചോദ്യം തിന്മയുടെ ആധിപത്യം ഉറപ്പിക്കുന്നു. നമ്മുടെ ശത്രു നമുക്കിടയിൽത്തന്നെ എന്ന സന്ദേശമാണ് ഉടമയിലൂടെ നാടകകൃത്ത് നൽകുന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദുരന്തവും അതാണല്ലോ! നാടകാന്ത്യത്തിൽ പൂക്കളും പക്ഷിത്തൂവലുകളും ചുവക്കുന്നത് ചിത്രീകരിച്ചുകൊണ്ട് നാം എത്തിച്ചേർന്ന വലിയ ദുരന്തത്തിന്റെ ചിത്രമാണ് നാടകകൃത്ത് കാട്ടിത്തരുന്നത്. ഗുരുവിനെ കുരുതികൊടുക്കുന്ന ശിഷ്യൻ എന്ന പരമ്പരാഗത മിത്തിലൂടെ (തന്നെത്തന്നെ മരണത്തിന് വിട്ടുകൊടുക്കുന്ന പക്ഷിക്കുഞ്ഞിലൂടെ) ദുരന്തങ്ങൾ സ്വയംവരിക്കുന്ന തലമുറയെ കാട്ടിത്തരുന്നു. ക്രിസ്തുവും കൃഷ്ണനും ഭീഷ്മരും ധ്രുവനക്ഷത്രവും കതിർ വിളഞ്ഞ പാടവും കാടും തടവറയും പ്രതീകങ്ങളാക്കി ഇതിവൃത്തശില്പം മെനഞ്ഞെടുത്തിട്ടുള്ള ഈ നാടകം നമ്മുടെ പാരമ്പര്യത്തെ ആദരിക്കുന്ന സൃഷ്ടിയാണ്. അങ്ങനെ സ്ഥലത്തിൽ എഴുതപ്പെട്ട മനോഹരകാവ്യശില്പമായി ഈ നാടകം നമുക്ക് അനുഭവവേദ്യമാകുന്നു. മാനവികത നഷ്ടമാകുന്ന സമൂഹത്തിൽ മനുഷ്യനെപ്പോലെ മുറിവേറ്റുകിടക്കുന്ന പ്രകൃതിയെയും നമുക്ക് കാണാം. ആ അർത്ഥത്തിൽ ‘ഒരു പക്ഷിക്കുഞ്ഞിന്റെ മരണം’മഹത്തായൊരു പരിസ്ഥിതി ദർശനം മുന്നോട്ടുവയ്ക്കുന്ന നാടകമാണെന്നും പറയാം.

 

Credits: Kottooraan Blog  

 

No comments:

Post a Comment

കെത്തളു പഠനക്കുറിപ്പുകൾ

    10 ാ o   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ കെത്തളു  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ തയ്യാറാക്കിയത്...   കെത്തളു ആശയ വിശകലനം -   തന്മ, മലയാള...