Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......
Showing posts with label Ambikasuthan Mangadu. Show all posts
Showing posts with label Ambikasuthan Mangadu. Show all posts

Sunday, November 3, 2019

രണ്ട് മത്സ്യങ്ങൾ - പഠനം ബിജു കാഞ്ഞങ്ങാട്

കാരുണ്യത്തിന്റെ നീരൊഴുക്കിൽ
രണ്ട് മത്സ്യങ്ങൾ എന്ന അംബികാസുതൻ മാങ്ങാടിന്റെ കഥയെക്കുറിച്ചുള്ള   ബിജു കാഞ്ഞങ്ങാടിന്റെ പഠനം



Tuesday, October 24, 2017

മനുഷ്യന്‍ മാത്രം ബാക്കിയാവുന്ന സങ്കല്‍പ്പത്തെയാണോ വികസനം എന്നു വിളിക്കുന്നത്?

കഥാപാത്രങ്ങള്‍ മരണപ്പെടുമ്പോള്‍ പോയി കാണേണ്ടിവരുന്ന നിര്‍ഭാഗ്യവാനായ ഒരെഴുത്തുകാരനാണ് ഞാന്‍: അംബികാസുതന്‍ മാങ്ങാട്





 
            ആദ്യമേ തന്നെ പറയട്ടെ ലോകത്തിലെ ഏറ്റവും പരിസ്ഥിതി വിവേകം കുറഞ്ഞ ഒരു വിഭാഗം മലയാളികളാണെന്ന് വളരെ നിരാശയോടെ പലപ്പോഴും തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ വളരെ സങ്കടം തോന്നുന്ന സമയങ്ങളുണ്ട്. സൈലന്‍റ് വാലി സമരത്തില്‍ കേരളത്തിലെ എഴുത്തുകാര്‍, പ്രത്യേകിച്ചും കവികള്‍ മുന്നില്‍ നില്‍ക്കുകയും വലിയൊരു പരിസ്ഥിതി ജാഗ്രത മലയാളത്തില്‍ ഉണ്ടാവുകയും അതെ തുടര്‍ന്നു ധാരാളം കവിതകള്‍, ലേഖനങ്ങള്‍, കഥകള്‍ ഒക്കെ ഉണ്ടാവുകയും ചെയ്തു. പാരിസ്ഥിതികമായ അപകടങ്ങള്‍ ചൂഴ്ന്നു നിന്നപ്പോള്‍ പോലും, സുഗതകുമാരി ടീച്ചറെ പോലുള്ള വളരെ കുറച്ചുപേരെ ഒഴിവാക്കിയാല്‍, വേണ്ട വിധത്തില്‍ പരിസ്ഥിതി വിവേകത്തെ, ജാഗ്രതയെ അടയാളപ്പെടുത്താന്‍ മലയാളിക്ക് സാധിച്ചിട്ടില്ല. നമ്മുടെ ഏറ്റവും വലിയ വിഷയം എന്താണ്? നമുക്ക് അസഹിഷ്ണുത പോലെയുള്ള, ഫാസിസം പോലെയുള്ള വിഷയങ്ങള്‍ ഉണ്ട്. മനുഷ്യരാശിയെ മുന്നോട്ട് നടത്താന്‍ പറ്റാത്ത വിധത്തില്‍ ഉള്ള ഒരുപാട് വിഷയങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം എഴുത്തുകാരന് മുന്‍പില്‍ ഉണ്ട്. അങ്ങനെ ആയിരിക്കുമ്പോഴും നമുക്ക് കുടിക്കാന്‍ വെള്ളമില്ലെങ്കിലോ? നമുക്ക് ശ്വസിക്കാനുള്ള അന്തരീക്ഷം ഇല്ലെങ്കിലോ?അതാണ് നമ്മുടെ നിലനില്‍പ്പിന്‍റെ വലിയ വിഷയം, നമ്മുടെ ഭാവിയുടെ വിഷയം. അത് കഴിഞ്ഞിട്ടേ മറ്റെല്ലാ വിഷയങ്ങളും വരികയുള്ളൂ.
നമുക്ക് വെള്ളം കുടിക്കാന്‍ ഇല്ലാത്ത അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഈ അടുത്ത കാലത്താണ് ഡല്‍ഹിയില്‍ 1800 സ്കൂളുകള്‍ പൂട്ടിയിട്ടത്. രണ്ട് കൊല്ലം മുന്‍പ് മാതൃഭൂമിയില്‍ ‘പ്രാണവായു’ എന്ന കഥ ഞാന്‍ എഴുതിയത്. ഈ അടുത്ത കാലത്താണ് ചൈനയില്‍ ഹോട്ടലില്‍ താമസിച്ചാല്‍ ഓക്സിജന്റെ പൈസ കൊടുക്കണം എന്ന വാര്‍ത്ത കാണുന്നത്. അത് കഴിഞ്ഞു രണ്ട് മൂന്ന് മാസമായപ്പോള്‍ ഡല്‍ഹിയില്‍ പ്രാണവായുവിന്‍റെ കിറ്റ് വിതരണം ചെയ്യാന്‍ ഒരു കനേഡിയന്‍ കമ്പനി വരുന്നത്. അത് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍മകജെയുടെ പത്താം പതിപ്പ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്യുന്ന സമയത്ത് സുഗതകുമാരി ടീച്ചര്‍ ഞെട്ടിപ്പിക്കുന്ന ഒരു വിവരം വെളിപ്പെടുത്തുകയുണ്ടായി. തന്റെ വീട്ടില്‍ ഓക്സിജന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്ന ഒരു കമ്പനി വന്നിട്ട് അത് വിതരണം ചെയ്യുന്ന സാധ്യതകള്‍ ആരാഞ്ഞിരുന്നു എന്നാണ് സുഗതകുമാരി ടീച്ചര്‍ പറഞ്ഞത്.

           ഒരു ഭാഗത്ത് പശ്ചിമഘട്ടം അങ്ങ് നിരന്നു നില്‍ക്കുകയാണ് എന്നാണ് നമ്മള്‍ വിചാരിക്കുന്നത്. ഒരു വശത്ത് കടല്‍ നമ്മെ സംരക്ഷിച്ചു കൊണ്ട് എല്ലാകാലത്തും നിന്നോളും എന്നും വിചാരിക്കുന്ന മൂഢരാണ് മലയാളികള്‍ എന്നെനിക്ക് എപ്പോഴും തോന്നാറുണ്ട്. പതിനാറായിരം അനധികൃത പാറമടകള്‍ ഒരു വശത്ത് നിര്‍മ്മിച്ചു കൊണ്ട്, കടലില്‍ പ്ലാസ്റ്റിക്കിന്റെ വലിയ കൂമ്പാരം ഉണ്ടാക്കിക്കൊണ്ട്, ഒരു ലജ്ജയും ഇല്ലാതെ എല്ലാ ദിവസവും പത്തും പതിനാറും പ്ലാസ്റ്റിക് ബാഗുകള്‍ വീടുകളിലേക്ക് ചുമന്നു കൊണ്ടുപോകുകയും പിറ്റേന്ന് തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും പരിസ്ഥിതി വിവേകം കുറഞ്ഞ ജനതയാണ് മലയാളികള്‍.


 ‘വന്‍നദികള്‍ നാടിന്‍ ചോര ഞരമ്പുകള്‍’ എന്നു കുഞ്ഞിരാമന്‍ നായര്‍ പാടിനടന്നത് നാല്‍പതുകളിലാണ്. ആ കാലത്താണ് ഏറ്റവും പരിസ്ഥിതി വിവേകം ഉണ്ടാക്കുന്ന ധാരാളം കൃതികള്‍ മലയാളത്തില്‍ ഉണ്ടായത്. ‘സൈലന്‍റ് സ്പ്രിംഗ്’ ഉണ്ടാകുന്നതിനും പതിനാറ് കൊല്ലം മുന്‍പാണ് ‘ശബ്ദങ്ങള്‍’ എന്ന മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി നോവല്‍ എഴുതപ്പെട്ടത്. ‘ശബ്ദങ്ങള്‍’ ആ രീതിയില്‍ ആരും വായിച്ചിട്ടില്ല. എന്തുകൊണ്ടാണ് അങ്ങനെ വായിക്കാത്തത്. ബഷീറിന്റെ കൃതികള്‍ ആ വിധത്തില്‍ വേണ്ട വിധത്തില്‍ വായിക്കപ്പെട്ടില്ല.

Tuesday, September 26, 2017

വീണ്ടും രണ്ടു മത്സ്യങ്ങള്‍ - കഥ

അംബികാസുതൻ മാങ്ങാട്

         രണ്ട് മത്സ്യങ്ങള്‍ക്ക് വീണ്ടും വഴിതെറ്റി. വഴിതെറ്റി എന്നു പറഞ്ഞുകൂടാ. വഴികള്‍ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. എല്ലായിടത്തും ഭീമാകാരമായ, വായപിളര്‍ന്ന പാറ മടകള്‍ മാത്രം. ദംഷ്ട്രകള്‍ പോലെ എറിച്ചുനിന്ന കൂര്‍ത്ത കരിങ്കല്ലുകള്‍. ചുടുകാടിനെ ഓര്‍മിപ്പിക്കുന്ന കറുത്ത മണ്ണ്.
       ഇടവപ്പാതി കനിഞ്ഞതേയില്ല. ഇടവപ്പാതിയുടെ അന്ത്യമാണോ തുലാവര്‍ഷത്തിന്റെ തുടക്കമാണോ എന്നറിയാത്തവിധം ചാറ്റിയമഴ നനവിലൂടെയാണ് അഴകനും പൂവാലിയും സഞ്ചരിച്ചത്.
     ''നോക്കൂ'', ദൂരെനിന്ന് ദിനോസറുകളെപ്പോലെ ജാഥയായി വരുന്ന മണ്ണുമാന്തിയന്ത്രങ്ങളുടെ നേര്‍ക്ക് അഴകന്‍ കണ്ണയച്ചു. ശത്രുരാജ്യത്തോട് യുദ്ധംചെയ്യാന്‍ ഒരുങ്ങിയിറങ്ങിയ സൈന്യം പോലെ ഒരു കാഴ്ച.
    പൂവാലിക്ക് ഭയമായി: ''അയ്യോ, നമുക്ക് ഇവിടെനിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടണം''. മത്സ്യങ്ങള്‍ കുതിച്ചു.  യന്ത്രദിനോസറുകള്‍ മറ്റൊരു ഭാഗത്തുകൂടെ ഉരുണ്ട് പോയി. മീനുകള്‍ യാത്രതുടര്‍ന്ന് പാറക്കെട്ടുകളിലൂടെ സഞ്ചരിച്ച് വയലുകളുടെ നിരപ്പിലേക്കിറങ്ങി.
      വയലുകളിലെ സസ്യങ്ങളെല്ലാം  വെയിലില്‍ കത്തിക്കരിഞ്ഞിരുന്നു. മഴനനഞ്ഞ ചെടികള്‍ക്കിടയിലൂടെ മീനുകള്‍ മുന്നോട്ടുപോയി. ഒരു കൂവലിലുണ്ടായിരുന്ന മഴവെള്ളത്തില്‍ ഇത്തിരിനേരം വിശ്രമിച്ചു. കറുത്ത് കരിവാളിച്ച ഒരു മനുഷ്യന്‍ വയലിലേക്ക് കാലുകള്‍ നീട്ടിവെച്ച് വരമ്പില്‍ ഏകാകിയായി ഇരിക്കുന്നതുകണ്ട് മത്സ്യങ്ങള്‍ പ്രതീക്ഷയോടെ അങ്ങോട്ട് നീങ്ങി.  പൂവാലി ചോദിച്ചു: ''അല്ലയോ മനുഷ്യാ, ഞങ്ങള്‍ക്ക് ശൂലാപ്പ് കാവിലേക്കുള്ള വഴി പറഞ്ഞുതരാമോ?''
     അയാള്‍ കൈമലര്‍ത്തി: ''എനിക്കറിയില്ല കുഞ്ഞുങ്ങളെ. അങ്ങനെയൊരു കാവ് എവിടെയെങ്കിലും ഉള്ളതായി കേട്ടിട്ടില്ല'' അയാളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ശ്രദ്ധിച്ച് അഴകന്‍ അന്തിച്ചു. ''അങ്ങ് എന്തിനാണ് കരയുന്നത്?''
      കണ്ണുതുടച്ച് അയാള്‍ നെടുവീര്‍പ്പിട്ടു. ''ഞങ്ങളുടെ ജീവിതം ആകെ താറുമാറായിപ്പോയി കുഞ്ഞുങ്ങളേ. ഇക്കൊല്ലം ഇടവപ്പാതി പെയ്‌തേയില്ല. തുലാവര്‍ഷം എപ്പൊപ്പെയ്യും എന്നുമറിയില്ല. ഇന്ന് കാലത്ത് ഒരു മഴകിട്ടി. അത് ഏത് കണക്കിലാണ് എന്നറിയില്ല. കണ്ടോ, ഈ വയലുകളിലെല്ലാം ഞാന്‍ പണ്ട് മൂന്നുവിള കൃഷിചെയ്തിരുന്നു. ഇപ്പോള്‍ ഒരുവിള കൃഷിയും നടക്കാതായി. വിത്തിറക്കാനും കൊയ്യാനും പറ്റുന്നില്ല. കഴിഞ്ഞകൊല്ലം നെല്ല് വിളഞ്ഞുവന്നപ്പോള്‍ കാലംതെറ്റി വന്ന പെരുമഴയില്‍ എല്ലാം  ചീഞ്ഞുപോയി.''
      കൊച്ചുകുട്ടിയെപ്പോലെ അയാള്‍ വിങ്ങിക്കരയാന്‍ തുടങ്ങി. പൂവാലി സമാധാനിപ്പിച്ചു: ''ഇങ്ങനെ കരയല്ലേ. ദൈവം അങ്ങയെ കൈവിടില്ല.'' ആശയോടെ അയാള്‍ മുഖമുയര്‍ത്തി: ''ഇന്നിനി മഴ പെയ്യോ? അഞ്ചാറ് മഴ കിട്ടിയിരുന്നെങ്കില്‍ വിത്തിറക്കാമായിരുന്നു.''
     ''ഞങ്ങള്‍ക്ക് ഒന്നും പറയാനാവുന്നില്ല.''  ''നിങ്ങള്‍ എന്തിനാണ് ശൂലാപ്പ് കാവിലേക്ക് പോകുന്നത്?'' ''നെടുംചൂരി മത്സ്യങ്ങള്‍ മുട്ടയിടുന്ന സ്ഥലമാണത്!'' വീടിന് നേര്‍ക്ക് വിരല്‍ചൂണ്ടി അയാള്‍ കനിവോടെ പറഞ്ഞു: ''എന്റെ മകന്‍ ബലരാമന്‍ വീട്ടിലുണ്ട്. അവന് അറിയുമായിരിക്കും ശൂലാപ്പിലേക്കുള്ള വഴി. അവന്റെ കൈയിലെ യന്ത്രത്തില്‍ എല്ലാ വഴികളും ഉണ്ടെന്നാണ് പറയുന്നത്.'' മത്സ്യങ്ങള്‍ വീടിനുനേര്‍ക്ക് നീങ്ങി.
      ബലരാമന്‍ ഉമ്മറത്തിരിപ്പുണ്ട്. മുറ്റത്തേക്ക് കയറിനിന്ന് മത്സ്യങ്ങള്‍ ചോദിച്ചു: ''ചേട്ടാ, ശൂലാപ്പ് കാവിലേക്കുള്ള വഴി പറഞ്ഞുതരാമോ?'' കൈയിലെ മൊബൈലില്‍ ലയിച്ചിരുന്ന ബലരാമന്‍ മുഖമുയര്‍ത്തി. മുറ്റത്ത് മത്സ്യങ്ങളെ കണ്ട് ആഹ്ലാദത്തോടെ ചാടിയിറങ്ങിവന്ന് മൊെബെലില്‍ തുരുതുരാ ചിത്രങ്ങളെടുത്തു. മത്സ്യങ്ങളുടെ അരികെ കമിഴ്ന്നുകിടന്ന് ഒരു സെല്‍ഫിയുമെടുത്തു. മത്സ്യങ്ങള്‍ വീണ്ടും വഴി ചോദിച്ചപ്പോള്‍ ഒരുമിനിറ്റ് എന്നുപറഞ്ഞ് സെല്‍ഫിച്ചിത്രം ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമിട്ടു.
      ''രണ്ട് മത്സ്യങ്ങള്‍ക്ക് എന്താണ് വേണ്ടത്?'' ''ശൂലാപ്പ് കാവിലേക്കുള്ള വഴി.'' ''ശൂലാപ്പ് കാവോ? ഞാന്‍ കേട്ടിട്ടില്ലല്ലോ. നമുക്ക് നെറ്റില്‍ നോക്കാം. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടാത്ത ഏത് സ്ഥലമാണ് ഭൂമിയിലുള്ളത്?'' ബലരാമന്‍ യന്ത്രത്തിലേക്ക് നോക്കി അവന്റെ കണ്ണ് തള്ളിപ്പോയി. പെരുമഴ പോലെ വന്ന് വീഴുകയാണ് ലൈക്കുകള്‍. ഇന്നുവരെ തന്റെ ചിത്രങ്ങള്‍ക്ക് ഇത്രയും ലൈക്കുകള്‍ കിട്ടിയിട്ടില്ല.
       ''ചേട്ടാ കുറച്ച് വെള്ളം തരൂ. ഞങ്ങള്‍ ചത്തുപോകും'' ബലരാമന്റെ നെറ്റി ചുളിഞ്ഞു: ''അയ്യോ വെള്ളമോ? ഇവിടെ വെള്ളമില്ല മത്സ്യങ്ങളേ. അത്യാവശ്യത്തിന് ഞങ്ങള്‍ മിനറല്‍ വാട്ടര്‍ വിലകൊടുത്ത് വാങ്ങുകയാണ്'' ''അതെങ്കിലും കുറച്ച് തരൂ. അല്ലെങ്കില്‍...'' ബലരാമന്‍ ഓടിച്ചെന്ന് ഒരു പിഞ്ഞാണത്തില്‍ അല്പം ജലം കൊണ്ടുവന്നു. മീനുകള്‍ ചാടി വെള്ളത്തിലിരുന്നു.
        ബലരാമന്‍ വീണ്ടും സെല്‍ഫിയെടുക്കാന്‍ തുനിഞ്ഞു. മത്സ്യങ്ങള്‍ അക്ഷമരായി: '' ഞങ്ങള്‍ക്ക് വഴി പറഞ്ഞുതരൂ'' അവന്‍ ഗൂഗിളില്‍ കയറി പരതാന്‍ തുടങ്ങി. ഒടുവില്‍ ശൂലാപ്പ് കാവ് തെളിഞ്ഞു. ''ഇതാ ശൂലാപ്പ് കാവ്'' കാവിന്റെ ആകാശദൃശ്യത്തിന് വേണ്ടത്ര വെളിച്ചമുണ്ടായിരുന്നില്ല. ''കാവിലേക്കുള്ള വഴിയാണ് ഞങ്ങള്‍ക്ക് വേണ്ടത്'' കുറേനേരം കൂടി സെര്‍ച്ച് ചെയ്തിട്ട് ബലരാമന്‍ പറഞ്ഞു: ''മത്സ്യങ്ങളെ, അങ്ങോട്ട് ഒരു വഴിയും ഇല്ലല്ലോ... ഒരു വഴിയും ഇല്ല എന്നാണ് ഗൂഗിള്‍ പറയുന്നത്''
        വിശ്വസിക്കാനാകാതെ അഴകനും പൂവാലിയും പരസ്പരം നോക്കി. ഒന്നുംമിണ്ടാനാവാതെ നിസ്സഹായരായി. അപ്പോള്‍, മുറ്റത്തിനരികിലെ കാലംതെറ്റിപ്പൂത്ത  കൊന്നമരത്തില്‍ കൂറ്റനൊരു കഴുകന്‍ താണുവന്നിരുന്നത് ബലരാമനോ മത്സ്യങ്ങളോ അറിഞ്ഞില്ല.  ഉത്സാഹത്തോടെ അവന്‍ ചോദിച്ചു. ''രണ്ട് മത്സ്യങ്ങളേ, ഞാനൊരു സെല്‍ഫി കൂടി എടുത്തോട്ടെ....

                          PDF DOWNLOAD

നിലനില്‍പിന്റെ ഓര്‍മപ്പെടുത്തല്‍

അജേഷ് കടന്നപ്പള്ളി
ഡോ. അംബികാസുതന്‍ മാങ്ങാടിന്റെ "രണ്ടു മത്സ്യങ്ങള്‍' ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥയാണ്. കവ്വായിക്കായലില്‍നിന്ന് വേനല്‍മഴയുടെ സമയത്ത് ശൂലാപ്പ് കാവിലേക്ക്ചെന്ന് അവിടത്തെ ശുദ്ധ ജലത്തില്‍ മുട്ടയിടാനൊരുങ്ങുന്ന അഴകന്‍, പൂവാലി എന്നീ നെടുംചൂരി മത്സ്യങ്ങളുടെ വിഹ്വലതകളെ പാരിസ്ഥിതികമായ പശ്ചാത്തലത്തില്‍ പങ്കുവയ്ക്കുകയാണ് "രണ്ടുമത്സ്യങ്ങള്‍'.
രണ്ടുമത്സ്യങ്ങളെ കൂടാതെ പുരാതനരൂപമുള്ള തവള, കിളികള്‍, എന്നീ കഥാപാത്രങ്ങള്‍ കൂടി ഈ കാഴ്ചയ്ക്ക് കരുത്തേകുന്നു. കവ്വായിക്കായലിലെ ഉപ്പുവെള്ളത്തില്‍ മുട്ടയിട്ടാല്‍ ചീഞ്ഞുപോകുമെന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിയുന്ന ജലജീവിയാണ് നെടുംചൂരി മത്സ്യങ്ങള്‍. മാത്രമല്ല, ശത്രുക്കള്‍ മുട്ടതിന്നുമെന്നും അതിനറിയാം. അതുകൊണ്ടുതന്നെയാണ് മുട്ടയിടാനും കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്താനും ശൂലാപ്പ് കാവിനകത്തെ ജലാശയത്തിലേക്ക് വേനല്‍മഴ തുടങ്ങുമ്പോള്‍ കുന്നുകള്‍ ചാടിച്ചാടി കയറിപ്പോകുന്നത്. ""വേനല്‍മഴ തുടങ്ങുമ്പോള്‍ ശൂലാപ്പിലെത്തി മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുമ്പോഴേക്കും കര്‍ക്കിടത്തിന്റെ മാരിപ്പെയ്ത്ത് തുടങ്ങും. ആ വെള്ളപ്പാച്ചിലില്‍ ശത്രുക്കളുടെ പിടിയില്‍പ്പെടാതെ അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ സുരക്ഷിതമായി പുഴയിലും പിന്നെ കായലിലും എത്തിക്കാം'' എന്ന അഴകന്റെ വാക്കുകള്‍ പൂവാലിക്ക് ധൈര്യവും ആത്മവിശ്വാസവും പകരുന്നുണ്ടെങ്കിലും പെയ്യാതെ പോകുന്ന വേനല്‍മഴ അവരെ ഉത്കണ്ഠപ്പെടുത്തുന്നു.
"ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും മഴകിട്ടാന്‍ പ്രാര്‍ഥിക്കുന്ന ഈ മീനിണകള്‍ ഭയക്കുന്നത് വംശങ്ങള്‍തന്നെ ഇല്ലാതായ മണ്ണന്‍ മുതലകളെയും നീര്‍നായ്ക്കളെയും മീന്‍കൊത്തികളെയുമല്ല മുട്ടയിടാന്‍ പോവുകയാണോ മുട്ടയിട്ട് കുഞ്ഞുങ്ങളെയുംകൊണ്ട് തിരിച്ചു വരികയാണോ എന്നൊന്നും പരിഗണിക്കാതെ തങ്ങളെ ഇരയാക്കുന്ന മനുഷ്യനെയാണ്. മലകയറ്റത്തിനിടയില്‍ മനുഷ്യരുടെ കാഴ്ചവട്ടത്തുനിന്നും രക്ഷനേടുന്ന രണ്ടു മത്സ്യങ്ങള്‍ കടുംപച്ച നിറമുള്ള നൂറ്റാണ്ടുകളുടെ പ്രായംതോന്നിക്കുന്ന വലിയ തവളയെ കണ്ടുമുട്ടുന്നു. "കാവിനകത്തെ ദേവിയുടെ ഗര്‍ഭപാത്രം പോലെയുള്ള ജലാശയത്തില്‍' പിറന്ന തന്നെ ബുദ്ധന്‍ അറിയാതെ ചവിട്ടിയതും സ്നേഹപൂര്‍വം തലോടി ക്ഷമാപണം നടത്തിയതും ചിരഞ്ജീവിയാക്കിത്തീര്‍ത്തതുമായ ഓര്‍മകള്‍ അഴകനും പൂവാലിയുമായി തവള പങ്കുവയ്ക്കുന്നു.
മനുഷ്യന്‍ മാത്രം ബാക്കിയാവുന്ന ആര്‍ക്കും മനസ്സിലാകാത്ത വികസന സങ്കല്‍പ്പത്തെ തവള പരിഹസിക്കുന്നു. ഭൂമിയുടെ ചോരപോലെ മെലിഞ്ഞ നീര്‍ച്ചാലിലൂടെ ശൂലാപ്പ് കാവിലെത്തുന്ന തവളയെയും രണ്ടുമത്സ്യങ്ങളെയും കാത്തിരിക്കുന്നത് സകാടായി നിറഞ്ഞുനിന്നിരുന്ന കാവിന്റെ ഓര്‍മപോലെ നാലഞ്ചു മരങ്ങള്‍ മാത്രം. അരുതാത്തതെന്തോ കണ്ട് ഭയന്ന് വിറയ്ക്കുന്നതുപോലെ കാട്ടുവള്ളികള്‍കൊണ്ട് അവ പരസ്പരം പൊത്തിപ്പിടിച്ചിരിക്കുന്ന' കാഴ്ചയാണ്. അവിടെ പകുതി കത്തിയെരിഞ്ഞ ബോധിവൃക്ഷത്തിനുമുകളില്‍ പാടിക്കൊണ്ടിരുന്ന പച്ചപ്പനങ്കിളിത്തത്തയാണ് കാവിനകത്തെ ജലാശയത്തിനു വന്നുചേര്‍ന്ന വിപത്തിനെക്കുറിച്ച് നിലവിളിച്ച് പാടികേള്‍പ്പിച്ചത്.
പാരിസ്ഥിതികമായ നിരവധി അസ്വാസ്ഥങ്ങളെ "രണ്ടു മത്സ്യങ്ങള്‍' പങ്കുവയ്ക്കുന്നു. കാലംതെറ്റിപെയ്യുന്ന മഴ മുതലകളുടെയും നീര്‍നായ്ക്കളുടെയും മീന്‍കൊത്തികളുടെയും അസാന്നിധ്യം, മനുഷ്യന്റെ ജൈവനീതിയില്ലായ്മ, ബാക്കിയായ കടുംപച്ച നിറമുള്ള ഏക തവള കാവിനുചുറ്റുമായി രാക്ഷസയന്ത്രങ്ങള്‍ പാറകള്‍ ഭക്ഷിക്കുന്നത്, മനുഷ്യന്റെ വികലമായ വികസന കാഴ്ചപ്പാട്, ഭൂമിയുടെ ചോരപോലെ മെലിഞ്ഞൊഴുകുന്ന നീര്‍ച്ചാലുകള്‍, കാടായി നിറഞ്ഞുനിന്നിടത്ത് കാടിന്റെ ഓര്‍മമാത്രമായി നാലഞ്ചു മരങ്ങളുടെ സാന്നിധ്യം പകുതി കത്തിയെരിഞ്ഞ ബോധിവൃക്ഷം, രാസവിഷം നിറഞ്ഞ കാവിനകത്തെ ജലാശയം എരിഞ്ഞുതീര്‍ന്ന കിളിയുടെ വംശങ്ങള്‍, എവിടെയങ്കിലും വെള്ളമുണ്ടാകുമെന്ന പ്രതീക്ഷ തുടങ്ങി പ്രകൃതിയുടെ സ്വാഭാവികമായ ജൈവതാളം ശിഥിലമാക്കുന്നതിന്റെ നിരവധി സൂചനകള്‍ "രണ്ടുമത്സ്യങ്ങളി'ലുണ്ട്.

                                     PDF DOWNLOAD

എന്റെ ഭാഷ - പഠനക്കുറിപ്പുകൾ

  10 ാം   ക്ലാസ്സ് അടിസ്ഥാനപാഠാവലിയിലെ എന്റെ ഭാഷ  എന്ന പാഠത്തിന്റെ  പഠനക്കുറിപ്പുകൾ എന്റെ ഭാഷ  ചോദ്യോത്തരങ്ങൾ -   തന്മ, മലയാളം അധ്യാപകക്കൂട്...