വെള്ളത്തിന്
തെളിയാതിരിക്കാനാവില്ല...
‘ആതി’യുടെ കഥാകാരി സാറാ ജോസഫുമായ് എഴുത്തുകാരി ഷീലാ ടോമി നടത്തിയ അഭിമുഖം...
അണുധൂളി പ്രസാരത്തി-
ന്നവിശുദ്‌ധ ദിനങ്ങളില്‍
മുങ്ങിക്കിടന്നു നീ പൂര്‍വ്വ
പുണ്യത്തിന്റെ കയങ്ങളില്‍ (ആറ്റൂര്‍ രവിവര്‍മ്മ)
" 'ആതി' അങ്ങനെ
ഒരു കയമാണ്. പ്രാചീനവിശുദ്ധിയോടെ, തണുപ്പോടെ അത്
കിടക്കുന്നു. മരുഭൂമിയില്‍ ഹാഗാര്‍ അവളുടെ മൃതപ്രായനായ മകനോടൊപ്പം മുങ്ങിക്കിടന്ന
ജീവന്റെ ഉറവ പോലൊന്ന്. മനസ്സിലും ശരീരത്തിലും മാരകമായി
അണുവികിരണമേറ്റുകൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ നിന്നും ഓടിപ്പോയി മുങ്ങിക്കിടക്കാന്‍
എനിക്കൊരു കയം വേണം. അതിനാണ് ഞാന്‍ ആതി എഴുതിയത്. "
'അനന്തരം
തോണികള്‍ പുറപ്പെട്ടു. കത്തിച്ച പന്തങ്ങളുമായ് അനേകര്‍ തോണികളില്‍ കയറി. ഇരുട്ടിന്
തീ പിടിച്ചു. വെള്ളത്തില്‍ ഇടിമിന്നലുകള്‍ വീണു. ഒന്നാമത്തെ തുഴ വെള്ളത്തില്‍
എറിഞ്ഞവന്‍ ദിനകരന്‍. പിന്നാലെ മറ്റുള്ളവര്‍....’
യാത്ര
ആരംഭിക്കുകയായി ‘ആതി’യിലൂടെ... ഒരു ഇന്‍റര്‍വ്യൂ ആയിരുന്നില്ല മനസ്സില്‍. പലവട്ടം വായിച്ച്
മനസ്സില്‍ കുടിയേറിയ ‘ആതി’യിലെ
നിര്‍മലജലത്തിലൂടെ ടീച്ചറുടെ വിരല്‍ത്തുമ്പു പിടിച്ച് ഒരു യാത്ര...
മഴയുള്ള ഒരു
പ്രഭാതത്തിലാണ് പ്രിയപ്പെട്ട എഴുത്തുകാരിയുടെ മുറ്റത്ത് എത്തിയത്. മഴയില്‍
കുളിച്ചു നില്‍ക്കുന്ന ലാളിത്യമുള്ള തേക്കാത്ത വീട്. പ്രകൃതിയോട് ഇണങ്ങിയ മനോഹരമായ
നിര്‍മ്മിതി. കോളിംഗ്ബെല്‍ മുഴക്കി പുറത്ത് കാത്തു നില്‍ക്കുമ്പോള്‍ മഴക്കൊപ്പം
മനസ്സും ശങ്കിച്ചു. അതിരാവിലെ ബുദ്ധിമുട്ടാവുമോ ടീച്ചര്‍ക്ക്! ശാരീരികമായ
പ്രയാസങ്ങളെ പുഞ്ചിരിയില്‍ ഒളിപ്പിച്ച് വാതില്‍ തുറന്നു വന്നു ‘ആതി’യുടെ
കഥാകാരി.
പച്ചപ്പ് കണ്ട് മഴ
കണ്ട് കാറ്റ് കൊണ്ട് ഉമ്മറത്ത് ഞങ്ങളിരുന്നു...
ടീച്ചര്‍ പറഞ്ഞു
തുടങ്ങി... ആതിയെക്കുറിച്ചു മാത്രമല്ല, നാടിന്റെ വികസന സങ്കല്‍പത്തെക്കുറിച്ചും...