Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Thursday, February 2, 2017

എട്ടാമത്തെ മോതിരം

ജീവിതം കഥകളേക്കാള്‍ വിചിത്രമാണെന്ന് പറയുന്നത് വെറുതെയല്ല. ഒരു കഥാകാരനും വിഭാവനം ചെയ്യാനാവാത്ത തലങ്ങളിലൂടെയായിരിക്കും ജീവിതം കടന്നുപോവുന്നത്. അതുകൊണ്ടുതന്നെയാണ് ജീവചരിത്രങ്ങള്‍ക്കും ആത്മകഥകള്‍ക്കും നോവലുകളേക്കാളും ചെറുകഥകളേക്കാളും കൂടുതല്‍ വായനക്കാരുണ്ടാവുന്നത്. ഒരു നിമിഷം മതി ജീവിതം മാറിമറിയാന്‍. സകല കണക്കുകൂട്ടലുകളും തെറ്റിച്ച് പുതിയവഴികളിലേക്ക് ജീവിതം നമ്മെ കൊണ്ടുപോവുന്നതിന് ഒരേയൊരു നിമിഷം മതി. ചെന്നൈയില്‍ താംബരത്തുളള മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ബിരുദപഠനത്തിന് ചേര്‍ന്നപ്പോള്‍ ആദ്യത്തെവര്‍ഷം രാജകുമാരനെപ്പോലെ കഴിഞ്ഞ താന്‍ തൊട്ടടുത്തവര്‍ഷം ഫീസ് അടയ്ക്കുന്നതിനുള്ള പണം എങ്ങനെ കണ്ടെത്തും എന്നാലോചിച്ച് വിഷമിക്കുന്ന അവസ്ഥയിലെത്തിയതിനെക്കുറിച്ച് മനോരമ പത്രാധിപരായിരുന്ന കെ.എം. മാത്യു ആത്മകഥയായ 'എട്ടാമത്തെ മോതിര'ത്തില്‍ എഴുതുന്നുണ്ട്. എം.സി.സി.യില്‍ ചേരുമ്പോള്‍ കെ.എം. മാത്യുവിന്റെ കുടുംബം പ്രതാപത്തിന്റെ ഉച്ചസ്ഥായിയിലായിരുന്നു. ട്രാവന്‍കൂര്‍ നാഷണല്‍ ബാങ്കും ക്വൊയ്‌ലോണ്‍ ബാങ്കും തമ്മില്‍ ലയിച്ച് കേരളത്തിലെ വന്‍ ബാങ്കുകളിലൊന്നായ കാലമായിരുന്നു അത്. കുട്ടനാട്ടില്‍ നൂറുകണക്കിന് ഏക്കര്‍ കൃഷിഭൂമിയും ബാങ്കും ഇന്‍ഷുറന്‍സ് കമ്പനിയും മനോരമ പത്രവുമൊക്കെയായി തന്റെ കുടുംബത്തിന്റെ ആ സുവര്‍ണകാലത്ത് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ കൂറ്റന്‍കാറില്‍ താന്‍ വന്നിറങ്ങിയിരുന്നത് കെ.എം. മാത്യു വിവരിക്കുന്നുണ്ട്. പക്ഷേ, തൊട്ടടുത്തവര്‍ഷം എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. തിരുവിതാംകൂര്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യരുടെ ക്രോധത്തിനിരയായതോടെ ബാങ്ക് തകര്‍ന്നു, മനോരമപത്രം അടച്ചുപൂട്ടേണ്ടിവന്നു, കുട്ടനാട്ടിലെ കൃഷിഭൂമിയിലേറെയും അന്യാധീനമായി. തിരുവനന്തപുരത്തെ ജയിലില്‍കഴിയുന്ന പിതാവ് കെ.സി. മാമ്മന്‍ മാപ്പിളയെ കാണാന്‍ മദ്രാസില്‍നിന്ന് തീവണ്ടിയില്‍പോയ രാത്രി സഹയാത്രികരെല്ലാവരും ഉറങ്ങുമ്പോള്‍ താന്‍മാത്രം ഉറക്കമില്ലാതെ കിടന്നതിനെക്കുറിച്ചുള്ള കെ.എം. മാത്യുവിന്റെ സ്മരണകള്‍ ജീവിതത്തിന്റെ തകിടംമറിച്ചലുകളെക്കുറിച്ചുള്ള ഒന്നാന്തരം ഓര്‍മപ്പെടുത്തലാണ്. മരണത്തിനുമുമ്പ് പിതാവ് കെ.സി. മാമ്മന്‍മാപ്പിള ശ്രദ്ധാപൂര്‍വം തയ്യാറാക്കിയ ഒരു കാര്യം തന്റെ ജീവിതത്തിലുണ്ടായെ നഷ്ടങ്ങളെക്കുറിച്ചായിരുന്നുവെന്ന് കെ.എം. മാത്യു പറയുന്നു. നഷ്ടംമാത്രം തിരിച്ചുതന്ന നിരവധി ബിസിനസ് സംരംഭങ്ങളെക്കുറിച്ചുള്ള കുറിപ്പായിരുന്നു അത്. നേട്ടങ്ങള്‍ മാത്രമല്ല നഷ്ടങ്ങളും ഓര്‍ക്കേണ്ടതുണ്ടെന്നും ജീവിതത്തില്‍ മുന്നേറുന്നതിന് നഷ്ടങ്ങള്‍നല്‍കുന്ന അനുഭവപാഠംപോലെ സഹായിക്കുന്ന മറ്റൊന്നുമില്ലെന്നുമുള്ള തിരിച്ചറിവിന്റെ പ്രകാശം ആ രേഖകളിലുണ്ടായിരുന്നു. ചെന്നൈയിലെ പ്രളയദിനങ്ങളിലാണ് കെ.എം. മാത്യുവിന്റെ ആത്മകഥയുടെ ഇംഗ്ലൂഷ് പരിഭാഷ വായിച്ചത്. പ്രതിസന്ധിയുടെ മുനമ്പുകളില്‍ നിന്ന് ജീവിതം തിരിച്ചുപിടിക്കുന്ന നിരവധി സന്ദര്‍ഭങ്ങളെക്കുറിച്ച് ആത്മകഥയില്‍ കെ.എം. മാത്യു എഴുതുന്നുണ്ട്.  എല്ലാ നല്ല കാര്യങ്ങളുടെയും മോശം കാര്യങ്ങളുടെയും ഒരു പ്രധാന സംഗതി രണ്ടും കടന്നുപോവും എന്നതാണ്. കാലത്തിന് മായ്ക്കാനാവാത്ത മുറിവുകളില്ല എന്നുപറയുന്നത് ഈ ശാശ്വത സത്യത്തിന്റെ പരിസരത്തില്‍ നിന്നുകൊണ്ടാണ്.
കെ എ ജോണി

                                   Download PDF

No comments:

Post a Comment

SMILE SSLC Module 2026 കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ ജില്ലാ പഞ്ചായത്തും കണ്ണൂർ ഡയറ്റും ചേർന്ന്  തയ്യാറാക്കിയ   SSLC Module 2026  SMILE കേരള പാഠാവലി SMILE അടിസ്ഥാന പാഠാവലി                ...