Marquee

ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പഠനവിഭവങ്ങളും ചോദ്യപേപ്പറുകളും hsmalayalamresources@gmail.com എന്ന വിലാസത്തില്‍ അയച്ചുതരൂ... ......

Thursday, July 27, 2017

കവിതയെക്കുറിച്ചൊരു കവിത

ഇടശ്ശേരിയുടെ നാലിതൾപ്പൂവിനെക്കുറിച്ച്

ശക്തിയുടെ കവി ശക്തിയുടെ കവി, കാര്‍ഷിക കേരളത്തിന്റെ കവി എന്നെല്ലാം നിരൂപകര്‍ വിശേഷിപ്പിച്ച ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്താണ് ജനിച്ചത്. മാതൃത്വത്തിന്റെയും സഹോദര സ്‌നേഹത്തിന്റെയും പ്രകൃതി പ്രേമത്തിന്റെയും തീക്ഷ്ണമായ അവതരണം ഇടശ്ശേരിക്കവിതകളില്‍ കാണാം. സ്‌നേഹമയിയായ ഒരു ചേച്ചിയും അവളെ അങ്ങേയറ്റം സ്‌നേഹിക്കുന്ന ഒരനുജനും ഇടശ്ശേരിക്കവിതകള്‍ പലതിലും നാം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളാണ്. ഇടശ്ശേരിക്കവിതയിലെ കരുത്തായ മാതൃത്വബോധം അതിന്റെ എല്ലാ ഭാവങ്ങളോടും തുടിച്ചു നില്ക്കുന്ന കവിതയാണ് പൂതപ്പാട്ട്. ഇടശ്ശേരിയുടെ കവിതകളില്‍ കവിതയെക്കുറിച്ചുള്ള കവിതയാണ് 'നാലിതള്‍പ്പൂവ്'.

നാലിതള്‍പ്പൂവ്

കുട്ടന്‍ ഒരു പനിനീര്‍ച്ചെടി മുറ്റത്തു നട്ടുനനച്ചു വളര്‍ത്തി. അത് മുള പൊട്ടി തഴച്ചു വളര്‍ന്നു. കമ്പുകള്‍ മുറ്റി അതു മൊട്ടണിഞ്ഞു. ആദ്യം വിരിഞ്ഞ മൊട്ടിന്റെ ചുണ്ടില്‍ ചെറിയ ചുവപ്പുനിറം കണ്ടപ്പോള്‍ അവന് ആയിരം പൂക്കാലമെത്തിയപോലെ തോന്നി. കുട്ടനാകട്ടെ പൂവിരിഞ്ഞ സന്തോഷത്തില്‍ മതിമറന്ന് ഇളംവെയിലില്‍ പൊട്ടിത്തരിച്ച് കുളിര്‍ത്തുനിന്നു. അവനെക്കണ്ടാല്‍ മുറ്റത്തു നില്ക്കുന്ന വേറൊരു പൂവെന്നേ മറ്റുള്ളവര്‍ ചിന്തിക്കൂ...

ആ പൂങ്കുലയുടെ സൗന്ദര്യം ആസ്വദിച്ച് കുട്ടന്‍ നില്ക്കുമ്പോള്‍ ഒരു കൂട്ടര്‍ അവിടെയെത്തി. അവര്‍ ആ പുതുപുഷ്പത്തെക്കണ്ടിട്ട് വാഴ്ത്തി എന്തെങ്കിലും പറയുമോ? പറഞ്ഞാല്‍ അതിന്റെ ഗുണഗണങ്ങളില്‍ ഏതെങ്കിലും വിട്ടുപോകുമോ? എന്നെല്ലാം കുട്ടന്‍ ചിന്തിച്ചു. ഒന്നും വിട്ടുപോയില്ല എന്നു മാത്രമല്ല എങ്ങനെ കുട്ടനെ കുറ്റപ്പെടുത്താമെന്നായി അവരുടെ ചിന്ത. പൂ നന്ന് എന്നു മാത്രം അവര്‍ അഭിനന്ദിച്ചു. പക്ഷേ, നന്നെന്നു പറഞ്ഞഭിനന്ദിച്ചവര്‍ സത്യം കണ്ടെത്തി. പള്ളിക്കൂടത്തിലെ തോട്ടക്കാരനില്‍നിന്നാണ് കുട്ടന്‍ പൂച്ചെടി വാങ്ങിയത്. അതിനാല്‍ പൂവിന്റെ ഉടമ തോട്ടക്കാരനാണ്. പുഷ്പനിര്‍മാണത്തിലെ അയാളുടെ മികവ് അവര്‍ എടുത്തുപറഞ്ഞു. അതുകേട്ടിട്ട് കുട്ടന്റെ മുഖം മ്ലാനമായില്ല. കാരണം താനും ആ വൃദ്ധനെ വാഴ്ത്തുന്നയാളാണ്.

അപ്പോള്‍ അഭിപ്രായക്കാരാകെ പരുങ്ങുമാറ് കുട്ടന്‍ പറഞ്ഞു. ''പണ്ട് ഒരു കാട്ടാളന്‍ (വാല്മീകി) പൂച്ചെണ്ടുണ്ടാകുന്ന കൊമ്പൊടിച്ചുകുത്തി യാണ് ലോകാതിശയിയായ സൗന്ദര്യം പൊഴിക്കുന്ന നാലിതള്‍പ്പൂവ് (രാമായണം) ആദ്യമായി വിരിയിച്ചത്.  ആ കമ്പിന്റെ തുമ്പുകള്‍ കിട്ടിയവര്‍ അതില്‍ തങ്ങളുടെ ഭാവനയ്ക്കും കല്പനയ്ക്കും അനുസരിച്ച് പുതുപുത്തന്‍ പൂക്കള്‍ വിരിയിച്ചു. അതുപോലെ കമ്പൊടിച്ചുകുത്തിയിട്ടാണല്ലോ തോട്ടക്കാരന്‍ പൂ ഉണ്ടാക്കിയത്. അതാരും അറിഞ്ഞമട്ടില്ല. പറയുന്നുമില്ല.''

വരികള്‍ക്കിടയിലെ വായന

താന്‍ സൃഷ്ടിച്ച കവിതയില്‍ സാഹിത്യചോരണം ആരോപിച്ച നിരൂപകര്‍ക്കുള്ള മറുപടിയായി ഈ കവിത ആസ്വാദകന്റെ മുന്‍പില്‍ നില്‍ക്കുന്നു. കവിതാരചനയെ പനിനീര്‍ച്ചെടി നട്ടുവളര്‍ത്തുന്നതായി കല്പിച്ചാണ് കവി തന്റെ കവിത അവതരിപ്പിക്കുന്നത്. കവിതയിലെ കുട്ടന്‍ കവിയും പനിനീര്‍ച്ചെടി വളര്‍ത്തല്‍ കവിതാരചനയുമാണ്.

കുട്ടന്റെ കവിതാവല്ലി മൊട്ടിട്ടപ്പോള്‍ അവന് പേടിയും ഹര്‍ഷവും ധാര്‍ഷ്ട്യവും എല്ലാം കൂടിച്ചേര്‍ന്ന ഒരിടയിളക്കമുണ്ടായി. കവിതയുടെ രചനാ വേളയില്‍ കവി അനുഭവിക്കുന്ന അന്തസ്സംഘര്‍ഷമത്രേ ഇവിടെ സൂചിപ്പിക്കുന്നത്. തന്റെ കവിതയ്ക്ക് ചാരുത പകരുന്ന ഓരോ ഘടകങ്ങളും വിശകലനംചെയ്ത് ആസ്വദിച്ചു നില്ക്കുമ്പോഴാണ് നിരൂപകരുടെ വരവ്. അവര്‍ തന്റെ കവിതയെ വാഴ്ത്തിപ്പറയുമായിരിക്കും എന്ന് കവി കരുതി. കവിത നന്ന് എന്ന് ഒഴുക്കന്‍ മട്ടില്‍ ഒരഭിപ്രായം മാത്രം അവര്‍ പറഞ്ഞു. ഒന്നും വിട്ടുപോയില്ലെങ്കിലും കുറ്റപ്പെടുത്താനുള്ള വഴികള്‍ അവര്‍ തേടി. ഇവിടെ നിരൂപകന്മാരെ 'കുമാരന്മാരെ'ന്നാണ് കവി സൂചിപ്പിക്കുന്നത്. അതിനര്‍ഥം നിരൂപകന്മാരുടെ വാക്കുകള്‍ കൗമാരചാപല്യമായി മാത്രമേ താന്‍ കാണുന്നുള്ളൂവെന്നത്രേ.

കവിത നന്നെന്നു കണ്ടെത്തിയവര്‍ അതിനു പിന്നില്‍ സാഹിത്യചോരണവുമാരോപിച്ചു. പള്ളിക്കൂടത്തിലെ തോട്ടക്കാരനില്‍നിന്ന് കമ്പുനേടിയതിനാല്‍ പൂവിന്റെ യഥാര്‍ഥ ഉടമ തോട്ടക്കാരനത്രേ. തോട്ടക്കാരന്റെ പൂവിരിയിക്കാനുള്ള വിരുത് (കവിതാ രചനയ്ക്കുള്ള സാമര്‍ഥ്യം) അവര്‍ എടുത്തു പറഞ്ഞു. പണ്ടൊരു കാട്ടാളന്‍ പൂങ്കുല വിരിയിക്കാന്‍ കെല്പുള്ള കമ്പൊടിച്ചു കുത്തിയിട്ടാണ് ലോകത്തെ മുഴുവന്‍ അതിശയിപ്പിക്കുന്ന സൗന്ദര്യമുള്ള രാമായണമെന്ന നാലിതള്‍പ്പൂവ് വിരിയിച്ചത്. കാട്ടാളന്‍ രചിച്ച (വാല്മീകി ഋഷിയാകുന്നതിനു മുന്‍പ് കാട്ടാളനായിരുന്നു) രാമായണത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തങ്ങളുടെ പ്രതിഭയില്‍ വിടര്‍ന്ന പുതുപൂക്കള്‍ പല കവികളും സൃഷ്ടിച്ചു. രാമായണത്തില്‍നിന്ന് പ്രചോദനം നേടിയാണ് പില്ക്കാല കവികളെല്ലാം സൃഷ്ടി നടത്തിയത്. അത് അനുകരണമല്ല. ആദികവിയുടെയും ആദികാവ്യത്തിന്റെയും പ്രേരണയും പ്രചോദനവും പില്ക്കാല കവികളില്‍ പലരെയും വളരെയധികം സ്വാധീനിച്ചുവെന്നര്‍ഥം.

ഇടശ്ശേരി തന്റെ രചനകളുടെ പിറവിക്കു പിന്നിലുള്ള അനുഭവം വിവരിക്കുന്നു. തന്റെ കാവ്യാനുഭവം വാല്മീകി തൊട്ടുള്ളവരില്‍നിന്ന് കിട്ടിയതാണ്. വാല്മീകി രാമായണ കാവ്യം രചിച്ചു. ആ നാലിതള്‍പ്പൂവിനെ (രാ,മാ,യ,ണം എന്ന നാലക്ഷരമാണ് നാലിതളുകള്‍) വിവര്‍ത്തനംചെയ്ത് എഴുത്തച്ഛന്‍ മലയാള സാഹിത്യമാകുന്ന ഉദ്യാനത്തില്‍ നട്ടു (എഴുത്തച്ഛന്‍ അധ്യാത്മരാമായണമാണ് വിവര്‍ത്തനം ചെയ്തതെങ്കിലും മൂലകൃതി രാമായണമാണല്ലോ). അവിടെ ആ പൂവിരിഞ്ഞതു കണ്ടപ്പോള്‍ കുട്ടന്‍ (കവി) അതില്‍നിന്ന് ഒരു കമ്പൊടിച്ചു തന്റെ തോട്ടത്തില്‍ നട്ടു. എഴുത്തച്ഛനും അധ്യാത്മരാമായണവും തന്റെ കവിതാരചനയ്ക്ക് പ്രചോദനമേകിയിട്ടുണ്ട്. നിരൂപകര്‍ കവിയുടെ പരിശ്രമത്തെ ഇകഴ്ത്തിക്കാട്ടി. അതിനുള്ള മറുപടി കവി നല്കുന്നു.

രാമായണത്തിന്റെ പ്രചോദനവും പ്രേരണയും പലവഴി പിന്നിട്ട് എഴുത്തച്ഛനിലെത്തി. എഴുത്തച്ഛന്റെ രാമായണം പില്ക്കാലത്ത് മലയാള കവികളെയെല്ലാം സ്വാധീനിച്ചു. എഴുത്തച്ഛന്റെ രാമായണം വാല്മീകിരാമായണത്തിന്റെ അനുകരണമല്ല. അധ്യാത്മരാമായണത്തിന്റെ സ്വതന്ത്രവിവര്‍ത്തനമാണ്. പള്ളിക്കൂടത്തിലെ തോട്ടക്കാരന്‍ ചെടിച്ചുള്ളികള്‍ സ്വന്തമായി സൃഷ്ടിച്ചു എന്നു കവി പറഞ്ഞത് അതിനാലാണ്. എഴുത്തച്ഛനില്‍നിന്നാണ് തനിക്ക് പൂവിരിയിക്കാനുള്ള കൊമ്പ് കിട്ടിയത്. വാല്മീകിയില്‍നിന്ന് എഴുത്തച്ഛന്‍; എഴുത്തച്ഛനില്‍നിന്ന് കവി. ഇങ്ങനെ തോട്ടക്കാരുടെ നിര ഇന്നും നീണ്ടുനീണ്ടുവരുന്നു. കവിതാ രചനയുടെ ഈ സത്യം മനസ്സിലാക്കാതെയാണ് നിരൂപകരുടെ കുറ്റപ്പെടുത്തല്‍. അതിനുള്ള മറുപടിയാണ് നാലിതള്‍പ്പൂവ്

No comments:

Post a Comment

SMILE SSLC Module 2026 കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ ജില്ലാ പഞ്ചായത്തും കണ്ണൂർ ഡയറ്റും ചേർന്ന്  തയ്യാറാക്കിയ   SSLC Module 2026  SMILE കേരള പാഠാവലി SMILE അടിസ്ഥാന പാഠാവലി                ...